Main News

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറി വരുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂളുകൾ മെയ്‌ അവസാനത്തോടെയോ ജൂൺ ആദ്യവാരമോ തുറക്കാൻ സാധ്യത. അടുത്ത ആറുമാസത്തിനുള്ളിൽ യുകെയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി 50 പേജുള്ള പദ്ധതി പ്രധാനമന്ത്രി തയ്യാറാക്കിയതായി മനസ്സിലാക്കുന്നു. ഇതിൽ അഞ്ചു ഘട്ടങ്ങൾ ഉൾപ്പെടുന്നു. അഞ്ച് ഘട്ട പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ അടുത്ത മാസം ആരംഭത്തോടെ വീണ്ടും തുറക്കുന്നതായി പറയുന്നുണ്ട്. എന്നാൽ വേനൽക്കാല അവധിയ്ക്ക് മുമ്പായി ജൂൺ അവസാനം മാത്രമേ സെക്കൻഡറി സ്കൂളുകൾ തുറക്കാൻ കഴിയൂ. രണ്ടാം ഘട്ട വ്യാപനം ഉണ്ടാവാതിരിക്കാനായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ. അതിനാൽ തന്നെ ബ്രിട്ടനെ അടുത്ത ആറു മാസം കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാൻ തക്കവണ്ണമുള്ള പദ്ധതിയാണ് പ്രധാനമന്ത്രി തയ്യാറാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ നടപടിയിൽ ഉള്ള മാറ്റവും തുടർന്നുള്ള നിയന്ത്രണങ്ങളും വിശദമായി ഞായറാഴ്ച അറിയിക്കുമെന്നാണ് ജോൺസൻ പറഞ്ഞത്.

അഞ്ചിന പദ്ധതികളിൽ ആദ്യത്തേത് അടുത്ത തിങ്കളാഴ്ച മുതൽ നടപ്പിലാക്കുന്ന കാര്യങ്ങളാണ്. സുരക്ഷിതമെങ്കിൽ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ആകും, ഓപ്പൺ എയർ മാർക്കറ്റുകൾ, ഉയർന്ന തെരുവുകൾ, ശ്മശാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, പൂന്തോട്ട കേന്ദ്രങ്ങൾ തുറക്കും എന്നിവയാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരിക്കുന്നവ. പ്രൈമറി സ്കൂളുകളുടെ തുറന്നു പ്രവർത്തനവും കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ കഴിയുമെന്നതും മെയ്‌ അവസാനം മുതലുള്ള രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ജൂൺ അവസാനത്തോടെ സെക്കന്ററി സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയും. 30തിൽ താഴെ ആളുകൾക്ക് ഒത്തുകൂടാൻ കഴിയും, ഗോൾഫ്, ടെന്നീസ് തുടങ്ങിയ കായിക മത്സരങ്ങൾ പുനരാരംഭിക്കും, സ്റ്റേഡിയം അടച്ചിട്ടു പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്താൻ സാധിക്കും എന്നിവ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യമോ നാലാം ഘട്ടം ആരംഭിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ പബ്ബുകൾ‌, ബാറുകൾ‌, റെസ്റ്റോറന്റുകൾ‌ എന്നിവ തുറന്നു പ്രവർത്തിക്കും. ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തിൽ ആരാധകർക്ക് സ്റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കാണാൻ കഴിയും. ഒപ്പം ജിമ്മുകളും തുറന്ന് പ്രവർത്തിക്കും. ഇപ്രകാരം ഉള്ള അഞ്ചു ഘട്ടങ്ങളിലൂടെയാവും ബ്രിട്ടനിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുക.

30,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത യൂറോപ്പിലെ ആദ്യ രാജ്യമായി യുകെ മാറിയതിന് പിന്നാലെയാണ് ഈ പദ്ധതികൾ പുറത്തുവരുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാൻ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലെ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. അവിടെ തുറന്നിരിക്കുന്ന പല സ്കൂളുകളും ക്ലാസ് മുറികളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. മാസ്ക് ധരിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്കൂൾ ഗേറ്റുകളിൽ പരിശോധനയും ഉണ്ട്. ജർമ്മനി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിച്ചുവെങ്കിലും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ടെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. സ്കൂളുകൾ തുറന്നാലും ഇത്തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ബ്രിട്ടനിലും ഉണ്ടായേക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ: കൊറോണ വൈറസ് മരണനിരക്കിൽ ഇറ്റലിയെ മറികടന്നതോടെ ബ്രിട്ടനിലെ ജനങ്ങൾക്ക് ആശങ്കയും ഏറിയിരിക്കുകയാണ്. യൂറോപ്പിൽ 30000 മരണങ്ങൾ ഉണ്ടാകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആശുപത്രികളിലും കെയർ ഹോമുകളിലും സമൂഹത്തിലുമായി 30,076 പേർ മരിച്ചു. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ യുകെ. മരണനിരക്കിൽ യുകെയുടെ തൊട്ടുപിന്നിലാണ് ഇറ്റലിയുടെ സ്ഥാനം. എങ്കിലും മരണസംഖ്യ മാത്രം കണക്കിലെടുത്ത് ഇരു രാജ്യങ്ങളെയും താരതമ്യം ചെയ്യാൻ കഴിയുമോ? പരിശോധിക്കാം.

1.ജനസംഖ്യ
യുകെയുടെ ജനസംഖ്യ ഏകദേശം 66 ദശലക്ഷവും ഇറ്റലിയിലേത് 60 ദശലക്ഷവുമാണ്. ഇറ്റലിയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു. അതുപോലെ യുകെയിലും റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന മരണസംഖ്യയിൽ കുറവുണ്ട്. ജനസംഖ്യയിലെ വ്യത്യാസം കണക്കുകളിലും തെളിഞ്ഞുകണ്ടേക്കാം.

2.മരണസംഖ്യ ഒരേ രീതിയിൽ കണക്കാക്കുന്നുണ്ടോ?
രാജ്യങ്ങൾ മരണസംഖ്യ കണക്കാക്കുന്ന വ്യത്യസ്ത രീതികളും പരിഗണിക്കേണ്ടതുണ്ട്. “ഓരോ രാജ്യവും മരണം വ്യത്യസ്ത രീതിയിലാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ഒരു താരതമ്യ പഠനം ഫലപ്രദം ആയിരിക്കില്ല.” എന്ന് യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ക്രിസ് വിറ്റി പറഞ്ഞു. ഇറ്റലിയിൽ ആശുപത്രികളിലെ മരണങ്ങളുടെ കണക്കുകൾ വളരെ കൃത്യമാണെന്ന് കരുതുന്നുണ്ടെങ്കിലും , കെയർ ഹോമുകളിലോ വീട്ടിലോ നടക്കുന്ന മരണങ്ങൾ കണക്കാക്കുന്നുണ്ടോ? കെയർ ഹോമുകളിലെ മരണത്തിന് ഇറ്റലിയിൽ ദേശീയ കണക്കുകളൊന്നുമില്ല – പ്രാദേശിക അടിസ്ഥാനത്തിൽ സംഖ്യകൾ കൂട്ടിച്ചേർക്കുന്നുവെന്ന് മാത്രം. ബ്രിട്ടനിൽ കെയർ ഹോമുകളിലും മറ്റും ഉണ്ടായിരിക്കുന്ന കണക്കുകൾ ചേർത്താണ് ഇത്രത്തോളം മരണം ഉണ്ടായതായി പറയുന്നത്. എന്നാൽ ഇറ്റലിയിൽ അങ്ങനെ അല്ലാത്തപക്ഷം താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടായേക്കാം.

3. പരിശോധന
നിലവിൽ യുകെ ഇറ്റലിയേക്കാൾ ഒരു ദിവസം കൂടുതൽ ആളുകളെ പരീക്ഷിക്കുന്നുണ്ട്. എന്നാൽ മൊത്തത്തിൽ ലോക്ക്ഡൗണിലുള്ള ഇറ്റലി മെയ് 5 വരെ 2.2 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. ബ്രിട്ടൻ 1.3 ദശലക്ഷത്തിലധികം പരിശോധനകളും നടത്തി. ദിവസം ഒരുലക്ഷം പരിശോധനകൾ നടത്തുമെന്ന് ബ്രിട്ടൻ പറഞ്ഞുവെങ്കിലും ഇന്നലെയും 69,463 ടെസ്റ്റുകൾ മാത്രമേ നടത്താൻ കഴിഞ്ഞുള്ളു. രോഗം സ്ഥിരീകരിച്ച ആളുകളെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന കണക്കുകൾക്ക് ഇതൊരു നിർണായക വേർതിരിവാണ്. ഇത് താരതമ്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

4.ജനങ്ങളുടെ പ്രായവും ആരോഗ്യവും.
ചെറുപ്പക്കാരേക്കാൾ ഏറെ പ്രായമായവരെ കൊറോണ വൈറസ് ബാധിക്കുന്നുവെന്ന് നമുക്കറിയാം. കൊറോണ വൈറസിനെ കൂടുതൽ അപകടകരമാക്കുന്ന ആരോഗ്യപരമായ അവസ്ഥകൾ പ്രായമായ ആളുകൾക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏപ്രിൽ 24 വരെ യുകെയിൽ ഉണ്ടായ മരണങ്ങളിൽ 85 വയസിന് മുകളിൽ ഉള്ളവരാണ് ഏറെപേരും. ഇറ്റലിയിലും പ്രായമായവരിൽ ഉയർന്ന മരണ നിരക്ക് കാണപ്പെടുന്നു. അതിനാൽ, മറ്റെല്ലാ ഘടകങ്ങളും തുല്യമാണെങ്കിൽ യുകെയെക്കൾ കൂടുതൽ കൊറോണ വൈറസ് മരണങ്ങൾ ഇറ്റലിയിൽ കാണപ്പെട്ടേക്കാം. മുൻ വർഷങ്ങളിലെ ഇതേ കാലഘട്ടത്തിലെ മരണങ്ങളുമായി താരതമ്യം ചെയ്യുന്നതും പ്രധാനമാണ്, കാരണം വേനൽക്കാലത്തേക്കാൾ കൂടുതൽ ആളുകൾ ശൈത്യകാലത്ത് മരിക്കുന്നു.

5. ജനസാന്ദ്രതയും മറ്റ് ഘടകങ്ങളും.
കൊറോണ വൈറസ് പടരുന്നതിന് ജനസാന്ദ്രത പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. തിരക്കുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന നടപടി ബുദ്ധിമുട്ടുള്ളതാണ്. ഇറ്റലിയേക്കാൾ കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് യുകെ. യുകെയുടെ ഏറ്റവും തിരക്കേറിയ ഭാഗം ലണ്ടനാണ്, അത് യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ്. യുകെയിൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശം ലണ്ടൻ ആണ്. ഇറ്റലിയിൽ ലോംബാർഡിയും. യുകെയിൽ എത്തുന്നതിനുമുമ്പ് വടക്കൻ ഇറ്റലിയിൽ വൈറസ് ബാധിച്ചുവെന്നും ലോംബാർഡിക്ക് മുൻകരുതലുകൾ എടുക്കാൻ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വസ്തുത എടുത്തുപറയേണ്ടതാണ്.

സ്വന്തം ലേഖകൻ

സാർസ് -കോവ് -2 എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കൊറോണ വൈറസ് എസിഇ 2 എന്നറിയപ്പെടുന്ന റിസപ്റ്ററുകളിലൂടെയാണ് കോശത്തിനുള്ളിൽ പ്രവേശിക്കുന്നത്.ഫാറ്റ് സെല്ലുകളിൽ ഈ റിസപ്റ്ററുകൾ കൂടുതൽ ഉണ്ടാവും. ഫാറ്റ് സെല്ലുകൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനിലൂടെ കൊറോണ വൈറസ് ധാരാളമായി മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതായി ഗവേഷകർ. അമിതവണ്ണമുള്ളവർക്ക് രോഗബാധ ഉണ്ടാവാൻ സാധ്യത ഏറെ. ഡയബറ്റിസ് മരുന്ന് കഴിക്കുന്നവർക്കും സമാനമായ അപകടസാധ്യത നിലനിൽക്കുന്നതായി ജർമ്മനി, യുഎസ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു. അമിതവണ്ണമുള്ളവർക്ക് ശ്വാസകോശസംബന്ധമായ രോഗം പൾമണറി ഫൈബ്രോസിസ് ഉണ്ടാവാൻ സാധ്യത ഏറെയാണെന്നും, ഇത് മരണസംഖ്യ വർദ്ധിപ്പിക്കുന്നു എന്നും ജർമനിയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ പറയുന്നു. കോവിഡ് 19 ന്റെ പ്രധാന ലക്ഷണം ശ്വാസംമുട്ടൽ ആണെന്നിരിക്കെ, ഈ രോഗങ്ങളുള്ളവർ കൂടുതൽ കരുതൽ എടുക്കേണ്ടതുണ്ട്. തെളിവുകൾ ശക്തമല്ലെങ്കിൽ കൂടി കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്.

ഇംഗ്ലണ്ടിലെ പത്തിൽ മൂന്ന് വ്യക്തികളും അമിതവണ്ണം ഉള്ളവരാണ്, ബോഡി മാസ്സ് ഇൻഡക്സ് മുപ്പതിൽ കൂടുതൽ ഉള്ളവരെയാണ് പൊണ്ണത്തടിയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്. കോവിഡ് 19 ബാധിച്ചു മരിച്ച 75 ശതമാനം ആളുകളും അമിതവണ്ണമുള്ളവർ ആയിരുന്നു എന്നത് ഞെട്ടിക്കുന്ന കണക്കാണ്. ഒബിസിറ്റിയും കോവിഡ് – 19 ഉം തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി മുൻപ് ഒരു ഗവേഷണ പ്രബന്ധം പബ്ലിഷ് ചെയ്തിരുന്നു. ജർമനിയിൽ നിന്നുള്ള ഡോ. ഇൽജ ക്രുഗ്ഗ്ലികോവ് അമിതവണ്ണവും, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ എ സി ഇ -2 റിസപ്റ്ററുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. മയോഫൈബ്രോബ്ലാസ്റ്റുകൾ ഫാറ്റ് സെല്ലുകളെ നിർമിക്കുന്നുണ്ട്. ഇവ പൾമണറി ഫൈബ്രോസിസിന് കാരണമാവുന്നു, ഇതുമൂലം രോഗിയുടെ ശ്വാസകോശത്തിലെ ടിഷ്യൂ നശിക്കുകയും, ആവശ്യത്തിന് ഓക്സിജൻ ഉള്ളിലേക്ക് എടുക്കാൻ കഴിയാതെ ആവുകയും ചെയ്യും, അമിതവണ്ണമുള്ളവരിൽ കൊറോണ ബാധിക്കുന്നതിന് മുൻപുതന്നെ ഈ അവസ്ഥ നിലനിൽക്കുന്നുണ്ടാവും. ഇത് ചികിത്സ കൂടുതൽ കാഠിന്യം ഉള്ളതാക്കുന്നു.

കോവിഡ് രോഗികൾ ഏറ്റവുമധികം നേരിടുന്ന റിസ്ക് ഫാക്ടറുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഐസിയുവിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ചികിത്സാ പാരമ്പര്യം പരിശോധിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമിതവണ്ണവും ശ്വാസകോശസംബന്ധമായ രോഗവും ഉള്ളവർ കൂടുതലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. രോഗം ബാധിച്ചവരിൽ ശരീരഭാരത്തിന്റെ അനുപാതം 30 ൽ കൂടുതൽ ഉള്ളവർ, അതിൽ കുറവുള്ളവരെക്കാൾ ഇരട്ടിയാണ്. 35 ൽ കൂടുതലുള്ളവർ ആവട്ടെ അതിലും വളരെയധികമാണ്. ഇവർ രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണെന്നാണ് കണ്ടെത്തൽ. ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം, വാർദ്ധക്യം എന്നിവയാണ് മറ്റ് റിസ്ക് ഫാക്ടറുകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പഠനം പൂർത്തിയാക്കിയവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് റെസലൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് പഠനറിപ്പോർട്ട്. യുവജനങ്ങളുടെ തൊഴിൽ ഇല്ലായ്മ ഈവർഷം 6,40,000 ആയി ഉയർന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തൊഴിൽ അന്വേഷിക്കുന്നവരെ സഹായിക്കുന്ന ക്യാമ്പയിൻ ആരംഭിച്ചതായി സർക്കാർ അധികൃതർ വ്യക്തമാക്കിയിരുന്നു .

‌ വിദ്യാഭ്യാസത്തിനുശേഷം ജോലി തേടുന്നവർക്ക് ഈ ലോക് ഡൗൺ വലിയൊരു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ കൊറോണയെ തുടർന്ന് അപ്രന്റീസ്ഷിപ്പ് നിർത്താനുള്ള തീരുമാനം പല കമ്പനികളും എടുത്തുകഴിഞ്ഞു . ഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 4,08,000 പേരാണ് നിലവിൽ തൊഴിലില്ലായ്മയ്ക്ക് ഇരയായിരിക്കുന്നത്.

‌യുവജനങ്ങളെ സഹായിക്കുന്നതിനാവശ്യമായ പുതിയ പാക്കേജുകളുടെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി . ഇനി കുറച്ച് മാസങ്ങൾക്കുള്ളിൽ ഏകദേശം 8,00, 000 ചെറുപ്പക്കാരാണ് സ്കൂളുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്തുവരുന്നത്.

‌ 2009ൽ സമാനമായ രീതിയിൽ യുവജനങ്ങളുടെ തൊഴിലിനു ഭീഷണി ഉയർന്നപ്പോൾ സർക്കാർ ഫ്യൂച്ചർ ജോബ് ഫണ്ട് എന്ന പദ്ധതിക്ക് ആരംഭം കുറിച്ചിരുന്നു. ഇത് തൊഴിലുടമകൾക്ക് യുവജനങ്ങളെ സ്വീകരിക്കുന്നതിന് വേതന സബ്സിഡി നൽകുന്ന പദ്ധതിയായിരുന്നു.



‌ ജോലി കിട്ടാതിരിക്കുന്നതിനേക്കാളും നല്ലതാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് പൊതു അഭിപ്രായം. അതിനാൽ റെസലൂഷൻ ഫൗണ്ടേഷൻ ചൂണ്ടിക്കാണിച്ചതുപോലെ ഈ പ്രതിസന്ധി ലക്ഷക്കണക്കിനു യുവ ജീവിതത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഗവൺമെന്റ് അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതാണ്.

പെട്ടെന്നുണ്ടാകുന്ന തൊഴിലില്ലായ്മ യുവജനങ്ങളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് തിങ്ക് ടാങ്കിലെ ഗവേഷണ വിദഗ്ധ കാത്‌ലീൻ ഹെനെഹാൻ പറഞ്ഞു.കൊറോണ വൈറസ് പടരുന്ന ഈ കാലഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്ന യുവജനങ്ങളെ കാത്തിരിക്കുന്നത് കുറഞ്ഞ വേതനവും പരിമിതമായ തൊഴിൽ സാധ്യതകളും ആണെന്നത് വളരെ ദുഃഖകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതിനുള്ള ഏക പരിഹാരമാർഗ്ഗം ഗവൺമെൻറിൻറെ പിന്തുണയും തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനുള്ള നടപടികളുമാണ്.

പ്രെസ്റ്റൺ: യുകെ മലയാളികളുടെ ആശങ്കകൾക്ക് വിരാമമില്ലാതെ മലയാളി മരണങ്ങളുടെ വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വരുന്ന ഒരു ദയനീയ സ്ഥിതിവിശേഷം ആണ് ഇപ്പോൾ നിലനിൽക്കുന്നത്. പ്രെസ്റ്റണിൽ താമസിച്ചിരുന്ന സണ്ണി ചേട്ടൻ (ജോൺ സണ്ണി, 70) ആണ് ഇന്ന് 9.00pm ന് മരണത്തിന് കീഴടങ്ങിയത്. എല്ലാവരും സ്നേഹപൂർവ്വം സണ്ണി ചേട്ടൻ എന്നാണ് വിളിച്ചിരുന്നത്. കൊറോണ ബാധിച്ചു മൂന്നോളം ആഴ്ചകൾളായി ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്.

2003-2004 കാലഘട്ടത്തിൽ ഗൾഫിൽ നിന്നും ആണ് ഇവർ യുകെയിലെ പ്രെസ്റ്റണിൽ എത്തിയത്. കോലഞ്ചേരി രാമമംഗലം സ്വദേശിയാണ് പരേതനായ സണ്ണി ചേട്ടൻ. രാമമംഗലത്തേക്ക് മാറുന്നതിന് മുൻപ് സണ്ണിച്ചേട്ടനും കുടുംബവും കൂത്താട്ടുകുളതായിരുന്നു താമസം.

ചെറിയംമാക്കൽ കുടുംബാംഗമാണ് പരേതൻ. നഴ്‌സായ എൽസിയാണ് ഭാര്യ. രണ്ട് മക്കളാണ് സണ്ണി- എൽസി ദമ്പതികൾക്ക് ഉള്ളത്. നെൽസണും നിക്‌സണും. ഇതിൽ നെൽസൻ കുടുംബസമേതം മാഞ്ചെസ്റ്ററിൽ ആണ് താമസിക്കുന്നത്. രണ്ടാമനായ നിക്‌സൺ ലണ്ടൻ Imperial കോളേജിലെ ഡോക്ടറേറ്റിന് പഠിക്കുന്ന വിദ്യാർത്ഥിയാണ്.

ഭൂരിപക്ഷം വരുന്ന മലയാളികൾ ആരോഗ്യ മേഖലകളിൽ ആയതുകൊണ്ട് കൊറോണ എന്ന മഹാമാരിയുടെ പ്രഹരം ആദ്യമെത്തുന്നത് മലയാളികളുടെ ഭവനങ്ങളിൽ ആണ്. ഒരുപാട് പേർക്ക് കൊറോണ പിടിപെട്ട് ചികിത്സയിൽ ഉണ്ട് എന്നത് മലയാളികളുടെ ആശങ്ക കൂട്ടുന്നു.

സണ്ണിച്ചേട്ടന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിച്ചുകൊള്ളുന്നു.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരനും പാലാ ബാറിലെ പ്രമുഖ അഭിഭാഷകനുമായ
അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ ഫിലോമിന തൊടുകയില്‍. മക്കള്‍, ചിന്നു, ചിന്‍സ്, ചിഞ്ചു. സംസ്!കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉരുളികുന്നം പള്ളിയില്‍ വച്ച് നടക്കും.

അഭിവന്ദ്യ പിതാവ് ഇപ്പോള്‍ യുകെയിലാണുള്ളത്.
ശവസംസ്‌ക്കാര ശുശ്രൂഷയില്‍ അഭിവന്ദ്യ പിതാവ് എത്തിച്ചേരാനുള്ള സാധ്യതകള്‍ കുറവാണ് എന്നാണ് ഇതു വരെ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് വേണ്ടി റവ. ഡോ. ആന്റണി ചുണ്ടലിക്കാട് അനുശോചനം രേഖപ്പെടുത്തി.

മലയാളം യു കെ ന്യൂസിന്റെ അനുശോചനം അറിയ്ക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ആദ്യമായി ബോറിസ് ജോൺസൺ പി‌എം‌ക്യുവിനായി ഹൗസ് ഓഫ് കോമൺസിൽ മടങ്ങിയെത്തി. ബ്രിട്ടനിലെ കോവിഡ് 19 മരണനിരക്ക് ഭയാനകമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മരണസംഖ്യ 30000ത്തിലേക്ക് എത്തുമെന്നും ജോൺസൻ അറിയിച്ചു. ചോദ്യോത്തരവേളയിൽ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമറിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുകെയുടെ മരണസംഖ്യ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണെന്നും ഇത് ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണെന്നും കീർ സ്റ്റാർമർ പറഞ്ഞു. കാരണം ബ്രിട്ടനിലെ ലോക്ക്ഡൗണും പരിശോധനകളും മന്ദഗതിയിൽ ആയിരുന്നെന്നും പിപിഇ ക്ഷാമം രൂക്ഷമായിരുണെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യത്തിനല്ല മുതിരേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു . രോഗം ഭേദമായി കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയെങ്കിലും തന്റെ മകന്റെ ജനനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചത്തെ പി‌എം‌ക്യുവിൽ ജോൺസന് പകരം ഡൊമിനിക് റാബ് ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിനുമുമ്പ് സ്റ്റാർമർ, ജോൺസണെ ചേംബറിലേക്ക് സ്വാഗതം ചെയ്യുകയും മകന്റെ ജനനത്തിൽ അദ്ദേഹത്തെ ആശംസകൾ അറിയിക്കുകയും ചെയ്തു.

കൊറോണ വൈറസ് പ്രതിരോധത്തിനായി മെയ് അവസാനത്തോടെ ഒരു ദിവസം 200,000 പരിശോധനകൾ നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിജ്ഞയെടുത്തു. സർക്കാർ പറഞ്ഞിരുന്ന ഒരു ലക്ഷം പരിശോധനകളിലേക്ക് വെള്ളിയാഴ്ച എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങൾ അത് സാധിക്കാതെ പോയി. ഈ മാസം അവസാനത്തോടെ 200,000 ടെസ്റ്റുകൾ നടത്തുകയെന്നതാണ് തന്റെ ആഗ്രഹമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോൺസൻ പറഞ്ഞു. ലോക്ക്ഡൗൺ നടപടികൾ സർക്കാർ വ്യാഴാഴ്ച അവലോകനം ചെയ്യുമെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ സർക്കാരിന്റെ പദ്ധതികൾ പ്രഖ്യാപിക്കാൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏതുവിധേനയും രണ്ടാം ഘട്ട വ്യാപനം തടയുമെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടാതെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

കെയർ ഹോമുകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന സ്റ്റാർമറുടെ പ്രസ്താവനയെ ജോൺസൻ തള്ളിക്കളഞ്ഞു . “കെയർ ഹോമുകളിൽ രോഗം പടർന്നുപിടിക്കുന്നുണ്ട്. എന്നാൽ ആഴ്ചകളായി അതിനെ തടയാൻ സർക്കാർ ശ്രമിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകൾ ഇതിനായി പരിശ്രമിക്കുന്നുണ്ട്. ഈയടുത്ത ദിവസങ്ങളിൽ കെയർ ഹോമുകളിലെ സ്ഥിതിയിൽ വ്യക്തമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ” ; ജോൺസൻ മറുപടി നൽകി. പിപിഇ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയിൽ സർക്കാർ ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് മരണനിരക്കിൽ ഇറ്റലിയെ മറികടന്നു ബ്രിട്ടൻ യൂറോപ്പിൽ ഒന്നാമതെത്തി. ഏറ്റവും കൂടുതൽ മരണം സംഭവിച്ച രാജ്യങ്ങളിൽ ഇപ്പോൾ അമേരിക്കയ്ക്ക് താഴെ രണ്ടാമതായാണ് ബ്രിട്ടന്റെ സ്ഥാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിലെ മരണസംഖ്യ 29, 427 ആണ്. ഇറ്റലിയിലേത് 29, 315ഉം. ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് 693 പേർ കൂടി മരിച്ചു. 4, 406 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയെക്കാൾ വേഗത്തിൽ ബ്രിട്ടനിൽ പകർച്ചവ്യാധി പടർന്നുപിടിച്ചെന്ന് ബിബിസിയുടെ സ്റ്റാറ്റിസ്ടിക്സ് മേധാവി റോബർട്ട്‌ കഫെ പറഞ്ഞു. എന്നാൽ യുകെയിലെ ജനസംഖ്യ ഇറ്റലിയെക്കാൾ 10% വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇറ്റലി യുകെയേക്കാൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തിവരുന്നു എന്നും അദ്ദേഹം പറഞ്ഞു. 29,427 ജീവൻ നഷ്ടപ്പെട്ടത് ഒരു വലിയ ദുരന്തമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വ്യതാസപ്പെട്ടിരിക്കുന്നു.

അതേസമയം രോഗം പിടിപെട്ടു മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്തുവന്നു. 30 വർഷത്തിലേറെയായി നഴ്‌സായി ജോലി നോക്കിയ കീത്ത് ഡന്നിംഗ്ടൺ (54) ഏപ്രിൽ 19 നാണ് മരിച്ചത്. കീത്തിന്റെ അമ്മ ലിലിയൻ (81) അച്ഛൻ മൗറീസ് (85) എന്നിവർ കഴിഞ്ഞാഴ്ച മരണപ്പെട്ടു. വാട്ട്ഫോർഡ് ആശുപത്രിയിലെ ജോലിക്കാരനായിരുന്ന മോമുദ ദിബ്ബ ഏപ്രിൽ 29 ന് കോവിഡ് ബാധിച്ച് മരിച്ചു. മോ എന്നറിയപ്പെടുന്ന ദിബ്ബ കരുതലും ദയയും ഉള്ള ആളായിരുന്നെന്ന് വെസ്റ്റ് ഹെർട്ട്ഫോർഡ്ഷയർ എൻ‌എച്ച്എസ് ട്രസ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ അയർലണ്ടിലെ കെയർ ഹോമിൽ നിന്നുള്ള 14 പേർ കോവിഡ് -19 അനുബന്ധ ലക്ഷണങ്ങളാൽ മരിച്ചു. യുകെയിൽ ആകെ 1,383,842 കൊറോണ വൈറസ് ടെസ്റ്റുകൾ നടന്നിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 84,806 ടെസ്റ്റുകൾ നടന്നു. തുടർച്ചയായ മൂന്നാം ദിവസവും 100,000 പ്രതിദിന പരിശോധനകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

ദിവസം ഒരുലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഏപ്രിൽ തുടക്കത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തിയെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 24 നകം 27,300 മരണങ്ങളുണ്ടെന്ന് കാണിച്ച് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) ചൊവ്വാഴ്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചു. മരണ സർട്ടിഫിക്കറ്റിൽ കൊറോണ വൈറസ് പരാമർശിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ ഒഎൻ‌എസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങൾ ഉൾപ്പെടെ, ആകെ മരണസംഖ്യ 32,000 ത്തിൽ കൂടുതലാണ്.

സ്വന്തം ലേഖകൻ

ഐൽ ഓഫ് വൈറ്റ് : കൊറോണ വൈറസ് വ്യാപനം കണ്ടെത്തുന്നതിനായി പുതിയ അപ്ലിക്കേഷൻ പുറത്തിറക്കി എൻ എച്ച് എസ്. കോവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടാവാതിരിക്കാനായി കനത്ത ജാഗ്രതാ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. അതിന്റെ ഭാഗമായാണ് പുതിയ അപ്ലിക്കേഷനും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അപ്ലിക്കേഷന്റെ ട്രയൽ ഐൽ ഓഫ് വൈറ്റിൽ നടക്കുകയുണ്ടായി. കൗൺസിൽ, ആരോഗ്യ പ്രവർത്തകർ എന്നിവരിലാണ് ഈ ആപ്പ് ആദ്യമായി പരീക്ഷിക്കുന്നത്. ദ്വീപിലുള്ള മറ്റുള്ളവർക്ക് ഇത് വ്യാഴാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പുതിയ കോവിഡ് കേസുകൾ കുറവായതിനാലും ഒരൊറ്റ എൻ‌എച്ച്‌എസ് ട്രസ്റ്റിന്റെ പരിധിയിൽ വരുന്നതിനാലുമാണ് ദ്വീപിനെ പരീക്ഷണ സ്ഥലമായി തിരഞ്ഞെടുത്തത്. ദ്വീപിലേക്കും പുറത്തേക്കും ഉള്ള യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ട്രയൽ‌ വിജയകരമാണെങ്കിൽ‌, ഇത് ആഴ്ചകൾ‌ക്കുള്ളിൽ‌ രാജ്യവ്യാപകമായി ലഭ്യമാകും. വൈറസിന് പോസിറ്റീവ് പരീക്ഷിച്ച ആരുടെയും സമീപകാല ബന്ധപ്പെടൽ വേഗത്തിൽ കണ്ടെത്തുന്നതിന് അപ്ലിക്കേഷൻ സഹായകരമാവുന്നു. ഭാവിയിൽ ഉണ്ടാകുന്ന രോഗവ്യാപനം നിരീക്ഷിക്കുന്നതിനും കുറയ്ക്കുന്നതിനുമായി വ്യാപകമായ പരിശോധനയും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷണം വിജയകരമാണെങ്കിൽ, മെയ് പകുതിയോടെ ആപ്പ് രാജ്യവ്യാപകമായി പുറത്തിറക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

 

ഈ പുതിയ അപ്ലിക്കേഷൻ ആപ്പിൾസ്റ്റോറിലും ഗൂഗിൾ പ്ലെയ്സ്റ്റോറിലും ലഭ്യമാണ്. ബ്ലൂടൂത്ത് കണക്ഷൻ വഴിയാണിത് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ ഉള്ള രണ്ട് ആളുകൾ ഒരു നിശ്ചിത സമയത്തേക്കാൾ കൂടുതൽ നേരം പരസ്പരം അടുത്തടുത്ത് ആയിരിക്കുമ്പോൾ അത് റെക്കോർഡു ചെയ്യപ്പെടുന്നു. ആ ആളുകളിൽ ഒരാൾക്ക് പിന്നീട് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ, അടുത്ത ദിവസങ്ങളിൽ അവർ കാര്യമായ സമ്പർക്കം പുലർത്തിയ മറ്റെല്ലാ അപ്ലിക്കേഷൻ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് ലഭിക്കും. ആവശ്യമെങ്കിൽ അവരോട് സ്വയം ഒറ്റപ്പെടാൻ പറയുകയും ചെയ്യും. ഐൽ ഓഫ് വൈറ്റിലുള്ള എല്ലാവർക്കും ആപ്ലിക്കേഷൻ ലഭ്യമാകുമ്പോൾ അത് ഡൗൺലോഡ് ചെയ്യണമെന്ന് ഹാൻ‌കോക്ക് അഭ്യർത്ഥിച്ചു. പരീക്ഷണ വേളയിൽ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളുടെ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യവും നിങ്ങളുടെ സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്ലിക്കേഷൻ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ അതിനുപിന്നിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ഡാറ്റ തിരഞ്ഞെടുക്കാനും പങ്കിടാനുമുള്ള ആപ്ലിക്കേഷന്റെ ഓപ്ഷൻ ഒരു വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ലോ പ്രൊഫസർ ഓർല ലിൻസ്കി പറഞ്ഞു. എന്നാൽ ഉപയോക്താക്കൾ കൂടുതൽ ഓപ്റ്റ്-ഇൻ അഭ്യർത്ഥന അംഗീകരിച്ചാൽ മാത്രമേ അധിക ലൊക്കേഷൻ ഡാറ്റ രേഖപ്പെടുത്തുകയുള്ളൂ എന്ന് എൻഎച്ച്എസ്എക്സ് അറിയിച്ചു. സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണെന്ന് ഹാൻ‌കോക്ക് പറഞ്ഞു. ഡാറ്റ ഫോണിൽ സംഭരിക്കുമെന്നും ഒരാൾക്ക് പരിശോധന ആവശ്യമായി വരുമ്പോൾ മാത്രമേ അത് എൻഎച്ച്എസിലേക്ക് അയയ്ക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ മൂലം തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് സഹായവുമായി ബ്രിട്ടീഷ് സർക്കാർ. സർക്കാർ പുതുതായി തുടങ്ങിയ ഈ സ്കീമിൽ നാലിലൊന്ന് തൊഴിലാളികളുടെ വേതനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഈ സ്കീമിൽ കഴിഞ്ഞ ആഴ്ച മാത്രമായി 2.5 മില്യൻ ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഈ സ്കീമിൽ രജിസ്റ്റർ ചെയ്ത മൊത്തം തൊഴിലാളികളുടെ എണ്ണം 6.3 മില്യൺ ആയി ഉയർന്നു. ഇത് ബ്രിട്ടണിൽ മൊത്തം ഉള്ള തൊഴിലാളികളുടെ 23 ശതമാനത്തോളം വരും. മാസം 2500 പൗണ്ട് വരെയാണ് ഈ സ്കീമിൽ നിന്ന് തൊഴിലാളിക്ക് ലഭിക്കുക. കൊറോണ ബാധയ്ക്കു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം മുഴുവൻ പോകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിന്റെ ഭാഗമായി ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയും 6.5 ശതമാനം ആയി ചുരുങ്ങും എന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ തൊഴിലാളികൾക്ക് കൂടുതൽ സമയം വേതനം നൽകാൻ ഇത്തരത്തിൽ തൊഴിലാളികൾക്ക് കൂടുതൽ സമയം വേതനം നൽകുകയാണെങ്കിൽ, അത് ബ്രിട്ടീഷ് സർക്കാരിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇതുവരെ എട്ട് ബില്യൻ പൗണ്ടോളം തുക തൊഴിലാളികൾക്ക് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ പദ്ധതി ജൂണിലും തുടരാനാണ് സർക്കാരിന്റെ തീരുമാനം. ജൂണിലെ ചെലവുകളും കൂടി ചേർക്കുമ്പോൾ മൊത്തം 30 മില്യൺ പൗണ്ടോളം തുകയാകും ഇതിന് ചെലവ്. ഈ സ്കീം നീട്ടുന്നതിനായി ചില ബിസിനസ് ഗ്രൂപ്പുകൾ ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒരു ടെലിവിഷൻ ഷോയിൽ നടത്തിയ അഭിമുഖത്തിൽ, ഈ സ്കീമിന്റെ ചിലവുകൾ ഗവൺമെന്റിനു താങ്ങാനാവുന്നതിലധികം ആണെന്ന് ചാൻസലർ റിഷി സുനക് അഭിപ്രായപ്പെട്ടു. ജനങ്ങളെ എത്രയും വേഗം തൊഴിൽ മേഖലകളിലേയ്ക്ക് തിരിച്ചെത്തിക്കുക എന്നതാണ് ഇതിന് ശാശ്വതമായ പരിഹാരം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്കീം തുടരുക എന്നത് ഒരിക്കലും ശാശ്വതമായ പരിഹാരമല്ല.

കൊറോണ ബാധ ലോകത്തെ ആകമാനം ഉള്ള രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ജനങ്ങൾ പട്ടിണിയിൽ ആകുമെന്നും കണക്കുകൾ പറയുന്നു. ഇത്തരത്തിൽ തൊഴിലാളികളെ സഹായിക്കാനുള്ള സ്കീമുകൾ ഗവൺമെന്റിനു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved