Main News

സ്വന്തം ലേഖകൻ

ഒമ്പതു വർഷം മുമ്പ് ഒരു മണിക്കൂർ ജോലി ചെയ്താൽ 10 പൗണ്ട് മാത്രം സമ്പാദിക്കാൻ ആവുന്ന സെയിൽസ് ഗേൾ ആയി ജീവിതം തുടങ്ങിയ മിസ്സിസ് റൊണാൾഡോയുടെ അലവൻസ് ഇന്ന് എൺപതിനായിരം പൗണ്ട്, ധരിക്കുന്നത് 615000പൗണ്ടിന്റെ മോതിരം. ജോർജിന റോഡ്രിഗസിന്റെ സഞ്ചാരം പ്രൈവറ്റ് ജെറ്റിൽ.

26കാരിയായ ജോർജിന റോഡ്രിഗസിനെ 2016 ൽ ഗുസ്സി ഷോപ്പിൽ വെച്ചാണ് റൊണാൾഡോ ആദ്യമായി കാണുന്നത്, അന്നവർ അവിടെ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു. വടക്കേ സ്പെയിനിലെ ഒരു സാധാരണ വർക്കിംഗ് മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച ജോർജിന റോഡ്രിഗസിന് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന ജീവിതമാണ് ഇന്നുള്ളത്. ബാലറ്റ് ഡാൻസറായി കഴിവുതെളിയിച്ചെങ്കിലും തുടർന്നു പഠിക്കാൻ മാർഗ്ഗം ഇല്ലാത്തതിനാൽ മാതാപിതാക്കൾ സഹായിച്ചില്ല. തുടർന്ന് പതിനഞ്ചാം വയസ്സിൽ ജോലി തേടി വീടുവിട്ടിറങ്ങിയ ജോർജിന ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിൽ അഞ്ചുപേർക്ക് ഒപ്പം വാടകയ്ക്ക് കഴിഞ്ഞു. ആദ്യം സാൻ സെബാസ്റ്റ്യൻ സിറ്റിയിലെ ഹൈ സ്ട്രീറ്റ് ക്ലോത്ത് സ്റ്റോറിൽ സെയിൽസ് ഗേൾ ആയി നിന്നെങ്കിലും ജീവിതം പച്ച പിടിക്കില്ല എന്ന് മനസിലായപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിക്കുകയും യുകെയിലേക്ക് ചേക്കേറുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം സ്പെയിനിൽ തിരിച്ചെത്തിയ ജോർജിന ഒരു ഗുസ്സി ഷോപ്പിൽ ജോലിക്ക് കയറി.

300 മില്യൻ ഡോളർ മൂല്യമുള്ള റൊണാൾഡോ അവിടെ വെച്ചാണ് അവരെ പരിചയപ്പെടുന്നത്. ആദ്യ കാഴ് ചയിലെ പ്രണയം എന്നാണ് ഇതിനെപ്പറ്റി ജോർജിന റോഡ്രിഗസിന്റെ അഭിപ്രായം.കണ്ടുമുട്ടി ഏതാനും ദിവസങ്ങൾക്കുശേഷം ഒരു ഫാഷൻ ഇവന്റ്ൽ വച്ച് വീണ്ടും ഒരുമിച്ച ഇരുവരും പിരിയാനാകാത്ത വിധം അടുക്കുകയായിരുന്നു.ആദ്യം ഇരുവരുടെയും ബന്ധം രഹസ്യമാക്കി വെച്ചിരുന്നെങ്കിലും റിയൽ മാഡ്രിഡ് ആരാധകർ പ്രണയം കണ്ടെത്തി. ആരാധകരുടെ അതിപ്രസരവും ശല്യവും മൂലം ജോലി ചെയ്തിരുന്ന കടയിൽനിന്ന് 2016 ഡിസംബറിൽ പിരിച്ചുവിട്ടു.മാസം ആയിരം പൗണ്ട് ശമ്പളത്തിന് മറ്റൊരു കടയിൽ ജോലിക്ക് കയറിയെങ്കിലും അവിടെയും ആരാധകർ പിന്തുടർന്ന് എത്തി.”ഇടയ്ക്കിടെ ഉപഭോക്താക്കളാണ് എന്ന മട്ടിൽ ഫോൺ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നു, എപ്പോൾ പുറത്തേക്കിറങ്ങിയാലും ക്യാമറ വന്നു പൊതിയും. ഒരു സെലിബ്രിറ്റിയുടെ പങ്കാളിയായിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ മനസ്സിലാക്കി.”

സ്വന്തം മകൾ അലനയെ ഗർഭിണിയായിരിക്കുന്ന സമയത്ത്, റൊണാൾഡോയുടെ ഇരട്ടക്കുട്ടികളായ ഇവ,മാറ്റിയോ എന്നിവർ മറ്റൊരു അമ്മയുടെ വാടക ഗർഭപാത്രത്തിനുള്ളിൽ ആയിരുന്നു. അമ്മ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോയുടെ മൂത്തമകൻ ക്രിസ്ത്യാനോ ജൂനിയർ ഉൾപ്പെടെ നാല് മക്കളുടെ അമ്മയാണ് ഇന്ന് ജോർജിന റോഡ്രിഗസ്. ഇരുപതുകളുടെ ആദ്യപാദത്തിൽ തന്നെ ഇത്രയധികം ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നത് തങ്ങളെ കൂടുതൽ അടുപ്പിച്ചു എന്നാണ് അവർ പറയുന്നത്.

ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുമോ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോയുടെ മറുപടി ഇങ്ങനെയാണ് ” തീർച്ചയായും, ഇരുവരും പരസ്പരം ഹൃദയം തുറന്നു കഴിഞ്ഞു, ഒരുദിവസം തീർച്ചയായും അത് ഉണ്ടാവും. എന്നാണെന്ന് തീരുമാനിച്ചിട്ടില്ല എന്ന് മാത്രം. ” പ്രണയം എല്ലാ ബുദ്ധിമുട്ടുകളെയും കീഴ്‌പ്പെടുത്തുന്നു എന്നാണ് ജോർജിനയുടെ മറുപടി.

സ്വന്തം ലേഖകൻ

യു കെ :- പത്ത് ലക്ഷത്തോളം പൗണ്ട് വില വരുന്ന കന്നാബിസ് എന്ന മയക്കുമരുന്ന് ബെൽഫാസ്റ്റിൽ പിടികൂടി. ഹോർസ്ബോക് സ് ലോറിയിൽ നിന്നും റോഡിലേക്ക് വീണ കിറ്റിൽ നിന്നുമാണ് ഇവ പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന മുപ്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 7 മണിയോടെ ബെൽഫാസ്റ്റിൽ ലോഡ് ഇറക്കിയ വാഹനത്തിന്റെ റൂഫിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വളരെയധികം വിലവരുന്ന മയക്കുമരുന്ന് ആണ് ഇയാൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക് ടർ ഓബ്രെ ഷോ പറഞ്ഞു. ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നവർക്ക് എല്ലാമുള്ള ഒരു മുന്നറിയിപ്പാണ് ഈ അറസ്റ്റ് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, മയക്കുമരുന്ന് കടത്തുന്നതിന് ഉൾപ്പെട്ട വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ പറഞ്ഞു.റോഡിലേക്ക് വീണ മയക്കുമരുന്ന് കിറ്റ് കണ്ട് മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരാണ് പോലീസിനെ വിവരം അറിയിച്ചത്. ക്ലാസ് ബി കാറ്റഗറിയിലുള്ള ഡ്രഗ് കൈവശംവെച്ച കുറ്റമാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത ആളിൽ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ഇയാളെ ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ അറിയിക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : അടുത്തയാഴ്ച ആരംഭം മുതൽ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് പ്രധാനമന്ത്രി. പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിടാനാണ് പുതിയ തീരുമാനം. എത്ര ദിവസത്തേക്ക് നിയന്ത്രണം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. തിങ്കളാഴ്ച മുതല്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ന്യൂകാസില്‍ എന്നിവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ജോൺസൻ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയാത്തതിനാലാണ് ത്രീ ടയർ സിസ്റ്റം കൊണ്ടുവരുന്നത്. വൈറസ് പടരുന്നതിൽ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പങ്കുണ്ടെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചും നിലവിൽ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിനെ പറ്റിയും സർക്കാർ ആലോചിക്കുന്നുണ്ടെന്നും വിവിധ മേഖലകൾക്കുള്ള കൃത്യമായ നടപടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ജെൻറിക് അറിയിച്ചു.

സെൻ‌ട്രൽ സ്കോട്ട്‌ലൻഡിലുടനീളമുള്ള പബ്ബുകളും റെസ്റ്റോറന്റുകളും അടയ്‌ക്കേണ്ടിവരുമെന്ന് ഇതിനകം പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ, ഗ്ലാസ്‌ഗോ, എഡിൻ‌ബർഗ് എന്നിവയുൾപ്പെടെ സെൻ‌ട്രൽ സ്കോട്ട്‌ലൻഡിലുടനീളമുള്ള എല്ലാ പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിടും. ഈ തീരുമാനത്തിന് പിന്നാലെയാണ് ഇംഗ്ലണ്ടിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ആസൂത്രിതമായി നിയന്ത്രണങ്ങൾ കർശനമാക്കുന്നത് പല ഭാഗങ്ങളിലും അണുബാധ നിരക്ക് വർദ്ധിക്കുന്നതിനെ തുടർന്നാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ, ന്യൂകാസിൽ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. നോർത്ത് ഈസ്റ്റ്‌, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ വ്യവസായത്തിന് പിന്തുണയെന്നോണം സാമ്പത്തിക സഹായം നൽകാൻ ട്രഷറി ശ്രമിക്കുന്നുണ്ട്. വ്യവസായ വേദികൾ അടയ്ക്കാൻ നിർബന്ധിതരാകുകയാണെങ്കിൽ ഒരു സമ്പൂർണ്ണ പദ്ധതിയിലേക്ക് മടങ്ങിവരാനും അധിക സാമ്പത്തിക സഹായം ആവശ്യമാണെന്നും യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസിന് 30 മില്യൺ പൗണ്ട് അധികമായി സർക്കാർ നൽകുകയാണ്. കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പ്രധാനമന്ത്രി ഒരുങ്ങുമ്പോഴും കടുത്ത വിലക്കുകള്‍ പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ലീഡ്‌സ് നഗര നേതാക്കള്‍ അദ്ദേഹത്തിന് കത്തയച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസിനെ നേരിടാൻ മികച്ച മാർഗ്ഗമുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടും അവ പരിഗണിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്? പ്രധാനമായും സഹപ്രവർത്തകരുടെ സമ്മർദ്ദം മൂലമാണ് ജോൺസൻ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. വൈറസ് അതിവേഗം ഉയരുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സ് കോട്ട്ലൻഡിൽ കർശന നടപടികൾ സ്വീകരിക്കുകയാണ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ. ഇതിനെത്തുടർന്ന് ഇംഗ്ലണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോറിസ് ജോൺസൻ ഒരുങ്ങുകയാണ്. സെൻട്രൽ സ് കോട്ട്ലൻഡിലെ എല്ലാ പബ്ബുകളും റെസ്റ്റോറന്റുകളും 16 ദിവസത്തേക്ക് അടയ്ക്കും. മറ്റ് ഇടങ്ങളിൽ അവ തുറന്നിടുമെങ്കിലും ഔട്ട്ഡോർ സേവനം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ പുതിയ നിയമങ്ങൾ‌ കൂടുതൽ‌ സാമ്പത്തിക ഞെരുക്കമുണ്ടാക്കും. നോർത്തേൺ ഇംഗ്ലണ്ടിൽ പരീക്ഷിച്ച നടപടികളേക്കാൾ കൂടുതൽ മുന്നോട്ട് പോയെങ്കിലും വിദ്യാർത്ഥികൾക്കിടയിൽ വൈറസ് നിയന്ത്രിക്കാൻ കാര്യമായൊന്നും ചെയ്യാൻ സ്റ്റർജിയൻ തയ്യാറാവുന്നില്ല.

നിയന്ത്രണങ്ങളില്ലാതെ രോഗ നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെങ്കിലും കർശനമായ നടപടികൾ വൈറസിനെ നിയന്ത്രിക്കുന്നതിൽ‌ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. കർശന നടപടികൾ ഏർപ്പെടുത്തി വിജയിച്ച സ്ഥലം ലെസ്റ്റർ മാത്രമാണ്. രണ്ടാഴ്ച മുമ്പ്, പബ്ബുകൾ നേരത്തേ അടച്ചിട്ടും റൂൾ ഓഫ് സിക് സ് പ്രാബല്യത്തിൽ വരുത്തിയിട്ടും കോവിഡ് -19 ന്റെ ദൈനംദിന കേസുകളുടെ എണ്ണം വർധിച്ചു. അണുബാധ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കും തോറും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും ‘ഗ്രേറ്റ് ബാരിംഗ് ടൺ ഡിക്ലറേഷൻ’ എന്നറിയപ്പെടുന്ന ഒരു കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ‘ഫോക്കസ് ഡ് പ്രൊട്ടക്ഷൻ’ എന്ന പുതിയ തന്ത്രത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

കോവിഡ് -19 ൽ നിന്നുള്ള മരണസാധ്യത പ്രായമായവരിലും ചെറുപ്പക്കാരേക്കാൾ ദുർബലരായവരിലും കൂടുതലാണെന്നും ‘ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള മറ്റ് പല രോഗങ്ങളേക്കാളും കുട്ടികൾക്ക് ഇത് അപകടകരമാണ്’ എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയന്ത്രണങ്ങൾ പൊതുജനാരോഗ്യത്തിൽ വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്നുവെന്ന് അവർ അറിയിച്ചു. അതേസമയം വിമർശകരാരും ബദൽ നടപടികൾ നിർദ്ദേശിക്കുന്നില്ലെന്ന് ട്രേഡ് സെക്രട്ടറി ലിസ് ട്രസ് വാദിച്ചു. ബദൽ മാർഗമില്ലെന്ന് ബോറിസ് ജോൺസൺ ഒന്നിലധികം തവണ പറഞ്ഞുകഴിഞ്ഞു. രോഗം വർധിക്കുംതോറും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം മറ്റ് പല രോഗപ്രതിരോധ നടപടികളും സർക്കാർ കൈകൊള്ളേണ്ടതുണ്ട്.

സ്വന്തം ലേഖകൻ

ന്യൂകാസിൽ നോർതാംബ്രിയ തുടങ്ങിയ സ്ഥലങ്ങളിലെ അയ്യായിരത്തോളം യൂണിവേഴ് സിറ്റി വിദ്യാർഥികൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിതീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് നിയമങ്ങൾ ലംഘിച്ച വിദ്യാർഥികളെ എക്സെറ്റർ യൂണിവേഴ് സിറ്റി വീടുകളിലേക്ക് മടക്കി അയച്ചു. എൺപതോളം യൂണിവേഴ് സിറ്റികളിലായി പ്രതീക്ഷിച്ചതിലും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സെപ്റ്റംബർ 21 മുതൽ മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിൽ മാത്രം ആയിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്,യൂണിവേഴ് സിറ്റി ഓഫ് ഷെഫീൽഡിൽ 500 കേസുകളും,ബെർമിങ്ഹാം യൂണിവേഴ് സിറ്റിയിൽ മുന്നൂറോളം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അധ്യാപകനും വിദ്യാർത്ഥിയും നേരിട്ട് സമ്മതിച്ചാൽ മാത്രം പഠനം സാധ്യമാകുന്നവ ഒഴിച്ചുള്ള കോഴ് സുകൾ എല്ലാം ഓൺലൈൻ വഴിയാക്കാൻ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് യൂണിവേഴ് സിറ്റികൾ തീരുമാനിച്ചു. യൂണിവേഴ് സിറ്റി ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി, ഷെഫീൽഡ്, നോർത്ത് ആംബ്രിയൻ, ന്യൂകാസിൽ എന്നീ യൂണിവേഴ് സിറ്റികൾ ആണ് അധ്യായനം പൂർണമായി ഓൺലൈൻ ആക്കാൻ തീരുമാനിച്ചവ.

പുതിയ ടെം ആരംഭിക്കാൻ ആഴ് ചകൾ മാത്രം ശേഷിക്കേ വർദ്ധിച്ചു വരുന്ന കേസുകൾ വിദ്യാർഥികളെ ഐസലേഷനിൽ പോകാൻ നിർബന്ധിതരാക്കുന്നു, എന്നാൽ ഹോസ്റ്റലുകളിലും ഹാൾ ഓഫ് റസിഡൻസുകളിലും വിദ്യാർത്ഥികൾ 24 മണിക്കൂറോളം നീണ്ട പാർട്ടികളിൽ ഏർപ്പെടുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയവർക്ക് മാത്രം പങ്കെടുക്കാവുന്ന പാർട്ടികളും ഉണ്ടെന്നതാണ് പ്രത്യേകത. കോവിഡ് നിയമങ്ങൾ അനുസരിക്കാത്ത വിദ്യാർത്ഥികൾക്കെതിരെ കർശനമായ നടപടി എടുക്കും എന്ന് എക്സെറ്റർ യൂണിവേഴ് സിറ്റി അധികൃതർ അറിയിച്ചു. ആദ്യഘട്ടങ്ങളിൽ ശാസനയും ചെറിയ പിഴകളും ആണെങ്കിലും, കുറ്റം ആവർത്തിച്ചാൽ സസ്പെന്ഷനോ പുറത്താക്കലോ ആയിരിക്കും നടപടി. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റി പ്രദേശത്തെ പബ്ലിക്ക് ഹെൽത്ത് കമ്മീഷന്റെ സഹായത്തോടെയാണ് നിർദേശങ്ങൾ പാലിക്കുന്നത്.

അതേസമയം പാർപ്പിടത്തിനും ഭക്ഷണത്തിനും മറ്റുമായി യൂണിവേഴ് സിറ്റികൾ കനത്ത തുകയാണ് വിദ്യാർഥികളുടെ മേൽ കെട്ടിവെക്കുന്നത് എന്ന് ലങ്കാസ്റ്റർ യൂണിവേഴ് സിറ്റിയിൽ, പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻ ആൻഡ് മാനേജ്മെന്റ് വിദ്യാർഥിനിയായ ഭാവ്രിത് ദുൽകു പറഞ്ഞത്. 2.70 പൗണ്ട് മാത്രം വിലവരുന്ന ഭക്ഷണത്തിനും ആവശ്യ സേവനങ്ങൾക്കും 17.95 പൗണ്ടാണ് യൂണിവേഴ് സിറ്റി ഈടാക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും ഈ തുക താങ്ങാൻ ആവില്ല എന്നത് ഉറപ്പാണ്. മിക്ക വിദ്യാർഥികൾക്കും വീട്ടിൽനിന്ന് പഠനാവശ്യത്തിനുള്ള ചെലവ് ലഭിക്കുന്നില്ല, കൊറോണ മൂലം ജോലികളും കുറവാണ്. 7 പൗണ്ടോളം വാഷിംഗ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഒരാഴ്ച 125 ഓളം പൗണ്ട് ചെലവിടുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്നാണ് മിക്ക വിദ്യാർഥികളും പറയുന്നത്. 17 പൗണ്ട് കൊണ്ട് ഒരാഴ്ചത്തെ ഭക്ഷണം കഴിക്കാം എന്നിരിക്കെയാണ് യൂണിവേഴ് സിറ്റിയുടെ ഈ നടപടി, ഭാവ്രിത് ഇതിനെതിരെ ഓൺലൈൻ പെറ്റീഷൻ നൽകിയിരുന്നു, ആയിരത്തോളം പേരാണ് ഇതിൽ ഒപ്പ് വെച്ചത്.

സ്വന്തം ലേഖകൻ

യു കെ :- സൺഡേ ടൈംസ് പുറത്തിറക്കിയ യുകെയിലെ ധനികരുടെ ലിസ്റ്റിൽ സർ ജെയിംസ് ഡൈസൺ ഒന്നാമത്. 3.6 ബില്യൻ പൗണ്ട് സമ്പാദ്യമാണ് ഒരു വർഷം കൊണ്ട് അദ്ദേഹം വർദ്ധിപ്പിച്ചത്. 1993 -ൽ പുറത്തിറങ്ങിയ ബാഗ് -ലെസ്സ് വാക്വം ക്ലീനറിലൂടെ ആണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് ചുവടു വെച്ചത്. 72 വയസുള്ള സർ ജെയിംസ് ഡൈസൺ നോർഫോകിലാണ് ജനിച്ച് വളർന്നത്. ആർട് സ് കോളജിൽ പഠിച്ച ഇദ്ദേഹത്തെ, പിന്നീട് കോളേജ് പ്രിൻസിപ്പൽ ഡിസൈൻ രംഗത്തേക്ക് വഴിതിരിക്കുകയായിരുന്നു.പിന്നീട് ബ്രിട്ടനിലെ ഏറ്റവും മികച്ച വാക്വം ക്ലീനറിന്റെ നിർമ്മാതാവായി അദ്ദേഹം മാറി. ലിസ്റ്റിൽ രണ്ടാമതായി എത്തിയിരിക്കുന്നത് ഇന്ത്യൻ വംശരായ ശ്രീ & ഗോപി ഹിന്ദുജ കുടുംബമാണ്.

എന്നാൽ ലോകമെമ്പാടുമുള്ള കൊറോണ ബാധ യുകെയിലെ മൊത്തത്തിലുള്ള ബിസിനസ് സാമ്രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ ബിസിനസ് രംഗത്തെ പ്രശസ് തർക്ക് ഈ കൊറോണക്കാലം നേട്ടമാണ് നൽകിയതെന്ന റിപ്പോർട്ടുകളും ഉണ്ട്. ടെക്നോളജി, ഇൻഡസ്ട്രി മുതലായ മേഖലകളിലാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. അമേരിക്കയിലെ ബിസിനസുകാരാണ് ഏറ്റവും കൂടുതൽ ഈ നേട്ടം കൈവരിച്ചത്. ഇത്തരത്തിലുള്ള ബിസിനസ്സുകാരിൽ പലരും തങ്ങളുടെ സമ്പാദ്യം കൊറോണ ബാധയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്നുമുണ്ട്. യു കെ യിൽ ആണ് കൊറോണ ബാധ സാമ്പത്തികരംഗത്തെ ഏറ്റവും കൂടുതൽ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

വേൾഡ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടും ഈ വർഷം അധിക ദാരിദ്ര്യം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ചൈനയും ഈ കാലഘട്ടത്തിൽ നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ. ടെക്നോളജി ഇൻഡസ്ട്രിയാണ് ചൈനയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടൊപ്പം എൻ എച്ച് എസ് ആശങ്കയും ഏറുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഒരു ദിവസത്തിനുള്ളിൽ പുതിയ പ്രവേശനങ്ങളുടെ എണ്ണം നാലിലൊന്നായി വർദ്ധിച്ചു. മാർച്ചിൽ രാജ്യം ലോക്ക്ഡൗണിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ആരോഗ്യമേഖലയിൽ ഉയർന്നുവന്ന വെല്ലുവിളി ആയിരുന്നു. രണ്ടാം ഘട്ട രോഗവ്യാപനത്തിലേക്ക് യുകെ എത്തിനിൽക്കുമ്പോൾ എൻ എച്ച് എസും കൂടുതൽ ഒരുങ്ങേണ്ടതുണ്ട്. ആശുപത്രി പ്രവേശനത്തിന്റെ വർദ്ധനവ് അർത്ഥമാക്കുന്നത് ഇപ്പോൾ മൂവായിരത്തോളം കോവിഡ് രോഗികൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുവെന്നതാണ്. ആശുപത്രി പ്രവേശനങ്ങൾ ഉയർന്നുകാണുന്നത് ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്താണ്. നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ രോഗികൾ. കടുത്ത സമ്മർദ്ദങ്ങൾ വർദ്ധിക്കുന്നതായി പല ആശുപത്രികളും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്യാവശ്യമല്ലാതെ ആശുപത്രികളിൽ എത്തരുതെന്ന് ബോൾട്ടൺ, ബ്ലാക്ക്ബേൺ, വേക്ക്ഫീൽഡ് എന്നിവിടങ്ങളിലെ ആശുപത്രികൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലത്ത് ആശുപത്രികളിൽ പൊതുവെ തിരക്ക് അനുഭവപ്പെടും. വേനൽക്കാലത്തിന്റെ അവസാനം മുതൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികളുടെ പ്രവേശനവും ഇരട്ടിയാകും. കോവിഡ് പ്രതിസന്ധി ആഞ്ഞടിക്കുന്ന ഈ സമയത്ത് മറ്റു രോഗികൾക്കും ചികിത്സ നൽകാൻ ആശുപത്രികൾ ഒരുക്കമാണ്. ആശുപത്രി പ്രവേശനങ്ങൾ വർധിച്ചുവരുന്നത് ഈ സന്ദർഭത്തിൽ നിർണായകമാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെന്റർ ഫോർ എവിഡൻസ് ബേസ് ഡ് മെഡിസിൻ ഡയറക്ടർ പ്രൊഫ. കാൾ ഹെനെഗാൻ മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത്, ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഒരു ദിവസം ആയിരത്തോളം അടിയന്തര പ്രവേശനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

മുൻ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് ആശുപത്രി ജീവനക്കാരുടെ പ്രയത്നത്തിലാണ്. ആറു മാസം കോവിഡിനോട്‌ പോരാടിയ ശേഷം ശൈത്യകാലത്ത് മറ്റൊരു യുദ്ധത്തിന് അവർ സജ്ജരാകുകയാണ്. നിലവിൽ ആശുപത്രി പ്രവേശനം ഓരോ രണ്ടാഴ്ചയിലും ഇരട്ടിയാവുകയാണ്. ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ രോഗവ്യാപന നിരക്ക് കുത്തനെ ഉയരുന്നുണ്ട്. ബ്രിട്ടന് മുമ്പ് കേസുകൾ ഉയർന്ന സ്‌പെയിനിലും ഫ്രാൻസിലും ആശുപത്രി കേസുകൾ ഇപ്പോൾ മന്ദഗതിയിലായിരിക്കുന്നു. കേസുകൾ കുറയാൻ അധിക നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡിനെ പരാജയപ്പെടുത്തി മികച്ച രാജ്യം കെട്ടിപ്പടുക്കുമെന്ന് വിർച്വൽ കൺസർവേറ്റീവ് കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി അറിയിച്ചു. രോഗത്തെ തോൽപിച്ച ശേഷം മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും പാർപ്പിടവും ഒരുക്കുമെന്ന് ജോൺസൻ അറിയിച്ചു. മഹാമാരിക്ക് ശേഷം രാജ്യത്തിന് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയില്ലെങ്കിലും ഇത് വലിയ മാറ്റത്തിന് ഒരു ഉത്തേജകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇരുണ്ട നിമിഷങ്ങളിൽ പോലും നമുക്ക് ശോഭനമായ ഭാവി കാണാൻ കഴിയും. കൂടാതെ നമുക്ക് ഒരുമിച്ചു രാജ്യം പണിയാൻ സാധിക്കും.” ജോൺസൻ കൂട്ടിച്ചേർത്തു. വൈറസിനെതിരെയുള്ള യുകെയുടെ പോരാട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ ഇതിനെ മറികടക്കുമെന്നും പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവന്ന രാജ്യം അതിനു മുമ്പുള്ള രാജ്യത്തിൽ നിന്ന് വളരെ വ്യത്യസ്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഫ്‌ഷോർ വിൻഡിൽ നിന്ന് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി തുറമുഖങ്ങളും ഫാക്ടറികളും നവീകരിക്കാൻ 160 മില്യൺ പൗണ്ട് നിക്ഷേപം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കെയർ ഹോം ഫണ്ടിംഗിലുള്ള അനീതി അവസാനിപ്പിക്കും, വീട് നിർമാണം മെച്ചപ്പെടുത്തും, പകർച്ചവ്യാധിയുടെ സമയത്ത്‌ പിന്നോക്കം പോയ വിദ്യാർത്ഥികൾ‌ക്ക് പിന്തുണ നൽകും, പ്രകൃതി സംരക്ഷണം തുടങ്ങിയ നടപടികൾ സർക്കാർ ആവിഷ്കരിക്കും. ചെറുപ്പക്കാരുടെ ഭവന ഉടമസ്ഥാവകാശം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം 20 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ടുവരുമെന്ന് അറിയിച്ചു. വെറും 5% നിക്ഷേപമുള്ളവർക്ക് നിശ്ചിത നിരക്കിലുള്ള മോർട്ട്ഗേജുകൾ വാഗ്ദാനം ചെയ്തു.

“നാം 2019 ലേക്ക് മടങ്ങുകയല്ല, മറിച്ച് മികച്ചത് ചെയ്യുകയാണ്. ഗവൺമെന്റ് വ്യവസ്ഥയെ പരിഷ്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ പുതുക്കുകയും ചെയ്യും.” ജോൺസൻ ഓർമിപ്പിച്ചു. പകർച്ചവ്യാധിയുടെ സമയത്ത് തന്റെ നേതൃത്വത്തെ വിമർശിച്ചവരെ അഭിസംബോധന ചെയ്ത ജോൺസൺ, രോഗവുമായുള്ള യുദ്ധത്തിൽ നിന്ന് താൻ പൂർണമായും കരകയറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നത് തെറ്റാണെന്നും അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി അടുത്ത മാസങ്ങളായി ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ലെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തുകയുണ്ടായി. കഴിവില്ലാത്ത ഒരു സർക്കാർ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

വടക്കേ കാലിഫോർണിയയിൽ കാട്ടുതീ മൂലം നാമാവശേഷമായ പ്രദേശങ്ങൾക്ക് റോഡ് ദ്വീപിനെക്കാൾ വലിപ്പം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഒറ്റ കാട്ടുതീ മില്യണോളം ഏക്കറുകളിലേക്ക് പരന്ന് നാശനഷ്ടം വിതയ്ക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമാണ്.ആഗസ്റ്റ് കോംപ്ലക്സ് ഫയർ ഏകദേശം 1,003,300 ഏക്കറുകളോളം വിഴുങ്ങി കഴിഞ്ഞു.

2020ഇൽ മാത്രം രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായ കാട്ടുതീകളിൽ നശിച്ചത് നാല് മില്യൺ ഏക്കറോളം വനപ്രദേശമാണ്. കാലിഫോർണിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്റ്റ് ആൻഡ് പ്രൊട്ടക്ഷൻ വിംങിലെ സ്കോട് മക്‌ലീൻ പറയുന്നത് നാശനഷ്ടം ഇനിയും ഉയരുമെന്നാണ്, കാട്ടുതീ മൂലം രാജ്യത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അപലപിച്ചു. 31 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ എണ്ണായിരത്തോളം കെട്ടിടങ്ങൾ നശിപ്പിച്ചു. തീ ബാധിച്ച സ്ഥലങ്ങളിൽനിന്നും ഉയരുന്ന കനത്ത പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ട്, ഇതിനെ തുടർന്ന് ഒട്ടനേകം വ്യക്തികൾക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

കാട്ടുതീ മോശമായി ബാധിച്ചവയിൽ പടിഞ്ഞാറൻ സ്റ്റേറ്റുകൾ ആയ ഒറിഗോൺ വാഷിംഗ്ടൺ കൊളറാഡോ എന്നിവയും പെടും. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന കാട്ടുതീ അത്യന്തം ദൗർഭാഗ്യകരമാണ്. ഈ വേനൽക്കാലത്ത് യുഎസിൽ കനത്ത ചൂടും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. അത്തരത്തിൽ ഉണങ്ങിവരണ്ട പുല്ലുകളും വൃക്ഷങ്ങളും കാട്ടുതീയെ സ്വീകരിക്കാൻ പാകത്തിലുള്ള അവസ്ഥയിലായിരുന്നു, അതോടൊപ്പം കനത്ത ഇടിമിന്നൽ കൂടിയായപ്പോൾ ഏകദേശം 300 ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പൊതുവേ കണ്ടുവരുന്ന കാട്ടുതീകൾ മനുഷ്യനിർമ്മിതമായിരുന്നു. പവർ ലൈനുകൾ, ക്യാമ്പ് ഫയർകൾ, ആർഗൺ, വലിയ മെഷീനുകളിൽ നിന്നുണ്ടാകുന്ന തീപിടുത്തം എന്നിവയാണ് മനുഷ്യ നിർമ്മിതമായ കാട്ടുതീയുടെ കാരണങ്ങൾ. കാലിഫോർണിയയിലെ ഏറ്റവും വലിയ 20 കാട്ടുതീകളിൽ ഒന്നാണ് ഇത്, 2000 ആണ്ടിലാണ് ഇത്തരത്തിൽ പതിനേഴോളം കാട്ടുതീകൾ ഉണ്ടായത്. കാലാവസ്ഥാവ്യതിയാനം മൂലം പ്രകൃതിജന്യമായ കാട്ടുതീകൾ ഉണ്ടാകാറുള്ള മേഖലയാണിത്. നൂറ്റാണ്ടുകളോളം ചെറിയതോതിലുള്ള കാട്ടുതീകളെ തടഞ്ഞു നിർത്തിയത്, കൂടുതൽ കരിയിലകളും ഉണക്ക മരങ്ങളും അടിഞ്ഞുകൂടാൻ കാരണമായിട്ടുണ്ട്. സാഹചര്യം ഒത്തു വരുമ്പോൾ വ്യാപകമായ രീതിയിൽ ഇവ കത്തിയമരുന്നതാണ് കാട്ടുതീയെ ഇത്ര പ്രവചനാതീതം ആക്കിയത്. കോവിഡ് 19 നോട് പൊരുതി തളർന്നു നിൽക്കുന്ന ഫയർ ഫൈറ്റേ ഴ് സിന് കൂടുതൽ തലവേദന സൃഷ്ടിച്ചുകൊണ്ട് കാട്ടുതീ അനുദിനം വർദ്ധിക്കുകയാണ്.

സ്വന്തം ലേഖകൻ

യു കെ :- പുതിയ തലമുറയെ ഭവനങ്ങളും മറ്റും വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനായി നവീന പദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.വെറും അഞ്ച് ശതമാനം ഡിപ്പോസിറ്റ് കൊണ്ട് മാത്രം 95 ശതമാനം ലോണും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.ഈ പദ്ധതിയിലൂടെ രണ്ട് മില്യൻ പുതിയ വീട്ടുടമകൾ ഉണ്ടാകുമെന്ന് ടോറി പാർട്ടിയുടെ വിർച്വൽ കോൺഫറൻസിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ദീർഘകാലത്തേക്കുള്ള ഇത്തരം ലോണുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. തകർന്നുകിടക്കുന്ന ഹൗസിങ് മാർക്കറ്റിനെ പുനരുജ്ജീവിപ്പിക്കാൻ ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടു വന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന് അനവധി ബില്യൺ പൗണ്ട് തുകയുടെ ചെലവ് ഈ പദ്ധതി മൂലം ഉണ്ടാകുമെന്ന് വിദഗ് ധർ അഭിപ്രായപ്പെട്ടു.ഡിപ്പോസിറ്റ് തുക കുറച്ചുകൊണ്ട്, ആളുകൾക്ക് എത്രയും കൂടുതൽ പണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ പിന്നീട് ഈ ലോൺ തുക ഗവൺമെന്റ് എഴുതി തള്ളുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.2019ലെ കൺസർവേറ്റീവ് പാർട്ടിയുടെ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിരുന്ന കാര്യമാണ് ഇപ്പോൾ ഈ പദ്ധതിയിലൂടെ നടപ്പാക്കിയിരിക്കുന്നത്.എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ലേബർ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നും അവർ പറഞ്ഞു. എന്നാൽ പുതിയ പദ്ധതി ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Copyright © . All rights reserved