Main News

ദീപ പ്രദീപ്

അനുനിമിഷം അത്ഭുതങ്ങളുടെ ലോകം സൃഷ്ടിക്കുകയാണ് ഗ്യാലക്സികൾ ഓരോന്നും. ഭൂമിയോട് അടുത്തുള്ള ഗ്യാലക്സിയിൽ നിന്ന് നിഗൂഢമായ റേഡിയോ സിഗ്നലുകൾ വരുന്നു എന്ന് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ അതിശയങ്ങളെക്കാൾ കൂടുതൽ അറിവുകൾക്ക് വഴിവയ്ക്കുന്ന ഒന്നായി മാറുകയാണ്. പ്രപഞ്ചത്തിലൂടെ അയച്ചുകൊണ്ടിരിക്കുന്ന അതിവേഗ റേഡിയോ സ്ഫോടനങ്ങളുടെ രഹസ്യം പരിഹരിക്കാൻ ഈ പുതിയ കണ്ടെത്തൽ സഹായിക്കുമെന്ന് കരുതുന്നു. ഇപ്പോൾ കണ്ടെത്തിയ പുതിയ റേഡിയോ സിഗ്നലുകൾക്ക് ശാസ്ത്രജ്ഞർ ഇട്ടിരിക്കുന്ന പേര് FRB 18 0 9 1 6 എന്നാണ്.

അജ്ഞാത പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നും അന്യഗ്രഹജീവികളിൽ നിന്നുമുള്ള എന്തിനും ഈ പുതിയ റേഡിയോ സിഗ്നൽ കാരണമാകാമെന്ന് ശാസ്ത്രജ്ഞൻ ഊഹിക്കുന്നു. പുതിയ റേഡിയോ തരംഗങ്ങളുടെ കണ്ടെത്തലിനെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്. റേഡിയോ തരംഗങ്ങളെ അധികനേരം നിരീക്ഷിക്കാൻ കഴിയാത്തതാണ് വെളിപ്പെടുത്തലുകൾക്ക് പൂർണ്ണത ഇല്ലാതാക്കാൻ കാരണമെന്ന് ഗവേഷകർ അറിയിക്കുന്നു. മില്ലിസെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന സിഗ്നലുകൾ ആയതുകൊണ്ടുതന്നെ ആകാശത്ത് എവിടെ നിന്ന് വേണമെങ്കിലും അവ വരാം എന്നും അവയെ കുറിച്ചുള്ള വിശദമായ പഠനം അവ്യക്തത നിറഞ്ഞതാകാം എന്നും കരുതുന്നു.

പുതുതായി കണ്ടെത്തിയ ഈ റേഡിയോ തരംഗങ്ങൾ (Fast Radio Bursts-FRBs) ഏത് പരിസ്ഥിതിയിൽ ആണ് ജീവിക്കുന്നതെന്നും യഥാർത്ഥത്തിൽ എന്താണ് FRBs ഉൽപാദിപ്പിക്കുന്നതെന്നും അറിയേണ്ടത് അത്യാവശ്യമാണെന്ന് ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമായ സഹ ബാർക്കോ പോളാർ പറയുന്നു. പുതുതായി കണ്ടെത്തിയ തരംഗങ്ങൾ ഭൂമിയിൽനിന്ന് അര ബില്യൺ പ്രകാശവർഷം അകലെ ആണെന്ന് അനുമാനിക്കുന്നു. ഇതുവരെ കണ്ടെത്തിയവയേക്കാൾ ഏഴ് മടങ്ങ് അടുത്താണ് FRB 18 0 9 1 6.

റോഷിൻ എ റഹ്‌മാൻ

എബ്രിഡ്, നിങ്ങൾ വീണ്ടുമെന്നെ വിസ്മയിപ്പിക്കുന്നു..! എന്നെക്കൊണ്ട് ആദ്യമായി ഒരു സിനിമാ നിരൂപണം എഴുതിച്ചത് താങ്കളാണ് (താങ്കൾ ഒരുപക്ഷേ അത് അറിഞ്ഞിട്ടുണ്ടാവുകപോലുമില്ല!). അന്നത്തെ ആ എഴുത്തും ഒരു പാതിരാത്രിയിലായിരുന്നു, ഇന്നത്തേതു പോലെ… പൂമരം കണ്ടിറങ്ങി ഉറക്കം വരാത്ത രാത്രികളിലൊന്നിൽ അത്രമേൽ ഉള്ളിൽ തട്ടി എഴുതിയൊരു റിവ്യൂ പോലെ അതിനു മുൻപോ ശേഷമോ എഴുതിയിട്ടില്ല… ഇന്ന് ‘കുങ്ഫു മാസ്റ്റർ’ കണ്ടിറങ്ങിയപ്പോഴും ഉള്ളിൽ അകാരണമായൊരു വിങ്ങൽ! ഒരുപക്ഷേ, ചുറ്റും ഒഴിഞ്ഞു കിടന്ന സീറ്റുകൾ കണ്ടിട്ടാവാം; അതുമല്ലെങ്കിലൊരുപക്ഷേ, ഇത്ര നല്ലൊരു സിനിമ കാണാൻ അധികമാളുകൾക്ക് ഭാഗ്യം ലഭിക്കുന്നില്ലല്ലോ എന്നോർത്തുള്ള സങ്കടവുമാകാം…

പൂമരത്തിലൂടെയുള്ള താങ്കളുടെ ‘നിതാ പിള്ള’ എന്ന കണ്ടെത്തൽ ഒട്ടും തെറ്റായിരുന്നില്ല എന്ന് ഈ ചിത്രം അടിവരയിട്ടു പറയുന്നു. നായകനെയും വില്ലനെയും പുതുമുഖങ്ങളാക്കാനുള്ള താങ്കളുടെ മനോധൈര്യം അപാരം തന്നെ! അവർ പുതുമുഖങ്ങളാണെന്നു അവസാനം എഴുതി കാണിച്ചപ്പോഴാണ് മനസ്സിലായതെന്നത് താങ്കളുടെ ബ്രില്യൻസ്! അത്രമേൽ തന്മയത്വത്തോടെ ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ പകർന്നാടിയിരിക്കുന്നു… ഇങ്ങനെയൊരു പ്രമേയം മലയാള സിനിമയിൽ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്! (ഇനിയുള്ളതൊക്കെയും തുടർച്ചകളോ ആവർത്തനങ്ങളോ മാത്രമാണല്ലോ.) കൃത്രിമത്വമില്ലാത്ത സീനുകളാണ് എബ്രിഡ്, താങ്കളെ നല്ലൊരു സംവിധായകനും എഴുത്തുകാരനുമാക്കുന്നത്; താങ്കളുടെ പേര് മാത്രം കണ്ട് ഞങ്ങളെ തിയേറ്ററുകൾ മാടിവിളിക്കുന്നത്..! ക്ളൈമാക്‌സ് ട്വിസ്റ്റുകൾക്കായി പ്രേക്ഷകനെ മുഷിച്ചിലോടെ കാത്തിരിപ്പിക്കുന്ന സ്ഥിരം സിനിമാ ശൈലികളിൽ നിന്ന് താങ്കൾ മാറ്റിയൊഴുക്കുന്ന മഷിയാണ് ഞങ്ങൾ നിങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസം. അത് ഈ തവണയും തെറ്റിയില്ല. ‘കുങ്ഫു മാസ്റ്റർ’ എന്ന ഈ സിനിമയെക്കുറിച്ച് എന്ത് പറയാനാണ്? അത്രമേൽ മനോഹരമായൊരു ദൃശ്യവിസ്മയമെന്നോ, അതോ ഹിമാലയൻ സൗന്ദര്യം വരച്ചുവച്ച സുന്ദരമായൊരു ക്യാൻവാസ് എന്നോ, അതുമല്ല, ത്രസിപ്പിക്കുന്നൊരു ആക്ഷൻ സിനിമയെന്നോ? സംവിധായകനും അഭിനേതാക്കളുമെല്ലാം ഒരേ മനസ്സോടെ മത്സരിച്ചു ചെയ്ത ഈ സിനിമക്ക് മാർക്കിടാൻ എന്റെ കൈയിലുള്ള അളവുകോലുകൾക്കാവുന്നില്ല, മാപ്പ്…

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന ചൈനയിൽ നിന്നും, കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ ഇന്ന് തിരികെ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. ഇവർ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരിക്കും. രോഗം പടരുന്നത് തടയാനാണ് ഈ മുൻകരുതലുകൾ എല്ലാം നടപ്പിലാക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നും നാളെ രാവിലെ വിമാനം യുകെയിലെ മിലിറ്ററി ബെയിസിലേക്കു ആളുകളെ എത്തിക്കും. രോഗം പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടീഷ് എയർവെയ്സ് നിർത്തലാക്കിയിട്ടുണ്ട്. 132 പേരാണ് നിലവിൽ ചൈനയിൽ കൊറോണ വൈറസ് മൂലം മരണപ്പെട്ടത്. ആറായിരത്തോളം കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ചൈനയിൽ നിന്നും വരുന്ന ബ്രിട്ടീഷുകാർ 14 ദിവസം ഐസൊലേഷൻ വാർഡിൽ നിർബന്ധമായി കഴിയണമെന്ന അറിയിപ്പുണ്ട്. ഇത് അംഗീകരിക്കാത്തവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയില്ലെന്ന മുന്നറിയിപ്പുമുണ്ട്.

വിമാനത്തിൽ കയറുന്നതിന് മുൻപായി അവരുടെ പരിശോധന നടത്തുമെന്നും, ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല. ജനങ്ങൾ ഭീതിയിൽ ആകേണ്ട ആവശ്യമില്ലെന്നും, എല്ലാം മുന്നറിയിപ്പുകളും എടുത്തിട്ടുണ്ടെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു. നിലവിൽ കൊറോണ വൈറസ്, മുൻപ് ബാധിക്കപ്പെട്ട ‘സാർസ് ‘ വൈറസിന്റെ അത്രയും അപകടകാരിയല്ല എന്നതാണ് നിഗമനം.

നിലവിൽ കണക്കാക്കപ്പെട്ട 2000 കേസുകളെക്കാൾ, അധികം പേർക്ക് ഈ രോഗബാധ ഉണ്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്തുള്ള രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഏകദേശം 250 ഓളം ബ്രിട്ടീഷുകാർ രോഗ ബാധിത പ്രദേശങ്ങളിൽ ഉണ്ടെന്നാണ് നിഗമനം. ചൈനയിലേക്കുള്ള മിക്കവാറും എല്ലാ വിമാന സർവീസുകളും തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ജർമ്മനിയിൽ നാലുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് ഗവൺമെന്റ് വക്താവ് ഉറപ്പുനൽകി.

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്കോട്ടിഷ് ഗാനം, ‘ഓൾഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ടാണ് ചേംബർ ബ്രിട്ടനു വിടച്ചൊല്ലിയത്.

ഉടമ്പടി വ്യവസ്ഥകൾക്കു പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഈ മാസം 31ന് രാത്രി 11നാണ്‌ ബ്രെക്സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.

യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങി. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.

31ന് അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി 2 വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമായി മാറും. ഏത് വിഷയത്തിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്ക് ജോലി ചെയ്യുവാനോ ജോലി അന്വേഷിക്കുവാനോ ഇതിലൂടെ സാധിക്കും. ലോകത്തിലെ തന്നെ തിളക്കമാർന്ന പ്രതിഭകളെ നിലനിർത്തുവാനും നിയമിക്കുവാനുമുള്ള പദ്ധതിയാണ് ഇതിലൂടെ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റവും ഇതിലൂടെ അവർ ലക്ഷ്യമിടുന്നുണ്ട്. ഏത് മേഖലയിലും കഴിവുള്ള കുട്ടികൾക്ക് പഠിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സർ ഡൊമിനിക് അസ്ക്വിത്ത് പറഞ്ഞു: “ബിരുദം പൂർത്തിയാക്കിയ ശേഷം യുകെയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് സന്തോഷകരമായ വാർത്തയാണ്. സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള മികച്ച അവസരമാണിത്. ലോകത്തിലെ മികച്ച ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമായ യുകെയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. കഴിഞ്ഞ വർഷം മാത്രം 42% വർദ്ധനവ് കാണപ്പെട്ടു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുകെ മാറുന്നുവെന്ന് ഉറപ്പാക്കാൻ ഈ പ്രഖ്യാപനം സഹായിക്കും.” കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ യുകെയിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് ഏറി വരികയാണ്.

2019 ജൂൺ വരെ ഏകദേശം 22000ത്തോളം വിദ്യാർത്ഥികൾ യുകെയിൽ എത്തി. കൂടാതെ, യുകെ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽ 96% പേരും വിജയിക്കുകയും ഉണ്ടായി. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത് ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം തുടങ്ങിയ പഠനമേഖലകളാണ്.

കാരൂർ സോമൻ

കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങൾ ലോക മലയാളികൾ ആശങ്കയോടെയാണ് കാണുന്നത്. ആരാണ് അപഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മിടുക്കർ എന്നതും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം. മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗമാളുകളും പറയുന്നത് ഈ ഗവർണർ പദവി ഒരു ബാദ്ധ്യതയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുള്ളപ്പോൾ പാവങ്ങളുടെ നികുതി പണം എന്തിനിങ്ങനെ ചിലവഴിക്കണം? ബ്രിട്ടീഷ്‌കാർ ആകർഷകങ്ങളായ ധാരാളം അലങ്കാര മത്സ്യങ്ങളെ നമ്മുക്ക് തന്നിട്ടാണ് മടങ്ങിയത്. അത് ഗവർണർ പദവിയിൽ മാത്രം ചുരുക്കരുത്. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ഒരു ഗവർണറെ മാറ്റുന്നതിനെക്കാൾ ഇന്ത്യയിലുള്ള ജമ്പോ മന്ത്രിസഭകളെ പിരിച്ചു വിട്ട് സംസ്ഥാനത്തിന്റ പരമാധികാര൦ ഒരു ഗവർണർക്ക് കൊടുത്തിട്ട് ഓരോ ജില്ലകൾ ഭരിക്കാൻ കളക്ടർമാർ പോരായോ? അങ്ങനെയുണ്ടായാൽ പാവങ്ങളുടെ നികുതി പണം ധൂർത്തടിച്ചു കളയാതിരിക്ക മാത്രമല്ല അഴിമതിയും സ്വജനപക്ഷവാദവും, അനീതിയും ദാരിദ്യവും മാറി രാജ്യം പുരോഗതിയിലേക്ക് ഉയരുക തന്നെ ചെയ്യും. എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായമയും തുടച്ചു മാറ്റാൻ കഴിയാത്ത വ്യവസ്ഥിതി ഇങ്ങനെ എന്തിന് തുടരണം? യൂവ ജനങ്ങൾ ഇത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അലങ്കാര മത്സ്യങ്ങളെ ചില്ലിലടച്ചു സൂക്ഷിക്കുന്നതുപോലെ ഇവരെ പോലീസ് വലയത്തിൽ സൂക്ഷിക്കുന്നത് ആർക്കുവേണ്ടി?

വികസനത്തിൽ ഇന്ത്യൻ ജനാധിപത്യം കുറെ സമ്പന്നന്മാരെ വളർത്തി വലുതാക്കി നമുക്ക് തന്നു. അവരൊക്കെ തെരെഞ്ഞുടുപ്പുകളിൽ കോടികളാണ് മുടക്കുന്നത്? ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ കാലമായിരിക്കെ അധികാരമെന്ന ആനന്ദസാഗരത്തിൽ മുങ്ങികുളിക്കുന്ന ഈ അലങ്കാരമത്സ്യങ്ങളെക്കുടി ഉൾപ്പെടുത്താവുന്നതാണ്. ആനയുടെ പിറകെ കുട്ടികൾ പോകുന്നതുപോലെയാണ് പാവങ്ങൾ മാത്രമല്ല കലാ -സാംസ്‌കാരിക -കായിക രംഗത്തുള്ളവരും തിരുവായ്ക്കെതിർവായില്ലെന്ന ഭാവത്തിൽ ഓച്ഛാനിച്ചു നിൽക്കുന്നത്. ഒന്ന് നിന്നുകൊടുത്താൽ മതി മധുരം ഇരട്ടിയാണ്. ഇത് കേരളം മാത്രമല്ല ഇന്ത്യയാനുഭവിക്കുന്ന ദുരവസ്ഥയാണ്. എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നവർ.

സർക്കാർ തെറ്റ് ചെയ്താൽ തിരുത്തേണ്ടത് ഗവർണറുടെ ചുമതലയാണ്. നിയമപരമായി കടലാസിന്റ് വിലയില്ലാത്ത ഒരു പ്രമേയത്തിൽ കഥാപാത്രങ്ങളായത് ജനങ്ങൾ മാത്രമല്ല 163-244 (2) റൂൾ 18 (3) 356 തുടങ്ങി ധാരാളം വകുപ്പുകളാണ്. ഒരു ഫോണിൽ, കത്തിൽ അല്ലെങ്കിൽ ഒരു കൂടിക്കാഴ്ചയിൽ തീരേണ്ട വിഷയത്തെ കാട്ടുതീപോലെയാണ് ലോകമെങ്ങും കത്തിച്ചുവിട്ടത്.

ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി നിന്നത് രാജ്യത്തിന് മാതൃകയായി. ഗവർണർ എതിർപ്പുകളൊന്നും കൂടാതെ സർക്കാരിന്റ നയപ്രഖ്യാപന൦ വായിച്ചതും നന്ന്.
ഇന്ന് ഗവർണർ നിയമസഭയിൽ വായിച്ച നയപ്രഖ്യാപനത്തിൽ ഒരു മാറ്റവും വരുത്തിയില്ല. ഏതാനം ആഴ്ചകളായി അദ്ദേഹവും സർക്കാരും നടത്തിക്കൊണ്ടിരുന്ന പരസ്യവിവാദങ്ങൾ എത്ര വേഗത്തിലാണ് കെട്ടടങ്ങിയത്. ഈ വിവാദങ്ങൾ സജീവമായി നിലനിർത്തിയത് എന്തിനാണ്? ഇതിലൂടെ മുട്ടുമടക്കിയത് ആരാണ്? പറഞ്ഞതെല്ലാം വെറും പാഴ്വാക്കുകളോ? ബി.ജെ.പി. മുന്നോട്ട് വെച്ച പൗരത്വ നിയമം കോടതിയുടെ മുന്നിലുള്ള കാര്യമാണ്. പരസ്പരം പോരടിച്ചതല്ലാതെ എന്ത് നേട്ടമാണ് കേരള ജനതക്കുണ്ടായത്? എല്ലാം വോട്ടിന് വേണ്ടിയെന്ന് തുറന്നു പറയുമോ? ഒന്നും നേടിയെടുക്കാതെ അബദ്ധജടിലങ്ങളായ വിവാദങ്ങളുണ്ടാക്കിയവർ കേരള ജനതയോട് മാപ്പു പറയാൻ തയ്യാറാണോ?

കേരള നിയമ നിർമ്മാണസഭ 1957 മാർച്ച് 16 ന് നിലവിൽ വന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് 1888 ൽ തിരുവിതാംകൂറിൽ ആദ്യമായിയുണ്ടാക്കിയ നിയമനിർമ്മാണ സഭയാണ് പിന്നീട് കേരള നിയമസഭയായി മാറിയത്. ജനാധിപത്യത്തിൽ നിയമസഭകൾക്ക് പരമോന്നതസ്ഥാനമുള്ളതുപോലെ സംസ്ഥാനത്തിന്റ പരമാധികാരി ഗവർണറാണ്. കേരള സംസ്ഥാനം ജന്മമെടുത്തതിന് ശേഷം 22 സർക്കാരുകളും 21 ഗവർണറന്മാരും കേരളം ഭരിച്ചു. ഇ.എം.എസിന്റ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1959 ജൂലൈ 31 ന് രാഷ്ട്രപതി വിമോചന സമരത്തിന്റ പേരിൽ പിരിച്ചുവിട്ടു. അന്ന് കാണാത്ത ഒരു പോരാട്ട വീര്യമാണ് ഇന്ന് എല്ലാം മാധ്യമങ്ങളിലും കണ്ടത്. ഒടുവിലത് പൊറാട്ട് നാടകമായി മാറുകയും ചെയ്തു. ഇതിനുള്ളിലെ ഗുഢലക്ഷ്യം ലാവലിൻ കേസെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലൂടെ ജനത്തിന് നൽകുന്ന സന്ദേശമെന്താണ്? അധികാരികൾ കോടതികളെക്കുടി കാൽചുവട്ടിലാക്കിയോ? കുറ്റവാളികളെ സൃഷ്ഠിക്കുന്നതിൽ സർക്കാരുകൾക്ക് നല്ലൊരു പങ്കുള്ളത് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഗുരുതരമായ കേസുകളിൽ അധികാരികൾ എന്തിനാണ് ഇടപെടുന്നത്? എന്തിനാണിവർ പ്രതിബന്ധം സൃഷ്ഠിക്കുന്നത്? എതിർശബ്തങ്ങളെ എന്തിന് ഭയക്കുന്നു?കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനല്ലേ ഒരു ജനപ്രിയ സർക്കാർ കൂട്ടുനിൽകേണ്ടത്?

കേരള രാഷ്ട്രീയം കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നത് കാണുമ്പൊൾ മൈതാനത്തു് നടക്കുന്ന പന്തുകളിപോലുണ്ട് . റഫറിമാരായി വരുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമാണ്. കളിക്കാരായി വരുന്നത് ജാതി മത, സമുദായ നേതാക്കന്മാർ. കളി കണ്ടിരുന്ന് കയ്യടിക്കുന്നത് ജാതിമതങ്ങളിൽ മുങ്ങിപോയവർ. ഗോളടിച്ചു ജയിച്ചാൽ ഭരണം കിട്ടും. കേസുകളുണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തും. പരീക്ഷ എഴുതിയില്ലെങ്കിലും പാസാക്കും. പദവിയും പത്രാസും കിട്ടും. എന്തും സർക്കാർ ചിലവിൽ നടത്തി കൊടുക്കും. അവരുടെ മുന്നിൽ പാവങ്ങളുടെ കണ്ണീർപ്രവാഹത്തിന് എന്ത് വില. വോട്ടിനും അധികാരം നിലനിർത്താനും എന്തെല്ലാം അഭ്യാസങ്ങളാണ് നടക്കുന്നത്. സമൂഹത്തിൽ എതിർത്ത് തോൽപ്പിക്കേണ്ട എത്രയോ തിന്മകൾ, നീറുന്ന പ്രശ്നങ്ങളുണ്ട്. രാഷ്ട്രം നേരിടുന്ന സാമുഹ്യ സാമ്പത്തിക പ്രതിസന്ധിയേക്കാൾ എല്ലാവര്ക്കും വലുത് രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രശ്നങ്ങളാണ്. അധികാരമാണ് ഇവരുടെയെല്ലാം ഏക ലക്ഷ്യ൦. അതിന് ഏത് ചെകുത്താനെയും കുട്ടുപിടിക്കും. പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾ എന്തിനറിയണം? ഇത് സമൂഹത്തിന് നൽകുന്നത് അരക്ഷിതാവസ്ഥയാണ്. ഗാന്ധിജി മുതൽ പടുത്തുയർത്തിയ ജനാധിപത്യ സൗന്ദര്യ ബോധം ജാതിമതങ്ങളുടെ ഉല്പന്നങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലം നിർവികാരതയോടെയാണ് വിവേകമുള്ള മനുഷ്യർ, നിഷ്പക്ഷമതികൾ, മതേതര ജനാധിപത്യവാദികൾ കാണുന്നത്.

രണ്ട് അധികാര കേന്ദ്രങ്ങൾ ഏറ്റുമുട്ടിയപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി എഴുതി “ഗവർണറുടെ രാഷ്ട്രീയക്കളി”. ഈ പത്രം ഇങ്ങനെ പലരെപ്പറ്റിയും എഴുതാറുണ്ട്. ഗവർണർ അങ്ങനെയൊരു രാഷ്ട്രീയക്കളി നടത്തിയെങ്കിൽ ആ കളി എന്തുകൊണ്ട് നിയമസഭയിൽ കണ്ടില്ല? മുൻപ് പറഞ്ഞ ശക്തമായ വികാരം അവിടെ നിന്നപ്പോൾ ഒലിച്ചുപോയോ? അദ്ദേഹത്തെ നിയമ സഭയിൽ തടഞ്ഞത് നാണക്കേടെന്ന് മുതിർന്ന ബി.ജെ.പി. അംഗം ഒ.രാജഗോപാൽ പറഞ്ഞത് നമ്മുടെ സംസ്കാരത്തിന് ചേർന്ന കാര്യമല്ല. അതെ സമയം നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതും ഒരു കുറ്റമായി കാണാനാകില്ല. ഏത് പാർട്ടിയായാലും എന്തിനും ജനപിന്തുണയാണ് പ്രധാനം. പല ജനകിയ വിഷയങ്ങളിലും പാർട്ടികൾ സ്വീകരിക്കുന്ന നിഗുഢതകൾ അവർ ബോധപൂർവ്വം മറച്ചുവെക്കുന്നു. ജനത്തിന് മുന്നിൽ നിസ്വാർത്ഥ സേവകരെന്ന് തോന്നിപ്പിക്കു൦ വിധമാണ് നല്ലൊരു പറ്റം സാമുഹ്യ പ്രവർത്തകരും രംഗത്തു വരുന്നത്. സമൂഹം നേരിടുന്ന വെല്ലുവിളികളേക്കാൾ അധികാരത്തിലിരിന്ന് സമ്പത്തുണ്ടാക്കുന്ന വെല്ലുവിളിയാണ് ഇവർ ഏറ്റെടുക്കുന്നത്. അവരുണ്ടാക്കിയ സമ്പത്തു പരിശോധിച്ചാൽ നിസ്വാർത്ഥ സേവനത്തേക്കാൾ സ്വാർത്ഥന്മാരെന്ന് മനസ്സിലാകും. എത്രയോ രാഷ്ട്രീയ തൊഴിലാളികൾ മുതലാളിമാരായി വാഴുന്ന കാലമാണ്. അനാവശ്യങ്ങളായ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന അടുത്ത പൊറാട്ട് നാടക൦ ഏത് ഗോദയിലാണ് അരങ്ങേറുക. കണ്ടതെല്ലാം പറയുന്നതിനേക്കാൾ കാണാനിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി മാറ്റത്തിന് ആരാണ് മുന്നിട്ടിറങ്ങുക? (www.karoorsoman.net)

സുധീഷ് തോമസ്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്റർ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ പ്രഥമ ഇടവക ദിനം ജനുവരി 26 ന് കിംഗ്‌സ് ഹാളിൽ വച്ച് അതിവിപുലമായി ആഘോഷിച്ചു.

രാവിലെ 9 45 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും ഇടവക വികാരിയായ റവ. ഫാദർ ജോർജ് എട്ടുപറയിലിനെയും കൈക്കാരന്മാരായ സിബി പൊടിപാറ, സിബി ജോസ്, ജിജോ ജോസഫ്, ബ്ലസൻ കോലഞ്ചേരി, ഫാമിലി കോർഡിനേറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും മറ്റ് ആഘോഷ കമ്മിറ്റി അംഗങ്ങളും SYM ന്റെ ബാന്റ് മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു.

 

10 മണിക്ക് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ, ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടു പറയിൽ, റവ. ഫാദർ ജോബിൻ എന്നിവർ ചേർന്ന് ആഘോഷമായ ദിവ്യബലി അർപ്പിച്ചു.

ഇടവകദിനാഘോഷസമ്മേളനവും ഇടവകയുടെ ദമ്പതി വർഷവും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഇടവക വികാരി റവ.ഫാദർ ജോർജ് എട്ടുപറയിൽ, ഫാദർ ജോബിൻ, കൈക്കാരൻ സിബി ജോസ്, പാരിഷ് കൗൺസിൽ മെമ്പർ ഡിക്ക്‌ ജോസ്, സൺഡേ സ്കൂൾ അധ്യാപിക മേരി ബ്ലെസൻ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളായ ടോമി  , ആനി ചുമ്മാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

കൈക്കാരനായ ജിജോ ജോസഫ് സ്വാഗതപ്രസംഗം പറഞ്ഞു. തുടർന്ന് കൈക്കാരന്മാർ ചേർന്ന് ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടുപറയിലിന് പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞവർഷത്തെ പാരിഷ് കൗൺസിൽ അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരൻ സിബി പൊടിപ്പാറ നന്ദി പറഞ്ഞു. തുടർന്ന് സ്വാദിഷ്ഠമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

കഴിഞ്ഞ ഒരുവർഷക്കാലം നടന്ന സൺഡേ സ്കൂൾ ബൈബിൾ കലോത്സവം, സ്പോർട്സ് ഡേ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സമ്മാനിച്ചു.


അതിനുശേഷം ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട അതിമനോഹരമായ വിവിധ കലാപരിപാടികൾ കാതിനും മിഴികൾക്കും ഇമ്പമാർന്ന എൽഇഡി സ്ക്രീനും സൗണ്ട് സിസ്റ്റവും ഇടവകാംഗങ്ങൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.

പരിപാടിയുടെ ഫോട്ടോസും വീഡിയോയും ക്രൂവിൽ നിന്നുള്ള ലെൻസ് വെയിറ്റ് മീഡിയ മനോഹരമായി ഫ്രെയിമിൽ പകർത്തി.

മെൻസ് ഫോറവും, വിമൻസ് ഫോറം ചേർന്ന് സ്പോൺസർ ചെയ്ത 100 പൗണ്ടിന്റെ ചെക്ക് പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച ലക്കി ഫോട്ടോ വിന്നറായ ലീന ഫെനീഷിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സമ്മാനിച്ചു.

പരിപാടിയുടെ വൻവിജയത്തിനായി വിവിധ കമ്മിറ്റിഅംഗങ്ങളുടെ കഠിനാധ്വാനം പ്രശംസനീയമായിരുന്നു.

ഇടവകദിനാഘോഷ പരിപാടികൾ വൈകുന്നേരം ആറരയോടെ സമാപിച്ചു.

സ്വന്തം ലേഖകൻ

ബർമിംഗ്ഹാം : ലോകമെമ്പാടും ഭീതി നിറച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ആ ഭീതി ബർമിംഗ്ഹാമിലേക്കും എത്തിയതായി റിപ്പോർട്ട്‌. ചൈനയിലെ വുഹാനിൽ നിന്നും പുതുവർഷത്തിൽ തിരിച്ചെത്തിയ ബർമിംഗ്ഹാം സ്വദേശി ഡ്രൂ ബെന്നറ്റിനാണ് പനി പോലെയുള്ള ലക്ഷണങ്ങൾ കാണപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തെ ലണ്ടൻ ആശുപത്രിയിൽ എത്തിച്ചു ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനായി തിങ്കളാഴ്ച ആംബുലൻസ് അയച്ചിരുന്നു. അന്ന് വൈകുന്നേരം 4.20 ന് തന്നെ ഹസ്മത് സ്യൂട്ട് ധരിച്ചെത്തിയ വൈദ്യശാസ്ത്രജ്ഞർ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി രക്തപരിശോധനയ്ക്കായി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചു. അയൽവാസി പകർത്തിയ വീഡിയോയിലെ ഈ രംഗങ്ങൾ ആണ് ഇപ്പോൾ വൈറസ് ഭീതി പടരുന്നതിന് കാരണമായത്.

ഒരു വെളുത്ത ഹാസ്മറ്റ് സ്യൂട്ട്, നീല നിറത്തിലുള്ള ആപ്രൺ, കയ്യുറകൾ, മാസ്ക് എന്നിവ ധരിച്ച് ആംബുലൻസിൽ ബെന്നറ്റിനെ കയറ്റുന്ന സ്ത്രീയെ വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ രണ്ട് വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് ജോലിക്കാരെ യാതൊരു സംരക്ഷണ വസ്‌ത്രങ്ങളോ മുഖംമൂടികളോ ഇല്ലാതെ കാണുവാനും കഴിയും. ഇതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ബെന്നറ്റിനെ പ്രവേശിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഉദ്യോഗസ്ഥർ സംരക്ഷണ വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് വിസമ്മതിച്ചു. രോഗം പടരുമെന്ന ഭീഷണി ഗൗരവമായി എടുക്കുന്നതിൽ ബ്രിട്ടീഷ് അധികൃതർ പരാജയപ്പെടുന്നുവോ എന്ന സംശയവും ഉയർന്നുവരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയതായി കരുതപ്പെടുന്ന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്നലെ മുന്നറിയിപ്പ് നൽകുകയുണ്ടായി.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇന്നലെ വരെ 82 പേർ മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. ലോകത്തെ പല രാജ്യത്തേക്കും വൈറസ് പടർന്നിട്ടുണ്ട് എന്ന ആശങ്ക ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നുണ്ട്. എന്നാൽ ആശങ്ക അല്ല, ജാഗ്രതയാണ് വേണ്ടതെന്ന് സർക്കാർ അറിയിക്കുന്നു.

കൊറോണ വൈറസ് – പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖവും വായും അടച്ചുപിടിക്കുക
• കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
• പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
• അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
• രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക.

സ്വന്തം ലേഖകൻ

യു കെ യുടെ 5 ജി ഫോൺ ആൻഡ് ഡാറ്റാ നെറ്റ് വർക്കിംഗ്‌ രംഗത്ത് ചൈനീസ് ടെലികോം കമ്പനി ആയ ഹുവെയ്ക്ക് ബോറിസ് ജോൺസൻ അനുമതി നൽകി. സ്പൈയിങ് നെ പറ്റി സംശയം നില നിൽക്കുന്നതിനാൽ കമ്പനിക്ക് യാതൊരു വിധത്തിലും രാജ്യത്ത് ഇടം നൽകരുതെന്ന് ട്രംപ് ബ്രിട്ടീഷ് ഗവണ്മെന്റി ന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈടെക് ഇൻഫ്രാ സ്ട്രക്ച്ചറിലേക്ക് ഒരു പരിധി വരെയുള്ള ആക്‌സസ് നൽകാൻ കൗൺസിൽ ചൊവ്വാഴ്ച തീരുമാനിച്ചു.

യു കെ യ്ക്കും യു എസി നും ഇടയിലുള്ള ഇന്റലിജൻസ് ഡീലുകൾ, പ്രത്യേകിച്ച് പോസ്റ്റ്‌ ബ്രെക്സിറ്റ് ട്രേഡ് ഡീൽ തുടങ്ങിയ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ബെയ്‌ജിങ്‌ ബേസ്ഡ് ആയ മൊബൈൽ കമ്പനിയെ സെക്യൂരിറ്റി കാരണങ്ങളാൽ രാജ്യത്ത് അനുമതി നൽകരുത് എന്ന് ട്രംപ് കടുംപിടിത്തത്തിലായിരുന്നു. യു കെ യുടെ 3ജി 4ജി രംഗത്ത് ഒരു ദശാബ്ദത്തിൽ ഏറെയായി നിലവിലുള്ള ഹുവെയ് ഉയർത്തുന്ന എന്ത് വില്ലുവിളിയും പരിഹരിക്കാൻ കഴിയുന്നതാണ് എന്നാണ് സീനിയർ ഇന്റലിജൻസ് ഓഫീസർമാർ പറയുന്നത്. എന്നാൽ യു എസ് ഹൌസ് ഓഫ് റെപ്രെസെന്റഷൻെറ 3ആമത് ഉയർന്ന ഉദ്യോഗസ്ഥ ആയ ലിസ് ചെനെ പറയുന്നത് ജോൺസൻ നയതന്ത്ര ബന്ധത്തിന് പകരം നിരീക്ഷണമാണ് അബദ്ധവശാൽ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ്.

പഴയ റിപ്പബ്ലിക്കൻ പ്രസിഡന്റൽ ക്യാൻഡിഡേറ്റ് ആയ സെനറ്റർ മിറ്റ് റോംനിയും ബ്രിട്ടീഷ് തീരുമാനത്തെ വിമർശിച്ചു. എന്നാൽ നാഷണൽ സൈബർ സെക്യൂരിറ്റി ചീഫ് സർ ആൻഡ്രൂ പാർക്കർ നാഷണൽ സെക്യൂരിറ്റിക്ക് ഒരു ഇടിവും സംഭവിക്കില്ല എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

സോണി എറിക്സൺ, നോക്കിയ എന്നീ രണ്ടു കമ്പനികൾ മാത്രമാണ് ടെലികോം രംഗത്ത് നിലവിലുള്ളത് എന്നിരിക്കെ ഹുവെയ് ഉപേക്ഷിച്ചാൽ ടെക്നോളജിയിൽ വളരെ പിന്നിലാകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. സഭയിലെ നിരവധി അംഗങ്ങൾ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു.

സ്വന്തം ലേഖകൻ

തന്റെ സമ്പാദ്യമായ ഇരുപതിനായിരം പൗണ്ട് ബിസ്‌റ്റോ ടിന്നുകളിൽ ഒന്നിൽ സൂക്ഷിച്ചുവെച്ച എൺപതുകാരി. ഈ വിവരം അറിയാതെ വീട്ടുകാർ മാലിന്യ ത്തോടൊപ്പം ഈ ടിന്നും ഉപേക്ഷിച്ചു. എന്നാൽ 80 കാരിയുടെ സഹായത്തിനായി റീസൈക്ലിങ് സെന്ററിലെ ജീവനക്കാർ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയ്ക്കു ശേഷം പണം തിരികെ ലഭിച്ചു. സ്കോട്ട്ലൻഡിലെ ഡൽമുക് റീസൈക്ലിങ് സെന്ററിലെ ജീവനക്കാരായ കെന്നി മക്ദം, ടോണി സ്‌കനിയോൺ എന്നിവരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് പണം തിരികെ ലഭിച്ചത്. ആ സ്ത്രീയുടെ സന്തോഷത്തിനു കാരണമാകാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് അൻപത്തൊൻപതു കാരനായ കെന്നി വ്യക്തമാക്കി.

ആ അമ്മയുടെ സഹായത്തിനായി തങ്ങളാലാവും വിധം സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് ടോണി പറഞ്ഞു. താൻ ഒരു ടിന്നും, ബാക്കി നാല് ടി കെന്നിയുമാണ് കണ്ടുപിടിച്ചത്. പണം തിരികെ നൽകുമ്പോൾ സ്വന്തം മുത്തശ്ശിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം പോലെയാണ് തങ്ങൾക്ക് തോന്നിയത് എന്ന് അവർ പറഞ്ഞു. ജീവിതത്തിൽ ഇതുപോലുള്ള അനുഭവങ്ങൾ വിരളമാണെന്നും അവർ പറഞ്ഞു.

വെസ്റ് ഗ്ലാസ്‌ഗോവിലെ ടൺബാർട്ടോൺഷെയറിൽ ആണ് ഈ റീസൈക്ലിങ് സെന്റർ പ്രവർത്തിച്ചുവരുന്നത്. ജീവനക്കാർ ചെയ്ത ഈ നല്ല പ്രവർത്തിക്ക് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. ഇരുവരുടെയും പ്രവർത്തി അഭിനന്ദിക്കുന്നതായി കൗൺസിൽ അധികാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved