ആരോഗ്യം നശിപ്പിക്കുന്ന ഇലക്ട്രോണിക് സിഗര റ്റുകൾ ക്കെതിരെ യുകെയിലെ ഗവൺമെന്റ് ഏജൻസികൾ രംഗത്ത് വന്നു . യൂറോപ്പിലെ ഒരു പ്രസിദ്ധ പുകയില നിരോധന വകുപ്പിലെ ഉദ്യോഗസ്ഥന്റെ അഭിപ്രായ പ്രകാരം ഇ – സിഗരറ്റുകൾ ഫ്ലേവറുകൾ കൂട്ടിച്ചേർക്കുന്നത് മൂലം കുട്ടികളിൽ അത് ഉപയോഗിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. കൗമാരക്കാരിൽ വർധിച്ചുവരുന്ന ഇ – സിഗരറ്റ് ഉപയോഗം രാജ്യത്തിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്ന ആശങ്ക. പുകവലി മൂലം വളരെ അധികം പേർ മരണത്തിന് കീഴടങ്ങുകയും അനേകർ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയും ചെയ്തിട്ടുണ്ട്.
ഒരു താൽക്കാലിക കാലയളവിലേക്ക് എങ്കിലും ഫ്ലേവറുകൾ നൽകിയിട്ടുള്ള ഇ -സിഗരറ്റുകൾ നിർത്തലാക്കാൻ ആണ് നീക്കം. ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രൊഫസർ ഡെയിം സാലി മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിൽ പറയുന്നു “ഇതൊരു ഇക്കിളിപ്പെടുത്തുന്ന ടൈം ബോംബാണ്, ദീർഘകാലാടിസ്ഥാനത്തിലുള്ള വിപത്തുകൾ ആണ് കാത്തിരിക്കുന്നത്.” പ്രസിദ്ധമായ മിഠായികളുടെയും പഴങ്ങളുടെയും എല്ലാം ഫ്ലേവറുകൾ അനുകരിക്കുന്ന ഇ -സിഗരറ്റുകൾ കൗമാരക്കാരെ പെട്ടെന്ന് സ്വാധീനിക്കും.
അതേ സമയം ഇത്തരം ഈ സിഗരറ്റുകൾ നിലവിലുള്ളത് മൂലം മുതിർന്നവർ വീര്യംകൂടിയ സിഗരറ്റുകൾ ഉപയോഗിക്കുന്നത് കുറയുന്നു എന്നും കണ്ടെത്തൽ ഉണ്ട്. ഫ്ലേവറുകൾ ഉള്ള സിഗരറ്റ് മൂലം കൂടുതൽ കുട്ടികൾ പുകവലി രംഗത്തേക്ക് കടന്നു വരാതിരിക്കാൻ നിരോധനം അത്യാവശ്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തൽ.
ഹോട്ടലുകളിലെ മെനുവിൽ ഭക്ഷ്യവസ്തുക്കളുടെ അലർജി വിവരങ്ങൾ മുഴുവനായി രേഖപ്പെടുത്തണമെന്ന ആവശ്യം തള്ളി ഹോട്ടലുടമകൾ. ഇത് വീണ്ടും അധികച്ചെലവ് വരുത്തിവയ്ക്കുമെന്ന കാരണമാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ബർഗർ കഴിച്ച് അനാഫൈലാറ്റിക് ഷോക്ക് മൂലം മരണപ്പെട്ട ഓവൻ കാരെ എന്ന യുവാവിൻെറ കുടുംബാംഗങ്ങളുടെ ആവശ്യമാണ് ഹോട്ടലുടമകൾ നിരാകരിച്ചത്. പാൽ ഉത്പന്നങ്ങളോട് അലർജിയുള്ള ഓവനെ, ഹോട്ടലിലെ സ്റ്റാഫുകൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് മെനുവിൽ ഭക്ഷ്യവസ്തുക്കളിൽ അലർജി ഉണ്ടാവാൻ സാധ്യതയുള്ളവയുടെ ലിസ്റ്റ് പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയത്. എന്നാൽ ഇത് ഒട്ടനവധി ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ബാധിക്കുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കൈറ്റ് നിക്കോളസ് അറിയിച്ചു. ചെറിയതോതിലുള്ള റെസ്റ്റോറന്റുകളെയാണ് ഇത് സാരമായി ബാധിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റാഫുകളുടെ ട്രെയിനിങ് ആണ് ഇതിന് ഏറ്റവും ആവശ്യം എന്ന് അവർ പറഞ്ഞു.
മെനുവിൽ രേഖപ്പെടുത്തപ്പെടുന്ന വിവരങ്ങൾ ശരിയാകണമെന്നില്ല എന്നും കൈറ്റ് പറഞ്ഞു. ഇത് വീണ്ടും കസ്റ്റമേഴ്സിനെ അപകടത്തിലേക്ക് നയിക്കും. എന്നാൽ സർവീസ് സ്റ്റാഫുകളെ മാത്രം വിശ്വസിക്കുന്നത് അപകടം ആണെന്നാണ് ഓവന്റെ കുടുംബാംഗങ്ങളുടെ അഭിപ്രായം. ആവശ്യമായ നിയമ നിർമ്മാണം ആണ് വേണ്ടത് എന്നാണ് അവർ പറയുന്നത്. തിരക്കേറിയ ഒരു റെസ്റ്റോറന്റിൽ കസ്റ്റമറും സ്റ്റാഫും തമ്മിലുള്ള ആശയവിനിമയം അസാധ്യമാണ് എന്ന് അവർ പറഞ്ഞു.
എന്നാൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ചെറിയ കോഫി ഷോപ്പുകൾക്കും , സാൻഡ് വിച്ച് ഷോപ്പുകൾക്കും ബുദ്ധിമുട്ടുളവാക്കും എന്നതിനാലാണ് അതിനെ എതിർക്കുന്നത് എന്ന് കൈറ്റ് പറഞ്ഞു. ഓരോ വർഷവും ഭക്ഷ്യവസ്തുക്കളുടെ അലർജി മൂലം മരണപ്പെടുന്നവരുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ഇതിനെ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലത്തു നിന്നും ഒരു സ്വർണ്ണ ടോയ്‌ലെറ്റ് മോഷ്ടിക്കപ്പെട്ടു. ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്നും ഇന്നലെ പുലർച്ചെ 4:50ഓടെയാണ് 1മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്‌ലെറ്റ് മോഷണം പോയത്. 4:50 ഓടെ ഓക്സ്ഫോർഡ്ഷയർ കൊട്ടാരത്തിൽ ഒരു സംഘം അതിക്രമിച്ച് കയറി കലാസൃഷ്ടികൾ മോഷ്ടിച്ചതായി തേംസ് വാലി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് 66കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. തറയിൽ നിന്ന് ഇളക്കിയെടുത്തതുകൊണ്ട് അനേകം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇറ്റാലിയൻ ആർട്ടിസ്റ്റ് മൗറീഷ്യോ കാറ്റെലനാണ് സ്വർണ്ണ ടോയ്‌ലെറ്റ് രൂപകൽപ്പന ചെയ്തത്. ന്യൂയോർക്കിൽ പ്രദർശിപ്പിക്കുമ്പോൾ വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ ഇതിന് കഴിഞ്ഞിരുന്നു.
അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ടോയ്‌ലറ്റ്, ഒരു ആർട്ട് എക്സിബിഷന്റെ ഭാഗമായി നടന്ന പ്രദർശനത്തിനിടയിലാണ് മോഷണം പോയത്. സന്ദർശകർക്ക് ഇത് ഉപയോഗിക്കാനും അവസരമുണ്ടായിരുന്നു. കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഉയർന്ന മൂല്യമുള്ള ടോയ്‌ലറ്റാണ് മോഷണം പോയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജെസ് മിൽനെ പറഞ്ഞു. “ കുറ്റകൃത്യ സമയത്ത് കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും കുറ്റവാളികൾ ഉപയോഗിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കലാസൃഷ്‌ടി ഇപ്പോൾ വീണ്ടെടുത്തിട്ടില്ല, എന്നാൽ ഇത് കണ്ടെത്താനും കുറ്റം ചെയ്തവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരാനുമായി ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി അടച്ച കൊട്ടാരം ഇന്ന് തുറക്കും.
ലണ്ടൻ : മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ക്യാൻസർ അതിജീവന നിരക്ക് കുറവാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ രോഗനിർണ്ണയം നടത്തിയ ശേഷം അഞ്ച് വർഷങ്ങൾ മാത്രമേ രോഗി ജീവിച്ചിരിക്കുന്നുള്ളൂ എന്ന് പഠനത്തിൽ പറയുന്നു. 1994 മുതൽ 2014 വരെ, 20 വർഷത്തോളം നീണ്ട പഠനം നടത്തിയത് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് എക്കണോമിക്സ് ആണ്. 2010 മുതൽ 2014 വരെ നടത്തിയ പഠനങ്ങൾ ആണ് ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ചത്. 7 തരത്തിലുള്ള ക്യാൻസർ രോഗങ്ങളിൽ 5 എണ്ണത്തിലും അതിജീവന നിരക്കിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, ന്യൂസ്‌ലാൻഡ്, കാനഡ, അയർലണ്ട്, നോർവേ എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ബ്രിട്ടന്റെ സ്ഥാനം.
1995നും 2012നും ഇടയിൽ പുതിയ ക്യാൻസർ കേസുകളുടെ എണ്ണം യുകെയിൽ 12 ശതമാനവും യൂറോപ്പിലുടനീളം 31 ശതമാനവും വർധിച്ചിട്ടുണ്ട്. 2014ൽ യുകെ, ജിഡിപിയുടെ 9.1 ശതമാനം ആരോഗ്യസംരക്ഷണത്തിനായി ചിലവഴിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു വ്യക്തിക്ക് ക്യാൻസറിനായി യുകെ ചിലവഴിക്കുന്നത് കുറവാണെന്നും പഠനങ്ങളിലൂടെ കണ്ടെത്തി. സ്റ്റാഫുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് മൂലം നേരത്തെ രോഗനിർണ്ണയം നടത്താൻ കഴിയുന്നില്ലെന്നും അത് പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ക്യാൻസർ റിസർച്ച് യുകെയിലെ സാറ ഹിയോം പറഞ്ഞു. മിക്ക ക്യാൻസറുകളും നിർണ്ണയിക്കുന്നത് മൂന്നോ നാലോ ഘട്ടത്തിൽ എത്തുമ്പോൾ ആണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഈ റിപ്പോർട്ട് കാലഹരണപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പഠന ഗവേഷണം അവസാനിച്ച് അഞ്ച് വർഷത്തിനുള്ളിൽ, ക്യാൻസർ അതിജീവനം യഥാർത്ഥത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയെന്നും എൻഎച്ച്എസിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
സൗത്ത് വെയിൽസ് : സൗത്ത് വെയിൽസിൽ നിന്നുള്ള ജെയ്ൻ കാർപെൻഡർ, എന്ന അമ്പത്തൊന്നുകാരിയായ നേഴ്സ് യുവതിക്ക് വെറും ചുമയിൽ നിന്ന് തുടങ്ങിയ ഇൻഫെക്ഷൻ, സെപ്സിസ് അവസ്ഥയിലേക്ക് വഴിമാറിയതോടെ ശരീരഭാഗങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നു . ഇതിനോടകംതന്നെ രണ്ടു കാലുകളും, ഇടതുകൈയും, നാലു വിരലുകളും ജെയ്ന് നഷ്ടമായിരിക്കുകയാണ്. ജെയ്ൻ കോമയിലേക്കു വഴുതി വീഴുന്നതിനു മുൻപ് വരെ ന്യൂമോണിയ ആണെന്നായിരുന്നു ഡോക്ടർമാർ വിശ്വസിച്ചിരുന്നത്. എന്നാൽ കോമയിൽ ആയതിനുശേഷം ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ ജെയ്‌നിന്റെ ജീവൻ നിലനിൽക്കുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു. തന്റെ ജീവിതത്തിലെ ഇരുട്ടേറിയ അനുഭവങ്ങളെ നേരിടാൻ ഉറച്ചിരിക്കുകയാണ് ജെയ്ൻ. താൻ വീണ്ടും നടക്കും എന്ന് അവർ ഉറപ്പിച്ചു പറയുന്നു. അതിനായി തന്റെ വെപ്പുകാലുകൾക്കുവേണ്ടി 265000 പൗണ്ട് സ്വരുക്കൂട്ടാൻ ഉള്ള തിരക്കിലാണ് ജെയ്ൻ.
താൻ ഒരിക്കലും വിചാരിക്കാത്തതാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ജെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ചെറിയ ലോകത്തെ ഒന്നാകെ തകിടം മറിച്ച അനുഭവമായിരുന്നു അത്. എന്നാൽ ആ അവസ്ഥ തന്നെ തോൽപ്പിക്കാൻ താൻ അനുവദിച്ചിട്ടില്ലെന്ന് ജെയിൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
2016 ഏപ്രിലിൽ ചെറിയ ചുമയോടെയാണ് ജെയ്‌നിന്റെ അസുഖം ആരംഭിക്കുന്നത്. ചുമ ദിവസംപ്രതി വഷളായെങ്കിലും, അത് വൈറസ് മൂലമാണെന്നാണ് വിചാരിച്ചത് എന്ന ജെയ്ൻ പറയുന്നു. എന്നാൽ ഒരു ദിവസം എഴുന്നേൽക്കുമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവുകയും നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഡോക്ടറെ കൺസൾട്ട് ചെയ്തെങ്കിലും, അവരാരും സെപ്സിസ് എന്ന അവസ്ഥയാണെന്ന് സംശയിച്ചില്ല. ഒൻപതു ആഴ്ചകൾക്ക് ശേഷം സ്ഥിതി വഷളാവുകയും കാലുകൾ മുറിച്ചു മാറ്റുകയും ചെയ്യുകയായിരുന്നുവെന്ന് ജെയ്ൻ പറയുന്നു.
തന്റെ അവസ്ഥയോട് പൊരുത്തപ്പെടാൻ ജെയ്ൻ ശ്രമിച്ചു. ഭർത്താവ് റോബർട്ടിനോട് തന്നെ വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജെയ്‌നിന്റെ ഏതവസ്ഥയിലും കൂടെ നിൽക്കാൻ റോബർട്ട് തയ്യാറായിരുന്നു. വലിയൊരു സർജറിക്കു വേണ്ടി തയ്യാറെടുക്കുകയാണ് ജെയ്ൻ. അത് ഒരു പരിധിവരെ ജെയ്‌നിനു നടക്കാനുള്ള സ്വാതന്ത്ര്യം നേടി കൊടുക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം.
ഇറ്റലി : സ്ലറി ടാങ്കിൽ നിന്നുള്ള കാർബൺഡയോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ടാങ്ക് വൃത്തിയാക്കുകയായിരുന്ന ഒരു തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണ് മറ്റു മൂന്നുപേരും അപകടത്തിൽ പെടാൻ കാരണം. മരിച്ചവരിൽ രണ്ടുപേർ ഫാം ഉടമകളും രണ്ടുപേർ തൊഴിലാളികളുമാണ് പ്രേം, ടാർസീം സിംഗ് എന്നീ സഹോദരന്മാരുടെ പേരിലാണ് 2017 ൽ ഫാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം ഇന്ത്യക്കാരാണ്.
മിലാനിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. അരേന പോവിലെ മികച്ച ക്ഷീരോത്പാദന കേന്ദ്രം ആയിരുന്നു ഇത്. പ്രേം സിംഗ്( 48 ),ടാർസീം സിംഗ് (45 ), ആർമിൻഡർ സിംഗ് (29), മാജേന്ദർ സിംഗ് (28) എന്നിവരാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയോടെ ഇവർ ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് ഭാര്യമാർ നടത്തിയ അന്വേഷണത്തിലാണ് സീവേജിൽ നിന്ന് ഒരു മൃതശരീരം കണ്ടെത്തിയത്. ഉടൻ തന്നെ അവർ ഫൈറ്ററിനെ വിളിച്ചുവരുത്തുകയായിരുന്നു. അവർ ഓക്സിജൻമാസ്കിന്റെ സഹായത്തോടെയാണ് ബാക്കിയുള്ള മൃതശരീരങ്ങൾ പുറത്തെടുത്തത്. കൃഷി കാര്യമന്ത്രി തെരേസ ബാലനോവ ആദരാഞ്ജലികൾ അർപ്പിച്ചു ട്വീറ്റ് ചെയ്തിരുന്നു. തൊഴിൽ ഇടങ്ങളിലെ സുരക്ഷാ മുൻഗണനയായി എടുക്കണം എന്നും അവർ കൂട്ടിച്ചേർത്തു.
ബ്രിട്ടൺ: ബ്രിട്ടനിൽ അഞ്ച് ആഴ്ച പാർലമെന്റ് പിരിച്ചുവിടുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചതിൽ താൻ രാഞ്ജിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന സ്കോട്ട്‌ലൻഡ് കോടതിയുടെ വിധിയെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രസ്താവിച്ചത്. താൻ ഒരു തരത്തിലുള്ള കള്ളത്തരങ്ങളും രാജ്ഞിയോട് അറിയിച്ചിട്ടില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇംഗ്ലണ്ടിലെ ഹൈക്കോടതി തങ്ങളുടെ തീരുമാനം ശരിയാണെന്ന് വിലയിരുത്തിയതായും, ഇനി സുപ്രീംകോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള അധികാരം രാഞ്ജിക്കാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമേ രാഞ്ജി തീരുമാനം എടുക്കുക പതിവുള്ളൂ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് ആഴ്ചത്തേക്ക് പാർലമെന്റ് പിരിച്ചുവിട്ടത്. ഒക്ടോബർ 14ന് മാത്രമേ ഇനി പാർലമെന്റ് സമ്മേളനം ഉണ്ടാവുകയുള്ളൂ എന്നതാണ് തീരുമാനം. യൂറോപ്യൻ യൂണിയനിൽ നിന്നും ഒരു കരാർ – രഹിത പിൻമാറ്റത്തിനായി തയ്യാറെടുക്കുന്ന ബ്രിട്ടൻ, അതിനെ തുടർന്നു ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഓപ്പറേഷൻ യെല്ലോ-ഹാമർ എന്ന പേരിൽ ഒരു കരട് രേഖയും പുറത്തിറക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർലമെന്റ് പിരിച്ചുവിട്ടത് അനുചിതമാണെന്നു ലേബർ പാർട്ടി വക്താക്കൾ ആരോപിച്ചു.
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ നിലനിൽക്കുന്ന നോർത്തേൺ അയർലണ്ടും, യൂറോപ്യൻ യൂണിയനിൽ തന്നെ തുടരുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനും ഇടയിൽ ശക്തമായ വിലക്കുകൾ ഒന്നും തന്നെ വയ്ക്കുവാൻ സമ്മതിക്കുകയില്ല എന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സാസോളി അറിയിച്ചു. എന്നാൽ ഇത്തരമൊരു നീക്കത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി നിരാകരിച്ചു. പിന്മാറ്റത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് രേഖയിൽ, ഭക്ഷ്യ- ഇന്ധന ക്ഷാമത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ഉണ്ട്. എന്നാൽ ഇതെല്ലാം തയ്യാറെടുപ്പുകൾ മാത്രമാണെന്ന് ഗവൺമെന്റ് ഉറപ്പു നൽകിയിട്ടുണ്ട്. ഇത്തരം ഒരു രേഖയെ പറ്റി ചർച്ച പോലും ചെയ്യാതെ പാർലമെന്റ് പിരിച്ചുവിട്ടത് തികച്ചും തെറ്റാണെന്ന് ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണാൽ പ്രസ്താവിച്ചു.
പ്രധാനമന്ത്രി ബോറിസ് ജോൺസന് എതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്.എന്നാൽ കരാർ – രഹിത പിൻമാറ്റത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ഗവൺമെന്റ് നടത്തുന്നുണ്ടെന്നും, വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് അറിയിച്ചു.
റാഡ്ക്ലിഫ്: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നു. മകന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുക്കത്തിലായിരുന്ന പിതാവാണ് പിഞ്ചുകുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നത്. റാഡ്ക്ലിഫിലെ ഒരു പബ്ബിൽ വച്ച് വൈകിട്ട് നാലരയോടെ സാക്ഏകോ ബെന്നറ്റ് എന്ന ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തു.
സക്കാരി എന്ന് പേരിട്ടിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മുത്തച്ഛൻ ഡേവിഡ് പറയുന്നതിങ്ങനെ. “കഴിഞ്ഞ തിങ്കളാഴ്ചയും കുടുംബസമേതം കണ്ടതാണ് അവരെ. സന്തുഷ്ടരായ ദമ്പതികളായിരുന്നു സാകും എമ്മയും. മകന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുക്കത്തിലായിരുന്നു അവർ. മകൻ തന്റെ ജീവനും, ജീവിതവും, ആത്മാവും ആയിരുന്നു എന്നും, അവനു പകരം തന്റെ ജീവനായിരുന്നു അവസാനിക്കേണ്ടിയിരുന്നതെന്നും ഹൃദയം തകർന്നു വിലപിക്കുകയാണ് കുഞ്ഞിന്റെ മാതാവ് എമ്മ.
കുഞ്ഞിനെ ബാസ്ക്കറ്റോടെ പുഴയിൽ എറിഞ്ഞത് ബെന്നറ്റ് ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴിനൽകി. കൊലപാതകത്തിനുശേഷം പബ്ബിൽ കയറിയ ബെനറ്റ്നെ അവിടെ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ എമർജൻസി സർവീസ് കുട്ടിയെ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. നാട്ടുകാരെ മുഴുവൻ കണ്ണീരിലാക്കിയ ദുരന്തം ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ലെന്നു ദൃക്‌സാക്ഷികൾ പറയുന്നു.കുഞ്ഞ് നദിയിൽ കിടക്കുന്നത് കണ്ടെങ്കിലും പാവക്കുട്ടി ആണെന്നാണ് കരുതിയതെന്നു രക്ഷാപ്രവർത്തകൻ പറഞ്ഞു.പാലത്തിലും സമീപപ്രദേശങ്ങളിലും അനുശോചനമറിയിക്കാൻ അനേകംപേർ തടിച്ചുകൂടിയിരുന്നു.
ബ്രെക്സിറ്റിനോടനുബന്ധിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടനിലെ പാർലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സ്കോട്ട്‌ലൻഡിലെ ഏറ്റവും ഉയർന്ന നീതിന്യായപീഠം വിലയിരുത്തി. മൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ നീക്കത്തെ ചോദ്യം ചെയ്തു ഒരു കൂട്ടം എംപിമാർ നൽകിയ അപ്പീലിനെ തുടർന്നാണ് ഈ വിധി പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഒരു കോടതിവിധിയിൽ ബോറിസ് ജോൺസൺ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. ആ വിധിക്കു തികച്ചും വിരുദ്ധമായാണ് സ്കോട്ട്‌ലൻഡ് കോടതിയുടെ കണ്ടെത്തൽ. കേസിന്റെ അന്തിമവിധി ലണ്ടനിലെ സുപ്രീംകോടതി അടുത്തയാഴ്ച പ്രഖ്യാപിക്കും.കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നത്. ഒക്ടോബർ പതിനാലാം തീയതി വരെ എംപിമാർ പാർലമെന്റിലേക്ക് മടങ്ങേണ്ടതില്ല എന്നതാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പതിനാലിന് ബോറിസ് ജോൺസന്റെ ഭാവി തീരുമാനങ്ങളെ പ്രതിപാദിച്ചു രാഞ്ജിയുടെ അഭിസംബോധനയും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.ഒക്ടോബർ 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പൂർണ്ണമായി വിട്ട് പിരിയുന്നത്.
ബ്രെക്സിറ്റിനെ പ്രതികൂലിക്കുന്നവർ ഉടൻതന്നെ പാർലമെന്റ് വിളിച്ചു കൂട്ടണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ വിധി വരുന്നത് വരെ ഇത് സാധ്യമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. പാർലമെന്റ് പിരിച്ചുവിടുന്നത് സ്വാഭാവികമാണെന്നും, ജനാധിപത്യത്തെ തകർക്കാൻ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രവർത്തി തികച്ചും നിയമവിരുദ്ധമാണെന്നും, രാഞ്ജിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നുമാണ് കോടതിയുടെ കണ്ടെത്തൽ.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആവശ്യം ഉന്നയിക്കുന്ന എഴുപതോളം എംപിമാർ ചേർന്ന് നൽകിയ പരാതിയിലാണ് സ്കോട്ട്‌ലൻഡ് കോടതിയുടെ വിധി വന്നിരിക്കുന്നത്. രാഞ്ജിയാണ് പിരിച്ചുവിടൽ തീരുമാനം അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അപ്രകാരം ചെയ്തത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ ആവശ്യത്തെ പൂർണമായും നിരാകരിക്കുന്ന തീരുമാനമാണ് ബോറിസ് ജോൺസൻ കൈക്കൊണ്ടതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ജോ സ്വിൻസോൺ വിലയിരുത്തി.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബ്രിട്ടൻെറ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇർവെൽ നദിയിൽ 12 മാസത്തോളം പ്രായമുള്ള ആൺകുട്ടിയെ അജ്ഞാതൻ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത് . പോലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രേറ്റ് മാഞ്ചസ്റ്റർ ന് അടുത്തുള്ള ഇർവെൽ നദിയിൽ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ എമർജൻസി സർവീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 22 വയസുകാരനായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന സ്ഥലത്ത് അധികം ആളുകൾ ഇല്ലാതിരുന്നത് അന്വേഷണം കൂടുതൽ ബുദ്ധിമുട്ട് ഉള്ളതാക്കുന്നു. സാക്ഷികളുടെ മൊഴി ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ കൊലയാളി ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി കുടുംബത്തിന് ആശ്വാസം നൽകാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് ജാമി ഡാനിയൽസ് പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ച പോലീസ് എത്രയും പെട്ടെന്ന് കൊലയാളിയെയും സംഭവത്തിനുപിന്നിൽ ഉണ്ടായ കാരണങ്ങളും അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അന്വേഷണത്തിനായി പൊതുജനപങ്കാളിത്തം പോലീസ് ആവശ്യപ്പെട്ടു.ഈ സംഭവത്തെകുറിച്ച് എന്തെങ്കിലും സൂചന തരാൻ സാധിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു .
01618568797 ,0800 555 111.