തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തീക്കോയിൽ അറസ്റ്റിലായ പ്രതി, ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച ഒരു നവജാത ശിശുവിനെ വിറ്റതായി മൊഴി നൽകിയതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈരാറ്റുപേട്ട കോടതി നാളെ പരിഗണിക്കും. ശിശുക്കളെ വിൽക്കുന്ന സംഘടിത റാക്കറ്റിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.

അസം സ്വദേശിയായ ഗർഭിണിയെ കുഞ്ഞിനെ കൈക്കലാക്കാനുള്ള ലക്ഷ്യത്തോടെ തടവിൽ പാർപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസും അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിനിയായ യുവതി ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ വിറ്റുവെന്നാണ് പ്രതികളിലൊരാളായ രാജയുടെ വെളിപ്പെടുത്തൽ. എന്നാൽ കുഞ്ഞിനെ ആർക്കാണ് കൈമാറിയതെന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്ന് ആശുപത്രിയിലെ പ്രവേശന രേഖകളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ കുറച്ചുകാലം വാഗമൺ പുള്ളിക്കാനം മേഖലയിൽ താമസിച്ചിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇടുക്കി വഴി തമിഴ്നാട്ടിലേക്കും ഈ ശൃംഖലയുടെ ബന്ധങ്ങൾ വ്യാപിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.