സ്വന്തം ലേഖകൻ
യു എസ് :- കൊറോണ ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുവാൻ യുഎസ് തീരുമാനിച്ചു. ടെക്സാസ് നഗരം അടുത്ത ആഴ്ചയോടു കൂടി തുറക്കുമെന്ന് ഗവർണ്ണർ ഗ്രെഗ് അബ്ബോട്ട് അറിയിച്ചു. സംസ്ഥാന പാർക്കുകൾ തിങ്കളാഴ്ചയോടെയും, റീട്ടെയിൽ കടകൾ ഏപ്രിൽ 24 വെള്ളിയാഴ്ചയോടെയും തുറന്നു പ്രവർത്തിക്കും. റീട്ടെയിൽ കടകളിൽ ആളുകൾ കൂടി നിൽക്കുവാൻ അനുവദിക്കുകയില്ല. ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇതോടൊപ്പം തന്നെ എല്ലാവരും സമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ ബാധമൂലം നീട്ടി വെച്ച സർജറികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറക്കുവാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.

29 മില്യൺ ജനങ്ങളാണ് ടെക്സാസ് നഗരത്തിലുള്ളത്. ഇതുവരെ 17000 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 8 മില്യൺ ജനങ്ങൾ മാത്രമുള്ള ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെ 120, 000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നോടു കൂടി രാജ്യം മുഴുവനായുള്ള നിയന്ത്രണങ്ങൾ നീക്കും എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്.

ഘട്ടംഘട്ടമായി മാത്രമേ ടെക്സാസ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഉടൻതന്നെ തുറക്കാൻ സാധിക്കുകയില്ല. എന്നാൽ ന്യൂയോർക്കിൽ ലോക് ഡൗൺ മെയ് 15വരെ നീട്ടിയതായി ഗവർണർ ആൻഡ്രൂ ക്യൂയമോ അറിയിച്ചു. യുഎസിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനങ്ങൾ അതാത് ഗവർണർമാർ ആണ് സ്വീകരിക്കുന്നത്.
സ്വന്തം ലേഖകൻ
അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗവൺമെന്റുകളെല്ലാം ഉത്തരവിട്ടിരിക്കുന്ന ഈ സമയത്ത്, ആഭ്യന്തര അന്താരാഷ്ട്ര വിനോദ യാത്രകൾ എന്ന് തുടങ്ങാനാവും എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലോക് ഡൗൺ പിൻവലിക്കാമെന്നും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്താമെന്നും ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്, മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ അത്യാവശ്യ സർവീസുകൾ മാത്രമേ നടക്കുന്നുള്ളൂ. ജൂലൈ പകുതിയോടെ എയർലൈൻ സർവ്വീസുകൾ സാധാരണ നിലയിലാകും എന്ന് പ്രതീക്ഷിക്കുന്നു.

വരാനുള്ള 3 മാസങ്ങളിലെ വിനോദസഞ്ചാരത്തെക്കുറിച്ച് എന്തെങ്കിലും ഉറപ്പിച്ചു പറയുക സാധ്യമല്ലെങ്കിലും, ഈ കാലയളവിനുള്ളിൽ ലോകം മുഴുവൻ വൈറസ് മുക്തമായി സാധാരണനിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷ. ഓരോ രാജ്യങ്ങളും ലോക ഡൗണിന് വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവാസികളുൾപ്പെടെയുള്ള യുകെക്കാർ ലോക്ഡൗൺ പിൻവലിച്ചാൽ ആദ്യം സന്ദർശിക്കുന്നത് രാജ്യത്തിനുള്ളിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ആവും. ജനങ്ങൾ സെർച്ച് ചെയ്യുന്ന ലിസ്റ്റുകളിൽ ഇപ്പോഴും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട് എന്നത് ആശാവഹമാണെന്ന് വക്താക്കൾ പറഞ്ഞു.

അതേസമയം വിനോദയാത്രായാനങ്ങൾ സ്വന്തമായുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ഏകാന്തവാസം ചെലവിടുന്നത് കപ്പലിനുള്ളിൽ തന്നെയാണെന്ന വാർത്തകൾക്കൊപ്പം വിമർശനങ്ങളും പുറത്തുവന്നിരുന്നു. 590 കോടി രൂപയുടെ കപ്പലിനുള്ളിൽ അടച്ചിട്ടിരിക്കുന്നത് സുഖമുള്ള കാര്യമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു, എന്നാൽ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും എല്ലാവരും സുഖമായിരിക്കാൻ ആശംസിക്കുന്നു എന്ന് തിരുത്തുകയും ചെയ്തു. കപ്പലിനുള്ളിൽ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ എല്ലാവരും വീട്ടിൽ ഇരിക്കാൻ പറയുന്ന സമയത്ത് ഈ കപ്പലുകളിലെ തൊഴിലാളികൾ എവിടെയായിരുന്നു എന്ന ചോദ്യം ഉയർന്നു വന്നിട്ടുണ്ട്.
ബിബിൻ എബ്രഹാം, ലണ്ടൻ.
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോറോണ വൈറസ് മൂലമുള്ള മരണം ഒരു ലക്ഷത്തിനു മേൽ എത്തി നിൽക്കുമ്പോൾ യു.കെയിൽ ഇതു വരെയുള്ള മരണസംഖ്യ പതിമൂവായിരത്തിനു മുകളിൽ ആയി ഉയർന്നു. ഇത് എൻ.എച്ച് എസ് ഹോസ്പിറ്റലുകളിൽ മരണമടഞ്ഞ രോഗികളുടെ മാത്രം കണക്കാണ്. കെയർ ഹോമുകളിലും വീടുകളിലുമായി മരണപ്പെട്ടവരുടെ കണക്കുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വരെ ഉള്ള കണക്കുകൾ പ്രകാരം യു.കെയിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾക്കാണ് കൊറോണ വൈറസ് ഇതു വരെ സ്ഥീരികരിച്ചത്. യു.കെ മലയാളി സമൂഹത്തെ മുഴുവൻ സങ്കടക്കടലിലാഴ്ത്തി ഇതു വരെ ഏഴു മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ നിരവധി മലയാളികൾ യു.കെയിലെ വിവിധ എൻ. എച്ച്. എസ് ഹോസ്പിറ്റലുകളിൽ വെൻറിലേറ്ററിലുമാണ്.
യു.കെയിലെ ദിവസേനയുള്ള മരണനിരക്കിൽ കാര്യമായ മാറ്റം വരാത്തതും, വൈറസിൻ്റെ വ്യാപനം പിടിച്ചു നിറുത്താൻ സാധിക്കാത്തതും കാര്യമായ ആശങ്ക തന്നെയാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ലോക്ഡൗൺ മൂന്നു ആഴ്ച്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ, വൈറസിനെതിരേയുള്ള വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ഒരു പക്ഷേ ഈ ലോക്ഡൗൺ തുടരേണ്ട ആവശ്യകതയെ കുറിച്ചും ഗവൺമെൻ്റ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്.
അതിനിടയിൽ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ, കൃത്യമായ മെഡിക്കൽ സഹായം കിട്ടുവാനുള്ള കാലതാമസം, സാമ്പത്തിക പ്രശ്‌നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെ ആണ് യു.കെയിലെ മലയാളി സമൂഹം കടന്നു പോകുന്നത്.
മരണ ഭീതിയുടെ ആശങ്കയിൽ ആയിരിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിനു അല്പമെങ്കിലും സ്വാന്തനമേകുവാനായിട്ടാണ് യുകെയിലേക്ക് കുടിയേറിയ മലയാളികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്‌സും, അഭിഭാഷകരും, ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും അണിനിരത്തി യു.കെ മലയാളികളുടെ ഏകീകൃത സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ പരസ്പര സഹായപദ്ധതി മാർച്ച് ആദ്യവാരം തുടക്കം കുറിച്ചത്.
ഇന്ന്, യു.കെയിലുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം യു.കെ യിൽ സ്‌ഥിരീകരിച്ച സമയം മുതൽ ഈ മഹാമാരിയെ നേരിടുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യു.കെയിൽ നടപ്പിലാക്കി വരുന്നത്. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോക്ടർ ആയ സോജി അലക്‌സിന്റെ നേതൃത്വത്തിൽ മുപ്പത്തോളം ഡോക്ടർമാരും, പത്തോളം നേഴ്സിംഗ് അഡ്വാൻസ്ഡ് പ്രാക്റ്റിഷനർമാരും അടങ്ങുന്ന നാല്പതു പേരുടെ മെഡിക്കൽ ടീം. ഏതൊരു യുകെ മലയാളിക്കും മെഡിക്കൽ ടീമുവായി ബന്ധപ്പെടുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ. അത്യാവശ്യഘട്ടത്തില്‍, ഡോക്ടർമാർക്ക് രോഗികളുടെ അവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുവാനായി ഇന്ത്യയിലുള്ള ഉണർവ്വ് ടെലിമെഡിസിന്റെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന വീഡിയോ കോൺഫറൻസ് സംവിധാനവും കൂടാതെ രോഗികളായവരും അല്ലാത്തവരും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റിയും , മുൻകരുതലുകളെപ്പറ്റിയും മലയാളി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വീഡോയോ സന്ദേശങ്ങൾ.
ഇതിനോടൊപ്പം, കോറോണ ബാധിച്ച രോഗികൾക്ക്, അല്ലങ്കിൽ രോഗ ബാധ സംശയിക്കുന്ന ആൾക്ക് യു.കെ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള ഉപദേശങ്ങൾ, നിർദേശങ്ങൾ കൃത്യമായി ഈ ഹെൽപ്പ് ലൈൻ നമ്പറിലൂടെ ലഭ്യമാക്കുന്നു. കൂടാതെ ഐസൊലേഷനിൽ കഴിയുന്ന മലയാളി കുടുംബാംഗങ്ങൾക്കു മരുന്നുകളും , ഭക്ഷണവും വീടുകളിൽ എത്തിക്കുവാനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുവാനും
250 ഓളം വരുന്ന വോളണ്ടിയേഴ്‌സ് ശൃംഗല. ഇതിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്സും, യു.കെയിലെ വിവിധ ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരും ഉൾപ്പെടുന്നു.
കൂടാതെ കൊറോണ തുറന്നു വിട്ട പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാളികൾക്കു അവരുടെ ജോലി, വിസ, സാമ്പത്തികം, നിയമപരമായ പ്രശ്നങ്ങൾക്കു ആവശ്യമായ നിയമ സഹായം സൗജന്യമായി നൽകുവാൻ പത്തോളം അഭിഭാഷകൾ അടങ്ങുന്ന ഒരു നിയമസഹായ സെല്ലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ കീഴിൽ ഇരുപത്തിനാലു മണിക്കൂറും സജീവമാണ്. യു കെയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റു ടൂറിസ്റ്റുകൾക്കും വളരെ പ്രയോജനപ്രദമാണ് ഈ സേവനം.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ ഈ പരസ്പരസഹായം പദ്ധതിയിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വിളിക്കുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ നഷ്‌ടപ്പെടാതിരിക്കുവാൻ യുകെയിലെ ഗവൺമെൻ്റ് നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതലുകൾ കൃത്യമായി നിഷ്കർഷിച്ചാണ് ഈ ഇരുപ്പത്തിനാല് മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുന്നത്. കൂടാതെ യുകെയിൽ അങ്ങോളമിങ്ങോളമുള്ള മലയാളി വീടുകളിൽ സഹായമെത്തിക്കുവാൻ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവർത്തകൾ അവർ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റി കൃത്യമായി അവബോധരുമാണ്.
അങ്ങനെ എല്ലാ അർത്ഥത്തിലും ഉയർന്ന നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ യു.കെയിലെ ഒരോ മലയാളി കുടുംബത്തിനുമായി ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. മാർച്ച് മാസം പതിനഞ്ചാം തീയതി തുടങ്ങിയ ഈ പരസ്പര സഹായ പദ്ധിതിയിലേക്ക് സഹായം അഭ്യർത്ഥിച്ച് അനേകം കോളുകൾ ആണ് ദിവസേന വരുന്നത്. ഒരോ കോളുകളും കൃത്യമായി വിശകലനം ചെയ്തു അതാതു ടീമിനു ഫോർവേഡ് ചെയ്യുന്നു. ഇന്നേക്ക് എകദേശം ആയിരത്തോളം കോളുകൾ ആണ് വിവിധ സഹായം അഭ്യർത്ഥിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ്റ ഹെൽപ്പ് ലൈനിൽ എത്തിച്ചേർന്നത്.
ഇന്ന് യു.കെ നേരിടുന്ന ഈ ഭയാനകമായ സാഹചര്യത്തിൽ യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ നേത്ര്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മാത്രമല്ല മറിച്ച് ആരോഗ്യ പ്രവർത്തകരുടെ അഭാവത്താൽ ബുദ്ധിമുട്ടുന്ന യുകെയിലെ ആരോഗ്യവകുപ്പിനും , മൊത്തം ബ്രിട്ടീഷ് സമൂഹത്തിനും ഒരു വലിയ കൈത്താങ്ങ് തന്നെയായി മാറിയിരിക്കുന്നു എന്നു നിസംശയം പറയാം.
യു.കെയിലുള്ള നിങ്ങളുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ഏതെങ്കിലും വിധത്തിൽ ഉള്ള സഹായഹസ്തം ആവശ്യമായി വന്നാൽ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. യു.കെ യുടെ പുറത്തു നിന്ന് വിളിക്കുന്നവർ 0044 എന്ന കോഡ് ചേർത്ത് വിളിക്കേണ്ടതാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ രാജ്യമൊട്ടാകെ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് നാല് ആഴ്ചകൾ ആയി. അതേസമയം വിശ്രമമില്ലാതെ കൊറോണ വൈറസിനോട് പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സ്വന്തം ജീവൻ നഷ്ടപ്പെടുന്ന കാഴ്ച ദുഃഖകരമാണ്. കോവിഡ് ബാധിച്ച് 4 എൻ എച്ച് എസ് ജീവനക്കാർ കൂടി മരണപ്പെട്ടു. ജൂലിയാൻ കാഡ്ബി (49), ആൻഡി ട്രെബിൾ(57), ലൂർദ്‌സ് കാമ്പ്‌ബെൽ, ബ്രയാൻ ഡാർലിംഗ്ടൺ എന്നിവരാണ് കൊറോണ വൈറസിനോട് പടപൊരുതി വീരമരണം വരിച്ച എൻ എച്ച് എസ് ജീവനക്കാർ. 30 വർഷമായി എൻഎച്ച്‌എസിൽ ജോലി ചെയ്തിരുന്ന ജൂലിയാൻ കാഡ്ബി, ഹെൽത്ത് ബോർഡിൽ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഡിഫ് സ്വദേശിയാണ്. സ്‌പെഷ്യലിസ്റ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് സർവീസസിൽ ബിസിനസ് മാനേജരാകുന്നതിനു മുമ്പ് മെഡിക്കൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാർഡിഫിന്റെയും വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെയും വക്താവ് പറഞ്ഞു: “ജൂലിയാൻ ഞങ്ങളുടെ ടീമിലെ വളരെയധികം പ്രിയപ്പെട്ട അംഗമായിരുന്നു. അവൾ വളരെ കരുതലുള്ളവളായിരുന്നു. സഹപ്രവർത്തകരെ സഹായിക്കാൻ എല്ലായ്പ്പോഴും സമയം കണ്ടെത്തും.” ഭർത്താവ് ക്രിസ്, മകൻ ഇവാൻ എന്നിവരോടൊപ്പം കഴിഞ്ഞിരുന്ന ജൂലിയാൻ, കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ മുൻനിരയിൽ നിന്ന് പോരാടിയവരിൽ ഒരാളാണ്.

പ്രതിസന്ധി ഘട്ടത്തിൽ മുൻനിരയിലേക്ക് മടങ്ങിയെത്തിയ 57 കാരനായ ആൻഡി ട്രെബിൾ മെയ്‌ലർ ഹോസ്പിറ്റലിൽ തിയേറ്റർ അസിസ്റ്റന്റായിരുന്നു. നോർത്ത് വെയിൽസിലെ ആശുപത്രിയിൽ 40 വർഷത്തോളം ജോലി ചെയ്തിരുന്ന ട്രെബിൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നന്നായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും 17 വയസ്സുള്ള മകൾ എമിലിയും തങ്ങളുടെ പ്രിയപ്പെട്ട ട്രെബിളിന്റെ വേർപാടിൽ ദുഖാർത്തരായി കഴിയുകയാണ്. “വളരെ പ്രിയപ്പെട്ട ഒരു സ്റ്റാഫ് അംഗം കടന്നുപോയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ” : റെക്‌ഷാം മെയ്‌ലർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഇമ്രാൻ ദേവ്ജി അറിയിച്ചു.
ബോൾട്ടൺ എൻഎച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ 13 വർഷമായി ജോലി ചെയ്തിരുന്ന ലൂർദ്‌സ് കാമ്പ്‌ബെല്ലിന്റെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സഹപ്രവർത്തകർ അവരെ സ്നേഹപൂർവ്വം ‘ഡെസ്’ എന്നാണ് വിളിച്ചിരുന്നത്. ഹെൽത്ത് കെയർ അസിസ്റ്റന്റായ ലൂർദ്‌സ് കാമ്പ്‌ബെൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. മിഡ് ചെഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ബ്രയാൻ ഡാർലിംഗ്ടണും രോഗം ബാധിച്ച് മരിച്ചു. 20 വർഷത്തിലേറെയായി ട്രസ്റ്റിൽ പോർട്ടറായി ജോലി ചെയ്തിരുന്ന
അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 46 വർഷങ്ങൾ ആയിരുന്നു. ഒരു ഭർത്താവായും അച്ഛനായും മുത്തച്ഛനായും ജീവിച്ചിരുന്ന ബ്രയാന്റെ മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി. “മുഖത്ത് പുഞ്ചിരിയോടെ അദ്ദേഹം എല്ലായ്പ്പോഴും ആശുപത്രിയെ ചുറ്റിനടന്നു; ഇടനാഴിയിൽ കണ്ടുമുട്ടുന്ന സഹപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ കൈമാറി.” : സഹപ്രവർത്തകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണം 50 ആയി ഉയർന്നു.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മറ്റൊരു മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം . ലോക സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഒരു മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ആദ്യം, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുമെന്ന് പറഞ്ഞിരുന്നു. ഇത് 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാകുമെന്ന ആശങ്ക ഉണർത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആകെ മരണങ്ങൾ ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു. ബ്രിട്ടനിൽ ഇന്നലെ രോഗം ബാധിച്ച് 861 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 13,729 ആയി ഉയർന്നു. ഒപ്പം രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 4617 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 103,093 ആയി. രോഗബാധിതർ ഒരുലക്ഷം ഉണ്ടാകുന്ന ആറാമത്തെ രാജ്യമാണ് യുകെ.
സ്വന്തം ലേഖകൻ
കടുത്ത ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവജാതശിശുവിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മരിയ റോസാരിയോ പറഞ്ഞു. 23ന് ആറു മാസം പ്രായമുള്ള കുഞ്ഞ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു. എന്നാൽ അടുത്തിടെ ബറ്റൺഗാസിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 90 ദിവസം പ്രായമുള്ള കുട്ടി മരിച്ചത്, നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ശ്വാസകോശ രോഗമായ സെപ്സിസ് മൂലമാണ്. എന്നാൽ ഏപ്രിൽ ആറിന് ലൂസിയാനയിൽ കോവിഡ് ബാധയുള്ള അമ്മ സമയം തികയുന്നതിനു മുൻപ് പ്രസവിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് കോവിഡ് മൂലമല്ല എന്ന് റിസൾട്ട് വന്നിരുന്നു.

സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഫിലിപ്പീൻസിൽ ആണ്, 5, 453. ഇവിടെ 349 പേർ രോഗ ബാധ മൂലം മരിച്ചു. എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ രാജ്യം കർശനമായ ലോക് ഡൗൺ നടപടികൾ സ്വീകരിച്ചിരുന്നു. ആദ്യകോവിഡ് ബാധ സ്ഥിരീകരിച്ചത് മാർച്ച് 7 നാണ്, നാലു ദിവസത്തിനു ശേഷം 90 കോടിയോളം വരുന്ന രാജ്യത്തെ പകുതി ജനങ്ങളോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. 2 കോടി മുതൽ 8 കോടി വരെ ആകാൻ സാധ്യത ഉണ്ടായിരുന്ന രോഗവ്യാപനം വിജയകരമായി തടഞ്ഞത് ഇങ്ങനെയാണെന്ന് ഫിലിപ്പീൻസ് ക്യാബിനറ്റ് സെക്രട്ടറി കാർലോ നോഗ്രൽസ് പറഞ്ഞു. ആദ്യഘട്ടത്തിൽ ടെസ്റ്റുകൾ നടത്തുന്നതിന്റെ താമസത്തെ ചൊല്ലി വിമർശനം നേരിട്ട രാജ്യം പിന്നീട് ഏപ്രിലോടുകൂടി ടെസ്റ്റ് കിറ്റുകളും ലബോറട്ടറി കപ്പാസിറ്റിയും വർധിപ്പിച്ചു ആരോഗ്യരംഗം സുസജ്ജമാക്കുകയായിരുന്നു.

നവജാതശിശുക്കൾക്ക് ഗർഭാവസ്ഥയിൽ തന്നെ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. അമ്മമാർക്ക് കോവിഡ് 19 ബാധിച്ച അവസ്ഥയിൽ സിസേറിയനിൽ ജനിച്ച നാലു കുഞ്ഞുങ്ങൾക്കും രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതിൽ മൂന്നു കുഞ്ഞുങ്ങളെയും ജനിച്ച ഉടൻതന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു, നാലാമത്തെ കേസിൽ കുഞ്ഞ് ജനിച്ചതിനുശേഷമാണ് അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഗർഭപാത്രത്തിലൂടെ വൈറസ് പകരുന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അമ്നിയോട്ടിക് ഫ്ലൂയിഡിലോ പൊക്കിൾകൊടിയിലോ വൈറസിനെ അംശം ഉള്ളതായി തെളിഞ്ഞിട്ടില്ല. ഒരുപക്ഷേ ആശുപത്രി ചുറ്റുപാടിൽ നിന്നാവാം ഈ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നത് എന്ന് കരുതപ്പെടുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിലെ കൊറോണാ മരണങ്ങളിൽ 28 ശതമാനവും കെയർ ഹോമുകളിൽ താമസിക്കുന്നവരെന്നു റിപ്പോർട്ടുകൾ. ഏകദേശം 5300 ഓളം പേർ ഇതുവരെ കൊറോണ ബാധമൂലം കെയർ ഹോമുകളിൽ മരണപെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒരു ഏകദേശ കണക്ക് മാത്രമാണെന്നും, ഇതിൽ കൂടുതൽ മരണങ്ങൾ നടന്നിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ്-19 ബാധിച്ച് മരിച്ചവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കൃത്യം കണക്ക് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാലിൽ മൂന്ന് ശതമാനം കെയർഹോമുകളെയും കൊറോണ ബാധ അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

കെയർ ഹോമുകളിൽ എല്ലാംതന്നെ പ്രായമുള്ളവർ ആയതിനാലാണ് മരണനിരക്ക് ഉയരുന്നത്. എന്നാൽ 15% കെയർ ഹോമുകളിൽ മാത്രമാണ് രോഗം ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഈ പ്രസ്താവന വാസ്തവവിരുദ്ധം ആണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. കൊറോണ വൈറസ് ബാധിച്ചാൽ തങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതില്ലെന്ന സമ്മതപത്രം ഹോമുകളിലെ അന്തേവാസികളിൽ നിന്നും അധികൃതർ മുൻകൂട്ടി ഒപ്പിട്ടു വാങ്ങുകയാണ്. ആശുപത്രികളിലെ രോഗികൾ കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരം നീക്കം. 80 വയസ്സിന് മുകളിലുള്ളവർക്കാണ് രോഗം ബാധിച്ചാൽ മരണസാധ്യത ഏറ്റവും കൂടുതൽ ഉള്ളത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ടിംഗ് ഉപകരണങ്ങൾ നൽകുമ്പോൾ ചെറുപ്പക്കാർക്കും, ആരോഗ്യം ഉള്ളവർക്കും മുൻഗണന നൽകണമെന്ന് എൻഎച്ച്എസ് തന്നെ വ്യക്തമാക്കിയിരുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇംഗ്ലണ്ടിൽ മാത്രം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ 217 കെയർ ഹോം അന്തേവാസികൾ മരിച്ചതായി പറയുന്നു. കാര്യങ്ങൾ ഗൗരവമായി എടുക്കണം എന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയർന്നു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെ മലയാളി സമൂഹം തികഞ്ഞ മാനസിക സമ്മർദ്ദത്തിലാണ്. അതിനൊരു പ്രധാന കാരണം മലയാളി കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ്. കോവിഡ് – 19 ബ്രിട്ടനിൽ വ്യാപകമായതോടു കൂടി കൊറോണ വൈറസുമായി മുഖാമുഖം യുദ്ധം ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഭൂരിഭാഗം മലയാളികളും കടന്നുപോകുന്നത്. ഇതിനു പുറമേ ലോക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളും, കുട്ടികളുമായി വീടിനുള്ളിൽ അടച്ചിരിക്കേണ്ടി വരുന്നതുമെല്ലാം മലയാളികളുടെ മാനസികസമ്മർദ്ദം ഇരട്ടിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കൊറോണാ കാലത്തെ ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനുള്ള വഴികൾ തേടുന്ന തിരക്കിലാണ് ഭൂരിഭാഗം മലയാളികളും. സോഷ്യൽ മീഡിയയിലും മറ്റും തകർത്തോടുന്ന പാചക പരീക്ഷണങ്ങളും ടിക് ടോക് വീഡിയോകളും ഇതിന് തെളിവാണ്. പല മലയാളികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പലതും പുറത്തു കൊണ്ടുവരാൻ കൊറോണക്കാലംഒരു കാരണമായി. ഒഴിവു സമയം കിട്ടിയാൽ കൂട്ടുകാരുടെയടുത്തേയ്ക്ക് ഓടിയിരുന്ന ഭർത്താക്കന്മാർ റമ്മി കളിക്കാൻ തങ്ങളെ ആശ്രയിക്കുന്നതിന്റെ നിഗൂഡ സന്തോഷത്തിലാണ് പല ഭാര്യമാരും.

ഇത്തരത്തിൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മലയാളികൾ നിരവധി വഴികൾ തേടുമ്പോൾ യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽതാമസിക്കുന്ന ജീന വിനു വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളുമായി ആണ് മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ജീനയുടെ പാചക വീഡിയോ നിരവധി പേരാണ് കണ്ടത്. കൊറോണ കാലത്ത് വിഭവങ്ങൾ ദുർവിനിയോഗം ചെയ്യാതെ ലളിതമായി സമയലാഭത്തിൽ ചെയ്യാവുന്ന വിഭവങ്ങളാണ് ജീന തന്റെ വീഡിയോയിലൂടെ സുഹൃത്തുക്കൾക്കായി പങ്കു വച്ചിരിക്കുന്നത്. ഒരേസമയം രണ്ട് വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന പ്രത്യേകതയും ജീനയുടെ പാചക വീഡിയോയ്ക്കുണ്ട്. വെയ്ക്ക് ഫീൽഡിലെ പിന്റർ ഫീൽഡ് ഹോസ്പിറ്റലിലെ നഴ്സാണ് ജീന വിനു. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ വൈമയുടെ മുൻ പ്രസിഡന്റായ ജീന വിനു കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്.
ജീനയുടെ പാചക വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലണ്ടൻ: കൊറോണ വൈറസ് വ്യാപനം തടയുന്ന ലോക്ക് ഡൗൺ മിക്ക രാജ്യങ്ങളും തുടരുന്ന ഒരു സാഹചര്യത്തിൽ ആണ് ഇന്ന് യുകെയിലെ ലോക് ഡൗൺ സംബന്ധിച്ച പുനരവലോകന പ്രഖ്യപനം ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഡൗണിങ് സ്ട്രീറ്റ് നടത്താറുള്ള പതിവ് പ്രസ് കോൺഫറൻസ് നയിച്ചത് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ആയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ അടുത്ത മൂന്ന് ആഴ്ച കൂടി ലോക് ഡൗൺ തുടരാൻ ഉള്ള തീരുമാനം ആണ് ഇന്ന് പ്രഖ്യപിച്ചത്.
പ്രധാന തീരുമാനങ്ങൾ ഇവയാണ്..
ഏറ്റവും കുറഞ്ഞത് അടുത്ത മൂന്ന് ആഴ്ചകൂടി ലോക്ക് ഡൗൺ തുടരും. അതായത് മാർച്ച് ഇരുപത്തിമൂന്നാം തിയതി പ്രഖ്യപിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുന്നു..
എന്നാൽ മൂന്നാഴ്ചക്ക് ശേഷം ലോക്ക് ഡൗൺ പിൻവലിക്കുന്നതുമായി ഒരു സൂചന തരാൻ ഇപ്പോൾ സാധ്യമല്ല. ഇത് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..
ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്
തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ് ഉണ്ടാവുക
രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത
ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത
അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..
രോഗവ്യാപാനത്തിന്റെ ഉച്ചസ്ഥായിയിൽ ആണ് യുകെ എന്ന് ഇപ്പോഴും ഉറപ്പിക്കാൻ പറ്റുന്ന സ്ഥിതിവിവര കണക്ക് ഇപ്പോൾ അപ്രാപ്യമാണ്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെയിൽ മരിച്ചവരുടെ എണ്ണം 861 … ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 13,729 ൽ എത്തിനിൽക്കുന്നു.
യുകെയിലെ ന്യൂനപക്ഷ ( Black, Asian & other minorities) വിഭാഗത്തിനിടയിൽ എന്തുകൊണ്ട് രോഗം കൂടുതൽ പടരുന്നു എന്നത് സംബന്ധിച്ച് nhs ഉം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ചേർന്ന് പരിശോധിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
സ്വന്തം ലേഖകൻ
28കാരിയായ മേരി ആഗൈവാ ആഗ്യപോംഗ് ആണ് സിസേറിയനെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യപ്രവർത്തകർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ച എൻ എച്ച് എസ് ഹെൽത്ത് വർക്കേഴ്സിന്റെ എണ്ണം 45 ആയി. ഡ്യൂട്ടൺ ആൻഡ് ഡൺസ്ടേബിൾ ആശുപത്രിയിലെ നഴ്സായിരുന്നു മേരി. എന്നാൽ മേരിക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും, ഡ്യൂട്ടി സമയത്ത് നല്ല ചുറുചുറുക്കുള്ള മിടുക്കിയായ ഒരു നേഴ്സ് ആയിരുന്നു അവരെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഈ ഇരുണ്ട കാലഘട്ടത്തിൽ ജനിച്ച കുഞ്ഞിന്റെ അതിജീവനം പ്രതീക്ഷയുടെ വെളിച്ചമാണെന്ന് എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡേവിഡ് കാറ്റർ പറഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് മേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു, ആദ്യമൊക്കെ ആരോഗ്യം മെച്ചപ്പെട്ട മേരിയുടെ അവസ്ഥ വഷളായതിനെ തുടർന്ന് സിസേറിയൻ നടത്തുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിനെ ആദ്യം നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് പരിപാലിച്ചത്. കുഞ്ഞിനും മേരിയുടെ ഭർത്താവിനും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ഇപ്പോൾ സെൽഫ്ഐസൊലേഷനിലാണ്.

മേരി ആശുപത്രിയുടെ പന്ത്രണ്ടാം വാർഡിൽ ആണ് ജോലി ചെയ്തിരുന്നത്, പിന്നീട് ഇത് കോവിഡ് വാർഡ് ആക്കി മാറ്റുകയായിരുന്നു. എന്നാൽ മേരി ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വൈറസ് ബാധിതരായ രോഗികൾ ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ദുർബല വിഭാഗമായ ഗർഭിണികളെ മുൻനിരയിൽ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നാണ് ചട്ടം. മൂന്നാം ട്രെമസ്റ്ററിലും ജോലിചെയ്ത് മേരിയോട് ആശുപത്രി അധികൃതർ തുടരാൻ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ആശുപത്രിയിൽ സുരക്ഷാ ഗൗണുകൾക്ക് ക്ഷാമം ഉണ്ടായിരുന്നതായും, മാസ്ക്കുകൾ റേഷൻ നൽകുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു. മേരി അഞ്ചുവർഷമായി ഈ ആശുപത്രിയിൽ നഴ്സായി തുടരുന്നു എന്നും, അവരുടെ മരണം ട്രസ്റ്റിന്റെ സേവനത്തിന്റെ മുഖം ആണെന്നും എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കാർട്ടർ പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബ്രിട്ടനിൽ പടർന്നുപിടിച്ചതോടെ എൻ എച്ച് എസും ജനങ്ങളും കനത്ത പ്രതിസന്ധിയിൽ ആയി കഴിഞ്ഞു. അതേസമയം ആരോഗ്യരംഗത്ത് സുരക്ഷാ ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ക്ഷാമം ഡോക്ടർമാരെയും നഴ്സുമാരെയും കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുവരെ കോവിഡ് ബാധിച്ച് നാല്പതിലേറെ ആരോഗ്യപ്രവർത്തകർ യുകെയിൽ മരിച്ചുകഴിഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിലൂടെയാണ് അവർക്ക് രോഗം പടർന്നത്. പിപിഇയുടെ ക്ഷാമം മൂലം സ്വന്തം ജീവൻ അപകടത്തിലാക്കി അവർക്ക് ജോലി ചെയ്യേണ്ടി വരുന്നു. കൊറോണ വൈറസ് പദ്ധതികൾ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണ വസ്ത്രങ്ങളും മാസ്കുകളും വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ചില ആശുപത്രികൾ സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി സിംഗിൾ യൂസ് ഗൗൺസ് വൃത്തിയാക്കാൻ തുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സംരക്ഷണ ഉപകരണങ്ങളുടെ കുറവിനെ ഇത് എടുത്തുകാട്ടുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. സാധനങ്ങളുടെ സുരക്ഷിതമായ പുനരുപയോഗം പരിഗണിക്കുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. “പിപിഇ ഒരു വിലയേറിയ വസ്തുവാണ്. ആരോഗ്യ, സാമൂഹിക പരിപാലനത്തിലുള്ള എല്ലാവർക്കും ശരിയായ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാകേണ്ടത് നിർണായകമാണ്. ഇവ സുരക്ഷിതമായി പുനരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇതിനായി പരിഗണിക്കപ്പെടുന്നു. പക്ഷേ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.” : പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഡോ. സൂസൻ ഹോപ്കിൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ബ്രിട്ടനിലെ കെയർ ഹോമുകളുടെ അവസ്ഥയും ദുഃഖകരമാണ്. രോഗബാധയെ തുടർന്ന് സ്റ്റാഫോർഡ്ഷെയർ കെയർ ഹോമിൽ ഇരുപത്തിനാല് പേർ ഇതുവരെ മരിച്ചു. മാർച്ച് 23 നാണ് 140 ജീവനക്കാരുള്ള വീട്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം 10 മുതിർന്ന ആളുകളും ഒരു സ്റ്റാഫും സ്വയം ഒറ്റപ്പെട്ടു കഴിയുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെയുള്ള എല്ലാവരും ഭീതിയിലാണെന്ന് കെയർ ഹോം ഉടമ എഡ്വേർഡ് ട്വിഗ് പറഞ്ഞു. ജീവനക്കാരിലും പരിചരണത്തൊഴിലാളികളിലും രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ പിഎച്ച്ഇയുടെ ഉപദേശപ്രകാരം വീട് ശുദ്ധീകരണം, സ്വയം സംരക്ഷണം , സ്വയം ഒറ്റപ്പെടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇവ നടപ്പിലാക്കിയതായി പിഎച്ച്ഇ വെസ്റ്റ് മിഡ്‌ലാന്റിലെ ഡോ. നിക്ക് കോറ്റ്‌സി പറഞ്ഞു. മൂന്നാഴ്ചയായി ഇവിടെ സന്ദർശകരെയൊന്നും അനുവദിക്കുന്നില്ല. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ കെയർ ഹോമിൽ അഞ്ച് മരണങ്ങളാണ് ഉണ്ടായത്. കെയർ ഹോമിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് കുടുംബങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ എഡ്ന സമ്മർഫീൽഡിന്റെ (94) മരുമകൾ സിൽവിയ, ഈ ആശങ്ക തുറന്നുപറയുകയുണ്ടായി. “എപ്പോൾ ഒരു ശവസംസ്കാരം നടത്താമെന്ന് ഞങ്ങൾക്ക് അറിയില്ല. അതിൽ ആർക്കൊക്കെ പങ്കെടുക്കാൻ കഴിയുമെന്നതും അറിയില്ല. ” അവൾ പറയുകയുണ്ടായി.

ബ്രിട്ടനിൽ ഇന്നലെ മാത്രം 761 പേർ മരിച്ചു. മരണസംഖ്യ 12, 868 ആയി ഉയർന്നു. ഇന്നലെ പുതുതായി 4603 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ ഒരു ലക്ഷത്തോടടുത്തു – 98,476 കേസുകൾ. കഴിഞ്ഞ ദിനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇന്നലെ കുറവ് അനുഭവപ്പെട്ടു. ആഗോളതലത്തിൽ രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലാണ് – ആറര ലക്ഷം പേർ. ലോകത്താകമാനം കോവിഡ് പിടിപെട്ട് 134,615 പേരും മരിച്ചുകഴിഞ്ഞു. അഞ്ചുലക്ഷത്തോളം പേർക്ക് രോഗം ഭേദമായെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു .