സ്വന്തം ലേഖകൻ

യു കെ :- ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റിയുടെ റെസിഡൻസ് ഹാളിൽ പതിനെട്ടു വയസുള്ള വിദ്യാർത്ഥിനിയുടെ മൃദദേഹം കണ്ടെത്തി. ഇതേ തുടർന്ന് മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ആറു മണിയോടെ ആണ് പെൺകുട്ടിയുടെ മൃദദേഹം കണ്ടെത്തിയതെന്ന് നോർത്ത് അംബ്രിയ പോലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അധികൃതർ പറഞ്ഞു. മരണം കൊറോണ ബാധ മൂലം അല്ലെന്നു അധികൃതർ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ പതിനെട്ടുകാരനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തങ്ങളുടെ കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളുടെ മരണം നടന്നത് വളരെ വേദനാജനകമാണെന്നും, മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങളും കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഉണ്ടാകുമെന്നും, അതിനാവശ്യമായ എല്ലാ സഹകരണങ്ങളും കോളേജിൽ നൽകുമെന്നും വക്താവ് രേഖപ്പെടുത്തി. ഇതിനിടെ ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികൾക്കാണ് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. എന്നാൽ പെൺകുട്ടിയുടെ മരണം കൊറോണ ബാധ മൂലമല്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.