അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി പുതിയതായി നിയമിതനായ ആൻഡ്രൂ ബെയ്‌ലി കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ജീവനക്കാരെ പിരിച്ചു വിടരുതെന്ന് കമ്പനികളോട് ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിനാവശ്യമായ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കമ്പനികളെ പരമാവധി സഹായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയിലെ പല സ്ഥാപനങ്ങളെയും കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ പിടിമുറുക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക ഉത്തേജന പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഇലക്ട്രിക് കാർ ബാറ്ററി നിർമ്മാണരംഗത്ത് യുകെയിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ പോകുന്ന വാർത്ത മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കൊറോണോ വൈറസ് മൂലമുണ്ടാകുന്ന തൊഴിൽ ദിനങ്ങളുടെ നഷ്ടം മൂലം ഉത്പാദനം ഗണ്യമായി കുറയുകയും പല കമ്പനികൾക്കും തൊഴിലാളികളെ പിരിച്ചു വിടേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച ചാൻസലർ റിഷി സുനക് 350 ബില്യൻ പൗണ്ട് പാക്കേജ് അവതരിപ്പിക്കുകയുണ്ടായി. അതിൽ 330 ബില്യൻ പൗണ്ടുകളും ബിസിനസ് ലോൺ ഗ്യാരണ്ടി ഉൾപ്പെടെയുള്ളതാണ്. അതേസമയം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ പൗണ്ട് 35 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായി.