Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ട് വരെയാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

1400 ഓളം യാത്രക്കാരാണ് പ്രതിദിനം രോഗവ്യാപനം കൂടുതലുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നത്. എന്നാൽ ഏകദേശം 16 ഹോട്ടലുകളിലായി 5000 മുറികളിൽ മാത്രമാണ് ഒറ്റപ്പെടലിനായി ആളുകൾ പ്രവേശിക്കപ്പെട്ടിരിക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഫെബ്രുവരി 15 മുതൽ ഹോട്ടൽ ക്വാറന്റീൻ കർശനമായി നടപ്പിലാക്കാനാണ് തീരുമാനം. യാത്രക്കാർക്ക് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഹോട്ടലിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ സൗകര്യമൊരുക്കും. ഹോട്ടൽ ,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്.

ലോക്ക്ഡൗണും പ്രതിരോധ കുത്തിവെയ്പ്പും കൊണ്ട് രോഗവ്യാപന തീവ്രതയും മരണനിരക്കും രാജ്യത്ത് കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന വൈറസ് മൂലം ഉള്ള ഭീഷണിയിലാണ് രാജ്യം. ഇതിനെ തടയിടാനായിട്ടാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോട്ടലുകളിൽ ക്വാറന്റീൻ ഏർപ്പെടുത്താൻ രാജ്യം തീരുമാനം കൈക്കൊണ്ടത്. പുതിയ വൈറസ് വേരിയന്റുകൾക്കെതിരെ വാക്സിനുകൾ എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ചുള്ള സംശയവും കർശനമായ നടപടിയിലേയ്ക്ക് നീങ്ങാനുള്ള നീക്കത്തിൻെറ പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഐ കൺസെന്റ് എന്ന പേരിലുള്ള പുതിയ ആപ്പിന്റെ ഫീച്ചേഴ്സ് മറ്റ് ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അടുത്തയിടെ ഡെൻമാർക്ക് റേപ്പ് നിയമങ്ങളിൽ കൂടുതൽ കാർക്കശ്യം കൊണ്ടുവന്നിരുന്നു. ഇരു കക്ഷികളുടെയും സമ്മതമില്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തെ റേപ്പ് ആയി പരിഗണിക്കാം എന്നതാണ് നിയമം. ഈ ആപ്പ് പ്രകാരം കക്ഷികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണിലൂടെ സമ്മതമറിയിക്കുകയോ, 24 മണിക്കൂറിനുള്ളിൽ സമ്മതം പിൻവലിക്കുകയോ ചെയ്യാം. വൺ ഇന്റർ കോഴ്സ് എന്ന ഒറ്റ ബട്ടണിലാണ് സമ്മതവും വിസമ്മതവും രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്.

ആപ്പിൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ കോടതിയിൽ ഉൾപ്പെടെ ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. എന്നാൽ വിദഗ്ധർ ഇക്കാര്യത്തിൽ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ നിയമ പ്രകാരം അനുമതിയില്ലാതെ നടത്തുന്ന വേഴ്ച ശിക്ഷിക്കപ്പെടേണ്ടത് ആണ്, മുൻപ് റേപ്പിസ്റ്റ് ബലംപ്രയോഗിച്ചതിന്റെ തെളിവുകൾ ഹാജരാക്കണമായിരുന്നു. ജനുവരി ഒന്നിന് നിലവിൽ വന്നതാണ് ആപ്പ്, അതേ ദിവസമാണ് പുതിയ നിയമം വന്നതും.

‘ അനുമതി ‘ സൂക്ഷിച്ചുവെക്കാം എന്നത് ആപ്പിന്റെ ഏറ്റവും മികച്ച സവിശേഷത ആണെന്ന് ഡെവലപ്പേഴ്സ് പറയുന്നു. നൽകുന്ന സേവനം സുരക്ഷിതമാണെന്നും, സ്വകാര്യം ആണെന്നും അവർ ഉറപ്പു നൽകുന്നു.

