സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കോവിഡ് 19 വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരിൽ, രോഗത്തോടുള്ള പ്രതിരോധം കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ ഇല്ലാതാകുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ഇത്തരം ആളുകളിൽ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ അനേകം ആണ്. തൊണ്ണൂറോളം രോഗികളുടെയും, ആരോഗ്യ പ്രവർത്തകരുടെയും ഇടയിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായി രോഗം ബാധിക്കുമ്പോൾ, രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റി- ബോഡികൾ ധാരാളമായി ശരീരത്തിൽ ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇത്തരം ആന്റി – ബോഡികൾ മാസങ്ങൾ കൊണ്ടു തന്നെ ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില ആളുകളിൽ മാസങ്ങൾക്കുശേഷം ഇത്തരം ആന്റി – ബോഡികളുടെ സാന്നിധ്യം തന്നെ ഇല്ലാതാകുന്നു. അതായത് രോഗത്തോടുള്ള പ്രതിരോധം ഇല്ലാതാകുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

ആളുകളിൽ രോഗത്തോടുള്ള പ്രതിരോധം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതായാണ് കണ്ടെത്തിയതെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ കിങ്‌സ് കോളേജ് ലണ്ടനിലെ ഡോക്ടർ കെയ്റ്റി ടൂറിസ് വ്യക്തമാക്കി. ഈ പഠനറിപ്പോർട്ടിനു വാക്സിൻ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാനാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്ലിനിക്കൽ ട്രയലുകൾ ശരിയായ രീതിയിൽ നടന്നാൽ, അടുത്തവർഷം ആദ്യം കൊണ്ട് തന്നെ പുതിയൊരു വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൊഫസർ റോബിൻ ഷാറ്റോക് വ്യക്തമാക്കി. എന്നാൽ ഈ വാക്സിൻ എത്രത്തോളം രോഗത്തിന് ഫലപ്രദമായിരിക്കും എന്ന പൂർണ്ണ ഉറപ്പുനൽകാൻ സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. പലസ്ഥലങ്ങളിലും രോഗത്തെ സംബന്ധിച്ച പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ക്രിസ്റ്റൽ പാലസിന് അയച്ച സന്ദേശത്തെ തുടർന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ആസ്റ്റൺ വില്ലക്കെതിരെ 2-0ത്തിന് പരാജയപ്പെട്ട മത്സരത്തിന് തൊട്ടുമുൻപ് മോശമായ ധാരാളം സന്ദേശങ്ങൾ ലഭിച്ചിരുന്നതായി സാഹ പറഞ്ഞു. അങ്ങേയറ്റം നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ മെസ്സേജുകളാണ് ലഭിച്ചതെന്ന് സാഹയുടെ മാനേജറായ റോയ് ഹോഗ്‌സൺ പറഞ്ഞു. 27 കാരനായ ഐവറി കോസ്റ്റ് വിങ്ങർക്കെതിരായ മോശം സന്ദേശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രീമിയർ ലീഗ് വെളിപ്പെടുത്തി.
ഇത് ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ഉടൻ ആരംഭിക്കാമെന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസ് സാഹക്ക് ട്വീറ്റ് ചെയ്തു മണിക്കൂറുകൾക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഒരു ഫുട്ബോളർക്കെതിരെ വർഗീയത നിറഞ്ഞ അധിക്ഷേപങ്ങൾ കുത്തിനിറച്ച് ചില സന്ദേശങ്ങൾ അയച്ചിരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പന്ത്രണ്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തു എന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസ് ട്വീറ്റ് ചെയ്തു. സോലിഹള്ളിൽ നിന്നുള്ള കുട്ടിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിന് ഇത്രയധികം പ്രാധാന്യം നൽകപ്പെടുന്ന ഈ അവസരത്തിൽ ഒരു ഫുട്ബോളർ രാവിലെ കണ്ണുതുറക്കുന്നത് തന്നെ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ മോശമായ ഒരു പോസ്റ്റിലേക്ക് ആണ്, ഒരു വ്യക്തിയെ മാനസികമായി തളർത്താൻ ഉപയോഗിച്ചിരിക്കുന്ന ആയുധം വ്യക്തമാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് ഒരു വിധത്തിലും സഹകരിക്കാൻ ആവില്ലെന്നും ഇത്തരം പെരുമാറ്റങ്ങളെ പൂർണ്ണമായി തുടച്ചു നീക്കാൻ സഹകരിക്കണമെന്നും അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് നൽകിയ അഭിമുഖത്തിൽ ഹഡ്സൺ പറഞ്ഞു.

മികച്ച കളിക്കാരിൽ ഒരാളെ മാനസികമായി തകർക്കുക വഴി തങ്ങൾക്കായി തോൽക്കണം എന്നതാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്നും, ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം മോശമാണെന്നും പ്രീമിയർ ലീഗ് പറഞ്ഞു. “ഒരു തരത്തിലുള്ള വിവേചനങ്ങളും അനുവദനീയമല്ല, ഞങ്ങൾ വിൽഫ്രഡ് സാഹക്ക് ഒപ്പമാണ്. താരങ്ങൾ, കോച്ചുകൾ, മാനേജർമാർ അവരുടെയൊക്കെ കുടുംബാംഗങ്ങൾ തുടങ്ങി തങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള ആർക്കും ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്ന് നേരിടേണ്ടി വരുന്ന അസഹിഷ്ണുതയിൽ ഞങ്ങൾ ഇരകൾക്കൊപ്പം ഉണ്ടാകും “.
സ്വന്തം ലേഖകൻ
ഹെയർഫോർഡ്ഷയർ : ഹെയർഫോർഡ്ഷയറിലെ മാത്തോൺ ആസ്ഥാനമായുള്ള പച്ചക്കറി ഉല്പാദകരായ എ.എസ്. ഗ്രീൻ ആന്റ് കോയുടെ ഫാമിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. എഴുപത്തിമൂന്നോളം തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ മറ്റു 200 തൊഴിലാളികളോട് ഫാമിൽ തന്നെ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും ഹെർഫോർഡ്ഷെയർ കൗൺസിൽ ക്രമീകരിക്കുന്നു. ഫാമിന് എല്ലാവിധ പിന്തുണയും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിവരുന്നുണ്ട്. മാനേജ്‌മെന്റിന്റെയും ഫാമിലെ സന്ദർശകരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കമ്പനി അറിയിച്ചു. അതോടൊപ്പം ജീവനക്കാരുടെ ക്ഷേമമാണ് തങ്ങളുടെ മുൻഗണനയെന്ന് അവർ വ്യക്തമാക്കി. ജൂൺ 29 മുതൽ ജൂലൈ 5 വരെ ഒരു ലക്ഷത്തിൽ ശരാശരി രണ്ട് പുതിയ വൈറസ് കേസുകൾ ഹെർഫോർഡ്ഷയറിലുണ്ടാകുന്നുവെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

മുൻകരുതൽ എന്ന നിലയിൽ, എ.എസ്. ഗ്രീൻ ആന്റ് കോയിലെ തൊഴിലാളികളെ ഫാമിൽ തന്നെ നിലനിർത്തുകയാണ്., ഓൺ സൈറ്റ് ടെസ്റ്റിംഗ്, സാമൂഹിക അകലം പാലിക്കൽ, ഇൻഡോർ പാക്കേജിംഗ് ഏരിയ എന്നിവ ഉൾപ്പെടെ നിരവധി അണുബാധ നിയന്ത്രണ നടപടികൾ കമ്പനി നടപ്പാക്കിയിട്ടുണ്ടെന്ന് പിഎച്ച്ഇ മിഡ്‌ലാന്റ്സ് ഹെൽത്ത് പ്രൊട്ടക്ഷൻ ഡയറക്ടർ കാറ്റി സ്‌പെൻസ് പറഞ്ഞു. ഫാമിലെ അതിവേഗ പരിശോധന, അണുബാധയുടെ വ്യാപനം നിയന്ത്രിക്കാൻ സഹായമായെന്ന് ഹെയർഫോർഡ്ഷയറിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ കാരെൻ റൈറ്റ് അറിയിച്ചു.

“ഞങ്ങളുടെ ജോലിക്കാരുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന. അവർ കഠിനാധ്വാനികളായ തൊഴിലാളികളാണ്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ഭക്ഷണം നൽകാൻ അവർ പ്രയത്നിക്കുന്നു.” എ.എസ്. ഗ്രീന്റെ വക്താവ് കൂട്ടിച്ചേർത്തു. കോവിഡ് -19 ഭക്ഷണത്തിലൂടെയോ ഭക്ഷണ പാക്കേജിംഗിലൂടെയോ പകരാൻ സാധ്യതയില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ തന്നെ പഴവും പച്ചക്കറിയും വാങ്ങി ഉപയോഗിക്കാം. നിലവിൽ സൈറ്റ് സന്ദർശകർക്കായി അടച്ചിരിക്കുകയാണ്. ജൂലൈ 7 വരെ ഹെയർഫോർഡ്ഷയർ കൗൺസിൽ ഏരിയയിൽ 749 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
ബോറിസ്, ഹിലരി, മാഗി രാഷ്ട്രീയക്കാരുടെ സൂപ്പർ ലീഗിൽ ആദ്യം തന്നെ തരംഗമായവർ ചുരുക്കമാണ്, എന്നാൽ അവരുടെ പട്ടികയിലേക്ക് മറ്റൊരു അംഗമായി എത്തുകയാണ് ചാൻസിലർ ഋഷി സുനാക് . മുൻപ് ട്രഷററായി പ്രവർത്തിച്ചിരുന്നുവെങ്കിലും ചാൻസിലർ എന്ന രീതിയിൽഅഞ്ച് മാസത്തെ പ്രവർത്തി പരിചയം കൊണ്ട് തിളക്കമുള്ള രാഷ്ട്രീയ സേവനം മുഖമുദ്രയാക്കി കഴിഞ്ഞു ഇദ്ദേഹം. ‘ബ്രാൻഡ് ഋഷി ‘ വെസ്റ്റ്‌മിൻസ്റ്ററിലെ മികവിന്റെ അടയാളമാണ് ഇദ്ദേഹം. ഇൻഫോസിസ് സഹസ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ജീവിതപങ്കാളി. സോഫ്റ്റ് ഫോക്കസ് ചിത്രങ്ങളും, കൃത്യമായ അടിക്കുറിപ്പും, തന്റെ മുഖമുദ്രയായ കയ്യൊപ്പും ഒക്കെ ചേർത്ത് അദ്ദേഹം പുറത്തു വിടുന്ന ഇൻസ്റ്റാചിത്രങ്ങൾ മിസ്റ്റർ സുനാകിന്റെ പ്രത്യേകതയാണ്.
ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായി ഋഷി സുനാക് പേരെടുത്തുകഴിഞ്ഞു. അടുത്ത പ്രധാനമന്ത്രിയായി പല രാഷ്ട്രീയ നീരിക്ഷകരും അദ്ദേഹത്തിന്റെ പേര് പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഋഷിയുടെ മികച്ച പോൾ റേറ്റിംഗ്സ് ഇരുവരെയും സാരമായി ബാധിക്കും, കാരണം ജോൺസന്റെയും ഋഷിയുടെയും ഉയർച്ചയും പതനവും ഒരുപോലെ സംഭവിക്കുമെന്നതിനാലാണ് ഇത്. ഒരു പകർച്ചവ്യാധിയെ ഗവൺമെന്റ് എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചാണ് ഇനിയുള്ള രാഷ്ട്രീയ പോര് മുന്നോട്ടുപോവുക, ഋഷി രാഷ്ട്രീയത്തിൽ സ്വന്തമായിഒരു വ്യക്തി മുദ്ര പതിപ്പിക്കുന്നു എന്നതിലുപരിയായി, ബോറിസ് ജോൺസണ് അടി പതറാൻ സാധ്യതയുള്ള മേഖലകൾ നന്നായി കൈകാര്യം ചെയ്യുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അതിനാൽ ബ്രാൻഡ് ബോറിസിന് ഒരു മുതൽക്കൂട്ടാണ് ബ്രാൻഡ് ഋഷി. ഗോർഡൻ ബ്രൗണിന് ശേഷം ഏറ്റവുമധികം പോൾ റേറ്റിംഗ് ലഭിക്കുന്ന ചാൻസിലർ ആണ് ഋഷി.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിന് ശേഷം എത്ര പെട്ടെന്നാണ് ജനങ്ങളുടെ മനസ്സ് മാറിമറിയുന്നത് എന്ന കാഴ്ച ബ്രൗണിലൂടെ ബ്രിട്ടൻ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്. അതിനാൽ മോശമായ പ്രവർത്തികൾ ഒന്നും ഋഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പോലും, രാജ്യത്തിന്റെ സാമ്പത്തിക മേഖല കോവിഡ് ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു കടന്നില്ലെങ്കിൽ അത് ഋഷിയുടെ രാഷ്ട്രീയ ഭാവിയെ സാരമായി ബാധിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളോട് ബ്രിട്ടൻ കൂടുതൽ സൗമനസ്യം കാണിച്ചിരുന്നു. ഓഗസ്റ്റ് വരെ പകുതിയെങ്കിലും വേതനം നൽകാനും, വെട്ടിച്ചുരുക്കാൻ സാധ്യതയുള്ള തൊഴിൽ മേഖലകളെ കുറിച്ച് ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകാനും ബ്രിട്ടീഷ് രാഷ്ട്രീയനേതൃത്വം ശ്രദ്ധിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങി ഭക്ഷണം കഴിച്ച് സാമ്പത്തിക മേഖലയെ സുസ്ഥിരപെടുത്തുന്ന ‘ഈറ്റ് ഔട്ട് ഹെല്പ് ഔട്ട് ‘ എന്ന പദ്ധതി ഇദ്ദേഹം നടപ്പിലാക്കി. ഇതിൽ പങ്കാളികളാകുന്ന ഹോട്ടലുകളിൽ പകുതി വിലയ്ക്ക് ഭക്ഷണം നൽകാനും ശ്രദ്ധിച്ചിരുന്നു. പഴയതുപോലെ ജോലിക്ക് പ്രവേശിക്കാനും, പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം രാഷ്ട്രീയക്കാർ ജനങ്ങളോട് പതിവായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, പലരും ഇപ്പോഴും കൊറോണ ഭീതിയിൽ വീടിനകത്ത് തന്നെ ചെലവഴിക്കുന്നത് സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ബില്യൺ കണക്കിന് പൗണ്ട് നിക്ഷേപങ്ങളിലൂടെയും, ലോണുകളിലൂടെയും, ടാക്സ് കട്ടിലൂടെയും ജനങ്ങളെ സഹായിക്കാൻ പരമാവധി ശ്രമങ്ങൾ ബ്രിട്ടീഷ് നേതൃത്വം നടത്തുന്നുണ്ടെങ്കിലും തൊഴിൽ മേഖലയിൽ എത്രമാത്രം ഇടിവ് സംഭവിക്കുമെന്നും, എത്രപേർക്ക് പൂർണമായി ജോലി നഷ്ടപ്പെടുമെന്നുമുള്ള കാര്യത്തിൽ കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ലാതിരിക്കെ ബോറിസിനും ഋഷിക്കും കനത്ത വെല്ലുവിളി നേരിട്ടേക്കാം.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ജാക്ക് കാൾട്ടൻ അന്തരിച്ചു. 85 മത്തെ വയസ്സിൽ ആയിരുന്നു അന്ത്യം. 1966 -ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിറസാന്നിധ്യമായിരുന്നു കാൾട്ടൻ. മുൻ ലീഡ്സ് ഡിഫൻഡർ ആയിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞവർഷമാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ ഡിമെൻഷ്യയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ ലീഡ്സിനു വേണ്ടി കളത്തിലിറങ്ങിയ കാൾട്ടൺ, ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നു. ഐറിഷ് ഫുട്ബോൾ ടീമിന് വേണ്ടിയും നിരവധി തവണ അദ്ദേഹം കളത്തിൽ ഇറങ്ങിയിട്ടുണ്ട്. നോർത്ത് ആംബർലാൻഡിലെ ഭവനത്തിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കാൾട്ടന്റെ അന്ത്യം. മികച്ച ഫുട്ബോൾ താരമെന്നതിനോടൊപ്പം തന്നെ, മികച്ച ഒരു ഭർത്താവും, കുടുംബനാഥനും എല്ലാം ആയിരുന്നു അദ്ദേഹം എന്ന് കുടുംബാംഗങ്ങൾ ഓർമ്മിക്കുന്നു.

ജാക്ക് കാൾട്ടന്റെ മരണത്തിലുള്ള അതിയായ ദുഃഖം ഇംഗ്ലണ്ട് ഫുട്ബോൾ ടീം അറിയിച്ചു.1973 ലാണ് കാൾട്ടൻ കളത്തിൽ നിന്നും വിരമിച്ചത്. 1953 ൽ ആണ് അദ്ദേഹം പാറ്റിനെ വിവാഹം കഴിച്ചത്. മൂന്നു മക്കൾ ആയിരുന്നു അദ്ദേഹത്തിന്. ജന മനസ്സുകളുടെ നിറസാന്നിധ്യമായി കാൾട്ടൺ എന്നും തുടരുമെന്ന് സമൂഹത്തിലെ വിവിധ വ്യക്തികൾ തങ്ങളുടെ അനുശോചനങ്ങളിൽ രേഖപ്പെടുത്തി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടൻെറ മനസ്സാക്ഷിയെ ഞെട്ടിച്ച പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. പത്തൊമ്പത് വയസ്സുകാരന് ആത്മഹത്യ പ്രേരണയും സഹായവും നൽകി എന്ന കുറ്റത്തിന് 46 കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് ലാൻകാഷെയറിൽ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇതോടൊപ്പംതന്നെ യുവതിയേയും സാരമായ പരിക്കുകളോടെ സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് റോയൽ പ്രെസ്റ്റൻ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

പോലീസ് പിന്നീട് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാലും കുട്ടിയുടെ മരണത്തിൽ കൃത്യമായ വ്യക്തത ഇതുവരെയും വന്നിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ലോകത്തെമ്പാടും വർധിച്ചുവരികയാണ്. എല്ലാത്തരത്തിലുള്ള അന്വേഷണവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ഡോ. ഐഷ വി
ഞാൻ കണ്ണൂർ തളിപറമ്പിനടുത്ത് പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സമയത്ത് കോളേജിലെ എൻ എസ് എസ് യൂണിറ്റ് സഞ്ജീവനി പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പട്ടുവത്തുള്ള കൃഷ്ണൻ – മറിയാമ്മ ദമ്പതികളുടെ വീട്ടിൽ പോകാനിടയായി. രണ്ടു പേർക്കും കാഴ്ചയില്ലായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ . അവരുടെ അപ്പോഴത്തെ പ്രശ്നം പഴകി ദ്രവിച്ച വീട്ടിന്റെ അറ്റകുറ്റ പണി . പിന്നെ കക്കൂസില്ലാത്ത വീടിന് കക്കൂസ് നിർമ്മിച്ച് കിട്ടണം എന്നതായിരുന്നു. ഞങ്ങളുടെ കോളേജിലെ ജോമിഷ ജോസഫ് എന്ന വിദ്യാർത്ഥിനിയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ അവരുടെ പ്രശ്നം പരിഹരിച്ചു കൊടുത്തു. ജോമിഷ ജോസഫിന് 2013-14 ലെ മികച്ച എൻ എസ് എസ് വോളന്റിയറിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കായി എനിക്കും പല പ്രാവശ്യം അവിടെ പോകേണ്ടി വന്നു. ഓരോ കാര്യങ്ങൾ അന്വേഷിച്ച കൂട്ടത്തിലാണ് അവർക്ക് വസ്തുവും വീടുമൊക്കെ ഒരു അച്ചനാണ് കൊടുത്തതെന്ന് അറിയുന്നത്. ആദ്യം അച്ചൻ വച്ചു കൊടുത്ത വീടും പറമ്പുമൊക്കെ വിറ്റിട്ടാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ആ അച്ചൻ ആ പരിസരത്തുള്ള ധാരാളം പേർക്ക് വീടും സ്ഥലവുമൊക്കെ നൽകിയെന്ന് അയൽപക്കക്കാർ എന്നോട് പറഞ്ഞു. ആദ്യമാധ്യം വീട് ലഭിച്ചവർക്ക് രണ്ടേക്കറും പിന്നീട് ലഭിച്ചവർക്ക് ഒന്നരയേക്കർ ഒരേക്കർ എന്നിങ്ങനെ കുറഞ്ഞു വന്നു. സ്ഥലവില കൂടിയതും ഫണ്ടിന്റെ കുറവുമാകാണം ഇതിന് കാരണം. ഈ അച്ചൻ വിവിധ സ്ഥലങ്ങളിലായി ഏഴായിരത്തിലധികം വീടുകൾ വച്ച് നൽകിയിട്ടുണ്ടത്രേ. ഇത്രയും ആസ്തി ലഭിച്ച പലരും ഇതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആ യാത്രകളിൽ നിന്ന് എനിക്ക് മനസ്സിലായത്.
പൊതു ജനങ്ങൾക്ക് ഇത്രയുമൊക്കെ വാരിക്കോരി സംഭാവന ചെയ്ത അച്ചനെ കുറിച്ച് കൂടുതലറിയാൻ കൗതുകം തോന്നി. 1948 ൽ ഇറ്റലിയിൽ നിന്നും വന്ന് മുബൈയിലും വയനാട്ടിലും മിഷനറി പ്രവർത്തനം ആരംഭിച്ച ഫാദർ സുക്കോൾ ആണ് അതെന്ന് പിന്നീട് മനസ്സിലായി. ഫാദർ സുക്കോൾ കൈവച്ച എല്ലാ പദ്ധതികളും അതിന്റെ പൂർണ്ണതയിലെത്തിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് സുക്കോളച്ചനെ കാണാൻ ഭാഗ്യം ലഭിച്ചത്.
സഞ്ജീവനി പാലിയേറ്റീവ് കെയറിലെ ശോഭയാണ് എന്നോട് പരിയാരം മറിയാപുരത്തുള്ള വൃക്ക രോഗo ബാധിച്ച രണ്ട് സഹോദരമാരുടെ കാര്യം പറയുന്നത്. അങ്ങനെ ഞാനും ശോഭയും ഞങ്ങളുടെ പിറ്റിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ സാറും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും ശ്രീനിവാസൻ സാറും ജോമിഷയും കൂടി അവരെ കാണാനായി പോയി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവർക്ക് പുറത്ത് നിന്ന് ധാരാളം സഹായം കിട്ടി വീട് പുതുക്കിപണിയാൻ തുടങ്ങിയിരുന്നു. അവരുടെ വീടും ആദ്യം സുക്കോളച്ചൻ നൽകിയതാണ്. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുക്കോളച്ചനെ ഒന്ന് കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ സുക്കോളച്ചനെ കാണാനായി കയറി. അവിടെ ജോലിയ്ക്ക് നിന്നിരുന്നത് ഞങ്ങളുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി നവനീതിന്റെ അച്ഛനായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ സുക്കോളച്ചൻ ഉച്ചയുറക്കത്തിലായിരുന്നു. അദ്ദേഹം ഉറക്കം കഴിഞ്ഞ് എഴുനേൽക്കുന്നത് വരെ ഞങ്ങൾ കാത്തു നിന്നു. നവനീതിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ കുറേ നേരം കൊച്ചുവർത്തമാനം പറഞ്ഞിരുന്നപ്പോൾ ഫാദർ സുക്കോൾ എഴുന്നേറ്റു വന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തു വന്നിരുന്നു. ഞങ്ങളും അദ്ദേഹത്തെ വണങ്ങി. ഞങ്ങളെ പരിചയപ്പെട്ടശേഷം അദ്ദേഹം അകത്തു പോയി ഒരു മിഠായി ഭരണിയുമായി തിരികെ വന്നു. ഞങ്ങൾക്കെല്ലാം അദ്ദേഹം മിഠായി തന്നു. എന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ച ശേഷം അവർക്കും കൂടി കൊടുക്കാനുള്ള മിഠായികൾ അദ്ദേഹം എനിക്ക് നൽകി. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്കിപ്പോൾ തൊണ്ണൂറ്റി എയിറ്റ് വയസ്സായി(98) . എന്നിട്ടദ്ദേഹം ചിരിച്ചു . പിന്നെ തുടർന്നു. കേരളത്തിൽ വയനാട്ടിലാണ് ആദ്യ പ്രവർത്തനം. അന്നൊക്കെ(1948 -ൽ) സൈക്കിളിലായിരുന്നു സഞ്ചാരം. 1980 -ൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം കൊടുത്തു. കുറേ കാര്യങ്ങൾ ചെയ്തു. ഫണ്ടിനായി ആരോടും കൈ നീട്ടിയില്ല. പക്ഷേ സുമനസ്സുകൾ അദ്ദേഹത്തോടൊപ്പം നിന്നു. വൃക്കരോഗ ബാധിതനായ ആളെ കാണാനാണ് ഞങ്ങൾ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. പലർക്കും ജീവിക്കാൻ ഒരടിത്തറ കിട്ടിക്കഴിഞ്ഞാൽ അഞ്ചാറ് കോഴിയെ വളർത്തിയാലും അഞ്ചാറ് ആട്ടിനെ വളർത്തിയാലും ജീവിക്കാം. പക്ഷേ പലരും അത് ചെയ്യുന്നില്ല. നന്നായി ജീവിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പലരും മദ്യപിച്ച് സ്വയം നശിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും സംസാരിച്ച ശേഷം ഫോണിൽ കുറച്ചു ഫോട്ടോകളുമെടുത്താണ് ഞങ്ങൾ മടങ്ങിയത്. എന്റെ ഫോൺ കേടായപ്പോൾ എടുത്ത ഫോട്ടോകൾ നഷ്ടപ്പെട്ടു. പക്ഷേ ആ കർമ്മയോഗിയെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നല്ല തിളക്കത്തോടെ നിൽക്കുന്നു. 2014 ജനുവരിയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് തളിപറമ്പ് എഴാം മൈലിൽ നാഷണൽ ഹൈവേയ്ക്കടുത്ത് സെയിഫ് ഗാർഡ് കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ കോളേജിന് മുന്നിലൂടെയായിരുന്നു ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദ്ദേഹം കൊണ്ടുപോയത്.
ഇന്ന് കോവിഡ് പടർന്നു പിടിയ്ക്കുന്ന കാലഘട്ടത്തിൽ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്കെങ്കിലും ആശങ്കയുണ്ടാകും. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന്. ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ഉള്ള സമയം നന്നായി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ തന്നെ നന്നായി പ്രവർത്തിക്കുക. നീണ്ട് നിവർന്നു കിടക്കുന്ന ജീവിതത്തിന് നേരെയൊന്ന് പുഞ്ചിരിച്ച് മുന്നേറുക. സുക്കോളച്ചന്റെ വാക്കുകൾ കടമെടുക്കുക. ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം.
അവരവരുടെ അഭിരുചിയ്ക്കും കഴിവിനും അനുസരിച്ച് തുടങ്ങുക. കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക . പ്രയത്നിയ്ക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നു തന്നെ മാറ്റുക. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേയ്ക്കായി സൂക്ഷിച്ച് വയ്ക്കുക. നേരിന്റെ വഴിയിൽ മുന്നേറുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഇംഗ്ലണ്ടിലെ കടകളിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഈ മാറ്റത്തെ അനുകൂലിക്കുന്നുണ്ട്. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ശക്തവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് ലേബർ എംപി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. സ് കോട് ലൻഡിലെ കടകളിൽ ഇന്നലെ മുതൽ മാസ്ക് നിർബന്ധമാക്കി. നിലവിൽ ഇംഗ്ലണ്ടിലെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു. പൊതുഗതാഗത്തിൽ സഞ്ചരിക്കുമ്പോഴും ആശുപത്രികൾ സന്ദർശിക്കുമ്പോഴും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. “കടകളിൽ വ്യാപനം നടക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ അവിടെയും മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിലെ ചിലയിടങ്ങളിൽ വൈറസ് വ്യാപനം ഉയരുന്നത് ശീതകാല ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. തണുപ്പ് കാലത്ത് വൈറസ് വ്യാപനം ഉയരുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. 4° സെൽഷ്യസ് (39 എഫ്) താപനിലയിൽ വൈറസ് വളരുന്നു എന്നതിന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളുടെ പക്കൽ ഇപ്പോൾ ശക്തമായ തെളിവുകളുണ്ട്. ശൈത്യകാലത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തയ്യാറായി ഇരിക്കണമെന്നും അവർ അറിയിച്ചു. കഴിഞ്ഞയാഴ്ച ലെസ്റ്ററിൽ ഏർപ്പെടുത്തിയതുപോലുള്ള പ്രാദേശിക ലോക്ക്ഡൗൺ വരും ദിനങ്ങളിൽ രാജ്യത്തിന്റെ പലയിടങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ആകെയുള്ള കേസുകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ ചില ദേശീയ നടപടികൾ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ രോഗപരിശോധന ശരത്കാലത്തോടെ ‘തികച്ചും കുറ്റമറ്റ രീതിയിൽ’ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മറ്റൊരു ലോക്ക്ഡൗൺ വിനാശകരമായ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് രാജ്യത്തെ നയിക്കും. എല്ലാ കുട്ടികളും സ്കൂളിലേക്ക് മടങ്ങാനുള്ള ബോറിസ് ജോൺസന്റെ പദ്ധതികളെ ഇത് തടസ്സപ്പെടുത്തിയേക്കും. എന്നിരുന്നാലും സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) ലെ വിദഗ്ധർ സ്കൂളുകൾ വീണ്ടും തുറക്കുന്നത് മുൻഗണന വിഷയമാണെന്ന് ഊന്നിപ്പറഞ്ഞു. ഇംഗ്ലണ്ടിന്റെ ആർ റേറ്റ് 0.8 നും 1 നും ഇടയിലാണ്. കഴിഞ്ഞ ആഴ്ച 0.8 നും 0.9 നും ഇടയിലായിരുന്നു. ഇംഗ്ലണ്ടിലെ 14,000 ത്തോളം ആളുകൾക്ക് നിലവിൽ രോഗം ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : സ്രെബ്രെനിട്സ കൂട്ടക്കൊലയുടെ ഇരുപത്തഞ്ചാം വാർഷികം ഇന്ന്. 8000ത്തിലധികം നിരപരാധികളായ മുസ്ലിങ്ങളുടെ ജീവൻ മണ്ണിൽ അലിഞ്ഞുചേർന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിടുന്നു. 1997 ൽ സ്രെബ്രെനിട്സ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലെ വിവാദ പരാമർശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ലേബർ എംപിമാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മുസ്ലിങ്ങൾ “യഥാർത്ഥത്തിൽ മാലാഖമാരല്ല” എന്ന് ബോറിസ് ജോൺസൻ എഴുതിയിരുന്നു. വംശഹത്യയ്ക്ക് ഇരയായവരെ കുറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും ശരിയായ നടപടിയല്ല എന്ന് ലേബർ പാർട്ടി എംപി ടോണി ലോയ്ഡ് അഭിപ്രായപ്പെട്ടു.

1995 ജൂലൈ 11 ന് ബോസ്നിയൻ സെർബിയൻ യൂണിറ്റുകൾ ബോസ്നിയ-ഹെർസഗോവിനയിലെ സ്രെബ്രെനിട്സ പട്ടണം പിടിച്ചെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ, അവരുടെ സൈന്യം 8,000 ത്തിലധികം ബോസ്നിയൻ മുസ്‌ലിംകളെ ആസൂത്രിതമായി കൊലപ്പെടുത്തി. അതിൽ കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്യൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. ഡച്ച് സേനയുമായി ചേർന്നു യുഎൻ സംരക്ഷിച്ചിരുന്ന സ്രെബ്രെനിട്സയിൽ ആയിരക്കണക്കിന് മുസ്‌ലിംങ്ങൾ സുരക്ഷിതരായിരുന്നുവെങ്കിലും 1995 ജൂലൈയിൽ ജനറൽ റാറ്റ്കോ മ്ലാഡിക് നയിച്ച ആക്രമണത്തിനിടെ ഈ പ്രദേശം തകർന്നു. രണ്ട് വർഷത്തിന് ശേഷം ഒട്ടാവ സിറ്റിസൺ എന്ന പുസ്തകത്തിൽ ജോൺസൺ സംഭവിച്ചതിനെ അപലപിച്ചെഴുതി; “രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. സ്രെബ്രെനിട്സയുടെ വിധി ഭയാനകമായിരുന്നു. എന്നാൽ കൊല്ലപ്പെട്ട മുസ്‌ലിംങ്ങൾ യഥാർത്ഥത്തിൽ മാലാഖാമാരായിരുന്നില്ല.”
നൂറിലധികം മുസ്‌ലിം സംഘടനകളും കമ്മ്യൂണിറ്റി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിൽ മാപ്പ് ചോദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞ ശേഷം സ്രെബ്രെനിട്സ അനുസ്മരണങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ കുടുംബങ്ങളെ അപമാനിക്കുനതിന് തുല്യമാണെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ 25 വർഷമായി സ്രെബ്രെനിട്സ വംശഹത്യയെ ചരിത്രത്തിലെ ഏറ്റവും മോശമായ കുറ്റകൃത്യങ്ങളിലൊന്നായി പ്രധാനമന്ത്രി അപലപിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൃത്യമായ പരിചരണം ലഭിക്കാതെ പ്രസവാനന്തരം കുഞ്ഞുങ്ങളുടെ മരണം സംഭവിച്ച കേസിൽ ഷ്രൂസ്ബറി & ടെലിഫോർഡ് എൻ എച്ച് എസ് ട്രസ്റ്റ് ആശുപത്രിക്കെതിരെ വീണ്ടും അന്വേഷണം. 1998 മുതൽ 2017 വരെ സംഭവിച്ച ആയിരത്തിഅഞ്ഞൂറോളം മരണങ്ങളെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തോടു പൂർണമായും സഹകരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ ഗർഭകാല ശുശ്രൂഷ മെച്ചപെട്ടതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മേർഷ്യ പൊലീസാണ് കഴിഞ്ഞാഴ്ച അന്വേഷണം പ്രഖ്യാപിച്ചത്. മുൻപ് 2017 ലും ആശുപത്രിക്കെതിരെ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ട്. ആ സമയത്ത് ആരോഗ്യ സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് 23 കേസുകളെ സംബന്ധിച്ച് തുടങ്ങിയ അന്വേഷണം ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഈ ആശുപത്രിയിൽ ഗർഭകാല ശുശ്രൂഷയെ സംബന്ധിച്ച് ഉയർന്ന പരാതിയോടൊപ്പം തന്നെ, മറ്റ് മേഖലകളെ സംബന്ധിച്ചും പരാതികളുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് കെയർ ക്വാളിറ്റി കമ്മീഷൻ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആശുപത്രിയെ സംബന്ധിച്ച ചർച്ചകൾ എൻഎച്ച്എസ് ഇംഗ്ലണ്ടുമായി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി 12 മണിക്കൂറിൽ അധികമാണ് രോഗികൾക്ക് ഈ ആശുപത്രിയിൽ കാത്തിരിക്കേണ്ടി വരുന്നത് എന്ന പരാതികളും ഉയർന്നിട്ടുണ്ട്. രോഗികൾക്ക് ചികിത്സ നിഷേധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.