ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആരോഗ്യ പ്രവർത്തകരേക്കാൾ കൂടുതൽ ഇന്ന് ഉള്ളിൽ ഭയാശങ്കകളോടെ കഴിയുന്നത് അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആണ്. കാരണം കൊറോണ തന്നെ. യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ മുൻപന്തിയിൽ മലയാളി നഴ്സുമാരാണ്. കേരളത്തിൽ ഒരു ജില്ലയിൽ വിരലിലെണ്ണാവുന്ന കൊറോണ രോഗികളാണെങ്കിൽ , അമേരിക്കയിലും യുകെയിലുമൊക്കെ മിക്കവാറും എല്ലാ ഹോസ്പിറ്റലുകളിലും കൊറോണ വാർഡുകൾ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും മാറി താമസിക്കേണ്ട ദുഷ്കരമായ അവസ്ഥയിലൂടെയാണ് നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കടന്നുപോകുന്നത്. അതിലൊക്കെ ഉപരിയായി കൊറോണ വാർഡിൽ ജോലി ചെയ്തിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ തങ്ങളെയും തങ്ങളുടെ യൂണിഫോമിനെ അണുവിമുക്തമാക്കുക എന്ന ദുർഘടമായ ഒരു കർത്തവ്യം കൂടി എല്ലാവർക്കുമുണ്ട്. കാരണം എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ കുടുംബത്തിലുള്ള എല്ലാവരും തന്നെ കൊറോണാ വൈറസിന് കീഴടങ്ങണ്ടേതായി വരും.

ആദ്യകാലങ്ങളിൽ ഉപയോഗിച്ച യൂണിഫോം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത് പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു. പല പ്ലാസ്റ്റിക് ബാഗുകളും എങ്ങനെ സംസ്കരിക്കണമെന്ന് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒരു കീറാമുട്ടിയായി മാറിയിരുന്നു. പ്ലാസ്റ്റിക് ബാഗുകൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് പിന്നെയും വൈറസ് പകരാൻ കാരണമായി മാറിയേക്കാം. നഴ്സുമാർ ഉൾപ്പെടുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ തങ്ങളുടെ വീട്ടിലുള്ള പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് തുണിസഞ്ചികൾ ഉണ്ടാക്കി എല്ലാ ജീവനക്കാർക്കും കൊടുത്തു. കൊറോണ കാലത്ത് രോഗി പരിപാലനത്തിന്റെ തിരക്കുകൾക്കിടയിലും കാരുണ്യ പ്രവർത്തി പോലെ ഇത് ചെയ്യുന്നത് നഴ്സുമാർ ഉൾപ്പെടെയുള്ള ഹോസ്പിറ്റലിലെ ജീവനക്കാരുടെ രാജ്യ സ്നേഹത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പുതിയൊരു മുഖമാണ് കാട്ടുന്നത്.ഇതിന് വളരെയേറെ പ്രയോജനങ്ങളുണ്ട്. യൂണിഫോം കഴുകുന്നതിനോടൊപ്പം തന്നെ വാഷിംഗ് മെഷീനുകളിൽ കഴുകുവാനും അണുവിമുക്തമാക്കാനും തുണി കൊണ്ടുണ്ടാക്കിയ ഈ കവറിനു കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. പ്ലാസ്റ്റിക് യൂണിഫോം കവറുകൊണ്ടുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ പറ്റുമെന്നുള്ളത് മറ്റൊരു മേന്മയാണ്.
ഈ ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാനും യാത്രകൾ ഒഴിവാക്കാനും എല്ലാവരും വീടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. പക്ഷേ നമ്മുടെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും അഹോരാത്രം കൊറോണ വൈറസിനെതിരെ പോരാടാനും രോഗികളെ ശുശ്രൂഷിക്കുവാനായിട്ടും ആത്മാർത്ഥമായി ജോലിയെടുക്കുന്നു. നിസ്സാരമെങ്കിലും ഓരോ ആശുപത്രികളിലും എത്തിച്ചേരുന്ന യൂണിഫോം കവറുകളിലൂടെ സ്നേഹത്തിന്റെയും കൈത്താങ്ങിന്റെയും അദൃശ്യമായ കരങ്ങൾ തേടി വരുന്നത് അനുഭവിച്ചതായി പല നഴ്സുമാരും മലയാളം യുകെയോടു പങ്കുവച്ചു. മനുഷ്യത്വപരമായ ഈ നടപടിയിലൂടെ കിട്ടുന്ന സപ്പോർട്ട് തെല്ലൊന്നുമല്ല.
സ്നേഹവും കൈത്താങ്ങുകളുമൊന്നും ഒരിക്കലും അവസാനിക്കുന്നില്ല. ഈ ദുരന്തകാലത്തു സമാനരീതിയിലുള്ള പ്രവർത്തനങ്ങൾ ലോകമെങ്ങുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . പലരും മാസ്കുണ്ടാക്കിയും സാനിറ്റൈസർ നിർമ്മിച്ചും ആതുരശുശ്രൂഷയിൽ പങ്കാളികളാകാൻ സമയം കണ്ടെത്തുന്നു. ഓരോ മേഖലയിലുള്ളവരും അവരുടെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്നു. . ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുവാനും മറ്റും മുന്നോട്ടുവരുന്ന സന്നദ്ധസേവകരുടെ എണ്ണം കേരളത്തിലും വളരെ വലുതാണ്. പ്രളയകാലത്ത് അകമഴിഞ്ഞ് സഹായിച്ച മത്സ്യത്തൊഴിലാളികളുടെ ചരിത്രം അവസാനിക്കുന്നില്ല. തീർച്ചയായും നാം ഈ വൈതരണികൾ തരണംചെയ്ത് മുന്നേറും. ലോകമെങ്ങുംനിന്നുള്ള സമാനരീതിയിലുള്ള നിങ്ങളുടെ അനുഭവങ്ങൾ മലയാളം യുകെയുമായി പങ്കുവയ്ക്കാം.
അയക്കേണ്ട വിലാസം [email protected]
അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഈ വാർത്തകൾക്ക് എന്നും മലയാളം യുകെയിൽ ഇടമുണ്ടാകും.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ കാലത്ത് എല്ലാവരുടെയും മനസ്സിൽ ഒരു നോവായി മാറിയിരിക്കുകയാണ് പതിനാലു വയസ്സുകാരിയായ കാർമിന മെഡൽ എന്ന പെൺകുട്ടി. കാർമിനയുടെ അമ്മ എൻ എച്ച് എസ് നഴ്സായ ലെയ്ലാനി കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ആണ് കോവിഡ്- 19 മൂലം മരണപ്പെട്ടത്. ഇവളുടെ പിതാവ് മെഡിക്കൽ ടെക്നീഷ്യൻ ആയ ജോണി ഇപ്പോൾ കൊറോണ വൈറസ് ബാധമൂലം ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സെൽഫ് ഐസൊലേഷനിലായ ആന്റിയോടൊപ്പവും കാർമിനക്കു നിൽക്കാൻ സാധിക്കാതെ വന്നതോടെ, 14 വയസ്സുകാരിയായ ഇവളെ ഫോസ്റ്റർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

കാർമിനയുടെ അമ്മ നാല്പത്തൊന്നുകാരിയായ ലെയ്ലാനി സൗത്ത് വെയിൽസിലെ പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു. ഇവിടെവെച്ച് തന്നെ രോഗം ബാധിച്ചാണ് ഇവർ മരണപ്പെട്ടത്. പിതാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ഇവളുടെ മറ്റ് ബന്ധുക്കളെല്ലാം തന്നെ ഫിലിപ്പീൻസിൽ ആയതിനാൽ, കാർമിന തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കാർമിനയുടെ അടുത്തേക്ക് ഒരുതരത്തിലും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങളെന്ന് ഫിലിപ്പീൻസിൽ നിന്ന് ബന്ധുക്കൾ അറിയിച്ചു.
കാർമിന ഇപ്പോൾ ബ്രിഡ്ജൻഡ് ചിൽഡ്രൻസ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിലാണ്. കാർമിനയുടെ ആന്റി 64 കാരിയായ മാരിസ് അല്ലിൻബെമ് ബ്രിസ്റ്റോളിൽ താമസിക്കുന്നുണ്ടെങ്കിലും അവർ സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കാർമിനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കുന്നില്ല. കാർമിനയെ ഫോസ്റ്റർ ഹോമിൽ ആക്കിയതിൽ തനിക്ക് നല്ല വിഷമം ഉണ്ടെന്നു അവർ പറഞ്ഞു. എന്നാൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ്.

തന്റെ ജോലിയെ സ്നേഹിച്ച ഒരു എൻഎച്ച് എസ് പ്രവർത്തകയായിരുന്നു കാർമിനയുടെ അമ്മ. മരിക്കുന്നതിന് മൂന്നാഴ്ച മുൻപ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിൽ, താൻ ഒരു നേഴ്സ് ആണെന്നും, തനിക്ക് വീട്ടിലിരിക്കാൻ ആവില്ലെന്നും അവർ രേഖപ്പെടുത്തിയിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ജനങ്ങളെ ശുശ്രൂഷിക്കുന്ന എൻഎച്ച് എസ് പ്രവർത്തകരുടെ മാതൃകയാണ് ലെയ്ലാനി.
സ്വന്തം ലേഖകൻ
നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു നൽകി അനസൂയ ചന്ദ്രമോഹൻ (55) വിടപറഞ്ഞു. അനസൂയ കോവിഡ് ബാധിതയായി ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ആകസ്മികമായി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിച്ചു എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത പുറത്തുവരുന്നത്.
ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ഉണ്ടാകാവുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കുക അസാധ്യമാണ്. വെറും രണ്ടു വർഷം മുൻപ് ഒരുപാട് സ്വപ്ങ്ങളുമായി കിങ്സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായി പരേതയായ അനസൂയയുടെ മകൾ ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. പിന്നീട് ആണ് ജെന്നിഫറിന്റെ ഭർത്താവ് യുകെയിൽ എത്തിച്ചേരുന്നത്.
ജീവിതം മുന്നോട്ടു നീങ്ങവെ ജെന്നിഫർ ഒരു കുഞ്ഞിന് ജന്മം നൽകി. ആറു മാസത്തെ മെറ്റേർണിറ്റി ലീവിന് ശേഷം ജോലിയിൽ കയറുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെ നോക്കാൻ ഭർത്താവ് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ വർക്ക് പെർമിറ്റിന് വേണ്ടി ചിലവാക്കേണ്ടിവരുന്ന വലിയ തുകകൾ.. ഒരാളുടെ വരുമാനം എങ്ങും എത്തില്ല എന്ന സത്യം നമുക്ക് മറ്റാരും പറഞ്ഞുതരേണ്ട ആവശ്യമില്ല.
അങ്ങനെയിരിക്കെ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അമ്മയായ അനസൂയ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പിതാവ് തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്തു. കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്രയെന്നോ, കൊടുക്കേണ്ടി വരുമെന്നോ അറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ഇരിക്കെ ആണ് അനസൂയയുടെ വേർപാട്…
ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ് പരേതയായ അനസൂയക്ക് ഉള്ളത്.
തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ നിങ്ങളോട് വിവരിക്കുന്നില്ല. യുകെ മലയാളികൾ കടന്നുപോകുന്ന കഠിനമേറിയ വഴികൾ .. എല്ലാവരും പണക്കാർ ആണ് എന്ന് ഒരു പ്രവാസിയും പറയില്ല.. എന്നാൽ ഒരു പ്രവാസിയുടെ ബുദ്ധിമുട്ട് അറിയാനുള്ള മലയാളിയുടെ മനസ്സ് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചരിത്രം നാം നേരിൽ കണ്ടിട്ടുണ്ട്.. കരുണ ആവോളം ഉള്ള പ്രിയ യുകെ മലയാളികളെ കിങ്സ് ലിൻ മലയാളി സമൂഹത്തിന്റെ അഭ്യർത്ഥന മാനുഷിക പരിഗണയോടെ നിങ്ങൾ എല്ലാവരും എടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. ഈ നല്ല പ്രവർത്തിയിൽ മലയാളം യുകെയും പങ്കുചേരുന്നു.
വിട്ടകന്ന അമ്മക്ക് പകരമാകില്ല പണം എന്ന് മനസിലാക്കുമ്പോഴും… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു വയസ് മാത്രമുള്ള കുട്ടി.. ജോലിക്ക് പോകാൻ സാധിക്കാതെ ഭർത്താവ്… സ്വന്തം ഭാര്യയുടെ അവസ്ഥ ഹോസ്പിറ്റലിൽ നിന്നും നഴ്സുമാർ പറഞ്ഞ് മാത്രം അറിയുന്ന, കണ്ണുകൾ നിറയുന്ന ആ മനുഷ്യനെ നിങ്ങൾ സഹായിക്കില്ലേ?? അനസൂയയുടെ ബോഡി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല… ശവസംസ്ക്കാരം നടത്താൻ ഉള്ള പണം കണ്ടെത്തുവാൻ കിങ്സ് ലിൻ മലയാളി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ ആയ ജെന്നിഫറിനെയും കുടുബത്തെയും സഹായിക്കുവാൻ കിങ്സ് ലിൻ മലയാളി സമൂഹം യുകെ മലയാളികളുടെ സഹായം തേടുന്നു. സഹായം എത്തിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരുന്ന അസോസിയേഷന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുവാൻ അപേക്ഷിക്കുന്നു.
Name : KINGS LYNN MALAYALEE COMMUNITY
Sort code : 53-61-38
Account No : 66778069
Bank : NATWEST, KING’S LYNN BRANCH
Please use the payment reference : Jennifer Saravanan
more details
NIMESH MATHEW – 07486080225 (PRESIDENT)
JAIMON JACOB – 0745605717 (SECRETARY)
JOMY JOSE – 07405102228 (TREASURER)
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും അഞ്ച് മരണങ്ങളിൽ ഒന്നിൽ കൂടുതൽ എണ്ണം കൊറോണ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 3,475ഓളം കൊറോണ വൈറസ് മരണങ്ങൾ ഏപ്രിൽ 3 വരെയുള്ള ആഴ്ചയിൽ ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ആ ആഴ്ചയിലെ ആകെ മരണങ്ങളുടെ എണ്ണം 16,000 ത്തിൽ എത്തി. ഇത് കഴിഞ്ഞ വർഷം ഈ സമയത്തെ മരണങ്ങളെ അപേക്ഷിച്ച് 6000 എണ്ണം കൂടുതലാണ്. അതേസമയം, സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സമയമാണിതെന്ന് ചാൻസലർ റിഷി സുനക് സമ്മതിച്ചു. പകർച്ചവ്യാധി കാരണം ജൂൺ മാസത്തോടെ സമ്പദ്വ്യവസ്ഥ 35% കുറയുമെന്ന് യുകെയിലെ നികുതി, ചെലവ് നിരീക്ഷണ കേന്ദ്രമായ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി മുന്നറിയിപ്പ് നൽകിയതിനാലാണിത്. ഒപ്പം എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് സുനക് കൂട്ടിച്ചേർത്തു. മറ്റ് എല്ലാ മരണങ്ങളോടൊപ്പം കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തെക്കുറിച്ചും ഒഎൻഎസ് റിപ്പോർട്ട് പരിശോധിച്ചു. ശൈത്യകാലത്തേക്കാൾ പനി കുറവുള്ളതിനാൽ സാധാരണയായി വർഷത്തിലെ ഈ സമയത്ത് മരണങ്ങൾ കുറയുന്നു. എന്നാൽ ഈ വർഷം അത് റെക്കോർഡ് സംഖ്യയിലേക്കാണ് ഉയർന്നത്. വർദ്ധിച്ചുവരുന്ന മരണങ്ങളുടെ എണ്ണം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഒഎൻഎസ് ഉദ്യോഗസ്ഥൻ നിക്ക് സ്ട്രൈപ്പ് പറഞ്ഞു. ഇത് സാധാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇംഗ്ലണ്ടിലെ രണ്ടായിരത്തിലധികം കെയർ ഹോമുകളിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു -എന്നാൽ അവിടെ ഉണ്ടായ മരണങ്ങളുടെ എണ്ണം അവർ വ്യക്തമാക്കിയിട്ടില്ല.

സുരക്ഷ സംവിധാനങ്ങളുടെ അഭാവം കാരണം കൊറോണ വൈറസ് ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം പിടിപെടുന്ന അവസ്ഥയിലാണ്. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ലളിതമായ പിപിഇ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. രോഗബാധിതരായ രോഗികൾക്ക് ചികിത്സ നൽകുമ്പോൾ മാസ്ക് ധരിക്കാൻ തുടങ്ങുന്നതിനുമുമ്പ് ഉദ്യോഗസ്ഥർക്ക് “ഫിറ്റ്-ടെസ്റ്റ്” നടത്തേണ്ടതുണ്ട്. ഫിറ്റ്-ടെസ്റ്റ് എന്നത് കർശനമായ പ്രക്രിയയാണ്. ആരോഗ്യ പ്രവർത്തകർ ശരിയായ വലുപ്പത്തിലുള്ള മാസ്ക് ധരിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കോവിഡ് -19 ഇതിനകം 40 എൻഎച്ച്എസ് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ എന്നിവരുടെ ജീവൻ അപഹരിച്ചു. ഫിറ്റ്-ടെസ്റ്റുകൾ നടത്താത്ത ആശുപത്രികൾ ഡോക്ടർമാരുടെ ജീവിതവുമായി കളിക്കുന്നുവെന്ന് ഡോക്റ്റേഴ്സ് അസോസിയേഷൻ യുകെ (DAUK) പറയുന്നു. ആശുപത്രികൾ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായും കാണപ്പെട്ടു. “ശ്വസനസംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നയാളുടെ മുഖത്തിന് പാകമാണോയെന്ന് അത് ഉപയോഗിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം.” ; ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. നീൽ മോർട്ടെൻസൻ അഭിപ്രായപ്പെട്ടു.
യുകെയിൽ കോവിഡ് 19 ബാധിച്ച് 778 പേർ ഇന്നലെ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 12,107 ആയി ഉയർന്നു. ഇന്നലെ 5252 ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 93,873 ആയി മാറി. വരും ദിവസങ്ങളിൽ ഇത് ഒരുലക്ഷം കടന്നേക്കാം. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണസംഖ്യ ഒന്നേകാൽ ലക്ഷം കടന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു. മരണനിരക്കിൽ ഇറ്റലിയെ കടത്തിവെട്ടി മുന്നിലെത്തുകയും ചെയ്തു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണാ വൈറസിനെ ലോകം നേരിടുമ്പോൾ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം നഴ്സ്മാരുടെ വലിയതോതിലുള്ള കുറവാണ്. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലായ നഴ്സുമാരാണ്. എന്നാൽ ലോകമൊട്ടാകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോൾ നഴ്സുമാരുടെ ഈ കുറവ് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലോകത്തൊട്ടാകെ ഇപ്പോഴുള്ളത് 28 മില്യൺ നഴ്സുമാരാണ്. ഇത് ലോക ജനസംഖ്യയുടെ 50 ശതമാനം പേരെ പരിചരിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ തലവൻ ടെസ്റോസ് അധനോം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇതിനിടയിൽ കോവിഡ്-19 പല വികസിത രാജ്യങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്.കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരിശീലനത്തിനും റിക്രൂട്ട്മെന്റിനുമായി കൂടുതൽ ബഡ്ജറ്റ് വകയിരുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ആരോഗ്യരംഗത്തെ തലപ്പത്തുള്ളവർ ഇപ്പോൾ ചിന്തിക്കുന്നത് .എന്തായാലും വരാനിരിക്കുന്നത് നഴ്സിംഗ് കരിയർ ഒരു പാ ഷനായി കാണുന്നവർക്കുള്ള അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ ടോം മൂർ തന്റെ തൊണ്ണൂറ്റിഒൻപതാം വയസ്സിലും കൊറോണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണത്തിലാണ്. തന്റെ പൂന്തോട്ടത്തിലൂടെ വാക്കർ ഉപയോഗിച്ച് നൂറു തവണ നടക്കാനുള്ള തീരുമാനം ആണ് അദ്ദേഹം കൈക്കൊണ്ടത്. ഇതിലൂടെ ചാരിറ്റി സംഘടനകളെ ആകർഷിച്ച് പണം സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. 1000 പൗണ്ട് ലക്ഷ്യമാക്കി ആണ് അദ്ദേഹം ഈ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ആ തുക ഒറ്റ ദിവസം കൊണ്ട് തന്നെ അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ എൻഎച്ച്എസ് പ്രവർത്തനങ്ങൾക്കായി നാല് മില്യൺ പൗണ്ടോളം തുക സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ പ്രവർത്തനങ്ങളിലൂടെ ഇദ്ദേഹം ബ്രിട്ടനിലെ ജനങ്ങളുടെ ഉള്ളിൽ ഒരു സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ ഡോക്ടർമാരും നഴ്സുമാരും വളരെ വിലപ്പെട്ട പ്രവർത്തിയാണ് ചെയ്യുന്നത്. അതിനാൽ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോർക്ക്ഷൈറിലെ കെയ്ലിയിൽ നിന്നുമുള്ള ടോം മൂർ സൈന്യത്തിലും ചേരുന്നതിനു മുൻപ് സിവിൽ എൻജിനീയർ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്താണ് അദ്ദേഹം സൈന്യത്തിൽ ചേർന്നത്. ഇന്ത്യയിലും, ബർമയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇദ്ദേഹം മുൻപ് ഇടുപ്പ് മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. തുടക്കത്തിൽ 1000 പൗണ്ട് ലക്ഷ്യമിട്ട് മാത്രമാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ അത്രയും തുക വളരെ എളുപ്പത്തിൽ സമാഹരിക്കാൻ സാധിച്ചു. നിരവധി ഇടങ്ങളിൽ നിന്ന് ഇദ്ദേഹത്തിന് സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, അദ്ദേഹത്തോട് വളരെയധികം നന്ദി ഉണ്ടെന്നും പണം സ്വീകരിച്ച ചാരിറ്റി ചീഫ് എക്സിക്യൂട്ടീവ് എല്ലി ഓർട്ടൻ പറഞ്ഞു. സമാഹരിച്ച തുക എൻഎച്ച് എസ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും.
ഷിബു മാത്യൂ
ഞാന്‍ ഒരു സാധാരണ കുട്ടിയാണ്.
എന്റെ ഡാഡിയേ തേടി കോവിഡ് 19 എത്തി. ഈ സ്റ്റോറി അത് കാണിക്കും. ആര് കൂടുതല്‍ തെറ്റുകള്‍ ചെയ്താലും ആര് കൂടുതല്‍ ശരി ചെയ്താലും നിന്റെ പ്രതീക്ഷയും പ്രാര്‍ത്ഥനയും ലോകത്തിനെ മാറ്റാന്‍ കഴിയുമെന്ന് അവന് ആവര്‍ത്തിച്ചു പറയുന്നു. ഇതൊന്നും സത്യമാണെന്ന് ഇതുവരെയും ഞാന്‍ വിശ്വസിച്ചിരുന്നില്ല. അതില്‍ ഞാന്‍ ഇപ്പോള്‍ വിഷമിക്കുന്നു. ഏപ്രില്‍ ആദ്യം എന്റെ ഡാഡിയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. എന്റെ ഹൃദയത്തില്‍ ഏറ്റവും വേദന നിറഞ്ഞ സമയമായിരുന്നു അത്. പത്ത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഒരുമിച്ചടിക്കുന്ന വേദനയായിരുന്നു. എന്റെ വീട് മുഴുവന്‍ കണ്ണീരായിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു. ഇമ്മ്യൂണിറ്റി പവര്‍ ഇല്ലാത്ത എന്റെ ഡാഡിക്ക് കോവിഡ് 19 താണെന്ന് ഞാനറിഞ്ഞു..
ഇനി കുട്ടിയായ ഡാനിയേല്‍ പറയുന്നത് കേള്‍ക്കുക..
എന്റെ ഡാഡി തിരിച്ചു വരുമ്പോള്‍ ലോകത്തിനായി ഞാന്‍ ഒരു മെസേജ് കൊടുക്കും.
‘കോവിഡ് 19. പ്രതീക്ഷ കൈവിടരുത്. സാധ്യതകള്‍ ഏറെയാണ്’.
യുകെയിലെ നിരവധി മലയാളി കുടുംബങ്ങള്‍ കൊറോണാ വൈറസിന്റെ പിടിയിലാണിപ്പോള്‍. നോര്‍ത്ത്ലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ കോവിഡ് 19 സ്ഥിതീകരിച്ച് ഏപ്രില്‍ ആദ്യം ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റായി..
നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ മാത്യുവിന് ഇമ്മ്യൂണിറ്റി പവര്‍ തീരെ കുറവാണുതാനും. മരണം മുമ്പില്‍ നില്ക്കുമ്പോള് ചുറ്റുമുള്ള ബെഡില്‍ കിടന്നവര്‍ മരണത്തിന് കീഴടങ്ങിയത് മാത്യൂ നേരില്‍ കണ്ടു. ഇനി പറയട്ടെ, മാത്യൂ ഡാനിയേലിന്റെ ഡാഡിയാണ്. ഈ ഡാഡിയെ കുറിച്ചാണ് ഡാനി ഇതുവരെ സംസാരിച്ചത്.
പ്രാര്‍ത്ഥന. അതാണ് പലവട്ടം മരിച്ച എന്റെ ഡാഡിയെ ഞങ്ങള്‍ക്ക് തിരിച്ച് നല്‍കിയത്. ഡാനിയുടെ വിശ്വാസത്തിന്റെ തീക്ഷ്ണത വാക്കുകളില്‍ നിന്നും വ്യക്തമാണ്. പ്രാര്‍ത്ഥനയാണ് എപ്പോഴും. അവന് അതില്‍ ആഴത്തില്‍ വിശ്വസിക്കുന്നു. വീട്ടിലെ മുറികള്‍ അവന് അള്‍ത്താരയാക്കി. പകലുകളില്‍ മുറ്റത്ത് വിരിച്ച മിറ്റിലില്‍ മുട്ടുകുത്തി അവന് പ്രാര്‍ത്ഥിച്ചു. സ്വകാര്യ നിമിഷങ്ങള്‍ അവന് പ്രാര്‍ത്ഥനയാക്കി മാറ്റി. അവന്റെ സഹോദരി ഡിയോസയും അവനോടൊപ്പം കൂടി. എല്ലാവരുടെയും പ്രാര്‍ത്ഥന ഒടുവില്‍ ഫലം കണ്ടു. എമര്‍ജെന്‍സി ആമ്പുലന്‍സില്‍ ആശുപത്രിയില്‍ പോയ മാത്യൂ തിരിച്ചെത്തി. ഇനി അവന് പറയാനുള്ളത് പുതുതലമുറക്കാരായ കൂട്ടുകാരോടാണ്. വിജാതീയരേ കൊണ്ട് കര്‍ത്താവ് സംസാരിച്ചു. നിങ്ങളും പ്രാര്‍ത്ഥിക്കണം. വിശ്വാസം അതിശക്തമാണ്. കോവിഡില്‍ മരണത്തെ മുന്നില്‍ കാണുന്നവര്‍ക്ക് എന്റെ പ്രാര്‍ത്ഥന പ്രജോദനമാകണം. വിശ്വാസത്തില്‍ എത്ര ശക്തിയുള്ളവരാണ് നമ്മള് എന്ന് നമ്മള് തന്നെ തെളിയ്ക്കണം. ചെറിയ വായിലെ വലിയ വാക്കുകള്‍. നല്ലൊരു ചിത്രകാരന് കൂടിയാണ് ഡാനി. അര്‍ത്ഥവത്തായ നിരവധി ചിത്രങ്ങള്‍ ഡാനി വരച്ചു കഴിഞ്ഞു. ക്രിക്കറ്റിലും ഫുട്ബോളിലും കരാട്ടയിലും ഡാനി മിടുക്കന് തന്നെ. ഡാനിയുടെ കണ്ണുകളില്‍ എല്ലാം പുതുമതന്നെ. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ ഡാനിയോടാണ് കൂടുതല്‍ സംസാരിക്കുക. പ്രായത്തേക്കാള്‍ കൂടുതല്‍ അറിവാണ് ഡാനിക്കുള്ളത്. പ്രതീക്ഷ കൈവിടരുത്. സാധ്യതകള്‍ ഏറെയാണ്. ഈ സന്ദേശം ലോകത്തിന് നല്‍കാനാണ് ഈ വീഡിയോ ഞാന്‍ ലോകത്തിന് സമര്‍പ്പിക്കുന്നത്. ഡാനിയുടെ വാക്കുകള്‍..
അവന്റെ വിശ്വാസമാണ് ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയതെന്ന് അവന്റെ അമ്മ ജോളി പറയുന്നു. മരണത്തെ മുഖാമുഖം ഞങ്ങള്‍ കണ്ടു. പ്രാര്‍ത്ഥന അറിയ്ച്ച് ധാരാളം പേര് എത്തി. എല്ലാവരുടെയും പ്രാര്‍ത്ഥന ഫലം കണ്ടു. പൂര്‍ണ്ണ ആരോഗ്യവാനായി മാത്യൂ തിരിച്ചെത്തി. 2004ല്‍ യുകെയിലെത്തിയതാണ് മാത്യുവും ജോളിയും. യുകെയില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ ആദ്യമേ ആരംഭിച്ചവര്‍ ഇവര്‍ തന്നെ. പിന്നീടെത്തിയവര്‍ക്ക് ഇവര്‍ മാതൃകയുമായി. പ്രാര്‍ത്ഥനയിലും അതിലുപരി വിശ്വാസത്താലും ലഭിച്ച അനുഗ്രഹത്താല്‍ സന്തോഷമായി കഴിയുന്നു മാത്യൂവും ജോളിയും..
ഡാനിയുടെ വിശ്വാസം.. വീഡിയോ കാണുക.
ഡാനി വരച്ച ചിത്രങ്ങള്‍.







ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : രാജ്യം ഒരുമിച്ചു കൊറോണകാലത്തെ നേരിടുകയാണെങ്കിലും പിപിഇ കിറ്റുകളുടെ ക്ഷാമം എൻഎച്ച്എസിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. എൻ എച്ച് എസ് ജീവനക്കാർക്ക് സംരക്ഷണങ്ങൾ ഇല്ലാതെ രോഗികളെ ചികിത്സിക്കേണ്ടി വരുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. എന്നാൽ പിപിഇ വാങ്ങുന്നതിനായി യൂറോപ്യൻ യൂണിയൻ പദ്ധതിയിൽ ചേരുന്നതിനുള്ള മൂന്ന് അവസരങ്ങൾ യുകെ നഷ്ടപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എൻഎച്ച്എസിൽ കുറവുണ്ടായിട്ടും കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള കിറ്റിനായി 1.5 ബില്യൺ ഡോളർ ഓർഡറിൽ ബ്രിട്ടൻ പങ്കെടുത്തില്ല. മാസ്കുകൾ, ഗൗണുകൾ, കയ്യുറകൾ എന്നിവയ്ക്കുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയുടെ ഭാഗമാകാനുള്ള മൂന്ന് അവസരങ്ങൾ ബ്രിട്ടൻ നഷ്ടപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ ക്ഷാമം മന്ത്രിമാരെയും സമ്മർദ്ദത്തിലാക്കുന്നു. 25 രാജ്യങ്ങളും എട്ട് കമ്പനികളും ഉൾപ്പെടുന്ന സംയുക്ത സംഭരണ പദ്ധതിയിലൂടെ 1.3 ബില്യൺ പൗണ്ട് മൂല്യമുള്ള പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (പിപിഇ) ദിവസങ്ങൾക്കുള്ളിൽ യൂറോപ്പിലെ ഡോക്ടർമാരും നഴ്സുമാരും സ്വീകരിക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആവശ്യപ്പെട്ട സംഖ്യയേക്കാൾ അധികമായി മാസ്ക്കുകൾ, ഗൗണുകൾ, കണ്ണടകൾ എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നതായി യൂറോപ്യൻ കമ്മീഷൻ വക്താവ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കുള്ളിൽ പ്രത്യേകമായി സ്റ്റോക്ക്പൈലുകൾ സ്ഥാപിക്കുന്നു. ആദ്യത്തേത് റൊമാനിയയിലാണ് സ്ഥാപിക്കുന്നത്.

യുകെയിലെ പിപിഇ ക്ഷാമം ഇന്നലെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അംഗീകരിച്ചു. ചെലവ് ഒരു പ്രശ്നമല്ലെന്നും എന്നാൽ ഒരു മത്സരാധിഷ്ഠിത വിപണി കാരണം പിപിഇ വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി റാബ് അറിയിച്ചു. ക്ഷണം അയച്ച ഇമെയിൽ ലഭിക്കാത്തതിനാൽ യൂറോപ്യൻ യൂണിയന്റെ സംഭരണ പദ്ധതികളിൽ ചേരാനാവില്ലെന്ന് യുകെ സർക്കാർ മുമ്പ് പറഞ്ഞിരുന്നു. അതോടെ മെഡിക്കൽ വെന്റിലേറ്ററുകളുടെ വൻതോതിലുള്ള സംഭരണം സർക്കാർ നഷ്ടപ്പെടുത്തി. മാർച്ച് 19 ന് നടന്ന സംയുക്ത സംഭരണത്തെക്കുറിച്ചുള്ള ആദ്യ യോഗത്തിൽ മാത്രമാണ് യുകെ പങ്കെടുത്തത്. മാർച്ച് 25ന് നടന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക യോഗത്തിൽ യുകെ പങ്കെടുത്തില്ല. ലബോറട്ടറി ഉപകരണങ്ങളുടെ സംയുക്ത സംഭരണത്തിലും രാജ്യം ഉൾപ്പെടുന്നില്ല.
സംരക്ഷണ ഉപകരണങ്ങളുടെ കുറവ് എൻഎച്ച്എസ് ജീവനക്കാരിലും കെയർ ഹോം സ്റ്റാഫുകളിലും ഭയം ഉളവാക്കുന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കും ഇടയിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 19 എൻഎച്ച്എസ് ജീവനക്കാർ മരിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. “വരും ആഴ്ചകളിലും മാസങ്ങളിലും പിപിഇ വിതരണം ഉറപ്പാക്കുന്നതിന് എൻഎച്ച്എസ്, സോഷ്യൽ കെയർ പ്രൊവൈഡർമാർ, സൈന്യം എന്നിവയുമായി ഞങ്ങൾ ചേർന്നു പ്രവർത്തിക്കുന്നു. എൻഎച്ച്എസിന്റെ ശേഷി വർധിപ്പിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങളുമായും മറ്റുള്ളവരുമായും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. അക്കാലത്ത് പൊതുജനാരോഗ്യ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ യൂറോപ്യൻ യൂണിയൻ സംയുക്ത സംഭരണ പദ്ധതികളിൽ പങ്കെടുക്കുന്നത് ഞങ്ങൾ പരിഗണിക്കും” ; ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചു. രോഗം ബാധിച്ച് 717 പേർ ഇന്നലെ ബ്രിട്ടനിൽ മരിച്ചു. ആകെ മരണസംഖ്യ 11,329 ആയി ഉയർന്നു. ഇന്നലെ പുതുതായി 4342 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,621 ആയി മാറി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിൽ ആയിട്ട് മൂന്നാഴ്ചകൾ പിന്നിടുന്നു. മരണസംഖ്യ പതിനായിരം കടന്നതോടെ യുകെ കനത്ത ജാഗ്രതയിലാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിൽ നാലാം ആഴ്ചയിലേക്കാണ് രാജ്യം കടക്കുന്നത്. സാമൂഹിക അകലം പാലിക്കുന്ന നടപടികളിൽ മാറ്റം വരുത്താൻ കഴിയുമോയെന്ന് വ്യാഴാഴ്ചയോടെ സർക്കാർ അവലോകനം നടത്താനിരിക്കുന്നു. ഈസ്റ്റർ അവധിക്കാല വാരാന്ത്യത്തിൽ വീട്ടിൽ താമസിക്കാൻ മന്ത്രിമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കുറച്ച് ആഴ്ചകൾ കൂടി തുടരുമെന്ന് വെയിൽസ് ആരോഗ്യമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഈസ്റ്റർ വാരാന്ത്യത്തിനുശേഷം നടപടികൾ പിൻവലിക്കാനുള്ള സാധ്യത ഇല്ലെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സംരക്ഷണ ഗൗണുകൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്ന് ഹോസ്പിറ്റൽ ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ പറഞ്ഞു.

ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള നിമിഷമല്ലെങ്കിലും നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുക തുടങ്ങിയ നടപടികൾ ഇനി സർക്കാർ കൈക്കൊള്ളണമെന്ന് ലേബർ ഷാഡോ കാബിനറ്റ് മന്ത്രി റാഫേൽ റീവ്സ് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ നടപടികൾ വരുത്തിവെച്ച സാമ്പത്തിക തകർച്ചയും മന്ത്രിമാർ പരിഗണിക്കേണ്ടതുണ്ട് . നിലവിലെ നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ 25% നഷ്ടപ്പെടുമെന്ന് ഇക്കാലയളവിൽ നഷ്ടപ്പെടുമെന്ന് സൂചനയുണ്ട്. അതേസമയം ഈ പ്രതിസന്ധി ഘട്ടത്തിൽ ആശുപത്രികളിൽ ബോഡി ബാഗുകൾ തീർന്നുപോയതിനാൽ മൃതദേഹങ്ങൾ ബെഡ്ഷീറ്റുകളിൽ പൊതിഞ്ഞ് കിടത്തുന്ന അവസ്ഥ വരെയെത്തി. തങ്ങളുടെ പക്കലില്ലെന്ന് മോർച്ചറി വിതരണക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ ബോഡി ബാഗുകൾ തീർന്നുപോകാൻ സാധ്യതയുണ്ട്. അതിനാലാണ് മരിച്ച കൊറോണ വൈറസ് ബാധിതരെ ബെഡ് ഷീറ്റുകളിൽ പൊതിയാൻ ആരോഗ്യ പ്രവർത്തകർ നിർബന്ധിതരായി.

ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ബക്കിങ്ങാംഷറിലുള്ള ഔദ്യോഗിക ഗ്രാമീണ വസതിയായ ചെക്കേഴ്സിൽ ഏതാനും ദിവസം വിശ്രമിച്ചതിനു ശേഷമായിരിക്കും ചുമതലകളിലേക്കു തിരിച്ചെത്തുക. വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണു താൽകാലിക ചുമതല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ, തന്നെ പരിചരിച്ച എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ചുമതലകളിൽ തിരിച്ചെത്തുന്നതിന് ജോൺസൺ എത്ര സമയമെടുക്കും എന്ന് ചോദിച്ചതിന്, അതൊക്കെ ഡോക്ടർമാർ തീരുമാനിച്ചുകൊള്ളും എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ഏറ്റവും നിർണായക സമയത്ത് 48 മണിക്കൂറോളം തന്റെ അടുത്തുനിന്നു പരിചരിച്ചതിന് ന്യൂസിലാന്റിൽ നിന്നുള്ള ജെന്നി മക്ഗീ, പോർച്ചുഗലിൽ നിന്നുള്ള ലൂയിസ് പിത്താർമ എന്നീ നഴ്സുമാരെ പ്രധാനമന്ത്രി പ്രശംസിച്ചു. മകളെ ഓർത്ത് തങ്ങൾ അഭിമാനിക്കുന്നുവെന്ന് മക്ഗിയുടെ മാതാപിതാക്കൾ ടെലിവിഷൻ ന്യൂസിലൻഡിനോട് പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
അയർലണ്ട് :- അയർലൻഡിലെ പ്രശസ്ത മാർഷ്യൽ ആർട്ടിസ്റ്റും, ബോക്സിങ് താരവുമായ കോണർ മക്ഗ്രിഗർ കൊറോണ ബാധയുടെ നിർമ്മാർജനത്തിനായി ഒരു മില്യൻ പൗണ്ട് സംഭാവന ചെയ്തു. ഈ തുക ഉപയോഗിച്ച് അയർലൻഡിലെ ആശുപത്രികളിൽ ഉടനീളം അൻപതിനായിരം പി പി ഇ കിറ്റുകൾ വാങ്ങുന്നതിനു സാധിച്ചതായി അധികാരികൾ അറിയിച്ചു. ഇതോടൊപ്പം തന്നെ പല രീതിയിലും അദ്ദേഹം കൊറോണ നിർമാർജന പ്രവർത്തികളിൽ പങ്കാളിയാകുന്നുണ്ട്. തന്റെ ആരാധകരോട് സാമൂഹ്യ അകലം പാലിക്കുന്നതിന് അദ്ദേഹം വീഡിയോകളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി പി പി ഇ കിറ്റുകൾ വാങ്ങിക്കുന്നതിനായി തന്റെ സംഭാവന ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

മുൻപ് രാജ്യത്ത് ലോക്ക് ഡൗൺ വേണമെന്ന് കർശനമായ ആവശ്യം അദ്ദേഹം ഉയർത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് നേരിടേണ്ട സാഹചര്യമാണെന്നും, തങ്ങളാൽ ആവുന്നത് എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തികൾ വളരെ മാതൃകാ ജനകമാണ്.