അതേസമയം ഇരയെ ഭീഷണിപ്പെടുത്തി സമ്മതം രേഖപ്പെടുത്തിയാകാമെന്നും പിന്നീട് ഇത് ഇരയ്ക്കെതിരെയുള്ള തെളിവായി ഉപയോഗിക്കാൻ സാധ്യത ഏറെയുള്ളതിനാൽ ഇത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ മുൻഗണനാക്രമത്തിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടിരുന്നത് ഫെബ്രുവരി -15 ആണ്. എന്നാൽ ഇനി ആറു ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരായ നഴ്സുമാർക്ക് ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് പോലും ലഭ്യമായിട്ടില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഉടനീളം 15 ശതമാനം നഴ്സുമാർക്ക് കൊറോണ വൈറസ് വാക്സിൻ ഒരു ഡോസ് പോലും നൽകിയിട്ടില്ലെന്ന വിവരം പുറത്തുവന്നത് റോയൽ കോളേജ് ഓഫ് നേഴ്‌സസ് നടത്തിയ സർവേയിൽ ആണ്.

പ്രതിരോധ വാക്സിൻ ലഭിക്കാതെ കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണം കൂടുതലാണെന്നത് വളരെ ഗൗരവമേറിയതാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. അതായത് 44 ശതമാനം ഏജൻസി സ്റ്റാഫുകളും 27 ശതമാനം താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല . 24370 നേഴ്സുമാരുടെ ഇടയ്ക്കാണ് പഠനം നടത്തപ്പെട്ടത്. ആദ്യ നാല് മുൻഗണനാക്രമത്തിൽ പെട്ട 15 ദശലക്ഷം ജനങ്ങൾക്ക് കുത്തിവെയ്പ്പ് നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണെന്നിരിക്കെ കണ്ടെത്തലുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ഡാം ഡോണ കിന്നെയർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കൊറോണ വൈറസിനെതിരായ കുത്തിവെയ്പ്പുകൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മുൻഗണനാക്രമത്തിലുള്ള എല്ലാവർക്കും ഫെബ്രുവരി 15 ഓടെ വാക്സിനേഷൻ നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് എഴുപത് വയസ്സിനു മുകളിലുള്ള ആർക്കെങ്കിലും ഇതുവരെ പ്രതിരോധകുത്തിവെയ്പ്പിനുള്ള ക്ഷണം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസുമായി ബന്ധപ്പെടാൻ നിർദേശംനൽകി. ഇതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. രാവിലെ 7 നും രാത്രി 11 നും ഇടയിൽ 119 എന്ന നമ്പറിലേയ്ക്ക് വിളിച്ചും ബുക്ക് ചെയ്യാൻ സാധിക്കും.

കോവിഡ് രോഗ വ്യാപനവും മരണനിരക്കും കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം.  കഴിഞ്ഞ 6 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കിനും രോഗവ്യാപനത്തിനുമാണ് ഇന്നലെ യുകെ സാക്ഷ്യംവഹിച്ചത്. ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം 333 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 14104 പേർക്കാണ് രോഗം പുതിയതായി ബാധിച്ചത്. കൊറോണ വൈറസിൻെറ രണ്ടാം തരംഗം കുറയുന്നതായി കണക്കാക്കുമ്പോഴും ആശുപത്രികളിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പു നൽകി. ഏകദേശം 30,000 പേരാണ് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് ബാധിച്ച് അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അന്തരിച്ച ക്യാപ്റ്റൻ ടോം മൂറിനെതിരെ ട്വീറ്റ് ചെയ്ത 35 കാരനെതിരെ കേസെടുത്ത് പോലീസ്. “ഫെബ്രുവരി 2ന് മരണമടഞ്ഞ ക്യാപ്റ്റൻ സർ ടോം മൂറിനെതിരെ ഫെബ്രുവരി 5 വെള്ളിയാഴ്ച ട്വീറ്റ് ചെയ്തതിന്റെ റിപ്പോർട്ട്‌ ഞങ്ങൾക്ക് ലഭിച്ചു.” പോലീസ് സ് കോട്ട് ലൻഡ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 35 കാരനെ അറസ്റ്റ് ചെയ്യുകയും കുറ്റാരോപിതനാക്കുകയും ചെയ്തു. ഫെബ്രുവരി 17 ബുധനാഴ്ച ലാനാർക്ക് ഷെരീഫ് കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ സമയത്ത് ധനസമാഹരണത്തിലൂടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ ടോം മൂർ കഴിഞ്ഞ ആഴ് ചയാണ് കോവിഡ് ബാധിതനായി മരണമടഞ്ഞത്.

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയും. ഒപ്പം ഡൗണിംഗ് സ്ട്രീറ്റ്റിന് മുകളിലുള്ള യൂണിയൻ പതാകകൾ പകുതി താഴ്ത്തികെട്ടുകയും ചെയ്തിരുന്നു. പിറ്റേദിവസം അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം കരഘോഷം മുഴക്കുകയുണ്ടായി. രാജ്യത്തിന്റെ ഈ ആദരവ് തങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചുവെന്ന് മൂറിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ വാക്സിനേഷൻ പ്രോഗ്രാമുകളെ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാനായി മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന കോവിഡ് വേരിയന്റുകളെ പ്രതിരോധിക്കാൻ കൂടുതൽ കർശനമായ നീക്കങ്ങളുമായി ബോറിസ് ജോൺസൺ. ഈ ആഴ്ച മുതൽ യുകെയിൽ എത്തുന്നവർ രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യണം. വീട്ടിലോ ഹോട്ടലുകളിലോ ക്വാറന്റൈൻ പൂർത്തിയാക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. പുതുതായി രാജ്യത്തേക്ക് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെ ടെസ്റ്റ് റിസൾട്ട് ഹാജരാക്കണമെന്ന് നിർബന്ധമാണ്.

പുറത്തു നിന്നെത്തുന്ന മറ്റ് വൈറസ് വേരിയന്റുകൾ വാക്സിനേഷൻ പ്രോഗ്രാമിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് നിയമങ്ങൾ കർശനമാക്കുന്നത്. വരുന്ന ശിശിരത്തിൽ മാറ്റം സംഭവിച്ച വൈറസുകളെ കൂടി പ്രതിരോധിക്കാൻ പാകത്തിൽ ആയിരിക്കും മൂന്നാംഘട്ട ബൂസ്റ്റർ ജാബ് എന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്കൻ വേരിയന്റാണ് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക ഇമ്മ്യൂണൈസേഷനുകളെ പ്രതിരോധത്തിലാക്കി കൊണ്ട് യുകെയിൽ ഇപ്പോൾ കൂടുതൽ അപകടം വിതക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എഴുപത് വയസ്സിന് മുകളിലുള്ള 90% പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ 157 ഓളം പേർക്ക് മാത്രമാണ് ആഫ്രിക്കൻ വേരിയന്റുകൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ പറഞ്ഞു.

രാജ്യം ആരോഗ്യത്തിൻെറ വഴിയിലേക്ക് മടങ്ങിവരാൻ മുടക്കുന്നത് വലിയ വിലയാണ്, യാത്രക്കാരുടെ അസൗകര്യമാണ് അതിലെ പ്രഥമവും പ്രധാനവുമായത്. അതിനാൽ തന്നെ വൈറസിനോട് ഒളിച്ചുകളി നടത്താൻ ആവില്ലെന്നും, അപകടം വരുത്താതിരിക്കാൻ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത ഹിമപാതത്തിനും മൈനസ് 7 ഡിഗ്രി തണുപ്പിനും 50 എംപിഎച്ച് കൊടുങ്കാറ്റിനും വഴിവെച്ച ഡാർസി കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചു. റെയിൽ ക്യാൻസലേഷനുകൾക്കും, വാഹന അപകടങ്ങൾക്കും വഴിവച്ച കാറ്റ് നിരവധി വാക്സിൻ സെന്ററുകൾ അടച്ചിടാൻ കാരണമായി. ഇംഗ്ലണ്ടിനെയും സ്കോട്ട്ലാൻഡിനെയും മഞ്ഞിൽ മുക്കിയ കാലാവസ്ഥ ഉക്രൈനിൽ നിന്നും കൊടുംതണുപ്പുമായാണ് എത്തിയത്.

ഈസ്റ്റ് ആംഗ്ലിയയുടെ വലിയ കോവിഡ് വാക്സിൻ സെന്ററുകൾ അടഞ്ഞുകിടന്നു. യുകെയുടെ കിഴക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പവർ കട്ടും സിഗ്നൽ ബ്രേക്കുകളും പ്രതീക്ഷിക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡുകൾ മഞ്ഞിൽ പുതഞ്ഞതിനാൽ 350ഓളം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആമ്പർ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച 10 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ ഉയരാമെന്നു നെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ കുറഞ്ഞു തുടങ്ങാനാണ് സാധ്യത.

പലയിടങ്ങളിലും കാഴ്ച മങ്ങിയതുമൂലം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ അപകട സാധ്യത മുന്നിൽ കണ്ട് യാത്രക്കാർ കാറുകൾ വഴിയിലുപേക്ഷിച്ചു. നയനമനോഹരമായ കാഴ്ചകളും സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ ഡാർസി മടങ്ങിയത്.

സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ കുറവായിരുന്നു കാരണം പല രാജ്യത്തുനിന്നും ഉള്ളവർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുടിയേറ്റം. യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക എന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ എടുത്ത തീരുമാനത്തെത്തുടർന്നായിരുന്നു ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റങ്ങൾ. 500 പരം മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ളത്.

എന്നാൽ ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒരു 2006 ആവർത്തിക്കുന്നു. ഒരുപക്ഷെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ ഒന്നിച്ചെത്തിയ വർഷമായിരുന്നു 2006. യുകെ യുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി എത്തിയ മലയാളി നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ വർഷം. അന്ന് അറിയപ്പെട്ടിരുന്നത് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ… 2006 ഇവിടെ നടത്തിയ അഡാപ്റ്റേഷൻ കോഴ്‌സിന് ഇന്റർവ്യൂ പാസായി എത്തിയവർ 40 പേർ… അതിൽ 36 പേരും മലയാളികൾ ആയിരുന്നു.. സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിൽ 6000 ത്തിൽപരം ജീവനക്കാരും 1328 ബെഡുകളും ആണ് ഇപ്പോൾ ഉള്ളത്.

വർഷം 15 പിന്നിടുമ്പോൾ 2021 വീണ്ടും ഒരു മലയാളി കുടിയേറ്റത്തിന് വഴിയൊരുങ്ങി. കൊറോണയെന്ന മഹാമാരിയിൽ ലോകത്തിന്റെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചപ്പോൾ യുകെയിൽ പൊലിഞ്ഞത് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ മനുഷ്യ ജീവനുകൾ… ആരോഗിയ പ്രവർത്തകരുടെ വിലയറിഞ്ഞ ലോക സമൂഹം… യുകെയിലെ പല ആശുപത്രികളും നഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം പരുങ്ങലിൽ ആയ സമയങ്ങൾ… കുറവ് പരിഹരിക്കാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇപ്പോൾ ഭൂരിപക്ഷവും മലയാളി നഴ്സുമാർ ഉൾപ്പെടുന്ന ഒരു ഇൻഡ്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റത്തിനാണ് വഴി തുറന്നിരിക്കുന്നത്.

കുറെ വർഷങ്ങളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ആയിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നേഴ്‌സുമാരെ എത്തിച്ചിരുന്നത്. എന്നാൽ അത് പഴയതുപോലെ വിജയകരമാകുന്നില്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ഇതിനകം തന്നെ മലയാളി നഴ്സുമാരുടെ അപ്പർണമനോഭാവത്തെ ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. മലയാളി നഴ്സുമാരുടെ പ്രാവീണ്യത്തെ പ്രകീർത്തിച്ചു ബിബിസിയും എം പി മാരും രംഗത്തെത്തിയത് ഇപ്പോഴത്തെ മനമാറ്റത്തിന് പ്രേരകമായി എന്ന് വേണം കരുതാൻ.

ഈ വർഷത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിൽ എത്തുന്നത് നൂറോളം ഇൻഡ്യൻ നഴ്സുമാരാണ് എന്ന വാർത്തയാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഇന്റർവ്യൂ പാസ്സായ 42 നേഴ്‌സുമാർ ഈ വരുന്ന ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ എത്തിച്ചേരുന്നു. ആശുപത്രിയുടെ ബോർഡ് മീറ്റിംഗിങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി ബുള്ളോക്ക് ആണ് വിദേശ നഴ്സുമാരുടെ വരവിനെക്കുറിച്ചുള്ള വിവരം നൽകിയത്. ഇന്റർവ്യൂ തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ പ്രാദേശികമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടെത്തിയില്ല. പ്രാദേശിക യൂണിവേഴ്സിറ്റി, നഴ്സസ് ബാങ്ക്, പ്രാദേശിക ഇന്റർവ്യൂ എന്നിവക്കൊന്നും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ്ണത നേടിയില്ല. സീനിയർ കെയറർ മാരായി ജോലിചെയ്തിരുന്ന ഒരുപിടി മലയാളികൾ ഓ ഇ ടി തുടങ്ങിയ പരിശീലങ്ങളിൽകൂടി നഴ്സുമാരായി ഇപ്പോൾ ജോലി ചെയ്തുവരുന്നു. കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. അതിനുള്ള ഫണ്ടും ലഭ്യമാണ് എന്നും അറിയിക്കുകയുണ്ടായി. ഇത്രയും ചെയ്‌തിട്ടും കൊറോണയിൽ സ്റ്റാഫ് പ്രതിസന്ധി കുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിതരായത്.

ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞതിങ്ങനെ.. തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ അസാമാന്യ കഴിവുള്ളവരും  അവരുടെ ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും ഒപ്പം  നേഴ്സിങ്ങിനെക്കുറിച്ചുള്ള അറിവും നേരിട്ട്  ബാൻഡ് 6 നഴ്‌സ്‌ പദവിക്ക് അർഹരാണ് എന്നാണ് പറഞ്ഞത്.

ചീഫ് നേഴ്സ് പറഞ്ഞതിങ്ങനെ.. വാർഡ് മാനേജർമ്മാർ രോഗികളുടെ സുരക്ഷക്കായി ചെയ്യാവുന്നതിനിന്റെ അപ്പറവും ചെയ്‌തിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും വേണ്ട നഴ്സുമാരുടെ അനുപാതം നിലനിർത്താൻ സാധിച്ചില്ല എന്നും വിലയിരുത്തി. ഒരു നേഴ്സിന്‌ എട്ട് രോഗികൾ എന്ന അനുപാതം എല്ലാ വാർഡുകളിലും എല്ലാ സമയത്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയുണ്ടായി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ നഴ്സുമാരെ സഹായിക്കാനായി മിലിട്ടറി നഴ്സുമാരും, കൗൺസിൽ വോളന്റിയേഴ്‌സും ആശുപത്രിൽ എത്തിച്ചേരുന്നു.

email – [email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനതോത് ഉയരുന്നതിലൂടെ കോവിഡ് ഭീതിയിലേക്ക് വീണ്ടും അടുക്കുകയാണ് രാജ്യം. പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്ന പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കർശന നിയന്ത്രണങ്ങളോടു കൂടിയുള്ള ലോക്ക്ഡൗൺ ബ്രിട്ടനിൽ ഏർപ്പെടുത്തുകയുണ്ടായി. വാക്സിനും ലോക്ക്ഡൗണും സാധാരണ ജീവിതം തിരികെകൊണ്ടുവരുന്നതിന് കാരണമാകുമെന്ന ശുഭാപ്തി വിശ്വാസം ഓരോ പൗരനുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 10 മില്യണിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയ ബ്രിട്ടീഷ് വാക്സിനേഷൻ പ്രോഗ്രാമിൽ നിന്നാണ് ഈ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്. കൂടാതെ ഈ വർഷം അവസാനം മുഴുവൻ മുതിർന്ന ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്നുണ്ട്. ദേശീയ ലോക്ക്ഡൗണിന്റെയും വിജയകരമായ വാക്സിൻ പ്രോഗ്രാമിന്റെയും പശ്ചാത്തലത്തിൽ, കോവിഡ് മരണങ്ങൾ, ആശുപത്രി പ്രവേശനം, ദൈനംദിന കേസുകൾ എന്നിവ ഏപ്രിൽ അവസാനത്തോടെ കുറയുമെന്ന് മിക്ക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. സ്‌കൂളുകളും സർവ്വകലാശാലകളും വീണ്ടും തുറക്കും. ഒപ്പം യാത്രാ ഇളവുകളും ഉണ്ടായേക്കും.

എന്നാൽ വാക്സിനേഷൻ പ്രോഗ്രാം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ മാത്രമേ ഇതൊക്കെയും സാധ്യമാകൂ. സ്കൂളുകൾ വീണ്ടും തുറക്കുന്നതാണ് മറ്റൊരു പ്രധാന ആശങ്ക. ഇത് കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മെയ് 6 ന് നടക്കുന്ന പ്രാദേശിക, സ്കോട്ടിഷ് തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിനായി എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്യണമെന്ന് ടോറി പാർട്ടിയുടെ വലതുപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തിനെതിരെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വികാസവും വ്യാപനവുമാണ് മിക്ക ശാസ്ത്രജ്ഞരുടെയും ഏറ്റവും വലിയ ആശങ്ക. ഇതൊരു പേടിസ്വപ്നമാണവർക്ക്. ഈ സാഹചര്യമനുസരിച്ച്, പുതിയതും ഭയപ്പെടുത്തുന്നതുമായ വകഭേദങ്ങൾ തുടർന്നും പ്രത്യക്ഷപ്പെടുകയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ജീവിതം മെച്ചപ്പെടാൻ സാധ്യതയില്ല.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണവൈറസ് തുടച്ചുനീക്കാൻ എല്ലാവരിലേയ്ക്കും പ്രതിരോധകുത്തിവെയ്പ്പ് എത്തിക്കുക എന്ന മഹാ യജ്ഞത്തിലാണ് രാജ്യം. അനധികൃത കുടിയേറ്റക്കാർക്ക് എങ്ങനെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകാൻ സാധിക്കും എന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു . നടപടികളെ ഭയന്ന് പ്രതിരോധ കുത്തിവെയ്പ്പിനായി അനധികൃത കുടിയേറ്റക്കാർ മുന്നോട്ടു വരില്ല എന്നതായിരുന്നു ഏറ്റവും വലിയ തടസ്സം. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ടു വരുന്ന അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകാൻ പദ്ധതി തയ്യാറാക്കുകയാണ് ഹോം ഓഫീസ്.

ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല . അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 1.3 മില്യൺ അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലുള്ളത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ രജിസ്റ്റർ ചെയ്യുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ഹോം ഓഫീസ് ഒരു നടപടിയും സ്വീകരിക്കില്ല. വൈറസിനെ തുടച്ചുനീക്കാൻ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടതുണ്ടെന്ന പൊതു തത്വത്തെ മുൻനിർത്തിയാണ് ഈ നടപടി.

ഇതിനിടെ ശനിയാഴ്ച നൽകിയ 550,000 പ്രതിരോധകുത്തിവെയ്പ്പുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ഒരു ഡോസ് എങ്കിലും നൽകാൻ സാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 15-നകം മുൻഗണനാ ഗ്രൂപ്പുകളിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാനാണ് യുകെ ലക്ഷ്യമിടുന്നത്. ഇന്നലെ രാജ്യത്തെ 373 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .യുകെയുടെ പ്രതിദിന കോവിഡ് വ്യാപനം കുറയുന്നതിൻെറ സൂചനകൾ കണ്ടു തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ 15845 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved