ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ
കോവിഡ് – 19 രാജ്യത്തെ പിടിച്ചു കുലുക്കുകയും ബ്രിട്ടണിലെമ്പാടും ലോക് ഡൗൺ നിലവിൽ വരികയും ചെയ്തതോടുകൂടി സ്റ്റുഡന്റ് വിസയിൽ ബ്രിട്ടണിലുള്ള നിരവധി മലയാളികൾ കടുത്ത പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പലരും ഭക്ഷണം പോലും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനുപുറമേ പലർക്കും കൊറോണ വൈറസ് ബാധയേറ്റത് സ്ഥിതിഗതികൾ വഷളാക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തി കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടമായതാണ് പ്രശ്നങ്ങൾക്ക് കാരണം.
സ്റ്റുഡൻസ് വിസയിൽ എത്തിയവർ പലരും ചെറുകിട റീടെയിൽ ഷോപ്പുകളിൽ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസയിൽ എത്തിയവർക്ക് ഇല്ലെന്നുള്ളത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേബാക്ക് അനുവദിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ കൂടി കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികളുടെ കടുത്ത ഒഴുക്കായിരുന്നു. പലരും വീടും വസ്തുവും പണയപ്പെടുത്തിയാണ് എങ്ങനെയും കടൽകടന്ന് ഒരു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹത്തോടെ യുകെയിൽ എത്തിയത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി സ്ഥിരതാമസമാക്കിയ പലരുടെയും കഥകൾ ഇത്തരക്കാർക്ക് പ്രചോദനം ആവുകയും ചെയ്തു.
എന്നാൽ അവിചാരിതമായി കടന്നുവന്ന കൊറോണ ദുരന്തം ഇവരുടെയെല്ലാം പ്രതീക്ഷകളെ തട്ടിമറിച്ചിരിക്കുകയാണ്. കടുത്ത ജീവിത ചിലവുള്ളതിനാൽ യുകെ പോലുള്ള രാജ്യങ്ങളിൽ പാർട്ട് ടൈം ജോലി എങ്കിലും ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല. സ്ഥിരതാമസക്കാരാകാൻ സാധ്യത കുറവായതിനാൽ വിവിധ സ്ഥലങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്കും ഇവരുടെ കാര്യത്തിൽ താത്പര്യമില്ല. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വിഷമിക്കുന്ന സ്റ്റുഡന്റ് വിസക്കാർക്ക് മലയാളി സംഘടനകളുടെ സഹായം, നാട്ടിൽ പോകാൻ താൽപര്യമുള്ളവർക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലുകളുമാണ് മലയാളി വിദ്യാർഥികളുടെ ആവശ്യം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണാ കാലത്തെ സാമ്പത്തിക നേട്ടത്തിനായുള്ള ഉത്സവകാലമാക്കാനുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ. കൊറോണാ കാലത്ത് ജീവൻ പണയം വെച്ച് പോരാടുന്ന നഴ്സുമാരുടെ ശമ്പളം 50 മുതൽ 80 ശതമാനം വരെ ചില സ്വകാര്യ മാനേജ്മെന്റുകൾ വെട്ടിക്കുറച്ചതായി ജാസ്മിൻഷാ ആരോപിച്ചു. 20000 രൂപയും അതിൽ കുറവും മാസ ശമ്പളം ലഭിക്കുന്ന നഴ്സുമാർക്കാണ് ഈ ദുരവസ്ഥ. ഇന്ത്യയിൽ പലയിടത്തും നഴ്സുമാർക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകാതെ ചാവേറാകാൻ ആണ് നേഴ്സുമാരുടെ വിധി.

സമാന വിഷയത്തിൽ മലയാളം യുകെയിൽ വന്ന വാർത്ത
ചില മാനേജ്മെന്റുകൾ കോവിഡ് – 19 രോഗിയാണെന്നുള്ള വിവരം നഴ്സുമാരിൽ നിന്ന് മറച്ചുവെച്ച് ജോലി എടുപ്പിക്കുന്നത് നഴ്സുമാരുടെ ജീവന് ഭീഷണിയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും നഴ്സുമാരിലും ആരോഗ്യപ്രവർത്തകരിലും കോവിഡ് പകരാൻ കാരണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണെന്ന് ജാസ്മിൻഷാ ചൂണ്ടിക്കാട്ടി. മാലാഖ വിളി നിർത്തി മനുഷ്യരായി കണ്ട് നേഴ്സുമാർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നൽകാൻ ജാസ്മിൻഷാ അധികാരികളോട് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി എട്ടരയോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ആണ് മാറ്റിയതെന്നും ജോൺസന് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ താല്‍ക്കാലികമായി തന്റെ ചുതലകളേല്‍പിച്ച ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പിന്നിൽ ശക്തമായൊരു ടീം സ്പിരിറ്റ് ഉണ്ടെന്ന് സർക്കാറിന്റെ പ്രതിദിന കോവിഡ് -19 മീറ്റിംഗിൽ അദ്ധ്യക്ഷനായ റാബ് പറഞ്ഞു. ജോൺസൺ നിർദ്ദേശിച്ച പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ താനും സഹപ്രവർത്തകരും പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് ചലഞ്ചിലൂടെ ഞങ്ങൾ രാജ്യത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഇതിനെ “ഭീകര വാർത്ത” എന്നാണ് വിശേഷിപ്പിച്ചത്. ബോറിസ് ജോൺസന്റെ തിരിച്ചുവരവിനായി അമേരിക്കൻ ജനതയുടെ പ്രാർത്ഥന ഒപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “എന്റെയും ഈ രാജ്യത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹം.” ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയ്ക്കും ഗർഭിണിയായ അദേഹത്തിന്റെ പങ്കാളി കാരി സൈമണ്ട്സിനും തന്റെ പിന്തുണ ഉണ്ടെന്നും ജോൺസൺ ഇതിലും ശക്തനായി തിരിച്ചു വരവ് നടത്തുമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ജോൺസന്റെ രോഗമുക്തിക്കായി എല്ലാ നല്ല ആശംസകളും അയയ്ക്കുകയാണെന്ന് പറഞ്ഞു. ജോൺസന്റെ മുൻഗാമിയായ തെരേസ മേയും മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ജോൺസന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചു. ഈ അഗ്നിപരീക്ഷയെ അദ്ദേഹം വേഗത്തിൽ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ജോൺസൻ തന്റെ ആരോഗ്യത്തിലേക്ക് വേഗത്തിൽ മടങ്ങിവരട്ടെയെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ ആശംസിച്ചു.

സെന്റ് തോമസ് ഹോസ്പിറ്റലിൽ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ സ്റ്റാഫുകൾ ഉണ്ടെന്നും പ്രധാനമന്ത്രി സുരക്ഷിതമായ കൈകളിലാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 439 പേർ മരണപ്പെട്ടു. ആകെ മരണസംഖ്യ 5,373ലേക്ക് ഉയർന്നു. ഒപ്പം രോഗബാധിതരുടെ എണ്ണവും അരലക്ഷം കടന്നു. ഇന്നലെ 3802 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,608 ആയി. ഈ കണക്കുകൾ ഞായറാഴ്ചത്തേക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ, രോഗിയുടെ ശബ്ദത്തിൽ നിന്നും, ചുമയിൽ നിന്നും മറ്റും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള നൂതന പരീക്ഷണങ്ങൾ ഗവേഷണസംഘം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ജനങ്ങളുടെ ശബ്ദ റെക്കോർഡിങ്ങുകൾ ശേഖരിക്കുന്നതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒരു സൗണ്ട് ആപ്പ് രൂപപ്പെടുത്തിയിരിക്കുകയാണ് . ഇതിൽ ജനങ്ങൾ ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തു കൊണ്ട് സംസാരിക്കുന്ന ശബ്ദവും, ചുമയുടെ ശബ്ദവും റെക്കോർഡ് ചെയ്യണം. തങ്ങളുടെ ശബ്ദ റെക്കോർഡിങ് ഈ രോഗബാധയുടെ നിവാരണത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി പറയുകയും വേണം. ഇതോടൊപ്പം തന്നെ നിരവധി ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശബ്ദത്തിന്റെ ഉടമ കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയ വ്യക്തിയാണോ, ആണെങ്കിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണോ തുടങ്ങിയ ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശബ്ദം ഉടമയുടെ പ്രായം, ബയോളജിക്കൽ സെക്സ്, മറ്റ് ആരോഗ്യ അവസ്ഥകൾ, പുകവലിക്കുന്ന ആൾ ആണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം തന്നെ ഈ ആപ്പിൽ ഉണ്ട്. യൂണിവേഴ്സിറ്റിയുടെ സെർവറുകളിൽ ശേഖരിക്കപ്പെടുന്ന ഈ ഡേറ്റാ ഉപയോഗിച്ച് പിന്നീട് കോവിഡ് -19 തിന്റെ ഓട്ടോമാറ്റിക് ഡിറ്റക്ഷന് ആവശ്യമായ അൽഗോരിതം രൂപപ്പെടുത്തും.

ആളുകളുടെ ചുമയും, ശബ്ദവുമെല്ലാം കൊറണ ബാധയുടെ കണ്ടെത്തലിന് സഹായകരമാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസർ സെസിലിയ മസ്‌കളോ വ്യക്തമാക്കി. ഈ ആപ്പ് മെഡിക്കൽ സർവീസുകൾ ഒന്നും തന്നെ പ്രദാനം ചെയ്യുന്നില്ല. ഈ ഡേറ്റകൾ രോഗം എങ്ങനെയാണ് പടരുന്നതെന്ന് വെളിവാക്കുമെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.
ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ
എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.
ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.
സ്വന്തം ലേഖകൻ
യുകെ പോലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് സമൂഹ വ്യാപനം തടയാനായി സ്കൂളുകൾ ഉൾപ്പെടെ അടച്ചതിനെ പറ്റി പഠനം നടത്തി ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ. പഠനത്തിനു ശേഷം സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് സ്കൂളുകൾ അടച്ചത് മികച്ച ഒരു തീരുമാനം ആയിരുന്നു എന്നാണ്. കുട്ടികളിൽ വൈറസ് ബാധ ഉണ്ടായാലും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു, അതിനാൽ ഇൻഫെക്ഷൻ തടയാൻ ഏറ്റവും മികച്ച മാർഗ്ഗം സ്കൂളുകൾ പൂട്ടി ഇടുക എന്നത് തന്നെയാണ്.
ദ ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിസർച്ച് പ്രകാരം 2003 ലുണ്ടായ സാർസ് രോഗവും, ഫ്ലൂവും ഉൾപ്പെടെ 16 കേസുകളിൽ നടത്തിയ പഠനത്തിലാണ് സ്കൂളുകൾ പൂട്ടേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നത്. ഇതുമൂലം രോഗബാധയും മരണസംഖ്യയും 2% മുതൽ 4% വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഗവൺമെന്റ് എടുത്തിരിക്കുന്ന നടപടി ഏറ്റവും പ്രശംസനീയമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് പ്രൊഫസർ ആയ നീൽ ഫെർഗുസൺ അഭിപ്രായപ്പെട്ടു , ലോക് ഡൗൺ കൃത്യമായി പാലിക്കുന്നതിലൂടെ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനും, രോഗം പടരുന്നത് തടയാനും സാധിക്കും. കുട്ടികൾ എല്ലാം വീട്ടിൽ തന്നെ കഴിയുന്നത് വഴി സ്കൂളുകളിലെ സ്റ്റാഫുകൾക്കുൾപ്പെടെ രോഗം പകരുന്നത് തടയാൻ സാധിക്കും. യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ഇപ്പോൾ മൂന്ന് ആഴ്ചകളായി. രോഗ ബാധയോ, സാധ്യതയോ ഉള്ള അനേകം പേർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനും അതുവഴി രോഗികളുടെ എണ്ണം വർധിക്കാതിരിക്കാനും ഇത് സഹായകമായി. സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ വിദ്യാർഥികൾക്കൊപ്പം നല്ലൊരു ശതമാനം ജീവനക്കാരും ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കേണ്ടിവരും, ഇത് വരുത്തിവെയ്ക്കുന്ന അപകടസാധ്യത കൂടി കണക്കിലെടുത്താണ് സ്കൂളുകൾ തുറക്കാത്തത്. എന്നാൽ ഉടനെ തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമോ, എന്നായിരിയ്ക്കും വിദ്യാഭ്യാസ മേഖല പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരിക എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം വളരെ മുൻപേ സ്വീകരിച്ച സ്‌കൂൾ അടച്ചിടൽ തുടങ്ങിയ നടപടികൾ വളരെ ശരിയാണെന്ന് ശാസ്ത്രലോകവും അംഗീകരിച്ചിരിയ്ക്കുകയാണ് .കൊറോണാ വൈറസ് ബാധയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ഘട്ടം സമൂഹവ്യാപനം ആണ് .സമൂഹവ്യാപനംതടയാനായാൽ പകർച്ചവ്യാധിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും.
ക്രോയ്‌ഡോണ്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മറ്റൊരു മലയാളി മരണം കൂടി. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി വെളിമാനം അത്തിക്കൽ സ്വദേശി സിന്റോ ജോര്‍ജ് (36) മുള്ളൻകുഴിയിൽ ആണ് ഇന്ന് രാവിലെ വിടവാങ്ങിയത്. അസുഖം ബാധിച്ച് ഒരാഴ്ചയോളമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. ഡിയബെറ്റിക് ആയിരുന്നു ഷിൻറ്റോ. കഴിഞ്ഞ ദിവസം രോഗം അല്പം ഭേദപ്പെട്ടെങ്കിലും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്ന് രാവിലെ സിന്റോ യാത്രയായി.
ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. എല്ലാവരും യുകെയിൽ തന്നെയാണ് ഉള്ളത്. സിന്റോ ഉൾപ്പെടെ രണ്ടാണും രണ്ട് പെണ്ണും അടങ്ങുന്നതാണ് മുള്ളൻ കുഴിയിൽ കുടുംബം. പരേതനായ സിന്റോ കുടുംബത്തിലെ രണ്ടാമത്തെ ആൾ ആണ്. ഷിനോബി, ഷിൻസി, ഷിബിൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. നാട്ടിൽ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. സന്യസിനിയായ ഷിൻസി ഗുജറാത്തിലും, മൂത്ത ആളായ ഷനോബി കുവൈറ്റ്, ഇളയ ആൾ ഷിബിൻ ബാംഗ്ലൂരും ആണ് ഉള്ളത്.
നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാനോ നഴ്സിംഗ് ഫീൽഡിൽ ജോലി നേടുവാനോ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിച്ചിരിക്കുന്നത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്. സിന്റോയുടെ അകാല നിര്യാണത്തില്‍ ദുഃഖാർത്ഥരായ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില്‍ മലയാളം യുകെയും പങ്ക് ചേരുന്നു. ബര്‍മിംഗ്ഹാമില്‍ നിര്യാതനായ ഡോക്ടര്‍ പച്ചീരി ഹംസയാണ് കൊവിഡ് മൂലം യുകെയില്‍ മരണമടഞ്ഞ ആദ്യ മലയാളി. യുകെയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കൊവിഡ് നിരവധി മലയാളികളെ ബാധിച്ച് കഴിഞ്ഞിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ വിദഗ്ധ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ശേഷം ഐസൊലേഷനിൽ കഴിയുകയായിരുന്നു അദ്ദേഹം. അടിയന്തര നടപടികളേക്കാൾ മുൻകരുതലാണ് ആവശ്യമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഒപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന ഏവരെയും അദ്ദേഹം അഭിനന്ദിച്ചു. വീട്ടിൽ തന്നെ തുടരണമെന്നും എൻഎച്ച്എസിനെ സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനുമുള്ള സർക്കാരിന്റെ ഉപദേശം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന താപനിലയും മറ്റു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതിനാലാണ് ജോൺസനെ മധ്യ ലണ്ടനിലുള്ള ഒരു എൻ എച്ച് എസ് ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പല നേതാക്കന്മാരും ജോൺസന്റെ രോഗം വേഗം ഭേദമാകട്ടെയെന്ന സന്ദേശങ്ങൾ അയച്ചു. “എല്ലാ അമേരിക്കകാരും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു. രോഗം ഭേദമായി അദ്ദേഹം തിരികെയെത്തും. ” ട്രംപ് തന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “പ്രധാനമന്ത്രി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ” ലേബർ പാർട്ടിയുടെ പുതിയ നേതാവ് കീർ സ്റ്റാർമർ ട്വീറ്റ് ചെയ്തു.

മാർച്ച് 27 ന് രോഗം സ്ഥിരീകരിച്ചത് മുതൽ ജോൺസൺ 11 ദിവസമായി ഡൗണിംഗ് സ്ട്രീറ്റിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ചാൻസലർ ഓഫീസിന് മുകളിലുള്ള വസതിയാണ് അദ്ദേഹം ഉപയോഗിച്ചത്. ലോക്ക്ഡൗൺ നടപടികളുമായി പൊരുത്തപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച ഒരു വീഡിയോ സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചിട്ടും ജോൺസൺ സർക്കാരിന്റെ ചുമതലയുള്ളയാളാണെന്നും മന്ത്രിമാരുമായും സഹപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭാവത്തിൽ സി -19 എന്നറിയപ്പെടുന്ന സർക്കാരിന്റെ ദൈനംദിന അടിയന്തര കൊറോണ വൈറസ് കമ്മിറ്റി യോഗത്തിന്റെ ഇന്നത്തെ മീറ്റിംഗിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അധ്യക്ഷനാകും. രോഗം ബാധിച്ച് ബ്രിട്ടനിൽ ഇന്നലെ മരണപ്പെട്ടവരുടെ എണ്ണം 621 ആണ്. ഇതോടെ ആകെ മരണസംഖ്യ 4, 934 ആയി. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ ഇപ്പോൾ യുകെ അഞ്ചാം സ്ഥാനത്താണ്. ഇന്നലെ മാത്രം 5903 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 47,806 ആയി. ഇറ്റലിയുടെയും അമേരിക്കയുടെയും സ്പെയിനിന്റെയുമൊക്കെ പാത പിന്തുടരുകയാണ് ബ്രിട്ടൻ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ എഴുപതിനായിരത്തോളമായി. ഇതിൽ അരലക്ഷത്തോളം മരണം യൂറോപ്പിൽ മാത്രം. അമേരിക്കയിൽ മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുന്നു. 185ൽപ്പരം രാജ്യത്തായി രോഗബാധിതരുടെ എണ്ണം പന്ത്രണ്ടരലക്ഷം കടന്നു. 2,62,351 പേർ രോഗമുക്തരായി. ഇറ്റലിയിൽ മരണസംഖ്യ പതിനയ്യായിരം കടന്നു. സ്പെയിനിലും മരണങ്ങൾ 12000 ആയി. ജർമ്മനിയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. അമേരിക്കയിൽ മൂന്നു ലക്ഷത്തിൽ അധികം രോഗബാധിതരാണ് ഉള്ളത്. ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ ആണ് ഒരു ലക്ഷത്തിനു മീതെ രോഗികൾ ഉള്ളത്. ഇന്ത്യയിൽ മരണസംഖ്യ 100 കടന്നെന്നാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം 4,288 ആയും ഉയർന്നു.
സ്വന്തം ലേഖകൻ
കൊറോണക്ക്എതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിന്ന് നമ്മൾ അതിജീവിക്കുമെന്ന് ബ്രിട്ടീഷ് ജനതയ്ക്ക് ആത്മ ധൈര്യം പകർന്നു നൽകി എലിസബത്ത് രാജ്ഞി. ജനങ്ങൾക്ക് നൽകിയ അപൂർവ്വ സന്ദേശത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാനായി സ്വന്തം വീടുകളിൽ ഇരിക്കാനും, ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കാനും രാജ്ഞി ആഹ്വാനം ചെയ്തു. മറ്റുള്ളവരെ സഹായിക്കാനായി രംഗത്തിറങ്ങിയവരെ പ്രത്യേകമായി അനുമോദിച്ചു. എല്ലാവരും വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ സ്വന്തം സുരക്ഷ നോക്കാതെ സേവനത്തിന് ഇറങ്ങുന്ന സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനത്തെ പ്രത്യേകം പരാമർശിച്ചു.

4, 934 പേരാണ് ഇതിനോടകം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചത്. വിൻസർ കാസിലിൽ നിന്ന് നൽകിയ പ്രത്യേക അഭിസംബോധനയിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്തു ജനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്ന രീതിയിൽ ആണ് രാജ്ഞി സംസാരിച്ചത്. 68 വർഷമായുള്ള ഭരണ പാരമ്പര്യത്തിൽ ഇത് അഞ്ചാം തവണയാണ് രാജ്ഞി ഇങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഇതിനുമുമ്പ് ധാരാളം പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തിട്ടുണ്ടെങ്കിലും ഇത് വളരെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് അവർ ഓർമപ്പെടുത്തി. ഒരുമിച്ച് നിന്ന് നമ്മൾ ഇതിനെ നേരിടുമെന്നും തീർച്ചയായും വിജയം നമ്മുടേതാണെന്നും രാജ്ഞി പറഞ്ഞു. നമ്മുടെ നല്ല ദിനങ്ങൾ വീണ്ടും വരും, സുഹൃത്തുക്കളെയും കുടുംബങ്ങളെയും സന്ദർശിക്കാനും, ഒപ്പമിരുന്ന് ആനന്ദ മുഹൂർത്തങ്ങൾ സൃഷ്ടിക്കാനും നമുക്ക് കഴിയും. പ്രിയപ്പെട്ടവരുമായി പിരിഞ്ഞിരിക്കുന്നത് എത്ര വേദനാജനകമാണെന്ന് തനിക്കറിയാമെന്ന് സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ കുറിച്ച് 93കാരിയായ രാജ്ഞി പറഞ്ഞു. നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, നാമെല്ലാവരും ഒരുമിച്ച് ഈ രോഗത്തെ കീഴടക്കുമെന്നും, കുറച്ച് അച്ചടക്കവും കുറെയേറെ ക്ഷമയും എല്ലാവർക്കും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ഈ സമയത്ത് ഓരോ വ്യക്തിയും ചെയ്യുന്നത് സ്വന്തം കുടുംബത്തിനോ രാജ്യത്തിനോ വേണ്ടി മാത്രമല്ല ലോകത്തിനു മുഴുവനും വേണ്ടിയാണെന്ന് രാജ്ഞി ഓർമിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് പ്രശസ്ത ഗായിക വെറ ലിൻ പാടിയ,, വീ വിൽ മീറ്റ് എഗൈൻ’ നമ്മൾ വീണ്ടും കാണും എന്ന വരികൾ എടുത്തു പറഞ്ഞുകൊണ്ടാണ് ശുഭാപ്തിവിശ്വാസം സ്ഫുരിക്കുന്ന സന്ദേശം രാജ്ഞി അവസാനിപ്പിച്ചത്.രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ മാർച്ച് 27ന് കൊറോണ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിലായിരുന്നു, എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രാജ്‌ഞിയുടെ സന്ദേശത്തിനു ശേഷം ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- ലോകത്താകമാനമുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് -19 രോഗബാധയ്ക്ക് പരിഹാരമേകാൻ പുതിയ മരുന്ന് പരീക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഗവേഷകനും സംഘവും. ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, കാനഡ റിസർച്ച് ചെയർ ഇൻ ഫംഗ്ഷണൽ ജനറ്റിക്സിന്റെയും ഡയറക്ടർ ആയിരിക്കുന്ന ഡോക്ടർ ജോസഫ് പെന്നിങാർ ആണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. സാർസ് വൈറസിനോട് സമാനതയുള്ള കോവിഡ് 19 വൈറസിനെ തുടക്കത്തിൽ തന്നെ മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാൻ ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ ഫെഡറൽ ഗവൺമെന്റാണ് ഈ ഗവേഷണത്തിന് ആവശ്യമായ ചിലവുകളുടെ പകുതി വഹിക്കുന്നത്. ഈ വൈറസിനെ എങ്ങനെ കിഡ്നികളെയും രക്തക്കുഴലുകളെയും ബാധിക്കാതെ പ്രതിരോധിക്കാം എന്നതാണ് ഈ ഗവേഷണത്തിന്റെ മുഖ്യലക്ഷ്യം.

എപിഎൻ 01 എന്ന ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് ഇൻസായ്മ് 2 എന്നതിന്റെ റീകോമ്പിനന്റ് രൂപമാണ് പുതിയ ആന്റി വൈറൽ ഡ്രഗ് ആയി രൂപപ്പെടുത്തിയിരിക്കുന്നത്. വൈറസ് മനുഷ്യനിൽ കയറുവാൻ ഉപയോഗിക്കുന്നത്, മനുഷ്യനിൽ തന്നെയുള്ള ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് എൻസായ്മിനെയാണ്. പുതുതായി രൂപപ്പെടുത്തിയിരിക്കുന്നത് മരുന്ന് ഇതിനോട് സാമ്യമുള്ളതാണ്. അതിനാൽ വൈറസ് ഈ മരുന്നിനോട് ബന്ധം ഉണ്ടാക്കുകയും, മനുഷ്യനെ ബാധിക്കാതിരിക്കാതിരിക്കുകയും ചെയ്യും.
ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽസ് നടത്തുന്നത് യൂറോപ്പ്യൻ ബയോടെക് കമ്പനിയായ അപേയ്‌റോൺ ബയോലിജിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഈ പരീക്ഷണങ്ങൾ പൂർത്തിയാവുകയും, മരുന്ന് ഫലപ്രദമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണ സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.