Main News

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിലേക്ക് കോവിഡ് വാക്സിൻ എത്തുന്നത് തടയാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇടപെടലിൽ ഉപേക്ഷിക്കപ്പെട്ടു. ബെൽജിയത്തിലെ ഒരു ഫാക്ടറിയിൽ നിന്നും 3.5 മില്യൺ ഡോസ് ഫൈസർ വാക്സിൻ ബ്രിട്ടനിലേക്ക് എത്തുന്നത് തടയാനാണ് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുളാ വോൺ ഡേർ ലേയിൻ ശ്രമിച്ചത്. ഇതോടൊപ്പംതന്നെ നോർത്ത് അയർലൻഡിന്റെ ബോർഡറിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവും ബോറിസ് ജോൺസന്റെ ഇടപെടലിൽ അവർ ഉപേക്ഷിച്ചു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമായി വിവാദ തീരുമാനത്തെ സംബന്ധിച്ച് ഫോൺ സംഭാഷണങ്ങൾ നടത്തി. വാക്‌സിൻ തടയുന്നത് ബ്രിട്ടണിലെ നിരവധി ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഉർസുളാ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് മാറിയത്. തങ്ങൾക്ക് ഒരു തെറ്റ് പറ്റിയതായി യൂറോപ്യൻ യൂണിയൻ തിരിച്ചറിഞ്ഞെന്നും, ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നെന്നും ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് മാധ്യമങ്ങളോട് പറഞ്ഞു.


യൂറോപ്യൻ യൂണിയന്റെ നീക്കം തികച്ചും തെറ്റായിരുന്നുവെന്ന് നോർത്തേൺ അയർലൻഡ് പ്രഥമ മന്ത്രി അർലിൻ ഫോസ്റ്റർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇടപെടൽ മികച്ചതായിരുന്നു എന്നും, ഇത് ഗവൺമെന്റിന്റെ വിജയ നിമിഷം ആണെന്നും ടോറി എംപിമാർ അവകാശപ്പെട്ടു. യുകെയിൽ മൊത്തം ജനസംഖ്യയിലെ 12 ശതമാനത്തോളം ആളുകൾക്ക് വാക്സിൻ ലഭിച്ചുകഴിഞ്ഞു. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മൊത്തമായി, 2.5 ശതമാനം ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ ഇതുവരെ ലഭിച്ചത്.


വെള്ളിയാഴ്ച വൈകിട്ടാണ് ഈ വിവാദങ്ങൾ എല്ലാംതന്നെ ആരംഭിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവി നമ്മളാണ് തീരുമാനിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇത്തരമൊരു നീക്കം, യൂറോപ്യൻ യൂണിയൻ പ്രസിഡന്റായുള്ള ഉർസുളയുടെ സ്ഥാനത്തിനേറ്റ തിരിച്ചടിയാണ്. നിരവധി ആളുകൾ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡോ. ഐഷ വി

കൂട്ടുകാരാരോ കാണിച്ചു തന്നത് പ്രകാരം നഞ്ചും പത്തലിന്റെ ( ജെട്രോഫിയ) കറയിൽ നിന്നാണ് ഞങ്ങൾ കുട്ടികൾ കുമിളകൾ ഉണ്ടാക്കാൻ തുടങ്ങിയത്. കുമിളകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുമ്പോൾ വർണ്ണരാജി വിരിയും. മഴക്കാലമല്ലെങ്കിലും കുഞ്ഞു മഴവില്ലുകൾ ഞങ്ങൾ ആസ്വദിക്കും. എങ്ങനെയാണ് കുമിളകൾ ഉണ്ടാക്കുകയെന്നല്ലേ ? കുരുമുളകിന് താങ്ങ് കാലായി നട്ടിരുന്ന പത്തൽ ചിരവത്തോട്ടത്തും ചിറക്കര ത്താഴത്തും ധാരാളമുണ്ടായിരുന്നു. ഇതിന്റെ കായ വിഷമുള്ളതാണ്. ഇതിന്റെ വിത്താട്ടിയെടുക്കുന്ന എണ്ണ റെയിൽവേ എഞ്ചിൻ ഓയിലായി ഉപയോഗിക്കാറുണ്ട്.
ഞങ്ങൾ ഈ പത്തലിന്റെ അഗ്രമുകളങ്ങൾ നുള്ളും. തുടർന്ന് മുറി ഭാഗത്തു കൂടി ഊറി വരുന്ന കറ ഒരു വട്ടയിലയിലോ മറ്റിലകളിലോ ശേഖരിക്കും. പിന്നെ പപ്പായത്തണ്ടോ സ്ട്രോയോ ഉപയോഗിച്ച് ഒരറ്റം കറയിൽ മുക്കി മറ്റേയറ്റം വായിൽ വച്ച് അല്പമൊന്ന് വലിക്കും. പിന്നെ തണ്ട് കറയിൽ നിന്നും ഉയർത്തി ഊതി വിടും. അയൽപക്കത്തെ കുട്ടികളും ഞങ്ങളും കൂടി ഈ പരിപാടി തുടങ്ങിയാൽ പിന്നെ കുമിളകളുടെ അയ്യര് കളി തന്നെ. ചിലപ്പോൾ അമ്മ തുണി അലക്കാനായി സർഫ് വെള്ളത്തിൽ കലക്കുമ്പോൾ ആ വെള്ളത്തിലാകും പപ്പായ ത്തണ്ടു കൊണ്ടുള്ള കുമിള പരിപാടി.

കുട്ടിക്കാലം മുതലേ എനിക്ക് എന്റേതായ ചില ഏകാന്ത നിമിഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതിർന്നവർ തിരക്കുള്ളവരും കുട്ടികൾ ധാരാളം സമയമുള്ളവരും ആയിരുന്നല്ലോ. അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാൻ ആകാശ കുമിളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കുമിളകൾ നേരത്തേ പറഞ്ഞ കൃത്രിമ കുമിളകൾ അല്ല. നല്ല പ്രകാശമുള്ള അന്തരീക്ഷത്തിൽ വൃക്ഷങ്ങളുടേയും ചെടികളുടേയും പശ്ചാത്തലമില്ലാത്ത നമ്മുടെ കണ്ണിന് നേർക്ക് അടുത്തായി വരുന്ന സുതാര്യമായ അന്തരീക്ഷ ഭാഗത്ത് സൂക്ഷ്മമായി ശ്രദ്ധയോടെ നിരീക്ഷിച്ചാൽ വായുവിലെ തന്മാത്രകളും ആറ്റങ്ങളുമൊക്കെ നഗ്‌ന നേത്രങ്ങൾക്ക് ഗോചരമാകുമെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആറ്റങ്ങളെ കുറിച്ചോ തന്മാത്രകളെ കുറിച്ചോ പഠിക്കുന്നതിന് വളരെ മുമ്പ്. ഞാൻ അച്ഛനോട് ഇതേ പറ്റി ചോദിച്ചപ്പോൾ പൊടിപടലങ്ങൾ ആകുമെന്നായിരുന്നു അച്ഛന്റെ മറുപടി. വെറുo പൊടിപടലമല്ല അവ എന്നതായിരുന്നു എന്റെ നിഗമനം. കാരണം സാധാരണ പൊടിപടലങ്ങൾക്ക് നിയതമായ രൂപം കാണില്ലല്ലോ? ഞാൻ കണ്ടവയെല്ലാം ചെറിയവയിൽ തന്നെ വലുതും ചെറുതുമായ സുതാര്യമായ ഗോളാകൃതിയുള്ളവയായിരുന്നു. ഈ ഗോളങ്ങൾ നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ നേത്രങ്ങൾക്ക് ഇത് ഗോചരമായ ദിവസം മുതൽ ഏകാന്ത നിമിഷങ്ങൾ കണ്ടെത്തി ഇവയെ നിരീക്ഷിയ്ക്കുക എന്റെ വിനോദമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഫിസിക്സ് ക്ലാസ്സിൽ റാന്റം മൂവ്മെന്റ് ഉള്ള വാതക കണങ്ങളെ കുറിച്ചും അവയുടെ റൂട്ട് മീൻ സ്ക്വയർ വെലോസിറ്റിയെ കുറിച്ചും പഠിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ നഗ്നനേത്രം കൊണ്ട് നിരീക്ഷിച്ച കണങ്ങളെ കുറിച്ചും അവയുടെ വലുപ്പ ചെറുപ്പങ്ങളെ കുറിച്ചും ചലനത്തെ കുറിച്ചുമാണ് ഓർമ്മ വന്നത്.

മറ്റൊരു കാഴ്ച നമ്മൾ ആകാശത്തിൽ ഇത്തിരി ദൂരത്തേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ കാണുന്ന സൂക്ഷ്മ കണങ്ങളാണ്. ഇത് നേരത്തേ വിവരിച്ച കുമിളകളേക്കാൾ വ്യത്യസ്ഥമായവയാണ്. അവയും കാണണമെങ്കിൽ വൃക്ഷങ്ങളുടെ പശ്ചാത്തലമില്ലാത്ത സ്ഥലത്തേയ്ക്ക് നല്ല പ്രകാശത്തിൽ സൂക്ഷ്മതയോടെ നോക്കണം. ഈ കാഴ്ച എനിക്ക് ഗോചരമായത് മുതിർന്നതിന് ശേഷമാണ്. പ്രത്യേകിച്ച് കാർത്തിക പള്ളിയിൽ നിന്ന് ചിറക്കരയിലെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ. ഞാനാദ്യം വിചാരിച്ചത് ഈ കണങ്ങൾ അന്തരീക്ഷത്തിൽ ഉള്ളവയാണെന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല എന്ന് വേഗം മനസ്സിലായി. ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഈ കാഴ്ച എന്റെ ഒപ്പം ഉണ്ടായിരുന്നു. കണങ്ങൾ പല ആകൃതിയിലുള്ളവയായിരുന്നു. ചലനമുണ്ടായിരുന്നു. എന്നാൽ ഞാൻ ഏത് ഭാഗത്തേയ്ക്ക് നോക്കുന്നുവോ ആ ഭാഗത്തേയ്ക്ക് ഈ കണങ്ങൾ നീങ്ങുന്നതായി എനിക്ക് തോന്നി. അങ്ങനെ ഈ കാഴ്ച പുറത്തല്ല അകത്താണ് എന്ന് മനസ്സിലായി. അങ്ങനെ ദിവസവും നിരീക്ഷിച്ചപ്പോൾ യാത്രയിൽ മറ്റെല്ലാ പുറംകാഴ്ചകളെയും പിന്നിലാക്കി മുന്നേറുമ്പോൾ എന്റെ കൂടെ വരുന്ന ഈ കുമിള കാഴ്ച എന്റെ കണ്ണിനുള്ളിലെ കണങ്ങളാണെന്ന് എനിക്ക് തോന്നിയത്. ഇന്റർനെറ്റും മറ്റുമുള്ള കാലമായതിനാൽ എനിക്ക് ഇതേകുറിച്ച് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞു. അപ്പോൾ നമ്മുടെ കണ്ണിനുള്ളിലെ രക്തകുഴലുകളുടേയും രക്താണുക്കളുടേയും നിഴലുകൾ റെറ്റിനയിൽ പതിയുമെന്നും ഇവ ഇത്തരം കാഴ്ചകളായി മാറാമെന്നും മനസ്സിലായി.

ഒത്തിരി ഉൾകാഴ്ചകളും പുറം കാഴ്ചകളും നമുക്ക് അനുഭവവേദ്യമാകാൻ ഇത്തിരി ഏകാന്തതയും നമുക്ക് ആവശ്യമാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തു തന്നെ ഒന്നാമതായി പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകി തുടങ്ങിയത് യുകെ ആയിരുന്നു. പരീക്ഷണങ്ങളിൽ ഫലപ്രാപ്തി തെളിയിച്ച വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടാൻ സർക്കാരിൻറെ ഭാഗത്തുനിന്ന് അക്ഷീണ പരിശ്രമം ആണ് ഉണ്ടായത് . അതുകൊണ്ടുതന്നെ പലരാജ്യങ്ങളും വാക്സിൻ ദൗർലഭ്യത്തെ കുറിച്ച് ആശങ്കപ്പെടുമ്പോഴും ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ രാജ്യത്തിനായി. ഫെബ്രുവരി പകുതിയോടെ മുൻഗണന ഗ്രൂപ്പിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുന്ന യുകെയുടെ കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം ഫലപ്രാപ്തി കാണുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിന്റെ ആദ്യ ഡോസ് തന്നെ 80 വയസിന് മുകളിലുള്ളവരെയും ചെറുപ്പക്കാരെയും സംരക്ഷിക്കാൻ സഹായകരമാണെന്ന് പ്രാഥമിക ഗവേഷണത്തിൽ വെളിപ്പെട്ടതായി വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിൻ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറഞ്ഞു.

ഫൈസൽ ബയോടെക് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് നടത്തപ്പെട്ടത്. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിനു ശേഷം അടുത്ത ഡോസ് മറ്റൊരു നിർമ്മാതാവിന്റെ വാക്സിൻ സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ കൂടുതൽ തുടർ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ ഹാർഡൻ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലേക്കുള്ള വാക്സീൻ കയറ്റുമതി തടയാൻ പുതിയ നിയമനടപടികൾ സ്വീകരിച്ച് യൂറോപ്യൻ യൂണിയൻ. അംഗരാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വാക്സീൻ കയറ്റുമതി ചെയ്യുന്നത് തടയാനുള്ള അധികാരം അതാത് രാജ്യങ്ങൾക്ക് നൽകുന്ന നിയമം യൂറോപ്യൻ യൂണിയൻ കൊണ്ടുവന്നേക്കും. ബെൽജിയത്തിൽ ഉൽ‌പാദിപ്പിക്കുന്ന ഫൈസർ-ബയോ‌എൻടെക് വാക്സീൻ വിതരണം ബ്രിട്ടനിൽ തടസ്സപ്പെടുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. നാല്പതു മില്യൺ ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്ന 100 മില്യൺ ഡോസിന്റെ നാലിലൊന്ന് മാത്രമേ ഏപ്രിലിൽ ലഭിക്കുകയുള്ളൂവെന്ന് അസ്ട്രാസെനെക യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുകെ ഡോസുകൾ യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചുവിടാൻ പ്രേരിപ്പിച്ചുകൊണ്ട് ബ്രസൽസ് സമ്മർദ്ദം ചെലുത്തുകയാണ്.

ഓക്സ്ഫോർഡിലെയും സ്റ്റാഫോർഡ്ഷയറിലെയും ലാബുകളിൽ നിർമ്മിച്ച 100 മില്ല്യൺ ഡോസുകൾക്കായി യുകെ മെയ് മാസത്തിൽ അസ്ട്രാസെനെക്കയുമായി കരാർ ഒപ്പിട്ടിരുന്നു. ആദ്യത്തെ വാക്സീൻ ഇറക്കുമതി 60% കുറയുമെന്ന് ഈ ആഴ്ച ആദ്യം അസ്ട്രാസെനെക്ക ബ്രസൽസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉൽപാദന പ്രശ്‌നങ്ങൾക്ക് വ്യക്തമായ കാരണങ്ങളൊന്നും അവർ നൽകിയിട്ടില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

എന്നാൽ തർക്കം നിലനിൽക്കുന്നതിനിടയിലും 18 വയസ്സിന് മുകളിലുള്ളവർക്ക് ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് വാക്സീൻ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകി. കൊറോണ വൈറസ് വാക്‌സിനുകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതി അംഗീകരിച്ചതായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും വാക്സിനുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ കക്ഷികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഹെൽത്ത് കമ്മീഷണർ സ്റ്റെല്ല കിറിയകിഡെസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ആർക്കാണ് വാക്സിനുകൾ നൽകേണ്ടതെന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ജനുവരിയിൽ മൂന്നാം ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠന മാർഗങ്ങളിൽ കൂടിയാണ് അധ്യയനം തുടരുന്നത്. പഠനോപകരണങ്ങളുടെയും മെച്ചപ്പെട്ട ഇൻറർനെറ്റിൻെറയും അഭാവം മൂലം പല കുട്ടികളുടെയും പഠനം താളംതെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ലോക്ക്ഡൗണിലൂടെ നഷ്ടമായ ക്ലാസ്സുകൾക്ക് പകരം സമ്മർ സ്കൂളിലൂടെ വിദ്യാർഥികൾക്ക് ക്ലാസ്സുകൾ നൽകാനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സമ്മർ ക്ലാസുകൾ നൽകുന്നതിന് എങ്ങനെ സാമ്പത്തിക സഹായം നൽകാൻ പറ്റും എന്നതിനെ കുറിച്ച് ഗവൺമെൻറ് ഉചിതമായ തീരുമാനം എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞ വേനൽ കാലത്ത് ഹാരിസ് അക്കാദമി സ്കൂളുകൾ നടപ്പിലാക്കിയ അർദ്ധദിന ക്ലാസ്സുകളുടെ മാതൃക മറ്റുള്ള സ്ഥലങ്ങളിലും നടപ്പിലാക്കാൻ പറ്റുമോ എന്നതിൻറെ സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. ലണ്ടനിലെ 48 സ്കൂളുകളുടെ ട്രസ്റ്റായ ഹാരിസ് ഫെഡറേഷൻ വളരെ വിജയകരമായി സമ്മർ സ്കൂൾ കഴിഞ്ഞ വർഷം നടപ്പിലാക്കിയിരുന്നു. അതേസമയം വേനൽക്കാലത്ത് അധ്യാപകർക്ക് ജോലി എടുക്കേണ്ടി വരുന്ന സാഹചര്യത്തെ അധ്യാപക യൂണിയനുകൾ എതിർക്കാനുള്ള സാധ്യത പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ കണക്കുകൾ പ്രകാരം പെട്രോൾ വില വർദ്ധിച്ച് മാർച്ച് 2020 -ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന വിലയിൽ എത്തി. ലോക്ക്ഡൗണിൽ കുരുങ്ങിക്കിടക്കുന്ന രാജ്യത്ത് ആവശ്യക്കാർ കുറവായിട്ട് കൂടി അൺ‌ലീഡഡ് പെട്രോളിന് വില 120പെൻസിന് മുകളിൽ ആണ്.

മൂന്നാം ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം ആദ്യമായി ഫ്യൂവൽ ടാങ്ക് നിറക്കുന്ന യാത്രക്കാർക്ക് വില വർദ്ധനവ് അത്ഭുതകരമായി തോന്നിയേക്കാം എന്ന് എഎ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിനേക്കാൾ ലിറ്ററിന് 5 പെൻസ് കുറവാണ് മുൻപ് ഉണ്ടായിരുന്നത്.

കഴിഞ്ഞമാസം പെട്രോൾ വില ഒരു ലിറ്ററിന് 115.12 പെൻസ് ആയിരുന്നു, ഡീസൽ വില 118.53 പെൻസും. ജനുവരി മൂന്നുമുതൽ ആണ് വില കയറി തുടങ്ങിയത് കച്ചവടക്കാർ ലിറ്റർ ഒന്നിന് മൂന്നു പെൻസ് അധികം ഈടാക്കുന്നത് കൂടി ഉൾപ്പെടുത്തിയാണ് പുതിയ വർദ്ധനവ്.

ഒരു സാധാരണ കുടുംബത്തിന് 55 ലിറ്റർ ഫാമിലി കാറിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3 പൗണ്ട് അധികം ചിലവഴിക്കേണ്ടി വരും. യുകെയിൽ കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്നതിൻറെ മുമ്പുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ ഇന്ധനവില എന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ആവശ്യക്കാർ കുറഞ്ഞതും, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വ്യാപാരയുദ്ധം മൂലവും ഇന്ധന വില കുറഞ്ഞിരുന്നു. മെയ് 11ന് ഒരു ലിറ്റർ പെട്രോളിന് ഒരു പൗണ്ട് എന്ന് നിലയിൽ മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. ലോക്ക്ഡൗൺ കാരണം വാഹന ഉടമകൾ ചെറിയ യാത്രയ്ക്ക് ആവശ്യമുള്ളത്ര ഇന്ധനം മാത്രമാണ് വാഹനങ്ങളിൽ നിറയ്ക്കുന്നത്.

ഇന്ധനവിലയിൽ ലോക്ക്ഡൗൺ ബോണസ് കൂടി ചേർത്ത് ഉപഭോക്താക്കളിൽ നിന്നും വിലകൂട്ടി വാങ്ങാൻ എഎ അനുമതി ചോദിച്ചിരുന്നെങ്കിലും, പെട്രോൾ സ്റ്റേഷനുകളെ എസൻഷ്യൽ ബിസിനസ് എന്ന പരിധിയിൽ പെടുത്തിയിട്ടുണ്ട് എന്ന കാരണത്താൽ ഗവൺമെന്റ് അനുമതി നിഷേധിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ 55 വയസ്സുകാരിയായ നേഴ്സിന് 100 പൗണ്ട് പിഴ ചുമത്തി. ഷാർഡ് എന്റിൽ നിന്നുള്ള കാരെൻ സ്വാനാണ് തനിക്ക് അനാവശ്യ പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. കവൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ചെന്നപ്പോൾ തനിക്ക് കിട്ടിയ നിർദ്ദേശപ്രകാരമാണ് വികലാംഗർക്കായുള്ള കാർ പാർക്കിങ് ഏരിയയിൽ തൻറെ വാഹനം പാർക്ക് ചെയ്തത്. എന്നാൽ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് ഒരാഴ്ചയ്ക്കുശേഷം ഫൈൻ അടക്കണമെന്ന നോട്ടീസ് ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് അവർ പറഞ്ഞു. തനിക്ക് മാത്രമല്ല തന്നെപ്പോലെ തന്നെയുള്ള വളരെ അധികം കെയർ വർക്കേഴ്സ് വാക്സിനേഷനായി അവിടെ വന്നിരുന്നു എന്നും അവരിൽ പലർക്കും ഈ വിധം അനാവശ്യ പിഴ അടയ്ക്കേണ്ടതായി വന്നിരിക്കാമെന്നും, അത് ഏറ്റവും വേദനാജനകമാണെന്നും അവർ രോഷത്തോടെ പറഞ്ഞു.

വളരെ കുറച്ച് ആൾക്കാർക്ക് ഈ വിധം പാർക്കിങിന് ഫൈൻ ലഭിച്ചുവെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർ‌വിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ കോവിഡ് -19 വാക്സിനേഷൻ ക്ലിനിക്കുകളുടെ പാർക്കിങ് ചാർജ് സൗജന്യമാണെന്നും പിശക് പറ്റാൻ കാരണം അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന് സംഭവിച്ച പിഴവ് കൊണ്ടാണ് തെറ്റായി പിഴ ഈടാക്കേണ്ടതായി വന്നത് എന്നാണ് ഓദ്യോഗിക വിശദീകരണം. ആർക്കെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ വന്നതിനെ തുടർന്ന് ഈ രീതിയിൽ നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അപ്പോയിന്റ്മെന്റിൻെറ വിശദാംശങ്ങളോടെ പിസിഎൻ നമ്പർ സഹിതം [email protected] ലേയ്ക്ക് ഇമെയിൽ അയക്കേണ്ടതാണെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർ‌വിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് അറിയിച്ചു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിൻെറ 90 കേസുകൾ യുകെയിൽ കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് സ്ഥിതീകരിച്ചു. ഒരുപക്ഷേ ഈ വൈറസ് വകഭേദത്തിൻെറ കൂടുതൽ രോഗവ്യാപനം നടന്നിട്ടുണ്ടാകാം എന്ന സംശയം ആരോഗ്യപ്രവർത്തകർക്കുണ്ട് . വിശകലനം ചെയ്ത കുറേ കേസുകളിൽ നിന്ന് മാത്രമാണ് 90 കേസുകൾ വെളിപ്പെട്ടത്. ഒരുപക്ഷേ കൂടുതൽ കേസുകൾ വിശകലനം ചെയ്യപ്പെടുമ്പോൾ മാത്രമേ രോഗബാധയെ കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഈ വൈറസ് വകഭേദങ്ങൾക്ക് നിലവിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ട്. വൈറസ് പേടിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്ര യുകെ നിരോധിച്ചിരുന്നു . അതേസമയം ആഗോളതലത്തിൽ ഭീതി വിതച്ച ബ്രസീലിൽ ഉടലെടുത്ത കൊറോണ വൈറസ് കേസുകൾ ഒന്നും തന്നെ യുകെയിൽ ഇതുവരെ കണ്ടെത്തിയില്ലെന്ന് പിഎച്ച്ഇ അറിയിച്ചു.

ഇതിനിടെ നൊവാവാക്സ് വാക്സിൻെറ യുകെയിൽ നടത്തിയ പരീക്ഷണത്തിൽ 89.3 % വിജയം കിട്ടി എന്ന വാർത്ത പുറത്തുവന്നു . നൊവാവാക്സ് വാക്‌സിൻ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിനെതിരെ ഫലപ്രദമാണ് എന്നത് യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പ് നടപടികളെ വളരെയേറെ സഹായിക്കുമെന്ന് കരുതുന്നു. ഇത് വളരെ സന്തോഷം തരുന്ന വർത്തയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം രണ്ടാം പകുതിയിൽ നൊവാവാക്സ് വാക്സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം : ഈ വാരാന്ത്യത്തിൽ ബർമിംഗ്ഹാമിലും വെസ്റ്റ് മിഡ്‌ലാന്റിലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. താപനില വീണ്ടും കുറയുമെന്നും കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 2019 ജനുവരി അവസാനത്തോടെ യുകെയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനുസമാനമായി ഉണ്ടാകുന്ന മഞ്ഞുവീഴ്ച, വോർസെസ്റ്റർഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ വ്യാപകമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

പരിസ്ഥിതി ഏജൻസി വ്യാഴാഴ്ച പുലർച്ചെ മിഡ്‌ലാന്റ്സ് മുതൽ നോർത്ത് ഈസ്റ്റ് വരെ നീളുന്ന 25 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിരുന്നു. അടിയന്തര നടപടി ആവശ്യമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. അതുപോലെ വെയിൽസിൽ 10 ഫ്ലഡ് അലേർട്ടുകളും നൽകിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നോർത്ത് വെയിൽസ് പോലീസ് ട്വീറ്റ് ചെയ്തു. രാവിലെ 6 മണിയോടെ ലങ്കാഷെയറിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞത് 16 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതിനോടൊപ്പം താപനില -4° സെൽഷ്യസ് പോലെ അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved