ഒക്ടോബർ 31ന് തന്നെ ഒരു കരാറിലൂടെയോ അല്ലാതെയോ ബ്രെക്സിറ്റ് നടത്തിയെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസ് ജോൺസൻ. ബ്രസൽസുമായുള്ള കരാർ അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഒക്ടോബർ 31ന് യൂറോപ്യൻ യൂണിയൻ വിടുമെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ മറ്റ് അനേകം പ്രശ്നങ്ങൾക്കാവും അത് വഴിയൊരുക്കുക. അതിനാൽ നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ എംപിമാർ. പാർലമെന്റിൽ നിയമനിർമാണം പാസാക്കുന്നതിലൂടെ നോ ഡീൽ ബ്രെക്സിറ്റിനെ തടയുമെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. ജോ സ്വിൻസൺ, ജെറമി കോർബിൻ, കരോളിൻ ലൂക്കാസ്, ഇയാൻ ബ്ലാക്ക്‌ഫോർഡ് എന്നിവർ ചൊവ്വാഴ്ച ചർച്ച നടത്തി. സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ഒരു മാർഗമാണെന്നും അവർ പറഞ്ഞു. ആർട്ടിക്കിൾ 50 നീട്ടുന്നതിനും ഒക്ടോബർ 31 എന്ന അന്തിമകാലാവധി ഒഴിവാകുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം നിയമനിർമാണത്തിലൂടെ മുന്നോട്ട് പോകുക എന്നതാണെന്ന് ഗ്രീൻ എംപി കരോളിൻ ലൂക്കാസ് അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ് തടയുന്നതിനായി നിയമനിർമാണം പാസാക്കുന്നതിനെ അനുകൂലിക്കുന്നെന്ന് ജോ സ്വിസൺ പറഞ്ഞു.
സർക്കാരിൽ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്തി നോ ഡീൽ ബ്രെക്സിറ്റ് തടയാമെന്ന അഭിപ്രായമാണ് കോർബിന്റേത്. ജോൺസന് പകരം ഒരു ഇടക്കാല പ്രധാനമന്ത്രി ആവാനും ഒരു തെരഞ്ഞെടുപ്പ് വിളിക്കാനും മറ്റൊരു റഫറണ്ടത്തിനായി പ്രചാരണം നടത്താനും അദ്ദേഹം പദ്ധതിയിടുന്നു. എന്നാൽ ലിബറൽ ഡെമോക്രാറ്റുകളും ചില ടോറി എംപിമാരും കോർബിന്റെ ഈ പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. നിയമനിർമാണത്തിലൂടെ നോ ഡീൽ ബ്രെക്സിറ്റ് തടയാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ വോട്ടെടുപ്പ് എന്ന മാർഗം നിലനിൽക്കുന്നെന്നും എന്നാൽ അത് കൂടുതൽ അപകടകരമായ തന്ത്രമാണെന്നും മിസ് ലൂക്കാസ് പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ് എന്ന ദുരന്തത്തെ തടയാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എൻഎസ്പിയുടെ ഇയാൻ ബ്ലാക്ക്‌ഫോർഡ് അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള തന്റെ ശ്രമങ്ങളിൽ പങ്കുചേരാൻ ആവശ്യപ്പെട്ടുകൊണ്ട് നോ ഡീലിനെതിരെ വോട്ട് ചെയ്ത 116 കൺസേർവേറ്റിവ്, സ്വതന്ത്ര എംപിമാർക്ക് കോർബിൻ കത്തെഴുതിയിട്ടുണ്ട്. മേയും ബ്രസൽസും തമ്മിലുള്ള പിൻവലിക്കൽ കരാർ വീണ്ടും പരിശോധിക്കണമെന്നും പാർലമെന്റിൽ പാസാക്കുന്നതിനായി പ്രധാന മാറ്റങ്ങൾ വരുത്തണമെന്നും ജോൺസൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. കരാർ കൂടാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകുന്നതാണ് ഇപ്പോൾ സ്വീകാര്യമായ ഏക കരാറെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് അഭിപ്രായപ്പെട്ടു.
ഇറാനിൽ ജനിച്ച, എന്നാൽ ബ്രിട്ടീഷ് പൗരത്വം നിലവിലുള്ള അനൂഷെഹ് അഷൂരിയെന്ന പൗരനെ ഇറാൻ ചാര ദൗത്യം ആരോപിച്ചു 12 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഇറാന്റെ ഇന്റലിജൻസ് രഹസ്യവിവരങ്ങൾ ഇസ്രയേൽ ചാര സംഘടനയ്ക്ക് അനൂഷെഹ് കൈമാറി എന്നതാണ് ഇറാൻ ആരോപിക്കുന്ന കുറ്റം. മറ്റ് രണ്ടു പേർക്കെതിരെയും ഇത്തരത്തിലുള്ള കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള വ്യക്തികൾക്കെതിരെ ഇറാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
അനൂഷെഹ് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മസൂദുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇറാന്റെ ധാരാളം രഹസ്യങ്ങൾ ഇസ്രായേലിന് കൈ മാറിയിട്ടുണ്ടെന്നും ഇറാനിലെ ജുഡീഷ്യറി വക്താവ് ഖോലംഹോ സെയ്ൻ ഇസ്മയെലി വാർത്താസമ്മേളനത്തിൽ ആരോപിച്ചു . ചാര കൃത്യം നടത്തിയതിന് പത്തു വർഷവും, അതിന് പ്രതിഫലമായി പണം കൈപ്പറ്റിയതിന് രണ്ടുവർഷവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ഒരു ബ്രിട്ടീഷ് വനിതയെയാണ് അറസ്റ്റ് ചെയ്തിരുന്നത് എന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നത് . എന്നാൽ പിന്നീട് വിദേശകാര്യ കോമൺവെൽത്ത് ഓഫീസ് നൽകിയ വിവരം അനുസരിച്ച് ഒരു പുരുഷനാണെന്ന് സ്ഥിരീകരിച്ചു. രണ്ടു വർഷം മുൻപ് ഇറാനിലെ ടെഹ്റാനിൽ വച്ചായിരുന്നു അനൂഷെഹിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷവും ഈ കേസ് വളരെ വ്യക്തതയോടെ കൈകാര്യം ചെയ്യപ്പെട്ടതായി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഇരട്ട പൗരത്വം ഇറാൻ അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് ഗവൺമെന്റിനെയും അധികാരികളെയും കേസിന്റെ വിവരങ്ങൾ അറിയിക്കുവാൻ ഇറാൻ അനുവദിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്യപ്പെട്ട അന്നൂഷെഹിന്റെ കുടുംബത്തെ തങ്ങൾ സഹായിച്ചിരുന്നു എന്ന് കോമ്മൺവെൽത് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച രണ്ട് അറസ്റ്റുകൾ കൂടി നടന്നതായി ഇറാൻ അറിയിച്ചു. അറസ് അമീരി എന്ന് ബ്രിട്ടീഷ് കൗൺസിലിൽ ജോലിചെയ്യുന്ന ഇറാൻ പൗരനെയും, അതോടൊപ്പം തന്നെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെയും ആണ് അറസ്റ്റ് ചെയ്തത്. ഇതുപോലെ അനേകം ഇരട്ടപൗരത്വം ഉള്ള വ്യക്തികളെ ഇറാൻ മുൻപും ശിക്ഷിച്ചിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകള്‍ കത്തിച്ചാമ്പലാവുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ബാധിച്ചതിനേക്കാൾ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചു. മാത്രമല്ല ആമസോൺ മേഖലയിലെ പകുതിയിലധികം പ്രദേശവും ഇപ്പോൾ പലതരം പാരിസ്ഥിതിക ഭീഷണികളിലുമാണ്. ഈ വർഷം ഇതുവരെ ഏകദേശം 79,000 കാട്ടുതീകളാണു ബ്രസീലിൽ രേഖപ്പെടുത്തിയത്– ഇതേ കാലയളവിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാള്‍ 85% വർധന. അതിൽ പകുതിയിലേറെയും ആമസോൺ കാടുകളിൽ. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രമുണ്ടായത് 9500 ലേറെ കാട്ടുതീയാണ്.ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലുണ്ടായ തീ ആഗോളതലത്തിൽ ചർച്ചയായി മാറിയിരുന്നു. ഫ്രാൻസിലെ ബിയാരിറ്റസ്സിൽ നടക്കുന്ന ജി–7 ഉച്ചകോടിയിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ, മഴക്കാടുകളിലെ തീപിടുത്തത്തെ നേരിടുന്നതിനുള്ള എല്ലാ വിധ സാമ്പത്തിക പിന്തുണയും നൽകാൻ സമ്മതിച്ചു. ഇതിനായി ജി 7 രാജ്യങ്ങൾ 18 മില്യൺ പൗണ്ട് നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. പണം ഉടൻ തന്നെ അഗ്നിശമന വിമാനങ്ങൾക്ക് വേണ്ടി ചെലവിടുന്നതാണെന്നും ആ പ്രദേശത്തെ സൈന്യത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും മാക്രോൺ അറിയിച്ചു.തീപിടുത്തത്തെ ഒരു അന്താരഷ്ട്ര പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച മാക്രോൺ, തന്റെ രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ അതിന് മുൻഗണന നൽകുകയും ചെയ്തു. തീപിടുത്തത്തിന്റെ കാഠിന്യവും ബ്രസീൽ സർക്കാരിന്റെ പ്രതികരണവും ആഗോള പ്രതിഷേധത്തിന് കാരണമായി മാറുകയുണ്ടായി.ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർന്നു. ഓഗസ്റ്റ് 23നാണ് തീപിടുത്തത്തെ നേരിടാൻ അദ്ദേഹം സൈന്യത്തെ അധികാരപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിൽ സൈനിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. യുദ്ധവിമാനങ്ങൾ വഴി വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം ഇനം സസ്യങ്ങളും മൃഗങ്ങളും ഒരു ദശലക്ഷം തദ്ദേശവാസികളും ഉൾപ്പെടുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കണം എന്ന ആവശ്യവുമായി ആയിരകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിൽ ആമസോണിനെ തിരികെകൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് ജി 7 നേതാക്കൾ ചർച്ച ചെയ്യാനിരിക്കുന്നു.
ബ്രിട്ടനിലെ വയോധികരെയും മാതാപിതാക്കളെയും ശുശ്രൂഷിക്കുന്ന ആഫ്രിക്കൻ നഴ്സുമാർക്ക് സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയാത്ത അവസ്ഥയിലാണ്. മിക്കവരും തങ്ങളുടെ മാതാപിതാക്കളുടെ വരവും കാത്ത് വേദനയോടെ കഴിയുകയാണ്. സിസിലിയ ടിപ എന്ന സിംബാബ്‌വെയിൽ നിന്നുള്ള നേഴ്സ് തന്റെ പിതാവ് പോളിന്റെ വരവും കാത്തു ആവശ്യസാധനങ്ങൾ ഒരുക്കി. തന്റെ കൊച്ചുമകൾ അരിയെല്ലയെ കാണുവാനും കൂടിയാണ് അദ്ദേഹത്തിന്റെ വരവ്. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് വിസ നിഷേധിച്ചു.
ജന്മനാട്ടിൽ അദ്ദേഹത്തിന് ആവശ്യമായ സമ്പാദ്യം ഇല്ല എന്നതാണ് വിസ നിഷേധിക്കാനുള്ള കാരണം. അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവിന്റെ കാരണം ന്യായമല്ലെന്നും, ഇതോടൊപ്പം അദ്ദേഹത്തിന്റെ സ്വന്തം ചെലവുകൾ പോലും വഹിക്കാനുള്ള സാമ്പത്തികം ഇല്ലെന്നുമാണ് വിസ നിഷേധിക്കുന്നതിനു കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.
സിസിലിയയെ പോലെ അനേകം നഴ്സുമാരാണ് ഇത്തരത്തിലുള്ള ദുഃഖം അനുഭവിക്കുന്നത്. തനിക്ക് സംഭവിച്ചത് തെറ്റാണെന്നും, താൻ ഇവിടെ ഒരു വിദേശി ആണെന്നുള്ള ബോധം തന്നിൽ ഊട്ടിയുറപ്പിക്കപ്പെട്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ പിതാവാണ് തന്നെ ഈയൊരു നിലയിലെത്തിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്നെ കാണുവാനുള്ള അവസരം നിഷേധിച്ചത് തന്നിൽ അതീവ ദുഃഖം ഉളവാക്കി എന്നും അവർ പറഞ്ഞു. താൻ ഇവിടെ വയോധികരെയും മാതാപിതാക്കളെയും അതീവ സന്തോഷത്തോടെ ആണ് ശുശ്രൂഷിക്കുന്നത്. എന്നാൽ സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയുന്നില്ല.
സിസിലിയ അനേകം ആഫ്രിക്കൻ നേഴ്സുമാരുടെ പ്രതിനിധിയാണ്. സിസിലിയയെ പോലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ മാതാപിതാക്കൾക്കും ബന്ധു ജനങ്ങൾക്കും വിസ നിഷേധിക്കുന്നതിന് മതിയായ സാമ്പത്തികം ഇല്ല എന്നതാണ് കാരണമായി പറയുന്നത് . ഇത് വർഗ്ഗ വിവേചനത്തിന് ഇടയാക്കുമെന്ന് മനുഷ്യസ്നേഹികൾ ഓർമ്മിപ്പിക്കുന്നു. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ, ആഫ്രിക്കൻ വംശജരുടെ ഉള്ള ഈ വിവേചനം നിർത്തലാക്കണമെന്ന ആവശ്യം ബ്രിട്ടണിൽ എങ്ങും ഉയർന്നുവരുന്നുണ്ട്.
ബാങ്ക് ഹോളിഡേ മണ്ടേയിലെ കഴിഞ്ഞ റെക്കോർഡ് മറികടന്ന് ചൂട് 33.2ഡിഗ്രി സെൽഷ്യസ് ആയി.ഹീത്രോയിലെ താപനില 33.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സ്കോട്ട്‌ലൻഡ് നോർത്ത് വേൽ, കൗണ്ടി ഡൗൺ എന്നിവിടങ്ങളിലെ താപനിലയും വർധിക്കുകയാണ്. തുറസ്സായ ജലാശയങ്ങളിൽ കുളിക്കുന്നത് പോലീസ് വിലക്കി . നോർത്ത് ആബർഡീൻഷയറിൽ ഉണ്ടായ അപകടത്തെ തുടർന്നാണിത്.
അതേസമയം എസ്എക്സിലെ ബീച്ചിൽ ഉണ്ടായിരുന്ന അനേകം പേർക്ക് നേരിട്ട ചുമയും ശ്വാസതടസ്സവും എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഞായറാഴ്ച വൈകുന്നേരം ഫ്രിന്റോൺബീച്ചിൽ വെയിൽ കായാൻ എത്തിയവർക്ക് അസ്വസ്ഥത നേരിട്ടു. ആ സമയത്ത് ഫ്യൂവൽസ്പില്ലോ കൗണ്ടർ പൊലൂഷൻ എയർക്രാഫ്റ്റൊ പരിസരങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. എന്നാൽ ഏറ്റവും ചൂടുകൂടിയ സമയത്ത് നടത്തിയ ഹിൽ കാർണിവലിൽ ആയിരക്കണക്കിനാളുകളാണ് വെസ്റ്റ് ലണ്ടനിൽ പങ്കെടുക്കാനെത്തിയത്.
കഴിഞ്ഞ ദിവസങ്ങളുടെ റെക്കോർഡ് താപനില ചൂടുവായുവിനെ യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് കൊണ്ടുപോവുക വഴി വരും മാസങ്ങളിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു. വരുന്ന ആഴ്ചകളിൽ തന്നെ കനത്ത കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സിന്ധു മാറി. ജപ്പാൻ താരമായ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു തന്റെ മെഡൽ ഉറപ്പിച്ചത്. 2017ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര സിന്ധുവിനെ തോൽപ്പിച്ചിരുന്നു. അതിനുള്ള മധുരപ്രതികാരം ആണ് 2019 -ൽ സിന്ധു നേടിയ മെഡൽ. മൂന്നാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.എന്നാൽ ആദ്യ രണ്ടുതവണയും ഭാഗ്യം സിന്ധുവിനെ കടാക്ഷില്ല. ഫൈനലിൽ സിന്ധു പുറത്തായിരുന്നു.
ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ബേസലിൽ വച്ച് നടന്ന മത്സരം സിന്ധുവിനെ ജീവിതത്തിൽ നിർണായകമായി മാറി. ലോക അഞ്ചാം നമ്പർ താരവും, ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവും ആയിരുന്ന സിന്ധു, ലോക ചാമ്പ്യൻ ആയി മാറി.മുപ്പത്തിയെട്ടു മിനിറ്റ് കൊണ്ട് തന്നെ ഫൈനൽ അവസാനിച്ചിരുന്നു. 21-7, 21-7 എന്ന വൻ മാർജിൻ സ്‌കോറിൽ ലോക മൂന്നാം നമ്പർകാരിയായ ഒകുഹാരയെ സിന്ധു തോൽപ്പിച്ചു.
തന്റെ മുൻ പരാജയങ്ങൾ ഈ വലിയ വിജയത്തിലേക്ക് തന്നെ നയിച്ചതായി സിന്ധു പറഞ്ഞു . ആക്രമണവും, കൃത്യതയുമെല്ലാം ഒരുമിച്ചപ്പോൾ സിന്ധു കളത്തിന്റെ അധികാരിയായി മാറി. ക്വാർട്ടർ ഫൈനലിൽ തായ്‌വാന്റെ ലോക രണ്ടാം നമ്പർ താരമായ തായ് സു യിങ്ങിനെ തോൽപ്പിച്ചത് സിന്ധുവിന് ആത്മവിശ്വാസം പകർന്നിരുന്നു. അതിൽനിന്നാണ് കൂടുതൽ അക്രമോത്സുകമായി കളിക്കുവാൻ സിന്ധു തയ്യാറെടുത്തത്. ഒരിക്കൽ പോലും തിരിഞ്ഞു ചിന്തിക്കാൻ ഈ മത്സരത്തിൽ സിന്ധു തയ്യാറായില്ല. വിജയം തന്റേതെന്നു സിന്ധു ഉറപ്പിച്ചു കഴിഞ്ഞിരുന്നു. തുടക്കത്തിൽ മാത്രമാണ് ഒകുഹാരയ്ക്കു പ്രതീക്ഷ ചെറുതായെങ്കിലും ഉണ്ടായിരുന്നത്. പിന്നീട് കളിയിലുടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു. കോർട്ടിന്റെ പുറകുവശമാണ് സിന്ധു ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഒകുഹാര സിന്ധുവിനെ നെറ്റിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. പരമാവധി പൊരുതി നിൽക്കുവാൻ ഒകുഹാര ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തന്റെ അമ്മയുടെ ജന്മദിനത്തിന് മകൾക്കു നൽകാൻ കഴിയുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് സിന്ധു നൽകിയത്. ഭാരതം മുഴുവനും സിന്ധുവിന്റെ വിജയം ആഘോഷിച്ചു. സിന്ധു ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ രേഖപ്പെടുത്തി. ഒട്ടേറെ പേർ സിന്ധുവിന് അഭിനന്ദനവുമായി രംഗത്തെത്തി.
ഒരു കരാറിലൂടെയോ അല്ലാതെയോ ബ്രെക്സിറ്റ് നടത്തുക എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്ന് ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഒരു കരാർ ഇല്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുക എന്നതാണ് പ്രധാനം. യൂറോപ്യൻ യൂണിയനിലെ പങ്കാളികൾ എങ്ങനെ പ്രതികരിക്കുമെന്നതിൽ ആശ്രയിച്ചായിരിക്കും ബ്രെക്സിറ്റിന്റെ ഭാവി എന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് മുമ്പേ ഒരു ഒത്തുതീർപ്പിൽ എത്താൻ സാധിച്ചില്ലെങ്കിൽ അത് യൂറോപ്യൻ യൂണിയന്റെ കുറ്റമാണെന്ന് ജോൺസൻ അഭിപ്രായപ്പെട്ടു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കും ജോൺസണും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒരു കരാർ കൂടാതെ ബ്രെക്സിറ്റ് നടന്നാൽ അതിനു കാരണക്കാരൻ ആരായിരിക്കുമെന്ന ചോദ്യവും ഉയർന്നു. രണ്ട് പേരും തമ്മിൽ ഞായറാഴ്ച ചർച്ചകൾ നടത്തിയതായി ബിബിസി യൂറോപ്പ് എഡിറ്റർ കത്യാ അഡ്‌ലർ പറഞ്ഞു.നോ ഡീൽ ബ്രെക്സിറ്റ് എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടായാലും ജനങ്ങൾക്ക് മരുന്ന് ലഭിക്കുമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
താൻ ഒരു ശുഭാപ്തിവിശ്വാസിയാണെന്നും ഒരു ഇടപാട് നടത്താൻ അവസരമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ മനസ്സിലാക്കണമെന്നും ജോൺസൻ പറഞ്ഞു. ഒപ്പം കരാർ ഇല്ലെങ്കിൽ മുൻ പ്രധാനമന്ത്രി തെരേസ മേ, തന്റെ പിൻവലിക്കൽ കരാറിൽ യൂറോപ്യൻ യൂണിയന് നൽകാമെന്ന് സമ്മതിച്ച 39 ബില്യൺ പൗണ്ടിന്റെ ഒരു വലിയ ഭാഗം യുകെ കൈവശം വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയുടെ ഈ പിൻവലിക്കൽ കരാർ ബ്രിട്ടീഷ് എംപിമാർ 3 തവണ നിരസിച്ചിരുന്നു. ബ്രിട്ടനും യുഎസും തമ്മിലുള്ള വ്യാപാര കരാർ ചർച്ച ചെയ്യാൻ ജോൺസൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കണ്ടിരുന്നു. ബ്രെസിറ്റ് കൈകാര്യം ചെയ്യാനുള്ള ശരിയായ വ്യക്തി ബോറിസ് ജോൺസൻ ആണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസ് – ചൈന വ്യാപാര യുദ്ധം, ആമസോണിലെ കാട്ടുതീ, കാലാവസ്ഥ അടിയന്തരാവസ്ഥ എന്നിവയാണ് ജി 7 ഉച്ചകോടിയിൽ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ.
ശനിയാഴ്ച ഉച്ചയ്ക്ക് 2.10 ഓടെയാണ് സ്‌റ്റോണോർ ഏരിയയിൽ രണ്ടുപേർ യാത്രചെയ്തിരുന്ന വിമാനം തകർന്നുവീണതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. പൈലറ്റും യാത്രക്കാരനും അപകടത്തിൽ മരിച്ചതായാണ് വിവരം. ഏറ്റവും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റാർക്കും ഭാഗ്യവശാൽ അപകടം സംഭവിച്ചിട്ടില്ല. വലിയ ശബ്ദത്തോടെ നാടിനെ നടുക്കിയ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവം നടന്നയുടനെ അഗ്നിശമനസേനയും ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബാച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.തേംസ് വാലി പോലീസ് പ്രാഥമിക അന്വേഷണം നിർവഹിച്ചു.
സ്പാനിഷ് ദ്വീപായ മജോർക്കയിൽ ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ചുപേരും വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരുമാണ് കൊല്ലപ്പെട്ടത് എന്ന് കരുതുന്നു. മരിച്ചവരിൽ ഒരാൾ സ്പാനിഷ് പൈലറ്റാണ്, മറ്റുള്ളവരുടെ പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല .
ബിർമിങ്ഹാം: വാൾസാൾ ക്വീൻ മേരിസ് ഗ്രാമർ സ്‌കൂളിൽ നിന്നും ആൻസിക് മാത്യൂസ് തെരെഞ്ഞെടുത്ത പത്ത് വിഷയങ്ങൾക്ക് ഗ്രേഡ് 9 ( 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് കിട്ടുന്ന ