ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ടിന്റെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെയും റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയതിന് പിന്നാലെ സിനി വേൾഡ് തിയേറ്ററുകൾ അടിച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയർലൻഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റർ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകൾ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേൾഡ് മേധാവികൾ അറിയിച്ചു. വാരാന്ത്യത്തിൽ ബോറിസ് ജോൺസണിനും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡണിനും അവർ കത്തെഴുതുകയുണ്ടായി. ഈ ആഴ്ച ഉടൻ തന്നെ യുകെയിലെ എല്ലാ സൈറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ 5, 500 പേരുടെ തൊഴിലുകളാണ് നഷ്ടമാവുന്നത്.

എന്നാൽ സിനി‌വേൾഡ് തിയേറ്ററുകൾ അടുത്ത വർഷം വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട്‌ ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് ഇപ്പോൾ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം തിയേറ്ററുകൾ അടയ്‌ക്കേണ്ടിവന്നതിനാൽ ഈ വർഷം ആദ്യ പകുതിയിൽ 1.3 ബില്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേൾഡ് റിപ്പോർട്ട്‌ ചെയ്തു.

ലോക്ക്ഡൗൺ മൂലം അടച്ചിട്ട തിയേറ്ററുകൾ ജൂലൈ 10ന് തുറക്കാൻ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താൻ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാൻ ഉടമകൾ തയ്യാറാവുന്നത്. ആറായിരത്തോളം പേർക്ക് ഇപ്പോൾ ജോലികൾ നഷ്ടമാകുമെങ്കിലും അടുത്ത വർഷം വീണ്ടും തുറക്കുമ്പോൾ തൊഴിലാളികൾക്ക് തിരിച്ചെത്താവുന്നതാണ്.