Main News

സ്വന്തം ലേഖകൻ

ആസ്ട്രാ സിനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നു നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണം തുടരും. കോവിഡ് വാക്സിൻ പരീക്ഷിച്ച ബ്രസീലിലെ വോളണ്ടിയർ മരിച്ചതിനെ തുടർന്ന് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ പരീക്ഷണത്തിന്റെ രഹസ്യാത്മക സ്വഭാവത്തെ മാനിച്ച് ബ്രസീലിയൻ ആരോഗ്യവകുപ്പ് വിഷയത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവ്യക്തിയുടെ ആരോഗ്യസ്ഥിതിയെ പറ്റി വിശദമായി പഠിച്ചെന്നും, വാക്സിനുമായി ബന്ധപ്പെട്ട് ഭയപ്പെടാൻ ഒന്നുമില്ലെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അറിയിച്ചു. മരണപ്പെട്ട വ്യക്തിക്ക് വാക്സിൻ നൽകിയിട്ടുണ്ടാവില്ല എന്ന അനുമാനത്തിലാണ് മാധ്യമങ്ങൾ.

സന്നദ്ധത അറിയിച്ച് എത്തിയവരിൽ പകുതിയോളം പേർക്ക് മാത്രമാണ് യഥാർത്ഥ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോവിഡ് – 19 വാക്സിൻ നൽകിയത്. ശേഷിക്കുന്ന പകുതി പേർക്ക് മുൻപേ തന്നെ ലൈസൻസുള്ള മെനിഞ്ചയിറ്റിസ് വാക്സിനാണ് നൽകിയത്. വാക്സിൻ സ്വീകരിച്ചവരോടോ അവരുടെ കുടുംബത്തിലുള്ളവരോടോ ഏതു വാക്സിനാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വാക്സിനുകൾ നൽകിയ രണ്ട് ഗ്രൂപ്പുകളിൽ പെട്ട ആൾക്കാരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് -19 നെതിരെ ഫലപ്രദമാണോ എന്നത് കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട്. ആസ്ട്രാ സിനെക്ക പറയുന്നു,’വ്യക്തിഗതമായ വിവരങ്ങൾ ഒന്നും സൂക്ഷിച്ചു വെക്കുന്നില്ല, പക്ഷേ വാക്സിൻ നൽകിയ ഒരു സമൂഹം ആൾക്കാരെ നല്ല രീതിയിൽ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഓരോരുത്തരിലും എത്രകണ്ടു മാറ്റങ്ങളാണ് വാക്സിൻ വരുത്തിവെക്കുന്നത് എന്നും, സൈഡ് എഫക്റ്റ്കളെപ്പറ്റിയും ഗഹനമായ രീതിയിൽ പഠിക്കുന്നുമുണ്ട്.

കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.യുകെ ,ബ്രസീൽ ,ഇന്ത്യ എന്നിവിടങ്ങളിലാണ് ഇത് നടക്കുന്നത്. യുകെയിൽ ഒരു രോഗി സൈഡ് എഫക്ടിനെ തുടർന്ന് മരിച്ചതിനാൽ കഴിഞ്ഞ മാസത്തിൽ പരീക്ഷണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രശ്നമൊന്നുമില്ല എന്ന് തെളിഞ്ഞതിനെ തുടർന്ന് പരീക്ഷണങ്ങൾ പുനരാരംഭിച്ചു.

ബ്രസീലിയൻ ആരോഗ്യ അതോറിറ്റി ആയ അൻവിസ ഒക്ടോബർ 19 ഓടെ ഒരു വോളണ്ടിയർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ട വ്യക്തി കോവിഡ് രോഗികളോട് അടുത്തിടപഴകി കൊണ്ടിരുന്ന 28 വയസ്സുകാരനായ ഡോക്ടറാണ്. എന്നാൽ അൻവിസ ഇത് പൊതു സമക്ഷത്തിൽ സമ്മതിച്ചിട്ടില്ല. ഇദ്ദേഹം മരിച്ചത് വാക്സിന്റെ പ്രതിപ്രവർത്തനം മൂലം അല്ലെന്നും പരീക്ഷണങ്ങൾ പുനരാരംഭിക്കാമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

വാക്സിൻ പൂർണ്ണമായ വിജയം ആണെങ്കിൽ അത് വില കൊടുത്തു വാങ്ങാൻ ഉള്ള ബ്രസീലിന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 5.3 മില്യണോളം കോവിഡ് രോഗികൾ നിലവിലുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

സൗത്ത് യോർക്ക്ക്ഷയർ : ശനിയാഴ്ച മുതൽ സൗത്ത് യോർക്ക്ക്ഷയറും ടയർ 3 യിൽ. ലിവർപൂൾ, ലങ്കാഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നീ പ്രദേശങ്ങൾക്ക് ശേഷം വെരി ഹൈ അലേർട്ട് ലെവലിലേക്ക് കടക്കുന്ന പ്രദേശമാണ് സൗത്ത് യോർക്ക്ക്ഷയർ. ഇതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷം ആളുകൾ കടുത്ത കോവിഡ് നിയമങ്ങൾക്കനുസൃതമായി ജീവിക്കേണ്ടി വരും. മന്ത്രിമാരുമായി വിപുലമായ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഷെഫീൽഡ് സിറ്റി മേഖല മേയർ ഡാൻ ജാർവിസ് പറഞ്ഞു. ബാർൺസ് ലി, ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് തുടങ്ങി സൗത്ത് യോർക്ക്ക്ഷെയറിലെ എല്ലാ കൗൺസിൽ ഏരിയകൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ നാളെ മുതൽ ടയർ 3 യിലേക്ക് നീങ്ങും. ടയർ 3 നിയന്ത്രണം ആണെങ്കിലും സൗത്ത് യോർക്ക്ക്ഷയറിലെ ജിമ്മുകൾക്ക് തുറന്ന് പ്രവർത്തിക്കാം. അതേസമയം, വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കോവെൻട്രി ടയർ 3 യിലേക്ക് നീങ്ങുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. ടയർ 2 നിയന്ത്രണത്തിന് കീഴിലുള്ള തൊഴിലാളികൾക്കും ബിസിനസുകൾക്കുമുള്ള പിന്തുണയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചാൻസലർ റിഷി സുനക് ഇന്ന് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കും.

ഇന്നലെ 26,688 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 191 കോവിഡ് മരണങ്ങൾ ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു. സൗത്ത് യോർക്ക്ക്ഷെയറിൽ ഒക്ടോബറിൽ ഇതുവരെ 12,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് ആർഗാർ പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഒക്ടോബർ 17 ന് അവസാനിച്ച ആഴ്ചയിൽ ഡോൺകാസ്റ്ററിന്റെ അണുബാധ നിരക്ക് ഒരു ലക്ഷത്തിൽ 316 കേസുകൾ എന്ന നിലയിലാണ്. റോതർഹാമിൽ 370, ഷെഫീൽഡിൽ 395, ബാർൺസ് ലിയിൽ 415 എന്നിങ്ങനെയാണ് കണക്കുകൾ. സൗത്ത് യോർക്ക്ക്ഷെയറിലെ പ്രാദേശിക നേതാക്കൾ 41 മില്യൺ പൗണ്ടിന്റെ സാമ്പത്തിക പാക്കേജിന് സമ്മതം അറിയിച്ചിട്ടുണ്ട്. അതിൽ മേഖലയിലെ ബിസിനസുകളെ പിന്തുണയ്ക്കാൻ 30 മില്യൺ പൗണ്ടും കോൺടാക്റ്റ് ട്രെയ്‌സിംഗ് പോലുള്ള പൊതുജനാരോഗ്യ നടപടികളെ പിന്തുണയ്ക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് 11 മില്യൺ പൗണ്ടും ഉൾപ്പെടുന്നു.

അതേസമയം ബിസിനസുകൾക്കും പുതിയ നിയന്ത്രണങ്ങൾ ദോഷകരമായി ബാധിച്ച തൊഴിലാളികൾക്കും പിന്തുണ നൽകുന്നതിനായി ഗ്രേറ്റർ മാഞ്ചസ്റ്ററിന് വാഗ് ദാനം ചെയ്ത 60 മില്യൺ പൗണ്ട് മേഖലയിലെ ബറോകളിലേക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനായാണ് ഈ ത്രിതല സംവിധാനം സർക്കാർ രൂപകൽപന ചെയ്തിട്ടുള്ളത്. ടയർ 3 യിൽ ഉള്ള ഏതൊരു പ്രദേശത്തിന്റെയും സ്ഥിതി 28 ദിവസത്തിനുശേഷം അവലോകനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങളിൽ നിന്ന് കരകയറാനുള്ള ഏറ്റവും ലളിതമായ മാർഗം ആർ റേറ്റ് ഒന്നോ അതിൽ താഴെയോ ആയി കുറയ്ക്കുക എന്നതാണെന്ന് ബോറിസ് ജോൺസൺ എം‌പിമാരോട് പറഞ്ഞു. ആശുപത്രി പ്രവേശന നിരക്കും മറ്റ് വിവരങ്ങളും കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശൈത്യകാലത്തെ സമ്മർദ്ദം കണക്കിലെടുത്ത് 28 ദിവസത്തിനുള്ളിൽ തന്റെ പ്രദേശം ടയർ 3 യിൽ നിന്ന് പുറത്തുവരുന്നത് വലിയ വെല്ലുവിളിയാണെന്ന് ജാർവിസ് അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

റോം :- സ്വവർഗരതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി, അവരെയും നിയമപരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനായി സിവിൽ – യൂണിയൻ നിയമങ്ങൾ കൊണ്ടുവരണമെന്ന ആഹ്വാനം നൽകിയിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ ജീവിതത്തെയും, ശുശ്രൂഷയും സംബന്ധിച്ച് ബുധനാഴ്ച പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് മാർപാപ്പ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സാധാരണ മനുഷ്യരെ പോലെ തന്നെ അവരും ജീവിക്കുവാൻ അവകാശം ഉള്ളവരാണ്. അവർക്കും ഒരു കുടുംബത്തിന്റെ സംരക്ഷണം ലഭിക്കുവാൻ അവകാശമുണ്ടെന്നും അദ്ദേഹം ഡോക്യുമെന്ററിയിൽ പറഞ്ഞു.

കത്തോലിക്കാ സഭയുടെ സ്ഥാപിത താല്പര്യങ്ങൾക്ക് എതിരെയുള്ള നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ ഡോക്യൂമെന്ററിയിലൂടെ പങ്കുവെച്ചത്. നിരവധിപേരാണ് മാർപാപ്പയുടെ അഭിപ്രായപ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.കത്തോലിക്കാസഭയിൽ തന്നെ ഒരു നവീകരണ അനുഭവം കൊണ്ടുവരുന്നതിന് മാർപാപ്പയുടെ ഈ നിലപാടുകൾ സഹായിക്കുമെന്ന് വിദഗ് ധർ വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ മുൻഗാമി ആയിരുന്ന ബെനഡിക്റ്റ് മാർപാപ്പയുടെ നിലപാടുകളിൽ നിന്ന് വ്യത്യസ് തമായാണ് ഫ്രാൻസിസ് മാർപാപ്പ സ്വവർഗരതിക്ക് അനുകൂലമായി ഉള്ള ഈ അഭിപ്രായപ്രകടനം.

എന്നാൽ ചില കത്തോലിക്കാ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഇന്നേവരെയുള്ള നിലപാടുകളെ അട്ടിമറിക്കുന്നതാണ് മാർപാപ്പയുടെ ഈ അഭിപ്രായപ്രകടനം എന്ന് റോഡ് ഐലൻഡിലെ ബിഷപ്പ് ആയിരിക്കുന്ന തോമസ് ജെ ടോബിൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എല്ലാ സഹജീവികളേയും സ്നേഹത്തോടും കരുതലോടും കാണണമെന്ന നിലപാടിലുറച്ച മനുഷ്യസ്നേഹിയാണ് ഫ്രാൻസിസ് മാർപാപ്പ എന്നാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ ഇതിനിടയിൽ ‘ലോങ്ങ്‌ കോവിഡ്’ എന്ന അവസ്ഥ പലരിലും കണ്ടുവരുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ലണ്ടനിലെ കിങ്‌സ് കോളേജിൽ നടന്ന ഗവേഷണത്തിലാണ് സ്ത്രീകൾക്കും അമിതഭാരം ഉള്ളവർക്കും ആസ്ത്മ രോഗികൾക്കും ലോങ്ങ്‌ കോവിഡ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. 20 പേരിൽ ഒരാൾ കുറഞ്ഞത് എട്ട് ആഴ്ച കോവിഡ് ബാധിതനായിരിക്കുമെന്ന് പഠനം പറയുന്നു. വാർദ്ധക്യവും അനേക രോഗലക്ഷണങ്ങളും ഉള്ളവർക്ക് ലോങ്ങ്‌ കോവിഡ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ഇത്തരം രോഗികളെ നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ ഉറപ്പാക്കാനാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് സിംപ്റ്റം സ്റ്റഡി അപ്ലിക്കേഷനിലേക്ക് ആളുകൾ അവരുടെ ലക്ഷണങ്ങളും പരിശോധന ഫലങ്ങളും നൽകിയതിന്റെ വിശകലനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. ദൈർഘ്യമേറിയ കോവിഡ് ആരെയും ബാധിക്കുമെങ്കിലും ചിലരിൽ അപകടസാധ്യത ഉയർന്നിരിക്കുന്നു.

അഞ്ചിൽ കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടുവരുന്നവർക്ക് ലോങ്ങ്‌ കോവിഡ് പിടിപ്പെട്ടേക്കാമെന്ന് കിംഗ്സ് കോളേജിലെ ഡോ. ക്ലാരി സ്റ്റീവ്സ് പറഞ്ഞു. കൊറോണ വൈറസ് ശരീരത്തിലുടനീളം അവയവങ്ങളെ ബാധിക്കും. ചുമ, ക്ഷീണം, തലവേദന, വയറിളക്കം എന്നിവയുണ്ടായിരുന്നവർക്കും രുചി, മണം എന്നിവ നഷ്ടപ്പെട്ടവർക്കും രോഗസാധ്യത കൂടുതലാണ്. പ്രായം കൂടുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു – പ്രത്യേകിച്ച് 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക്. ലോംഗ്-കോവിഡിന്റെ കൃത്യമായ ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ക്ഷീണം സാധാരണമാണ്.

പഠനത്തിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ ;

• ഏഴ് പേരിൽ ഒരാൾ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും രോഗബാധിതനാണ്.
• 20 പേരിൽ ഒരാൾ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും രോഗബാധിതനാണ്.
• 45 പേരിൽ ഒരാൾ കുറഞ്ഞത് 12 ആഴ്ചയെങ്കിലും രോഗബാധിതനാണ്.

