Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ ഇലക്ഷന് ഒൻപത് ദിവസം മാത്രം അവശേഷിക്കെ താൻ ഏതു പ്രൈംമിനിസ്റ്റർ കൊപ്പവും ജോലിചെയ്യാൻ സന്നദ്ധനാണെന്ന് അറിയിച്ച് ട്രംപ്. താൻ ബോറിസ് ജോൺസൺനെ വളരെ കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയയാണ് കാണുന്നതെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം താൻ ബ്രെക്സിറ്റ് ഫാനാണെന്നും ഇലക്ഷൻ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 12 ഡിസംബറിൽ നടക്കാനിരിക്കുന്ന ഇലക്ഷൻ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാൻ താൽപര്യമില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

എൻ എച്ച് എസ് എസിനെ പറ്റി യുഎസിന് ചെയ്യാൻ ഒന്നുമില്ല എന്ന് പറഞ്ഞ പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺനെ വിമർശിക്കാനും മറന്നില്ല. പ്രിൻസ് ആൻഡ്രൂസിന് വിവാദം കടുപ്പം ഉള്ളതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ട്രാൻസ് അറ്റ്ലാന്റിക് ഓർഗനൈസേഷൻന്റെ എഴുപതാം ആനിവേഴ്സറി കൂടിയായ ഇത്തവണത്തെ നാറ്റോ സമ്മിറ്റിനു ബ്രിട്ടനിൽ എത്തിയതാണ് ട്രംപ്. രാവിലത്തെ മീറ്റിംഗിൽ നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്കോട്ടൻബറുമായി യുഎസ് അംബാസിഡർ റെസിഡൻസിൽ നടന്ന മീറ്റിങ്ങിനു ശേഷം ഇമ്മാനുവൽ മാക്രോൺമായി കൂടിക്കാഴ്ച നടത്തി. ശേഷം പ്രിൻസ് ചാൾസിന്റെ ഗൃഹത്തിൽ ഉച്ചയ്ക്ക് ചായ സൽക്കാരത്തിന് കൂടിയ ശേഷം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിരുന്നിൽ ട്രംപ് ഭാര്യക്കൊപ്പം പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മീറ്റിംഗിൽ പങ്കെടുക്കുമോ എന്നുള്ള വിവരം ലഭ്യമല്ല എങ്കിലും എല്ലാ പ്രധാനമന്ത്രി മാരെയും സന്ദർശിക്കുന്നതിന് ഒപ്പം ജോൺസൺനെയും താൻ കാണാൻ സാധ്യതയുണ്ട് എന്ന് ട്രംപ് പറയുന്നു.

നാറ്റോ നേതാക്കന്മാർ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കടക്കും മുൻപ് ട്രാഫൽഗാർ സ്ക്വയറിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. പല ആവശ്യങ്ങളുമായി എത്തിയവരാണ് എങ്കിലും അവരിൽ പൊതുവായി ഉണ്ടായിരുന്നത് ഒരേ ഒരു വികാരമായിരുന്നു ‘ ട്രംപിനോടുള്ള എതിർപ്പ്’.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

പരസ്പരം അടുത്തറിയുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്. കുടുംബബന്ധം ആയാലും സുഹൃത്ത് ബന്ധം ആയാലും. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നത് വിള്ളലുകൾ നിറഞ്ഞ മാനുഷികബന്ധങ്ങൾ വർദ്ധിക്കുന്നു എന്നതാണ്. ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ പങ്കാളിയ്ക്ക് ശരിക്കുമുള്ള തങ്ങളെ അറിയില്ലെന്ന് സമ്മതിക്കുന്നു. പങ്കാളിയുടെ യഥാർത്ഥ സ്വഭാവം, വ്യക്തിത്വം ഒക്കെ ഇന്ന് കൂടെ നടക്കുന്ന പലരും അറിയാതെ പോകുന്നു. 2000 പേരിൽ നടത്തിയ പഠനത്തിൽ മൂന്നിൽ രണ്ടുപേരും ഇക്കാര്യം സമ്മതിച്ചു. ഏതാണ്ട് അഞ്ചിലൊന്ന് പേരും അവരുടെ ഉറ്റസുഹൃത്തുക്കൾക്ക് പോലും ‘യഥാർത്ഥ’ തങ്ങളെ അറിയില്ലെന്ന് വിശ്വസിക്കുന്നു.

തങ്ങളുടെ വ്യക്തിത്വം യഥാർഥത്തിൽ മനസ്സിലാക്കുന്ന ആരും ജീവിതത്തിൽ ഇല്ലെന്ന തോന്നലുണ്ടെന്ന് പത്തിലൊന്ന് പേരും സമ്മതിച്ചു. ഉറ്റവരുമായി ഒന്നിച്ചുകൂടി വിശേഷ ദിനങ്ങളിൽ ഭക്ഷണം കഴിക്കുന്നതും മറ്റും അടുത്തറിയുന്നതിന് സഹായകരമാകുമെന്ന് മൂന്നിൽ രണ്ടു പേരും കരുതുന്നു. പിസ്സഎക്സ്പ്രസ്സ്‌ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പിസ്സ എക്സ്പ്രസ്സിലെ അമൻഡാ റോയ്സ്റ്റൺ പറഞ്ഞു: “ഈ സ്ഥിതിവിവരക്കണക്കുകൾ വളരെയധികം ദുഖകരമാണ്. നിലവിലെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയിൽ, സമൂഹ സമന്വയത്തിന്റെ ആവശ്യകത ഏറെയാണ്. ഒപ്പം ചുറ്റുമുള്ളവരെ പിന്തുണയ്ക്കുന്നതും വളരെ ഗുണം ചെയ്യും.” ഇതുകൂടാതെ സമൂഹമാധ്യമങ്ങളും ജനങ്ങൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള വേദിയാകുന്നു. പഠനത്തിൽ പങ്കെടുത്തവർക്ക് കുറഞ്ഞത് 10 സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ ഇതിൽ 2 പേരോട് മാത്രമേ തുറന്ന് സംസാരിക്കാനും ഇടപെടാനും കഴിയുന്നുള്ളു എന്നും അവർ വ്യക്തമാക്കി.

അഖിൽ മുരളി
അല്ലയോ എൻ പ്രിയ നന്ദിനി
മുല്ലമൊട്ടുപോൽ മനോഹരമാം നിൻ
ദന്തങ്ങളെവിടെ, കാണാൻ കൊതികൊണ്ടിടുന്നു
ഞാൻ, നിൻ മാതാവ്.
പേറ്റു നോവറിഞ്ഞവൾ ഞാ-
നിന്നറിയുന്നകന്നു പോയ നിൻ
മന്ദഹാസങ്ങളും.

സ്നേഹമേകി ഞാൻ വളർത്തിയെൻ
പൊൻ മുത്തേ
ഒരു വാക്കോതാതെയെവിടേക്കു
മാഞ്ഞു നീ
ഒരു നോക്കു കാണുവാൻ നിന്നിടാ-
തെവിടേക്കകന്നു നീ.

കൂപങ്ങൾതോറും പതിയിരിക്കും മൃത്യുവേ
എന്തിനെൻ കുഞ്ഞിനെ നുള്ളിയെടുത്തു
പിച്ചവെച്ചു തുടങ്ങിയെൻ കണ്മണി-
യെന്തപരാധം ചെയ്തുവോ.

കരാള സർപ്പമേ, എന്തിനീ ക്രൂരത-
യെന്നോട് കാട്ടി നീ,
നീയുൾപ്പെടും ജീവജാലങ്ങളിൽ
സ്നേഹം ചൊരിഞ്ഞവളല്ലെയോ
എന്മകൾ.

ദംശനമേറ്റു പിടഞ്ഞൊരെൻ കുഞ്ഞിന്റെ
നൊമ്പരമറിയാത്ത ഗുരു ശ്രേഷ്ഠ
ഗുരുവെന്ന പദത്തിൻ പൊരുളറിയാതെ
ജീവിച്ചീടുകിൽ അർത്ഥമെന്ത്‌.

മിഴിനീർ മുത്തുകൾ കോർത്തോരു
ഹാരമണിയിച്ചിടും ഞാൻ നിൻ കണ്ഠത്തിൽ
എൻ കണ്ണുനീരിൻ താപവും ശീതവും
അറിഞ്ഞിടേണം നീ, ഗുരുവേ.

മാളമൊരുക്കി മാനവ ജന്മങ്ങൾ
അഭയാർത്ഥിയായതു നീ നാഗമേ,
നിന്നെയോ ഞാനെന്നെയോ
ഇക്ഷിതിയെയോ, ഗുരു ശ്രേഷ്ഠനെയോ
ആരെ ഞാൻ പഴിക്കേണ്ടു .
ഉത്തരമില്ലാചോദ്യാവലിയുമായി
നിലതെറ്റി വീഴുന്നേകയായി
മകളേ നിന്നെയൊരുനോക്കു കാണുവാൻ
തൃഷ്ണയോടിന്നിതാ കേഴുന്നീ തായ

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

( കരഞ്ഞുകൊണ്ടാണ് ഈ ചിത്രം ഞാൻ പൂർത്തിയാക്കിയത് – അനുജ )

 

 

 

 

ക്രിസ്മസ് ആഗമനത്തിന്റെ ആഴ്ചകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്ന ആഹ്വാനവുമായി ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി). അഡ്വന്റ് 2019 ആദ്യ ദിനത്തിലാണ് എസ്ടിഎസ്എംസിസി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ആഘോഷത്തിന് വിളംബരം കുറിച്ചത്.

ക്രിസ്തീയ രീതികളെക്കുറിച്ച് പഠിച്ച വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കി ജീവിക്കുന്ന ലോകത്തിന് പോസിറ്റീവ് തലത്തിലുള്ള മാറ്റങ്ങള്‍ നല്‍കാനാണ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകരാജ്യങ്ങളെ സധൈര്യം നേരിട്ട ഗ്രെറ്റ തന്‍ബര്‍ഗിന്റെ ഉത്തരവാദിത്വം എടുക്കാനുള്ള ആഹ്വാനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാര്‍ത്ഥികളുടെ ഈ പരിശ്രമത്തിന് പൂര്‍ണ്ണ പിന്തുണയാണ് പ്രധാന അധ്യാപിക സിനി ജോണും, അഡ്മിനിസ്‌ട്രേറ്റര്‍ സിജി സെബാസ്റ്റിയനും നല്‍കുന്നത്.

മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സണ്‍ഡേ സ്‌കൂളിന് പുറമെ ഈ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ രാവിലെയും, വൈകീട്ടുമായി ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ മുന്നൂറോളം മുതിര്‍ന്നവരും എത്തിച്ചേരുന്നു. ഓരോ ഞായറാഴ്ചയും നടക്കുന്ന ചടങ്ങുകള്‍ക്കായി ഏകദേശം അറുനൂറോളം പ്ലാസ്റ്റിക്, സിട്രോഫോം കപ്പുകളും, ഒറ്റത്തവണ ഉപയോഗിക്കുന്ന 15ഓളം പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

കുര്‍ബാനയ്ക്കിടെ തന്നെ ഇതിന്റെ ദുരന്തങ്ങള്‍ വരച്ചുകാണിക്കുന്ന സ്‌കെച്ചുകള്‍ തയ്യാറാക്കിയാണ് കുട്ടികള്‍ തങ്ങളുടെ ദൗത്യത്തിന് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ബാധ്യത തിരിച്ചറിഞ്ഞതോടെ രൂപതയും, പിടിഎ അംഗങ്ങളും താല്‍പര്യമെടുത്ത് സ്വന്തമായി ഡിസ്‌പോസിബിള്‍ കപ്പുകളും, ജീര്‍ണ്ണിക്കുന്ന കപ്പുകളും, പ്ലേറ്റും മറ്റും ഉപയോഗിക്കാന്‍ തീരുമാനിച്ചു. ബോട്ടില്‍ വെള്ളത്തിന് പകരം ടാപ്പ് വെള്ളം ഉപയോഗിക്കാനും വഴിയൊരുങ്ങി.

 

രക്ഷിതാക്കളില്‍ ഒരാള്‍ സെറാമിക് കപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ഇത് വൃത്തിയാക്കുന്ന ദൗത്യം 11ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയും ചെയ്തു. സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയ് എന്നിവരടങ്ങുന്ന പള്ളി കമ്മിറ്റി മാലിന്യം പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള വഴികള്‍ പരിഗണിച്ച് വരികയാണ്.

അന്തിമ ഉപഭോക്താക്കളെ ഇല്ലാതാക്കുന്നത് വഴി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പതിയെ ഇല്ലാതാക്കുന്ന രീതിയാണ് വിഭാവനം ചെയ്യുന്നതെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരായ അനിത ഫിലിപ്പും, ജോയല്‍ ജോസഫും വ്യക്തമാക്കി. ഇതുവഴി ബിസിനസ്സുകളും, സര്‍ക്കാരും മറ്റ് വഴികള്‍ തേടാന്‍ നിര്‍ബന്ധിതമാകും. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തി വഴിയില്‍ കുട്ടികളെ നിര്‍ത്തി ട്രാഫിക് സ്തംഭനം സൃഷ്ടിക്കുന്നതിലും ഭേദമാണ് ഇത്തരം പ്രാവര്‍ത്തികമായ നടപടികള്‍.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍ത്തലാക്കുന്ന യുകെയിലെ ആദ്യ പള്ളിയായി മാറാനാണ് എസ്ടിഎസ്എംസിസിയുടെ പരിശ്രമം. ഈ നീക്കം സ്ഥിരതയോടെ നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തിലാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും. പെരുന്നാള്‍ ഉള്‍പ്പെടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവും നടത്തി.

ക്രിസ്മസ് ആഗമന ആഴ്ചകളില്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പണം കണ്ടെത്താന്‍ ‘ബേക്ക് ഓഫ് മത്സരം, സീസണ്‍ 2’ സംഘടിപ്പിക്കുന്നതും പള്ളിയിലെ ചെറുപ്പക്കാരുടെ മറ്റൊരു പദ്ധതിയാണ്. രൂപതയിലെ ഊര്‍ജ്ജസ്വലരായ രക്ഷിതാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളില്‍ ഏറെ അഭിമാനമുള്ളതായി വികാരി റവ. ഫാദര്‍ പോള്‍ വെട്ടിക്കാട്ട് പറയുന്നു. ‘ആഗോള തലത്തില്‍ സഭ ഏറ്റെടുത്ത നിരവധി സാമൂഹിക വിഷയങ്ങളുണ്ട്. പോപ്പ് ഫ്രാന്‍സിസ് ഏറ്റവും വലിയ പാപമെന്ന് വിശേഷിപ്പിച്ച പാരിസ്ഥിതിക വിഷയങ്ങള്‍ ഏറ്റെടുക്കേണ്ട സമയമാണ്, പ്രത്യേകിച്ച് ഹരിതാഭമായ കത്തോലിക് രീതികളിലേക്ക് മാറുകയും വേണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിസിഎസ്ഇ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് പള്ളികളുമായി ബന്ധപ്പെട്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് എതിരെ റോഡ് ഷോകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

നോർത്ത് അലെർട്ടൻ :- മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞദിവസം നോർത്ത് അലെർട്ടനിൽ മലയാളിക്കെതിരെ നടന്ന ആക്രമണത്തിൽ ഇരുപത്തഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഈ സംഭവത്തിൽ, പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. അന്വേഷണത്തിന് സഹായകരമായ സാക്ഷികളെ ജനങ്ങളിൽ നിന്നും തിരയുകയാണ് പോലീസ്. സംഭവമറിഞ്ഞ് യുകെസിസി മുൻ ഭാരവാഹി ജോസ് പരപ്പനാട്ട് ഉള്‍പ്പെടെ നിരവധി മലയാളികള്‍  നോർത്ത് അലെർട്ടണിൽ എത്തി.

ഷെഫായും പാർട്ട്‌ ടൈം ഡ്രൈവറായി ജോലി ചെയ്തിരുന്ന നാല്പത്തിമൂന്നുകാരനായ മലയാളിക്കെതിരെ കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. കാറിനുള്ളിൽ ഉപയോഗിച്ചിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് കൊലയാളി അദ്ദേഹത്തെ ആക്രമിച്ചത്. കേരളത്തിൽ വൈക്കം സ്വദേശിയാണ് ഇദ്ദേഹം. തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഇദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

നോർത്ത് യോർക്ക്ഷെയർ പോലീസ് ജനങ്ങളോട് സഹായമഭ്യർത്ഥിച്ചിരിക്കുകയാണ് . എന്തെങ്കിലും വിവരം അറിവുള്ളവർ പോലീസിനെ അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. നോർത്ത് അലെർട്ടണിലുള്ള ക്ലബ്ബിൽ നിന്നും ടാക്സികൾ കയറിപ്പോയ ഒരു ദമ്പതികൾക്ക് സഹായിക്കാൻ കഴിയും എന്ന നിഗമനത്തിലാണ് പോലീസ് . പോലീസ് കസ്റ്റഡിയിലായ പാട്രിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കാനായി പോലീസ് ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്:-
01609643226 , 0800555111

വീണ്ടും മലയാളിക്ക് നേരെ വംശീയ അതിക്രമം. പരിക്ക് അതീവഗുരുതരം. അപകടം തരണം ചെയ്തതായി ഡോക്ടർമാർ. ഒരാൾ പോലീസ് കസ്റ്റഡിയിൽ.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : അന്താരാഷ്ട്ര വ്യാപാര ചർച്ചകളെക്കുറിച്ച് ചോർന്ന സർക്കാർ രേഖകൾ പത്രസമ്മേളനത്തിൽ തുറന്നുകാട്ടി ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. എട്ട് ദിവസങ്ങൾക്ക് മുമ്പ് ഇതേ രേഖകളുടെ പുനർനിർമ്മാണ പതിപ്പ് കോർബിൻ പ്രദർശിപ്പിച്ചിരുന്നു. ബ്രെക്‌സിറ്റിനുശേഷം സാധ്യമായ ഒരു വ്യാപാര ഇടപാടിൽ മയക്കുമരുന്നിന്റെ വിലയെക്കുറിച്ച് യുഎസും യുകെയും തമ്മിലുള്ള ചർച്ചകൾ ആണ് ഇതിലുള്ളത്. ഈ രേഖയുടെ ഒരു പതിപ്പ് ഒരു മാസം മുമ്പ് തന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയില്ല. ഒക്ടോബർ 21നാണ് റെഡിറ്റിൽ “ഗ്രെഗോറേറ്റിയർ” എന്ന ഉപയോക്തൃനാമമുള്ള ആൾ ഇത് പോസ്റ്റ്‌ ചെയ്യുന്നത്.

യഥാർത്ഥ റെഡിറ്റ് ലിങ്ക് പ്രദർശിപ്പിച്ചുകൊണ്ടുതന്നെ കുറച്ച് ദിവസങ്ങൾക്കു ശേഷം ട്വിറ്ററിൽ ഗ്രെഗോറേറ്റിയർ എന്ന അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടു. ട്വീറ്റുകളിൽ ആദ്യം പരാമർശിച്ചത് ലേബർ പാർട്ടി, ലേബർ പ്രസ് ഓഫീസ്, ഷാഡോ ചാൻസലർ ജോൺ മക്ഡൊണെൽ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ആയിരുന്നു. അടുത്ത നിരവധി ദിവസങ്ങളിലും ആഴ്ചകളിലും, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, പ്രവർത്തകർ , സൈദ്ധാന്തികർ ഉൾപ്പെടെ ഉള്ളവർക്ക് ഗ്രെഗോറേറ്റിയർ പല സന്ദേശങ്ങളും അയച്ചു. പിന്നീട് ബിഫോർ‌ഇറ്റ്‌സ് ന്യൂസിൽ “വിൽ‌ബർ‌ ഗ്രെഗോറേഷ്യർ‌” എന്ന പേരിൽ മറ്റു മൂന്നു വാർത്തകളും പോസ്റ്റ്‌ ചെയ്യുകയുണ്ടായി. എന്നാൽ നവംബർ 11 മുതൽ ഈ അക്കൗണ്ട് പ്രവർത്തനരഹിതമായി. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ ഈ അക്കൗണ്ട് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പാണ് അക്കൗണ്ട് സൃഷ്ടിച്ചതെങ്കിലും 2019 സെപ്റ്റംബറിൽ മാത്രമാണ് പോസ്റ്റുചെയ്യാൻ തുടങ്ങിയത്. അതിനുശേഷം, ഗ്രിഗൊറേറ്റിയർ മറ്റ് ആളുകളുടെ പോസ്റ്റുകളിൽ 20 ലധികം അഭിപ്രായങ്ങൾ നൽകി. ഇതിൽ കൂടുതലും രാഷ്ട്രീയ, ആനുകാലിക വിഷയങ്ങൾ ആയിരുന്നു. ബുധനാഴ്ച പത്രസമ്മേളനം നടത്തിയപ്പോഴാണ് ചോർന്ന രേഖകൾ കോർബിൻ അവലോകനം ചെയ്തത്. എന്നാൽ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ച് പ്രതികരിക്കാൻ ലേബർ പാർട്ടി വക്താവ് വിസമ്മതിച്ചു.

ലണ്ടൻ∙ ബാലപീഡകനായ കോടീശ്വരനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദച്ചുഴിയിൽപെട്ട് ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ. ശക്തമായ ജനരോഷത്തെ തുടർന്ന് ആൻഡ്രൂവിനെ ബക്കിങ്ങാം കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കിയതായി ബ്രിട്ടിഷ് രാജ്ഞി തന്നെ അറിയിക്കുകയായിരുന്നു. പ്രതിവർഷം കൊട്ടാരത്തിൽനിന്ന് ലഭിച്ചിരുന്ന 2.49 ലക്ഷം പൗണ്ടിന്റെ ആനുകൂല്യം നഷ്ടമാകുന്നതോടോപ്പം പ്രമുഖ കമ്പനികളും സംഘടനകളും ബഹിഷ്കരണ ഭീഷണിയുമായി രംഗത്തുണ്ട്.

ബാലപീഡനത്തിന് വിചാരണ നേരിടവെ ജയിലിൽ മരിച്ച യുഎസ് കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ യോർക് പ്രഭു ആൻഡ്രൂ രാജകുമാരൻ തുറന്നു പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ എന്നിവരുൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുടെ സുഹൃത്തായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ജെഫ്രി എപ്സ്റ്റീൻ (ഇടത്) ആൻഡ്രൂ രാജകുമാരൻ, വിർജീനിയ

1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ വിർജിനീയ റോബർട്സ് ജിയുഫ്രെ എന്ന 35 കാരി ആൻഡ്രൂ രാജകുമാരനെതിരെ നിലപാടുകൾ കടുപ്പിക്കുന്നതാണ് രാജകുമാരനെ പ്രതിസന്ധിയിലാക്കുന്നത്. ആൻഡ്രൂ മൂന്നു തവണ തന്നെ പീഡിപ്പിച്ചെന്നാണ് വിർജിനീയയുടെ പരാതി. അതിൽ രണ്ടു തവണ പ്രായപൂർത്തിയാകുന്നതിനു മുൻപാണെന്നും അവർ പറയുന്നു.

ജെഫ്രി എപ്സ്റ്റീൻ രാജകുമാരന്റെ പേരു പറഞ്ഞാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും 2010 ൽ മറ്റൊരു ബാലപീഡനക്കേസിൽ ജയിൽ മോചിതനായ എപ്സ്റ്റീനെ രാജകുമാരൻ സന്ദർശിച്ചുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചുവെന്നു വിർജീനിയ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. 2001 ലും 2002ലും മൂന്നുതവണ എപ്സ്റ്റീന്റെ നിർബന്ധത്തിനു വഴങ്ങി രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു വിർജീനിയ റോബർട്‌സിന്റെ വെളിപ്പെടുത്തൽ. 2001ൽ പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അതിക്രൂരമായ ലൈംഗിക പീഡനങ്ങൾക്കു വിധേയയാകേണ്ടി വന്നതെന്നും വിർജീനിയ വെളിപ്പെടുത്തി.

2001 മാർച്ച് പത്തിന് ലണ്ടൻ ട്രാംപ് നൈറ്റ് ക്ലബിൽ രാജകുമാരനെ കണ്ടെന്നും അവിടെ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമുള്ള വിർജീനിയയുടെ വെളിപ്പെടുത്തൽ ആൻഡ്രൂ രാജകുമാരൻ തള്ളിയിരുന്നു. മാർച്ച് പത്തിനു ലണ്ടൻ ട്രാംപ് നൈറ്റ് ക്ലബിൽ താൻ എത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മകൾ ബിയാട്രീസ് രാജകുമാരിക്കൊപ്പം വോക്കിങ്ങിലെ പിസാ എക്സ്പ്രസിൽ ആയിരുന്നുവെന്നുമായിരുന്നു രാജകുമാരന്റെ വാദം. നൈറ്റ് ക്ലബിൽ തനിക്കു വോഡ്ക പകർന്നു നൽകുമ്പോൾ ആൻഡ്രൂ വല്ലാതെ വിയർത്തിരുന്നുവെന്ന വിർജിനീയയുടെ വാദത്തെ യുദ്ധത്തിൽ വെടിയേറ്റതിനു ശേഷം ഉണ്ടായ അഡ്രിനാലിൻ ഓവർഡോസ് മൂലം താൻ വിയർക്കാറില്ലെന്ന തൊടുന്യായം കൊണ്ടാണ് ആൻഡ്രൂ നേരിട്ടത്.

ജെഫ്രി എപ്സ്റ്റീൻ

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ജെഫ്രിക്കൊപ്പം സൗഹൃദം സൂക്ഷിച്ചതും അയാളുടെ വസതിയിൽ അന്തിയുറങ്ങിയതും തെറ്റാണെന്നു ബോധ്യപ്പെട്ടതായി കുറ്റസമ്മതം നടത്തിയെങ്കിലും ജനരോഷം ശമിപ്പിക്കാൻ കഴിഞ്ഞില്ല. ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജി‌സെയിൻ മാക്സ്‍വെൽ അടുത്തു നിൽക്കുമ്പോൾ തന്നെ ചേർത്തു നിർത്തിയിരിക്കുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രം പുറത്തു വിട്ടാണ് രാജകുമാരനെതിരെയുള്ള നീക്കം വിർജീനിയ ശക്തമാക്കിയത്. എന്നാൽ ചിത്രം വ്യാജമാണെന്നായിരുന്നു രാജകുമാരന്റെ വാദം. ആ യുവതിയെ താൻ കണ്ടിട്ടില്ലെന്നും ആൻഡ്രൂ രാജകുമാരൻ ആണയിടുന്നു.

എന്നാൽ ഇത്തരം വ്യക്തിപരമായ കാര്യങ്ങളിൽ രാജകുടുംബാംഗങ്ങൾ പ്രതികരിക്കുന്നതു തന്നെ അസാധാരണമാണെന്നിരിക്കെ തുടരെയുള്ള ന്യായീകരണങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്കു ഖേദമില്ലെന്നു ബിബിസി അഭിമുഖത്തിൽ പറഞ്ഞതോടെയാണ് എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും 59കാരനുമായ രാജകുമാരൻ വിവാദത്തിൽപെടുന്നത്. വിവാദമായതോടെ എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ഖേദിക്കുന്നുവെന്നും ഇരകളായ പെൺകുട്ടികളോടു സഹതപിക്കുന്നെന്നും ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിറക്കിയെങ്കിലും ജനരോഷം ശമിക്കാതിരുന്നതിനാൽ രാജ്ഞി ഔദ്യോഗിക പദവികൾ തിരിച്ചെടുക്കുകയായിരുന്നു.

2005 മാർച്ചിൽ ഫ്ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോൺ വിളിച്ച് തന്റെ പ്രായപൂർത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടതോടെയാണ് ജെഫ്രി എപ്സ്റ്റീനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. 2006 മേയിൽ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയൽ ചെയ്തു.

എപ്സ്റ്റീനെ കൂടാതെ സാറാ കെല്ലൻ, ഹാലി റോബ്സൺ സോൺ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രാപൂർത്തിയാകാത്ത പെൺകുട്ടികളുമായും എപ്സ്റ്റീൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ഇതിൽ ആരോപിച്ചിരുന്നു.

എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ പേരും വിലാസവും ഉൾപ്പെടുന്ന വിവരങ്ങളടങ്ങിയ ‘ബ്ലാക് ബുക്ക്’ സൂക്ഷിച്ചെന്നതാണു സാറയ്ക്കെതിരായ കുറ്റം. പാം ബീച്ചിലെ സ്റ്റേറ്റ് അറ്റോർണി ഈ കേസ് 2006 മേയിൽ മേൽക്കോടതിയിലേക്കു റഫർ ചെയ്തു. എപ്സ്റ്റീനു സ്വത്തുക്കളുള്ള ഫ്ലോറിഡ, ന്യൂയോർക്ക്, ന്യു മെക്സിക്കോ എന്നിവിടങ്ങളിലെ ഇരകളെയും സാക്ഷികളെയും കണ്ട് എഫ്ബിഐ മൊഴിയെടുത്തു. നിയമ നടപടികൾ മുന്നോട്ടുപോയപ്പോൾ, തന്നെ ലൈംഗിക കുറ്റവാളിയാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകാര്യമല്ലെന്ന് എപ്സ്റ്റീനും അഭിഭാഷകനും 2008 ജനുവരിയിൽ നിലപാടെടുത്തു.

ഫെബ്രുവരിയിൽ ഒരു സ്ത്രീ എപ്സ്റ്റീനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. 16–ാം വയസ്സിൽ മസാജിങ്ങിനായി തന്നെ നിയമിച്ചുവെന്നും ലൈംഗികബന്ധത്തിനു നിർ‌ബന്ധിച്ചു എന്നുമായിരുന്നു ആരോപണം. എഫ്ബിഐയുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി മാർച്ചിൽ കേസ് വിചാരണയ്ക്കെടുക്കാൻ ഗ്രാൻഡ് ജൂറി തീരുമാനിച്ചു. ഇരകളെ ഫോണിലും നേരിട്ടും എപ്സ്റ്റീന്റെ ആളുകൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേ മാസം മറ്റൊരു സ്ത്രീ കൂടി ഹർജി നൽകി. ജൂണിൽ എപ്സ്റ്റീൻ കുറ്റക്കാനാരാണെന്നു കോടതി വിധിച്ചു. ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട എപ്സ്റ്റീന് 18 മാസത്തെ ജയിൽവാസമായിരുന്നു ശിക്ഷ. 2009 ജൂലൈയിൽ ജയിൽ മോചിതനായി.

എപ്സ്റ്റീൻ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ യുഎസ് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന് ഇതിനിടെ വെളിപ്പെടുത്തലുണ്ടായി. ഫെഡറൽ പ്രോസിക്യൂട്ടറും എപ്സ്‌റ്റീനിന്റെ സുഹൃത്തുമായ അലക്സാണ്ടർ അകോസ്റ്റ കേസുകൾ ഇല്ലാതാക്കിയെന്നായിരുന്നു റിപ്പോർട്ട്. ട്രംപ് സർക്കാരിൽ ലേബർ സെക്രട്ടറിയായിരുന്ന അലക്സാണ്ടർ അകോസ്റ്റ, ഈ വെളിപ്പെടുത്തലിനെത്തുടർന്നു രാജിവച്ചു

പരാതികളും ആരോപണങ്ങളും അന്വേഷിച്ച സംഘം, എപ്സ്റ്റീനെതിരെ ശക്തമായ തെളിവുകളും മൊഴികളുമാണു ശേഖരിച്ചത്. പെണ്‍കുട്ടികളെ നഗ്നരായി മസാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികള്‍ക്കു നിര്‍ബന്ധിച്ചു, കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാന്‍ പെൺകുട്ടികൾക്കു പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണു കണ്ടെത്തിയത്. ലൈംഗിക കടത്ത്, ഇതിനായുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. എപ്സ്റ്റീന്റെ മരണത്തോടെ ക്രിമിനൽ കേസ് അവസാനിച്ചെങ്കിലും നഷ്ടപരിഹാരം തേടി കൂടുതൽ പേർ രംഗത്തുവരാൻ സാധ്യതയുള്ളതിനാൽ സിവിൽ കേസുകൾ തുടരും.

കോടതിയിൽ ഹാജരാക്കിയ രേഖകളിൽ എപ്സ്റ്റീന്റെ സമ്പാദ്യത്തെപ്പറ്റിയും മാൻഹാട്ടനിലെ ബംഗ്ലാവിൽ ഒളിപ്പിച്ച അമൂല്യ വസ്തുക്കളെപ്പറ്റിയും വെളിപ്പെടുത്തലുണ്ട്. സൗദി അറേബ്യ അനുവദിച്ച പാസ്പോർട്ടും കണ്ടെടുത്തു. പാസ്പോർട്ടിലെ ഫോട്ടോ എപ്സ്റ്റീന്റെയാണെങ്കിലും പേര് വേറെയായിരുന്നു. 1980ൽ അനുവദിച്ചതാണു പാസ്പോർട്ട്. 77 ദശലക്ഷം ഡോളർ മൂല്യമുള്ള അപ്പർ ഈസ്റ്റ് സൈഡ് മാൻഷനിൽ പണവും രത്നങ്ങളും വിലപിടിച്ച കലാസൃഷ്ടികളും ഒളിപ്പിച്ചിരുന്നു.

ജെഫ്രി എപ്സ്റ്റീനെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോർട്ട്നി വൈൽഡും ആനി ഫാർമറും അഭിഭാഷകരോടൊപ്പം കോടതിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഫ്ലോറിഡയിലെ കോടതി 2008ൽ ഇയാളെ ശിക്ഷിച്ചതാണ്. കർശനമായ ഏത് ഉപാധിയും സ്വീകരിക്കാമെന്നും 100 മില്യൻ ഡോളർ വരെയുള്ള ജാമ്യത്തുക കെട്ടിവയ്ക്കാമെന്നുമാണ് എപ്സ്റ്റീന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. രേഖകൾ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാൻഹട്ടൻ, പാം ബീച്ച്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ രാജകീയ ബംഗ്ലാവുകളുണ്ട്. ഈ ബംഗ്ലാവുകളിലാണു പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിച്ചിരുന്നത്. 2002 മുതൽ 2005 വരെയുള്ള കാലയളവിൽ ഡസൻ കണക്കിനു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

20 ലക്ഷത്തോളം മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎൻപിസിയുടെ പിന്നിലെ സത്യങ്ങൾ പുറത്തുവരുന്നു.റൂട്ട് റെക്കോർഡ്‌സിലെ അഷ്‌റഫ്‌ എക്സൽ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായ അനുഭവം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പോളാർ എക്സ്പീഡിഷൻ പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന മലയാളികളെ സാധാരണയായി ഈ ഫേസ്ബുക്ക് കൂട്ടായ്മ സപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അഷ്‌റഫ്‌ തന്റെ പോസ്റ്റ് ഈ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഇട്ടതായി പറയുന്നു. എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ അറിവില്ലാതെ തന്നെ ആണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടത്.

അതിനു പറഞ്ഞ കാരണം ജിഎൻപിസി യുടെ ലോഗോ ഉപയോഗിച്ചു എന്നതാണ്. എന്നാൽ ജിഎൻപി സിയുടെ ലോഗോ ഉപയോഗിച്ചിട്ടുള്ള മറ്റു പോസ്റ്റുകൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ അദ്ദേഹം തന്റെ പോസ്റ്റ് മാറ്റുകയും, പകരം ലോഗോ ഇല്ലാതെതന്നെ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ കുറച്ച് അധികം ലൈക്കുകൾ നേടിയതിനുശേഷം, ആ പോസ്റ്റ് അപ്രത്യക്ഷമായതായി അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ വോട്ടിംഗ് ലിങ്കോടുകൂടി ജിഎൻ പിസിയിൽ ഒരു പോസ്റ്റ് വന്നതായി അഷ്റഫ് പറയുന്നു. എന്നാൽ അദ്ദേഹത്തിന് ഇതിനെ സംബന്ധിച്ച് ഒരു വിവരവും അറിയില്ല. എന്നാൽ അഡ്മിൻ അറിയാതെ എങ്ങനെ ഒരു സംഭവം നടക്കുകയില്ല എന്നാണ് അഷ്റഫ് പറയുന്നത്. അഷ്റഫിനെ പിന്നീട് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. പിന്നീട് അഷ്റഫിന് മുമ്പിലുണ്ടായിരുന്ന ആന്ധ്രപ്രദേശിലെ ഒരു വ്യക്തിയുടെ പോസ്റ്റ് ജി എൻ പി സി യുടെ ഗ്രൂപ്പിൽ വരുകയും അതിനു തുടർച്ചയായി ലൈക്കുകൾ നേടുകയും ചെയ്തു. അങ്ങനെ മലയാളികളെ ഒന്നും സപ്പോർട്ട് ചെയ്യാതെ ആന്ധ്രപ്രദേശ് കാരന്റെ പോസ്റ്റ് സപ്പോർട്ട് ചെയ്തതായി അദ്ദേഹം പറയുന്നു.

ജിഎൻപിസി എന്ന ഗ്രൂപ്പ് അതിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ വ്യക്തി താൽപര്യങ്ങൾക്കും സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നതാണെന്നാണ് അഷ്റഫ് വെളിപ്പെടുത്തുന്നത്. വീഡിയോ ലിങ്ക് താഴെ:

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത. പ്രായം 18-36. ഉദ്യോഗാർഥികൾ 02-01-1983-നും 01-01-2001-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്. ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.

ഈവർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നവംബർ 15 ആണ് ഗസറ്റ് തീയതി. നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അതോടെ പുതിയ റാങ്ക്പട്ടിക നിലവിൽവരും. കഴിഞ്ഞ എൽ.ഡി. ക്ലാർക്ക് വിജ്ഞാപനത്തിന് 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ അത് 18 ലക്ഷം കവിയുമെന്നാണ് കരുതുന്നത്.

 

ജോജി തോമസ്

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും , കത്തോലിക്കാ സഭയെ തകർക്കാൻ ചില ഹിഡൻ അജണ്ടകളുമുള്ള മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് സിസ്റ്റർ ലൂസിയുടെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങുന്ന ഇക്കിളി പുസ്തകം ആണ്. പുസ്തക പ്രസാധകർ കച്ചവട കണ്ണുകളോടും, കത്തോലിക്കാ സഭയെ തകർക്കാൻ ഹിഡൻ അജണ്ടകളുള്ള ചില മാധ്യമങ്ങളും തത്പര കക്ഷികളും ബോധപൂർവ്വം അസത്യങ്ങളും അവാസ്തവങ്ങളും നിറഞ്ഞ ഈ അശ്ലീല പുസ്തകത്തെ പ്രോത്സാഹിപ്പിക്കുകയാണ് . സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും പൊതുസമൂഹത്തിൽ സാമാന്യ ബോധം ഉള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുന്നതല്ല . സെമിനാരികളും മഠങ്ങളും ഇത്തരത്തിൽ ആഭാസത്തരങ്ങളും , ലൈഗിക വൈകൃതങ്ങളും നിറഞ്ഞതായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സംവിധാനങ്ങൾ എപ്പോഴെ തകർക്കപെടുമായിരുന്നു . രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള ഈ സംവിധാനങ്ങളിൽ ഇത്രയധികം ആഭാസത്തരങ്ങൾ അരങ്ങേറിയിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു ലൂസിക്ക് വേണ്ടി ഇത്രയധികം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഇതിലുപരിയായി താൻ മാത്രം പതിവൃതയും തന്റെ കൂടെയുള്ള സഹോദരിമാരെല്ലാം വ്യഭിചാരികളുമായി ചിത്രീകരിക്കാൻ ശ്രമിച്ച സിസ്റ്റർ ലൂസി അപമാനിച്ചത് കത്തോലിക്കാ സഭയേ ക്കാൾ ഉപരിയായി തന്റെ സഹോദരിമാരെയും , അവരുടെ കുടുംബങ്ങളെയും ആണ് .എന്തിന് അശരണർക്കും ആലംബഹീനർക്കും ആയി സ്വജീവിതം ഉഴിഞ്ഞു വെച്ച് ലോകത്തെ സ്നേഹത്തിന്റെ മാതൃകകൾ സൃഷ്ടിച്ച ആയിരക്കണക്കിന് സന്യസ്തരെ ആണ് സിസ്റ്റർ ലൂസി അപമാനിക്കുന്നത് .സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും അവർ ആരുടെയൊക്കെയോ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്നതാണ്.

കത്തോലിക്കാസഭയിലെ പുരോഹിതരുടെയും, സന്യസ്തരുടെയും ബ്രഹ്മചര്യത്തെയും സഭയിലെ പുരോഹിത സമൂഹത്തിൻറെ മൊത്തത്തിലുള്ള സംഭാവനകളെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾക്ക് അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല . സഭാ വിരുദ്ധരായിട്ടുള്ള ഒരു ന്യൂനപക്ഷം പ്രസ്‌തുത സംഭവങ്ങളെ ഒരു ആഘോഷം ആക്കാനായിട്ടുള്ള സന്ദർഭമായിട്ടാണ് ഉപയോഗിക്കുന്നത് . വ്യവസ്ഥാപിതമോ , വ്യക്തിപരമോ ആയ ഏത് അക്രമങ്ങളെയും ,തിന്മകളെയും ന്യായികരിക്കുകയോ അതിക്രമം ചെയ്തവർക്ക് കൂട്ടു നിൽക്കുകയോ ചെയ്യേണ്ട ബാധ്യത സഭയ്‌ക്കോ വിശ്വാസ സമൂഹത്തിനോ ഇല്ല . പക്ഷെ സഭയെയും പുരോഹിതസമൂഹത്തെയും മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന ഇത്തരക്കാരുടെ പ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കും മുമ്പ് സത്യവും മിഥ്യയും പൊതുസമൂഹവും പ്രത്യേകിച്ച് വിശ്വാസികളും തിരിച്ചറിയേണ്ടിയിരിക്കുന്നു .

ആഗോള കത്തോലിക്കാ സഭയിലെ പുരോഹിതരുടെ എണ്ണം ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് വരും . ഏഴുലക്ഷത്തോളം സന്യസ്തരും ഉണ്ട്.വളരെ ദൈർഘ്യമേറിയതും , ആഴത്തിൽ ഉള്ളതുമായ പരിശീലനമാണ് വൈദിക വിദ്യാർഥികൾക്ക് നൽകുന്നത്. പത്തു വർഷത്തിനു മുകളിൽ ദൈർഘ്യമുള്ള പരിശീലന കാലയളവിൽ മറ്റ് ജീവിതാന്തസ്സ്‌ തേടിപ്പോകാനുള്ള സ്വാതന്ത്ര്യം വൈദിക വിദ്യാർഥികൾക്ക് ഉണ്ട് . പൗരോഹിത്യം ആരിലും അടിച്ചേൽപ്പിക്കുന്നില്ല . ചുരുക്കത്തിൽ വളരെ സൂക്ഷ്മമായ പരിശീലനത്തിലൂടെയാണ് വൈദിക വിദ്യാർത്ഥികൾ കടന്നു പോകുന്നതും വാർത്തെടുക്കപ്പെടുന്നതും . എങ്കിലും ചിലപ്പോഴെങ്കിലും ചില കരടുകൾ വൈദികസമൂഹത്തിൽ കടന്നുവരാറുണ്ട്. അതിൻറെ അനുപാതം വളരെ ചെറുതാണന്നുള്ളതാണ് വസ്തുത . ഒരു വ്യക്തിയെന്ന നിലയിൽ സ്വഭാവ വിശേഷങ്ങളിൽ കാലാന്തരങ്ങളായി സംഭവിക്കുന്ന വ്യതിയാനങ്ങൾ ആവാം വൈദികർക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് മറ്റൊരു കാരണം.

കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യമാണ് പലരുടെയും വിമർശനങ്ങൾക്കും പരിഹാസത്തിനും കേന്ദ്രബിന്ദു. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ബ്രഹ്മചര്യത്തിൻെറ പ്രസക്തിയാണ് ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് . തനിക്ക് സാധിക്കാത്തത് ഇവർക്കെങ്ങനെ സാധിക്കും എന്ന സംശയമാണ്. വൈദികർക്കുണ്ടാകുന്നവീഴ്ചകളിൽ പ്രധാന കാരണമായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത് ബ്രഹ്മചര്യത്തെയാണ്. പക്ഷേ ഇവിടെ കാണാതെ പോകുന്ന വസ്തുത വേലി ചാടുന്നവർ ഏത് ജീവിതാവസ്ഥയിലാണെങ്കിലും അതിനു മുതിരുമെന്നതാണ് . വൈവാഹിക ജീവിതം നയിക്കുന്നവരുടെ വിവാഹേതരബന്ധങ്ങൾ വച്ചുനോക്കുമ്പോൾ ബ്രഹ്മചാരികളായ വൈദികർക്കുണ്ടാകുന്ന വീഴ്ചകൾ വളരെ തുച്ഛമാണ് . കുടുംബബന്ധങ്ങൾ വളരെ ശക്തമായ നമ്മുടെ കേരളത്തിലും വിവാഹേതരബന്ധങ്ങൾ പെരുകുന്നതായിട്ടാണ് വാർത്തകളും, കണക്കുകളും സൂചിപ്പിക്കുന്നത്.കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നവർ വിവാഹിതരായ പുരോഹിതർക്ക് ഉണ്ടായ വിവാദപരമായ വീഴ്ചകൾക്ക് നേരെ കണ്ണടയ്ക്കുന്നു.

യാഥാസ്ഥികത്വത്തിന്റെയും , കുരിശുയുദ്ധങ്ങളുടെയും മതമായിരുന്ന ക്രിസ്തുമതത്തെ ക്രിസ്തു പ്രതിനിധാനം ചെയ്ത സ്നേഹത്തിന്റെയും , കരുണയുടെയും മതം ആക്കാൻ കത്തോലിക്കാസഭയിലെ സന്യസ്തർ വഹിച്ച പങ്ക് ചെറുതല്ല .അനാഥ ആലംബ ഹീനർക്കുവേണ്ടി അവർ ചെയ്ത സേവനങ്ങളെ ഒരു സുപ്രഭാതത്തിൽ ചരിത്രത്തിൻെറ ചവറ്റുകൊട്ടയിൽ തള്ളാനാവില്ല . ഫാദർ ഡാനിയൽ, മദർ തെരേസ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ് . കുഷ്ഠരോഗികൾക്കായി ജീവിച്ച് അവസാനം കുഷ്ഠരോഗം വന്നാണ് ഫാദർ ഡാനിയേൽ മരണമടയുന്നത്. ആഫ്രിക്കയിലെ പട്ടിണി പാവങ്ങൾക്കായി സേവനം ചെയ്ത് അക്രമികളുടെ കൈകളിൽ നരകയാതന അനുഭവിച്ച ഫാ .ടോം ഉഴുന്നാലിന് ഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്. അറിയപ്പെടാത്ത ഡാനിയേലും, തെരേസയും ആയിരക്കണക്കിനാണ്. ഇവരുടെയൊക്കെ നിസ്വാർത്ഥ സേവനം സാധ്യമായത് കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാറി നിന്നതുകൊണ്ടാണ്.

ക്രിസ്തു നേരിട്ട് തൻെറ ശിഷ്യരായി തെരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് വഴിതെറ്റി . അവിടെ വഴിതെറ്റിയവരുടെ ശതമാനം എടുക്കുകയാണെങ്കിൽ മൊത്തം ശിഷ്യഗണത്തിൻെറ 8 ശതമാനത്തിലധികം വരും. എങ്കിലും കത്തോലിക്കാസഭ രണ്ടായിരം വർഷത്തിലധികം ക്രിസ്തുവിൻറെ സ്നേഹത്തിൻറെയും , സമാധാനത്തിൻെറയും ,കരുണയുടെയും സന്ദേശവാഹകരായി നിലകൊണ്ടു . അതുകൊണ്ട് തന്നെ വളരെ ചെറിയ ശതമാനം അഭിഷിക്തരുടെ വീഴ്ചകളെ അതിജീവിക്കാനും നാളെയും ലോകത്തെ ധാർമ്മികതയുടെ പതാഹവാഹകരാകാനും സഭയ്ക്ക് സാധിക്കും. ലൂസിമാർക്കോ അവരെ ചട്ടുകമായി ഉപയോഗിക്കുന്നവർക്കോ തകർക്കാവുന്നതല്ല സഭയുടെ വിശ്വാസ്യത .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്

RECENT POSTS
Copyright © . All rights reserved