ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകളുടെ വർദ്ധനവ് തടയാൻ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യം ഒരു നിർണായക നിമിഷത്തിലാണെന്നും സർക്കാരിന്റെ പദ്ധതികൾ രോഗവ്യാപനത്തെയും മരണത്തെയും തടയാനുള്ളതാണെന്നും ജോൺസൻ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7,108 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 71 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 42,143 ആയി ഉയർന്നു. മാർച്ചിനേക്കാൾ മികച്ച തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നതെന്നും അതിനാൽ തന്നെ ശൈത്യകാലത്ത് രോഗവ്യാപനം തടയാൻ സാധിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ ജോൺസൺ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾ, ഏഴ് നൈറ്റിംഗേൽ ആശുപത്രികളിലായി 2,000 കിടക്കകൾ, മാസ്കുകൾ, ഗൗണുകൾ, വിസറുകൾ എന്നിവ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ നാല് മാസത്തേയ്ക്ക് വിതരണം ചെയ്യുവാൻ ഒരുങ്ങുകയാണ്.

എൻ‌എച്ച്‌എസിലെ വെന്റിലേറ്ററുകളുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 31,500 ആയി വർദ്ധിച്ചു. മെക്കാനിക്കൽ വെന്റിലേറ്റർ കിടക്കകളിൽ ചൊവ്വാഴ്ച വരെ 312 കോവിഡ് -19 രോഗികളുണ്ടെന്ന് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2,252 പേർ ആശുപത്രിയിലാണ്. സ്വയം ഒറ്റപ്പെടാൻ നിർബന്ധിതരായ നൂറുകണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ജോൺസൺ പ്രത്യേകം നന്ദി അറിയിച്ചു. ക്രിസ്മസ് സമയത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ജോൺസൺ പറഞ്ഞു. എൻ‌എച്ച്‌എസ് ടെസ്റ്റ്, ട്രേസ് ആപ്ലിക്കേഷൻ 1.4 കോടി ഡൗൺ‌ലോഡുകളിൽ എത്തിയിട്ടുണ്ടെന്നും ഡൗണിംഗ് സ്ട്രീറ്റ് സംക്ഷിപ്ത വിവരങ്ങൾ പതിവായി നൽകുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമെങ്കിൽ വൈറസിനെതിരെ കൂടുതൽ ചെലവേറിയ നടപടി സ്വീകരിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് -19 രോഗികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പത്രസമ്മേളനത്തിൽ പറഞ്ഞു. ലണ്ടനിലും ഇംഗ്ലണ്ടിന്റെ വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. രണ്ടാമത്തെ തരംഗത്തിൽ കേസുകളുടെ രീതി തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പകാരിലും 21 വയസ്സിന് താഴെയുള്ളവരിലും കേസുകൾ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ സ്കൂൾ കുട്ടികൾക്കിടയിൽ പകരുന്ന നിരക്ക് കുറവാണെന്നും ക്രിസ് പറഞ്ഞു. രണ്ടാമത്തെ ലോക്ക്ഡൗൺ തടയാൻ ദേശീയ ശ്രമം നടത്തേണ്ടതുണ്ടെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. എന്നാൽ വളരെ വ്യക്തമായ ഒരു തന്ത്രം മെനയുന്നതിൽ സർക്കാർ പിറകിലാണെന്നും അത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സ്റ്റാർമർ അറിയിച്ചു.