അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും ഐസലേഷനിലായി. പ്രധാനമന്ത്രിയുമായി മീറ്റിങ്ങിൽ പങ്കെടുത്ത ആഷ്ഫീൽഡ് എംപി ലീ ആൻഡേഴ്സന് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. കോവിഡിൻെറ യാതൊരു ലക്ഷണങ്ങളും ഇല്ലെങ്കിലും നിയമങ്ങൾ അനുസരിച്ച് സ്വയം ഒറ്റപ്പെടലിന് വിധേയനാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസിൽ നിന്ന് തനിക്ക് ഐസൊലേഷനിൽ പോകാനുള്ള നിർദ്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് നിലവിൽ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ല എന്നും അദ്ദേഹം പതിവ് പോലെ ജോലി തുടരുമെന്നും ഗവൺമെൻറ് വ്യക്താവ് അറിയിച്ചു.

മാർച്ച് മാസത്തിൽ കൊറോണ വൈറസ് ബാധിതനായി മൂന്ന് ദിവസത്തോളം ബോറിസ് ജോൺസൺ സെൻട്രൽ ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. കോവിഡ് – 19 വന്നവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ ലോക്ക്ഡൗൺ 12 ദിനങ്ങൾ പിന്നിടുമ്പോൾ പോലീസ് നിയമങ്ങൾ കർശനമാക്കി. നിയമങ്ങൾ ലംഘിച്ച് ജനങ്ങളെ കൂട്ടി പ്രാർത്ഥന നടത്തിയത് പോലീസ് തടഞ്ഞു. വടക്കൻ ലണ്ടനിലെ എയ്ഞ്ചൽ ചർച്ചിലാണ് സംഭവം അരങ്ങേറിയത്. പാസ്റ്റർ റെഗൻ കിംഗ്ൻെറ നേതൃത്വത്തിലാണ് മുപ്പതോളം ആളുകൾ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയത്.

ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ച് രോഗവ്യാപനം തടയുന്നത് ക്രിസ്തുമസ് സീസണിൽ കൂടുതൽ ഇളവുകൾക്കും കൂടിച്ചേരലുകൾക്കും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ക്രിസ്മസ് സമയത്തെ കെയർ ഹോമുകളിലും മറ്റുമുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് അവസരമൊരുക്കണമെന്നുള്ള ആവശ്യം രാജ്യമൊട്ടാകെ നിന്ന് ഗവൺമെന്റിൻെറ മേൽ ശക്തമായിട്ടുണ്ട്.  ഇന്നലെ മാത്രം യുകെയിൽ 24962 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 168 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിന് തലേന്ന് 462 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. മരണ നിരക്കിലുള്ള കുറവ് കോവിഡിനെതിരെ ഉള്ള യുദ്ധത്തിൽ രാജ്യത്തിന് ആശ്വാസം നൽകുന്നതാണ്.