സ്വന്തം ലേഖകൻ
ലണ്ടൻ : ലോകത്തെങ്ങും കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ലോക്ക്ഡൗണിലാണ് മിക്ക രാജ്യങ്ങളും. ലോക്ക്ഡൗണിൽ പല പ്രതിസന്ധികളും ഉടലെടുത്തെങ്കിലും പ്രകൃതി കൂടുതൽ സുന്ദരിയായി മാറിയത് ഈ കാലത്താണ്. വാഹനങ്ങൾ അധികം ഓടാത്തതിനാൽ യുകെയിലെ ചില പ്രദേശങ്ങളിൽ നൈട്രജൻ ഡൈ ഓക്സൈഡ് അളവ് (എക്‌സ്‌ഹോസ്റ്റ് ഫ്യൂമുകൾ) 50 ശതമാനത്തിലധികം കുറഞ്ഞു. കാലാവസ്ഥയും മെച്ചപ്പെട്ടതോടെ മലിനീകരണം ഇല്ലാതെ ആകാശം നീല നിറത്തിൽ കാണപ്പെട്ടു. മനുഷ്യസഞ്ചാരവും വാഹനസഞ്ചാരവും കുറഞ്ഞതോടെ പ്രഭാതത്തിൽ പക്ഷികളുടെ കലകളാരവവും കേൾക്കാൻ തുടങ്ങി. കൂടുതൽ തേനീച്ച, പക്ഷികൾ, അണ്ണാൻ, കുറുക്കൻ, ബാഡ്ജറുകൾ എന്നിവ പൂന്തോട്ടങ്ങളിലേക്ക് തിരിച്ചെത്തിയതായി ആളുകൾ ശ്രദ്ധിച്ചു. തേനീച്ചകളുടെ സഞ്ചാരത്തിനും തേൻ ശേഖരണത്തിനും ലോക്ക്ഡൗൺ കാലം സഹായകമായി മാറി. പ്രകൃതിയിൽ ഉണ്ടായ ഈ മാറ്റം മനുഷ്യരാശിക്ക് മുഴുവനായുള്ള സന്ദേശമാണ്.

ആകാശത്ത് വിമാനങ്ങൾ കുറവായതിനാൽ, രാത്രിയിൽ ആകാശത്തിന്റെ ഫോട്ടോ എടുക്കാൻ പുറപ്പെടുന്ന ഫോട്ടോഗ്രാഫർമാരുടെ എണ്ണവും കൂടിവരുന്നു. ന്യൂകാസിലിലെ കടൽതീരത്ത് സന്ദർശകർ കുറവായതിനാൽ കടൽകൊക്കുകൾ മീൻ പിടിക്കുന്ന കാഴ്ചയും രൂപപ്പെട്ടു. നമ്മുടെ ഗ്രഹത്തിന്റെ ചൂടിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയോ എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ഈ തിരിച്ചുവരവും മലിനീകരണം ഇല്ലാത്തതിനാൽ തെളിഞ്ഞ ആകാശവും സമുദ്രവും മനുഷ്യന് നൽകുന്നത് വലിയ സന്ദേശമാണ്. പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം വെളിപ്പെട്ടുവന്ന ചിത്രങ്ങളും ലോക്ക്ഡൗൺ കാലത്തെ മനോഹര കാഴ്ചകളായി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കോവിഡ് 19 ബാധിച്ചവരുടെ ചികിത്സയ്ക്കും, മറ്റ് പ്രവർത്തനങ്ങൾക്കുമായി എൻഎച്ച്എസിന് വേണ്ടി 29 മില്യൻ പൗണ്ടോളം സമാഹരിച്ച ടോം മൂറിന് തന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ചു ലഭിച്ചത് ഒരുലക്ഷത്തോളം പിറന്നാൾ ആശംസ കാർഡുകളും, ആയിരത്തോളം സമ്മാനങ്ങളും. തുടക്കത്തിൽ 1000 പൗണ്ട് മാത്രം സമാഹരിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയതായിരുന്നു ഈ ഉദ്യമം. പിന്നീട് വലിയൊരു തുക അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. തൻെറ നൂറാം പിറന്നാളിന് മുൻപായി പൂന്തോട്ടത്തിലൂടെ 100 തവണ നടക്കുക എന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹം മുൻപ് പട്ടാളത്തിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. തനിക്ക് ലഭിച്ച ഈ സമ്മാനങ്ങളിൽ എല്ലാം തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പിതാവിനെ ലഭിച്ച ഈ സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്ന് ടോം മൂറിന്റെ മൂത്തമകൾ ലൂസി ടെയ്ക്സിരാ അറിയിച്ചു. തന്റെ പ്രായാധിക്യത്തിലും എൻഎച്ച് എസിന് വേണ്ടി ഇത്രയധികം പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ടോമിനെ നിരവധി ആളുകൾ അഭിനന്ദിച്ചു. കേംബ്രിഡ്ജിലെ ഡ്യൂക്കും ഭാര്യയും, ആക്ടർ മൈക്കിൾ ഷീൻ, ബോക്സർ ആയിരിക്കുന്ന അന്തോണി ജോഷ്വാ തുടങ്ങി പ്രശസ്തരായ പലരും ഇതിൽ ഉൾപ്പെടുന്നു. വെസ്റ്റ് യോർക്ക്ഷെയറിൽ ജനിച്ച ഇദ്ദേഹം പട്ടാളത്തിൽ ചേരുന്നതിനു മുൻപ് സിവിൽ എൻജിനീയർ ആയിരുന്നു. ഇന്ത്യ ഉൾപ്പെടെ പല സ്ഥലങ്ങളിലും അദ്ദേഹം ബ്രിട്ടന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ അൻപതാം വയസ്സിൽ പമേലയെ ഭാര്യയാക്കി. ഇവർക്ക് രണ്ടു മക്കളാണ് ലൂസിയും ഹന്നയും. പിതാവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് മൂത്ത മകൾ ലൂസി പറഞ്ഞു.
സ്വന്തം ലേഖകൻ
ഈസ്റ്റ് ലണ്ടനിലെ ആൾഡ്‌ബോറോ റോഡിൽ വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. തുടർച്ചയായ അഞ്ചാം വാരാന്ത്യത്തിൽ യുകെ കൊറോണ വൈറസ് ലോക്ക്ഡൗണിലാണ് സംഭവം. പോലീസ് എത്തുമ്പോൾ ഒരു പുരുഷനും, പിഞ്ചു പെൺകുട്ടിക്കും, 3 വയസുകാരനും കുത്തേറ്റിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും ആൺ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ മരണത്തിന് കീഴടങ്ങി എന്നും മെറ്റ് പോലീസ് പറഞ്ഞു. ഇവരോടൊപ്പം ഉണ്ടായിരുന്ന 40 വയസ്സുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മെറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നാൽ അക്രമവുമായി ബന്ധപ്പെട്ട് ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

റെഡ് ബ്രിഡ്ജ് കൗൺസിൽ നേതാവായ ജാസ് അത്വാൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. രണ്ടു കുഞ്ഞുങ്ങളുടെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കും എന്ന് അദ്ദേഹം പറഞ്ഞു. അകാലത്തിൽ പൊലിഞ്ഞു പോയ കുഞ്ഞുങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമാണ് താൻ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ലിവർപൂൾ: ഇന്നലെ നാട്ടിൽ മരിച്ച ലിവർപൂൾ മലയാളിയായ റാണിക്ക് (61) ജന്മനാടിന്റെ യാത്രാമൊഴി. രണ്ട് മാസം മുൻപ് ചികിത്സാർത്ഥം നാട്ടിലേക്ക് പോയ റാണി വിൻസെന്റ് (കൊച്ചു ത്രേസ്യ) ഇന്നലെ രാവിലെയായിരുന്നു നാട്ടിൽ മരിച്ചത്. ഒരാളുടെ മരണം ഒരു തീരാ നഷ്ടമാണ് എന്ന് അറിയുമ്പോഴും മരണസമയത്തും അരികിലുണ്ടായിരുന്ന ജീവിത പങ്കാളിയുടെ സാമീപ്യയം വിവാഹസമയത്തെ “ഇന്ന് മുതൽ മരണം വരെ” എന്ന പ്രതിജ്ഞയോട് ചേർന്ന് നിൽക്കുമ്പോൾ എത്രയോ അർത്ഥസമ്പുഷ്ടമാണ് അവരുടെ വിവാഹ ജീവിതം… എത്ര ആരോഗ്യപരവും സന്തോഷവും ദൈവീകതയും നിറഞ്ഞതായിരുന്നു ഈ ദമ്പതികളുടെ ജീവിതമെന്ന് ഇപ്പോൾ മക്കളും ബന്ധുക്കളും കൂട്ടുകാരും തിരിച്ചറിയുന്നു.

വേണ്ടപ്പെട്ട പലർക്കും എത്താൻ സാധിക്കില്ല എന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ട് മരിച്ച ഇന്നലെ തന്നെ ശവസംസ്ക്കാരം നടത്തുകയായിരുന്നു. കൃത്യം അഞ്ച് മണിക്കുതന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. മൂന്ന് വൈദീകർ ആണ് ചടങ്ങിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പലരും അവരെ പ്രാർത്ഥനയിൽ സ്‌മരിച്ചു. സംസ്ക്കാര ചടങ്ങുകളുടെ ഓൺലൈൻ ലൈവ് വീഡിയോ തുടക്കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് യുകെയിലെ കൂട്ടുകാർ, കൂടുതലും ലിവർപൂൾ മലയാളികൾ, സഹപ്രവർത്തകർ ചടങ്ങുകൾ കാണുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ലൈവ് നിന്നുപോയത് യുകെയിലെ കൂട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ നിരാശരാക്കിയെങ്കിലും മനസ്സിൽ റാണിയെക്കുറിച്ചുള്ള നല്ല ചിന്തകൾ മായിക്കാൻ ആർക്കും സാധിക്കില്ല. ശവസംസ്ക്കാര ചടങ്ങുകൾ ഇന്നലെ വൈകീട്ട് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ പൂർത്തിയായി.
മുപ്പതു മിനുട്ടുകൾ കൊണ്ട് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കി. അതുവരെ ദുഃഖം തന്നിൽ അമർത്തി പ്രാർത്ഥനയിൽ പങ്കെടുത്ത വിൻസെന്റ് തന്റെ ജീവിത വഴിയിലെ കഷ്ടങ്ങളിലും സന്തോഷങ്ങളിലും എപ്പോഴും താങ്ങായിരുന്ന ജീവിതപങ്കാളിക്ക് അന്ത്യചുബനം നൽകാൻ ശ്രമിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് വികാരഭരിതനായി… വേർപാട് വരുത്തിയ വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുകയായിരുന്നു. എല്ലാം സഹിക്കാൻ പ്രാപ്തനാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന സമൂഹത്തെ കാണുകയായിരുന്നു.. 
റാണിചേച്ചി അല്ലെങ്കിൽ കൊച്ചുത്രേസ്യ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമാണ് അവരുടെ മഹത്വം നാം മനസ്സിലാക്കുക. രോഗം തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ഇനി അധികം നാളുകൾ ഇല്ല എന്ന തിരിച്ചറിവ് നഴ്‌സായ റാണിക്ക് മറ്റാരും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിവന്നില്ല. വേദകൾ പേറുന്നതിൽ നിന്നും ഒരിക്കിലും ഓടി ഒളിക്കുന്ന ഒരാളായിരുന്നില്ല.
