ന്യൂസ് ഡെസ്ക് മലയാളം യുകെ
52 കാരനായ നിഗൽ സ്‌കി, 32കാരിയായ അഗത മഗേഷ് ഇയമലായിയെ കാണാനാണ് സെപ്റ്റംബറിൽ നിയമം ലംഘിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ സിംഗപ്പൂരിൽ എത്തിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. നിയമം തെറ്റിക്കുന്നവർക്ക് പിഴയും ആറുമാസം തടവുമാണ് ശിക്ഷ.
തിങ്കളാഴ്ച ജില്ലാ കോടതിയിൽ നടന്ന വിസ്താരത്തിൽ വിവാഹിതരായിക്കഴിഞ്ഞ ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു. സ്കീ മുറിവിട്ടു മൂന്നു തവണ പുറത്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂരിലെ റിറ്റ്സ് കാൾട്ടൺ മില്ലേനിയ ഹോട്ടലിൽ സ്കി ക്വാറന്റൈനിലായിരുന്നപ്പോൾ അഗത അതേ ഹോട്ടലിൽ മുറിയെടുത്തു. 17 സെറ്റ് പടവുകൾ നടന്നുകയറി ആണ് സ്കീ അഗതയെ കാണാൻ എത്തിയത്. അഗത തന്റെ കാമുകനുവേണ്ടി എമർജൻസി എക്സിറ്റ് വാതിൽ തുറന്നു നൽകി.

ഏഴ് മണിക്കൂറോളം അവർ ഇത്തരത്തിൽ ഒരുമിച്ച് ചെലവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുള്ളതാണ് ഇരുവരുടേയും പേരിലുള്ള പ്രധാന ആരോപണം. സ്കീയ്ക്ക് നാല് ആഴ്ച ജയിൽവാസവും 750 സിംഗപ്പൂർ ഡോളർ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. പ്രണയത്തിനു വേണ്ടിയാണ് ഇവർ ക്വാറന്റൈൻ ലംഘിച്ചതെന്ന് ഇരുവർക്കും വേണ്ടി ഹാജരായ വക്കീൽ കോടതിയോട് പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടൻ ഇന്നുമുതൽ പ്രതിരോധകുത്തിവെയ്പ്പിൻറെ പുതിയ ഘട്ടത്തിലേയ്ക്ക് ചുവട് വച്ചു. മുൻഗണനാക്രമത്തിൽപ്പെട്ട നാല് ഗ്രൂപ്പുകൾക്കായിരുന്നു ഇതുവരെ വാക്സിൻ നൽകിയിരുന്നത്. എന്നാൽ ഇന്ന് മുതൽ 65 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങി. രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങിയിട്ട് 69 ദിവസങ്ങൾ പിന്നിടുമ്പോൾ വാക്സിനേഷൻ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നത് നിർണ്ണായക ചുവടുവെയ്പ്പായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

രാജ്യത്ത് ഇതുവരെ 15 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ അവസാനത്തിന് മുമ്പ് 50 -വയസിന് മുകളിലുള്ളവർക്കും കൂടി പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇത് ഏകദേശം 17.2 ദശലക്ഷം ആളുകൾ വരും. നിലവിൽ 70 വയസിന് മുകളിൽ 90% പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

അതേസമയം രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഇന്ന് മുതൽ നിലവിൽ വന്നു. ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിക്കുന്നതിനെ ചെറുക്കാനുള്ള മുൻകരുതലായിട്ടാണ് ഹോട്ടൽ ക്വാറന്റൈൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗൽ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 33 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്നവർ ഹോട്ടലുകളിൽ പത്ത് ദിവസം ക്വാറന്റൈൻ ചെലവഴിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഹോട്ടലിൻെറ ചിലവ്, ഗതാഗതം, പരിശോധന എന്നിവ ഉൾപ്പെടെ ഹോട്ടൽ ക്വാറന്റൈന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചിലവ് 1750 പൗണ്ടാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാലിഫോർണിയയിൽ താമസിക്കുന്ന സസെക്സിന്റെ പ്രഭുവും പ്രഭ്വിയും തങ്ങളുടെ കുഞ്ഞു രാജകുമാരൻ ആർച്ചി ഒരു സഹോദരൻ ആവാൻ പോകുന്ന വിവരം ലോകത്തെ അറിയിച്ചു. വരുന്ന മെയിലാണ് കുട്ടിയെ പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് അത്യധികം ആഹ്ളാദത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് അവർ ലോകത്തെ അറിയിച്ചു. മാസങ്ങൾക്കു മുൻപ് 39 കാരിയായ മെഗാന്റെ ഗർഭം അലസിയത് അങ്ങേയറ്റം വേദനിപ്പിക്കുന്ന വാർത്തയായിരുന്നു.

പ്രണയിതാക്കളുടെ ദിനത്തിൽ പ്രിൻസ് ഹാരിയുടെ മടിയിൽ തലവച്ച് കിടക്കുന്ന മെഗാന്റെ ചിത്രത്തിനൊപ്പമാണ് അവർ വാർത്ത പങ്കുവെച്ചത്. ഇരുവരുടെയും വളരേ കാലമായുള്ള ഉറ്റസുഹൃത്തായ മിസാൻ ഹാരിമാൻ ആണ് ചിത്രം പകർത്തിയത്.

കുട്ടി പിറക്കുന്നത് യുഎസിൽ ആണെങ്കിൽ ജന്മനാതന്നെ യുഎസ് പൗരത്വം ലഭിക്കും. ഹാരിയുടെ അമ്മ ഡയാന രാജകുമാരി ഹാരിയെ ഗർഭം ധരിച്ചിട്ടുണ്ടെന്ന വിവരം ലോകത്തെ അറിയിച്ചതിന്റെ മുപ്പത്തിയേഴാം വാർഷിക ദിനത്തിലാണ് ദമ്പതിമാർ സമാനമായ രീതിയിൽ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വിവരവും ലോകത്തെ അറിയിച്ചത്.
ഇവരും സീനിയർ റോയൽ പദവിയിൽനിന്ന് പിൻമാറിയ ശേഷം കഴിഞ്ഞ ജൂൺ മുതൽ മോണ്ടിസിറ്റോയിലെ ഗൃഹത്തിൽ ആണ് താമസിക്കുന്നത്.

ഇരുവരുടേയും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ പലതിനും സാക്ഷിയായി ചിത്രം പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് ഹാരിമാൻ. ഇരുവരുടെയും പ്രണയം വളരുന്നതും പൂവിടുന്നതും കാണുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് ഹാരിമാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കടുത്ത ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകളിൽ മഞ്ഞുമൂടി കിടക്കുന്നു. എന്നാൽ ഇതിനുശേഷമുള്ള വസന്തകാലത്തിൽ ഡ്രൈവിംഗ് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. ടയർ പ്രഷർ പരിശോധിക്കുക എന്നതാണ് ആദ്യത്തെ മാർഗം. ശൈത്യകാലത്ത് ടയറിൽ സമ്മർദ്ദം കൂടിയിരിക്കും. ഒപ്പം ഐസിലൂടെയാണ് വണ്ടി നീങ്ങുന്നതും. എന്നാൽ വസന്തകാലത്തിലേക്ക് കടക്കുമ്പോൾ ടയർ പ്രഷർ മാറേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ടയർ പ്രഷർ പരിശോധിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടയർ ഇൻഫ്ലേറ്റർ വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.

വസന്തകാലം എത്തുന്നതുവരെ മോശം കാലാവസ്ഥയിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. അതുകൊണ്ട് തന്നെ വൈപ്പർ ബ്ലേഡുകളിൽ സമ്മർദ്ദം ഏറും. ദൃശ്യപരത അത്യാവശ്യമായതിനാൽ നിങ്ങളുടെ വൈപ്പർ ബ്ലേഡുകൾ ‘ഫ്രീ 5-പോയിന്റ് വിന്റർ കാർ ചെക്ക്’ ഉപയോഗിച്ച് പരിശോധിക്കുക. ടെക്നീഷ്യൻ നിങ്ങളുടെ ഹെഡ്ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും ബാറ്ററിലൈഫ്, വിൻഡ്‌സ്ക്രീൻ എന്നിവയും പരിശോധിക്കും. കൂടാതെ എംഒടി കാലാവധിയും. ശൈത്യകാലത്തെ തണുപ്പ് വിൻഡ്സ്‌ക്രീനിൽ വിള്ളലുകൾ ഉണ്ടാവുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ കാഴ്ചയെ മറയ്‌ക്കുകയും ഡ്രൈവിംഗ് അപകടകരമാക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് മാറ്റാൻ ഹാൻഡി വിൻഡ്‌സ്ക്രീൻ ചിപ്പ് റിപ്പയർ സർവീസ് ഉപകാരപ്രദമാകും.

വർഷത്തിലെ ഏത് സമയമായാലും, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട് പുതിയതോ പഴയതോ ആയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വിദഗ്‌ധ കാർ സുരക്ഷാ പരിശോധന ഉപയോഗിച്ച് പൂർണ്ണ മനസമാധാനത്തോടെ വസന്ത കാലത്തിലേക്ക് വാഹനമോടിക്കുക. ഹോൺ മുതൽ നമ്പർപ്ലേറ്റ്, കൂളന്റ്, ബാറ്ററി വരെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് നിങ്ങളും കുടുംബവും റോഡിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള സമഗ്രമായ മാർഗമാണിത്. വസന്ത കാലത്തിന് മുൻപ് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ബ്രേക്കുകൾ, സസ്‌പെൻഷൻ, ടയറുകൾ, വീൽ ബെയറിംഗുകൾ എന്നിവയും മറ്റ് പ്രധാന ഘടകങ്ങളും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കോവിഡ് 19 ബ്രിട്ടനിലെ ആരോഗ്യരംഗത്തെ താറുമാറാക്കിയതിനെ തുടർന്നാണ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ നടപ്പാക്കാൻ ഗവൺമെൻറ് വീണ്ടും നിർബന്ധിതരായത്. പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സ്വന്തം ജീവനും, നാഷണൽ ഹെൽത്ത് സർവീസും രക്ഷിക്കാനും നിരന്തരം ആഹ്വാനം ചെയ്തെങ്കിലും നിരവധിപേരാണ് നിയമലംഘനം നടത്തുന്നത്.
ഇതിന് മികച്ച ഉദാഹരണമാണ് ലങ്കാഷെയറിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം. ലങ്കാഷെയർ യൂണിവേഴ്സിറ്റിയിലെ എൺപതോളം വിദ്യാർത്ഥികളാണ് ലോക്ക്ഡൗൺ സമയത്ത് പാർട്ടിക്കായി ഒരു ഫ്ലാറ്റിൽ ഒന്നിച്ചുകൂടിയത്. ഇതിൽ 35 ഓളം പേരേ പോലീസ് പിടികൂടി 800 പൗണ്ട് വീതം പിഴ അടപ്പിക്കാൻ സാധിച്ചു. ബാക്കിയുള്ളവർ വിൻഡോയിലൂടെ രക്ഷപ്പെട്ടതായാണ് വിവരം. പ്രസ്തുത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , പരിപാടി സംഘടിപ്പിച്ചവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഓർമ്മിക്കുക കഴിവതും വീട്ടിൽ കഴിയുക, സ്വന്തം ജീവനേയും എൻ എച്ച് എസിനേയും രക്ഷിക്കുക.
ലണ്ടൻ: ലോക്ക് ഡൗൺ തുടരുമ്പോഴും യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി ലണ്ടനിലെ ആദ്യകാല മലയാളിയും ബിസിനസ്സുകാരനുമായ പി.എം. രാജു (62) നിര്യാതനായി. ലണ്ടനിലെ നോർത്ത് ഹുഡിൽ ആണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഗ്രേസ് രാജു. ഹാൻസൺ, ബെൻസൺ എന്നിവർ മക്കളും ജിഷ ഹാൻസൺ മരുമകളുമാണ്. നാട്ടിൽ അടൂർ സ്വദേശിയാണ്.
കൊറോണ പിടിപെട്ട് ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. രാജുവിന് വേണ്ടി കുർബാന അർപ്പിച്ചു പള്ളിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ രാജുവിന്റെ മരണ വിവരമാണ് ഇടവക വികാരിയച്ചന്റെ ഫോണിൽ എത്തിയത്. വളരെ വികാരപരമായിട്ടാണ് രാജുവിന്റെ മരണ വിവരം ഇടവക ജനങ്ങളെ അച്ചൻ അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും രാജു അങ്കിൾ ആണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും വികാരിയച്ചൻ തന്റെ സന്ദേശത്തിൽ പറയുന്നു.
ഇന്ന് യുകെയിൽ മരിച്ച 258 ഉൾപ്പെടെ 1,17,116 പേർക്കാണ് കൊറോണ പിടിപെട്ട് ഇതുവരെ യുകെയിൽ ജീവൻ നഷ്ടമായത്. പുതിയതായി 10,972 കോവിഡ് പിടിപെട്ടതായി ഇന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 15 മില്യൺ ആളുകൾക്ക് കൊറോണ വാക്സീൻ നൽകി വലിയ ഒരു നേട്ടം ബ്രിട്ടൻ നേടിയ ദിവസമാണ് മറ്റൊരു മലയാളി കൂടി കോവിഡ് പിടിപെട്ടു മരണപ്പെട്ടിരിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ മെമ്പറും ഹെമല്‍ ഹെംപ്സ്റ്റഡ് സെന്റ്. തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവുമാണ് പരേതനായ രാജു.
പി.എം. രാജുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖിതരായ ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെയ് മാസത്തിനുള്ളിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കണമെന്ന് ടോറി എംപിമാർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. മുൻഗണനാക്രമത്തിൽ ഉള്ള 9 ഗ്രൂപ്പുകൾക്കും വാക്സിൻ കൊടുത്തു കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നത് ന്യായീകരിക്കാൻ കഴിയില്ല എന്ന വാദമുഖമാണ് വിമർശകർ ഉന്നയിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്ന് പൂർണ്ണമായും പിൻവലിക്കാൻ കഴിയും എന്നതിനെ കുറിച്ച് ഏകപക്ഷീയമായി ഇപ്പോഴേ പറയാൻ സാധിക്കില്ല എന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് എട്ടിന് സ്കൂളുകളിൽ കുട്ടികളുടെ തിരിച്ചുവരവിനൊപ്പം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 99 ശതമാനം ആളുകൾക്കും ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ഏപ്രിലോടെ നൽകാനാണ് ഗവൺമെൻറ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. തന്മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ആത്മവിശ്വാസത്തിലേയ്ക്ക് രാജ്യത്തിന് എത്തിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി -22ന് ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള വിശദമായ രൂപരേഖ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിരോധകുത്തിവെയ്പ്പും മൂലം കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ഗവൺമെൻറ്. കോവിഡിന് പിടിച്ച് കെട്ടുന്നതിൽ കൈവരിച്ച പുരോഗതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെ നിഷ്പ്രഭമാകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് മന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫെബ്രുവരി 15 തിങ്കളാഴ്ച മുതൽ രാജ്യത്ത് കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ 65 -നും 69 -നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന് തുടക്കംകുറിക്കും. ഫെബ്രുവരി 15ന് മുമ്പ് മുൻഗണനാക്രമത്തിൽ ഉള്ള നാല് ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് രാജ്യം ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ യുകെയിൽ 14.5 ദശലക്ഷത്തിലധികം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

65 വയസിന് മുകളിലുള്ള ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പിനായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അറിയിപ്പ് ലഭിച്ചവർക്ക് നൂറിലധികം ഉള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നോ ഇരുന്നൂറോളം ഉള്ള ഫാർമസികളിൽ നിന്നോ പ്രതിരോധകുത്തിവെയ്പ്പ് എടുക്കാനാകും.

ഇതിനിടെ കോവിഡിനോട് അനുബന്ധമായുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മാസത്തോടെ പിൻവലിക്കണമെന്ന് ടോറി എംപിമാർ ആവശ്യപ്പെട്ടു. 9 മുൻഗണന ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന് ലോക്ക്ഡൗൺ-സ്കെപ്റ്റിക് കോവിഡ് റിക്കവറി ഗ്രൂപ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജാഗ്രതയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമഗ്രമായ രൂപരേഖ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതിനെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ക്യാപിറ്റോൾ ബിൽഡിങ്ങിൽ നടന്ന കലാപത്തിന്റെ സൂത്രധാരൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന ആരോപണത്തിൽ, അദ്ദേഹത്തിനെതിരെ സെനറ്റിൽ നടന്ന ട്രയലിൽ 57 പേർ അദ്ദേഹം കുറ്റക്കാരനാണെന്ന ആരോപണത്തെ പിന്തുണച്ചു. 43 പേർ മാത്രമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. എന്നാൽ അദ്ദേഹത്തിനെതിരായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തത്തിനാൽ, അദ്ദേഹം കുറ്റവിമുക്തനായിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളായ ഏഴ് പേർ അദ്ദേഹത്തിനെതിരായി വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ബെൻ സസ്സേ, പാറ്റ് ടൂമി, മിറ്റ് റോമ്നി തുടങ്ങിയവരൊക്കെയാണ് അദ്ദേഹത്തിനെതിരെ വോട്ടു ചെയ്തത്. 67 വോട്ടുകൾ കൂടി അധികം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തെ കുറ്റക്കാരൻ ആക്കാൻ സാധിക്കുകയുള്ളൂ.

നിരവധി കലാപ പ്രർത്തനങ്ങളാണ് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സെനറ്റ് മൈനൊരിറ്റി ലീഡർ മിച്ച് മക്ഗോനാൽ വ്യക്തമാക്കി. സെനറ്റിലെ സ്പീക്കറെ ഉപദ്രവിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ വൈസ് പ്രസിഡന്റിനെ കൊല്ലണം എന്ന മുദ്രാവാക്യവും അവർ മുഴക്കി. ഇവരിലേക്ക് ഇത്തരം നുണകളും മറ്റും പ്രചരിപ്പിച്ചത് മുൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് മക്ഗോനാൽ കുറ്റപ്പെടുത്തി.

ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ച ഒരു വിധിയാണ് ഇപ്പോൾ സെനറ്റിൽ നടന്നത്. എന്നാൽ സെനറ്റിൽ നടന്നത് തികച്ചും നാടകമാണെന്ന് ഡൊണാൾഡ് ട്രംപിന്റെ അഡ്വക്കേറ്റ് കുറ്റപ്പെടുത്തി. ഇത് ട്രംപിന്റെ തിരിച്ചുവരവായും ചിലർ വിലയിരുത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാഴാഴ്ച തേംസ് നദിയുടെ മിക്കഭാഗങ്ങളും ഒഴുക്കു നിലച്ച് തണുത്തുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ബീസ്റ്റ് ഓഫ് ദ ഈസ്റ്റ് 2 ഡാർസി കൊടുങ്കാറ്റിന്റെ വരവോടെ അന്തരീക്ഷ മാപിനികൾ കുത്തനെ താഴോട്ടാണ്. ബാൾട്ടിക്കിൽ നിന്നുള്ള തണുപ്പ് മൂലം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ടെഡിംഗ്ടണിൽ പലഭാഗങ്ങളിലും നദി ഉറഞ്ഞു. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില ആയ മൈനസ് 20 ഡിഗ്രി സെൽഷ്യസ് പലയിടത്തും രേഖപ്പെടുത്തി. സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയ -23.03 ആണ് 1995ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില.

റെസ്ക്യൂ ടീമിന് നദിയിൽ എത്തണമെങ്കിൽ ആദ്യം ഒരു ചെറിയ ബോട്ട് പോയി മഞ്ഞു പൊട്ടിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ആർഎൻഎൽഐ ഉദ്യോഗസ്ഥ പറഞ്ഞു. “തേംസ് തണുത്തുറയുന്നത് ആദ്യത്തെ അനുഭവമല്ല, ഇങ്ങനെയുള്ളപ്പോൾ ഞങ്ങൾ ഡി ക്ലാസ്സ് ലൈഫ് ബോട്ടുകൾ അത്യാവശ്യഘട്ടങ്ങളിൽ ഐസ് പൊട്ടിക്കാൻ ഉപയോഗിക്കാറുണ്ട്. 13 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. പക്ഷേ ഇത്തവണത്തെ കാഴ്ച ഇതാദ്യമാണ്. 1963 ലാണ് തേംസ് നദി ഇതിനുമുൻപ് പൂർണമായി തണുത്തുറഞ്ഞത് .

നാഷണൽ ക്ലൈമറ്റ് റിസർച്ച് സെന്റർ തലവനായ ഡോക്ടർ മാർക്ക് മക്കാർത്തി പറയുന്നത് 2010 ന് ശേഷമുള്ള ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത് എന്നാണ്.