നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ യുവതി റിയ അഹിർ നടത്തിയ പ്രതിഷേധരീതി ദേശീയ ശ്രദ്ധ നേടി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിൽ മഴ നനഞ്ഞ് നിന്ന റിയയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാൻ ആവശ്യമായ നിയമനടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് പൊലീസിനോട് ചോദിച്ച ശേഷമാണ് വാഹനം തടയാൻ തീരുമാനിച്ചതെന്ന് റിയ പിന്നീട് പ്രതികരിച്ചു. പ്രതിഷേധക്കാരെ മോചിപ്പിക്കുന്നതുവരെ അവിടെനിന്ന് മാറാൻ തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി.
മോഡലും സംരംഭകയുമായ റിയ അഹിർ വിദ്യാർഥിനിയല്ലെങ്കിലും യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്ന് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങളുടെ പ്രതീകമായി റിയയുടെ നടപടി മാറിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.











Leave a Reply