Main News

യുകെയില്‍ പ്രൈവറ്റ് ഡൈവോഴ്‌സുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കോടതി നടപടികള്‍ അനന്തമായി നീളുന്നതു മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ദമ്പതികള്‍ ഈ രീതി തെരഞ്ഞെടുക്കുന്നതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കുന്നു. റിട്ടയേര്‍ഡ് ജഡ്ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വിവാഹ മോചനങ്ങളില്‍ ഫിനാന്‍ഷ്യല്‍ ഡിസ്പ്യൂട്ട് റെസൊല്യൂഷന്‍ നടപടികള്‍ നടക്കുന്നത് വര്‍ദ്ധിക്കുകയാണ്. കോടതി നടപടികളേക്കാള്‍ വേഗത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഈ രീതി സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ആദ്യ പാദത്തില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്ന പ്രൈവറ്റ് വിവാഹ മോചനങ്ങള്‍ 2018ല്‍ നടന്ന ആകെ വിവാഹമോചനങ്ങളുടെ അത്രയും വരുമെന്ന് ഒരു മുന്‍നിര പ്രൈവറ്റ് വെല്‍ത്ത് ലീഗല്‍ കമ്പനിയുടെ പ്രതിനിധി ബൂഡില്‍ ഹാറ്റ്ഫീല്‍ഡ് പറയുന്നു.

2017ലേതിനേക്കാള്‍ 50 ശതമാനം കൂടൂതലാണ് ഈ നിരക്ക്. നീതിന്യായ സംവിധാനത്തെ ആശ്രയിക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകളിലുണ്ടാകാവുന്ന വെട്ടിക്കുറയ്ക്കലുകളും മറ്റും ഒഴിവാകുമെന്നതിനാലാണ് പ്രൈവറ്റ് ഹിയറിംഗുകള്‍ വര്‍ദ്ധിക്കുന്നതെന്നാണ് ഒരു വിലയിരുത്തല്‍. അടുത്തിടെയുണ്ടായ ഐടി തകരാറുകള്‍ നിമിത്തം എച്ച്എം കോര്‍ട്ട്‌സ് ആന്‍ഡ് ട്രൈബ്യൂണല്‍ സര്‍വീസിന് നിരവധി കേസുകള്‍ വൈകിപ്പിക്കേണ്ടി വന്നിരുന്നു. പണം നല്‍കാന്‍ കഴിവുള്ളവര്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതു പോലെയാണ് വിവാഹ മോചനക്കേസുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് നിയമ വിദഗ്ദ്ധയായ അലക്‌സാന്‍ഡ്ര ഹേഴ്‌സ്റ്റ് പറഞ്ഞു.

ഒരു പരിചയ സമ്പന്നനായ ഫാമിലി ലോ ജഡ്ജിന്റെയോ ബാരിസ്റ്ററിന്റെയോ മേല്‍നോട്ടത്തില്‍ വിവാഹ മോചനം സാധ്യമാകും എന്നത് വളരെ ആകര്‍ഷണീയമായ ഒന്നായി കണക്കാക്കപ്പെടുന്നു. സ്വകാര്യമായ ഇടത്തു നടക്കുന്ന ഹിയറിഗും മറ്റും പങ്കാളികളാകുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. പ്രവൃത്തി പരിചയത്തിന് അനുസരിച്ച് 4000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെയാണ് പ്രൈവറ്റ് ജഡ്ജുമാരുടെ നിരക്ക്. ഇത് വിവാഹമോചനത്തിനെത്തുന്ന രണ്ടു കക്ഷികളില്‍ നിന്നും തുല്യമായി ഈടാക്കുകയാണ് പതിവ്‌

വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തെങ്കിലും കളഞ്ഞുകിട്ടിയാല്‍ അത് ലോട്ടറിയായി എന്നു കരുതുന്നവരുടെ ലോകത്ത് സത്യസന്ധതയുടെ മാതൃകയായി ഒരു ക്ലീനിംഗ് തൊഴിലാളി. ബസില്‍ നിന്ന് കളഞ്ഞു കിട്ടിയ എന്‍വലപ്പില്‍ ഉണ്ടായിരുന്ന 3 ലക്ഷം പൗണ്ട് മെട്രോപോളിറ്റന്‍ പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ തൊഴിലാളി. ലണ്ടന്‍ ബസുകള്‍ വൃത്തിയാക്കുന്ന കോര്‍ഡന്റ് കമ്പനിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരു തൊഴിലാളിയാണ് മാതൃകാപരമായ ഈ പ്രവൃത്തി ചെയ്തത്. യാത്രക്കിടയില്‍ ആരുടെയോ കയ്യില്‍ നിന്ന് താഴെവീണതായിരിക്കാം ഇതെന്നാണ് കരുതുന്നത്. വാഹനം വൃത്തിയാക്കാന്‍ എത്തിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പണത്തിന് അവകാശവാദവുമായി ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

ബസുകള്‍ വൃത്തിയാക്കുമ്പോള്‍ കോര്‍ഡന്റ് ജീവനക്കാര്‍ക്ക് സ്ഥിരമായി ലഭിക്കാറുള്ള വസ്തുക്കളെ അപേക്ഷിച്ച് ഇത് ഒരു ലോട്ടറിക്ക് സമാനമായിരുന്നു. പലപ്പോഴും ക്ലീനിംഗ് ജീവനക്കാര്‍ക്ക് ബസുകളില്‍ വളരെ മോശം സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരാറുള്ളത്. സെക്‌സ് ടോയ്കളും മണ്ണുപുരണ്ട നാപ്പികളും ഉപയോഗിച്ച ടാംപോണുകളും വെപ്പു പല്ലുകളും വരെ ബസുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്താറുണ്ട്. യാത്രക്കാര്‍ ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടവും ചിലപ്പോള്‍ മനുഷ്യ വിസര്‍ജ്യം പോലും ബസുകളില്‍ നിന്ന് എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

ബസുകള്‍ വൃത്തിയാക്കേണ്ടി വരുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ച് തന്റെ ടീം വെളിപ്പെടുത്തുമ്പോള്‍ പലപ്പോഴും ഞെട്ടാറുണ്ടെന്ന് കോര്‍ഡന്റ് ബോസ് ഗയ് പാക്കന്‍ഹാം പറഞ്ഞു. എന്നാല്‍ തന്റെ ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരും പരിശീലനം സിദ്ധിച്ചവരുമാണ് അവര്‍. അടുത്ത തവണ ബസില്‍ മലവിസര്‍ജനം നടത്തുന്നവരും വെപ്പു പല്ലുകള്‍ എറിയുന്നവരും ഇറങ്ങുമ്പോള്‍ തങ്ങളുടെ സ്വന്തം വസ്തുക്കള്‍ എടുക്കാന്‍ മറക്കരുതെന്ന് പാക്കന്‍ഹാം ഓര്‍മിപ്പിച്ചു.

നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമെന്നും അതുമൂലം യാത്രാ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നുമുള്ള ഭീതിയില്‍ ഹോളിഡേ കേന്ദ്രങ്ങളില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ ഒരുക്കി ഓപ്പറേറ്റര്‍മാര്‍. ബുക്കിംഗിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ നീക്കം. ഇതോടെ ഈസ്റ്റര്‍ അവധികള്‍ക്ക് യൂറോപ്പിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവാകൂവെന്ന് വ്യക്തമായി. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഹോളിഡേ കേന്ദ്രങ്ങളിലെ നിരക്കുകള്‍ 24 ശതമാനം വരെയാണ് ഓപ്പറേറ്റര്‍മാര്‍ കുറച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണെന്ന് വിലയിരുത്തപ്പെടുന്നു. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അനിശ്ചിതാവസ്ഥ തുടരുകയാണ്. യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയില്‍ ഹോളിഡേ യാത്രകള്‍ പലരും ഉപേക്ഷിക്കുകയാണെന്നാണ് വിവരം.

ഇതു മൂലമാണ് ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ പരമാവധി കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നതെന്ന് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് എന്ന പ്രൈസ് കംപാരിസണ്‍ സൈറ്റിലെ എമ്മ കൗള്‍ത്രസ്റ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ സ്‌കൂള്‍ അവധി ദിവസങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള നിരക്കുകളിലെ കുറവ് പ്രവചിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 22 വരെയുള്ള കാലയളവില്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ കോര്‍ഫു, മല്ലോര്‍ക ആന്‍ഡ് ഇബിസ തുടങ്ങിയ ഇടങ്ങളിലേക്ക് ഒരാഴ്ചത്തെ പാക്കേജ് എടുത്താല്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ 100 പൗണ്ടേ ചെലവാകൂ എന്നാണ് കരുതുന്നത്. ബാര്‍ഗെയിന്‍ ചെയ്യുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഡീലുകള്‍ 124 പൗണ്ടിന് പോലും ലഭ്യമാകും. ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന ജനപ്രിയ ഇന്‍ക്ലൂസീവ് പാക്കേജില്‍ പോലും ഡിസ്‌കൗണ്ട് കൊണ്ടുവന്നിട്ടുണ്ട്.

ഏഴു രാത്രി താമസമുള്‍പ്പെടുന്ന ഗ്രീസിലേക്കുള്ള ഫോര്‍ സ്റ്റാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് ചെലവാകുക വെറും 288 പൗണ്ട് മാത്രമായിരിക്കും. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ക്കു വേണ്ടി ജനുവരി 1 മുതല്‍ ഫെബ്രുവരി 21 വരെ നടന്ന ബുക്കിംഗുകളാണ് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് താരതമ്യം ചെയ്തത്. 25 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ച ബുക്കിംഗുകളില്‍ ഇതുവരെയില്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് ദിനത്തിലും വിമാനങ്ങള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും അറിയിക്കുന്നത്. എന്നാല്‍ ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടീഷ് സഞ്ചാരികള്‍ കൈവശം വെക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് ശ്രമിക്കുന്ന 115,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സ് സ്‌കൂളുകള്‍ ലഭിക്കാന്‍ ഇടയില്ലെന്ന് സൂചന. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് ഇതിന് കാരണമായി പറയുന്നത്. 606,000 കുട്ടികളാണ് സെക്കന്‍ഡറി പ്രവേശനത്തില്‍ ഇഷ്ട സ്‌കൂളുകള്‍ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. നാഷണല്‍ ഓഫര്‍ ഡേ എന്ന പേരില്‍ അറിയപ്പെടുന്ന ദിവസമായ ഇന്നലെ ഇംഗ്ലണ്ടിലെ രക്ഷിതാക്കള്‍ക്ക് വിവരമറിയിച്ചു കൊണ്ടുള്ള കത്തുകള്‍ ലഭിച്ചു. ഇഷ്ട സ്‌കൂളുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 2018നെ അപേക്ഷിച്ച് 23,000 കൂടുതലാണ്. ഈ രീതി കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുകയാണ്.

2010-11നു ശേഷം ജനന നിരക്കിലുണ്ടായ വര്‍ദ്ധനയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. 2013ല്‍ സ്‌കൂളുകള്‍ക്കു വേണ്ടി 20,000 പേര്‍ അപ്പീലുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അപ്പീലുകളുടെ എണ്ണം 40,000 കവിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു ഇതുവരെ നാം കണ്ടിരുന്നതെന്നും ഇപ്പോള്‍ അത് സെക്കന്‍ഡറി തലത്തിലേക്ക് മാറിയിരിക്കുകയാണെന്നും ഗുഡ് സ്‌കൂള്‍ ഗൈഡ്‌സിന്റഎ ബെര്‍നാഡെറ്റ് ജോണ്‍ പറഞ്ഞു.

അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയ്ക്കും നാം സാക്ഷ്യം വഹിക്കും. ഔട്ട്സ്റ്റാന്‍ഡിംഗ്, ഗുഡ് എന്നീ റേറ്റിംഗുകള്‍ ഉള്ള സ്‌കൂളുകളിലെ സെക്കന്‍ഡറി പ്രവേശനത്തിന് സമ്മര്‍ദ്ദം ഏറെയാണെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ പ്രതിനിധി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 428,000ന്റെ വര്‍ദ്ധനവുണ്ടാകും. 2010 മുതല്‍ 825,000 പുതിയ സ്‌കൂള്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് അറിയിക്കുന്നത്.

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റിനെ പാക് ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തകര്‍ത്ത വിമാനത്തിന്റെ പൈലറ്റിനെയാണ് പാക് ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഇന്ത്യയില്‍ ആക്രമണം നടത്തി തിരികെ പോയ എഫ്-16 വിമാനത്തെ അഭിനന്ദന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. മിഗില്‍ നിന്നേറ്റ മിസൈല്‍ ആക്രണമണത്തില്‍ എഫ്-16 തകര്‍ന്നു വീഴുകയായിരുന്നു. എഫ് 16 ല്‍ നിന്ന് പാക് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പാകിസ്താന്‍ മണ്ണില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ചില നേരങ്ങളില്‍ യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്ന് പറഞ്ഞു കൊണ്ട് ലണ്ടനില്‍ നിന്നുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. പിന്നീട് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. നേരത്തെ രണ്ട് ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്നും രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഒരാള്‍ ചികിത്സയിലാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ചികിത്സയിലുള്ള പൈലറ്റ് പാക് പൈലറ്റാണെന്ന് പിന്നീട് ബോധ്യമായതോടെ ഔദ്യോഗിക പ്രസ്താവന പിന്‍വലിച്ചു.

പാകിസ്താന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനായ ഷഹ്സാസ് ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. അഭിനന്ദന്റെ ആക്രണത്തില്‍ തകര്‍ന്ന എഫ്-16ല്‍ നിന്ന് ഷഹസാസ് ഇജക്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പാക് അധീന കാശ്മീരില്‍ പാരച്യൂട്ട് ഇറങ്ങിയതോടെ ജനക്കൂട്ടം ഷഹസാസിനെ പൊതിരെ തല്ലി. പിന്നീട് പാകിസ്ഥാന്‍ പൈലറ്റാണെന്ന് മനസിലാക്കിയ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഭിനന്ദനെ പോലെ തന്നെ ഷഹസാസിന്റെ പിതാവും എയര്‍ മാര്‍ഷലാണ്.

ലണ്ടന്‍: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തിന്റെ സഹായത്തോടെ ജിവിച്ചിരുന്ന റെബേക്ക ഹെന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 24 വയസായിരുന്നു. ലോകത്തിന് തന്നെ മാതൃകയായ വിദ്യാര്‍ത്ഥിനിയെന്നായിരുന്നു റെബേക്ക വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു റെബേക്ക. മോഡേണ്‍ ഇംഗ്ലീഷില്‍ ബിരുദം സ്വന്തമാക്കിയുള്ള റെബേക്ക രണ്ട് അക്കാദമിക് പേപ്പറുകള്‍ എഴുതിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെസ്റ്ററില്‍ താമസിക്കുന്ന റെബേക്ക ഹെന്‍ഡേഴ്‌സണ്‍ സാധാരണ വിദ്യാര്‍ത്ഥികളെ പോലെയായിരുന്നില്ല. കൈയ്യില്‍ ഹൃദയം പിടിച്ചു നടക്കുകയെന്ന് നാം പുസ്തകങ്ങളിലൊക്കെ വായിച്ചിട്ടുണ്ടാവില്ലേ? അതുപോലെയായിരുന്നു റെബേക്കയുടെ ജിവിതം. ക്യാന്‍സര്‍ വന്നിട്ടും ജീവിതത്തോട് പോരാടി.

ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹൃദയും പൂര്‍ണമായും എടുത്തു കളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പകരം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയം ശരീരത്തില്‍ ഘടിപ്പിച്ചു. ഹൃദയഭാഗത്ത് നിന്ന് നീളന്‍ പ്ലാസ്റ്റിക് കുഴലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിച്ചു. കൈയ്യില്‍ കരുതിയിരുന്ന ബാഗിലാണ് ഈ ഹൃദയം സൂക്ഷിച്ചിരുന്നത്. വളെര നാള്‍ ബാഗില്‍ ഹൃദയം കൊണ്ടുനടക്കേണ്ടി വന്നിരുന്നു. പിന്നീട് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താമെന്ന് മനസിലായി. ഇതിനായി ഡോണറെ ലഭ്യമായതോടെ പുതിയ പ്രതീക്ഷളിലായിരുന്നു റെബേക്ക. എന്നാല്‍ ഹൃദയം മാറ്റിവെച്ചെങ്കിലും ശരീരത്തിലുണ്ടായി മറ്റു ചില പ്രശ്‌നങ്ങള്‍ റെബേക്കയുടെ ജിവനെടുക്കുകയായിരുന്നു.

ബാഗിലാക്കിയ ഹൃദയവുമായി ഒരുപാട് പേര്‍ക്ക് ആവേശവും ഊര്‍ജവും നല്‍കി അവര്‍ ജീവിച്ച വിദ്യാര്‍ത്ഥിനായായിരുന്ന അവര്‍. രോഗവസ്ഥയിലുള്ള സമയത്ത് തന്നെ രണ്ട് അക്കാഡമിക് പേപ്പറുകള്‍ റബേക്ക രചിച്ചിരുന്നു. ഈ രണ്ട് പേപ്പറുകളും ഉടന്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥിയായിട്ടുള്ള റബേക്ക ഒരുപാട് പേര്‍ക്ക് ഊര്‍ജവും അഭിമാനവുമാണെന്ന് സുഹൃത്തുക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ഒരു വര്‍ഷത്തോളം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തിന്റെ സഹായത്തോടെയാണ് റബേക്ക ജീവിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും കരുത്തിയായ വനിത റെബേക്കയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് അക്കാദമിക് ഡോ. ജനിന റാംരെസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പരിചയപ്പെടുന്നവര്‍ക്കെല്ലാം ജീവിതത്തോട് പ്രതീക്ഷ നല്‍കാന്‍ കഴിയുവുള്ളയാളായിരുന്നു റബേക്കയെന്നും ഡോ. ജനിന പറഞ്ഞു

ലണ്ടന്‍: ക്ലാസ്മുറിയിലെ വൈ-ഫൈ റേഡിയേഷന്‍ 12കാരിയായ വിദ്യാര്‍ത്ഥിനിക്ക് 40ഓളം രോഗങ്ങള്‍ പിടിപെടാന്‍ കാരണമായെന്ന് മാതാപിതാക്കള്‍. സോമറെസ്റ്റിനടുത്തുള്ള യോവില്‍ താമസിക്കുന്ന നെയില്‍ ബോക്‌സാലിനാണ് തന്റെ മകള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്‌കൂളിലെ വൈ-ഫൈ റേഡിയേഷനെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വൈ-ഫൈ ഉപയോഗം സ്‌കൂള്‍ അധികൃതര്‍ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ നെയില്‍ തന്റെ മകളെ ഹോം സ്‌കൂളിംഗ് രീതിയിലേക്ക് മാറ്റുകയാണുണ്ടായത്. തൊലിയിലെ ചൊറിച്ചില്‍, കണ്ണില്‍ ചൊറിയുക, മറവി, ഉത്കണ്ഠ, വ്യാകുലത, സംസാരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങി നാല്‍പ്പതോളം രോഗ ലക്ഷണങ്ങള്‍ മകളില്‍ കണ്ടെത്തിയിരുന്നുവെന്ന് നെയില്‍ പറയുന്നു. എഞ്ചിനിയറായ നെയില്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് മകളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്.

7-ാമത്തെ വര്‍ഷം മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഞാന്‍ ഇക്കാര്യങ്ങള്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അവള്‍ 8-ാമത്തെ വര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ വലിയ തോതില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ശ്രദ്ധയില്ലായ്മയില്‍ തുടങ്ങി നിരവധി മാനസിക പിരിമുറുക്കത്തിലൂടെയും അവള്‍ കടന്നുപോകുന്നതായി എനിക്ക് വ്യക്തമായി. സ്‌കൂള്‍ അധികൃതരുമായി ഇത് സംസാരിക്കുകയും ചെയ്തിരുന്നു.-നെയില്‍ പറഞ്ഞു. സ്‌കൂളിലെ ക്ലാസ് മുറികളില്‍ എല്ലാം തന്നെ വൈ-ഫൈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ആ സമയത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത്. സൂക്ഷതലത്തില്‍ വിലയിരുത്തിയപ്പോള്‍ മകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വൈ-ഫൈ റേഡിയേഷനാണെന്ന് ബോധ്യമാവുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും. വൈ-ഫൈ ഓഫ് ചെയ്യാമെന്ന് അദികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതായി നെയില്‍ പറഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് പിന്നീട് സ്‌കൂള്‍ അധികൃതര്‍ നെയിലിനെ അറിയിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ മകള്‍ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയതോടെ നിലവില്‍ തുടരുന്ന സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ മകളോട് നെയില്‍ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ സിസ്റ്റത്തില്‍ പഠിച്ചു പരിയപ്പെട്ട നെയിലിന്റെ മകള്‍ക്ക് ആദ്യഘട്ടത്തില്‍ ഹോം സ്‌കൂളിംഗ് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മറിച്ചായി. ശ്രദ്ധക്കുറവ്, കണ്ണിനും തൊലിയിലുമുണ്ടായിരുന്ന ചൊറിച്ചില്‍ എന്നിവയോടപ്പം മാനസികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് നെയില്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്

ഇന്ത്യ മുഴുവൻ ആ ധീര ജവാനായി കാത്തിരുന്നു… വീര പോരാളിയുടെ സുരക്ഷിതമായ തിരിച്ചു വരവിനായി 135 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ… നിരായുധനായി ശത്രുരാജ്യത്തിന്റെ തടവിൽ കഴിയുമ്പോഴും സാഭിമാനം തലയുയർത്തി നിന്ന ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെയോർത്ത് രാജ്യം അഭിമാനം കൊണ്ടു… ജനീവ കൺവൻഷൻ ധാരണ അനുസരിച്ച് അഭിനന്ദനെ ഉടൻ വിട്ടയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് നിരാകരിക്കാൻ ആവുന്നതായിരുന്നില്ല.

ലോക രാഷ്ട്രങ്ങൾ മുഴുവൻ ഇന്ത്യയ്ക്കായി അണിനിരന്ന ദിനങ്ങൾ. ഇന്ത്യൻ സൈന്യത്തിന്റെ ശക്തി അളക്കാനിരുന്ന പാക് ഭരണകൂടത്തിന് കണക്കു കൂട്ടൽ പാതി വഴി അവസാനിപ്പിക്കേണ്ടി വന്ന അവസ്ഥ. നിരായുധനായ സൈനികനെ വച്ച് വിലപേശാനുള്ള പാപ്പരത്തം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിക്കും മുൻപ് ജാമ്യമെടുത്തു പാക് ഭരണകൂടം. പാക്കിസ്ഥാന്റെ ഔദാര്യമായി അഭിനന്ദിന്റെ മോചനമാകാമെന്ന് പാക് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുമ്പോള്‍ പാക് അധികൃതർക്ക് അറിയാമായിരുന്നു വൈകി വരുന്ന വിവേകത്തിന്റെ വില കനത്തതായിരിക്കുമെന്ന്.

ഇന്നു ഇന്‍ഡ്യന്‍ സമയം രാത്രി 9.20 ന്  വാഗാ ബോർഡറിൽ പാക്കിസ്ഥാനി റേഞ്ചേഴ്സ് ഇന്ത്യയുടെ ധീരനായ പോരാളിയെ ആർത്തിരമ്പുന്ന ജനതയുടെ കൈകളിലേയ്ക്ക് കൈമാറി. നെഞ്ചുവിരിച്ച് നിർഭയനായി തലയുയർത്തി തീക്ഷ്ണമായ നോട്ടവുമായി മാതൃരാജ്യത്തിന്റെ മണ്ണിലേയ്ക്ക് തിരിച്ചെത്തി അഭിനന്ദൻ. ഓരോ ഇന്ത്യാക്കാരനും വീരനായകനെ അഭിമാനത്തോടെ നെഞ്ചോടു ചേർത്തു. യുദ്ധമുഖത്തെ നായകനായി അഭിനന്ദൻ വർധമാൻ നടന്നു കയറിയത് ഭാരത ജനതയുടെ ഹൃദയത്തിലേയ്ക്കായിരുന്നു.

ജോജി തോമസ്

മാര്‍ച് മാസം 9-ാം തിയതി ബ്രിട്ടനിലെ മലയാളികളുടെ സംഘടനയായി അറിയപ്പെടുന്ന യുക്മയ്ക്ക് പുതിയ നേതൃത്തെ തെരഞ്ഞെടുക്കാന്‍ നിയുക്ത പ്രതിനിധികള്‍ ഒത്തുചേരുകയാണ്. സംഘടന രൂപീകൃതമായിട്ട് ദീര്‍ഘകാലം ആയെങ്കിലും, യുക്മ ഇതുവരെ യു.കെ മലയാളികളുടെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ബഹുജന സംഘടനയായി വളരാന്‍ സാധിച്ചിട്ടില്ലെന്നുള്ളത് പോരായ്മയായി നിലനില്‍ക്കുമ്പോള്‍ തന്നെ, ബ്രിട്ടനിലുള്ള മലയാളികള്‍ക്കായി മറ്റൊരു പൊതു സംഘടന രൂപീകൃതമാകാത്തിടത്തോളം കാലം യുക്മയ്ക്ക് മലയാളി സമൂഹത്തില്‍ അതിന്റേതായ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ യുക്മയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പും, അതിന്റെ നേതൃത്വത്തില്‍ ദീര്‍ഘ വീക്ഷണവും വിശാല ചിന്താഗതിയുമുള്ള പുതുരക്തം കടന്നുവരണമെന്നും യു.കെയിലെ മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. ഈ ആവശ്യകത തന്നെയാണ് ഈ മാസം ഒമ്പതാം തിയതി നടക്കുന്ന തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

പ്രാദേശിക അസോസിയേഷനുകളുടെ പ്രവര്‍ത്തനം പലപ്പോഴും ഓണവും വിഷുവും ക്രിസ്തുമസും ആഘോഷിക്കുന്നതിലൂടെ അവസാനിക്കുകയാണ്. അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികളാണ് മലയാളികള്‍ക്ക് പ്രയോജപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാദേശിക അസോസിയേഷനുകള്‍ക്കുള്ള പ്രധാന വെല്ലുവിളി. ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്ക് ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു ദശകം പിന്നിട്ടെങ്കിലും മലയാളികളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധ്യമായ ദീര്‍ഘവീക്ഷണത്തോടും, വിശാല താല്‍പ്പര്യത്തോടുമുള്ള പ്രവര്‍ത്തന ശൈലിയും, കാഴ്ച്ചപ്പാടും ഇതുവരെ രൂപപ്പെട്ടില്ല എന്നുള്ളത് തികച്ചും നിരാശാജനകമാണ്. യുക്മയ്ക്ക് യു.കെ മലയാളികളുടെ സംഘടനയായി മാറാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ യുക്മയെ തങ്ങളുടെ പോക്കറ്റ് സംഘടനയാക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌ക്കാരം ബ്രിട്ടനിലേക്ക് പറിച്ചുനട്ട് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങല്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ യുക്മ തെരഞ്ഞെടുപ്പുകളില്‍ നടന്നിരുന്നത്. രാഷ്ട്രീയാതിപ്രസരവും സങ്കുചിത താല്‍പ്പര്യങ്ങളും ഒഴിവാക്കി കഴിവും പ്രാഗത്ഭ്യവും ഉള്ളവര്‍ക്ക് യു.കെയിലെ മലയാളികള്‍ക്ക് സേവനം ചെയ്യുന്നതിനുള്ള വേദിയാവണം യുക്മയെന്ന സംഘടന. അതിനുള്ള വഴിയൊരുക്കലാവണം 9-ാം തിയതി നടക്കുന്ന യുക്മയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശയങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവുമുള്ള ഒരു സംഘടനയ്‌ക്കേ സമൂഹത്തെ സേവിക്കാന്‍ സാധിക്കൂ. യുക്മയുടെ നവനേതൃത്വം സങ്കുചിത താല്‍പ്പര്യങ്ങളും ഇടുങ്ങിയ ചിന്താഗതികളും മാറ്റിവെച്ച് യു.കെയിലെ മലയാളി സമൂഹത്തെ ഒന്നായി കണ്ട്, സമൂഹത്തില്‍ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കരുത്തുള്ളതാവട്ടെയെന്ന് യു.കെ മലയാളികള്‍ക്ക് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: എം.പിമാരുടെ വേതനം 2.7 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.കെയിലെ ട്രേഡ് യൂണിയനുകള്‍. നിലവില്‍ രാജ്യത്തിന്റെ സാമ്പതിക, സാമൂഹിക സാഹചര്യം വിലയിരുത്തുമ്പോള്‍ എം.പിമാരുടെ വേതനത്തിലെ വര്‍ദ്ധനവ് അനാവശ്യമാണെന്നാണ് പ്രധാന വിമര്‍ശനം. ഇന്‍ഡിപെന്‍ഡഡ് പാര്‍ലമെന്ററി അതോറിറ്റിയാണ് എം.പിമാരുടെ വേതനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ വേതന നിരക്ക് നിലവില്‍ വരും. നിലവില്‍ വര്‍ഷത്തില്‍ 77,379 പൗണ്ടാണ് എംപിമാരുടെ വേതനം. ഇത് ഏപ്രിലില്‍ 2.7 ശതമാനം വര്‍ദ്ധിച്ച് 79,468 പൗണ്ടിലേക്ക് ഉയരും. അതായത് 2,089 പൗണ്ടിന്റെ വര്‍ദ്ധനവ്.

സാധാരണയായി എം.പിമാരുടെ വേതന വര്‍ദ്ധനവ് നടപ്പിലാകുന്നത് രാജ്യത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ ശരാശരി വേതന വര്‍ദ്ധവിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് പൊതുമേഖലാ ജോലിക്കാരുടെ വേതന വര്‍ദ്ധനവിന്റെ ശരാശരിയാണ് എം.പിമാരുടെ വേതന വര്‍ദ്ധനവിനെ നിശ്ചയിക്കുന്നതെന്ന് ചുരുക്കം. ഈ വര്‍ദ്ധനവ് നിശ്ചയിക്കുന്നത് ഹൗസ് ഓഫ് കോമണ്‍സിലെ വോട്ടെടുപ്പിന്റെ ഭാഗമായിരിക്കില്ല. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സാണ് പൊതുമേഖലാ തൊഴിലാളികളുടെ വേതനം നിരക്ക് തീരുമാനിക്കുന്നത്. സിവിലിയന്‍ തൊഴിലാളികളുടെ വേതനത്തിന് മുകളില്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ എംപിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് രാജ്യത്തിന്റെ രീതിയല്ല. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവിന് മുകളിലേക്ക് ജനപ്രതിനിധികളുടെ വേതന വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പബ്ലിക്ക് ആന്റ് കോമേഷ്യല്‍ സര്‍വീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്കാ പ്രതികരിച്ചു.

രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തെടുംതൂണാണ് തൊഴിലാളികള്‍, അവരാണ് താരതമ്യേനെ സമൂഹത്തില്‍ സുപ്രധാന ജോലികള്‍ നിര്‍വ്വഹിക്കുന്നത്. എന്നിട്ട് പോലും അവര്‍ക്ക് ലഭിക്കുന്ന വേതന വര്‍ദ്ധനവ് ഒരു ശതമാനം മാത്രമാണെന്നും ാര്‍ക്ക് സെര്‍വോട്കാ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പബ്ലിക്ക് ആന്റ് കോമേഷ്യല്‍ സര്‍വീസ് യൂണിയന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 120,000 അംഗങ്ങള്‍ സമരപരിപാടികളുടെ ഭാഗമാവുമെന്നും സെര്‍വോട്കാ പ്രഖ്യാപിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved