കോട്ടയം: ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച “പുരസ്കാരസന്ധ്യ 2020 ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു . ചടങ്ങിൽ മലയാള കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിച്ചു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി. ലണ്ടൻ മലയാള സാഹിത്യവേദി കോ ഓർഡിനേറ്റർ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോ ഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്രപ്രവർത്തകനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ് , ലണ്ടനിൽ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ, അമേരിക്കൻ സാഹിത്യ-സാംസ്കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന മാത്യു നെല്ലിക്കുന്ന്, ജർമനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.
സ്വന്തം ലേഖകൻ
രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയും കാറ്റിനെയും തുടർന്ന് യോർക്ക്ഷെയർലെ വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈസ്റ്റ് കോവിക്ക്, സ്നൈത്, ഈസ്റ്റ് യോർക്ക്ഷെയർ എന്നീ ടൗണുകൾ പൂർണമായും വെള്ളത്തിനടിയിലായി. അതേസമയം വെയിൽസ്, നോർത്ത് മിഡ് ലാൻഡ്സ് എന്നിവിടങ്ങളിൽ പ്രളയം കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇതേവരെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
87 ഇടങ്ങളിൽ ഫ്ളഡ് വാണിംഗ് നിലനിൽക്കുകയും 185 സ്ഥലങ്ങളിൽ ഫ്ളഡ് അലെർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.സ്നൈത്തിലെ 28 ഓളം വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളം കയറി നശിച്ചു. എയർ നദി കരകവിഞ്ഞൊഴുകിയതാണ് കാരണം.
സിയാര, ഡെന്നിസ് ജോർജ്, എന്നീ കൊടുങ്കാറ്റുകൾ തുടർച്ചയായി ഉണ്ടായതാണ് ബ്രിട്ടന് അപ്രതീക്ഷിതമായി വെള്ളത്തിൽ ആഴ്ത്തിയത്. ഈ മാസത്തെ മൂന്നാമത്തെ കൊടുങ്കാറ്റാണ് ജോർജ്. 70 എംപിഎച്ച് വീശിയ കാറ്റ് കനത്ത മഞ്ഞുവീഴ്ചയ്ക്കും കാരണമാകുമെന്ന് സംശയിക്കുന്നുണ്ട്. എൻവിയോൺമെന്റ് ഏജൻസിയിലെ ആയിരത്തോളം സ്റ്റാഫുകൾ ആണ് എല്ലാ ദിവസവും ടൗണുകളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്യാനും, വൃത്തിയാക്കാനുമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മാർഗങ്ങൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സ്നൈത്തിലെ വിന്റജ് കാർ സെയിൽസ്മാൻ തന്റെ ക്ലാസ്സിക് മോഡൽ കാറുകളെ വെള്ളപ്പൊക്കത്തിൽ പെടാതെ രക്ഷപ്പെടാൻ സഹായിച്ച നാട്ടുകാരോട് നന്ദി രേഖപ്പെടുത്തി. 53 കാരനായ ക്രിസ് മാർലോയുടെ വാഹനങ്ങൾ വെള്ളം പൊങ്ങി തുടങ്ങിയപ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നാട്ടുകാർ സഹായിച്ചിരുന്നു. എന്നാൽ 25 ഓളം കാറുകൾ വെള്ളം കയറി നശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ഉള്ള കെട്ടിടം ഏഴടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മുൻകൂട്ടി വാണിംങ് ലഭിച്ചിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം ദേഷ്യത്തോടെ കൂട്ടിച്ചേർക്കുന്നു.
സ്വന്തം ലേഖകൻ
ലോകമെങ്ങും കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ, ആഗോള സാമ്പത്തിക മേഖല 2009 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക് നീങ്ങുകയാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ ഇ സി ഡി ) മുന്നറിയിപ്പ്., 2019 നവംബറിൽ 2.9 ശതമാനമായിരുന്ന വളർച്ച നിരക്ക്, 2020-ൽ എത്തിയപ്പോഴേക്കും 2.4 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. ഇനിയും വളർച്ചാനിരക്ക് കുറയുവാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ബാധ കുറയുകയാണെങ്കിൽ വളർച്ചനിരക്ക് മെച്ചപ്പെടുവാനുള്ള സാധ്യതയുണ്ടെന്ന് ആയിരുന്നു ഒ ഇ സി ഡി മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ വൈറസ് ഏഷ്യ,യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ ശക്തമായി പടർന്നു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്താനുള്ള സാധ്യത ഏറെയാണെന്ന് ഒ ഇ സി ഡിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരിക്കുന്ന ലോറെൻസ് ബൂൺ വ്യക്തമാക്കി.
2008 – ലെ സാമ്പത്തിക പ്രതിസന്ധിയ്ക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കഴിഞ്ഞ ആഴ്ച മുഖ്യ ഓഹരിവിപണികൾ ഇടിഞ്ഞു. ലോകത്ത് ആകമാനമുള്ള കേന്ദ്രീകൃത ബാങ്കുകൾ ഈ സാഹചര്യത്തിൽ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സുസ്ഥിരത നിലനിർത്തുവാൻ ബാങ്ക് എല്ലാവിധ സഹകരണങ്ങളും ചെയ്യുമെന്ന് ബാങ്ക് വക്താവ് അറിയിച്ചു.
ആഗോള ഓഹരി വിപണിയുടെ തകർച്ച തടയുന്നതിന് സഹായവുമായി ജപ്പാൻ സെൻട്രൽ ബാങ്കും, യുഎസ് ഫെഡറൽ റിസർവും മുന്നോട്ടുവന്നിട്ടുണ്ട്. കൊറോണ ബാധ നേരിടുവാൻ ഗവൺമെന്റുകൾ എല്ലാവിധ സാമ്പത്തിക സഹായങ്ങളും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഒ ഇ സി ഡി മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ ഭീതി അതിശക്തമായി തുടരുന്നു. യുകെയിൽ കൊറോണ വൈറസ് വ്യാപകമായി പകരുന്നതിനിപ്പോൾ വളരെയധികം സാധ്യതയുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അറിയിച്ചു. രോഗത്തെ നേരിടാൻ രാജ്യം തയ്യാറാകണമെന്ന് മെഡിക്കൽ ഡയറക്ടർ പ്രൊഫ. പോൾ കോസ്ഫോർഡ് പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ആയതോടെ ഒരു അടിയന്തര കോബ്ര കമ്മിറ്റി യോഗം ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചുകൂട്ടി. ഞായറാഴ്ച മാത്രം 13 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കോട്ലൻഡിലും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മിഡിൽസെക്സിലെ എൻഎച്ച്എസ് കാൻസർ സെന്റർ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. കൊറോണയെ പ്രതിരോധിക്കാൻ കടുത്ത നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.
രോഗം പടരുന്നത് തടയാനായി സ്കൂളുകൾ അടച്ചും നഗരങ്ങൾ ഒറ്റപ്പെടുത്തിയും പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ടെനറൈഫിലെ ഒരു ഹോട്ടലിൽ കുടുങ്ങിയ ബ്രിട്ടീഷ് സഞ്ചാരികളെ വൈറസ് നെഗറ്റീവ് ആയതിനെത്തുടർന്ന് നാട്ടിലേക്ക് മടക്കിയെത്തിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ 25 പേർ മടങ്ങി. ട്രാവൽ ഓപ്പറേറ്റർ ജെറ്റ് 2 ഹോളിഡേസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ഉടൻ ഇവരെ മാർച്ച് 10 വരെ മാറ്റി താമസിപ്പിക്കും. സ്ഥിതി കൂടുതൽ വഷളായാൽ വിരമിച്ച ഡോക്ടർമാരെയും നഴ്സുമാരെയും തിരിച്ചുവിളിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഒരു പൊതുജനാരോഗ്യ കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി സർക്കാർ കാബിനറ്റ് ഓഫീസിൽ ഒരു “യുദ്ധമുറി” സ്ഥാപിച്ചിട്ടുണ്ട്.
കായിക മത്സരങ്ങൾ, കൺസേർട്ട് തുടങ്ങി ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സർക്കാരിന്റെ ലക്ഷ്യങ്ങളെ തങ്ങളുടെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. എന്നാൽ വൈറസിനെ നേരിടാനുള്ള എൻഎച്ച്‌എസിന്റെ ശേഷിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അതിനാൽ അടിയന്തര ധനസഹായം നൽകാൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആളുകൾക്ക് സ്വയം ഒറ്റപ്പെടേണ്ടിവന്നാൽ അവർക്ക് പ്രതിഫലം ലഭിക്കുമെന്നത് ഉറപ്പുവരുത്തണമെന്ന് പറഞ്ഞു ലിബറൽ ഡെമോക്രാറ്റിക് എംപി ലയല മൊറാൻ ആരോഗ്യ സെക്രട്ടറിക്ക് കത്തെഴുതി. ഇതേസമയം ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു.
സ്വന്തം ലേഖകൻ
മാനന്തവാടി : വയനാട് കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കത്തോലിക്കാ സഭയിലെ മാനന്തവാടി രൂപതാ വൈദികൻ റോബിന്‍ വടക്കുംചേരിയെ മാർപാപ്പയും കൈവിട്ടു. 16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ സംരക്ഷിക്കാൻ സഭ കാണിച്ച താല്പര്യം വാർത്തകളിൽ നിറഞ്ഞിരുന്നു. കേസ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിന് പിന്നാലെ നിയമപ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടിയെ വിവാഹം ചെയ്യാനും റോബിന്‍ വടക്കുംചേരി ശ്രമം നടത്തി. എന്നാൽ മാനന്തവാടി രൂപതയുടെ നീക്കങ്ങളെ തള്ളി മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് റോബിന്‍ വടക്കുംചേരിയെ പുറത്താക്കുകയായിരുന്നു. വത്തിക്കാനിൽ നിന്നുള്ള ഉത്തരവ് ഈ ഫെബ്രുവരിയിൽ രൂപത വടക്കുംചേരിക്ക് കൈമാറിയിരുന്നു എന്ന് രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ ജോസ് കൊച്ചരക്കലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
2016ലാണ് കേസിനാസ്‌പദമായ സംഭവം. കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിവികാരിയും കൊട്ടിയൂർ എംജെഎംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായിരുന്ന റോബിന്‍ വടക്കുംചേരി പെൺകുട്ടിയെ പള്ളിമുറിയ്ക്കകത്തേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് 2017 ഫെബ്രുവരി 28നാണ് റോബിൻ വടക്കുംചേരി അറസ്റ്റിലായത്. കാനഡയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് വടക്കുംചേരി അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. 2017 ഫെബ്രുവരിയിൽ മാനന്തവാടി ബിഷപ്പ് വൈദികവൃത്തിയിൽ നിന്നെ വടക്കുംചേരിയെ സസ്‌പെൻഡ് ചെയ്തു. ഒപ്പം തലശേരി പോക്‌സോ കോടതി പ്രതിക്ക് മൂന്ന് വകുപ്പുകളിലായി 20 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.
2019 ഏപ്രിൽ 19 ന് മാനന്തവാടി ബിഷപ്പ് വത്തിക്കാനിലേക്ക് തന്റെ റിപ്പോർട്ട് അയച്ചിരുന്നു. ഏപ്രിലിൽ വത്തിക്കാൻ നടപടികൾ ആരംഭിച്ചു. തുടർന്ന് വൈദികവൃത്തിയിൽ നിന്ന് പ്രതിയെ പുറത്താക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ഡിസംബർ അഞ്ചിനാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് റോബിന് കൈമാറുകയും തുടർന്ന് അന്തിമ റിപ്പോർട്ട് വത്തിക്കാനിലേക്ക് അയക്കുകയും ചെയ്തു. അതിനുശേഷം മാർപാപ്പ വിഷയത്തിൽ ഇടപെടുകയും റോബിൻ വടക്കുംചേരിയെ പുറത്താക്കുകയുമായിരുന്നു.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും(55) കാമുകി കാരി സിമൻസും(31) വിവാഹിതരാകാൻ പോകുന്നു. കഴിഞ്ഞവർഷം അവസാനം വിവാഹനിശ്ചയം കഴിഞ്ഞതായി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാരി അറിയിച്ചു. തങ്ങൾക്ക് കുഞ്ഞു പിറക്കാൻ പോകുകയാണ്. വേനലാരംഭത്തിൽ കുഞ്ഞു പിറക്കുമെന്നും പോസ്റ്റിൽ കാരി വെളിപ്പെടുത്തി. ജോൺസന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണു ആദ്യ ഭാര്യ. അഞ്ച് വർഷം നീണ്ട ദാമ്പത്യബന്ധം 1993ൽ അവസാനിച്ചു. അതേവർഷം ഇന്ത്യൻ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തു. നാലു മക്കളുള്ള ആദ്യ ദാമ്പത്യബന്ധം 2018ൽ അവസാനിച്ചു.
അതിന്റെ വിവാഹമോചന നടപടികൾ അവസാന ഘട്ടത്തിലാണ്. 2019 ജൂലൈയിലാണ് പ്രധാനമന്ത്രി ജോൺസൺ 31 വയസുകാരി കാരിക്കൊപ്പം ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറിയത്. 173 വർഷത്തിനിടെ ബ്രിട്ടനു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമവനിത കാരിയാണ്. കാരിയെ വിവാഹം കഴിച്ചാൽ പ്രധാനമന്ത്രി പദത്തിലിരിക്കെ പുനർവിവാഹം ചെയ്യുന്ന രണ്ടാമത്തെ ആളാകും ബോറിസ് ജോൺസൺ. 1769ൽ അഗസ്റ്റസ് ഹെൻറി ഫിറ്റ്സ്റോയിയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ മുമ്പ് പുനർവിവാഹം ചെയ്തത്.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് ടൗണുകളെ മുഴുവനായി പ്രളയത്തിലാഴ്ത്തിയ ജോർജ് കൊടുങ്കാറ്റ് ഇനി വരാനിരിക്കുന്ന കനത്ത മഞ്ഞുവീഴ്ചക്ക് മുന്നോടി എന്ന് സൂചന. പുതുതായി പണിത വീടുകൾ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കത്തിൽ മുഴുവനായി മുങ്ങിയ ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. മണിക്കൂറിൽ 70എംപിഎച്ച് കാറ്റും കനത്ത മഴയും ഇനിയും ഉണ്ടാവാൻ സാധ്യത. നോർത്ത് ഇംഗ്ലണ്ടിൽ ഇപ്പോൾ തന്നെ 185 ഫ്ലഡ് അലർട്ടുകൾ നിലവിലുണ്ട്. പ്രളയവും അതുമൂലമുണ്ടായ നാശനഷ്ടങ്ങളും വിശ്വസിക്കാനാവാത്തതാണെന്ന് ഈസ്റ്റ് യോർക്ക്ഷെയർകാരനായ കെവിൻ പറഞ്ഞു. തങ്ങളുടെ എല്ലാം വീടുകൾ മുങ്ങി കൊണ്ടിരിക്കുകയാണെന്നും, അത്രയധികം ആളുകൾ വസിച്ചിരുന്ന ഒരു സ്ഥലമാണ് ഇത് എന്ന് ഇപ്പോൾ വിശ്വസിക്കില്ല എന്നും കാതറിൻ പറഞ്ഞു.
78 വീടുകളും ബിസിനസ് സ്ഥാപനങ്ങളും പ്രളയത്തിൽ നശിച്ചു. നെറ്റ് ഓഫീസിലെ ചീഫ് മെട്രോളജിസ്റ്റായ ഫ്രാങ്ക് സൗണ്ടേഴ്സ് പറയുന്നത് ഇംഗ്ലണ്ടിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് തന്നെ രണ്ടാഴ്ച പെയ്യാനുള്ള മഴ ലഭിച്ചു കഴിഞ്ഞു എന്നാണ്. സെവേറിന്, ഐറീ തുടങ്ങിയ നദികളുടെ തീരത്ത് താമസിക്കുന്നവർക്കാണ് കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. സ്ഥലം എംപി ആയ ആൻഡ്ര്യൂ പേഴ്സി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഗവൺമെന്റ് നിർദ്ദേശങ്ങൾ നൽകുകയും, ചെയ്തു. ഫ്ളഡ് റിസോഴ്സുകൾ കൃത്യമായ രീതിയിൽ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കോട്ട്‌ലൻഡിലെ ചില ഭാഗങ്ങളിലും നോർത്തേൺ ഇംഗ്ലണ്ടിലും ശക്തമായ കാറ്റ് തുടരുന്നുണ്ട്, മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട യെല്ലോ വാണിംങ് പലയിടങ്ങളിലും നിലവിലുണ്ട്. ലോക്കൽ അതോറിറ്റിയുടെ പ്ലാനിംഗ് ഡെവലപ്മെന്റ് ഹെഡ്ഡായ സ്റ്റീഫൻ ഹണ്ട് പറയുന്നത് ജലനിരപ്പ് ഉടനെയൊന്നും താഴാൻ സാധ്യതയില്ല എന്നാണ്, എങ്കിലും വരുംദിവസങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ദക്ഷിണ കൊറിയ : മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി പടർത്തി കോവിഡ് 19. ആസ്ട്രേലിയയിലും യു.എസിലും ആദ്യ മരണം സ്ഥിരീകരിച്ചു. 2900ൽ ഏറെ രോഗികളാണ് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്കിടെ വീണ്ടും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന ചൈനയ്ക്കു പുറമെ, ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി രാജ്യങ്ങളിലാണ് കോവിഡ്-19 ആശങ്ക ഏറ്റവും കൂടുതൽ. 86000ത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 79000ത്തിൽ അധികം പേരും ചൈനയിലാണ്. 7,300ലേറെ പേർ അതിഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ചൈനീസ് ആരോഗ്യ അധികൃതർ അറിയിച്ചു.
ഇതിനിടെ ഇരുപതിലേറെ പേർ മരണപ്പെട്ട ദക്ഷിണകൊറിയയിൽ സ്ഥിതി കൂടുതൽ വഷളായി. ക്രിസ്ത്യൻ വിഭാഗമായ ഷിൻചിയോഞ്ചി സംഘത്തിലെ അംഗങ്ങൾ ചൈനയിലെ വൂഹാൻ സന്ദർശിച്ച് മടങ്ങിയെത്തിയതോടെയാണ് ദക്ഷിണ കൊറിയയിൽ രോഗം പടർന്നത്. രാജ്യത്തെ മൊത്തം രോഗികളിൽ 60 ശതമാനത്തിലേറെയും ഈ വിഭാഗക്കാരാണ്. ഷിൻചിയോഞ്ചി ചർച്ചിന്റെ സ്ഥാപകനായ ലീ മാൻ-ഹീ ആണ് വിവാദനായകൻ. കഴിഞ്ഞ മാസം തെക്കൻ നഗരമായ ഡേഗുവിൽ ഷിൻചിയോഞ്ചി ചർച്ച് അംഗങ്ങൾക്ക് രോഗം ബാധിച്ചതായി അധികൃതർ പറയുന്നു. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആ വിഭാഗത്തിലെ 12 നേതാക്കൾക്കെതിരെ സിയോൾ സിറ്റി സർക്കാർ ഇന്നലെ പ്രോസിക്യൂട്ടർമാർക്ക് നിയമപരമായ പരാതി നൽകി. നരഹത്യ, പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മതവിഭാഗത്തോടുള്ള ജനങ്ങളുടെ ദേഷ്യം പരാതിയിൽ പ്രതിഫലിക്കുന്നുവെന്ന് സിയോളിലെ ബിബിസിയുടെ ലോറ ബിക്കർ പറയുന്നു. ഒപ്പം നേതാവ് ലീ മാൻ-ഹീ, താൻ മിശിഹയാണെന്ന് അവകാശപ്പെടുന്നു. സഭയിലെ 230,000 അംഗങ്ങളുമായി അഭിമുഖം നടത്തിയതിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ഏകദേശം 9,000 പേർ പറഞ്ഞു.
റോമൻ കത്തോലിക്കാ പള്ളികൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പ്രധാന പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകൾ ഞായറാഴ്ചത്തെ ആരാധനകൾ റദ്ദാക്കുകയും ബുദ്ധമത പരിപാടികൾ എല്ലാം നിർത്തലാക്കുകയും ചെയ്തു. സാംസങ്, ഹ്യുണ്ടായ് കമ്പനികളും അടച്ചു. ഇതുവരെ 3,730 കേസുകളും 21 മരണങ്ങളും ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ഏറ്റവും അപകടകരമായ സാഹചര്യത്തിലെത്തിയെന്നും ഇനി ഏതുവിധേനയും പടരാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 60ലേറെ രാജ്യങ്ങളിലാണ് ഇതിനകം രോഗം കണ്ടെത്തിയത്. അതീവജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ ഈ രോഗത്തെ നേരിടുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പുറത്തേക്ക് എന്ന സൂചനകൾ ശക്തം. സഹപ്രവർത്തകരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രീതിയുടെ പെരുമാറ്റം തികച്ചും മോശമാണെന്ന് ആരോപണങ്ങളാണ് ആഭ്യന്തരസെക്രട്ടറിക്കെതിരെയുള്ളത്. പ്രീതി അപമാനിച്ചതായി പറയപ്പെടുന്ന മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് റൂട്നം രാജിവെച്ചു. ഇതിനിടയിലാണ് പ്രീതിക്കെതിരെ മൂന്ന് വർഷം മുൻപ് പരാതികൾ ഉള്ളതായ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ബിബിസിയും മിററും മറ്റുമാണ് ഈ തെളിവുകൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് ഈ തെളിവുകളെ സംബന്ധിച്ച് ഇതുവരെ ഒരു വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല. ആഭ്യന്തരവകുപ്പും പ്രീതിയെ സംബന്ധിച്ച ഈ ആരോപണങ്ങൾക്കുമേൽ മൗനമായി ഇരിക്കുകയാണ്.
ഡൗണിങ് സ്ട്രീറ്റ് നടത്തിയ പ്രസ്താവനയിൽ ക്യാബിനറ്റിലെ ഓരോ അംഗത്തിനും മേൽ പ്രധാനമന്ത്രിക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ പ്രീതി പട്ടേലിന്റെ പേർ എടുത്തു പറഞ്ഞില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയിൽ പ്രീതി പട്ടേലിനുമേൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.
പ്രീതി പട്ടേലിനെതിരെയുള്ള ആരോപണത്തിനു മേൽ അന്വേഷണം നടത്തണമെന്ന ആവശ്യം ലിബറൽ ഡെമോക്രാറ്റുകൾ ഉയർത്തിയിരിക്കുകയാണ്. അങ്ങനെയെങ്കിൽ പ്രീതി പട്ടേൽ പുറത്തേക്ക് എന്ന സൂചനകളാണ് ലഭിക്കുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ചരിത്രകാരിയും, പ്രശസ്ത ക്ലാസ്സിസിസ്റ്റുമായിരിക്കുന്ന മേരി ബേർഡിനെ മ്യൂസിയം ട്രസ്റ്റുകളുടെ പുതിയ ലിസ്റ്റിൽ നിന്നും ഡൗണിങ് സ്ട്രീറ്റ് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ.ബ്രെക്സിറ്റിനെതിരെയുള്ള ശക്തമായ നിലപാടുകൾ മൂലം ആണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഈ നടപടി വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. തെരേസ മേയുടെ സമയത്താണ് മ്യൂസിയം ട്രസ്റ്റികളുടെ ഈ ലിസ്റ്റ് രൂപീകരിച്ചത്. ഇത്തരത്തിലൊരു നടപടി മ്യൂസിയത്തിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.മ്യൂസിയം ട്രസ്റ്റികളുടെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ശക്തമായ പങ്കാളിത്തമുണ്ട്.
തെരേസ മേയുടെ കാലത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ, മേരിയുടെ പേര് മുൻനിരയിൽ തന്നെയാണ്. എന്നാൽ ഏപ്രിൽ 2019 -ൽ ഈ ലിസ്റ്റ് ഒന്ന് പുനഃപ്രസിദ്ധീകരിച്ചപ്പോൾ മേരിയുടെ പേര് നീക്കം ചെയ്തു. ഡൗണിങ് സ്ട്രീറ്റ് പേര് നീക്കം ചെയ്താലും, മ്യൂസിയത്തിന് സ്വന്തമായി 10 പേരെ തിരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ട്.
ബ്രെക്സിറ്റിനെതിരെയുള്ള തന്റെ ശക്തമായ നിലപാടുകൾ കൊണ്ട് മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മേരി ബേർഡ്. മുൻ പ്രധാനമന്ത്രിയായ തെരേസ മേയുടെ ബ്രെക്സിറ്റ് അനുകൂല നിലപാടുകളെയും ഇവർ ചോദ്യം ചെയ്തിരുന്നു. ഇത്തരം നിലപാടുകളുടെ പേരിലാണ് ഇപ്പോൾ മേരി മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.