ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ വൈറസ് വ്യാപന തോത് ഉയരുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതായി ആരോഗ്യവിദഗ്ധർ. നിലവിൽ ആർ റേറ്റ് 0.8 – 1 ൽനിന്ന് ഉയർന്ന് 0.9 നും 1 ന്റെയും ഇടയിൽ എത്തിച്ചേർന്നത് വൈറസ് വ്യാപനം കൂടുന്നതിൻെറ സൂചനയാണെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗൺ പിന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വൈറസ് സ്ഥാപനം തീവ്രമായി തുടരുന്ന എസെക്സിലും ബെഡ്ഫോർഡ്ഷയറിലും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

സ്ഥിതി നിയന്ത്രണാതീതമായില്ലെങ്കിൽ ലണ്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കൗമാരക്കാർ വൈറസ് വ്യാപന തോത് ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്ന് ലണ്ടനിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വൈറസ് പരിശോധന കർശനമാക്കാനുള്ള തീരുമാനം വന്നിരുന്നു. ഇതിനിടെ ഷോപ്പുകളിലെ ക്രിസ്മസിനോടനുബന്ധിച്ചുള്ള തിക്കുംതിരക്കും സ്ഥിതി കൂടുതൽ വഷളാക്കുമെന്നുള്ള ആശങ്കയിലാണ് അധികൃതർ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21672 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 424 പേർ മരണമടയുകയും ചെയ്തു. ഇതോടുകൂടി മഹാമാരി പൊട്ടി പുറപ്പെട്ടതിന് ശേഷം യുകെയിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1809455 ഉം മരണസംഖ്യ 63506 ഉം ആയി.