ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് :- സ്റ്റാഫ്‌ഫോർഡ്ഷയറിനെയും ചെഷയറിനെയും ബന്ധിപ്പിക്കുന്ന പാതയായ എ 500 -ൽ ബുധനാഴ്ച ലോറിക്ക് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന രണ്ടു ലെയിനുകളിൽ ഒരു ലെയിൻ യാത്രക്കാർക്കായി തുറന്നുകൊടുത്തു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് പുലർച്ചെ നാലരയോടെ എത്തിയതിനുശേഷം റോഡ് അടയ്ക്കുകയായിരുന്നു. എ 52 മുതൽ എ 53 വരെയുള്ള റോഡിന്റെ വടക്കുഭാഗം പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ റോഡിന്റെ തെക്ക് ഭാഗം പുലർച്ചെ ആറുമണിയോടെ തുറന്നുകൊടുത്തു.
റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം ആണ്. വൻ ശബ്ദത്തോടെയാണ് ലോറി പൊട്ടിത്തെറിച്ചത് എന്ന് ജനങ്ങൾ പറയുന്നു. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയും, പുലർച്ചെ തന്നെ അവർ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ലോറിയിൽ അപകടകരമായ വസ്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗതാഗതം പുനസ്ഥാപിക്കാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ലോറി ഡ്രൈവറും സുരക്ഷിതനാണ്
ന്യൂഡൽഹി ∙ വാട്സാപ് വിഡിയോ ഫയലുകൾ വഴി വൈറസുകൾ മൊബൈൽ ഫോണിലെത്തുന്നത് ഒഴിവാക്കാൻ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്) നിർദേശം.
എംപി 4 വിഡിയോ ഫയലുകൾ വഴി വൈറസുകൾ കടത്തിവിട്ടു മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ പുറത്തെത്തിയതിനു പിന്നാലെയാണു നടപടി.
പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സാപ് നിരീക്ഷിച്ചെന്ന വിവാദം നിലനിൽക്കെയാണ് ജാഗ്രതാ നിർദേശം.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇന്റർനാഷണൽ ട്രാവൽ ആൻറ് ടൂറിസം വെബ്സൈറ്റായ ബിഗ് സെവൻ ട്രാവൽ പല രാജ്യങ്ങളിലായി വർഷം തോറും നടത്തുന്ന സർവ്വേയിൽ ഇംഗ്ലണ്ടിലെ മികച്ച 25 ഹോട്ടലുകളിൽ ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് മൂന്നാമതെത്തി. കഴിഞ്ഞ വർഷം ഇതേ സർവ്വേയിൽ തറവാട് പതിനേഴാം സ്ഥാനത്തായിരുന്നു. സൗത്തിന്ത്യൻ ഭക്ഷണങ്ങൾക്ക്, പ്രത്യേകമായും കേരളത്തിന്റെ തനതായ രുചികൾക്ക് പ്രാതിനിധ്യം നല്കികൊണ്ടുള്ള ഭക്ഷണങ്ങളാണ് തറവാട്ടിൽ ലഭിക്കുന്നത്. പ്രത്യേകിച്ച് തറവാട്ടിലെ താലി വളരെ പ്രസിദ്ധമാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ക്ലാപ്റ്റനടക്കം സീസണിൽ പങ്കെടുത്ത ടീമുകളിൽ പലരും തറവാട് റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. രുചികരമായ ഭക്ഷണങ്ങളുടെ നീണ്ട നിരതന്നെ തറവാട്ടിൽ ഉണ്ടെങ്കിലും ഞണ്ട് വറ്റിച്ചത്, കൊച്ചിൻ കൊഞ്ച് റോസ്റ്റ്, മുട്ട റോസ്റ്റ് തുടങ്ങിയവയാണ് തറവാടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ.
ഇംഗ്ലണ്ടിലെ താമസക്കാരും അതിഥികളും ആയ ആസ്വാദകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ആസ്വദിക്കേണ്ടതുമായ രുചി വൈവിധ്യങ്ങൾ ഒരുക്കുകയാണ് ഇന്ത്യൻ റസ്റ്റോറന്റുകൾ. ഇംഗ്ലണ്ടിലെ പാരമ്പര്യമായി കണ്ടുവരുന്ന കുടുംബങ്ങൾ നടത്തുന്ന റസ്റ്റോറന്റുകൾക്ക് പുറമേ രണ്ടാം തലമുറക്കാരും മൂന്നാം തലമുറക്കാരായ ഇന്ത്യക്കാർ തുടങ്ങിവച്ച പുതിയ ഭക്ഷണ ശാലകളുടെ ഒരു നിര തന്നെയുണ്ട് ഇംഗ്ലണ്ടിൽ. തട്ടുകട ഭക്ഷണം മുതൽ സ്റ്റാർ ഹോട്ടൽ നിലവാരത്തിലുള്ള ഭക്ഷണശാലകൾ വരെ ഇവയിലുണ്ട്.നമ്മുടെ നാടിന്റെ തനിമ യിലേക്കും സ്വാദിന്റെ മാന്ത്രികത യിലേക്കും കൊണ്ടെത്തിക്കാൻ മത്സരിക്കുക ആണ് ഇന്ത്യൻ റസ്റ്റോറന്റുകൾ.
ഡ്രൈലിംഗ്ടൺലെ പ്രഷാദ് റസ്റ്റോറന്റ് വെജിറ്റേറിയൻസിന്റെ പ്രിയ കേന്ദ്രമാണ്. പരമ്പരാഗത റെസിപ്പികളിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ച ഇവർ പ്രധാനമായും നോർത്തിന്ത്യൻ ഭക്ഷണമാണ് വിളമ്പുന്നത്. കെന്റ് ലെ ആംബ്രെറ്റിൽ റസ്റ്റോറന്റ് ഉടമസ്ഥനും ഷെഫുമായ ദേവ ബിസ്വാൽ യുകെയുടെ ബെസ്റ്റ് ഏഷ്യൻ ഷെഫ് അവാർഡ് ജേതാവാണ്. ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം യുകെയുടെ എക്സോട്ടിക് ഭക്ഷണവും വിളമ്പുന്ന ശാലയാണ് ഇത്.
ലണ്ടനിലെ ചെട്ടിനാട് റസ്റ്റോറന്റ് സൗത്ത് ഇന്ത്യയിലെ വിഭവങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ദോശയും മസാല ദോശയും ആണ് ഇവിടുത്തെ മാസ്റ്റർ പീസ് വിഭവങ്ങൾ.
ലിമിങ്ടൺ ലെ റിവാസ് റസ്റ്റോറന്റ് ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണം മാത്രം വിളമ്പുന്ന ഇടമാണ്. ഓരോ ദിവസവും ഓരോ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ചെട്ടൻഹാംലെ കൊലോഷി ഭക്ഷണശാലയിൽ ഹോം സ്റ്റൈൽ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്. ഗൃഹാതുരതയുണർത്തുന്ന രുചിയും സൗകര്യങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.
ബർമിങ്ഹാമിലെ വിക്ടറി തന്തൂരി, ഇന്ത്യൻ ബംഗ്ലാദേശി വിഭവങ്ങൾക്കുള്ള ഇടമാണ്. അതേസമയം ലീഡ്സിലെ ബുണ്ടോബസ്റ്റ് ഇന്ത്യയിലെ പച്ചക്കറി വിഭവങ്ങളും ബിയറും മാത്രം വിളമ്പുന്നു. എപ്പിങ് ലെ ഇന്ത്യൻ ഓഷ്യൻ റസ്റ്റോറന്റ് ഇന്ത്യയിലെമ്പാടുമുള്ള രുചി വിഭവങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്.
മാഞ്ചസ്റ്ററിലെ ഡിഷ്റൂംഈ ശ്രേണിയിലെ ഏറ്റവും ഏകതാനമായ ഭക്ഷണശാലയാണ്. ബോംബെയിലെ പരമ്പരാഗത ഇറാനി അനുസ്മരിപ്പിക്കുന്ന ഇവിടം ഭക്ഷണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. ലണ്ടനിലെ മൊട്ടു, സന്ദർശിക്കുന്നവർ വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യിൽ ഒരു പൊതിയും ഉണ്ടാകും എന്ന് തീർച്ചയാണ് . കേംബ്രിഡ്ജിലെ താജ് തന്തൂരി 1986 മുതൽ ഇന്ത്യൻ ബംഗ്ലാദേശി ഇംഗ്ലണ്ട് ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഇടമാണ്. ഇനിയും പതിനഞ്ചിലധികം ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണശാലകൾ ഇംഗ്ലണ്ടിൽ ഉണ്ട് എന്നത് ഭക്ഷണ പ്രേമികൾക്ക് സന്തോഷവാർത്ത ആണ്.
ലിസ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിൽ അബോർഷൻ നടത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഒരു വർഷം ആറു അബോർഷൻ വരെ സ്ത്രീകൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിൽ അഞ്ചോളം ടീനേജ് പെൺകുട്ടികളും ഉൾപ്പെടുന്നതായി പറയപ്പെടുന്നു. ഈ കണക്കുകൾ ആശങ്കാജനകമെന്ന് അബോർഷൻ – വിരുദ്ധ ക്യാമ്പയ്‌ൻ പ്രവർത്തകർ അഭിപ്രായപെടുന്നു. അബോർഷന് സഹായകരമാകുന്ന പുതിയ നിയമസംവിധാനങ്ങളും ഈ കണക്കുകൾ വർദ്ധിക്കുന്നതിന് കാരണമായതായി പറയുന്നു. എന്നാൽ സ്ത്രീകളുടെ വ്യക്തിപരമായ കാരണങ്ങളാണ് അബോർഷനിലേക്കു നയിക്കുന്നതെന്ന് അബോർഷനെ പിന്തുണക്കുന്ന മേരി സ്റ്റോപ്പ്സ് അഭിപ്രായപെടുന്നു.
2018 -ൽ അബോർഷൻ നടത്തിയ 718 സ്ത്രീകളിൽ അഞ്ചു ടീനേജ് പെൺകുട്ടികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ആകെ മൊത്തം 84, 258 അബോർഷനുകളാണ് 2018 – ൽ ബ്രിട്ടനിൽ നടന്നത്. 2017 ലെ കണക്കുകളിൽ നിന്നും 7 ശതമാനം വർദ്ധനവാണ് രേഖപെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിസ്സഹായാവസ്ഥയെയാണ് ഇതു കാണിക്കുന്നത്.
