Main News

സ്വന്തം ലേഖകൻ

ഒഹായോ: ചൂടേറിയ സംവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും. ഒഹായോയിലെ ക്ളീവ് ലാന്റിൽ നടന്ന സംവാദത്തിൽ ഇരുവരും വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയുണ്ടായി. പരസ്പരം അധിക്ഷേപിക്കുന്ന സാഹചര്യങ്ങൾ വരെ ഉടലെത്തു. വാക്പോരിനാൽ നിറഞ്ഞ സംവാദവേദി തിരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് 34 ദിനങ്ങൾ മാത്രം ശേഷിക്കെ ആരെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കയിലെ മിക്ക വോട്ടർമാരും. സ്ഥാനാർത്ഥികളുടെ വാദങ്ങൾ യുക്തിഭദ്രമാണോയെന്ന വിലയിരുത്തലിനു ശേഷമാണ് തങ്ങളുടെ വോട്ട് ആർക്ക് നൽകണമെന്ന് അവർ തീരുമാനമെടുക്കുക. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള സംവാദപരമ്പരകളിൽ നേരിട്ടുള്ള സംവാദമാണ് ക്ളീവ് ലാന്റിലെ വേദിയിൽ ഇന്നലെ നടന്നത്.

ഒന്നരമണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ പലയിടത്തും ബൈഡനെ കടന്നാക്രമിക്കുകയായിരുന്നു ട്രംപ്. 73 തവണയാണ് ട്രംപ് ബൈഡനെ തടസപ്പെടുത്തിയത്. നിരന്തരം തടസ്സം സൃഷ്ടിച്ചുക്കൊണ്ടിരുന്ന ട്രംപ് വ്യക്തിപരമായും ആക്രമിച്ചു. “കഴിഞ്ഞ 47 വർഷത്തിനിടയിൽ താങ്കൾ ഒന്നും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാം” എന്നുതുടങ്ങിയ പ്രയോഗങ്ങൾ ട്രംപ് നടത്തുകയുണ്ടായി. ട്രംപിന്റെ വാക്കുകൾക്കെതിരെ തിരിഞ്ഞ ജോ, ”ഒന്ന് മിണ്ടാതിരിക്കുമോ മനുഷ്യാ? ” എന്ന് ചോദിച്ചു. പ്രസിഡന്റിനെ ഒരവസരത്തിൽ കോമാളി എന്ന് വിളിക്കുകയുണ്ടായി. ട്രംപിന്റെ അനാവശ്യ ഇടപെടലുകൾ ഫോക്സ് ന്യൂസിൽ നിന്ന് മോഡറേറ്റർ ആയി എത്തിയ ക്രിസ് വാലസ് ചൂണ്ടിക്കാട്ടി. മറുപക്ഷത്തുള്ള ആൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പകർച്ചവ്യാധി, ആരോഗ്യ സംരക്ഷണം, സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളിലേക്ക് സംവാദം നീണ്ടപ്പോൾ ട്രംപിന് കാലിടറി.

മഹാമാരിയിൽ മാസങ്ങളോളം ജനങ്ങളുടെ ജീവൻ വച്ച് ട്രംപ് കളിക്കുകയായിരുന്നുവെന്ന് ജോ പറഞ്ഞു. ട്രംപ് കാരണം 200,000 അമേരിക്കകാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡന്‍ ആയിരുന്നു ഈ സമയത്ത് രാജ്യം ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ ഇപ്പോഴത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞു. 20 മിനിറ്റ് നേരം കോവിഡ് പ്രതിസന്ധിയെപ്പറ്റിയാണ് ചർച്ച ചെയ്തത്. ‘ഒരിക്കലും വിഡ്ഢികളോട് വാദിക്കരുത്. കാരണം നിങ്ങളെ അവർ അവരുടെ നിലവാരത്തിലേക്ക് താഴ്ത്തും” എന്ന മാർക്ക് ട്വയിനിന്റെ വിഖ്യാത വാക്കുകൾ കടമെടുത്തുകൊണ്ടാണ് ജോ സംവാദം അവസാനിപ്പിച്ചത്.

സ്വന്തം ലേഖകൻ

യു കെ :- യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാറുകൾക്ക് കോട്ടം തട്ടുന്ന ഇന്റെർണൽ മാർക്കറ്റ് ബില്ലിന് അംഗീകാരം നൽകി എംപിമാർ. ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 84 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. പ്രാഥമിക ഘട്ടങ്ങൾ എല്ലാം കടന്ന ഈ ബില്ല് ഇനി ഹൗസ് ഓഫ് ലോർഡ്‌സ് ആണ് പാസാക്കേണ്ടത്. ഈ ബില്ലിലെ പല വ്യവസ്ഥകളും യൂറോപ്യൻ യൂണിയനുമായി ഏർപ്പെട്ടിരിക്കുന്ന കരാറിലെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. അതിനാൽ തന്നെ ഈ ബില്ല് പുനഃക്രമീകരിക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ ആണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർക്കറ്റ് ബില്ലുമായി മുന്നോട്ടുപോകുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് യൂറോപ്യൻ യൂണിയൻ തലസ്ഥാനമായി കരുതപ്പെടുന്ന ബ്രസൽസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മാസം തുടക്കത്തിലാണ് ഗവൺമെന്റ് ഈ ബില്ല് ആദ്യമായി മുന്നോട്ടു വച്ചത്. യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഈ ബില്ലിന് ആദ്യം തന്നെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും പ്രതികരിച്ചിട്ടുണ്ട്. വോട്ട് ചെയ്ത കൺസർവേറ്റീവ് പാർട്ടി എംപിമാർ എല്ലാരും തന്നെ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രി തെരേസ മേ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൺസർവേറ്റീവ് പാർട്ടി എംപിമാരായ ജെറെമി റൈറ്റ് ഉൾപ്പെടെയുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ബ്രെക്സിറ്റിനു ശേഷമുള്ള കാലഘട്ടത്തിൽ സുഖമമായ ചരക്ക് നീക്കത്തിന് ഈ ബില്ല് അത്യന്താപേക്ഷിതമാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നിലപാട്. എല്ലാ തരത്തിലുള്ള എതിർപ്പുകളെയും അവഗണിച്ചാണ് ഗവൺമെന്റ് ഈ ബില്ലുമായി മുന്നോട്ടു പോകുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവെൻട്രി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഹാളിൽ പാർട്ടിക്കായി ഒത്തുകൂടിയത് 200ലധികം പേർ. ചൊവ്വാഴ്ച പുലർച്ചെയാണ് കോവെൻട്രി സർവകലാശാലയിലെ ഹാളിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. പാർട്ടിയുടെ പല വിഡീയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചില സാമുദായിക മേഖലകൾ അടച്ചുപൂട്ടാനും സുരക്ഷ വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥർ അരുൺഡെൽ ഹൗസ് മാനേജുമെന്റുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമവും പരമാവധി ആറു പേർക്ക് മാത്രം ഒത്തുകൂടാമെന്ന നിയമവും നിലനിൽക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ഈ പെരുമാറ്റം അത്യധികം ആശങ്ക ഉളവാക്കുന്നതാണ്. നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള വിദ്യാർത്ഥികളുടെ ആട്ടവും പാട്ടും രോഗവ്യാപന ഭീതി വർധിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിതരായ 5 പേരുള്ള കോവെൻട്രി സർവകലാശാലയ്ക്ക് സംഭവത്തെക്കുറിച്ച് അറിയാമെന്നും സർവകലാശാലയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും വക്താവ് പറഞ്ഞു. കുറഞ്ഞത് 32 സർവകലാശാലകളിലായി 500 ലധികം കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രിട്ടനിലുടനീളം 4,000 വിദ്യാർത്ഥികൾ രണ്ടാഴ്ചയായി ക്വാറന്റൈനിൽ കഴിയുകയാണ്.

വൈറ്റ്ഫ്രിയേഴ്‌സ് ലെയ്‌നിലെ സ്വകാര്യ താമസസ്ഥലങ്ങളിൽ നിന്നുള്ള ഫൂട്ടേജുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ നിയമലംഘനത്തിൽ അപലപിക്കുന്നുവെന്ന് കോവെൻട്രി സർവകലാശാല അറിയിച്ചു. സംഭവത്തെ സർവകലാശാല വളരെ ഗൗരവമായി കാണുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഇയാൻ ഡൺ പറഞ്ഞു. ഈ വർഷത്തേക്ക് തുറന്ന അരുൺഡെൽ ഹൗസിലാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ താമസിക്കുന്നതെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഹാളുമായി നേരിട്ട് ബന്ധമില്ലെന്ന് ഡൺ പറഞ്ഞു. വീഡിയോയിൽ ഉൾപ്പെട്ട ആരെങ്കിലും വിദ്യാർത്ഥികളാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥർ ഹാളിലെ സിസിടിവി പരിശോധിക്കുന്നുണ്ടെന്നും ഇത് ആസൂത്രിതമായ പാർട്ടിയാണെന്ന് തെളിവുകൾ പുറത്തുവന്നാൽ നടപടിയെടുക്കുമെന്നും പോലീസ് വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ഒത്തുചേരലിനെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഹാൾ നടത്തുന്ന നിഡോ പറഞ്ഞു. കുറച്ചുപേരുടെ പ്രവർത്തികൾ മറ്റു പലരുടെയും ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്. സർവകലാശാലകളിലടക്കം രോഗം വ്യാപിക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളുടെ നിരുത്തരവാദപരമായ പ്രവർത്തി ആരോഗ്യമേഖലയെയും ആശങ്കയിലാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾക്കെതിരെ ബാക്ക്ബെഞ്ച് എംപിമാർ. നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിലെ പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബോറിസ് ജോൺസൺ ക്ഷമ ചോദിക്കുകയുണ്ടായി. ജോൺസൻ കൊണ്ടുവന്ന പുതിയ നിയമത്തിൽ വ്യത്യസ്ത വീടുകളിൽ നിന്നുള്ളവർ പബ്ബിനുള്ളിൽ ഒത്തുകൂടരുതെന്ന് പറയുന്നു. ഇത് 20 ലക്ഷം പൊതുജനങ്ങൾക്ക് ബാധകമാണെന്നിരിക്കെ പബ്ബ് ബിയർ ഗാർഡനുകൾ പോലുള്ള ഔട്ട്‌ഡോർ ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തു. വ്യക്തമായ നിയമം നൽകാത്തതിനെതിരെ ലേബർ പാർട്ടിയിൽ നിന്നും വിമർശനം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,143 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ രേഖപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളിൽ 71 പേരാണ് മരണമടഞ്ഞത്. ജൂലൈ 1ന് ശേഷമുള്ള ഉയർന്ന കണക്കാണിത്.

നോർത്ത് ഈസ്റ്റിലെ ആളുകൾക്ക് ഒരു പബ്ബ് ഗാർഡനിൽ വച്ച് മറ്റ് വീടുകളിൽ നിന്നുള്ളവരെ ഇനിയും കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, ജനങ്ങൾ പ്രാദേശിക മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നാണ് ജോൺസൻ പറഞ്ഞത്. പിന്നാലെ ട്വിറ്ററിൽ അദ്ദേഹം ക്ഷമാപണം നടത്തി. “പബ്ബുകൾ, റെസ്റ്റോറന്റുകൾ, വീട് എന്നിവയ്ക്കുള്ളിൽ വച്ച് വിവിധ വീടുകളിൽ നിന്നുള്ളവരെ കാണാൻ കഴിയില്ല എന്നതാണ് പുതിയ നിയമം അർത്ഥമാക്കുന്നത്.” പ്രധാനമന്ത്രി അറിയിച്ചു. നിയമങ്ങൾ വളരെ സങ്കീർണ്ണവും ഏകപക്ഷീയവുമാണെന്ന് ബാക്ക്ബെഞ്ച് എംപിമാർ പറഞ്ഞു. രാഷ്ട്രീയ യുക്തിക്ക് യോജിച്ച തീരുമാനമല്ല ഇതെന്നും അവർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ മാത്രമല്ല, പാർലമെന്റ് എങ്ങനെ ഇടപെടുന്നുവെന്നതിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള ഒരു മാർഗത്തിലേക്ക് ബാക്ക്ബെഞ്ചേഴ്‌സ് നീങ്ങുകയാണ്. കഴിഞ്ഞാഴ്ച കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ, കർശനമായ നിയമങ്ങളിലേക്ക് നീങ്ങുന്നതിൽ നിന്ന് പത്താം നമ്പറിനെ തടഞ്ഞതിന്റെ ഭാഗമായിരുന്നു അവർ. അതേസമയം പുതിയ നിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായി നോർത്ത് ഈസ്റ്റിലെ ആളുകൾ പരാതിപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനുശേഷം തന്റെ എല്ലാ വേദികളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ടൈനെസൈഡിലും നോർത്തേംബർലാൻഡിലും ബാറുകളും റെസ്റ്റോറന്റുകളും നടത്തുന്ന ഒല്ലി വോൾക്കാർഡ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രധാനമന്ത്രി ബുധനാഴ്ച ഉച്ചയ്ക്ക് പത്രസമ്മേളനം നടത്താനിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ജോൺസണൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വന്തം ലേഖകൻ

യുകെ :- കൊറോണ ബാധിച്ച് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു. ഇപ്പോഴും പല രാജ്യങ്ങളിലും രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. മുഴുവൻ മരണനിരക്കിന്റെ, പകുതിയോളം യു എസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ കണക്കിൽ രേഖപ്പെടുത്തുന്നു. എന്നാൽ ഈ കണക്കുകളിലും അധികമാണ് യഥാർത്ഥ മരണങ്ങൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്ന് യു എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നും രോഗം ആരംഭിച്ച 10 മാസത്തിനു ശേഷമുള്ള ഈ മരണനിരക്ക് ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്.

ഇപ്പോൾതന്നെ രോഗബാധ ഏകദേശം 188 ഓളം രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. ഏകദേശം 32 മില്യനോളം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലരാജ്യങ്ങളും ലോക്ക് ഡൗൺ ഏർപ്പെടുത്തിയെങ്കിലും, ഇത് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതോടൊപ്പം തന്നെ രോഗബാധയ്ക്ക് തടയിടുന്നതിനായി വാക്സിൻ പരീക്ഷണം ലോകത്തിലെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. യു എസിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു വരെ 205, 000 പേർ കൊറോണ ബാധ മൂലം യു എസിൽ മരിച്ചു. ബ്രസീലിൽ 141, 700 പേരും, ഇന്ത്യയിൽ 95, 500 പേരുമാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

യു എസിൽ ഇതു വരെ 7 മില്യനോളം കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഒരു ദിവസം 90000 കേസുകളാണ് രേഖപ്പെടുത്തുന്നത്. വാക്സിൻ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങൾക്കാണ് വിജയ സാധ്യത കാണുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണ ബാധമൂലം നേരിടുന്ന പ്രതിസന്ധികൾ അനേകമാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനോടൊപ്പം എൻ എച്ച് എസും പ്രതിസന്ധിയുടെ പടവുകളേറുകയാണ്. ഈ ശൈത്യകാലത്ത് കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നിരിക്കെ രോഗപ്രതിരോധവും എൻ എച്ച് എസിന്റെ ചികിത്സാ നിലവാരവും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. രോഗ നിയന്ത്രണ നടപടികൾ മൂലം എൻ എച്ച് എസിന്റെ ശേഷി കുറയുന്നുവെന്ന് ആരോഗ്യ മേധാവികൾ വെളിപ്പെടുത്തി. ഇംഗ്ലീഷ് എൻ‌എച്ച്‌എസിനെക്കുറിച്ചുള്ള എൻ‌എച്ച്‌എസ് കോൺഫെഡറേഷൻ റിപ്പോർട്ടിൽ കൂടുതൽ നിക്ഷേപം ഇപ്പോൾ ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ ശൈത്യകാലത്തെ രോഗപ്രതിരോധത്തിനായി 3 ബില്യൺ പൗണ്ട് അധികമായി സർക്കാർ വാഗ് ദാനം ചെയ്തിട്ടും പ്രതിസന്ധി നേരിടുകയാണ്. അണുബാധ നിയന്ത്രണ നടപടികളെ നേരിടാൻ ആശുപത്രികളെ സഹായിക്കുക, കാൽമുട്ട്, ഹിപ്പ് മാറ്റിവയ്ക്കൽ പോലുള്ള പതിവ് ചികിത്സകൾ സ്വകാര്യമായി ചികിത്സിക്കുന്നതിനുള്ള പണം രോഗികൾക്ക് നൽകുക എന്നിവയ്ക്കുവേണ്ടി ആ ധനസഹായം ചിലവിടാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ആശുപത്രികൾ ഇപ്പോഴും സാധാരണ പ്രവർത്തനങ്ങളുടെ പകുതി മാത്രമേ ചെയ്യുന്നുള്ളൂ. ഇരുപത് ലക്ഷം രോഗികൾ 18 ആഴ്ചയിൽ കൂടുതലായി ഒരു ചികിത്സ നേടാൻ കാത്തിരിക്കുന്നു.

എൻ‌എച്ച്‌എസിനായി സുസ്ഥിരമായ ഒരു പദ്ധതി കണ്ടെത്തേണ്ടതുണ്ടെന്ന് എൻ‌എച്ച്‌എസ് കോൺഫെഡറേഷൻ ചീഫ് എക് സിക്യൂട്ടീവ് ഡാനി മോർട്ടിമർ പറഞ്ഞു. “എൻ‌എച്ച്‌എസിന്റെയും സാമൂഹ്യ പരിപാലന സേവനങ്ങളുടെയും വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരിക്കുമെന്നതിൽ ആർക്കും സംശയമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ എൻ എച്ച് എസിന് സാധിക്കില്ലെന്ന് പലരും പറഞ്ഞിട്ടും കോവിഡ് രോഗികളുടെ ഒരു വലിയ തരംഗത്തെ നിയന്ത്രിക്കുക മാത്രമല്ല, വൈറസ് ബാധിക്കാത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് എൻ എച്ച് എസ് ചികിത്സ നൽകുകയും ചെയ് തിരുന്നു. ഫലപ്രദമായ ടെസ്റ്റ്-ട്രേസ് സിസ്റ്റം ഇല്ലെങ്കിലും വൈറസിനെ നേരിടാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് മോർട്ടിമർ അറിയിച്ചു.

കോൺഫെഡറേഷന്റെ സർവേയിൽ പ്രതികരിച്ച 250 ലധികം മേലധികാരികളിൽ ഭൂരിഭാഗം പേരും ഫണ്ടിങ് പ്രധാന പ്രശ് നമാകുന്നുവെന്ന് പറഞ്ഞു. മാനസികാരോഗ്യ സംരക്ഷണം മുതൽ കാൻസർ ചികിത്സ, പതിവ് പ്രവർത്തനങ്ങൾ തുടങ്ങി എല്ലാത്തിലും ധനസഹായത്തിന്റെ അഭാവം ഒരു പ്രധാന തടസ്സമാകുമെന്ന് അവർ വെളിപ്പെടുത്തി. ആശങ്കയുളവാക്കുന്ന റിപ്പോർട്ട്‌ ആണ് പുറത്ത് വന്നിരിക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഡാം ഡോന്ന കിന്നെയർ പറഞ്ഞു. നഴ് സിംഗ് സ്റ്റാഫുകളുടെ ഗുരുതരമായ ക്ഷാമം എൻ എച്ച് എസ് സേവനങ്ങൾക്കും അവയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ശൈത്യകാലത്തെ രോഗവ്യാപനത്തെയും മരണങ്ങളെയും നേരിടാൻ എൻ എച്ച് എസ്, സുപ്രധാന പദ്ധതികൾ ആവിഷ് കരിക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് വൻ പിഴ ചുമത്തുന്നതുൾപ്പടെ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. എൻ എച്ച് എസ് ടെസ്റ്റ്‌ ആൻഡ് ട്രേസോ കൗൺസിലോ നിങ്ങളോട് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടും. എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ 1000 പൗണ്ട് പിഴ ചുമത്തും. രണ്ടാം വട്ടം പിഴത്തുക 10000 പൗണ്ട് ആയി ഉയരും. സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിനെതിരെ ഇംഗ്ലണ്ടിലെങ്ങും പ്രതിഷേധം അലയടിച്ചുയരുകയാണ്. കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതിനാൽ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് പുതിയ നിയമങ്ങൾ നിർണായകമാണെന്ന് മന്ത്രിമാർ പറയുന്നു. ഞായറാഴ്ച പ്രസിദ്ധീകരിച്ച നിയമങ്ങളിൽ ചില അവസാന നിമിഷ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. അവസാന നിമിഷത്തെ കൂട്ടിച്ചേർക്കലുകളെ നമ്പർ 10 ന്യായീകരിച്ചു, എം‌പിമാർ പിന്നീട് അംഗീകരിച്ചില്ലെങ്കിൽ നിയമങ്ങൾ കാലഹരണപ്പെടുമെന്ന് അവർ അറിയിച്ചു. ഇന്നലെ 4,044 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിൽ നേരിടുന്ന ഇടിവ് വലിയ ആശ്വാസം പകരുന്നതാണ്.

പുതിയ നിയമത്തിൽ ‘അശ്രദ്ധമായി’ ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് 4000 പൗണ്ട് പിഴ ചുമത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരാളെ അപകടത്തിലാക്കുന്ന തരത്തിൽ സ്വയം ഒറ്റപ്പെടൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ ഒരു പ്രത്യേക കുറ്റമാണ്. കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10000 ആയി ഉയരും. മറ്റുള്ളവരെ ക്വാറന്റൈനിൽ ആക്കാൻ കരുതികൂട്ടി ചെയ്യുന്നതെന്തും ഇപ്പോൾ കുറ്റകൃത്യമാണ്. ഉദാഹരണത്തിന്, പബ്ബിൽ വച്ചു കണ്ടുമുട്ടിയെന്ന പേരിൽ നിങ്ങളുടെ ശത്രുക്കളോട് ഇപ്പോൾ ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെടരുത്. കൊറോണ വൈറസ് പോസിറ്റീവ് ആണെങ്കിൽ, നിയമപ്രകാരം അവർ രണ്ടാഴ്ചത്തേക്ക് സ്വയം ഒറ്റപ്പെടാൻ നിർബന്ധിതരാകും. അതിനാൽ തന്നെ, ആളുകളെ വ്യാജമായും പ്രതികാരപരമായും നിർബന്ധിക്കുന്നത് തെറ്റാണ്. ആദ്യ പിഴത്തുക 1000 ആണെങ്കിലും പിന്നീടും പിടികൂടിയാൽ ഇത് വർധിക്കും. അതുപോലെ ആളുകളെ ടെസ്റ്റ്‌ ആൻഡ് ട്രേസിൽ നിന്ന് ഒഴിവാക്കുന്നതും ഇപ്പോൾ കുറ്റകരമാണ്. എൻ‌എച്ച്‌എസ് ടെസ്റ്റ്, ട്രേസ് അല്ലെങ്കിൽ കൗൺസിൽ ആവശ്യപ്പെട്ടാൽ നിങ്ങളുടെ വീട്ടിലെ ഓരോ അംഗത്തിന്റെയും പേര് നൽകണമെന്ന് നിയമത്തിൽ പറയുന്നു. തെറ്റായ വിവരം നൽകുന്നത് ക്രിമിനൽ കുറ്റമാണ്. ആദ്യ പിഴത്തുക 1000 പൗണ്ട്.

പുതിയ നിയമങ്ങളിലെ പിഴകൾ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ബാധകമാണ്. എന്നാൽ കുട്ടികളെ ക്വാറന്റൈനിൽ സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിക്ക് പിഴ ചുമത്തും. കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ അതെ പിഴത്തുക നൽകേണ്ടിവരും. നിങ്ങൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നില്ലെങ്കിൽ, സ്വയം ഒറ്റപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ തൊഴിലുടമയെ അറിയിക്കേണ്ടത് ഇപ്പോൾ നിയമപരമായ ആവശ്യകതയാണ്. നിങ്ങളുടെ ക്വാറന്റൈൻ കാലയളവിന്റെ ആരംഭ, അവസാന തീയതികൾ തൊഴിലുടമയോട് പറയണം. ഏജൻസി തൊഴിലാളികൾക്കും സമാനമായ നിയമങ്ങൾ ബാധകമാണ്. ഇത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ 50 പൗണ്ടാണ്. ക്വാറന്റൈനിൽ കഴിയുന്ന ജീവനക്കാരനെ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിക്കുന്നത് ഇപ്പോൾ കുറ്റമാണ്. ഇതിനെതിരെ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തുന്നത്.

പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ 85 ഡെസിബെലിൽ കവിയുന്ന സംഗീതം പ്ലേ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. തത്സമയ പ്രകടനങ്ങൾക്കും വിലക്കുണ്ട്. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമത്തിലാണ് ഈ നിയന്ത്രണങ്ങൾ ഉൾപ്പെടുന്നത്. ഈ നിയമം ലംഘിച്ചാൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും 1000 പൗണ്ട് പിഴ ചുമത്തുന്നതാണ്. പിന്നീടും നിയമലംഘനം തുടർന്നാൽ പിഴത്തുക വർദ്ധിക്കും. മാസ്ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ ഈടാക്കുമെന്നും സർക്കാർ കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. നിങ്ങൾക്ക് പിഴ ഈടാക്കിയാൽ, പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. എന്നാൽ അതിൽ പരാജയപ്പെട്ടാൽ നിങ്ങളെ അറസ്റ്റ് ചെയ്യുകയും ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്യാം.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടനിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കാനുള്ള പ്രായപരിധി അടുത്ത ആഴ്ച മുതൽ 66 ആയി ഉയർത്തുവാൻ തീരുമാനമായി. നിലവിൽ 65 വയസ്സാണ് പെൻഷൻ ലഭിക്കാനുള്ള പ്രായം ആയി നിശ്ചയിച്ചിരുന്നത്. സമീപഭാവിയിൽ ഇത് വീണ്ടും ഉയർത്തുവാൻ ആലോചിക്കുന്നതായും പെൻഷൻസ് ഡയറക്ടർ സ്റ്റീഫൻ ക്യാമറോൺ അറിയിച്ചു. പത്തുവർഷത്തിനിടയിൽ നിരവധി തവണയാണ് പെൻഷൻ ലഭിക്കുന്ന പ്രായത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. 2010- ൽ സ്ത്രീകൾക്ക് 60 വയസ്സ് മുതലും, പുരുഷന്മാർക്ക് 65 വയസ്സുമുതലും പെൻഷൻ ലഭിക്കാൻ അർഹരായിരുന്നു. 2028 ഓടു കൂടി ഇത് 67 ആക്കാനാണ് തീരുമാനം.

അതോടൊപ്പം തന്നെ പെൻഷൻ തുകയിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പെൻഷനിലൂടെ ലഭിക്കുന്ന തുക കൊണ്ട് മാത്രം റിട്ടയർമെന്റ് ജീവിതം സുഖമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. അതുകൊണ്ട് ജനങ്ങൾ പൂർണമായി പെൻഷനെ തന്നെ ആശ്രയിക്കാതെ, മറ്റ് വരുമാന മാർഗങ്ങൾ കണ്ടുപിടിക്കണമെന്ന് പെൻഷൻസ് ഡയറക്ടർ ഓർമിപ്പിച്ചു. നിലവിൽ പാലിച്ച് വരുന്ന ട്രിപ്പിൾ ലോക്ക് മെക്കാനിസം അനുസരിച്ച്, വർഷാവർഷങ്ങളിൽ പെൻഷൻ തുക വർധിപ്പിക്കുന്ന തരത്തിലാണ് സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ കോവിഡ് ബാധ മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം പെൻഷൻ കാര്യങ്ങളെ ബാധിക്കുമെന്ന് ഇതുവരെയും സർക്കാർ വ്യക്തമാക്കിയിട്ടില്ല.

സ്വന്തം ലേഖകൻ

21 ഓളം കണ്ടെയ് നറുകളിൽ പരിസ്ഥിതിയും മനുഷ്യനും അത്യധികം ദോഷം വരുത്തി വെക്കുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇറക്കുമതി ചെയ് ത യുകെയിലേക്ക് തന്നെ അതെല്ലാം തിരിച്ചയക്കാനുറച്ച് ശ്രീലങ്കൻ സർക്കാർ. സ്വകാര്യ സ്ഥാപനം യുകെയിൽ നിന്ന് വരുത്തിയ 263 ഓളം കണ്ടെയ് നറുകളിൽ ഹോസ്പിറ്റൽ വേസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗിച്ച ചവിട്ടികൾ, കയറ്റുപായകൾ, കാർപെറ്റുകൾ എന്നിവയാണ് പൊട്ടൻഷ്യൽ റീസൈക്ലിംങിനായി യഥാർത്ഥത്തിൽ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ലഭിച്ച കണ്ടെയ് നറുകളിൽ ചുരുങ്ങിയ അളവിൽ മാത്രമേ ആവശ്യപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ സാധിച്ചുള്ളൂ. അഴുകുന്ന മാലിന്യങ്ങളും വലിയ അളവിൽ കണ്ടെയ് നറുകളിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. പ്ലാസ്റ്റിക് പോളി‌ത്തീൻ വേസ്റ്റുകളും ഉൾപ്പെട്ടിരുന്നതായി അധികൃതർ പരാതിപ്പെടുന്നു.

2018 തന്നെ ലഭിച്ച വസ്തുക്കളിൽ മാലിന്യങ്ങളാണ് കൂടുതൽ എന്ന് തിരിച്ചറിഞ്ഞപ്പോൾ ശ്രീലങ്ക കണ്ടെയ് നറുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ചയോടുകൂടി 21 കണ്ടെയ് നറുകൾ കപ്പലിൽ അയച്ചിട്ടുണ്ട്. അതേസമയം ഹസാർഡിയസ് വേസ്റ്റ് ആൻഡ് ഡിസ്പോസൽ – അന്താരാഷ്ട്രതലത്തിലും യൂറോപ്യൻ യൂണിയൻ നിയമങ്ങളും മുറിവേറ്റിരിക്കുകയാണെന്ന് കസ്റ്റംസ് സ്പോക്സ് പേഴ്സൺ ആയ സുനിൽ ജയ് രത്ന പറഞ്ഞു.

അതേസമയം നിയമലംഘനം നടന്നിട്ടുള്ള വേസ്റ്റ് കയറ്റുമതികളെ പറ്റി അന്വേഷിച്ചു പരിഹാരമുണ്ടാകുമെന്ന് ഇംഗ്ലണ്ട് പരിസ്ഥിതി ഏജൻസി അറിയിച്ചു. ” അന്വേഷണത്തിനായി കൂടുതൽ വിവരങ്ങൾ നൽകാൻ ശ്രീലങ്കൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ വക്താവ് മറുപടി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മാലിന്യങ്ങൾ തിരിച്ചയക്കാൻ ഒരുങ്ങുകയാണ് മറ്റു മിക്ക രാജ്യങ്ങളും. ജനുവരിയിൽ മലേഷ്യ 42 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകൾ യുകെയ്ക്ക് മടക്കി അയച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved