അനീറ്റ സെബാസ്റ്റ്യൻ
പരസ്പര സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും കരുതലിന്റെയും പ്രതീകമായി പുതിയൊരു ക്രിസ്മസ് കൂടി എത്തുകയാണ്. പാപികളെയും ചുങ്കക്കാരെയും സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക് ചേർത്ത ക്രിസ്തുവിന്റെ ജന്മദിനം ആയതിനാൽ തന്നെ ക്രിസ്തുമസ് വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്.അതു സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ രാഷ്ട്രീയമാണ്.
വചന പ്രഘോഷണ ങ്ങളിലും ഇടയ ലേഖനങ്ങളിലും പ്രതിപാദിക്കപ്പെടുന്ന സ്നേഹവും തുല്യതയും പ്രവൃത്തിയിലേക്കെത്തുമ്പോൾ ചോർന്നു പോവുന്നു. ഓർത്തോഡോക്സ് – യാക്കോബായ പ്രശ്നങ്ങളും സഭയിലെ വൈദികർ ഉൾപ്പെട്ട പ്രശ്നങ്ങളും സഭയുടെ പ്രതിച്ഛായക്കേറ്റ മങ്ങലായല്ല കാണേണ്ടത്. മറിച്ച് സഭ കെട്ടിപ്പടുത്തപ്പോൾ ഉണ്ടായ ആശയങ്ങളിൽ ഇന്നുണ്ടായ മൂല്യച്യുതി ആണ്.
ക്രിസ്തുവിന്റെ ജനനം എന്നത് അന്ന് നിലനിന്നിരുന്ന വ്യവസ്ഥകൾക്കെതിരെയുള്ള ഒരു ചുവടുവെപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് സൂചിപ്പിക്കുന്നത് മാറ്റത്തെയാണ്. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾ പരസ്പരം കൊമ്പുകോർക്കുമ്പോൾ ഓർക്കേണ്ടതായി ഒന്നുണ്ട് . പല സഭയായാലും മതമായാലും വിശ്വാസമായാലും ഞങ്ങളെല്ലാം മനുഷ്യരാണ്. അതുപോലെതന്നെ അധികാരികളും നേതാക്കളും സൃഷ്ടിക്കുന്ന മുതലെടുപ്പിന്റെ രാഷ്ട്രീയവും കാണാതെ പോകരുത്. ദേവാലയത്തെ കച്ചവട സ്ഥലമാക്കിയവരെ ചിതറിച്ച ക്രിസ്തുവിന്റെ, അനുയായികൾ തന്നെ മതത്തെ അധികാരമായി കാണുമ്പോൾ കോർപ്പറേറ്റ് സ്ഥാപനമായി കാണുമ്പോൾ ക്രിസ്തുമസ് സന്ദേശം യഥാർത്ഥത്തിൽ ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതം വോട്ടുബാങ്ക് ആകുമ്പോൾ രാഷ്ട്രീയപാർട്ടി ആകുമ്പോൾ അതിന്റെ വിശുദ്ധി എത്രമാത്രം നഷ്ടമാകുന്നുണ്ട് എന്നത് ചിന്തനീയമാണ്.
മതം സാമൂഹിക നന്മ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സാമൂഹിക സ്ഥാപനമാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ അവയ്ക്കുള്ള പ്രസക്തി ഇല്ലാതാവും. അതുകൊണ്ട് മാറ്റം ഇന്നുതന്നെ ഓരോരുത്തരിൽ നിന്നും ആരംഭിക്കാം. പൊതുനിരത്തിൽ ഇറങ്ങാൻ ഭയപ്പെടേണ്ടത്ത സ്ത്രീകളുടെ, മതത്തിന്റെ യും ജാതിയുടെയും പേരിൽ തമ്മിൽ തല്ലാത്ത ആളുകളുടെ, അഴിമതിരഹിതരായ രാഷ്ട്രീയക്കാരുടെ, പണമില്ലാത്തവനും പണമുള്ളവനും തമ്മിലുള്ള അന്തരം ഇല്ലാത്ത ഒരു പുതിയ ലോകം. ഇതുതന്നെയാണ് മാറ്റത്തിന്റെ ക്രിസ്തുമസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും.
അനിറ്റ സെബാസ്റ്റ്യൻ.
മൂന്നിലവാണ് സ്വദേശം. അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനിയാണ്. കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസിന്റെയും റാണി സെബാസ്റ്റ്യന്റെയും മകൾ.സഹോദരങ്ങൾ അരുൺ,ജോർജ്കുട്ടി, ജോസ്കുട്ടി
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിൽ നടന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി നേടിയ വിജയത്തിലൂടെ ബ്രെക്സിറ്റ് നടപ്പിലാക്കും എന്ന് ഉറപ്പായിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുന്ന അനേകം പേർ യു കെ യിൽ ഉണ്ട്. ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് ഇത്. സൈപ്രസ്, മാൾട്ട പോലുള്ള രാജ്യങ്ങളിൽ പണം നൽകി പൗരത്വം നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രാജ്യങ്ങളിൽ ജനിക്കണമെന്നോ, ബന്ധുക്കളോ മറ്റോ ഉണ്ടായിരിക്കണമെന്നോ ഇല്ല. സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിലൂടെ ഒരു രണ്ടാം പാസ്പോർട്ട് നേടിയെടുക്കാവുന്നതാണ്.
വ്യക്തികൾക്ക് വളരെ പെട്ടെന്ന് തന്നെ ഡോനെഷനിലൂടെയോ, റിയൽ എസ്റ്റേറ്റിലുള്ള ഇൻവെസ്റ്റ്മെന്റിലൂടെയോ ഒരു രണ്ടാം പൗരത്വം നേടിയെടുക്കാവുന്നതാണ്. ഇതിനു വേണ്ടി സഹായിക്കുവാൻ നൊമാഡ് ക്യാപിറ്റലിസ്റ്റ് പോലുള്ള പല കമ്പനികളും ഇന്ന് രംഗത്തുണ്ട്. സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിൽ പ്രാഗത്ഭ്യമുള്ള ഒരു ഇന്റർനാഷണൽ കമ്പനിയായ അപ്പക്സ് ക്യാപിറ്റൽ പാർട്ണേഴ്സ് പ്രസിഡന്റ് നൂരി കാറ്റ്സ് ബിസിനസ് ഇൻസൈഡർ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ, രണ്ടാം പാസ്പോർട്ട് എന്നത് ഒരു അഭിമാനമായി കൊണ്ട് നടക്കുന്നവരാണ് ഇന്ന് പലരും എന്ന് അഭിപ്രായപ്പെട്ടു. രണ്ടും മൂന്നും പാസ്പോർട്ടുകൾ ഉള്ളത് ഇന്ന് അഭിമാനമായാണ് കണക്കാക്കുന്നത്. രണ്ടാം പൗരത്വം നേടുന്നതിലൂടെ, പാസ്പോർട്ട് മാത്രമല്ല, ടാക്സിലും മറ്റും പല ആനുകൂല്യങ്ങളും വ്യക്തികൾക്ക് ലഭിക്കുന്നുണ്ട്. 89 ശതമാനം ബ്രിട്ടീഷുകാരും ഒരു രണ്ടാം പാസ്പോർട്ടിനായി ആഗ്രഹിക്കുന്നവരാണ്. ഇതിൽ തന്നെ 80 ശതമാനം പേർ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചു ശതമാനം ഒരു രണ്ടാം പാസ്പോർട്ടിനായി നീക്കിവെക്കാൻ തയ്യാറുള്ളവരാണ്.
നൊമാഡ് ക്യാപിറ്റലിസ്റ്റ് കമ്പനി വളരെ വേഗത്തിൽ രണ്ടാം പാസ്പോർട്ട് നേടിയെടുക്കാവുന്ന 10 രാജ്യങ്ങളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട് :-
സൈപ്രസ് –
വെറും 56 ദിവസം കൊണ്ട് ഈ രാജ്യത്ത് രണ്ടാം പൗരത്വം നേടി എടുക്കാവുന്നതാണ്. രണ്ട് മില്യൻ പൗണ്ട് ആണ് ഇതിനു വേണ്ടി ചെലവാക്കേണ്ട തുക. ഇതോടൊപ്പം തന്നെ അഞ്ച് ലക്ഷം പൗണ്ടോളം വിലമതിക്കുന്ന ഒരു വീടും ഈ രാജ്യത്ത് വാങ്ങേണ്ടതാണ്.
മാൾട്ട –
മാൾട്ടയിൽ രണ്ടാം പൗരത്വം നേടുന്നതിനായി ആറു ലക്ഷത്തി അമ്പതിനായിരം പൗണ്ട് വ്യക്തികൾ ചെലവാക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ഒരു ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഇൻവെസ്റ്റ്മെന്റും, ഗവൺമെന്റുമായി അഞ്ചു വർഷത്തെ കരാറും ഉണ്ടാക്കേണ്ടതാണ്. മുഖ്യ ദ്വീപിൽ മൂന്നു ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഒരു വീടും വ്യക്തികൾ സ്വന്തം ആക്കേണ്ടതാണ്.
മൊൾഡോവ –
ഇവിടെ ഒരു ലക്ഷം പൗണ്ടിൻെറ ഡൊണേഷനും, രണ്ട് ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഇൻവെസ്റ്റ്മെന്റും ആവശ്യമാണ്.
തുർക്കി –
മറ്റുള്ള രാജ്യങ്ങളിലെ പോലെ തന്നെ, 195000 പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റിലൂടെയാണ് തുർക്കിയിൽ പൗരത്വം സ്വന്തമാക്കുന്നത്.
യൂറോപ്പിനു പുറത്തുള്ള പലരാജ്യങ്ങളിലും ഇതുപോലെ രണ്ടാം പൗരത്വം സ്വന്തമാക്കാവുന്നതാണ് . ഡൊമിനിക്ക, ഗ്രീനാട പോലുള്ള കരീബിയൻ രാജ്യങ്ങളിലും ഈ അവസരം ലഭ്യമാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യാനുള്ള തീരുമാനത്തിൽ ആണ് ഇവർ. ലേബർ പാർട്ടി എംപി, ഇരുപത്തിമൂന്നുകാരിയായ നാദിയ വിറ്റൊമ് ആണ് പ്രശംസനീയമായ ഈ തീരുമാനം കൈക്കൊണ്ടത്. നോട്ടിങ്ഹാം ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കായാണ് തന്റെ പണം ഇവർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു എംപിയുടെ അടിസ്ഥാന വാർഷിക ശമ്പളം 79468 പൗണ്ടാണ്. ഇതു കൂടാതെ തന്നെ ഓഫീസിലെ പ്രവർത്തനങ്ങൾക്കായും, ഭവനത്തിനായും, ട്രാവലിംഗ് അലവൻസുകളായും അധിക പണം ലഭിക്കാറുണ്ട്. എംപിമാരുടെ സാലറി അധികം ആയതു കൊണ്ടല്ല, മറിച്ച്, അതു പോലെതന്നെ അധ്യാപകരും, അഗ്നിശമന സേനാംഗങ്ങളും, നേഴ്സുമാരും ഉയർന്ന സാലറിക്ക് അർഹരാണ്. അവർക്ക് ലഭിക്കാത്തത് തനിക്ക് ആവശ്യമില്ലെന്നാണ് നാദിയയുടെ തീരുമാനം. ഒരു എംപി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും നാദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലേബർ പാർട്ടിക്കേറ്റ പരാജയത്തെ സംബന്ധിച്ച് സംസാരിച്ച നാദിയ, പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി പാർട്ടി മുന്നോട്ടു പോകും എന്ന് അഭിപ്രായപ്പെട്ടു. ഇലക്ഷനിൽ ബ്രെക്സിറ്റിനാണ് മുൻഗണന ലഭിച്ചത്. തനിക്കു വോട്ട് ചെയ്ത് തന്നെ ജയിപ്പിച്ചവർക്കായി നന്ദിയും അവർ അറിയിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
The cinema has no boundary ; it is a ribbon of dream – Orson Welles
കേരളത്തിന് ലോകസിനിമയുടെ വാതിൽ തുറക്കുന്ന മേള ; 2019 ഡിസംബർ 6 മുതൽ 13 വരെ തിരുവനന്തപുരത്ത് വച്ചു നടന്ന 24 മത് രാജ്യാന്തര ചലച്ചിത്ര മേള. 13000ത്തോളം ഡെലിഗേറ്റുകൾ, 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചലച്ചിത്രങ്ങൾ, 15 വിഭാഗങ്ങൾ, 14 വേദികൾ, എട്ട് ദിനങ്ങൾ.. പദ്മനാഭന്റെ മണ്ണ് ആ ഒരാഴ്ച സംസാരിച്ചത് സിനിമയെ പറ്റിയായിരുന്നു. കാലങ്ങളും സമയങ്ങളും കടന്ന് സഞ്ചരിക്കുന്ന വിസ്മയം.. ഭാഷയുടെയോ ദേശത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകൾ ഒന്നുംതന്നെ ഇല്ലാതെ ഏവരും ഒരുപോലെ നെഞ്ചിലേറ്റുന്ന ചിത്രങ്ങൾ. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മേള ഇത്തവണയും ഗംഭീരം.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജാപ്പനീസ് സംവിധായകൻ ജോ ഒഡഗിരി ഏറ്റുവാങ്ങുന്നു
ടാഗോർ തീയേറ്റർ ആയിരുന്നു പ്രധാന വേദി. ടാഗോറിന്റെ വഴികളിൽ സിനിമയുടെ സൗന്ദര്യം പൂത്തുനിന്നു. ആരും അവിടെ രാഷ്ട്രീയം സംസാരിച്ചില്ല, വർണ്ണവ്യത്യാസവും വർഗ്ഗവ്യത്യാസവും സംസാരിച്ചില്ല. ഇതൊക്കെയും സംസാരിച്ചത് തിയേറ്റർ സ്ക്രീനുകൾ ആയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അതീവഗൗരവമായി തന്നെ സമീപിച്ച് അതൊക്കെ ചലിക്കുന്ന ചിത്രങ്ങളായി സ്ക്രീനിൽ നിറയ്ക്കുമ്പോൾ, ഓരോ സംവിധായകനും അർഹിക്കുന്ന കൈയടി ഓരോ കാണിയും ഹൃദയത്തിൽ നിന്ന് നല്കുകയായി. കേരളത്തിന്റെ സംസ്കാരത്തെ തന്നെ സ്വാധീനിക്കുന്ന ഒന്നായി ചലച്ചിത്രമേളകൾ മാറ്റപ്പെടുന്നു. കേരളത്തിന്റെ സാംസ്കാരിക രംഗത്തെ പ്രവർത്തനനിരതവും ഊർജസ്വലവുമാക്കുന്നതിനു പിന്നിലെ സുപ്രധാന ചാലകശക്തികളിലൊന്ന് ഐ എഫ് എഫ് കെ ആണെന്ന് അക്കാദമി അധ്യക്ഷൻ ശ്രീ. കമൽ പറഞ്ഞതും അതുകൊണ്ടുതന്നെ. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന സിനിമ കാഴ്ച അവസാനിക്കുന്നത് രാത്രി 12 മണിക്കും 2 മണിക്കും ഒക്കെ ആയിരിക്കും. 3500ഓളം പേരെ ഉൾക്കൊള്ളുന്ന കനകക്കുന്ന് നിശാഗന്ധി തിയേറ്ററിൽ ‘ഡോർ ലോക്ക് ‘ എന്ന ജാപ്പനീസ് സസ്പെൻസ് ത്രില്ലർ കണ്ടു തീർത്തത് രാത്രി 2 മണിക്കാണ്.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ജല്ലിക്കട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഏറ്റുവാങ്ങുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അർജന്റീനയൻ സംവിധായകൻ ഫെർനാഡോ സൊളാനസിനായിരുന്നു. അടിച്ചമർത്തപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ ശബ്ദമായ സംവിധായകനാണ് അദ്ദേഹം. ദി ജേർണി, സൗത്ത്, ദി ഹവർ ഓഫ് ദി ഫർണാസെസ്, ടാംഗോ ദി എക്സ്സയിൽ ഓഫ് ഗാർഡൽ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി മേളയിൽ പ്രദർശിപ്പിച്ചു. ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചവരുണ്ട്, മരണത്തിനപ്പുറം സിനിമകൊണ്ടുതന്നെ അവർക്ക് ആദരം ഒരുക്കി ; ഇത്തവണ ഹോമേജ് വിഭാഗത്തിൽ മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം. ജെ. രാധാകൃഷ്ണൻ എന്നീ പ്രതിഭകൾക്കുള്ള സമരണാഞ്ജലിയാണ് ഒരുക്കിയത്. മലയാളത്തിന്റെ പ്രിയനടി ശാരദയെയും മേള ആദരിച്ചു, ഒപ്പം ശാരദയുടെ സ്വയംവരം, യക്ഷി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, എലിപ്പത്തായം, മൂലധനം, തുലാഭാരം തുടങ്ങിയ ചിത്രങ്ങൾ മേളയിൽ നിറഞ്ഞുനിന്ന ചിത്രങ്ങളായി മാറി.. പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി അവയൊക്കെ മാറി. ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും മാറുന്ന മുഖം ചലച്ചിത്ര മേള കാട്ടിത്തന്നു. എന്നാൽ തിയേറ്ററുകളിൽ വൻ വിജയം നേടിയ സിനിമകൾ വീണ്ടും മേളയിൽ പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായി മാറി. വരും വർഷം അതിനൊരു മാറ്റം സംഭവിക്കുമെന്ന് ആശിക്കാം.
ടാഗോർ തിയേറ്റർ
ടാഗോറിന്റെ തണലിടങ്ങളിൽ ഇരുന്ന് ഒരുമിച്ച് സിനിമയെ പറ്റി വാതോരാതെ സംസാരിച്ചവർക്ക് ഒരു വേദി ഒരുക്കി, പ്രമുഖ സിനിമ പ്രവർത്തകരോടൊത്ത് സംസാരിക്കാൻ അവസരം ഉണ്ടാക്കിയത് നല്ല കാര്യം തന്നെ. കട്ടൻചായയോടൊപ്പം ടാഗോർ സന്ധ്യകളിൽ കൂട്ടിനു വന്ന കുറച്ചുപേർ നൽകിയതൊക്കെ മധുരസ്മരണകളാണ്. കുടുംബ ചിത്രങ്ങൾക്ക് മാത്രമേ സ്ത്രീകൾ വരികയുള്ളു എന്ന പൊതുചിന്താഗതിയും മാറിവരുന്നതായി കണ്ടു. എല്ലാ മേഖലകളിലേക്കും സിനിമ അതിന്റെ വേരോടിക്കട്ടെ. 18 മുതൽ അങ്ങോട്ട് എഴുപത്, എഴുപത്തഞ്ചു വയസ്സുവരെയുള്ളവർ ഒരു തിയേറ്ററിൽ ഇരുന്ന് ലോകത്തെവിടെയോ ഉള്ള സംവിധായകന്റെ സൃഷ്ടി ആസ്വദിക്കുന്നു, കയ്യടിക്കുന്നു, ചിന്തിച്ചുനോക്കൂ… എത്ര മനോഹരമാണതെന്ന്. മാറുന്ന മലയാളി കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ തന്നെ ആയിരുന്നു മേളയിൽ. പാരാസൈറ്റ് എന്ന ജാപ്പനീസ് ചിത്രത്തിന് ആളുകൾ തള്ളിക്കയറിയപ്പോൾ അധികമായി പ്രദർശനം നടത്താൻ സംഘാടകർ തയ്യാറായി. ഒപ്പം മനുഷ്യത്വത്തെ കുറിച്ച് സംസാരിച്ച ഡെസ്പൈറ്റ് ദി ഫോഗ്, യുദ്ധകാലത്തിലേക്ക് കടന്നുചെല്ലുന്ന ഫോട്ടോഗ്രാഫറുടെ ജീവിതം വിവരിച്ച കാമിൽ, മനുഷ്യനിലെ മൃഗത്തെ തുറന്നുകാട്ടിയ ജല്ലിക്കട്ട്, രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള റഷ്യൻ ജീവിതത്തെ കാട്ടിത്തന്ന ബീൻപോൾ, കശ്മീർ കഥ പറഞ്ഞ നോ ഫാതെർസ് ഇൻ കശ്മീർ തുടങ്ങിയവും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളായി മാറി.
ഐഎഫ്എഫ്കെ രാത്രികൾ
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോര പുരസ്കാരം ജോ ഒഡാഗിരിയുടെ ജപ്പാനീസ് ചിത്രം ദേ സേ നതിങ് സ്റ്റെയ്സ് ദ് സെയിം നേടി. മികച്ച സംവിധാനത്തിനുള്ള രജതചകോര പുരസ്കാരം ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടൻ സ്വന്തമാക്കി. പാക്കറേറ്റാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മത്സരവിഭാഗത്തിൽ ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി പ്രത്യേക പരാമർശം നേടി. കൂടാതെ, പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ജല്ലിക്കെട്ട് സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ നേടി. മികച്ച ഏഷ്യൻ സിനിമയായി ഫാഹിം ഇഷാദിന്റെ ‘ആനി മാനി’ തിരഞ്ഞെടുത്തു.മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്സി പുരസ്കാരം ബോറിസ് ലോജ്കെയ്ൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം കാമിലും മലയാളചിത്രം ‘പനി’യും പങ്കിട്ടു.
പാരാസൈറ്റ് കാണാനെത്തിയവരുടെ തിരക്ക്
കേരളത്തിന്റെ സാംസ്കാരിക പോരാട്ടമായാണ് ഈ മേളയെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഈ മേള മനോഹരമാക്കിയവർക്ക് നന്ദി.. സ്നേഹം.. പ്രധാനമായും സിനിമ കാണാതെ ഓടി നടന്നു പണിയെടുത്ത വോളന്റീയേഴ്സ്. വളരെ വലിയ അധ്വാനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഒപ്പം ഡ്രൈവർമാർ, ഫോട്ടോഗ്രാഫർ…ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഒന്നിപ്പുകൂടി ആയിരുന്നു 2019ലെ മേള. ഐ എഫ് എഫ് കെ അതിന്റെ ഇരുപത്തിയഞ്ചിലേക്ക് കടക്കുകയാണ്. അടുത്ത വർഷത്തെ മേള വലിയ സംഭവമാക്കി മാറ്റാനാണ് ശ്രമമെന്ന് മന്ത്രി എ. കെ ബാലനും പറഞ്ഞതോടെ 25 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു. ലോക മേളാ ഭൂപടത്തിൽ കേരളത്തിന്റെ സ്വന്തം മേളയ്ക്കും ഒരു സ്ഥാനമുണ്ട്. ഒരു വലിയ സ്ഥാനം……..
പ്രദർശന നഗരിയിൽ ലേഖകൻ.
രാജാവായി പിറന്നവന് തലചായിക്കുവാൻ ഇടമില്ല. ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബേതലഹേമിൽ പേർവഴി ചാർത്തുവാനായി കടന്നുവന്നു. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്ക് പ്രസവത്തിനായുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശു തൊട്ടിയിൽ കിടത്തി. (ലൂക്കോ 2: 5- 7 )
ആർഭാടവും വിരുന്നുകളും അലങ്കാരങ്ങളും നമുക്ക് ജനനപ്പെരുന്നാളിന്റെ പ്രതീകമാവുമ്പോൾ രാജാവ് തലചായ്ക്കുവാൻ ഇടമില്ലാതെ അലയുകയാണ്. കുറെ കാലങ്ങൾക്ക് ശേഷം പരീശപ്രമാണി ഞാൻ നിന്നെ അനുഗമിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ കർത്താവ് പറഞ്ഞ മറുപടി കുറുനരികൾക്ക് കുഴിയും പറവകൾക്ക് ‘ആകാശവും ഉണ്ട്’; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കുവാൻ ഇടമില്ല എന്നാണ്.
ആധുനിക സുവിശേഷത്തിന്റെ താത്പര്യക്കാർ ഏറി വരുന്ന കാലമാണ്. ലോക സുഖവും, ധനവും, പ്രതാപവും ഒക്കെ ആണ് ദൈവരാജ്യമായി ഇവർ പഠിപ്പിക്കുന്നത്. അവിടെ തലചായ്ക്കുവാൻ ഇടം അന്വേഷിക്കുന്ന രാജാവിന് എന്ത് പ്രസക്തി. നാമും അത്തരക്കാരല്ലേ. ഭൗതികമായി ഒന്നും സ്ഥാപിക്കാത്തവന് ലോക പ്രകാരമുള്ള കൊട്ടാരങ്ങളും ഇടങ്ങളും ഒരുക്കുവാൻ വെമ്പൽ കൊള്ളുകയാണ് ആധുനിക ക്രൈസ്തവർ. തന്റെ ശരീരം അടക്കുവാൻ പോലും സ്ഥലം അരിമത്ഥ്യക്കാരൻ യൗസേപ്പ് നൽകേണ്ടിവന്നു. സ്വർഗ്ഗരാജ്യത്തിന്റെ മഹിമ പഠിപ്പിക്കുവാൻ അവൻ ഉപമയായി പറഞ്ഞതും ഇപ്രകാരമാണ്. ഒരുവൻ വിലയേറിയ മുത്ത് കണ്ട് പിടിച്ചപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കിയ വ്യാപാരിയോടാണ്.