ഈ സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. എൻ എച്ച് എസും, ഹെൽത്ത് ഡിപ്പാർട്മെന്റും ഇടപെടണമെന്ന ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
യുകെ സർവ്വകലാശാലകളും (യുയുകെ) യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയനും (യുസിയു) തമ്മിലുള്ള തർക്കത്തിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഭാവി ആശങ്കയിലാകുമെന്നും യൂണിവേഴ്സിറ്റിയുടെ സുസ്ഥിരതയെ അത് ബാധിക്കുമെന്നും എസെക്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ആന്റണി ഫോർസ്റ്റർ പറഞ്ഞു.
ശമ്പളവും പെൻഷനും സംബന്ധിച്ച് ലക്ചറർമാരും മറ്റ് സർവകലാശാലാ സ്റ്റാഫുകളും തിങ്കളാഴ്ച മുതൽ എട്ട് ദിവസത്തെ പണിമുടക്ക് ആരംഭിക്കാനിരിക്കെയാണ്, എസെക്സ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ പ്രൊഫസർ ഫോസ്റ്റർ പ്രതിസന്ധിക്ക് പരിഹാരം ചെയ്യണമെന്നാവശ്യപ്പെട്ടത്. പെൻഷൻ തുക നൽകാനുള്ള സാമ്പത്തികഭദ്രത സർവകലാശാലകൾക്കുണ്ടെന്നും എന്നാൽ പെൻഷൻ പദ്ധതിയുടെ ട്രസ്റ്റിമാർ ആസ്തികളെ കുറച്ചുകാണുകയും ബാധ്യതകളെ അമിതമായി വിലയിരുത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം വിലയിരുത്തി.
യൂണിവേഴ്സിറ്റികളുടെ സൂപ്പർഇന്യൂവേഷൻ സ്കീമിലെ ആനുകൂല്യങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ സംഭാവന നൽകാൻ യുസിയു അംഗങ്ങൾ നിർബന്ധിതരാകുന്നു. ശമ്പളത്തിന്റെ 9.6 ശതമാനം പദ്ധതിയിലേക്ക് അടക്കുന്നതിനെതിരെ നവംബർ 25 മുതൽ ഡിസംബർ നാലുവരെ പണിമുടക്കാൻ ആണ് അംഗങ്ങൾ തീരുമാനിച്ചിരുക്കുന്നത്. സാമ്പത്തികഭദ്രത ഉണ്ടായിട്ടും, ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം തേടുന്നതിൽ യുയുകെ ഒത്തുതീർപ്പിന് തയ്യാറല്ല എന്നും പ്രൊഫ. ഫോസ്റ്റർ ബ്ലോഗിൽ കുറിച്ചു.
ഉയർന്ന ചെലവിലുള്ള ദേശീയ സെറ്റിൽമെന്റ് മിക്ക തൊഴിലുടമകൾക്കും താങ്ങാനാവില്ല എന്നും ഏതെങ്കിലും തൊഴിലുടമ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെങ്കിൽ, അവർക്ക് തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകാമെന്നും യുഎസ്‌എസ് തൊഴിലുടമകളുടെ വക്താവ് വ്യക്തമാക്കി.
യുകെയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. അതിനിടെ ആദ്യമായി ടിവി തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ജെറിമി കോർബിനും ബ്രെക്സിറ്റിനെച്ചൊല്ലി ഏറ്റുമുട്ടി. ‘ഈ ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന്’ ഉറപ്പ് നല്‍കിയ ജോണ്‍സണ്‍ ‘വിഭജനവും പ്രതിബന്ധവും മാത്രമാണ്’ ലേബര്‍പാര്‍ട്ടിയുടെ അജണ്ടയെന്നും ആരോപിച്ചു. എൻഎച്ച്‌എസ്, വിശ്വാസവും നേതൃത്വവും, സ്കോട്ട്‌ലൻഡിന്റെ ഭാവി, രാജകുടുംബം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മില്‍ കൊമ്പുകോർത്തു. ചര്‍ച്ചയില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു എന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബർഗ് പറഞ്ഞു. പക്ഷേ, പ്രേക്ഷകർ അവരുടെ പല പ്രസ്താവനകളെയും പരിഹാസത്തോടെ നോക്കിക്കണ്ടതും ശ്രദ്ധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ വിജയിച്ചത് ആരാണെന്ന് കണ്ടെത്തുന്ന തിരക്കിലാണ് പോളിംഗ് സംഘങ്ങള്‍. മിക്ക ലേബർ വോട്ടർമാരും ജെറിമി കോർബിൻ വിജയിച്ചുവെന്നും, മിക്ക കൺസർവേറ്റീവ് വോട്ടർമാരും ബോറിസ് ജോൺസൺ വിജയിച്ചുവെന്നും കരുതുന്നു. അതേസമയം, ജോൺസന്റെയും കോർബിന്റെയും പ്രകടനങ്ങൾ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ തള്ളിക്കളഞ്ഞു. രണ്ടും വെറും വാചാടോപം മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. പരമപ്രധാനമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സംവാദം അവസാനം ഒരു വഴിപാടുപോലെ തീര്‍ത്തതില്‍ ഗ്രീൻ പാർട്ടി സഹ-നേതാവ് സിയാൻ ബെറി നിരാശ പ്രകടിപ്പിച്ചു.
എങ്ങിനെയെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ മതിയെന്ന ജോണ്‍സന്‍റെ നിലപാടിനെ കടന്നാക്രമിച്ചുകൊണ്ടാണ് കോര്‍ബിന്‍ സംസാരിച്ചത്. ജോണ്‍സണ്‍ ഉണ്ടാക്കിയ കരാര്‍ കീറിക്കളഞ്ഞ് കൂടുതല്‍ ജനപ്രിയമായ മറ്റൊരു കരാര്‍ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കുമെന്ന് കോർബിൻ പറയുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്‍റെ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി അമേരിക്കന്‍ കമ്പനികളെ ഏല്‍പ്പിക്കാനാണ് ജോണ്‍സണ്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിനു തെളിവായി അമേരിക്കയുമായി പുതിയ സര്‍ക്കാര്‍ നടത്തിയ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ വ്യാപാര ചര്‍ച്ചകളില്‍ എവിടെയും എന്‍എച്എസ് ഒരു വിലപേശല്‍ ശക്തിയായി മാറില്ലെന്നാണ് ജോണ്‍സണ്‍ നല്‍കിയ മറുപടി.
പള്ളിക്കോണം രാജീവ്
ചില പ്രാചീന സംസ്കൃതകാവ്യങ്ങളിൽ “വിഷഘ്ന” എന്ന പേരിലാണ് മണിമലയാറിനെ സൂചിപ്പിച്ചിരിക്കുന്നത്. വിഷത്തെ നശിപ്പിക്കുന്നവൾ എന്നർത്ഥം. ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാടും മേടും താണ്ടിയെത്തുന്ന ശുദ്ധജലവാഹിനിയായതിനാൽ ഈ നാമകരണം തികച്ചും യുക്തം. പുല്ലകയാർ, വല്ലപ്പുഴ, വല്ലവായ്പുഴ എന്നൊക്കെയും മുൻകാലങ്ങളിൽ വിളിച്ചിരുന്നു. ഏരുമേലിക്ക് മുമ്പുള്ള ഭാഗത്തെ ഇന്നും പുല്ലകയാർ എന്നു തന്നെയാണ് വിളിക്കാറുള്ളത്. തിരുവല്ലായിലൂടെ ഒഴുകുന്നതിനാലാണ് വല്ലയാർ എന്നും വല്ലവായ്പുഴ എന്നും അറിയപ്പെടുന്നത്
മീനച്ചിലാറിനും പമ്പയുടെയും ഇടയിലായി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ 92 കിലോമീറ്റർ നീളത്തിൽ ഒഴുകുന്നു. ഉത്ഭവസ്ഥാനം ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിലെ അമൃതമേടാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും അഴുതയാറിന്റെയും (പമ്പയുടെ കൈവഴി) തേയിലപ്പുരയാറിന്റെയും (പെരിയാറിന്റെ കൈവഴി) ഉത്ഭവസ്ഥാനങ്ങൾ അമൃതമേട് തന്നെയാണ് എന്നത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പതനസ്ഥാനത്തെത്തുമ്പോൾ പമ്പയുമായി ചേർന്ന് നിരവധി കൈവഴികളിലൂടെ ജലം പങ്കിടുന്നു. കുട്ടനാടിന്റെ ഏറിയ ഭൂഭാഗവും ഈ നദിയുടെ സ്വാധീനത്തിലാണ്. വേമ്പനാട്ടു കായലിലെ പതനസ്ഥാനം കൈനകരിയാണ്.
പുരാതനകാലം മുതൽ സുഗന്ധവ്യഞ്ജനവാണിജ്യവുമായി ബന്ധപ്പെട്ട് പ്രധാന ഗതാഗതമാർഗ്ഗമെന്ന നിലയിൽ മണിമലയാറിന് വളരെയേറെ പ്രാധാന്യമുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറുടെ മുദ്രപതിപ്പിച്ച നാണയങ്ങൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് കണ്ടെടുത്തതിനാൽ മണിമലയാറ്റിലേയ്ക്കെത്തുന്ന ചിറ്റാറിന്റെ കരയിലെ കാഞ്ഞിരപ്പള്ളിയുടെ വാണിജ്യപൈതൃകം എത്രയും പ്രാചീനമാണെന്ന് തെളിയുന്നു. കാഞ്ഞിരപ്പള്ളിയങ്ങാടിയിൽനിന്ന് നെല്ക്കിണ്ട (നിരണം), ബെറാക്കേ (പുറക്കാട്) എന്നീ പ്രാചീനതുറമുഖങ്ങളിലേക്ക് വാണിജ്യവിഭവങ്ങൾ എത്തിച്ചിരുന്നത് മണിമലയാറ്റിലൂടെയായിരുന്നു. കമ്പംമെട് ചുരം കടന്ന് മധുരയിലേക്ക് പ്രാചീന മലമ്പാത ഇണ്ടായിരുന്നതിനാൽ സഹ്യനെ കടന്നെത്തിയിരുന്ന പാണ്ടിവിഭവങ്ങളും കപ്പൽ കയറാൻ മണിമലയാറിനെ ആശ്രയിച്ചിരിക്കാം. കാഞ്ഞിരപ്പള്ളിയുടെ ഇന്നും തുടരുന്ന വാണിജ്യ പ്രാധാന്യത്തിന് ഹേതുവായത് മണിമലയാറിന്റെ സാമീപ്യം തന്നെയാണെന്നതിൽ സംശയമില്ല.
പലപ്പോഴായി മണിമലയാറിന്റെ ലാവണ്യം പലയിടങ്ങളിലായി കണ്ടറിഞ്ഞിട്ടുണ്ട് എങ്കിലും ആ നദിയുടെ ഉത്ഭവസ്ഥാനങ്ങൾ നേരിൽ കാണാനുണ്ടായ അനുഭവമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്നത്. വാഗമൺ മലനിരകൾക്ക് അമൃതമേട്ടിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ടു കൈവഴികൾ! അവയിലൊന്ന് മദാമ്മക്കുളത്തിൽ വെള്ളച്ചാട്ടമായി എത്തി മൂപ്പൻമലയുടെ ചെരുവിലൂടെ പടിഞ്ഞാറോട്ട് കുത്തനെ ഒഴുകി ഇളംകാടിനടുത്തെത്തുന്നു. അമൃതമേട്ടിലെ തന്നെ ഉപ്പുകുളത്തിൽ വന്നു ചേരുന്ന നീർച്ചാലുകളും തടയിണ കവിഞ്ഞൊഴുകി ഇളംകാട്ടിലെത്തി ആദ്യത്തെ കൈവഴിയോടു ചേരുന്നു.
കോലാഹലമേടിന് തെക്കുനിന്ന് ആരംഭിക്കുന്ന നീർച്ചാലുകൾ ചേർന്ന് തെക്കോട്ടൊഴുകി വല്യേന്ത കടന്ന് എന്തയാറായി ഇളംകാട്ടിലെത്തുമ്പോൾ ആദ്യശാഖകൾ ഒപ്പം ചേരുന്നു. വെംബ്ലിയിലെത്തുമ്പോൾ കിഴക്ക് ഉറുമ്പിക്കരയിൽ നിന്ന് തുടങ്ങി വെള്ളാപ്പാറ വെള്ളച്ചാട്ടവും, വെംബ്ലി വെള്ളച്ചാട്ടവും കടന്ന് പാപ്പാനിത്തോട് വന്നുചേരുന്നു. പെരുവന്താനത്തിന് കിഴക്ക് പുല്ലുപാറ മലനിരകളിൽനിന്ന് തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന കൊക്കയാർ കൂട്ടിക്കലിൽ വച്ച് ഒപ്പം ചേരുന്നു. താളുങ്കൽ തോടും കൂട്ടിക്കലിൽ സംഗമിക്കുന്നു.
പുല്ലകയാർ എന്ന പേരോടെ തെക്കോട്ടൊഴുകി മുണ്ടക്കയത്തെത്തുമ്പോൾ പാഞ്ചാലിമേടിന്റെ പടിഞ്ഞാറൻ ചെരുവുകളിൽനിന്ന് ഉത്ഭവിക്കുന്ന തോടുകൾ ചേർന്ന നെടുംതോടും പൈങ്ങണതോടും മഞ്ഞളരുവിയും ഒപ്പം ചേരുന്നു. എരുമേലിക്ക് വടക്ക് കൊരട്ടിയിലെത്തുമ്പോൾ വെൺകുറിഞ്ഞിയിൽനിന്ന് തുടങ്ങി വടക്കോട്ടൊഴുക്കി എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തെ തഴുകിയെത്തുന്ന എരുമേലിത്തോട് വന്നുചേരുന്നു.
വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന പുല്ലകയാർ വിഴിക്കത്തോടിനും ചേനപ്പാടിക്കുമിടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകിയെത്തുമ്പോൾ പൊടിമറ്റത്തു നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളിയിലൂടെ ഒഴുകിയെത്തുന്ന ചിറ്റാർ ചേരുന്നതോടെ പുല്ലകയാർ മണിമലയാറായി മാറുന്നു. ചെറുവള്ളി എസ്റ്റേറ്റും പൊന്തൻപുഴ വനവും ഇതിന് തെക്കാണ്. ചെറുവള്ളി ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകി മണിമലയിലെത്തിച്ചേരുന്നു.
പിന്നീട് തെക്കുപടിഞ്ഞാറു ദിശയിലാണ് ഗതി.
കോട്ടാങ്ങലും കുളത്തൂർമൂഴിയും കടന്ന് വായ്പൂരെത്തുന്നു. മല്ലപ്പള്ളി കടന്നാൽ പിന്നീട് ഒഴുക്ക് തെക്കോട്ടാണ്. കീഴ്‌വായ്പൂരും വെണ്ണിക്കുളവും കഴിഞ്ഞ് കല്ലൂപ്പാറയെ ഒന്നു ചുറ്റിക്കറങ്ങി കവിയൂരിന് തെക്കു ചേർന്ന് കുറ്റൂരെത്തുന്നു. വല്ലപ്പുഴയായി തിരുവല്ലാ ഗ്രാമത്തിന് തെക്കതിരായി വെൺപാലയും കടന്ന് നെടുമ്പുറത്തെത്തുമ്പോൾ പമ്പയുമായി ബന്ധിപ്പിക്കുന്ന ആദ്യ കൈവഴിയായ വരട്ടാർ കിഴക്കുനിന്ന് വന്നുചേരുന്നു.
തുടർന്ന് ആലംതുരുത്തെത്തുമ്പോൾ പമ്പയിൽ നാക്കിടയിൽ നിന്നുവരുന്ന കൈവഴി സംഗമിക്കുന്നു. പുളിക്കീഴും കഴിഞ്ഞ് നീരേറ്റുപുറത്തെത്തിയാൽ വടക്കോട്ടാണ് സഞ്ചാരം. നീരേറ്റുപുറത്തു നിന്ന് തുടങ്ങി തലവടിയും എടത്വയും ചമ്പക്കുളവും നെടുമുടിയും കടന്ന് കൈനകരിയിൽ വച്ച് വേമ്പനാട്ടുകായലിലേക്ക് പതനത്തിലേയ്ക്കുള്ള ആദ്യകൈവഴി എത്തുന്നു. ഈ ഭാഗമത്രയും നിരവധി തോടുകൾ കൊണ്ട് മണിമലയാറും പമ്പയും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
പ്രധാന നദി നീരേറ്റുപുറത്തു നിന്ന് വടക്കോട്ടൊഴുകി മുട്ടാർ കടന്ന് കിടങ്ങറയിലെത്തി രണ്ടായി പിരിയുന്നു. പടിഞ്ഞാറേ ശാഖ രാമങ്കരി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി കൈനകരിയിൽ വച്ച് കായലിൽ ചേരുന്നു. കിഴക്കൻശാഖ കിടങ്ങറയിൽനിന്ന് തുടങ്ങി കുന്നംകരി, വെളിയനാട്, കാവാലം എന്നീ പ്രദേശങ്ങൾ കടന്ന് കൈനകരിക്ക് കിഴക്കുവച്ച് കായലിൽ ചേരുന്നു.
നദിയൊഴുകുന്ന പ്രദേശങ്ങൾ സാംസ്കാരികമായും സമ്പന്നമാണ്. പുരാതനമായ ശാക്തേയ ഗോത്രാരാധനാ സ്ഥാനമായ വള്ളിയാങ്കാവിൽ ഭഗവതി ക്ഷേത്രത്തിനെ ചുറ്റിയൊഴുകുന്ന കൈവഴി പാഞ്ചാലിമേട്ടിൽനിന്നാണ് ഉത്ഭവിക്കുന്നത്. നിരവധി കാവുകളും ഗോത്രാരാധനാ കേന്ദ്രങ്ങളുമാണ് നദീതടത്തിലാകെയുള്ളത്. പേട്ടതുള്ളലും ചന്ദനക്കുടവും ഒരേ ആചാരത്തിന്റെ ഭാഗമായ എരുമേലി നദിയുടെ സംഭാവനയാണ്. ഡച്ചുരേഖകളിൽ എരുമേലൂർ എന്ന് രേഖപ്പെടുത്തിയ മലയോര വ്യാപാരകേന്ദ്രമാണ് എരുമേലി. കാഞ്ഞിരപ്പള്ളിയിലേതുപോലെ തന്നെ റാവുത്തർ സമൂഹം വ്യാപാരത്തിനായി കുടിയേറി പാർത്തയിടം. ശബരിമല അയ്യപ്പന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം!
ശബരിഗിരി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാനിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് നദിയുടെ തെക്കേക്കരയിലാണ്. തെക്കംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളി ഭഗവതിയുടെ ക്ഷേത്രം അല്പം വടക്കോട്ടു മാറിയാണ്. ചെറുവള്ളി എസ്റ്റേറ്റിൽ മേഞ്ഞു നടക്കുന്ന തനി നാടൻ ഇനമായ ചെറുവള്ളിക്കുള്ളൻപശുക്കൾ വിഷഘ്നയുടെ ദിവ്യതീർത്ഥവും നദീതടത്തിലെ ഔഷധസസ്യങ്ങളും സേവിച്ച് മേന്മയുള്ള പാൽ ചുരത്തുന്നവയാണ്.
നദി മണിമലയിലെത്തുമ്പോഴാണ് തനിസ്വരൂപം വെളിവാക്കുന്നത്. അതുകൊണ്ടുതന്നെയാവാം സ്ഥലനാമം നദിയുടെ തന്നെ പേരായി മാറിയത്. കേരളത്തിലെ പ്രസിദ്ധമായ പടയണിയാണ് മണിമലയാറിന്റെ തീരത്തെ കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ നടക്കാറുള്ളത്.
നദി ഒഴുകിയെത്തുന്ന കല്ലൂപ്പാറ പ്രദേശത്തിന് ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുണ്ട്. പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശത്ത് ആധിപത്യം ഇടപ്പള്ളി രാജാക്കന്മാർക്കായിരുന്നു. ഒരു രാജ്യത്തു തന്നെ അന്യരാജ്യത്തെ രാജാവിന്റെ അധീനതയിൽ വരുന്ന പ്രദേശം! 14-ാം നൂറ്റാണ്ടു മൂന്നര നൂറ്റാണ്ടോളം കല്ലൂപ്പാറ എളങ്ങല്ലൂർ സ്വരൂപ(ഇടപ്പള്ളി) ത്തിന്റെതായിരുന്നു. പ്രസിദ്ധമായ കല്ലൂപ്പാറ പള്ളി പണി കഴിച്ചത് ഇടപ്പള്ളിത്തമ്പുരാന്റെ ആശീർവാദത്തോടെയെന്ന് ചരിത്രം. എരുമേലിയും കാത്തിരപ്പള്ളിയും പോലെ തന്നെ കല്ലൂപ്പാറയും വ്യാപാരകേന്ദ്രമായിരുന്നു. മാത്രമല്ല, പോർച്ചുഗീസ് -ഡച്ചു കാലഘട്ടത്തിൽ ഇടപ്പള്ളിയുമായുണ്ടായ കുരുമുളക് വ്യാപാരത്തിന്റെ പ്രധാനകേന്ദ്രവും കല്ലൂപ്പാറയായിരുന്നു.
മണിമലയാറിന്റെ തീരത്ത് പുരാതനകേരളത്തിലെ രണ്ട് ബ്രാഹ്മണഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നു. കവിയൂരും തിരുവല്ലയും. പല്ലവകാല ശില്പങ്ങളോട് സാമ്യപ്പെടുന്ന അപൂർവ്വ ശിലാസൃഷ്ടികളോടുകൂടിയ ഗുഹാക്ഷേത്രവും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമായ ശ്രീകോവിലും ഹനുമാന്റെ ഉപദേവാലയവുമുള്ള കവിയൂർ മഹാദേവക്ഷേത്രവും ഗ്രാമത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ്.
വല്ലയാർ, വല്ലവായ് എന്നീ പേരുകൾ നദിക്ക് ലഭിക്കുന്നത് തിരുവല്ലാ ഗ്രാമത്തിന്റെ സാമീപ്യത്തിൽനിന്നാണ്. മുല്ലേലിത്തോട് എന്ന കൈവഴി മണിമലയാറ്റിൽ നിന്നു തുടങ്ങി തിരുവല്ല ഗ്രാമത്തിനുള്ളിലൂടെയൊഴുകി മണിമലയാറ്റിൽ തന്നെ ചേരുന്നു. ഗ്രാമക്ഷേത്രമായ ശ്രീവല്ലഭക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ കൈവഴി ഒഴുകുന്നത്. ഒരു കാലത്ത് മണിമലയാറിന്റെ തടങ്ങളിൽ കരിമ്പുകൃഷിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ നാമമാത്രമായി കരിമ്പുകൃഷിയുണ്ട്.
കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശത്തുമുള്ള നെൽക്കൃഷി പ്രധാനമായും മണിമലയാറിനെ ആശ്രയിച്ചാണ്. പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തി നിർണ്ണയിച്ചിരുന്നതും മണിമലയാറായിരുന്നു. നീരേറ്റുപുറത്തിന് കിഴക്ക് തെക്കുംകൂറും പടിഞ്ഞാറു ചെമ്പകശ്ശേരിയുമായിരുന്നു. മുട്ടാർ, കിടങ്ങറ പ്രദേശങ്ങൾ തെക്കുംകൂറിലായിരുന്നെങ്കിൽ അതിന് പടിഞ്ഞാറും ചെമ്പകശ്ശേരി തന്നെ. കാവാലത്തിന് പടിഞ്ഞാറ് മങ്കൊമ്പ് , പുളിങ്കുന്ന് പ്രദേശമാകട്ടെ വടക്കുംകൂർ റാണിയുടെ അധീനതയിലായിരുന്നു. കാവാലത്തിനടുത്ത് മണിമലയാറിനോട് ചേർന്ന് പതിനേഴാം നൂറ്റാണ്ടിൽ ഒരു തുഴച്ചിൽ സ്കൂൾ ഉണ്ടായിരുന്നതായി ഡച്ചുകാരുടെ ഒരു ഭൂപടത്തിൽ കാണുന്നു.
നീരേറ്റുപുറം, ചമ്പക്കുളം എന്നിവിടങ്ങളിലെ വള്ളംകളികൾ, എടത്വാ പള്ളി പെരുന്നാൾ ഒക്കെയും മണിമലയാറിന്റെ സാംസ്കാരികപൈതൃകത്തിന്റെ അടയാളങ്ങൾ കൂടിയാണ് . **നാഗപ്പുല്ല്* പാമ്പുവിഷചികിത്സയില്‍ ഉപയോഗിച്ചിരുന്നു.* അതുള്ള സ്ഥലത്തു പാമ്പുകള്‍ വരില്ല എന്നും വിഷഹാരികള്‍ വിശ്വസിച്ചിരുന്നു. മലമുകളില്‍ മണിമലയാര്‍ നാഗപ്പുല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്നതാണു പാമ്പുവിഷത്തിനു പ്രതിവിധിയാകാന്‍ കാരണം എന്നു പഴമക്കാര്‍. വിഷഘ്ന (विषघ्ना) എന്നു പേരു കിട്ടിയത് അങ്ങനെയാണ്. മണിമലയാറിലെ വെള്ളമെടുക്കാന്‍ ദൂരദേശങ്ങളില്‍നിന്നും നാട്ടുവൈദ്യന്മാര്‍/വിഷഹാരികള്‍ എത്തുമായിരുന്നു. നാഗപ്പുല്ല്, കരിമ്പു പോലെ ഉയരമുള്ളതാണ്. അതു വെട്ടി ഉണക്കി ഊന്നുവടിയായി ഉപയോഗിച്ചിരുന്നു. ഇതു പാമ്പുകളെ അകറ്റും എന്നു വിശ്വസിച്ചിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സാഗ്രെബ്: കുട്ടികളെ യൂണിവേഴ്സിറ്റിയിൽ ചേരാൻ പ്രേരിപ്പിക്കുന്നത് നല്ല മാർക്ക്, സ്വന്തമായി പഠിക്കാനും ഹോംവർക്ക് ചെയ്യാനും ഉള്ള ഒരിടം, മാതാപിതാക്കളുടെ പ്രതീക്ഷകൾ എന്നീ ഘടകങ്ങൾ ആണെന്ന് പുതിയ കണ്ടെത്തൽ. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടാതെ ഇവയെല്ലാം കുട്ടികളുടെ വളർച്ചയിലും സ്വാധീനിക്കുന്നു എന്ന കണ്ടെത്തൽ നടത്തിയത് ക്രൊയേഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച്ചിലെ ഗവേഷകരാണ്. സാഗ്രെബ് നഗരത്തിലെ 23 സ്കൂളുകളിലെ 13, 14, 15 വയസ് പ്രായമുള്ള 1,050 വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പഠനങ്ങൾ നടത്തിയത്.
തുടർപഠനത്തിന് താല്പര്യം ഉണ്ടോ, മാതാപിതാക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടോ, സ്കൂൾ പരിസരങ്ങൾ തൃപ്തികരമാണോ, വീട്ടിൽ സ്വന്തമായി ഒരു മുറിയും കമ്പ്യൂട്ടറും ഉണ്ടോ എന്നീ ചോദ്യങ്ങളാണ് വിദ്യാർത്ഥികളോട് ചോദിച്ചത്. കുട്ടികളുടെ ഗ്രേഡുകൾ, ക്ലാസ്സ് മുറിയുടെ വലിപ്പം തുടങ്ങിയ വിവരങ്ങളും ഗവേഷകർ ശേഖരിച്ചു. ഉന്നതവിദ്യാഭ്യാസം നടത്താനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹത്തെ സ്കൂൾ തലത്തിലുള്ള ഘടകങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്നും അവർ കണ്ടെത്തി.
ആൺകുട്ടികളേക്കാൾ ഉപരി പെൺകുട്ടികളാണ് യൂണിവേഴ്സിറ്റി പഠനത്തിന് താല്പര്യം പ്രകടിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം കുട്ടികളുടെ ഭാവി പഠനത്തെ മാതാപിതാക്കൾക്ക് സ്വാധീനിക്കാം. മാതാപിതാക്കളുടെ പ്രതീക്ഷകൾ പങ്കുവെച്ചും അടിസ്ഥാന സൗകര്യങ്ങളായ ഒരു മുറിയും മേശയും ഒരുക്കി കൊടുത്തും കുട്ടികളെ സ്വാധീനിക്കാം. പഠനം നടത്താൻ ഉപയോഗിച്ച കുട്ടികളും മാതാപിതാക്കളും എല്ലാം സാഗ്രെബ് നഗരത്തിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ ഗ്രാമങ്ങളിൽ പാർക്കുന്നവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ഗവേഷകർ പറഞ്ഞു. അവരുടെ സാമൂഹിക, സാമ്പത്തിക നില ഉന്നതവിദ്യാഭ്യാസത്തിന് ഒരു തടസ്സമായി മാറിയേക്കാമെന്നും ഗവേഷകർ അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- തന്റെ പിതാവിന് അതീവ ഗുരുതര മസ്തിഷ്ക രോഗമായ ഹണ്ടിങ്ടൺ രോഗമുണ്ടെന്ന് തന്നോട് വെളിപ്പെടുത്താഞ്ഞ കാരണത്താൽ എൻ എച്ച് എസിനെതിരെ യുവതി കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തന്നോട് കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നെങ്കിൽ, തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നു. ഈ രോഗം തലമുറകളിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. മൂന്ന് ആശുപത്രികൾക്കെതിരെ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
മസ്തിഷ്കത്തിലെ സെല്ലുകൾ തനിയെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഹണ്ടിങ്ടൺ രോഗത്തിൽ ഉള്ളത്. ഇത് വ്യക്തിയുടെ സ്വഭാവത്തെയും വളരെ സാരമായി ബാധിക്കും. കേസ് ഫയൽ ചെയ്ത യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും തന്റെ കുഞ്ഞിനും ഈ അസുഖം ബാധിക്കാനുള്ള സാധ്യത 50% ആണ്. 30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രൂപപ്പെടുക. പരാതിക്കാരിക്ക് ഇപ്പോൾ 40 വയസ്സ് ആണ് ഉള്ളതെന്നും, തന്റെ ഭാവി എന്താകുമെന്ന ആശങ്കയിൽ ആണെന്നും അവർ പറയുന്നു. തന്റെ പ്രഗ്നൻസി കാലഘട്ടത്തിൽ ഈ വിവരം ലഭ്യമായിരുന്നു എങ്കിൽ, കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു. 345, 000 പൗണ്ടോളം നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയുടെ ഭാഗത്തും തെറ്റുകൾ ഉണ്ടെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. തന്റെ പിതാവിന്റെ രോഗവിവരം അറിഞ്ഞിരിക്കെ, ഗർഭിണിയായ തന്റെ സഹോദരിയെ ഈ വിവരം യുവതി അറിയിച്ചില്ലെന്നും ആരോപണങ്ങളുണ്ട്. കേസ് യുവതിക്ക് അനുകൂലമായി വിധി വരുകയാണെങ്കിൽ, ബ്രിട്ടനിലെ നിലവിലുള്ള നിയമങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. കോടതിയിൽ കേസ് നിലനിൽക്കുകയാണ്.