ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലീഡ്സ് : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തെത്തുടർന്ന് ലീഡ്‌സിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ന് മുതൽ നിരോധനം ഏർപ്പെടുത്തി. ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവിടങ്ങളിലെ നിയമങ്ങൾക്കനുസൃതമായി നഗരത്തെ കൊണ്ടുവരുമെന്ന് കൗൺസിൽ നേതാവ് ജൂഡിത്ത് ബ്ലെയ്ക്ക് പറഞ്ഞു. രോഗവ്യാപനം കുത്തനെ ഉയർന്നയതായി സിറ്റി കൗൺസിൽ അറിയിച്ചു. ഒരു ലക്ഷത്തിൽ 98.5 ആണ് നിരക്ക്. ഈ പുതിയ നിയന്ത്രണം 780,000ത്തോളം ആളുകളെയാണ് ബാധിക്കുന്നത്. ഇന്ന് രാവിലെ മുതൽക്കേ ഈ നടപടികൾ പ്രാബല്യത്തിൽ വരുമെന്നും കൗൺസിൽ അറിയിച്ചു. ലീഡ്സ്, സ്റ്റോക്ക്പോർട്ട്, വിഗൻ, ബ്ലാക്ക്പൂൾ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചിരുന്നു.

ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഒരു സപ്പോർട്ട് ബബിളിലല്ലാതെ സ്വകാര്യ വസതിയിലോ പൂന്തോട്ടത്തിലോ മറ്റേതെങ്കിലും വീടുകളുമായോ ഒത്തുകൂടാൻ കഴിയില്ല. പുതിയ നടപടികളുടെ കാലാവധി എല്ലാവരുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കും എന്ന് ബ്ലെയ്ക്ക് പറഞ്ഞു. നഗരത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ട ഒരു ഘട്ടത്തിൽ നമ്മൾ എത്തിയെന്നും അവർ കൂട്ടിച്ചേർത്തു. സെൽഫ് ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുന്നത് മൂലം നഗരത്തിലുടനീളം വളരെ വ്യാപകമായ സാമൂഹിക വ്യാപനം നടക്കുന്നുണ്ടെന്ന് ലീഡ്സ് പൊതുജനാരോഗ്യ ഡയറക്ടർ വിക്ടോറിയ ഈറ്റൻ പറഞ്ഞു.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ, ആരാധനാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, വിനോദ വേദികൾ, പാർക്കുകൾ എന്നിവിടങ്ങളിലും മറ്റുളവരുമായി ഒത്തുകൂടരുതെന്ന് നിർദേശമുണ്ട്. ലീഡ്‌സ് സിറ്റി കൗൺസിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും, നഗരത്തിലുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം സെപ്റ്റംബറിലുടനീളം ഉയർന്നു. സെപ്റ്റംബർ 14 മുതൽ 21 വരെയുള്ള തീയതികളിൽ 829 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത് 607 ആയിരുന്നു. രണ്ടാം ഘട്ട വ്യാപനത്തിലൂടെയാണ് നഗരം കടന്നുപോകുന്നതെന്നും അതിനാൽ പുതിയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ലീഡ്‌സ് സിറ്റി കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടോം റിയോർഡാൻ പറഞ്ഞു
സ്വന്തം ലേഖകൻ
പനി, തുടർച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കോവിഡ് 19 ന് ചികിത്സ തേടിയ പകുതിയോളം പേർക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ആയിരത്തോളം വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മുൻപ് വൈറസ് ബാധ ശരീരത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റുകളിൽ 49 ശതമാനം പേരിലും നെഗറ്റീവ് റിസൾട്ട് ആണ് കാണിച്ചത്. ഇങ്ങനെയുള്ളവരിൽ ഒരുപക്ഷേ ടെസ്റ്റുകൾ അപ്രാപ്യമായ ടി സെല്ലുകൾ പോലെയുള്ള ഇമ്മ്യൂണിറ്റി കോശങ്ങളിൽ ആവാം വൈറസ് ബാധയേറ്റത് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.
ആന്റിബോഡി റെസ്പോൺസ് ആണ് ഇപ്പോൾ വ്യാപകമായി മുൻപു വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്ന ആന്റി ബോഡികൾ കാലക്രമേണ മാഞ്ഞുപോകാൻ സാധ്യതയുള്ളതുകൊണ്ട് ഇതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല. എന്നിരുന്നാലും ഇപ്പോൾ പരിശോധിച്ച രോഗികളിൽ പകുതി പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ. സാധാരണ പനിയും ജലദോഷവും കോവിഡ് 19 ആണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ തണുപ്പ് കാലത്തോടെ ഉണ്ടാവാൻ സാധ്യതയുള്ള രണ്ടാം പകർച്ചയിൽ കൂടുതൽ പേർ രോഗികളായേക്കും. സാധാരണ പനി, ജലദോഷം പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്ന സമയം കൂടിയാണ് തണുപ്പുകാലം. അതിനാൽ വ്യക്തിശുചിത്വം പാലിച്ചും, കോവിഡ് നിയമങ്ങൾ അനുസരിച്ചും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ആയിരക്കണക്കിന് വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ എന്ന് പി എച്ച് ഇ എപ്പിടെമോളജിസ്റ് ആയ റാണിയ മുൾചന്താനി പറയുന്നു.

അതോടൊപ്പം പ്രായമായവരിലും പുരുഷന്മാരിലും ആണ് കോവിഡ് 19 മോശമായി ബാധിക്കുന്നതെന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിൽ ഉള്ള 20 ശതമാനം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്ത്രീകളുടെ ശാരീരികമായ ഇമ്മ്യൂണിറ്റി പ്രത്യേകതകൾ കാരണം സ്ത്രീകൾക്ക് രോഗം ബാധിച്ചാലും ശ്വാസകോശത്തെയോ ശ്വേത രക്താണുക്കളെയോ ബാധിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കൊറോണ വൈറസ് പുരുഷന്മാരെയും ഒരു വിഭാഗം ആളുകളെയും കൂടുതലായി ബാധിക്കുന്നത് എന്നതിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
മഹാമാരി പടർന്നുപിടിച്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് രുചിമുകുളങ്ങളെയും ഗന്ധത്തെയും വൈറസ് ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത് തന്നെ. അതിനാൽ രണ്ടാം വ്യാപനം ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ശാസ്ത്രജ്ഞന്മാർ കൂടുതൽ ശ്രദ്ധാലുക്കളാണ്.
സ്വന്തം ലേഖകൻ
യു കെ :- അബോർഷൻ പ്രക്രിയ നടത്തുന്ന ഡോക്ടർമാരുടെ എണ്ണം ജർമ്മനിയിൽ വളരെ വിരളമായതിനാൽ, അബോർഷനെ മെഡിക്കൽ വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തുവാൻ ആലോചനകൾ നടക്കുകയാണ്. ചിലയിടങ്ങളിൽ ജനങ്ങൾക്ക് അബോർഷൻ നടത്തുന്ന ഡോക്ടറുടെ സേവനം പോലും ലഭ്യമല്ല. ഗർഭധാരണം നടന്ന് 12 ആഴ്ചകൾക്കുള്ളിൽ നടത്തുന്ന അബോർഷനു മാത്രമാണ് ഇതുവരെ ജർമനിയിൽ നിയമ സാധ്യത ഉള്ളത്. ഇതിനായി സ്ത്രീകൾ കൗൺസിലിംഗിന് വിധേയമാകുകയും, അതിനുശേഷം മൂന്ന് ദിവസം കാത്തിരിക്കുകയും ചെയ്യണം. അതിനാൽ തന്നെ അബോർഷൻ മെഡിക്കൽ വിദ്യാർഥികളുടെ സിലബസിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതോടെ അബോർഷൻ നടത്തുന്ന ഡോക്ടർമാരുടെ എണ്ണം വളരെയധികം ചുരുങ്ങിയിരിക്കുകയാണ് രാജ്യത്ത്.

അബോർഷൻ ആവശ്യമായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ സ്റ്റുഡൻസ് ഫോർ ചോയ്സ് ബെർലിൻ പപ്പായ വർക്ക്‌ഷോപ്പുകൾ നടത്തി. സ്ത്രീകളുടെ യൂട്രസിന്റെ ആകൃതിയുടെ സാമ്യമുള്ള പപ്പായ പഴങ്ങളിൽ അബോർഷൻ നടത്തിയാണ് ഈ വർക്ക്ഷോപ്പുകൾ നടത്തുന്നത്. മെഡിക്കൽ വിദ്യാർഥികളെ ഈ പ്രക്രിയ പരിചയപ്പെടുത്തുക എന്നതാണ് ഇത്തരം വർക്ക് ഷോപ്പുകളുടെ ഉദ്ദേശം. 2015 ലാണ് അലീഷ ബെയർ ഇത്തരമൊരു സംഘടന സ്ഥാപിച്ചത്. ആഘോഷം നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഗർഭിണികളുടെ സഹായത്തിനായാണ് ഇത്തരമൊരു സംഘടന രൂപീകരിച്ചത്.

അബോർഷൻ നടത്താൻ അറിയുന്ന ഡോക്ടർമാർ പലരും റിട്ടയർ ചെയ്യുകയാണ്. അതിനാൽ തന്നെ ജനങ്ങൾക്ക് ഈ സേവനം ആവശ്യമായി വരികയാണെങ്കിൽ, ഡോക്ടർമാരുടെ എണ്ണം ചുരുക്കമാണ്. ഗർഭിണികളായ സ്ത്രീകൾക്ക് അബോർഷൻ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് ജർമ്മൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിസ്റ്റസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്രോയ്‌ഡൺ കസ്റ്റഡി സെന്ററിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ആയുധം നിർമ്മിച്ച കുറ്റത്തിന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്ന പ്രതി പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിന് ശേഷം പ്രതി സ്വയം വെടിവയ്ക്കുകയുണ്ടായി. ഇന്നലെ രാത്രി 2: 15ഓടെയാണ് സംഭവം നടന്നത്. തന്റെ വിരമിക്കലിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കസ്റ്റഡി സെന്ററിൽ വച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു. സഹപ്രവർത്തകന്റെ നിര്യാണത്തിൽ വളരെയധികം സങ്കടമുണ്ടെന്ന് മെറ്റ് പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയുണ്ടായി. ജനങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും കസ്റ്റഡി സെന്ററിൽ പുഷ് പാർച്ചന നടത്തി. ആയുധം കൈവശം വച്ചു പ്രതി എങ്ങനെയാണ് കസ്‌റ്റഡി സെന്ററിൽ കടന്നതെന്ന് വ്യക്തമല്ല. സംഭവത്തിൻെറ പൂർണ്ണവിവരങ്ങൾ ലഭ്യമല്ലെന്ന് മുൻ മെറ്റ് പോലീസ് സൂപ്രണ്ട് ലെറോയ് ലോഗൻ പറഞ്ഞു. ക്രോയിഡോണിലെ ഈ ഭയാനകമായ സംഭവം പോലീസ് സേനയെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. സമീപ പ്രദേശത്ത് ഒരു കട നടത്തുന്ന വ്യക്തി രാത്രി 2:30 ഓടെ സൈറണുകളുടെ ശബ്ദം കേട്ട് ഉയർന്നുവെന്ന് വെളിപ്പെടുത്തി. കൊല്ലപ്പെട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ സങ്കടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വാർത്ത തീർത്തും നിരാശകരമാണെന്ന് മെറ്റ് പോലീസ് ഫെഡറേഷൻ ചെയർമാൻ കെൻ മാർഷ് പറഞ്ഞു. ലണ്ടനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി മാർഷ് കൂട്ടിച്ചേർത്തു. സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക് ടിലേക്ക് (ഐഒപിസി) കേസ് റഫർ ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊറോണ വൈറസിനെ തുരത്താനുള്ള ഒരു വാക് സിനായി തീവ്രശ്രമത്തിലാണ്. എന്നാൽ ഇതുവരെയും ഫലപ്രദമായ വാക് സിൻ ലഭിച്ചിട്ടില്ല. ലോകത്തിൽ ആദ്യമായി കൊറോണ വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ എത്തുകയാണ്. വാക് സിൻ പരീക്ഷണത്തിനായി മുമ്പോട്ട് വരുന്ന നിരവധി സന്നദ്ധപ്രവർത്തകർ മനഃപൂർവം രോഗബാധിതരാകും. ലണ്ടനിലാവും ഈ പരീക്ഷണങ്ങൾ നടക്കുക. ഇത്തരം ‘ഹ്യൂമൻ ചലഞ്ച് സ്റ്റഡി’യിലൂടെ വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയാണെന്ന് യുകെ സർക്കാർ അറിയിച്ചു. എന്നാൽ ഇതുവരെയും കരാറുകളൊന്നും ഒപ്പിട്ടിട്ടില്ല. രോഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും മികച്ച വാക് സിൻ ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. പൂർണ്ണ ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് അപകടസാധ്യത കുറവായിരിക്കും. അതിനാൽ തന്നെ പരീക്ഷണത്തിനായി അവരാണ് മുമ്പോട്ട് എത്തുക.
ജനുവരിയിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നതാണ് പ്രാഥമിക വിവരങ്ങൾ. പരീക്ഷണത്തിന് സന്നദ്ധരായി എത്തുന്നവരിൽ ആദ്യം കൊറോണ വൈറസ് കുത്തിവയ്‌ക്കും. പിന്നീടാണ് അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നത്. കൊറോണ വൈറസ് വാക്‌സിനുകളുടെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ ഇത് സഹായിക്കും. സർക്കാർ ധനസഹായത്തോടെയാണ് പഠനം നടക്കുക. ഇൻഫ്ലുവൻസ, കോളറ, ടൈഫോയ് ഡ് എന്നിവയ്ക്കുള്ള വാക് സിനുകൾ പരീക്ഷിക്കാൻ ഇത്തരം ചലഞ്ച് ട്രയലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും സന്നദ്ധപ്രവർത്തകർ രോഗബാധിതരാകുന്നത് തടയാൻ ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നു. കൊറോണ വൈറസ് അപകടകരമാണെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

പരീക്ഷണത്തിനായി ഏത് വാക് സിൻ ആണ് ഉപയോഗിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാൽ അസ്ട്രാസെനെക്കയും സനോഫിയും ഈ പരീക്ഷണത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. കൊറോണ വൈറസ് വാക് സിൻ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും അതിവേഗം നടന്നുവരികയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിലവിൽ 36 വാക്സിനുകൾ ഉണ്ട്. ഒരെണ്ണം ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരീക്ഷണത്തിന്റെ വിപുലമായ ഘട്ടത്തിലാണിത്. വിജയകരമായ ഒരു വാക് സിൻ, സാമൂഹ്യ – ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാകുന്നതിൽ മുഖ്യ പങ്കു വഹിക്കുമെന്നിരിക്കെ ലോകജനത അതിനായുള്ള കാത്തിരിപ്പിലാണ്.
സ്വന്തം ലേഖകൻ
യു കെ :- രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരി രാജകുമാരനും, ഭാര്യ മേഗനും നടത്തിയ അവസാന ആഫ്രിക്കൻ യാത്രയ്ക്ക് ചെലവായത് 250, 000 പൗണ്ട് എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജകുടുംബം കഴിഞ്ഞ വർഷം നടത്തിയ ഏറ്റവും ചിലവേറിയ യാത്രയും ഇതുതന്നെയാണ്. സൗത്ത് ആഫ്രിക്ക, ബോട്സ്വാന, അംഗോള, മലാവി എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഇരുവരും യാത്ര നടത്തിയത്. എന്നാൽ അതിനു ശേഷം ഇരുവരും രാജകുടുംബത്തിന് നേരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. തനിക്ക് ഒരു തരത്തിലുള്ള കരുതലും നൽകാത്ത ഒരു കുടുംബം എന്ന പ്രതികരണമാണ് മേഗന്റെ ഭാഗത്തുനിന്നും രാജകുടുംബത്തെ സംബന്ധിച്ച് ഉണ്ടായത്.

പിന്നീട് ഇരുവരും രാജകുടുംബത്തിലെ തങ്ങളുടെ പദവിയിൽ നിന്നും പിന്മാറിയിരുന്നു. നെറ്റ്ഫ് ളിക്സുമായി പിന്നീട് കരാറിലേർപ്പെട്ട ഇരുവരും ഇപ്പോൾ യുഎസിൽ ആണ് താമസിക്കുന്നത്. യാത്രയിലുടനീളം ഇരുവർക്കുമുള്ള ഫ്ലൈറ്റുകൾക്കും, പ്രൈവറ്റ് ജെറ്റുകൾക്കും ആയി 245, 643 പൗണ്ട് ചിലവായതായി ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തുന്നു. എന്നാൽ ഈ യാത്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആണെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആണ് ഇരുവരും സൗത്താഫ്രിക്കയിൽ പോയതെന്നും രാജ കുടുംബത്തോട് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇരുവരുടെയും യാത്രയുടെ മുഴുവൻ ചിലവുകളും ഗവൺമെന്റ് ആണ് വഹിച്ചത്.

നോർത്തേൺ അയർലൻഡിലെ ഗോൾഫ് ക്ലബ്ബിലേക്ക് തന്റെ പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് യാത്ര ചെയ്ത ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് ഇപ്പോൾ വിവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ പുറത്തുവിട്ടിരിക്കുന്ന കണക്കുകളൊന്നും തന്നെ ശരിയായ കണക്കുകൾ അല്ലെന്ന ആരോപണങ്ങളും ഉണ്ട്. ഹോസ് പിറ്റലുകളിലും മറ്റും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പണം ഇല്ലാതിരിക്കെ, രാജകുടുംബാംഗങ്ങൾ നടത്തുന്ന ഈ ധൂർത്തിനെ സംബന്ധിച്ച് പരക്കെ ആക്ഷേപമുണ്ട്.
സ്വന്തം ലേഖകൻ
സ്വയം മിശിഹാ എന്ന് വിശേഷിപ്പിച്ചിരുന്ന മുൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വർഷങ്ങളായി പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സൈബീരിയയിൽ പെട്ടെന്ന് എത്തിപ്പെടാനാവാത്ത സ്ഥലത്ത് ആശ്രമം സ്ഥാപിച്ച കഴിയുകയായിരുന്ന 59 കാരനായ സെർജൽ ടോറോപിനെ റഷ്യൻ രഹസ്യ കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. നാല് ഹെലികോപ്റ്ററുകളും ഒരു ഡസനോളം വരുന്ന ട്രൂപ്പുമാണ് വ്യാജ മിശിഹായെ കുടുക്കാനുള്ള ദൗത്യത്തിൽ ഉണ്ടായിരുന്നത്. മോസ്കോയിൽ നിന്ന് 2600 മൈൽ അകലെയുള്ള പെട്രോപാവലോവ്ക്ക എന്ന ചെറുഗ്രാമത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊതുവേ യേശുദേവൻ ധരിക്കുന്നതുപോലെയുള്ള ഒഴുകിയിറങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള ഇയാളുടെ വേഷം അറസ്റ്റിലാകുമ്പോൾ ട്രാക്ക് സ്യൂട്ടായിരുന്നു. വിസാരിയൺ എന്ന പേരിൽ ആണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അയ്യായിരത്തോളം വരുന്ന വിശ്വാസികളെ മുതലെടുത്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇരുന്നൂറോളം പേർ ഇയാൾക്കൊപ്പം ആണ് താമസം. ഇയാളുടെ നിയമങ്ങൾ പിന്തുടർന്ന് ജീവിച്ചിരുന്ന ആൾക്കാരെ സൈക്കോളജിക്കൽ വയലൻസ് ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് അടിമകളാക്കുന്നു എന്ന കേസും നിലവിലുണ്ട്.

ക്രിസ്ത്യൻ ചർച്ച് നിയമങ്ങളിൽ തനിക്ക് ഉതകുംവിധം ഉള്ള മാറ്റങ്ങൾ വരുത്തിയാണ് വ്യാജ മിശിഹാ ഭക്തർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. യേശുവിനെ പോലെ വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാളെ ദർശിക്കാനായി വളരെയധികം ഭക്തരാണ് കാത്തുനിന്നിരുന്നതെന്ന് 2009ൽ ചടങ്ങുകൾ സന്ദർശിക്കാൻ ഇടയായ ഫ്രഞ്ച് മാധ്യമപ്രവർത്തക വെളിപ്പെടുത്തി.
” വിവാഹപ്രായം എത്തുന്ന പെൺകുട്ടികളെ നല്ല കുടുംബിനികൾ ആക്കാനുള്ള ട്രെയിനിങ് സ് കൂൾ ഇയാൾ നടത്തിവരുന്നുണ്ട്. ആറു കുട്ടികളുടെ പിതാവായ ഇയാൾ കുടുംബാസൂത്രണത്തെ ശക്തമായി എതിർത്തിരുന്നു. ഒരു വ്യക്തിക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ആവാം എന്ന് വാദിച്ച ഇയാൾ കുട്ടികൾ സമൂഹത്തിന്റെ ആവശ്യമാണെന്നും അതിനാൽ ജനസംഖ്യാ നിയന്ത്രണത്തിന് മാർഗ്ഗങ്ങൾ നോക്കരുതെന്നും പിന്തുടരുന്നവരോട് ആവശ്യപ്പെട്ടിരുന്നു. മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന ഇയാളെ ആദ്യഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന്, ഇയാളുടെ തന്നെ ചിത്രങ്ങൾക്ക് മോഡലായ 19കാരിയെ വിവാഹം കഴിച്ചു.
ഒരു നിർമ്മാണ തൊഴിലാളിയുടെ മകൻ ആയിരുന്ന ഇയാൾ ട്രാഫിക് പോലീസ് ആയി സേവനമനുഷ് ഠിച്ചു കൊണ്ടിരിക്കെ കുറ്റവാളികളെ ശിക്ഷിക്കരുത്, അവർക്ക് മാപ്പ് നൽകണം തുടങ്ങിയ വിചിത്രമായ വാദഗതികൾ ഉന്നയിച്ചതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഒരു വർഷത്തിനുശേഷമാണ്, ദിവ്യദർശനം ലഭിച്ചതായി പൊതുജനമധ്യത്തിൽ ഇയാൾ അവകാശപ്പെട്ടു തുടങ്ങിയത്.

യേശു നമ്മളെ വളരെ അടുത്തുനിന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നു, കന്യാമറിയം ആണ് റഷ്യയെ കാത്തു പരിപാലിക്കുന്നത് തുടങ്ങിയ വാദഗതികൾ പിന്നീട് ലാസ്റ്റ് ടെസ്റ്റമെന്റ് തിരുത്തി എഴുതുന്നതിലേക്ക് പുരോഗമിക്കുകയായിരുന്നു. 1991 ൽ സ്വർഗ്ഗസ്ഥനായ ദൈവമാണ് എന്നെ അയച്ചത് എന്ന വാദവുമായി ഇയാൾ തെരുവിൽ പ്രത്യക്ഷപ്പെട്ടു. റഷ്യയിലെ ധാരാളം പ്രമുഖ വ്യക്തികൾ ഇയാളെ പിന്തുടർന്നു.
സൈബീരിയയിലെ ചെറു ഗ്രാമത്തിലേക്ക് താവളം മാറ്റിയപ്പോൾ ശാസ്ത്രജ്ഞന്മാർ , ഡോക്ടർമാർ, നിയമജ്ഞർ, സംഗീതജ്ഞർ തുടങ്ങി സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകൾ അയാളെ പിന്തുടർന്നു. അനുയായികൾക്ക് താമസിക്കാൻ കൊടുംതണുപ്പിൽ കുടിൽകെട്ടി കൊടുത്തപ്പോൾ, ഇയാൾ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നുനില വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അറിയപ്പെട്ടിരുന്ന നേതാക്കളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു.
വിസാരിയൺ നിർമ്മിച്ച ഗ്രാമങ്ങളിൽ താമസിച്ചിരുന്നവർക്ക് കടുത്ത നിയമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു, എല്ലാവരോടും ദയ കാണിക്കണം എന്നതിൽ തുടങ്ങി ഏത് വാഷിംഗ് പൗഡർ ആണ് ഉപയോഗിക്കേണ്ടത് എന്നതുൾപ്പെടെയുള്ള വിചിത്രമായ നിർദേശങ്ങളാണ് അവർക്ക് ലഭിച്ചിരുന്നത്. മൈനസ് 50 ഡിഗ്രി സെൽഷ്യസ്, മരം കോച്ചുന്ന തണുപ്പിൽ പോലും ഇയാളെ സന്ദർശിക്കാൻ ആയിരക്കണക്കിന് ആൾക്കാരാണ് വന്നു കൊണ്ടിരുന്നത്. ആശ്രമത്തിൽ രോഗികൾ ആകുന്നവർക്ക് ഒരു വിധത്തിൽ ഉള്ള ചികിത്സയും നൽകിയിരുന്നില്ല. ഇയാളുടെ നിർദ്ദേശപ്രകാരം ആത്മഹത്യചെയ്ത വ്യക്തികളുടെ ആത്മഹത്യാ കുറിപ്പിന്റെ ചിത്രങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവായി.
ഡോക്ടർ എ. സി. രാജീവ് കുമാർ
എന്താകണം ആഹാരം ,എങ്ങനെ ആകണം, എത്രത്തോളം ,എപ്പോൾ ,എവിടെ വെച്ച്, എന്നൊക്കെ നിർദേശങ്ങൾ നൽകുന്ന ഒരു ശാസ്ത്രം നമുക്ക് സ്വന്തം ആയുള്ളപ്പോൾ ഇതര നിർദേശങ്ങൾ മാത്രം ആണ് അനുയോജ്യമായത് എന്ന് കരുതിയത് പൂർണമായും ശരിയല്ല എന്ന് സമകാലിക ആരോഗ്യ പ്രശ്നങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. വ്യത്യസ്തങ്ങളായ ആഹാര വസ്തുക്കൾ ,ധാന്യങ്ങൾ ,പയർ വർഗ്ഗങ്ങൾ, വള്ളിയിലുണ്ടാകുന്നവ ,ഇലക്കറികൾ പഴവർഗങ്ങൾ, ഉണക്കി ഉപയോഗിക്കുന്നവ, കിഴങ്ങ് വർഗ്ഗങ്ങൾ, മത്സ്യ മാംസങ്ങൾ എന്നിവയെ ആയുർവ്വേദം തരം തിരിച്ചു നിർദേശിക്കുന്നു. മാത്രമല്ല ഇവ ഒക്കെ ഏതെല്ലാം തരത്തിൽ ഉപയോഗിക്കാൻ ആവും എന്ന പാചക നിർദേശങ്ങളുമുണ്ട്. ഇവ മാത്രം പോരല്ലോ .എങ്ങനെ ആണ് ആഹാരം കഴിക്കേണ്ടത്, എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ക്ര്യത്യമായി നമുക്ക് പറഞ്ഞു തരുന്നു.
1.പാചകം ചെയ്ത് ആറി തണുത്തു പഴകാത്ത ആഹാരം കഴിക്കുക
2.അല്പം എങ്കിലും മയമുള്ള അയവുള്ള സ്നിഗ്ദ്ധത ഉള്ളവ ആകണം. വരണ്ട് ഉണങ്ങി വറത്തു പൊരിച്ചവ വേണ്ട
3.അവരവർക്ക് ആവശ്യം ഉള്ളത്ര അളവ് അറിഞ്ഞ് അത്രയും മാത്രം കഴിക്കുക
4.മുമ്പ് കഴിച്ച ആഹാരം ദഹിച്ച ശേഷം മാത്രം ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
5.പരസ് പരം വിരുദ്ധമായവ ഒരു ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
6.തീരെ സാവകാശവും ഏറെ വേഗത്തിലും ആഹാരം കഴിക്കരുത്
7.അവരവരവർക്ക് തൃപ്തിയുള്ള സ്ഥലം, ഇരിപ്പിടം, പത്രങ്ങൾ ആവണം ആഹാരത്തിന് ഉപയോഗിക്കേണ്ടത്
8. സംസാരിച്ചും ചിരിച്ചും തർക്കിച്ചും ആഹാരം കഴിക്കരുത്
9.കഴിക്കുന്നതിൽ ശ്രദ്ദിക്കുക. ആഹാരം കഴിക്കുമ്പോൾ വായന ,മൊബൈൽ ,ടി വി കാണുക എന്നിവ പാടില്ല
10.ഓരോരുത്തർക്കും ഓരോ തരം ആഹാര ശീലം ഉണ്ട്. അവരവർക്ക് അനുയോജ്യമായ ആഹാരം ആണ് കഴിക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ കരുതൽ വേണം.
ഈ നിർദേശങ്ങൾ പാലിക്കുന്നത് രോഗമില്ലാത്ത ദീർഘായുസ്സ് നല് കാൻ ഇടയാക്കും എന്നതാണ് ആയുർവേദ നിർദേശം.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : എൻഎച്ച്‌എസിന്റെ കോവിഡ് -19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്പ് പുറത്തിറങ്ങി. വളരെക്കാലമായി കാത്തിരുന്ന ആപ്ലിക്കേഷൻ ഇന്നാണ് ഡൗൺലോഡിന് സജ്ജമായത്. കൊറോണ വൈറസ് രൂക്ഷമായ സമയത്ത് പുറത്തിറക്കാനാണ് ശ്രമിച്ചതെങ്കിലും അതിന് കഴിയാതെ നാല് മാസം വൈകിയാണ് ആപ്പ്, പൊതുജനങ്ങളിലേക്ക് എത്തുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ദശലക്ഷകണക്കിന് ബ്രിട്ടീഷുകാരോട് മന്ത്രിമാർ ആവശ്യപ്പെട്ടു. പുതിയ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഇംഗ്ലണ്ടിലും വെയിൽസിലുമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. സ്കോട് ലൻഡിലും നോർത്തേൺ അയർലൻഡിലും നേരത്തെ തന്നെ ആപ്ലിക്കേഷൻ എത്തിയിരുന്നു. രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷൻ അതറിയിക്കുകയും സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ചുറ്റുമുള്ളവരെ നമ്മൾ സംരക്ഷിക്കുകയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ആപ്പ് പുറത്തിറക്കിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. ടെക് കമ്പനികൾ, അന്താരാഷ്ട്ര പങ്കാളികൾ, മെഡിക്കൽ വിദഗ് ധർ എന്നിവരുമായി ചേർന്നു പ്രവർത്തിച്ചാണ് ഇത് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ പലരും ഇത് അവഗണിക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. യുകെയെ സംബന്ധിച്ചിടത്തോളം ഒരു നിർണായക സമയത്താണ് ഇത് പുറത്തുവരുന്നത്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം അതിശക്തമായികൊണ്ടിരിക്കുമ്പോൾ ഈ സാങ്കേതിക വിദ്യയിലൂടെ ഒരു പരിധി വരെ അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കും. 16 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരോട് തങ്ങളുടെ സ് മാർട്ട്ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ എൻ എച്ച് എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെക്ക് ഇൻ സ് കാനർ അലേർട്ട് സഹിതമാണ് ആപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതൽ കോളേജുകളിലെയും സർവകലാശാലകളിലെയും പരമാവധി വിദ്യാർത്ഥികൾ ഇത് ഉപയോഗിക്കണമെന്ന് ആരോഗ്യ മേധാവികൾ ആഗ്രഹിക്കുന്നു. സ്‌കോട്ട്‌ലൻഡിന്റെ കോൺടാക്റ്റ്-ട്രെയ്‌സിംഗ് ആപ്ലിക്കേഷന് സമാനമായ ആപ്പ് ആണിതും. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും ‘എൻഎച്ച്എസ് കോവിഡ് 19’ എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹെയർഡ്രെസ്സറുകൾ തുടങ്ങി ഉപയോക്താവ് സന്ദർശിച്ച മറ്റ് സ്ഥലങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സ് കാനറാണ് ആപ്ലിക്കേഷന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഒന്ന്. പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങിയതോടെ പരിശോധന ആവശ്യപ്പെടുന്നവരുടെ എണ്ണവും വർധിക്കുമെന്ന ആശങ്കയുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത് 6,178 പുതിയ കേസുകൾ. നാല് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപനം ആണിത്. ഇതിന് മുമ്പ് മെയ് 1 ന് 6,201 കേസുകളും ഏപ്രിൽ 5 ന് 6,199 കേസുകളും സ്ഥിരീകരിച്ചിരുന്നു. പരിശോധന വർധിച്ചതിനെത്തുടർന്നാണ് കേസുകളും ഉയർന്നത്. എന്നാൽ ദിവസം കഴിയുന്തോറും രോഗം പടർന്നു പിടിക്കുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുകെയുടെ പോസിറ്റിവിറ്റി റേറ്റ് ഇപ്പോൾ 2.51 ശതമാനമാണ്. അണുബാധകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, ഏപ്രിൽ, മെയ് മാസങ്ങളിലെ വ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെ ഇപ്പോഴും വലിയ ദുരന്തത്തിലേക്ക് നീങ്ങിയിട്ടില്ല. ഒരു ദിവസം ഒരു ലക്ഷത്തിലധികം പുതിയ രോഗബാധിതർ ഉണ്ടെന്ന് ഇംപീരിയൽ കോളേജ് ഗവേഷകർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 41,862 ആയി ഉയർന്നു. ആശുപത്രി പ്രവേശനവും വർദ്ധിച്ചുവരികയാണ്. ബുധനാഴ്ച 1,469 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഇത് 1,319 ആയിരുന്നു.

സ്കോട് ലൻഡിൽ ഇന്നലെ 486 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം വ്യക്തിഗത പെരുമാറ്റത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. “നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിലൂടെ ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” അദ്ദേഹം അറിയിച്ചു.