സ്വന്തം ലേഖകൻ

യു കെ :- കാനബിസ് അടങ്ങിയ മധുര പദാർത്ഥങ്ങൾ കഴിച്ച നോർത്ത് ലണ്ടനിലെ സ്കൂളിലെ 13 വിദ്യാർത്ഥികളെ ഉടൻതന്നെ ആശുപത്രിയിലാക്കി. കുട്ടികൾ കഴിച്ച മധുര പദാർത്ഥങ്ങളിൽ കാനബിസിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മുഖ്യ ഘടകമായ റ്റി എച്ച് സി (ടെട്രാഹൈഡ്രോകന്നാബിനോൾ ) അടങ്ങിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഹൈ ഗേറ്റിലുള്ള ലാ സെയിന്റ് യൂണിയൻ കാതോലിക് സ്കൂളിലെ വിദ്യാർഥികളാണ് ആശുപത്രിയിലായത്. എത്രത്തോളം അളവിൽ ഈ പദാർത്ഥം സ്വീറ്റ്സിൽ ഉണ്ടായിരുന്നു എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളിൽ ആരും തന്നെ ഗുരുതരമായ അവസ്ഥയിൽ അല്ല. സംഭവത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും തന്നെ പോലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ ശക്തമായ അനേഷണം പുരോഗമിക്കുകയാണ്. കുട്ടികൾക്ക് വയ്യാതായ ഉടൻതന്നെ ലണ്ടൻ ആംബുലൻസ് സർവീസിന്റെ അഞ്ച് ആംബുലൻസുകൾ സ്കൂളിലെത്തി.

തങ്ങളെയും ഉടൻതന്നെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അധികൃതരും അറിയിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും സംഭവത്തെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കളോട് വിവരം കൈമാറിയതായും അവർ പറഞ്ഞു. എങ്ങനെയാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള മധുര പദാർത്ഥങ്ങൾ ലഭിച്ചതെന്ന് അറിയില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. റ്റി എച്ച് സി യുകെയിൽ നിരോധിതമായ പദാർത്ഥമാണ്. സ്കൂളിന്റെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകി.