സ്വന്തം ലേഖകൻ

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ മനപ്പൂർവം രോഗം പകർത്തുക എന്ന ഉദ്ദേശത്തിൽ ചുമക്കുകയും തുമ്മുകയും ചെയ്യുന്നവർക്കുള്ള ജയിൽവാസം ഇരട്ടിപ്പിച്ചു. ശിക്ഷ ഒരു വർഷത്തിൽ നിന്നും രണ്ട് വർഷമാക്കി ഉയർത്തുന്നതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എമർജൻസി സർവീസ് പ്രവർത്തകരുടെ നേരെ ഈ വിധം മനസാക്ഷിയില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർ, മുഴുവനായുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അവർ ഓർമ്മിപ്പിച്ചു.

എമർജൻസി സർവീസിൽ ജോലി ചെയ്യുന്നവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് ഒരു വർഷം തടവ് എന്ന നിയമം 2018 ലാണ് നിലവിൽ വന്നത്. ആറു മാസം മുതൽ ഒരു വർഷം വരെയാണ് നിലവിൽ തടവ്, എന്നാൽ ഇനിമുതൽ അത് നിർബന്ധമായും രണ്ടുകൊല്ലം ആയിരിക്കുമെന്ന് മിസ് പട്ടേൽ എൽ ബി സി റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു. നിക് ഫെറാരി എന്ന അവതാരകൻെറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ” പ്രതികൾ അറസ്റ്റ് ചെയ്യപ്പെടും, കോടതി നടപടികൾ നേരിടേണ്ടി വരും, മജിസ്ട്രേറ്റ് കോർട്ടിൽ ശിക്ഷിക്കപ്പെടും” എന്നും പട്ടേൽ പറഞ്ഞു.

ചില കച്ചവടക്കാരിൽ നിന്നും ഇംഗ്ലണ്ടിലെ സാധാരണക്കാർ വാങ്ങി ഉപയോഗിക്കുന്ന കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റിനെതിരെ മുന്നറിയിപ്പ് നൽകി എൻഎച്ച്എസ് അധികൃതർ . ഒരു വ്യക്തിക്ക് മുൻപ് വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് അറിയുന്ന ആന്റിബോഡി ടെസ്റ്റുകളെ വിദഗ്ധർ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ്‌ പറഞ്ഞു. എൻഎച്ച്എസിലൂടെ ഈ ടെസ്റ്റുകൾ പൊതു ജനങ്ങൾക്ക് നൽകി വരുന്നില്ലെങ്കിലും, നിലവിൽ ഇത് മാർക്കറ്റിൽ ലഭ്യമാണ്. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും, തൊണ്ടയിൽ നിന്നോ മൂക്കിനുള്ളിൽ നിന്നോ സാമ്പിളുകൾ ശേഖരിക്കുന്ന സ്വാബ് ടെസ്റ്റ് ആണ് നിലവിലുള്ളത്. രണ്ടാമത്തെ ടെസ്റ്റ് ആയ, ആന്റിബോഡി ടെസ്റ്റ് വൈറസ് ബാധിച്ച വ്യക്തിയുടെ ശരീരത്തിൽ സ്വമേധയാ ഉണ്ടാവുന്ന ആന്റി ബോഡികൾ പരിശോധിച്ച് റിസൾട്ട് കണ്ടെത്തുന്നതാണ്. ഇത്തരം ഒരു കിറ്റിന് 69 പൗണ്ടാണ് വില. വാങ്ങുന്നവർ വീട്ടിൽനിന്ന് രക്ത സാമ്പിൾ എടുത്ത് ലാബുകളിലേക്ക് അയച്ചാലാണ് ഫലം അറിയാൻ കഴിയുക. എന്നാൽ ഈ ടെസ്റ്റിനെ പറ്റി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവ എത്ര മാത്രം മെച്ചമാണെന്ന് തിരിച്ചറിയുന്നതിനു മുൻപ് ജനങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് എന്നും വിദഗ്ധർ പറയുന്നു.