ഇവിടെയാണ് റാണിയുടെ കൊച്ചുത്രേസ്യ എന്ന പേര് അന്വർത്ഥമാക്കുന്ന വഴികൾ നാം മനസിലാക്കേണ്ടത്.. വേദനയുടെ വഴികളിൽ കൂടിയുള്ള യാത്ര… കാൻസർ ചികിത്സാർത്ഥം വളരെ ഗുരുതരമായ ഒരു ഓപ്പറേഷന് റാണി വിധേയയായി… മുറിവുകൾ ഉണങ്ങുന്നതിനു മുൻപ് തന്നെ പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ ചേച്ചിയുടെ അസാമാന്യമായ മനോബലം… സുഹൃത്തുക്കളോട് രോഗത്തെപ്പറ്റിപറയുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്‌ത ഒരു വ്യക്തി… ദൈവത്തിന് മാത്രമേ തന്നെ സുഖപ്പെടുത്തുവാൻ സാധിക്കു എന്ന് ഉറച്ചു വിശ്വസിച്ച റാണിച്ചേച്ചി…
തന്റെ കുറവുകളെ എളിമയോടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാണം ഒന്നും കാണാത്ത ചേച്ചി.. മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾ, പ്രാർത്ഥനകൾ എന്നിവയുടെ മഹത്വം തിരിച്ചറിഞ്ഞ ചേച്ചി… ഒരു രോഗം ഉണ്ടെന്നു അറിഞ്ഞാൽ അത് മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ താല്പര്യം ഇല്ല എന്ന് മാത്രമല്ല വീടിനുള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതം ആണ് നമ്മൾ മലയാളികളുടെത്. തന്റെ കുറവുകളേയും രോഗത്തെയും മറ്റുള്ളവരുമായി പങ്കുവെക്കുവാനും പ്രാർത്ഥനകൾ ആവശ്യപ്പെടാനും ചേച്ചി കാണിച്ച ഒരു ആത്മബലം, നമുക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു മാതൃകയാണ് എന്നാണ് ഇടവക വികാരിയച്ചനായ ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞത്.
മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നും മറ്റുള്ളവർക്ക് സഹായമാവേണ്ടവർ ആണെന്നും ഉള്ള ഒരു സത്യം റാണി ചേച്ചി ഈ കൊറോണ സമയത്തു നമുക്ക് കാണിച്ചു തന്നിരിക്കുകയാണ്.
വിശുദ്ധ കൊച്ചുത്രേസ്യ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകര്‍ഷിച്ചത്. സുവിശേഷ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമര്‍പ്പണവും വിശുദ്ധ തെരേസ പ്രദര്‍ശിപ്പിച്ചു.
അതെ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ പേര് സ്വീകരിച്ച റാണി എന്ന കൊച്ചുത്രേസ്യയെ മരണത്തിലൂടെ ഈ ലോകത്തുനിന്ന് അകറ്റിയെങ്കിലും അവർ പകർന്നുനൽകിയ നല്ല പ്രവർത്തികൾ മക്കളുടെയും ചേച്ചിയെ അറിയുന്ന മലയാളികളുടെയും മനസ്സിൽ ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ വർഷത്തെ ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആൻഡ് എഞ്ചിനീയേഴ്സ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് അഭിമാനനേട്ടം. ബെക്കൻഹാമിൽ കഴിഞ്ഞ 16 വർഷങ്ങളായി താമസിക്കുന്ന വിൻസെന്റ് നവീനിന്റെയും പ്രിയ സ്വർണയുടെയും മകളായ ദിയ വിൻസെന്റ് ആണ് ഈ വർഷത്തെ യുകെ യങ്ങ് സയന്റിസ്റ്റ് ഓഫ് ദി ഇയർ വിജയി. . മറ്റായിരക്കണക്കിന് പ്രോജക്റ്റുകളെ പിന്തള്ളിയാണ് ദിയയുടെ ‘മൈക്രോ ഗ്രീൻസ് ഫ്രം ഗോൾഡ് ഫിഷ്’ എന്ന പ്രൊജക്റ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെവനോക്സ് സ്കൂളിലെ ഏഴാം വർഷ വിദ്യാർത്ഥിനിയായ ദിയ, മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി കൂടിയാണ്. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും മാർച്ചിൽ നടത്തപ്പെടുന്ന മത്സരം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഈ വർഷം ഓൺലൈനിലൂടെയാണ് നടന്നത്. ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ സമ്മാനതുകയായ 2000 പൗണ്ടും ഇനി ദിയക്ക് സ്വന്തം.

ദിയയെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബാംഗ് മത്സരം സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് ഹിലാരി ലിവേഴ്സ് പറഞ്ഞു: ” ഈ വർഷത്തെ പ്രോജെക്റ്റുകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളുടെ ആശയങ്ങളും പരിശ്രമവും ഞങ്ങളെ അതിശയിപ്പിച്ചു.” മിന്നും വിജയത്തെപ്പറ്റി ദിയയുടെ പ്രതികരണം ഇങ്ങനെ :- ” ഞാൻ ശരിക്കും അതിശയിച്ചുപോയി. പങ്കെടുത്തവരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളാണ് ഞാൻ. പ്രായഭേദമന്യേ ആർക്കും മുന്നേറി വിജയം വരിക്കാമെന്ന് ഈയൊരു നേട്ടം എന്നെ പഠിപ്പിച്ചു.” മുത്തച്ഛന്റെ ഒരു ഫിഷ് ടാങ്കിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ദിയ തന്റെ പ്രൊജക്റ്റിലേക്ക് എത്തുന്നത്. വീടിന് വെളിയിലുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് മുത്തച്ഛൻ ചീര വളർത്തിയിരുന്നു. ഇതിന്റെ വേറിട്ടൊരു പതിപ്പാണ് ദിയ പരീക്ഷിച്ചത്. വീടിന്റെ ഉള്ളിലുള്ള അക്വേറിയത്തിലെ വെള്ളം ഉപയോഗിച്ച് മൈക്രോഗ്രീൻസ് വളർത്തുന്നതാണ് ദിയയുടെ പ്രൊജക്റ്റ്. സോളാർ പാനൽ, ചെടികളുടെ ഘടന തുടങ്ങി ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ എല്ലാ മേഖലകളും അതിന്റെ സാധ്യതകളും ദിയയുടെ പ്രൊജക്റ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്.
പ്രശ്നങ്ങളെ മറികടക്കാനുള്ള കഴിവും ക്ഷമയുമാണ് ഇതിൽ നിന്നും പഠിച്ച പാഠങ്ങൾ എന്ന് ദിയ മലയാളം യുകെയോട് പറഞ്ഞു. ” പ്രതീക്ഷ കൈവിടാതിരിക്കാൻ ഞാൻ പഠിച്ചു.” – ദിയ കൂട്ടിച്ചേർത്തു. ഭാവിയിൽ ഒരു ഡോക്ടർ ആയി ശോഭിക്കണം എന്നുള്ളതാണ് ദിയയുടെ ആഗ്രഹം. പ്രധാനമായും ഒരു പീഡിയാട്രിഷ്യൻ ആയി ജോലി ചെയ്യണമെന്ന് ദിയ ആഗ്രഹിക്കുന്നു. ഫോട്ടോഗ്രഫി, പെയിന്റിംഗ്, ജിംനാസ്റ്റിക് തുടങ്ങിയവും ദിയയുടെ ഇഷ്ടമേഖലകളാണ്. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ ദിയയുടെ മാതാപിതാക്കൾ ലണ്ടനിലെ ഐടി മേഖലയിൽ സീനിയർ പ്രൊജക്റ്റ് മാനേജർമാരായി ജോലി ചെയ്യുന്നു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോണമിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തിയാണ് പിതാവായ വിൻസെന്റ് നവീൻ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിന് ശേഷം നിലവിൽ അമേരിക്കയിലെ ജോർജിയ ടെക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് അമ്മയായ പ്രിയ സ്വർണ. സിറ്റി ഓഫ് ലണ്ടൻ സ്കൂളിൽ പഠിക്കുന്ന ദിയയുടെ ജ്യേഷ്ഠൻ റയാൻ കണ്ണൻ, ബിഗ് ബാംഗ് മത്സരത്തിൽ പങ്കെടുത്ത് അപ്രെൻറ്റസ്ഷിപ് നേടിയിട്ടുണ്ട്. ആസ്ട്രോണമി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയാണ് റയാന്റെ ഇഷ്ടമേഖലകൾ. ദിയയുടെ ഈ മിന്നും വിജയത്തോടെ പ്രവാസി മലയാളികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിന്റെ അഭിമാനമായി തിളങ്ങി നിൽക്കുന്ന ഈ കുഞ്ഞുമിടുക്കിക്ക് മലയാളം യുകെയുടെ അഭിന്ദനങ്ങൾ .
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യു കെ യിലെ ആദ്യത്തെ കൊറോണാ വൈറസ് മരണം മാർച്ചിലായിരുന്നു, 70 കാരിയായ സ്ത്രീയുടേത്. എന്നാൽ അതിനുശേഷം ഇതുവരെ ഗവൺമെന്റിന്റെ കണക്കുപ്രകാരം 20000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാൽ ഈ മരണസംഖ്യ നിരക്ക് രാജ്യത്തിന്റെ നാഴികക്കല്ല് ആണെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. ഇത്രയും മരണസംഖ്യ കേൾക്കുമ്പോൾ നമ്മൾ പരാജയപ്പെട്ടോ എന്ന് തോന്നാമെങ്കിലും, രാജ്യം ഈ മഹാമാരിയെ ആരോഗ്യകരമായ രീതിയിൽ തന്നെയാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 5,00, 000 മരണം വരെ സംഭവിക്കാമായിരുന്നിടത്താണ് ഇത്രയും കൊണ്ട് രാജ്യം അതിജീവിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരിൽ അധികംപേരും വയോധികരോ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നവരോ ആണ്. മാത്രമല്ല കൊറോണ വൈറസ് ബാധിക്കുന്നവരിൽ ഇരുപതിൽ ഒരാൾക്കുമാത്രം ആണ് തീവ്രമായ രോഗലക്ഷണങ്ങൾ കണ്ടുവരുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ആരോഗ്യ പ്രവർത്തകരിലും, ചെറിയ കുട്ടികളിലും, മുതിർന്നവരിലും ഉൾപ്പെടെ വൈറസ് ബാധിതരാകുന്നെങ്കിലും മരണസംഖ്യ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് വയോധികർക്കിടയിലാണ്. 10 മരണങ്ങളിൽ ഒമ്പതും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മുൻപുണ്ടായിരുന്ന രോഗാവസ്ഥകൾ പരിശോധിക്കുമ്പോൾ ഹൃദ്രോഗം ബാധിച്ചവരും കൂടുതലായി മരണപ്പെട്ടതായി കാണാം.

ആശുപത്രികളിൽ നടന്ന മരണം മാത്രമാണ് 20000. കെയർ ഹോമുകളിലും മറ്റിടങ്ങളിലുമായി ഈ സംഖ്യ കടന്നേക്കാം. ഏപ്രിൽ ഇന്ത്യയിലെ ആദ്യ ആഴ്ചയിലാണ് മരണസംഖ്യ കൂടുതൽ, അതിനുശേഷം ഗവൺമെന്റിന്റെ കൃത്യമായ തീരുമാനങ്ങളിലൂടെയും ജനങ്ങളുടെ സഹകരണത്തിലൂടെയും മരണസംഖ്യ ഗണ്യമായ രീതിയിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കെയർഹോമുകളിലെ മരണസംഖ്യ കൂടിവരുന്നതായി കാണാം. ഏപ്രിൽ 10 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്. സംഖ്യ ഇനിയും ഉയർന്നേക്കാം. എന്നാൽ ഈ മരണങ്ങൾ മുഴുവൻ കൊറോണ വൈറസ് മൂലം അല്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലവും, ഈ കാലയളവിൽ ചികിത്സയ്ക്ക് നേരിട്ട ബുദ്ധിമുട്ടുകൾ മൂലവും മരണങ്ങൾ നടന്നിട്ടുണ്ട്. ഒരു ദിവസം ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ ആളുകൾ സാധാരണയായി മരിക്കുന്നുണ്ട്, എന്നാൽ അതിൽനിന്നും കൂടുതലാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് . വൈറസ് ഒരിക്കൽ ബാധിച്ചിരുന്നതുകൊണ്ട് മരിക്കണം എന്നില്ല.

ലോക് ഡൗണിലും നിയമങ്ങളിലും ഇളവ് വരുത്തിയാലും ജനങ്ങൾ കർശനമായി വീട്ടിൽ ഇരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ തീർച്ചയായും ഇനിയും മരണസംഖ്യ കുറയ്ക്കാനാവും. നിലവിൽ ഐസിയുകളിൽ പകുതിയിലധികം ബെഡ്ഡുകളും, ഹോസ്പിറ്റൽ വാർഡുകളിൽ 15, 000ത്തിൽ അധികം ബെഡ്ഡുകളും ഒഴിവുണ്ട്. കൃത്യമായ ചികിത്സാരീതി യിലൂടെയാണ് ഈ മഹാവിപത്തിനെ തടഞ്ഞുനിർത്താൻ സാധിച്ചത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഉത്തര കൊറിയ:- ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ അവസ്ഥ അതീവ ഗുരുതരമെന്ന് മാധ്യമ റിപ്പോർട്ടുകൾ. അദ്ദേഹത്തിന് മരണം സംഭവിച്ചതായും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെയും ഈ വസ്തുതയെ സംബന്ധിച്ച കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല. ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടർ ആയിരിക്കുന്ന ഷിജിയാൻ സിങ്ങ്സൗ കിം ജോങ് ഉന്നിന്റെ മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ ചില ജാപ്പനീസ് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം കോമയിൽ ആണെന്നും റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇതേസമയം ഇദ്ദേഹത്തിന് സ്വന്തമായുള്ള 250 മീറ്റർ നീളമുള്ള ആഡംബര ട്രെയിൻ വേൺസാൻ ഹോളിഡേ കോമ്പൗണ്ടിന് സമീപം വ്യാഴാഴ്ച സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കണ്ടെത്തിയതായി വെബ്സൈറ്റ് 38 നോർത്ത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഏപ്രിൽ 11ന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടില്ല. ഏപ്രിൽ 15-ന് നടന്ന ആഘോഷങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകാതിരുന്നതാണ് അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത്.

ഇതേസമയം ചൈനയിൽ നിന്നുള്ള മെഡിക്കൽ സംഘം ഉത്തരകൊറിയയിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഉത്തരകൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൗത്ത് കൊറിയൻ അധികാരികളും, ചൈനീസ് മാധ്യമങ്ങളും ഈ റിപ്പോർട്ടുകളെ ഇതുവരെ പിന്തുണച്ചിട്ടില്ല.
ഡോ. ഐഷ വി
നമ്മൾ വളരെയൊന്നും കഷ്ടപ്പെടാതെ നമുക്ക് കിട്ടുന്ന ചില നേട്ടങ്ങളുണ്ട്. അത് കൃഷിയിലായാലും മറ്റു കാര്യങ്ങളിലായാലും . അത് ചിലപ്പോൾ നമ്മൾ കഷ്ടപ്പെട്ടു കിട്ടുന്നതിനേക്കാൾ വളരെ വലുതായിരിക്കുകയും ചെയ്യും. അങ്ങനെയുള്ള ചില അനുഭവങ്ങളാണ് കൃഷിയുമായി ബന്ധപ്പെട്ട ഇന്നത്തെ കുറുപ്പിലുള്ളത്. പ്രകൃതി ചിലപ്പോൾ നമുക്ക് വളരെ വലിയ ഭാഗ്യം കൊണ്ടുതരും. ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും ധാരാളം ഉണ്ടായേക്കാം. ഞങ്ങൾ കാസർഗോഡ് വാടക വീട്ടിൽ താമസിക്കുന്ന കാലം. അവിടത്തെ പറമ്പിൽ കയ്യാലയ്ക്കരികിലായി 20 മീറ്ററോളം നീളത്തിലും രണ്ട് മൂന്ന് മീറ്റർ വീതിയിൽ മുളങ്കാട് ഉണ്ടായിരുന്നു. ആ ഭാഗത്തേയ്ക്കു ആരും തന്നെ അങ്ങനെ പോകാറില്ല. ഒരു ദിവസം ഞങ്ങൾ നോക്കുമ്പോൾ അതിനടുത്തായി ആരുത പോലള്ള ഒരു ചെടിയിൽ നിറയെ നല്ല ഭംഗിയുള്ള വയലറ്റ് പൂക്കൾ . അതിനടുത്തായി രണ്ട് വറ്റൽ മുളകു ചെടിയിൽ നിറയെ പഴുത്തു ചുവന്ന കായകൾ. ഞങ്ങൾ അത് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അമ്മ ഒരു മുറത്തിൽ ആ പഴുത്ത മുളകുകൾ മുഴുവൻ പറിച്ചെടുത്തു. വെയിലത്ത് ഉണക്കി വറ്റൽ മുളകാക്കി. കാക്കയോ മറ്റ് പറവകളോ തിന്ന് കാഷ്ഠിച്ചപ്പോൾ വിത്തുവിതരണം നടന്നു മുളച്ചതാകാം. ഇല്ലിമുളം കാടിന്റെ ഇലകൾ പൊഴിഞ്ഞ് വീണ് ഫലഭൂയിഷ്ടമായ മണ്ണ് നൽകിയ വളം സ്വീകരിച്ച് കരുത്തുറ്റ് വളർന്നതാകാം. ഏതായാലും ഞങ്ങൾക്ക് അത് പ്രതീക്ഷിക്കാത്ത നേട്ടമായി. അമ്മ പിന്നീട് അതിന്റെ വിത്തുകൾ പാകി മുളപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ ഞങ്ങൾ അമ്മ വീടായ ചിരവാന്നോട്ടത്ത് വലിയ വിള വീട്ടിൽ താമസിക്കുന്ന സമയം . ഒരു ദിവസം രാവിലെ അമ്മ ഞങ്ങൾക്ക് ഒരത്ഭുതം കാണിച്ചു തന്നു. അടുക്കളയുടെ പടിഞ്ഞാറ് വശത്ത് നിറയെ കൂണുകൾ . കുഞ്ഞി കുടകൾ പോലെ നിൽപ്പാണ്. തലേന്ന് പെയ്ത മഴയത്ത് മുളച്ചു വന്ന കൂൺ കുടകൾ ഒരു വെള്ള പരവതാനി വിരിച്ച പോലെയായിരുന്നു അല്പം ദൂരെ നിന്ന് നോക്കുന്ന വർക്ക് തോന്നുക. അമ്മ ഒരു ചരുവം എടുത്തു കൊണ്ടു വന്നു. ഞങ്ങൾ കുട്ടികളും അമ്മയും ചേർന്ന് ഈ കൂണുകളെല്ലാം പറിച്ചെടുത്ത് ചരുവത്തിൽ നിറച്ചു. അമ്മ അതു വച്ച് തോരനും തീയലുമൊക്ക പാചകം ചെയ്തു. തൊട്ടടുത്ത മൂന്ന് പ്രഭാതങ്ങളിൽ കൂടി ഇതാവർത്തിച്ചു. പിന്നീട് മിക്ക വർഷങ്ങളിലും ഞങ്ങൾക്ക് ഇതു പോലെ കൂണുകൾ ലഭിച്ചിട്ടുണ്ട്. നമ്മൾ പറമ്പിലൊക്കെ നോക്കണമെന്ന് മാത്രം. ഭക്ഷ്യയോഗ്യമായ കുമിളുകളും വിഷക്കുമിളുകളും ഉണ്ടെന്ന് അമ്മ പറഞ്ഞാണ് ഞങ്ങളറിയുന്നത്. അമ്മയ്ക്കവ തിരിച്ചറിയാൻ പ്രത്യേക കഴിവാണ്. ഇക്കാര്യത്തിൽ ഞാനിപ്പോഴും അത്ര പോര . ഒടിഞ്ഞു വീണുണങ്ങിയ മരച്ചില്ലകളിലും വൈക്കോൽ പൊടിഞ്ഞു വീണ മണ്ണിലും ഇലകൾ വീണടിഞ്ഞിടത്തും ഇതുപോലെ കൂണുകൾ മഴ പെയ്ത് കഴിഞ്ഞ് കൂട്ടമായി മുളയ്ക്കാറുണ്ട്. മാവിൻ ചുവട്ടിൽ ഒറ്റപ്പെട്ട വലിയ കുമിൾ തുടർച്ചയായി നാലഞ്ച് ദിവസം ലഭിച്ച അനുഭവവുമുണ്ട്. ഇന്നലെ പെയ്ത മഴയത്ത് മുളച്ച കൂണിനോട് ചില മനുഷ്യരെ ഉപമിച്ച് നിസ്സാരവൽക്കരിക്കുമ്പോഴും ഈ കൂണുകൾ അത്ര നിസ്സാരന്മാരല്ല. പോഷക സമൃദ്ധമായ രുചിയുള്ള ഭക്ഷണ പദാർത്ഥം എന്നതു മാത്രമല്ല കൂണുകളുടെ ഗുണം. ഫംഗസ് ഗണത്തിൽ പെട്ട കൂണുകൾ ആന്റി ബയോട്ടിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഡോ. അലക്സാണ്ടർ ഫ്ലെമിങ്ങിന്റെ കണ്ടു പിടുത്തം തന്നെ ഉദാഹരണം. ഒട്ടേറെ രോഗികൾക്ക് രോഗ ശാന്തി നൽകാൻ ഫംഗസുകൾ കാരണമായി. മഴ കൂൺ മാത്രമല്ല നൽകുന്നത് എല്ലാ ജീവജാലങ്ങൾക്കും വെള്ളവും ചെടികൾക്ക് വളവും കൂടിയാണ്. എഫ് എ സി റ്റി യിലോ മറ്റു രാസവള നിർമ്മാണ ഫാക്ടറിയിലോ നിർമ്മിക്കാൻ പറ്റാത്തത്രയും നൈട്രജൻ വളങ്ങളാണ് ഒറ്റമഴയിൽ സസ്യജാലങ്ങൾക്ക് ലഭിക്കുന്നത്. മഴ കൊണ്ട മരങ്ങളുടേയും പുൽക്കൊടികളുടേയും ഉണർവ്വും ഉന്മേഷവും നമ്മൾ നനയ്ക്കുമ്പോൾ ചെടികൾക്കില്ല.
മറ്റൊരനുഭവം ഞങ്ങൾ ചിറക്കര താഴത്ത് കാഞ്ഞിരത്തും വിളയെന്ന ഞങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ്. ഈ വീടിനും ഇതിന്റെ തൊട്ടു മുറ്റത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ ശ്രീധര വിലാസം എന്ന വീടിനും ആളുകൾ പൊതുവേ കീഴതിൽ വീട് എന്ന വീട്ടു പേരാണ് വിളിച്ചിരുന്നത്. ഈ വീടുകൾ നിൽക്കുന്ന പുരയിടത്തിന് തൊട്ട് മുകളിലുള്ള പറമ്പിൽ താമസിക്കുന്ന കുന്നുവിള വീട്ടുകാർ ആണ് ഈ പേര് നൽകിയത്. അത് ഞങ്ങളുടെ ഭാരതി അപ്പച്ചിയുടെ വീടാണ്. അവർ പറഞ്ഞ് പറഞ്ഞ് താഴത്തെ വീടുകൾ കീഴതിൽ ആയി. ശരിയായ പേര് മറ്റുള്ളവർക്ക് അറിയാതെയുമായി .
ഭാരതി അപ്പച്ചിയുടെ പറമ്പിൽ മൂന്ന് കൂറ്റൻ ഇലഞ്ഞി മരങ്ങൾ 1979-86 കാലഘട്ടത്തിൽ ഉണ്ടായിരുന്നു. രണ്ടെണ്ണം ഇപ്പോഴുമുണ്ട്. അതിൽ ഒന്ന് ഞങ്ങളുടെ പറമ്പിലേയ്ക്കാണ് പടർന്ന് പന്തലിച്ച് നിന്നിരുന്നത്. കരിമ്പച്ച ഇലകളും പൂവിടുന്ന കാലത്തെ മാസ്മര സുഗന്ധവും തലയെടുപ്പോടു കൂടിയുള്ള നിൽപും അതു നൽകുന്ന തണലും വിശേഷം തന്നെ. ഒരാദായവുമില്ലെന്ന് നമ്മൾ കരുതുന്ന പാഴ്വൃക്ഷങ്ങൾ നൽകുന്ന ഓക്സിജനും തണലും നമ്മൾ കണക്കാക്കാറില്ലെന്നു മാത്രം. ഞങ്ങൾ അവിടെ താമസമാക്കിയ 1979 ൽ അച്ഛനമ്മമാർക്ക് ഈ വൃക്ഷത്തിന്റെ മൂടല് കാരണം ആ ഭാഗത്തുള്ള തട്ടുകളിൽ നമുക്ക് ഒന്നും തന്നെ കൃഷി ചെയ്യാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. കൂടാതെ ഈ തട്ടുകളിൽ നേരത്തേ നട്ടിരുന്ന തെങ്ങുകളും റിഫ്ലക്സ് ആക്ഷൻ മൂലം ചരിഞ്ഞ് വളർന്നെങ്കിലുo കായ്ഫലം ഇല്ലാതെ നിൽക്കുകയാണ്. അതിനാൽ അമ്മ ഭാരതി അപ്പച്ചിയോട് സംഭാഷണ മദ്ധ്യേ ഇലഞ്ഞി മുറിക്കുന്ന കാര്യം സൂചിപ്പിച്ചു. അപ്പച്ചിയുടെ ഭർത്താവ് ഗോപാലൻ മാമന്റെ ജന്മ നക്ഷത്ര വൃക്ഷമായതിനാലാണ് മുറിക്കാത്തതെന്ന് അപ്പച്ചി പറഞ്ഞു.
പിന്നെ അച്ഛനമ്മമാർ അതേപ്പറ്റി യാതൊരു പരാതിയും പറയാൻ പോയില്ല. ഏതൊരു പ്രതികൂല പരിതസ്ഥിതികളെയും പഴിച്ചിരിക്കാതെ അതിനെ അനുകൂലമാക്കാനുള്ള സഹജമായ കഴിവ് അച്ഛനമ്മമാർക്കുണ്ടായിരുന്നു. അതിനാൽ വേനൽക്കാലത്ത് ഇലഞ്ഞി പൊഴിക്കുന്ന കരിയിലകൾ മുഴുവൻ വാരി അമ്മ മറ്റു തട്ടുകളിലുള്ള കൃഷിക്ക് പുതയായി ഉപയോഗിച്ചു. ഇലപ്പൂ വീഴുന്ന സമയത്ത് ഞങ്ങൾ അതിന്റെ സുഗന്ധം ആസ്വദിച്ചു. പൂക്കൾ പെറുക്കി മാലകൾ കോർത്തു . ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിൽ പഴുത്ത കായകൾ വീണപ്പോൾ അതിന്റെ കുരു കളഞ്ഞ് ഞങ്ങൾ ഭക്ഷിച്ചു. മഴക്കാലത്ത് ഞങ്ങൾ കുട്ടികൾ ആ തട്ടിലേയ്ക്ക് പോയപ്പോൾ ആ തട്ടു നിറയെ പാവൽ വള്ളികൾ സാമാന്യം വലിയ നെല്ലിക്കാ വലുപ്പത്തിലുള്ള ധാരാളം കായ്കളുമായി നിൽക്കുന്നത് കണ്ടു. ഞങ്ങൾ ആ കായ്കളിൽ ചിലത് പറിച്ചു കൊണ്ട് വന്ന് അച്ഛനെ കാണിച്ചു. അച്ഛൻ പറഞ്ഞു അത് കാട്ടു പാവലാണെന്ന്. തിന്നാൻ കൊള്ളാം. ഞങ്ങൾ ഒരു വലിയ സ്റ്റീൽ ചരുവവുമായി പറമ്പിന്റെ ആ തട്ടിലേയ്ക്ക് പോയി. കാട്ടു പാവയ്ക്ക മുഴുവൻ പറിച്ചെടുത്തു. അമ്മ അത് തോരനും മെഴുക്കു പുരട്ടിയുമൊക്കെയാക്കി. മഴക്കാലത്ത് എല്ലാ ആഴ്ചയും ഇത് ആവർത്തിച്ചു. ആഴ്ചയിൽ ഒരു കിലോയിലധികം പാവയ്ക്ക യാതൊരു ചിലവുമില്ലാതെ ഞങ്ങൾക്ക് ലഭിച്ചു. ഗോപാലൻ മാമൻ മരിച്ച ശേഷം അപ്പച്ചിയുടെ മകൻ ബാബു വണ്ണൻ( അഗ്രോ ഇന്റസ്ട്രീസ് കോർപറേഷനിൽ എഞ്ചിനീയറായിരുന്ന ശ്രീ സുഭാഷ് ചന്ദ്രബോസ് , ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റായിരുന്ന Dr പി ശോഭന) തിരുവനന്തപുരത്തെ ആദ്യ സ്വന്തം വീട് നിർമ്മിക്കാനായി ഈ ഇലഞ്ഞി മരം മുറിക്കുന്നതുവരെ ഞങ്ങൾക്ക് എല്ലാ വർഷവും കാട്ടുപാവയ്ക്ക തിന്നാൻ യോഗമുണ്ടായി. ആ മരത്തോടൊപ്പം കാട്ടുപാവലുകളും അപ്രത്യക്ഷമായി. ആ മരത്തിൽ ചേക്കേറിയിരുന്ന പറവകൾ തിന്ന ശേഷം നിക്ഷേപിച്ചിരുന്ന വിത്തുകൾ മുളച്ച പാവൽ വളളികളാണ് അഞ്ചാറ് വർഷം പന്തലുകളില്ലാതെ വളമിടാതെ വെള്ളമൊഴിക്കാതെ കായകൾക്ക് കൂടിടാതെ കീടനാശിനി തളിക്കാതെ ചുരുക്കി പറഞ്ഞാൽ കായ പറിച്ചെടുക്കുക എന്നതിൽ കവിഞ്ഞ് യാതൊരദ്ധ്വാനവുമില്ലാതെ ഞങ്ങൾക്ക് ആവശ്യത്തിലധികം പാവയ്ക്ക തന്നത്.
അത്തരം പാവൽ പിന്നെ മറ്റെങ്ങും കണ്ടിട്ടില്ല. അനുജത്തിയുടെ വിവഹം കഴിഞ്ഞ് വെള്ളല്ലൂരിലെ ഭർത്തൃ വീട്ടിലേയ്ക്ക് പോയ ശേഷം കേട്ടറിഞ്ഞ വിവരം വർഷങ്ങൾക്ക് മുമ്പ് അവരുടെ മരച്ചീനി വിളകളിൽ ധാരാളം കാട്ടുപാവലുകളും കാട്ടുപടവലവും ഉണ്ടായിരുന്നെന്നാണ്. അന്നന്ന് ഭക്ഷണത്തിനെടുത്തിട്ട് അധികമുള്ളവ അനുജത്തിയുടെ അമ്മായിയമ്മ ചാക്കു കണക്കിന് ഉണക്കി സൂക്ഷിച്ചിരുന്നത്രേ. പിന്നീട് അവിടെയും ഈ ചെടികൾ നശിച്ചു പോയി. ചില മരങ്ങൾ നശിക്കുമ്പോൾ അതോട് ബന്ധപ്പെട്ട അടിക്കാടുകളും വള്ളികളും പറവകളും നശിക്കുന്നു.
മറ്റൊരോർമ്മ ഒരു രാത്രി അച്ഛൻ ജോലിയ്ക്ക് പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നത് കാട്ടുവാഴയുടെ വിത്താണ്. കാസർഗോഡിന്റെ കാട്ടു പ്രദേശത്ത് സർവ്വേ ചെയ്യാനായി പോയ അച്ഛനും സഹപ്രവർത്തകരുo കാട്ടിൽ പഴുത്തു നിൽക്കുന്ന വാഴക്കുലയിലെ പഴങ്ങൾ ഭക്ഷിച്ചു. നാട്ടുവാഴകളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം മാംസളഭാഗവും കൂടുതൽ വലിയ വിത്തുകളുമാണ് കാട്ടുവാഴയ്ക്കുള്ളത്. വിത്തുകൾക്ക് നിത്യവഴുതനയുടെ വിത്തുകളുടെ വലുപ്പം വരും .ചെറുകല്ലുകൾ പോലെ. ഞങ്ങൾ അത് പാകി നോക്കിയെങ്കിലും മുളച്ചില്ല. കാട്ടിൽ ചെറു പൂക്കളുള്ള റോസാ ചെടികളും ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ മരച്ചീനി അഥവാ കപ്പ വിദേശിയാണെങ്കിലും അവ ഇവിടെയെത്തുന്നതിന് മുമ്പു തന്നെ ആദിവാസികൾക്ക് പരിചിതമായ കാട്ടു കപ്പ നമ്മുടെ വനാന്തരങ്ങളിൽ ഉണ്ടായിരുന്നെന്നാണ് കണ്ണൂരിൽ ഞാൻ ജോലി ചെയ്തിരുന്ന കോളേജിൽ ഗസ്റ്റ് ഫാക്കൽട്ടി ആയിരുന്ന വാസുദേവൻ കോറോം പറഞ്ഞിട്ടുള്ളത്.
ഈ അടുത്ത കാലത്ത് ഒരു മഴക്കാലത്ത് ഞങ്ങളുടെ പറങ്കി മാവിന്റെ മുകളിലേയ്ക്ക് വെറുതേയൊന്ന് നോക്കിയപ്പോൾ കണ്ടത് നിറയെ കുമ്പളങ്ങ പിടിച്ചു കിടക്കുന്നു. കുമ്പളത്തിന്റെ വേരുകൾ അന്വേഷിച്ചു ചെന്നപ്പോൾ ഞങ്ങൾ തടമെടുത്ത് വളമിട്ട് നട്ട കുമ്പളമൊന്നുമല്ല അത്. തടത്തിലിട്ടതൊന്നും കുരുത്തിരുന്നില്ല. മറ്റൊരിടത്ത് കൈയ്യിൽ നിന്നോ മറ്റാ അറിയാതെ വീണ വിത്താണ് മരത്തിൽ കയറി കായ്ച്ചു കിടന്നത്. ഇതുപോലെ പ്രകൃതി ഞങ്ങളറിയാതെ കാത്തുവച്ച കോവലും കാന്താരി മുളകുമൊക്കെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മൂന്നിനം ചെറു പച്ച കാന്താരി മുളക് ഞങ്ങൾക്കുള്ളതിൽ രണ്ടെണ്ണം പ്രകൃതി തന്നതാണ്. ഒന്ന് വേപ്പിന്റെ മൂട്ടിൽ വിത്തു വീണ് കിളിർത്തുവന്നത്. അത് കിളികളുടെ സംഭാവനയാകാം . മറ്റൊന്ന് മ്യൂട്ടേഷൻ സംഭവിച്ചതാകണം. ഒരല്പം കൂടി വലുപ്പുള്ളവ.
നദികൾ ഒഴുക്കി കൊണ്ടു വരുന്ന എക്കലടിഞ്ഞ പുഞ്ച നെൽപ്പാടങ്ങളും കൈപ്പാട് നിലങ്ങളും മറ്റു വളപ്രയോഗമൊന്നുമില്ലാതെ നല്ല വിളവു തരും. വെള്ളം വറ്റിച്ച് മുകൾ പൊറ്റയും താഴെ ഒരാൾ താഴ്ചയിൽ ആളു താഴ്ന്നു പോകാവുന്ന ചെളികളുമുള്ള പ്രതലത്തിൽ ഒരല്പം ചാഞ്ഞു നിന്നു താഴ്ന്നു പോകാതെ ഞാറു നടാനുള്ള തഴക്കവും വഴക്കവും വേണമെന്ന് മാത്രം. വെള്ള കൂടുതൽ പൊങ്ങുന്ന സ്ഥലങ്ങളിൽ ഉയരo കുറഞ്ഞ നെൽച്ചെടി കളു ണാകുന്ന വിത്തിടരുതെന്ന് മാത്രം.
ഞങ്ങളുടെ വീട്ടിൽ മുൻ വശത്ത് റോഡരികിലായി മൂന്നു മാവുകൾ അടുത്തടുത്തായി നിൽപുണ്ട്. അതിലൊന്ന് കിളിച്ചുണ്ടൻ, മറ്റൊന്ന് മൈലാപ്പൂർ ആന്നെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാമത്തേതിനെ പാർവണേന്ദു എന്നു വിളിക്കാനാണ് എനിയ്ക്കിഷ്ടം. കാഴ്ചയിൽ ഹരിച്ചുണ്ടനെ പോലെ തോന്നുo. രണ്ടു വർഷം കൂടുമ്പോൾ നന്നായി കായ്ക്കുന്ന ഈ മാവിലെ മാമ്പഴം മുഴുവൻ നാട്ടുമാങ്ങ പോലെ പൊഴിഞ്ഞു വീഴും. പെറുക്കിയെടുത്താൽ മാത്രം മതി. നല്ല സ്വാദും മണവും നിറവും മധുരവും നാട്ടുകാരുടെ അഭിപ്രായത്തിൽ ഈ മാമ്പഴത്തിന്റെ രുചിയും മധുരവും മറ്റു മാമ്പഴങ്ങൾക്കില്ലെന്നാണ്. പ്രകൃതി ഒരു മഹാത്ഭുതമാണ്. അത് നമുക്കായി പലതും കാത്തുവയ്ക്കും. അത് തിരിച്ചറിയണമെന്ന് മാത്രം.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.
ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.
ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..
പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.
ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ ആശുപത്രിയിൽ ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.
അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.
വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.
ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.