വേഗത്തിൽ സുഖം പ്രാപിക്കുന്ന നാലിലൊന്ന് ആളുകൾക്ക് ലോങ്ങ്‌ കോവിഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ” ഈ വിവരങ്ങൾ പ്രാധാന്യമുള്ളതായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. കാരണം ഇപ്പോൾ ഞങ്ങൾക്ക് ആ ആളുകളെ തിരിച്ചറിയാനും അവർക്ക് പ്രതിരോധ നടപടികൾ നൽകാനും സാധിക്കും. ” ഡോ. സ്റ്റീവ്സ് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ : ഗ്രേറ്റർ മാഞ്ചസ്റ്റർ വെള്ളിയാഴ്ച മുതൽ ടയർ 3 നിയന്ത്രണങ്ങൾ നേരിടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിരീകരണം. സർക്കാരും പ്രാദേശിക നേതാക്കളും തമ്മിലുള്ള ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്നാണ് പ്രധാനമന്ത്രി ഇടപെട്ടത്. പ്രദേശത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ബോറിസ് ജോൺസൺ ഏർപ്പെടുത്തുന്നത്. ചർച്ചകളിൽ നിന്ന് സർക്കാർ പിന്നോട്ട് നീങ്ങിയതായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടത്ര പിന്തുണ പ്രാദേശിക നേതാക്കൾക്ക് സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ടയർ 3 നിയന്ത്രണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ സർക്കാരിന്റെ ജോബ് സപ്പോർട്ട് സ്കീമും യൂണിവേഴ്സൽ ക്രെഡിറ്റിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ സമഗ്രമായ പിന്തുണാ പാക്കേജ് നിലവിലുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. പുതിയ നടപടികൾ നടപ്പാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്ററിന് 22 മില്യൺ പൗണ്ട് ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ പിന്തുണയ്‌ക്ക് പുറമേ, മാഞ്ചസ്റ്ററിന്റെ ബിസിനസുകളെ പിന്തുണയ്‌ക്കുന്നതിനുള്ള ഉദാരവും വിപുലവുമായ ഓഫർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 60 മില്യൺ പൗണ്ടിന്റെ പിന്തുണ ലഭിക്കും. ടയർ 3 ലെ മറ്റ് പ്രദേശങ്ങൾക്ക് ഞങ്ങൾ നൽകിയ പിന്തുണയ്ക്ക് സമാനമാണ് ഇതെന്നും എന്നാൽ പ്രാദേശിക നേതാക്കൾ ഇത് സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബിസിനസ് പിന്തുണയെക്കുറിച്ച് വരും ദിവസങ്ങളിൽ പ്രാദേശിക നേതാക്കളുമായി കൂടുതൽ ചർച്ചകൾക്ക് ശ്രമിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ടയർ 3 ലേക്ക് നീങ്ങുമ്പോൾ ലിവർപൂൾ സിറ്റി റീജിയന് 44 മില്യൺ പൗണ്ടും ലങ്കാഷെയറിന് 42 മില്യൺ പൗണ്ടും ലഭിച്ചിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ന്യായീകരിച്ച ജോൺസൺ, പ്രവർത്തിക്കാൻ പരാജയപ്പെടുന്നത് വലിയ രോഗവ്യാപനത്തിൽ കലാശിക്കുമെന്ന് അറിയിച്ചു. “ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയറും കൗൺസിൽ നേതാക്കളും ഈ നടപടികൾ നടപ്പിലാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ജോൺസൻ പറഞ്ഞു.

സൗത്ത് യോർക്ക്ക്ഷയർ, വെസ്റ്റ് യോർക്ക്ക്ഷയർ, നോട്ടിംഗ്ഹാംഷെയർ, നോർത്ത് ഈസ്റ്റ് എന്നീ പ്രദേശങ്ങളെയും വെരി ഹൈ അലേർട്ട് ലെവലിലേക്ക് മാറ്റാനുള്ള ചർച്ചകൾ നടന്നുവരികയാണ്. ടയർ 3 ലേക്ക് നീങ്ങുന്ന ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടച്ചിടും. വാതുവയ്പ്പ് ഷോപ്പുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ, അഡൾട് ഗെയിമിംഗ് സെന്റേ ഴ്സ്, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും അടയ്ക്കും. വീടുകളിലും പുറത്തും ഒത്തുചേരുന്നതിനും വിലക്കുണ്ട്. അതേസമയം 21,331 കൊറോണ വൈറസ് കേസുകളാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം 28 ദിവസത്തിനുള്ളിൽ 241 പേർ കൂടി മരിച്ചു.

സ്വന്തം ലേഖകൻ

2014 ഒക്ടോബറിൽ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും സൈക്കോളജിയും പഠിക്കാൻ എത്തിച്ചേർന്നതായിരുന്നു റേച്ചൽ ബെയ് ലി. എന്നാൽ ആ ഇടയ്ക്കുണ്ടായ മോശം ഹാങ്ങോവർ എന്ന് കരുതിയ രോഗാവസ്ഥ അവളുടെ ജീവിതം കീഴ്മേൽ മറിക്കുകയായിരുന്നു. കാലിന് തളർച്ച തോന്നി തുടങ്ങിയത്,അപൂർവമായ ന്യൂറോളജിക്കൽ ഡിസോഡറിന്റെ ഭാഗമായിരുന്നു. ഇന്ന് 25കാരിയായ അവൾ തന്നെ രോഗക്കിടക്കയിൽ നിന്ന് എണീപ്പിച്ചു സ്വയം നടക്കാൻ പ്രാപ് തരാക്കിയ ഹീറോസ് ആയ ഫിസിയോതെറാപ്പിസ്റ്റുകളുടെ വഴിതന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. കിടന്നിടത്തു നിന്ന് ചലിക്കാൻ പോലും ആവതില്ലാതിരുന്ന അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് അവരാണ്.

നോട്ടിംഗ്ഹാമിൽ 19 വയസുകാരിയായ റെയ്ച്ചൽ ഒരു ദിവസം രാവിലെ എണീറ്റത് കാൽവെള്ളകളിൽ ഇക്കിളി ഉണ്ടാവുന്നത് പോലെയുള്ള അലോസരത്തോടുകൂടിയാണ്. കുറെയധികം സമയം നൃത്തം ചെയ്തതിനാലോ, മോശം ചെരുപ്പ് ഉപയോഗിക്കുന്നതുമൂലമോ ആയിരിക്കാം വേദന ഉണ്ടായത് എന്ന് ആദ്യം കരുതിയെങ്കിലും,മൂന്നു ദിവസത്തിനുള്ളിൽ തന്നെ അവൾ വെന്റിലേറ്ററിൽ ആയി.തുടർന്ന് അവൾക്ക് ഗുയിലെയ്ൻ-ബാരെ സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. സ്വന്തം ശരീരത്തിലെ പ്രതിരോധശേഷി തന്നെ സ്വയം നാഡിവിന്യാസത്തെ ആക്രമിക്കുന്ന രോഗമാണിത്. രോഗം ബാധിച്ചാൽ കൈകാലുകൾ അനക്കാൻ പോലുമാവാതെ ചലനശേഷി നഷ്ടപ്പെടും. റെയ്ച്ചൽലിന്റെ കേസിൽ അവൾക്ക് കണ്ണുകൾ മാത്രമേ ചലിപ്പിക്കാൻ ആവുമായിരുന്നുള്ളൂ. കണ്ണുകൾ ബോർഡിലെ അക്ഷരങ്ങൾക്ക് നേരെ ചലിപ്പിച്ചാണ് അവൾ ഡോക്ടർമാരോട് ആശയവിനിമയം നടത്തിക്കൊണ്ടിരുന്നത്. വേദന മൂലം ഒന്ന് അലറി കരയാൻ ഉള്ള കഴിവ് പോലും അവൾക്ക് നഷ്ടപ്പെട്ടിരുന്നു.

എന്നാൽ 59 ദിവസം ക്രിട്ടിക്കൽ കെയറിലും, 76 ദിവസം റിഹാബിലിയേഷൻ സെന്ററിലും കഴിഞ്ഞ അവൾ 2015 മാർച്ച് 11 ന് സ്വന്തം കാലിൽ നടന്ന് തന്നെ ആശുപത്രി വിട്ടു.

ഡോക്ടർമാർ അവളുടെ മടങ്ങിവരവിനെ ‘അത്ഭുതകരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം രോഗികളിൽ ഇത്രവേഗം രോഗം മാറുന്നത് ആദ്യമായിട്ടായിരുന്നു. തന്നെ രോഗക്കിടക്കയിൽ നിന്ന് എണീറ്റ് നടക്കാൻ സഹായിച്ചവരുടെ വഴി പിന്തുടരാൻ അങ്ങനെയാണ് റെയ്ച്ചൽ തീരുമാനിച്ചത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ എത്തിയ ഉടൻ തന്നെ അവൾ ഫിസിയോതെറാപ്പി കോഴ്സിന് ചേർന്നു. കഴിഞ്ഞ വേനലിൽ മികച്ച മാർക്ക് വാങ്ങി ഫസ്റ്റ് ക്ലാസോടെ പാസായി .ഇപ്പോൾ ഓക്സ്ബ്രിഡ്ജിലെ ഹെയർഫീൽഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു.തന്റെ അത്ഭുതകരമായ യാത്രാപഥം ഉൾക്കൊള്ളിച്ച ഒരു ഫോട്ടോ അവൾ ട്വീറ്റ് ചെയ്തത് വൈറലായിരുന്നു. ഈ ജോലി താൻ ഏറ്റവുമധികം ആസ്വദിച്ചാണ് ചെയ്യുന്നതെന്നും, ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങൾ ആണെന്നും, തന്റെ ടീം മനോഹരമായ ഐക്യമുള്ളവരാണെന്നും ചേർത്തുപിടിക്കുന്നവരാണ് എന്നും അവൾ പറയുന്നു. ഇപ്പോഴും പൂർണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത രോഗം കഠിനമായ വേദനയുടെ രൂപത്തിൽ അവളെ ഇടയ്ക്കിടെ ആക്രമിക്കാറുണ്ട്. എന്നാൽ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ എത്ര പേരുടെ മുഖത്ത് പുഞ്ചിരി വിടർത്താനാവുമെന്ന പരിശ്രമത്തിലാണ് റെയ്ച്ചൽ.

സ്വന്തം ലേഖകൻ

വെൽഷ് : വെൽഷ് കടൽത്തീരത്ത് ഞെട്ടിപ്പിക്കുന്ന സംഭവം. ആയിരക്കണക്കിന് ചെറുമത്സ്യങ്ങളാണ് കടൽത്തീരത്ത് ചത്തുപൊങ്ങിയത്. ഗ്യനഡിലെ ബാർമൌത്തിന് സമീപമുള്ള ബെനാർ ബീച്ചിൽ ആണ് സംഭവം. നാച്ചുറൽ റിസോഴ്‌സസ് വെയിൽസിൽ (എൻ‌ആർ‌ഡബ്ല്യു) ഈ ആവിശ്വസനീയ സംഭവം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. റേ ഫിൻ‌ഡ് മത്സ്യങ്ങളുടെ ക് ലൂപ്പിഡേ ഫാമിലിയിൽ പെട്ട സ്പ്രാറ്റ്സ് ആണിവയെന്ന് കരുതുന്നു. “നോർത്ത് വെയിൽസിലെ ബാർമൗത്തിനടുത്തുള്ള ബെനാർ ബീച്ചിൽ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി ശനിയാഴ്ച ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചു.” എൻ‌ആർ‌ഡബ്ല്യുവിന്റെ വക്താവ് പറഞ്ഞു.

ഇത് പ്രകൃതിയുടെ പ്രതിഭാസം ആണെന്നും വെള്ളത്തിൽ വസിക്കുന്ന മറ്റു ജീവികളിൽ നിന്ന് വൻ തോതിൽ രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് ഇതുണ്ടാവുന്നതെന്നും എൻ‌ആർ‌ഡബ്ല്യു പറഞ്ഞു. എന്നാൽ ഈ ആഴ്ചയിലെ ശാന്തമായ കടൽ സൂചിപ്പിക്കുന്നത് ചെറുമീനുകൾ കടൽത്തീരത്തേക്ക് എത്താൻ സാധ്യതയില്ലെന്നാണ്. ഇത് ആശങ്കാകുലമാണെന്ന് തോന്നാമെങ്കിലും സംഭവിക്കുന്നതാണ്. സംഭവം റിപ്പോർട്ട്‌ ചെയ്തവർക്ക് എൻ‌ആർ‌ഡബ്ല്യു നന്ദി അറിയിച്ചു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ 0300 065 3000 എന്ന നമ്പറിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും അവർ അറിയിച്ചു.

മലിനീകരണം മൂലമല്ല ഇത് ഉണ്ടായത്. അതുകൊണ്ട് തന്നെ കടൽത്തീരം വൃത്തിയാക്കുന്നതിന് സാധാരണയായി ആരെയും ചുമതലപ്പെടുത്തില്ലെന്നും എൻ‌ആർ‌ഡബ്ല്യു കൂട്ടിച്ചേർത്തു. സ്പ്രാറ്റുകളിലെ പോഷകങ്ങൾ വീണ്ടും കടലിലേക്ക് എത്തുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ മത്സ്യങ്ങളിൽ ഭൂരിഭാഗവും കടലിലേക്ക് തന്നെ ഒഴുകിനീങ്ങുമെന്നും അവർ അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റ്‌ മാഞ്ചസ്റ്റർ : പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ഒരു കരാറിലെത്താൻ ഇതുവരെയും കഴിയാത്തതിനെത്തുടർന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പ്രതിസന്ധിയിൽ. പ്രദേശം ഇപ്പോഴും സർക്കാരിൽ നിന്ന് ഒരു പിന്തുണ തേടുകയാണെന്ന് മേയർ ആൻഡി ബർൺഹാം പറഞ്ഞു. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ കൗൺസിൽ നേതാക്കൾ സർക്കാരിൽ നിന്ന് കുറഞ്ഞത് 75 മില്യൺ പൗണ്ട് ധനസഹായം വേണമെന്ന് വാദിക്കുന്നുണ്ട്. ഒരു കരാറും അംഗീകരിച്ചില്ലെങ്കിൽ പ്രധാനമന്ത്രിക്ക് ഉന്നതതല നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് വ്യക്തമാക്കി. വെരി ഹൈ അലേർട്ട് ലെവൽ ഏർപ്പെടുത്തുന്നതോടെ ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടച്ചിടും. ഒപ്പം വീടിനുള്ളിൽ ഒത്തുകൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ 28 ലക്ഷം ജനങ്ങളെ ടയർ 2വിൽ നിന്ന് ടയർ 3യിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാരും പ്രാദേശിക നേതാക്കളും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ട്‌ പത്തു ദിനങ്ങളായി. ഇതിനിടയിൽ സർക്കാർ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു.

ടയർ 3 നിയന്ത്രണങ്ങൾ തൊഴിലാളികളെ മോശമായി ബാധിക്കുമെന്നും അവരെ സഹായിക്കാൻ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും ഗ്രേറ്റ് മാഞ്ചസ്റ്ററിലെ പ്രാദേശിക നേതാക്കൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഗ്രേറ്റ് മാഞ്ചസ്റ്ററിനെ യുകെയുടെ എല്ലാ ഭാഗങ്ങൾക്കും തുല്യമായിട്ടാണ് പരിഗണിക്കുന്നതെന്ന് ചാൻസലർ റിഷി സുനക് കോമൺസിൽ പറഞ്ഞു. നാഷണൽ ഫണ്ടിങ് ഫോർമുല നിലവിലുണ്ടെന്ന് സുനക് ആവർത്തിച്ചു. ടയർ 3യിലേയ്ക്ക് കടക്കുന്ന പ്രദേശത്തിലെ ഒരാൾക്ക് 8 പൗണ്ട് എന്ന നിലയിലാണ് ആകെ തുക ലഭിക്കുക. അതുപ്രകാരം ഗ്രേറ്റ് മാഞ്ചസ്റ്ററിന് 22 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തതായും ലിവർപൂൾ സിറ്റി റീജിയനിലും ലങ്കാഷെയറിലും സർക്കാർ ചെയ്ത കാര്യങ്ങൾക്ക് അനുസൃതമായി അധിക പിന്തുണ മാഞ്ചെസ്റ്ററിനും ലഭിക്കുമെന്നും ബിസിനസ് മന്ത്രി നാദിം സഹാവി പറഞ്ഞു.

ഇരുപക്ഷവും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ താൻ നിയമം ലംഘിക്കില്ലെന്ന് ബൺഹാം കൂട്ടിച്ചേർത്തു. ലിവർപൂൾ സിറ്റി റീജിയണും ലങ്കാഷയറുമാണ് ഇപ്പോൾ ടയർ 3 നിയന്ത്രണത്തിന് കീഴിൽ ഉള്ളത്. എന്നിരുന്നാലും, സൗത്ത് യോർക്ക് ക്ഷയർ, വെസ്റ്റ് യോർക്ക് ക്ഷയർ, നോട്ടിംഗ്ഹാംഷെയർ, നോർത്ത്ഈസ്റ്റ്‌ ഇംഗ്ലണ്ട്, ടീസൈഡ് എന്നിവയും മുൻനിരയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്നലെ പറയുകയുണ്ടായി. ബിസിനസുകൾ, ജോലികൾ, വിദ്യാഭ്യാസം എന്നിവ പരിരക്ഷിക്കുന്ന ഒരു പാക്കേജ് ഞങ്ങൾക്ക് ആവശ്യമാണെന്ന് സർക്കാരുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സംസാരിച്ച നോട്ടിംഗ്ഹാം സിറ്റി കൗൺസിൽ നേതാവ് ഡേവിഡ് മെല്ലൻ അറിയിച്ചു.

ജോജി തോമസ്

യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് തട്ടിപ്പുകാർ കടന്നുവരുന്നത് പല രൂപത്തിലാണ് . ഇതിൽ തന്നെ കഴിഞ്ഞ കുറെ കാലമായി സജീവമായിരിക്കുന്നതാണ് എച്ച് എം ആർ സിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഇതിനെക്കുറിച്ച് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തട്ടിപ്പിനിരയായവരുടെ , പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇത്തരത്തിലുള്ള ഒരു സംയുക്ത പ്രസ്താവന ഇറക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ ലോക്കൽ ഗവൺമെൻ്റുകളിലെ പ്രതിനിധികളും മുൻ പ്രതിനിധികളും , മത്സരാർത്ഥികളുമായിരുന്ന മലയാളികളെ പ്രേരിപ്പിച്ചത്. സുഗതൻ തെക്കേപ്പുര, ഡോ. ഓമന ഗംഗാധരൻ ,മഞ്ജു ഷാഹുൽ ഹമീദ് ,ടോം ആദിത്യ ,ഫിലിപ്പ് എബ്രഹാം, ബൈജു തിട്ടാല , ജെയ് മ്സ് ചിറയൻ കണ്ടത്ത്, വർഗീസ് ഇഗ്നേഷ്യസ്, ജോസ് അലക്സാണ്ടർ, സജീഷ് ടോം ,റോയി സ്റ്റീഫൻ , ജോസ് ജോസഫ് , ലിഡോ ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രസ്താവന നൽകിയിരിക്കുന്നത്.

എച്ച് എം ആർ സി യുടെ പേരിൽ വരുന്ന ഫോൺ കോളുകളിൽ എച്ച് എം ആർ സി യുടെ ഫോൺ നമ്പർ തന്നെയാവും ഡിസ്പ്ലേ ചെയ്യുന്നത് . സ് പൂപ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിനുശേഷം വിശ്വാസ്യത നേടാനായി ഇരയുടെ ഏതാനും വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തും. തുടർന്ന് തട്ടിപ്പിനിരയാകുന്ന വ്യക്തി വലിയൊരു തുക എച്ച് എം ആർ സി യിലേയ്ക്ക് ടാക് സായി നൽകാനുണ്ടെന്നും, ഉടൻ നൽകിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഭീഷണിപ്പെടുത്തും .

വിശ്വാസ്യത നേടുന്ന തരത്തിൽ വളരെ നാടകീയമായി ഇരയെ വീഴ്ത്തുന്ന സംഘം ആയിരക്കണക്കിന് പൗണ്ടാണ് പലരിൽ നിന്നായി തട്ടിച്ചത്. തട്ടിപ്പുകൾ ഇതിനു പുറമേ പല രൂപത്തിൽ നടക്കുന്നുണ്ട് .സൗത്ത്-വെസ്റ്റ് കൗണ്ടിയിലെ ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് 3000 പൗണ്ടോളം നിക്ഷേപിച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് ആരംഭിച്ചത്. അതിനുശേഷം ബാങ്കിൽ നിന്നാണെന്നും ,അബദ്ധത്തിൽ 3000 പൗണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും അത് തിരിച്ചു നൽകണമെന്നും പറഞ്ഞ് ഫോൺ കോൾ വന്നു . അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ട മലയാളി തട്ടിപ്പുസംഘം കൊടുത്ത അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതോടുകൂടി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും, അക്കൗണ്ടിൽ കിടന്ന പണം മുഴുവൻ നഷ്ടപ്പെടുകയും ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിക്കുകയും നിരവധി മലയാളികൾ തട്ടിപ്പിനിരയാകുകയും ചെയ്യുന്നതാണ് മലയാളികളായ ലോക്കൽ കൗൺസിൽ പ്രതിനിധികളെ തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരിക്കാൻ പ്രേരിപ്പിച്ചത്. എച്ച് എം ആർ സി ഉൾപ്പെടെയുള്ള ഗവൺമെൻറ് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ദീർഘവും, വളരെയധികം കാലതാമസം എടുക്കുന്നതുമാണെന്നും , അതിനാൽ ഭീഷണികൾക്ക് വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്നും , ഇങ്ങനെ വരുന്ന ഫോൺ കോളികൾക്ക് മറുപടി നൽകരുതെന്നും ,  നേരിട്ട്  എച്ച് എം ആർ സിയിൽ വിളിച്ച് ടാക്സ് അടച്ചുകൊള്ളാമെന്ന് മറുപടി നൽകി തട്ടിപ്പിൽ നിന്ന് രക്ഷപെടണമെന്നും ലോക്കൽ കൗൺസിൽ പ്രതിനിധികൾ അഭ്യർത്ഥിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നൽകുന്ന പരമോന്നത ദേശീയ ബഹുമതി കരസ്ഥമാക്കി ജേക്കബ്‌ തുണ്ടിൽ. അന്തർദേശീയ വ്യാപാരത്തിനും കയറ്റുമതിക്കുമാണ് കൊല്ലം സ്വദേശിയായ ജേക്കബ് തുണ്ടിലിനു മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം.ബി.ഇ) അവാർഡ് ലഭിച്ചത്. നാളികേരം അടിസ്ഥാനമാക്കിയുള്ള ജൈവ – ഭക്ഷ്യ ബ്രാൻഡ്‌ ആയ കൊക്കോഫീനയുടെ സ്ഥാപകനാണ് ജേക്കബ്‌. നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ നൂതനമായ രീതിയിൽ കൊക്കോഫീന കടകൾ വഴി വിപണനം ചെയ്യുന്നു. നിലവിൽ 28 രാജ്യങ്ങളിൽ ബ്രാഞ്ചുകളുള‌ള കൊക്കോഫീന കടകൾക്കും ഉൽപന്നങ്ങൾക്കും ഓൺലൈനായും വലിയ വിപണനമാണ് നടത്തിയത്. 2005ലാണ് ജേക്കബ് തന്റെ വ്യവസായസംരംഭം ആരംഭിക്കുന്നത്. നാളികേരത്തിൽ നിന്ന് 32ഓളം മൂല്യവർധിത ഉത്പന്നങ്ങൾ കൊക്കോഫീന ഉത്പാദിപ്പിക്കുന്നുണ്ട്.

ബ്രിട്ടീഷ് ടെലികോം, എച്ച്.എസ്.ബി.സി. അക്‌സെഞ്ചർ, ലോയ് ഡ്‌സ് എച്ച് ബി ഒ എസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം കൊക്കോഫീനയ്ക്ക് തുടക്കം കുറിക്കുന്നത്. 2017ൽ ബ്രണൽ യൂണിവേഴ് സിറ്റിയിൽ നിന്നുള്ള ‘ബെസ്റ്റ് എംപ്ലോയർ’ അവാർഡും കൊക്കോഫീന നേടിയിരുന്നു. എം.ബി.ഇ. ബഹുമതി ഒരു ആദരമാണെന്നും ബ്രിട്ടീഷ് ഭക്ഷ്യവ്യവസായത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ കയറ്റുമതി വർധനയിൽ സഹായിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ടെന്നും ജേക്കബ് പറഞ്ഞു. ബ്രിട്ടനിലെത്തുന്ന വ്യവസായികൾക്ക് വളരാൻ താൻ അവസരമുണ്ടാക്കുമെന്നും തുടർന്നും കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ബ്രിട്ടീഷ് രാജ്ഞിയോ രാജകുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണ് ബഹുമതി സമ്മാനിക്കുക.

Copyright © . All rights reserved