ഈ കാഴ്ചപാടിലാണ് നമ്മുടെ ആത്മീയതയുടെ കുറവ് നാം തിരുത്തേണ്ടത്. ലൗകികവും ഭൗതികതയും മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ സമൂഹം തിരുത്തപ്പെട്ടേ മതിയാവുകയുള്ളൂ. അക്രൈസ്തവനേക്കാളും തരംതാണ ജീവിതം അതല്ലേ എവിടെയും നാം കാണുന്നത്. സഭകളിലും, സമൂഹങ്ങളിലും, ഭവനങ്ങളിലും എല്ലാം ഈ അധാർമ്മികത നിറഞ്ഞു നിൽക്കുന്നു. ഇതൊരു കുറവായി പോലും കാണാൻ കഴിയാത്ത വണ്ണം അന്ധരായി തീർന്നു. പാപങ്ങളെ പാപം എന്ന് തിരിച്ചറിഞ്ഞ് അനുതപിക്കുവാനോ കുമ്പസാരിക്കുവാനോ പോലും കഴിയുന്നില്ല. പീഡനവും കൊലപാതകവും പോലും നീതികരിക്കുന്നു. എവിടെ ധാർമികത മറഞ്ഞുപോയി. ഒന്നൊന്നായി പരിശോധിക്കുമ്പോൾ തിരുത്തൽ എവിടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ ഒരു മാസക്കാലത്തെ മാധ്യമങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ സമൂഹങ്ങളിൽ നടമാടുന്ന കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സംഭവങ്ങൾ തുടർച്ചയായി നടമാടുന്നത്. കുറച്ചു കൂടി ആഴത്തിൽ ഈ വ്യക്തികളിലേക്ക് നോക്കുമ്പോൾ അവരെല്ലാം സഭാമക്കളും നിരന്തരമായി ഇടവകകളുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ്.
ലക്ഷ്യബോധം നഷ്ട്ടപ്പെട്ട തലമുറ. കുറച്ച് ധനം ഉണ്ടേൽ എല്ലാം ആയി എന്നു കരുതുന്ന മുതിർന്നവർ. ഗേറ്റും, മതിലും, വീടും സുരക്ഷിതത്വം നൽകും എന്ന് വിശ്വസിക്കുന്ന കുടുംബസ്ഥർ. ഏത് പ്രശ്നത്തിനും മദ്യവും ലഹരിയും പരിഹാരം എന്ന് വിശ്വസിക്കുന്ന ചിലർ. ഇവരെല്ലാം പറയുന്നത് അവർ ക്രിസ്ത്യാനികൾ എന്നാണ്. അപ്പോൾ ഇങ്ങനെ ഉള്ളവരാണോ ക്രിസ്ത്യാനികൾ എന്ന് ആരേലും ചോദിച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയുവാൻ നമുക്ക് പറ്റുമോ. ചോദിക്കുക സ്വന്തം മനസാക്ഷിയോട്.
ഉത്തരം ലഭിക്കണമെങ്കിൽ ആദ്യം ക്രിസ്തു ആരെന്ന് അറിയണം. അവൻ എന്താണ് പഠിപ്പിച്ചതെന്ന് പഠിക്കണം. അവന്റെ രാജ്യവും ഹിതവും എന്തെന്ന് തിരിച്ചറിയണം. എന്നിട്ട് അവനെ പിന്തുടരണം. അല്പം ബുദ്ധിമുട്ടാണ്. ഈ ക്രിസ്തുമസ് അതിലേക്ക് നമ്മെ നയിക്കണം.നാം അന്വേഷിക്കുന്ന ഇടങ്ങളിൽ ചിലപ്പോൾ അവനെ കണ്ടെത്തുവാൻ കഴിയുകയില്ല. മണിമാളികകളിലും ആഢ്യത്യം ഉള്ളിടങ്ങളിലും അണിഞ്ഞൊരുങ്ങി പോകുന്നവർക്ക് അവൻ അപരിചിതനായിരിക്കും. പകരം ഇന്ന് ബെത്ലഹേമിലേക്കു വരൂ. തലചായ്ക്കുവാൻ ഇടമില്ലാതെ അലയുന്ന, കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കു മുൻപിൽ നിൽക്കുന്ന, മൂകപ്രാണികൾക്ക് നടുവിൽ ഇടം കണ്ടെത്തുന്ന ഒരു ക്രിസ്തുവിനെ നമുക്ക് കാണാം. അവിടെയാണ് ക്രിസ്തു ഉള്ളത്. അവനെയാണ് നാം കണ്ടെത്തേണ്ടത്. അവനിലാണ് നമുക്ക് ആശ്രയം കണ്ടെത്തേണ്ടത്. അവനു മാത്രമേ നമ്മുടെ വേദനകൾ അറിയൂ. ആ കണ്ടെത്തലിലാണ് നമുക്ക് ക്രിസ്തുമസ് ആകേണ്ടത്.
ആയതിനാൽ നമ്മുടെ തെറ്റുകളെ തിരിച്ചറിഞ്ഞ് കൈമോശം വന്നുപോയ നമ്മുടെ ക്രൈസ്തവ ജീവിതം തിരികെ ലഭിക്കുവാൻ ഈ ക്രിസ്തുമസ് ഇടയാക്കട്ടെ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ അവനോടു കൂടി സർവ്വതും ലഭിക്കും എന്ന് അരുളി ചെയ്തവന്റെ ശാശ്വത സമാധാനത്തിന്റെ നല്ല മക്കളായി തീരാം.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ഛൻ
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ : – കൺസർവേറ്റീവ് പാർട്ടിയുടെ ഇലക്ഷൻ വിജയത്തോടെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന എല്ലാ വിവാദങ്ങൾക്കും അവസാനമായെന്നും, ഇനി പരിഹാരമാർഗ്ഗങ്ങൾക്കുള്ള സമയം ആണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ലേബർ പാർട്ടി അംഗങ്ങൾ പലരും തനിക്ക് വേണ്ടി വോട്ട് ചെയ്തതായി അദ്ദേഹം പറയുന്നു. അവർ തന്നിൽ അർപ്പിച്ച വിശ്വാസത്തെ താൻ ഒരിക്കലും കളങ്കപ്പെടുത്തില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1987 ന് ശേഷമുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്. 80 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് കൺസർവേറ്റീവ് പാർട്ടി വിജയം കൈവരിച്ചത് .
ബോറിസ് ജോൺസൻ അധികാരത്തിലെത്തിയതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങൽ അടുത്ത മാസം അവസാനത്തോടെ തന്നെ നടക്കുമെന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ കോൺസ്ബെർഗ് അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിക്ക് 365 എംപിമാരും, ലേബർ പാർട്ടിക്ക് 203 എംപിമാരുടെയും പിന്തുണയാണ് ലഭിച്ചത്. സ്കോട്ടിഷ് നാഷണൽ പാർട്ടി – 48, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി -11, ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടി – 8 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്ക് ലഭിച്ചത്.ബ്രെക്സിറ്റ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. കഴിഞ്ഞ ഇലക്ഷനിൽ ലേബർ പാർട്ടിക്ക് ലഭിച്ച പല തെറ്റുകളും ഇത്തവണ ടോറികൾക്ക് അനുകൂലമായി. മിഡ്ലാൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങൾ, വെയിൽസ് എന്നിവ കൺസർവേറ്റീവ് പാർട്ടിയെ അനുകൂലിച്ചു.
തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടുമുള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ അഭിപ്രായങ്ങളെയും താൻ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഇലക്ഷനിൽ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇനിയൊരു ഇലക്ഷന് താൻ മത്സരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ പറഞ്ഞു.
ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ഇലക്ഷനിൽ ലേബർ പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നത് എല്ലാം ചെയ്തു എന്ന് ജെർമി കോർബിൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷനിൽ ബ്രക്സിറ്റിനാണ് മുൻതൂക്കം ലഭിച്ചത്. പാർട്ടിക്ക് ഏറ്റ പരാജയത്തിൽ വിഷമമുണ്ടെന്നും, എന്നാൽ തന്റെ പാർട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങളിൽ താൻ ഉറച്ചു വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇലക്ഷനിലെ പരാജയത്തിനുശേഷം ലേബർ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. പാർട്ടിയുടെ പരാജയത്തിന് കാരണം ജെർമി കോർബിന്റെ നേതൃത്വം ആണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
മുൻ ലേബർ എംപി ജോൺ മാൻ കോർബിനെതിരെ പരസ്യമായി പ്രതികരിച്ചു. കോർബിന്റെ ജനസമ്മതി ഇല്ലായ്മയാണ് പാർട്ടിക്കേറ്റ പരാജയത്തിന് മുഖ്യ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന ലോർഡ് ബ്ലങ്കെറ്റ്, ഇലക്ഷനിലേറ്റ പരാജയത്തിന് പാർട്ടിനേതൃത്വം മാപ്പ് പറയണമെന്ന് അഭിപ്രായപ്പെട്ടു. ലേബർ പാർട്ടിയുടെ വോട്ട് വിഹിതം 33 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. 1992 – ൽ നീൽ കിന്നോക്കിന് ലഭിച്ചതിനേക്കാൾ കുറവാണ് ഇപ്രാവശ്യം ലഭിച്ച ഭൂരിപക്ഷം.
താൻ നേതൃസ്ഥാനത്തുനിന്ന് മാറണമോ എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കട്ടെ എന്ന ജെർമി കോർബിൻ പ്രതികരിച്ചു. എന്നാൽ താൻ രാജിവെക്കുക ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും പാർട്ടി ഇത്തരം ഒരു പരാജയഘട്ടത്തിൽ കൈവിടുകയില്ല. പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ പരാജയത്തിന് ശേഷം പല എംപിമാരും ആരോപണങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ക്രിസ്മസ് സമയത്ത് എല്ലാവരും തിരക്കാണ്. എന്നാൽ മറ്റ് എല്ലാവരെക്കാളും എൻഎച്ച്എസ് സ്റ്റാഫുകൾ കൂടുതൽ തിരക്കിലാണ്. അതിനാൽ അവരോടുള്ള നന്ദിസൂചകമായി സൗജന്യമായി യാത്രയും ഭക്ഷണവും ഒരുക്കുകയാണ് ഊബർ. ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് രണ്ട് സൗജന്യയാത്രകളോ, അല്ലെങ്കിൽ സൗജന്യഭക്ഷണമോ കഴിക്കാവുന്നതാണ് എന്ന് ഊബർ. തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകി സ്റ്റാഫുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് വെബ്സൈറ്റിൽ പറയുന്നു. ഊബർ ആപ്പ് ഇല്ലാത്തവർ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.
ഊബർ ആപ്പ് ഡൗൺലോഡ് ചെയ്ത്, രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകിയാൽ 18 വയസ്സിന് മുകളിലുള്ള ഏത് സ്റ്റാഫിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 10 പൗണ്ട് വിലമതിക്കുന്ന യാത്രകളും, ഭക്ഷണവുമാണ് ഊബർ ഒരുക്കുന്നത്. എന്നാൽ അതിനുമുകളിൽ ചെലവാകുന്നതിന് സ്റ്റാഫുകൾ പണം മുടക്കേണ്ടതാണ്. ഇതിന് ആവശ്യമായ രജിസ്ട്രേഷൻ ഫോമുകൾ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇന്ത്യയിൽ പൗരത്വബില്ലിനോട് ബന്ധപ്പെട്ട വളരെയധികം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ പ്രവാസികളും ആശങ്കയിലാണ്. പ്രവാസികളുടെ ഒസിഐ കാർഡ് റദ്ദു ചെയ്യാനായിട്ട് പല കാരണങ്ങളും പൗരത്വബിൽ ഉണ്ട് എന്നുള്ളതാണ് പ്രധാനപ്പെട്ട കാരണം. പൗരത്വ ബില്ലിൽ ഒസിഐ കാർഡ് റദ്ദു ചെയ്യാനുള്ള കാരണങ്ങളും പല വകുപ്പുകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. പൗരത്വബിൽ പ്രവാസികൾക്ക് പ്രശ്നങ്ങൾ ആകാൻ സാധ്യതയുള്ള നാല് വ്യവസ്ഥകളാണുള്ളത് .
ഒന്നാമതായി രജിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തിയാൽ കാർഡ് റദ്ദു ചെയ്യപ്പെടും. രണ്ടാമത്തെ വ്യവസ്ഥ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി അഞ്ചുവർഷത്തിനുള്ളിൽ രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ അനുഭവിച്ചാലും കാർഡ് റദ്ദു ചെയ്യപ്പെടാം. മൂന്നാമത്തെ വകുപ്പ് രാജ്യത്തിൻെറ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായിട്ട് ഏതെങ്കിലും പ്രവാസി പ്രവർത്തിച്ചു എന്ന് തോന്നിയാൽ ഒസിഐ കാർഡ് റദ്ദു ചെയ്യപ്പെടാം. ഇവയ്ക്കെല്ലാം പുറമേ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി പ്രവർത്തിച്ചാലും ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വകുപ്പും എഴുതിച്ചേർത്തിട്ടുണ്ട്. പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്ന ഒരു വസ്തുത എന്ന് പറയുന്നത്ഒസിഐ കാർഡ് റദ്ദു ചെയ്യാൻ ചേർക്കപ്പെട്ടിരിക്കുന്ന പല വകുപ്പുകളും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടാനും ആരെയെങ്കിലും മനഃപൂർവം ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ ഈ വകുപ്പുകൾ അവരുടെ മേൽ ചുമത്തപ്പെടാനും എന്നുള്ളതാണ്. ഉദാഹരണത്തിന് ഫേസ്ബുക്കിലോ വാട്ട്സ് ആപ്പിലോ പോസ്റ്റ് ചെയ്യുന്ന ഫോർവേഡ് മെസ്സേജുകളോ കമന്റുകളോ ഒക്കെ ഏതെങ്കിലും രീതിയിൽ രാജ്യ താത്പര്യത്തിന് എതിരാണ് എന്ന് വരുത്തിതീർക്കുവാനിയിട്ട് നിസ്സാരമായി സാധിക്കാവുന്നതേയുള്ളൂ . ചുരുക്കത്തിൽ വിദേശത്ത് സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഭീഷണി ഉയർത്തുന്ന ഒന്നാണ് പൗരത്വബിൽ.
ഒസിഐ. കാർഡ് റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ പിന്നീട് സന്ദർശന വീസയിൽ ഇന്ത്യയിലേക്കുള്ള യാത്രയും ദുഷ്കരമാകും. ഇന്ത്യയിൽ വസ്തുവകകളും ബന്ധുക്കളുമൊക്കെയുള്ള പ്രവാസികൾക്ക് ഇത് വലിയ ബുദ്ധുമുട്ടുണ്ടാക്കും. ഇന്ത്യയിലായിരിക്കെയാണു കാർഡ് റദ്ദാക്കപ്പെടുന്നതെങ്കിൽ ഉടൻതന്നെ രാജ്യം വിടേണ്ടിയും വരും.
വിദേശത്തിരുന്നു സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുകയും സർക്കാർ നയങ്ങള്ക്കെതിരെ സഭ്യമല്ലാതെ സംസാരിക്കുകയും ചെയ്യുന്നവർക്കെല്ലാം വേണ്ടിവന്നാൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ സാധിക്കും.
ജോഷി സിറിയക്
ബിർമിംഗ്ഹാം: . യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്മസ് കരോൾ മത്സരത്തിന്റെ മൂന്നാം സീസൺ ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. യുകെ ക്രോസ് കൾച്ചർ മിനിസ്ട്രിസ് ഡയറക്ടർ ഡോ. ജോ കുര്യൻ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റെവ. ഫാ. ടോമി എടാട്ട്, ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് ടൌൺ മേയർ ടോം ആദിത്യ, എന്നിവർ വിശിഷ്ടാഥികളായിരിക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്വേഡ് സിക്സ് ഫൈവ് വെയ്സ് ഗ്രാമർ സ്കൂളിൽ ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് നിറം പകരാൻ ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
നീണ്ട പരിശീലനത്തിനു ശേഷം എത്തുന്ന ഗായകസംഘങ്ങൾ അത്യന്തം വാശിയോടെ മത്സരത്തെ സമീപിക്കുമ്പോൾ വിജയികളാകുന്നർക്ക് ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും, ഗർഷോം ടിവി നൽകുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ലണ്ടൻ അസാഫിയൻസ് നൽകുന്ന ട്രോഫിയും , മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നൽകുന്ന 250 പൗണ്ടും ട്രോഫിയും ലഭിക്കും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്ന ക്വയർ ഗ്രൂപ്പിന് ട്രോഫികൾ സമ്മാനിക്കും
ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്വേഡ് ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.
പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT