Main News

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഇന്നും വംശീയ വിവേചനങ്ങളാണ് നടക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ വെളിപ്പെടുത്തൽ. ചർച്ചിന്റെ ജനറൽ സിനഡ് യോഗത്തിലാണ് ബിഷപ്പ് ജസ്റ്റിൻ വെൽബി, സഭയുടെ പതിറ്റാണ്ടുകൾ നീണ്ട വിവേചനപരമായ ഇടപെടലുകളിലുള്ള അതൃപ്തി രേഖപ്പെടുത്തിയത്. വിൻഡ്റഷ് വിവാദങ്ങൾക്ക് ശേഷം, സഭയിൽ നടക്കുന്ന വംശീയ വിവേചനങ്ങൾക്ക് ഖേദം രേഖപ്പെടുത്തി കൊണ്ട് ജനറൽ സിനഡ് പ്രസ്താവന പാസാക്കി. വിൻഡ്റഷ് പ്രശ്നത്തിൽ, 1948 മുതൽ 1971 വരെയുള്ള കാലഘട്ടത്തിൽ കരീബിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിപ്പാർത്ത ആളുകളെ തിരികെ അയക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. 2018 -ൽ വിൻഡ്റഷ് അഭയാർത്ഥികളെ അനധികൃതമായി നാടു കടത്തുന്നതിൽ ആഭ്യന്തര സെക്രട്ടറി ഖേദം പ്രകടിപ്പിച്ചിരുന്നു.

സഭയും ഇത്തരം ആളുകളോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് കാന്റർബെറി ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ഉള്ള ഖേദം അദ്ദേഹം രേഖപ്പെടുത്തി. ഇവരോടുള്ള ശത്രുതാപരമായ സമീപനം മാറി, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സാണ് സഭ കാണിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയിൽ നടക്കുന്ന എല്ലാ തരത്തിലുമുള്ള വിവേചനപരമായ സമീപനങ്ങൾക്കും മാറ്റം വരണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

സൗത്ത്വാർക്ക് ഡയോസിസ്സിലെ ബിഷപ്പ് ആയിരിക്കുന്ന റവ. മൗട്ടിൻ-മംബി, ആണ് ജനറൽ സിനഡ് യോഗത്തിൽ വംശീയത ക്കെതിരെയുള്ള ബില്ല് കൊണ്ടുവന്നത്. എല്ലാ അംഗങ്ങളും ഒന്നടങ്കം ഈ പ്രസ്താവനയെ പിന്തുണച്ചു. ഈ പ്രസ്താവന പാസാക്കിയതിനുശേഷമാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ ഈ വെളിപ്പെടുത്തൽ.

സ്വന്തം ലേഖകൻ

ലൈംഗികാതിക്രമം, ബുള്ളിയിങ്, മോശം അധ്യാപനം തുടങ്ങി യൂണിവേഴ്സിറ്റികളിലെ ക്രമക്കേടുകൾ പുറത്ത് പോകാതിരിക്കാൻ വിദ്യാർഥികളോട് സ്വീകരിക്കുന്ന നടപടികൾ ഭയാനകം.

എൻഡിഎ എന്നറിയപ്പെടുന്ന നോൺ ഡിസ്‌ക്ലോഷർ അഗ്രിമൻസ് അഥവാ പുറത്ത് വിവരം കൊടുക്കാൻ പാടില്ലാത്ത പത്രികകളിൽ ഒപ്പ് ഇടുവിച്ചാണ് യൂണിവേഴ്സിറ്റികൾ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ പുറം ലോകമറിയുന്നത് മറച്ചുവയ്ക്കുന്നത്. 2016 മുതൽ ഏകദേശം മൂന്നിലൊന്ന് യൂണിവേഴ്സിറ്റികളും ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളെ നിശബ്ദരാക്കാൻ ഇത് ഉപയോഗിച്ചു കൂടാത്തതാണ്. സാധാരണയായി ബിസിനസ് രഹസ്യങ്ങൾക്കും , നിയമ കാര്യങ്ങൾക്കുമായി ആണ് ഈ പത്രികകൾ ഉപയോഗിച്ചു വരാറുള്ളത്. കോഴ്സുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുക, യൂണിവേഴ്സിറ്റികളിലെ സൗകര്യ കുറവുകൾ, താമസസൗകര്യം ഇല്ലായ്മ തുടങ്ങിയ ഒന്നുംതന്നെ വിദ്യാർഥികൾക്ക് പരാതിപ്പെടാൻ സാധിക്കില്ല.

ഷാർലറ്റ് ( യഥാർത്ഥ പേര് അല്ല) വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ വച്ച് അണ്ടർ ഗ്രാജുവേഷൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു വിദ്യാർഥിയിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. എന്നാലത് യൂണിവേഴ്സിറ്റിയ്ക്കും പോലീസിനും റിപ്പോർട്ട് ചെയ്തപ്പോൾ, മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം കൃത്യമായ തെളിവുകൾ ഇല്ല എന്ന കാരണത്താൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇതിനെ തുടർന്ന് നേരിട്ട മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയത് ഏകദേശം മൂന്ന് ആഴ്ചയോളം സിക്ക് ലീവ് എടുത്തിട്ടാണ്. അതിനുശേഷം തിരിച്ചെത്തിയപ്പോഴും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായത്. പ്രകൃതിയുടെ ഭാവി നശിപ്പിക്കാതെ ഇരുന്നതിന് ഒരു പ്രൈവറ്റ് മീറ്റിങ്ങിൽ വച്ച് യൂണിവേഴ്സിറ്റി സ്റ്റാഫ് നന്ദി സൂചിപ്പിക്കുക പോലുമുണ്ടായി. പക്ഷേ വീണ്ടും കുറ്റവാളികളോട് എന്ന പോലെയാണ് തന്നോട് പെരുമാറിയത് എന്ന് അവൾ പറയുന്നു. പിന്നീട് നടത്തിയ നിയമ നടപടിയിലൂടെ ആയിരം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും, സംഭവിച്ചതൊന്നും പുറത്ത് പറയാതിരിക്കണം എന്നായിരുന്നു നിർദേശം. മറ്റൊരു യൂണിവേഴ്സിറ്റിയിലെ ഒലിവിയ എന്ന വിദ്യാർത്ഥിനിക്കും സമാനമായ അനുഭവങ്ങൾ ആണ് പറയാനുള്ളത്. യു ജി ക്ക് പഠിക്കുമ്പോൾ സഹ വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട പീഡനങ്ങൾ പരാതിപെട്ടപ്പോൾ തെളിവില്ല എന്ന കാരണത്താൽ കേസ് തള്ളി പോവുകയായിരുന്നു. കൂടുതൽ നിയമനടപടികൾക്കു മുതിർന്നാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് തനിക്കു വാണിംഗ് നൽകിയിരുന്നു എന്നും അവർ പറയുന്നു. പിന്നീട് യൂണിവേഴ്സിറ്റിയിൽനിന്ന് നേരിട്ടത് ബലാത്സംഗത്തെക്കാൾ വലിയ പീഡനമായിരുന്നു എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ജോർജിന് കാൽബർട് ലി എന്ന അഭിഭാഷകയുടെ അഭിപ്രായത്തിൽ വിദ്യാർഥികൾക്ക് നേരെ എൻഡിഎ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

ഇപ്പോൾ 36 വയസ്സുള്ള പിഎച്ച്ഡി വിദ്യാർഥിനിയായ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഓറിയൽ കോളേജിലെ ടിസിയാനയും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ്. പരാതിപ്പെടാൻ മുതിർന്നപ്പോൾ എല്ലാം ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ നിശബ്ദ ആക്കിയത് എന്ന് അവർ പറയുന്നു. യൂണിവേഴ്സിറ്റികൾ നഷ്ടപരിഹാരത്തിനായി മാത്രം 87 മില്യൺ പൗണ്ട് ചെലവാക്കി എന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ഒരു വർഷം ഏകദേശം 1500 ഓളം പരാതി ലഭിക്കുന്നതിൽ ഉദാസീനമായ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്. യുകെയിലെ 136 ഇൻസ്റ്റിറ്റ്യൂഷൻകളിൽ മിക്കവാറും എല്ലായിടത്തെയും അവസ്ഥ ഇതാണ്.

 സ്വന്തം ലേഖകൻ

ഗുജറാത്തിലെ കോൺഗ്രസ് നേതാവും, പട്ടേൽ സമൂഹത്തിന്റെ ഉറച്ച ശബ്ദവും ആയിരിക്കുന്ന ഹാർദിക് പട്ടേലിനെ ജനുവരി 24 മുതൽ കാണ്മാനില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി 18ന് ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജയിലിൽ ആക്കിയിരുന്നു എന്നും, ജയിൽമോചിതനായ ശേഷം ആണ് ഇദ്ദേഹത്തെ കാണാതായതെന്നും ഭാര്യ പറഞ്ഞു. അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും, സംസ്ഥാന സർക്കാരാണ് ഇതിന് പിന്നിലെന്നും ഭാര്യ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ജനുവരി 24ന് ജയിൽമോചിതനായ ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ച് പ്രസ്താവന വിവാദമായിരുന്നു. സ്വേച്ഛാധിപത്യത്തിന്റെ കരങ്ങളിൽ നിന്നും താൻ വിമോചിക്കപ്പെട്ടു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. താൻ ചെയ്ത കുറ്റം എന്താണെന്ന ചോദ്യവും അദ്ദേഹം ഈ പ്രസ്താവനയിൽ ഉന്നയിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും സമഗ്രമായ ഒരു അന്വേഷണവും നടക്കുന്നില്ല എന്ന് ഭാര്യ നൽകിയ പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഗുജറാത്തിൽ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രചാരണങ്ങൾ നടത്തിയ, ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിച്ച നേതാവാണ് ഹാർദിക് പട്ടേൽ. എന്നാൽ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും ബിജെപി അധികാരത്തിലെത്തിയതോടെ ഹാർദിക് പട്ടേൽ എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയായിരുന്നു. അതോടൊപ്പം തന്നെ മോദി സർക്കാരും ഹാർദിക് പട്ടേലിനെ തങ്ങളുടെ എതിരാളിയായി കണ്ടു, പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ നൽകിയ പരാതിയിൽ രേഖപ്പെടുത്തുന്നുണ്ട്. അസമയങ്ങളിലും മറ്റുമാണ് അന്വേഷണം എന്ന പേരിൽ തങ്ങളുടെ ഭവനത്തിൽ പോലീസുകാർ കയറിയിറങ്ങുന്നത് എന്ന് അവർ പറയുന്നു. നിരവധി കേസുകളാണ് ഹാർദിക് പട്ടേലിന് എതിരെ നിലവിലുള്ളത്. ഒരു കേസിൽ പുറത്തിറങ്ങിയാൽ മറ്റ് ഏതെങ്കിലും കേസിൽ ഉടനെ തന്നെ അദ്ദേഹത്തെ ജയിൽ അടക്കുകയാണ് പതിവെന്നും കുറ്റപ്പെടുത്തുന്നു.

ഒരു ഭരണകൂടത്തിന് ചെയ്യാൻ പറ്റുന്ന എല്ലാ ദ്രോഹങ്ങളും, ഹാർദിക്കി നെതിരെ ഗുജറാത്ത് സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു. ഹർദിക് എവിടെയാണെന്ന ചോദ്യത്തിന് സംഘടന നേതാക്കൾക്ക് പോലും ഉത്തരമില്ല.

പട്ടേൽ സമുദായ സംഘടനയായ, പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ നേതാവായ ഹാർദിക് പട്ടേൽ, 2015 ൽ ഒബിസി കോട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി വളർന്നുവന്നത് ബിജെപിയുടെ പട്ടേൽ സമുദായത്തിലുള്ള സ്വാധീനത്തെ കുറയ്ക്കുന്നതിന് കാരണമായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ ഹാർദിക് പട്ടേൽ ബിജെപിയുടെ കണ്ണിലെ ശത്രുവായി മാറി. ഇതിനിടയിൽ ഹാർദിക്കിന്റെ തിരോധാനം ആശങ്കയുളവാക്കുന്നു.

ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസ് ഭീതി അകലുന്നില്ല. ഓരോ ദിവസവും രോഗം കൂടുതൽ പേരിലേക്കു പടരുന്നതിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ എട്ടുപേർക്കാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറും ഉൾപ്പെടുന്നു.

വെസ്റ്റ് സസെക്സിലെ വർത്തിംങ്ങിലുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ജോലിചെയ്ത ജി.പി. ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനത്തിനു തടസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തെ ബ്രൈറ്റണിൽ രണ്ട് ജിപി സർജറികൾ രോഗബാധിതരുടെ സമ്പർക്കത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി അടച്ചിരുന്നു.

ബ്രിട്ടനിൽ ഇതുവരെ 1358 പേരെയാണ് രോഗബാധ സംശയിച്ച് പരിശോധകൾക്ക് വിധേയരാക്കിയത്. ഇതിൽ എട്ടുപേർക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളു. ഇവരെല്ലാം പ്രത്യേകം ഐസൊലേഷൻ സെന്ററുകളിലും വീടുകളിലുമായി ചികിൽസയിലാണ്. രോഗബാധയുടെ പശ്ചാത്തലത്തിൽ ബ്രൈറ്റണിൽ അഞ്ചു സ്കൂളുകളിൽ കൊറോണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ സ്കൂളിൽ വരാതെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്.

സ്വന്തം ലേഖകൻ

ലണ്ടൻ : സിയാരയ്ക്ക് പുറകേ ഡെന്നിസ് കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. കൊടുങ്കാറ്റ് ഈ ശനിയാഴ്ച യുകെ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇത് കൂടുതൽ ദുരിതങ്ങളിലേക്ക് യുകെയെ നയിച്ചേക്കാം. എന്നാൽ സിയാരയുടെ അത്രയും ശക്തമായിരിക്കില്ല ഡെന്നിസ് കൊടുങ്കാറ്റെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വരാനിരിക്കുന്ന കൊടുങ്കാറ്റ് കണക്കിലെടുത്ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വലിയ പ്രദേശങ്ങളിൽ ശനിയാഴ്ച യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയിൽ 50 മൈൽ വേഗതയിൽ കാറ്റ് വീശിയേക്കാം. ഒപ്പം വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നു.

ഡെന്നിസ് കൊടുങ്കാറ്റ് എത്തുന്നതോടെ ഗതാഗതവും വൈദ്യുതിയും വീണ്ടും തടസ്സപ്പെട്ടേക്കാം. തീരദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്നലെ യുകെയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. വിമാനങ്ങളും കടത്തുവള്ളങ്ങളും ട്രെയിനുകളും ഇപ്പോഴും യാത്രാതടസ്സം നേരിടുന്നു. വടക്കൻ അയർലൻഡിലും സ്‌കോട്ട്‌ലൻഡിലും ബുധനാഴ്ച വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച രാവിലെ 70 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിലുടനീളം ഉണ്ടായിരുന്നു.
800 ലധികം വീടുകൾക്ക് ഇപ്പോഴും വൈദ്യുതിയില്ല. ഇതാണ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

ഐൽ ഓഫ് വൈറ്റ് ദ്വീപിൽ 97 മൈൽ വേഗതയിൽ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഹാംപ്ഷെയറിൽ കാറിൽ മരം വീണ് 58 കാരൻ മരിച്ചിരുന്നു. ഇന്നലെ രാവിലെയും ലിവർപൂളിലും ഒരു മരണം ഉണ്ടായി. കനത്ത കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണാണ് 60കാരൻ മരിച്ചത്. വെയിൽസിൽ ഇപ്പോഴും യാത്രാ തടസ്സം തുടരുന്നു. ചില പ്രധാന റോഡുകൾ അടച്ചു. ഒപ്പം ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

സ്വന്തം ലേഖകൻ

ഹൾലെ ഷോപ്പിൽ നിന്ന് കുട വാങ്ങാൻ കയറിയ 23കാരനായ കാസി ആണ് ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്.

ഫേസ്മാസ്ക് ധരിച്ചതിന്റെ പേരിൽ ‘ദയവായി താങ്കൾ എന്റെ അടുത്തേക്ക് വരരുത് ‘എന്ന് ഭീഷണിപ്പെടുത്തി ടെസ്‌കോയിലെ ജീവനക്കാരി തന്നെ അകറ്റി നിർത്തി.തെക്കു കിഴക്കൻ ഏഷ്യയിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിച്ച ശേഷം, കഴിഞ്ഞ 3വർഷമായി അക്കൗണ്ടിങ് പഠിക്കുന്നിടത്തേക്ക് തിരിച്ചെത്തിയതാണ് കാസി. യാത്രയിൽ ഉടനീളം കൊറോണ വൈറസ് ഭീതി നില നിൽക്കുന്നതിനാൽ മാസ്ക് ധരിച്ചിരുന്നു. ഹള്ളിൽ എത്തും വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

“24മണിക്കൂർ നീണ്ട സൗത്ത് ഈസ്റ്റ്‌ ഏഷ്യ യാത്രക്ക് ശേഷം, ടെസ്‌കോയിൽ ഒരു കുട വാങ്ങാൻ കയറിയതാണ് ഞാൻ. ദൈവത്തെ ഓർത്തു അടുത്തുവരരുത് എന്ന് നിലവിളിച്ചു ഒരു പത്തു പതിനഞ്ച് അടി അകലത്തിൽ നിന്നാണ് എനിക്ക് സാധനം എടുത്തു തന്നത്. കടയിൽ മറ്റ് ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഞാൻ നാണം കെട്ട് വല്ലാതായി”.

ഇതിനെ പറ്റി ഞാൻ ഡ്യൂട്ടി മാനേജരോട് സംസാരിച്ചു. അപ്പോൾ അവർ ക്ഷമ പറഞ്ഞെങ്കിലും ഈ അനുഭവം ലോകത്തിനു മുന്നിൽ എത്തണം. എനിക്ക് അലര്ജി ഉള്ളതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം കൂടിയാണ് മാസ്ക് ധരിക്കുന്നത്. ഹള്ളിൽ ആരും മാസ്ക് ധരിക്കുന്നത് കണ്ടില്ലെങ്കിലും മാതാപിതാക്കളുടെ സ്ഥലത്തും ദോഹ എയർപോർട്ടിലുമെല്ലാം 50%ൽ അധികം പേർ മാസ്ക് ധരിച്ചിരുന്നു. എന്നാൽ അവർക്ക് നേരെ ആരും വിവേചനം കാണിക്കുന്നില്ല. ഭയമല്ല കരുതലും ജാഗ്രതയുമാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-ബ്രെക്സിറ്റിനു ശേഷം യു കെ – യൂറോപ്പ്യൻ യൂണിയൻ ചർച്ചകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മത്സ്യമേഖല മാറിയിരിക്കുകയാണ്. ഇരുവരും തമ്മിൽ സമവായ ചർച്ചകൾക്ക് ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലെ മത്സ്യബന്ധന മേഖലകളിൽ ബ്രിട്ടീഷ് ബോട്ടുകൾക്ക് ആയിരിക്കും പ്രാമുഖ്യം നൽകുന്നതെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്സിറ്റിനു ശേഷമുള്ള ഒരു വർഷത്തെ പരിവർത്തന കാലയളവിൽ യൂറോപ്യൻ യൂണിയന്റെ കോമൺ ഫിഷറീസ് പോളിസി അനുസരിച്ചായിരിക്കും മത്സ്യ ബന്ധനത്തിലേർപ്പെടുക. ഓരോ രാജ്യത്തിന്റെയും തീരദേശമേഖലയിലെ 12 നോട്ടിക്കൽ മൈലിനു ശേഷമുള്ള സ്ഥലങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും മത്സ്യബന്ധനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഓരോ രാജ്യങ്ങൾക്കും എത്രത്തോളം മത്സ്യം പിടിക്കാമെന്നുള്ളത് ചർച്ച ചെയ്ത് തീരുമാനിക്കും.

ബ്രെക്സിറ്റിനു ശേഷം ഏകദേശം 200 നോട്ടിക്കൽ മൈൽ തീരമേഖല ബ്രിട്ടനു മാത്രമായി അവകാശപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ മത്സ്യത്തൊഴിലാളികൾ ബ്രെക്സിറ്റിനായി വാദിച്ചവരാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ ഇത് വലിയ ഒരു നഷ്ടം ആയി മാറും. യൂറോപ്യൻ യൂണിയൻ ബ്രിട്ടന് പൂർണ്ണ അവകാശം നൽകുന്നത് അനുകൂലിക്കാൻ സാധ്യതയില്ല.

അതോടൊപ്പംതന്നെ ബ്രിട്ടണിൽ പിടിക്കുന്ന മത്സ്യത്തിന്റെ പകുതിയോളം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്. 2018 – ൽ മാത്രം ബ്രിട്ടൻ 448, 000 ടൺ മത്സ്യങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ബ്രെക്സിറ്റിനു ശേഷം ഇത്തരം കയറ്റി അയക്കൽ നിലച്ചു ച്ചുപോയാൽ, അത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സാരമായി ബാധിക്കും. ഇരുവരും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്

ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ചൈനയിൽ 1016 ആയി. ഇതിനുപുറമേ ഫിലീപ്പീൻസിൽ ഒരാൾ മരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്കെത്തുന്നു. രോഗം പടരുന്നത് കുറയുകയാണെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ 100 നു മുകളിലാണ്.

യുഎഇയിൽ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പർക്കം പുലർത്തിയ ആൾക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാർക്കും ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ഇതുവരെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്.

   കേരളത്തിൽ കൊറോണ വൈറസ് ബാധ സംശയിച്ച 380 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 344 എണ്ണത്തിന്റെയും ഫലം നെഗറ്റിവ് ആണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

   ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ഇനി ‘കൊവിഡ് –19’ (Covid-19) എന്ന പേരിൽ അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.

ഷെറിൻ പി യോഹന്നാൻ

ഇനി ജോക്കർ എന്ന് പറയുമ്പോ എനിക്ക് ആദ്യം ഓർമ വരുന്നത് ആർതർ ഫ്‌ളെക്ക് എന്ന പേരായിരിക്കും. അത്രമേൽ പ്രേക്ഷനോട് സംവദിക്കുന്നുണ്ട് ഈ ജോക്കർ. നിരന്തരം ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ആർതർ എന്ന സ്റ്റാൻഡ്അപ്പ്‌ കോമേഡിയന്റെ ജീവിതം ആണ് സിനിമ. ജോക്കർ ആയി ജീവിക്കുകയാണ് ജാക്വിൻ ഫീനിക്സ്. അസാധ്യ പ്രകടനം…. ഗൺ വൈലൻസും കൊലപാതകങ്ങളും ഉള്ള സിനിമ തന്നെയാണ് ജോക്കർ. അത്കൊണ്ട് എല്ലാ തരം പ്രേക്ഷകനും തൃപ്തിപ്പെടണമെന്നില്ല.

അത്രയും വലിയ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾക്കേ അത്ര ക്രൂരനായ ഒരാളാവാൻ കഴിയൂ. അതുതന്നെയാണ് സിനിമ പറയുന്നത്. ഒരു വില്ലൻ കഥാപാത്രത്തെ നായകനാക്കി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നില്ല. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മ. രണ്ടാം പകുതിയിലെ സീനുകളൊക്കെ അതിഗംഭീരമാണ്. ശക്തമായ പശ്ചാത്തലസംഗീതം. നാം നിലനിൽക്കുന്നുപോകുന്ന സിസ്റ്റത്തെ കൂടി ചോദ്യം ചെയ്യുന്നുണ്ട് സിനിമ.ക്ലൈമാക്സ്‌ സീനുകൾ പറയുന്നതും അത് തന്നെ.

 

ഒരു മാസ്സ് സിനിമ അല്ല ജോക്കർ. വലിയ ഇമോഷൻസ് പ്രേക്ഷകന് മുന്നിൽ വെച്ചു നീട്ടുന്ന ചിത്രമാണ്. അറിയാതെ കൈയടിച്ചു പോകുന്ന സീനുകളുമുണ്ട്. പ്രേക്ഷക മനസിനെ കുത്തിതുളയ്ക്കുന്ന സീനുകളുമുണ്ട്. സിനിമ അതിന്റെ മുഴുവൻ സമയവും ആർതറിന്റെ മാനസിക വൈകാരിക തലങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്ലോ പേസിൽ കഥ പറഞ്ഞു പോകുമ്പോൾ അനാവശ്യ സീനുകൾ ഒന്നും തന്നെ ഉൾകൊള്ളിച്ചിട്ടില്ല. മികച്ച സിനിമയാണ് ജോക്കർ. എന്നാൽ എല്ലാ തരം പ്രേക്ഷകനും സ്വീകരിക്കണമെന്നില്ല. ഇത്തവണ ഓസ്കാറിൽ ജോക്കറിനെ കാത്ത് അനേക പുരസ്‌കാരങ്ങൾ ഇരിക്കുന്നു എന്നുറപ്പ്. ടോഡ് ഫിലിപ്സിന്റെ മാസ്റ്റർപീസ് വർക്ക് തന്നെയാണ് ജോക്കർ.

സ്വന്തം ലേഖകൻ

ലണ്ടൻ : സിയാര കൊടുങ്കാറ്റിൽ യുകെ ആടിയുലയുന്നു. അടുത്ത കൊടുങ്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. കനത്ത മഴയും 90 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും വ്യാപകമായ വെള്ളപ്പൊക്കവും യാത്രാ തടസ്സവും സൃഷ്ടിച്ചു. മരങ്ങൾ നിലംപതിച്ചു, കെട്ടിടങ്ങൾ തകർന്നു, നദികൾ കരകവിഞ്ഞു ഒഴുകിയതിനാൽ ചില വീടുകൾ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മോശം കാലാവസ്ഥയെ തുടർന്ന് കായിക മത്സരങ്ങൾ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങളും എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിൽ 675,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി കമ്പനികൾ അറിയിച്ചു.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയുടെ ചില ഭാഗങ്ങളിൽ 20സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ചില പ്രദേശങ്ങളിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒന്നര മാസത്തെ മഴ ലഭിച്ചു. ഇന്നും 20 സെന്റിമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. മാഞ്ചസ്റ്റർ വിമാനത്താവളത്തിലും 86 മൈൽ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. കും‌ബ്രിയയിൽ‌, 24 മണിക്കൂറിനുള്ളിൽ‌ 177 മില്ലീമീറ്റർ‌ മഴ ലഭിച്ചു. ഇംഗ്ലണ്ടിൽ 200 ലധികവും സ്കോട്ട്ലൻഡിൽ 60 ൽ അധികവും വെയിൽസിൽ 17ഉം വെള്ളപൊക്ക മുന്നറിയിപ്പുകളുണ്ട്.

റെയിൽവേ ട്രാക്കുകളിലെ വെള്ളപ്പൊക്കവും അവശിഷ്ടങ്ങളും പല ട്രെയിനുകളുടെയും കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി മാറി. റോഡുകളിൽ, ഈസ്റ്റ് യോർക്ക്ഷെയറിലെ ഹംബർ പാലം ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് അടച്ചത്. കെന്റിലെ ഡാർട്ട്ഫോർഡ് ക്രോസിംഗിലെ ക്വീൻ എലിസബത്ത് II പാലം ഗതാഗതതടസ്സം മൂലം അടച്ചിരിക്കുന്നു. കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം ശക്തമായ കാറ്റ് വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, തെക്കൻ തീരപ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ യെല്ലോ അലെർട്ട് ഉണ്ട്. ഇന്നും നാളെയും സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

RECENT POSTS
Copyright © . All rights reserved