Main News

സ്വന്തം ലേഖകൻ

ലോകം മുഴുവൻ, കൊറോണ വൈറസ് പരക്കുന്നത് തടയാനായി സ്കൂളുകൾ അടച്ചിടുമ്പോൾ യുകെയിൽ സംഭവിക്കുന്നത് എന്ത്? ഈ നിമിഷം വരെയും സ്കൂളുകൾ തുറന്നു തന്നെ പ്രവർത്തിക്കണമെന്നാണ് ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സമീപ ഭാവിയിൽ പൂട്ടേണ്ടി വന്നേക്കാം എന്ന് ഗവൺമെന്റിന്റെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയ്ക്ക് കുട്ടികളോടുള്ള സമീപനം മുതിർന്നവരോടുള്ള പോലെ കാര്യക്ഷമമല്ല. രോഗം കൂടുതലായി പടരാതിരിക്കാൻ വേണ്ടി സ്കൂളുകൾ അടച്ചു ഇടുകയാണ് ഈ അവസരത്തിൽ വേണ്ടത്. എൻ എച്ച് എസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ള മാതാപിതാക്കൾ കുട്ടികളെ നോക്കാനായി ലീവ് എടുക്കുന്ന അവസ്ഥയുണ്ട്. രോഗ ബാധിതരായ കുട്ടികളെ ശുശ്രൂഷിക്കാൻ പ്രായമായവരെ ഏൽപ്പിച്ചാൽ രോഗം അവർക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ കാണിക്കുന്ന അനാസ്ഥ ഒരുപക്ഷേ ഭാവിയിൽ കൂടുതൽ ദിവസങ്ങൾ സ്കൂളുകൾ അടച്ചിടുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യാനായി വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അധ്യാപകരുടെ കുറവാണ്. പലരും സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കുട്ടികളെ പഠിപ്പിക്കാനും കാര്യങ്ങൾ നോക്കാനും ആളുകൾ കുറവാണ്. ഓരോ സ്കൂളിലെയും കാര്യങ്ങൾ യുകെയിൽ ഉടനീളം വ്യത്യസ്തമാണ്. വടക്കേ അയർലൻഡിൽ മന്ത്രിയായ അർലീൻ ഫോസ്റ്റർ 16 ആഴ്ചയെങ്കിലും സ്കൂളുകൾ അടച്ചിടണമെന്ന് അറിയിച്ചിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ ചില സ്കൂളുകൾ ഡീപ് ക്ലീനിങിനായി അടച്ചിട്ടുണ്ട്.

പരീക്ഷകൾ ഒന്നും മാറ്റി വയ്ക്കാൻ സാധ്യതയില്ലെന്നും അതിനാൽ വിദ്യാർത്ഥികൾ പരീക്ഷകൾക്ക് പതിവുപോലെ തയ്യാറെടുക്കണം എന്നും അറിയിപ്പുണ്ട്. ഏതെങ്കിലും കുട്ടികൾ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചാൽ അവരെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കണം എന്നാണ് അറിയിപ്പ്. അങ്ങനെയുള്ള കുട്ടികളെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തണം എന്നും പറഞ്ഞിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കൾക്ക് വീട്ടിലിരുത്തി പഠിപ്പിക്കാൻ ഉള്ള അവസരം യുകെയിൽ നിലവിലുണ്ടെങ്കിലും ഒരു സ്കൂളിൽ എൻറോൾ ചെയ്താൽ അവർ നിർബന്ധമായും ക്ലാസ്സിൽ പോയിരിക്കണം. അല്ലെങ്കിൽ മാതാപിതാക്കൾ സ്കൂളിൽ നിന്നും പ്രത്യേക അനുമതി നേടിയിരിക്കണം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് 55 പേർ മരിച്ചതായി ഹെൽത്ത്‌ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ഇതോടെ 24 മണിക്കൂറിൽ 19 പേർ എന്ന കണക്കിലേക്ക് മരണനിരക്ക് ഉയർന്നു. ഹൗസ് ഓഫ് കോമ്മൺസിൽ നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ സെക്രട്ടറി ഈ കാര്യം വ്യക്‌തമാക്കിയത്. ബ്രിട്ടൻ ഈ കാലഘട്ടത്തിൽ നേരിട്ട ഏറ്റവും വലിയ ആരോഗ്യ ദുരന്തങ്ങളിലൊന്നാണ് കൊറോണ ബാധ എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനാണ് മുഖ്യ പ്രാധാന്യം നൽകുന്നതെന്നും, വൈറസ് വ്യാപനം തടയുവാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സഹായിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ സ്റ്റാഫുകളെയും, എൻഎച്ച്എസ് സ്റ്റാഫുകളെയും ഹെൽത്ത് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.

ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 1543 ആയി ഉയർന്നു. ആരോഗ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഗവൺമെന്റിന് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള അടിയന്തര ബിൽ ഉടൻ പാസാക്കുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആവശ്യമായ വെന്റിലേറ്റർ സംവിധാനങ്ങൾക്കായി നിർമ്മാണ കമ്പനികളോട് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, പബ്, തീയേറ്റർ എന്നിവിടങ്ങൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.വാർദ്ധക്യത്തിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദ്ദേശവും ആരോഗ്യ സെക്രട്ടറി നൽകി. നാല് മാസത്തേക്ക് അവർ വീടുകൾക്ക് പുറത്തിറങ്ങാതെ ഇരിക്കുകയാണ് ഉചിതം. സ്വയം ഐസോലേഷനിൽ വിധേയമാകാത്തവർക്കു ഫൈനുകളും നിശ്ചയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇലക്ട്രിക് കാർ ബാറ്ററി നിർമ്മാണ രംഗത്തേയ്ക്ക് ജിഗാഫാക്ടറികളെ ആകർഷിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ, ഒരു ലക്ഷത്തി അയ്യായിരത്തോളം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. ലോകത്താകമാനം കാർ നിർമാതാക്കൾ, ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിലേക്ക് തിരിയുകയാണ്. നിലവിൽ ബ്രിട്ടനിലേക്ക് ലിഥിയം -അയൺ ബാറ്ററികൾ പ്രധാനമായും സപ്ലൈ ചെയ്യുന്നത് ചൈനീസ് കമ്പനികൾ ആണ്. ഈ കാർ ബാറ്ററികൾ ബ്രിട്ടണിൽ തന്നെ നിർമ്മിക്കപ്പെടുകയാണെങ്കിൽ തൊഴിലവസരങ്ങൾ വർദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. എന്നാൽ നിലവിൽ ഒരു വൻകിട കമ്പനികളും ഇതിനായി തയ്യാറാവുന്നില്ല.

ഫ്രാൻസും ജർമ്മനിയും എല്ലാം 5.3 ബില്യൻ പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആണ് ബാറ്ററി നിർമ്മാണ രംഗത്തേയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. ഒരു യൂറോപ്യൻ ബാറ്ററി നിർമ്മാണ രംഗം ആരംഭിക്കുന്നതിലേക്കു ബെൽജിയം, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി പോളണ്ട്, ഇറ്റലി, സ്വീഡൻ എന്നീ രാജ്യങ്ങൾ 3.2 ബില്യൻ പൗണ്ട് വീതം നീക്കിവയ്ക്കാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ നിലവിൽ ബ്രിട്ടൻ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല.

ബ്രെക്സിറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ടെസ്ലയുടെ ഫാക്ടറി ബ്രിട്ടനിൽ നിന്നും ബെർലിനിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് കാരണമെന്ന് ടെസ്‌ല സിഇ ഒ എലോൺ മസ്‌ക് വ്യക്തമാക്കി. നിലവിൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങളോട് പിടിച്ചു നിൽക്കുവാൻ ശ്രമിക്കുകയാണ് ബ്രിട്ടൻ.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുന്നതിന്റെ സാഹചര്യത്തിൽ 75 വയസ്സിനു മുകളിലുള്ളവരുടെ ടിവി ലൈസൻസ് ഫീസ് മാറ്റങ്ങൾ ഉടനെ ഉണ്ടാകില്ലെന്ന് ബിബിസി അറിയിച്ചു. 3.7 ദശലക്ഷത്തോളം ആളുകളുടെ സൗജന്യ ടിവി ലൈസൻസുകൾ ജൂൺ 1 ന് റദ്ദാക്കേണ്ടതായിരുന്നു. എന്നാൽ ഈയൊരു സാഹചര്യത്തിൽ അത് ഓഗസ്റ്റ് 1 വരെ നീട്ടി. ഇപ്പോൾ അസാധാരണമായ സാഹചര്യങ്ങളാണെന്നും അതിനാൽ ശരിയായ സമയം ഇതല്ലെന്നും ബിബിസി ചെയർമാൻ സർ ഡേവിഡ് ക്ലെമന്റി പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസത്തെ കാലതാമസത്തിന്റെ ചെലവ് കണക്കാക്കുമെന്ന് ബിബിസി സ്ഥിരീകരിച്ചു.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് മാത്രമേ 2020 ജൂൺ മുതൽ സൗജന്യ ലൈസൻസിന് അർഹതയുള്ളൂവെന്ന് കഴിഞ്ഞ വർഷം കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ, ബിബിസിയും സർക്കാരും സംയുക്ത പ്രസ്താവന ഇറക്കി. നിലവിലെ സാഹചര്യത്തിൽ ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് അവർ പറഞ്ഞു. ” വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് രാജ്യത്തെ സേവിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ് ബിബിസിയുടെ ലക്ഷ്യം.” പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു. ദേശീയ ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ, ദിനംതോറും പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ ബിബിസിക്ക് ഒരു പ്രധാന പങ്കുണ്ട്. അസാധാരണമായ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ്, പുതിയ നയത്തിന്റെ ആരംഭ തീയതി മാറ്റാൻ ബിബിസി ബോർഡ് തീരുമാനിച്ചു. ഓഗസ്റ്റ് 1 ന് ഇത് നിലവിൽ കൊണ്ടുവരാനാണ് ഞങ്ങളുടെ നിലവിലെ പദ്ധതി.” അവർ കൂട്ടിച്ചേർത്തു.

പെൻഷൻ ക്രെഡിറ്റ് ആനുകൂല്യം ലഭിക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും സൗജന്യ ലൈസൻസ് പദ്ധതി അവസാനിപ്പിക്കുമെന്ന് ബ്രോഡ്കാസ്റ്റർ പ്രഖ്യാപിച്ചപ്പോൾ 2019 ൽ ഒരു പ്രതിഷേധം ഉയർന്നിരുന്നു. ഏജ് യുകെ എന്ന ചാരിറ്റി സമർപ്പിച്ച നിവേദനത്തിൽ 630,000 ൽ അധികം ആളുകൾ ഒപ്പിട്ടിരുന്നു. ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ഏജ് യുകെ അറിയിച്ചു. ബിബിസിയുടെ ഈ തീരുമാനത്തെ സാംസ്കാരിക സെക്രട്ടറി ഒലിവർ ഡൗഡനും സ്വാഗതം ചെയ്തു. 2020/2021 സാമ്പത്തിക വർഷത്തിൽ സൗജന്യ ലൈസൻസുകൾ നൽകുന്നത് തുടരുന്നതിനായി ബിബിസിക്ക് 700 മില്യൺ ഡോളർ ചിലവാകുമെന്ന് 2018 ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ബാല സജീവ്‌ കുമാര്‍

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ആദ്യത്തേത് ക്ലിനിക്കൽ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് ഇതിലൂടെ നൽകപ്പെടുന്നത്. ഈ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ഒരു സംഘമായിരിക്കും. ഈ സേവനത്തിന് തയ്യാറുള്ള ഡോക്ടർമാരെ ഈ യുദ്ധത്തിൽ പങ്കാളികളാകുവാൻ ക്ഷണിക്കുകയാണ്.

രണ്ടാമത്തേത്, ഇമോഷണൽ സപ്പോർട്ടാണ്. രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആൾക്കാർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ,അവരെല്ലാവരും അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരുടെ ദൈനംദിനാവശ്യങ്ങൾ, മോർട്ട്ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളിൽ അവർക്ക് ധൈര്യം പകർന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം. നേഴ്‌സുമാർ, സോഷ്യൽ വർക്കേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ, പുരോഹിതർ, മതപരമായ ഉപദേശം കൊടുക്കാൻ കഴിയുന്നവർ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർക്ക് സേവനം ചെയ്യാൻ കഴിയുന്ന ഈ മേഖലയിലേക്കും വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്.

മൂന്നാമത്തേത്, അവശ്യസഹായം അടിയന്തിരമായി എത്തിക്കാൻ കഴിയുന്നവരുടെ ഒരു ടീമാണ്. രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പർക്കമില്ലാതെ വീടുകളിൽ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തിൽ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് നമ്മുടെ പ്രധാന ആവശ്യം. സമൂഹത്തിലെ ഏതു തുറയിൽ പ്രവർത്തിക്കുന്ന ധൈര്യശാലികളായ മനുഷ്യസ്നേഹികൾക്കും ഈ സേവനത്തിന് അവസരമുണ്ട്. യു കെ യിലെ മലയാളി സമൂഹം നമ്മെത്തന്നെ പരസ്പരം സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളായി രോഗം പകരുന്ന സാഹചര്യങ്ങൾ, പകരാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവ ഈ വോളന്റിയേഴ്‌സിനെ പഠിപ്പിക്കുവാനുള്ള ക്ലിനിക്കൽ ടീമിനും ചേരാവുന്നതാണ്.

രോഗികളെ സഹായിക്കുന്നവർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ, യു കെ യിലെ ഗവൺമെന്റ് ബോഡികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള മുൻകരുതലുകൾ നിർബ്ബന്ധമായും എടുക്കാൻ തയ്യാറുള്ളവരായിരിക്കണം വോളന്റിയേഴ്‌സായി വരേണ്ടത്. വോളന്റിയേഴ്സായി വരുന്നവരെ അവർക്ക് സേവനം ചെയ്യാൻ താല്പര്യമുള്ള മേഖലയനുസരിച്ച് ഗ്രൂപ്പുകളായി തരം തിരിച്ച് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പദ്ധതിയൊരുക്കിയിട്ടുണ്ട്.

പകൽ ഓഫീസ് സമയങ്ങളിൽ സഹായത്തിനായി വിളിക്കുന്നവരെ സഹായിക്കാൻ കോൾ സെന്ററും, അതിനു ശേഷം വിശ്വസ്തതയുള്ള വോളന്റിയേഴ്സിനെയും ഒരുക്കിയിട്ടുണ്ട്. ഈ സേവനത്തിനായി വിളിക്കുന്നവരുടെ ഫോൺ നമ്പർ, പേര്, ആവശ്യം, ഈ വിവരങ്ങൾ ബന്ധപ്പെട്ടവരുമായി ഷെയർ ചെയ്യുന്നതിനുള്ള അനുമതി എന്നീ കാര്യങ്ങൾക്കപ്പുറം മറ്റൊന്നും കോൾ ഹാൻഡ്‌ലേഴ്‌സ് ചോദിക്കുന്നതല്ല. സാധനങ്ങൾ എത്തിച്ചു തരികയോ ഒക്കെയുള്ള സഹായമാണ് ആവശ്യമെങ്കിൽ നിങ്ങളുടെ സ്ഥലവും നൽകാൻ തയ്യാറാകേണം.

സഹായത്തിനായി നമ്മെ സമീപിക്കുന്ന വ്യക്തികളുടെ യാതൊരുവിധ വിവരങ്ങളും യുണൈറ്റഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലോ മറ്റെവിടെയെങ്കിലുമോ പരസ്യമായി ഷെയർ ചെയ്യുന്നവരെ വോളന്റിയേഴ്സായി ആവശ്യമില്ല. സമീപിക്കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാമെന്ന് ഉറപ്പുള്ളവർ മാത്രം ഈ യജ്ഞത്തിൽ പങ്കാളികളാവുക.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക

സുരേഷ് കുമാർ 07903986970
റോസ്ബിൻ 07428571013
ബിനു ജോസ് 07411468602
ബിബിൻ എബ്രഹാം 07534893125
ബാബു എം ജോൺ 07793122621
ഓസ്റ്റിൻ അഗസ്റ്റിൻ 07889869216
കിരൺ സോളമൻ 07735554190
സാം തിരുവാതിലിൽ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607

ബാല സജീവ്‌ കുമാര്‍

കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകർച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോൾ, പല രാജ്യങ്ങളും, സന്ദർശകരെ വിലക്കിയും, കർശനമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയും, പൊതുസമ്പർക്ക പരിപാടികൾ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ, നമ്മൾ ജീവിക്കുന്ന യുകെ മഹാരാജ്യവും മുൻകരുതലുകൾ എടുത്തു തുടങ്ങി. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവർ 7 ദിവസം മുതൽ 14 ദിവസം വരെ അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കിൽ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോൾ യു കെ അഭിമുഖീകരിക്കുന്ന ‘ഡിലെ ഫെയ്സിലെ’ ഉന്നതതല തീരുമാനം.

ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഈ സാംക്രമിക രോഗം, ശാരീരികമായി മാത്രമല്ലാതെ, മാനസികമായി കൂടി ആൾക്കാരെ കൊല്ലുമെന്ന് ഇരുന്നൂറിൽ അധികം ശാസ്ത്രവിശാരദന്മാർ മുന്നറിയിപ്പ് നൽകിയപ്പോൾ, യു കെ യിലെ സമൂഹ സ്നേഹിയായ മലയാളി ഡോക്ടർ സോജി അലക്സ് തന്റെ സുഹൃത്തുക്കളായ ഡോക്ടർമാരെയും നേഴ്സുമാരെയും  കൂടി ചേർത്ത് മുന്നോട്ട് വച്ച ഒരു നിർദ്ദേശമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭം എന്ന ആശയത്തിന് കാരണമാകുന്നത്.

നിപ്പ വൈറസിനെയും, കേരളത്തിൽ പടർന്നു പിടിച്ച മറ്റു സാംക്രമിക രോഗങ്ങളെയും, കൊറോണ വൈറസിനെതിരായ നമ്മുടെ ചെറിയ സംസ്ഥാനത്തിന്റെ പോരാട്ടത്തിനെയും  പോലും ഉൾക്കൊള്ളുവാനാകാതെ, രോഗം സംശയിക്കപ്പെടുന്നവരെയോ, രോഗബാധിതരെയോ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന അവസരത്തിൽ, സഹജീവിയുടെ നിസ്സഹായാവസ്ഥയിൽ എന്നും തുണയായി നിന്നിട്ടുള്ള യു കെ യിലെ പ്രവാസി മലയാളി സമൂഹത്തെ ഒറ്റക്കെട്ടാക്കി നിലനിർത്തി പരസ്പരം സഹായിക്കുവാനുള്ള വേദി സംജാതമാക്കാനുള്ള തീരുമാനമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടപ്പാക്കാൻ യത്നിക്കുന്നത്.

യു കെ യിലെ ഏതൊരു മലയാളിയും  കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി അന്യ സമ്പർക്കമില്ലാതെ താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, പ്രബുദ്ധരായ ഒരു സമൂഹം എന്ന നിലയിൽ അവർക്ക് വേണ്ട സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കുന്നതിനാണ് നമ്മൾ ശ്രമിക്കുന്നത്.

ആശങ്കാകുലർക്ക് ആശ്രയമായി വിളിക്കുന്നതിന് എമെർജെൻസി നമ്പറായ 111 മാത്രമാണ് നിലവിൽ നല്കപ്പെട്ടിരിക്കുന്നത്. കാലികപ്രാധാന്യം കൊണ്ട് 111 കോളുകൾക്ക് മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം നിലവിൽ വരുമ്പോൾ,  ഡോക്ടർമാരെയും, നേഴ്സുമാരെയും മറ്റു യു കെ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട്   ഏതൊരു യു കെ മലയാളിക്കും പ്രാപ്യമാകുന്ന തരത്തിൽ, അവർക്ക് സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനമാണ് ആദ്യമായി നിലവിൽ വരുന്നത്.

യു കെ യിലുള്ള മറ്റ് മലയാളി ഡോക്ടർമാരെയും ഈ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിനും, യു കെ യെ പല സോണുകളായി തിരിച്ച് ഫോൺ കോളുകൾക്ക് മറുപടി പറയുന്നതിനുമുള്ള ശ്രമം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ കൂടെ തന്നെ അസുഖ ബാധിതരെയോ, ആശങ്കാകുലരെയോ മാനസികമായി സഹായിക്കുന്നതിന് യു കെ യിലെ പ്രമുഖ നേഴ്സുമാരെയും, ആരോഗ്യ-സോഷ്യൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ചേർത്ത് കൊണ്ടുള്ള  നീക്കവും ഈ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമാണ്.

അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം കഴിയേണ്ടി വരുന്ന മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളോ മരുന്നുകളോ എത്തിച്ച്  കൊടുക്കുന്നതിനുള്ള സന്നദ്ധ സംഘടനയും ഇതിന്റെ ഭാഗമായുണ്ട്. യു കെ യിലെ ഏതൊരു പ്രവിശ്യയിലും, ഏതൊരു മലയാളിക്കും ഈ അടിയന്തിര ഘട്ടത്തിൽ സഹായം ലഭ്യമാക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കാൻ യു കെ യിലെ മലയാളികളിൽ  നിന്ന് പ്രായ-ജാതി-മത-ലിംഗ വ്യത്യാസമെന്യേ സഹകരണം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ അഭ്യർത്ഥിക്കുകയാണ്. ഇപ്രകാരം ഒരു ആലോചന നിലവിൽ വന്ന ദിവസം തന്നെ 90 ൽ അധികം പേർ സന്നദ്ധ പ്രവർത്തകരായി രംഗത്ത് വന്നു എന്നുള്ളത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനകരമാണ്.

.യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക

സുരേഷ് കുമാർ            07903986970 
റോസ്ബിൻ                     07428571013 
ബിനു ജോസ്                   07411468602 
ബിബിൻ എബ്രഹാം      07534893125 
ബാബു എം ജോൺ        07793122621 
ഓസ്റ്റിൻ അഗസ്റ്റിൻ        07889869216 
കിരൺ സോളമൻ         07735554190 
സാം തിരുവാതിലിൽ   07414210825 
തോമസ് ചാക്കോ           07872067153 
റജി തോമസ്                    07888895607 

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

മലയാളികൾ എവിടെ ചെന്നാലും വിപ്ലവവീര്യമുള്ളവരും അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരുമാണ് . അതുകൊണ്ടു തന്നെയാണ് തൊഴിലിടങ്ങളിൽ നില നിന്ന അനീതിക്കെതിരെ പട പൊരുതാൻ പ്രവാസിമലയാളി നേഴ്സ് ഷാൽബിൻ ജോസഫിനെ പ്രേരിപ്പിച്ചത്. ഐറിഷ് നേഴ്സസ് ആൻഡ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ നാഷണൽ വൈസ് പ്രസിഡന്റായ ഷാൽബിൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ബിഎസ് സി ,ജി. എൻ. എം നേഴ്സുമാരെ രണ്ടായി പരിഗണിക്കുന്ന രീതി അയർലൻഡ് സർക്കാർ ഉപേക്ഷിച്ചു. കാലങ്ങളായി ബിഎസ് സി, ജിഎൻ എം നഴ്സുമാർക്ക് വ്യത്യസ്ത തരത്തിലുള്ള സേവന വേതന വ്യവസ്ഥകളായിരുന്നു അയർലൻഡിൽ നിലവിലുണ്ടായിരുന്നത്.

ഡബ്ലിനിൽ നഴ്സായ ഷാൽബിൻ ജോസഫ് തൃശൂർ പുത്തൻ വേലിക്കര സ്വദേശിയാണ്. ഷാൽബിന്റെ നേതൃത്വത്തിലുള്ള നിയമപോരാട്ടത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് മലയാളികൾ ഉൾപ്പെടുന്ന പതിനായിരത്തിലധികം നേഴ്സുമാർക്കാണ്. തൊഴിലിടത്തിലെ അനീതിക്കെതിരെ പോരാടാൻ മുന്നിട്ടിറങ്ങിയത് മലയാളി നേഴ്സുമാരുടെ സമൂഹം തന്നെയായിരുന്നു. മലയാളി നേഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച മലയാളി നേഴ്സുമാർ പിന്നീട് മറ്റു രാജ്യങ്ങളിലെ നേഴ്സുമാരെയും തങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാക്കുകയായിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ദിനങ്ങൾ കഴിയുന്തോറും കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ബ്രിട്ടനിൽ ഏറുന്നു. ഇന്നലെ മാത്രം 14 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 35 ആയി. രോഗബാധിതരുടെ എണ്ണം 1372 ആയി ഉയർന്നു. രോഗത്തിന്റെ വ്യാപനം ഏറിയതോടെ എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണം വരുത്താൻ ബ്രിട്ടൻ തയ്യാറാകുന്നു. 70 വയസ്സിന് മുകളിൽ ഉള്ളവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. പ്രായമായവരോട് സാമൂഹിക സമ്പർക്കം കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് സ്കോട്ടിഷ് സർക്കാർ പറഞ്ഞു. അഞ്ഞൂറോ അതിൽ കൂടുതലോ ആളുകളുടെ ഒത്തുചേരലുകൾ സ്കോട്ട്ലൻഡിൽ ഉണ്ടാവരുതെന്ന നിർദ്ദേശവും സ്കോട്ടിഷ് സർക്കാർ പുറപ്പെടുവിച്ചു.

ഇതുവരെ യുകെയിൽ മരണപ്പെട്ടവർ 60 വയസ്സിനു മുകളിലുള്ളവരിലോ ആരോഗ്യസംബന്ധമായ അസ്വസ്ഥതകൾ നേരത്തെ ഉണ്ടായിരുന്നവരോ ആണ്. രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ കഴിയുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. കൊറോണ വൈറസ് രോഗം ചികിത്സിക്കുന്ന ആശുപത്രികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിനായി കാർ നിർമ്മാതാക്കൾ, ആയുധ നിർമ്മാതാക്കൾ തുടങ്ങിയവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വേണ്ടിവന്നാൽ ഹോട്ടലുകൾ ആശുപത്രികൾ ആക്കി മാറ്റാനും പദ്ധതിയുണ്ട്. പല കമ്പനികളും വെന്റിലേറ്റർ നിർമാണത്തിൽ ആവശ്യമായ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ 5,000 വെന്റിലേറ്ററുകൾ ലഭ്യമാണെന്നും എന്നാൽ അതിന്റെ ഇരട്ടി ആവശ്യമാണെന്നും ഹാൻ‌കോക്ക് പറഞ്ഞു. ഇതോടെ കൊറോണയ്ക്കെതിരെ ഒരു യുദ്ധത്തിനാണ് ബ്രിട്ടൻ ഒരുങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.

സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന കൊറോണ വൈറസ് ബാധ വൻ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്തിനുണ്ടാക്കുന്നത്. ആവശ്യ വസ്തുക്കൾ തീർന്നുപോകുമെന്ന ഭീതിയിൽ ആളുകൾ സാധങ്ങൾ വാങ്ങികൂട്ടുന്നതിനെതിരെ കച്ചവടക്കാർ രംഗത്തെത്തി. സാധനങ്ങൾ അമിതമായി സ്റ്റോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സൂപ്പർമാർക്കറ്റുകൾ നിർദേശിച്ചു. “നിങ്ങൾ വാങ്ങുന്നതിനുമുമ്പ് ദയവായി ചിന്തിക്കുക, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമുള്ളത് മാത്രം വാങ്ങുക.” ഉപഭോക്താക്കളോട് അവർ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ 6000ത്തിലേറെ മരണങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. 156ഓളം രാജ്യങ്ങളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

കൊറോണ മൂലമുണ്ടായ തകർച്ച പരിഹരിക്കാൻ എത്രയും പെട്ടെന്ന് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കമ്പനികൾ. വെർജിൻ അറ്റ്ലാന്റിക് മേധാവികൾ അടിയന്തര സാമ്പത്തിക സഹായഭ്യർത്ഥനയുമായി തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും. യുഎസ് യാത്രാ വിലക്കുകൾ ചൊവ്വാഴ്ച മുതൽ ട്രാൻസ് അറ്റ്ലാന്റിക് മേഖല വഴിയുള്ള വിമാനഗതാഗതത്തെ ബാധിക്കും. ഗവൺമെന്റിന്റെ വ്യോമഗതാഗതം ഉൾപ്പെടെ എല്ലാ സെക്ടറിനെയും ഇപ്പോൾ തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ സ്റ്റാർട്ട് മെസ്സേജിൽ യുകെയിലെ എയർലൈൻ ബോഡികൾ പറയുന്നത് ഗവൺമെന്റ് വാഗ്ദാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ് യുകെ എവിയേഷൻ, എന്നാൽ കൃത്യസമയത്ത് സഹായിച്ചില്ലെങ്കിൽ ഏറ്റവും അപകടത്തിൽ ആകുന്നതും ഇതു തന്നെയായിരിക്കും. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എങ്ങനെ വേണം, എത്രത്തോളം നീക്കിവെക്കുന്നു അതിനനുസരിച്ച് കാര്യങ്ങൾ കൈവിട്ടു പോകും. ഏവിയേഷൻ ആൻഡ് പാക്കേജ് രംഗത്ത് ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തലവനായ റീചാർഡ് മോറിയർടി പറഞ്ഞു.

യൂറോപ്യൻ ട്രാവൽ ബാൻ നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ കൂടുതൽ തകർച്ച നേരിടേണ്ടിവരും. യുകെയും റിപ്പബ്ലിക് ഓഫ് അയർലൻഡും യൂറോപ്പ്യൻ യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ എല്ലാംതന്നെ ക്യാൻസൽ ചെയ്യുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റു രാജ്യങ്ങളിലെ വിമാനത്താവളങ്ങളും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയാണ്. സാർസ് വൈറസ് മൂലം ലോകമെമ്പാടും പ്രതിസന്ധിയിലാണ്.

 

സ്വന്തം ലേഖകൻ

ബിറ്റ് കോയിൻ ഡോട്ട് കോം ബ്രാവോ ടെക്നോളജി ലിമിറ്റഡുമായി സഹകരിച്ചുകൊണ്ടാണ് ബിറ്റ് കോയിൻ ഡോട്ട് കോം എന്ന ലോട്ടറി പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഇനി ലോട്ടറിയിൽ പങ്കാളികളാകാം. ബിറ്റ് കോയിൻ ക്യാഷ് വഴിയോ ബിറ്റ് കോയിൻ കോർ വഴിയോ പെയ്മെന്റ് നടത്താവുന്നതാണ്. ഇതുവഴി മില്യൻ കണക്കിന് രൂപ സമ്പാദിക്കാവുന്നതാണ്.

പരമ്പരാഗത രീതി പ്രകാരം ലോട്ടറി എടുക്കുന്നതിന് ധാരാളം പരിമിതികൾ ഉണ്ടായിരുന്നു. അതാത് രാജ്യക്കാർക്ക് മാത്രമേ അതാത് രാജ്യങ്ങൾ പുറത്തിറക്കുന്ന ലോട്ടറികൾ വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോക്കൽ കറൻസി ഉപയോഗിച്ച് മാത്രമേ ലോട്ടറി വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോട്ടറി അടിച്ച ആൾ ആ രാജ്യത്തുള്ള ആളായിരിക്കണം എന്നിവയൊക്കെയാണ് പ്രധാന പരിമിതികൾ.

എന്നാൽ ഇനിമുതൽ ഏത് രാജ്യത്തു നിന്നും ഏത് സമയത്തും ലോട്ടറി ബുക്ക് ചെയ്യാനുള്ള ബുക്കിംഗ് എൻജിനായി ബിറ്റ് കോയിൻ ഡോട്ട് കോം പ്രവർത്തിക്കും. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എവിടെയിരുന്നും പർച്ചേസിംഗ് നടത്താൻ സാധിക്കും.

ഓൺലൈനിലൂടെ കൂടുതൽ ആളുകൾ ലോട്ടറി വാങ്ങുന്നുണ്ട് എന്ന കണ്ടെത്തലാണ് ഈ പുതിയ മുന്നേറ്റത്തിന് കാരണമായതെന്ന് ബിറ്റ് കോയിൻ സി ഇ ഒ ആയ സ്റ്റെഫാൻ റസ്റ്റ് പറഞ്ഞു. മുൻപുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ലോകത്ത് ആർക്കുവേണമെങ്കിലും ലോഗിൻ ചെയ്തു ഏർപ്പെടാവുന്ന രീതിയിലേയ്ക്ക് ഗ്ലോബൽ ലോട്ടറികളെ വളർത്തിക്കൊണ്ടുവരിക ആണ് ലക്ഷ്യം.

ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച് സ്യൂട്ടബിൾ ആയ വാലറ്റ് തെരഞ്ഞെടുത്തു ലോട്ടറി വാങ്ങാൻ സാധിക്കും. ഗെയിമിംഗ് ഇൻഡസ്ട്രിയിലും ബിറ്റ്കോയിൻ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. പവർ ബോൾ, മെഗാ മില്യൺ തുടങ്ങിയ ഗ്ലോബൽ ജാക്ക് പോട്ടുകളിൽ ഇതു വഴി പങ്കെടുക്കാവുന്നതാണ്.

Copyright © . All rights reserved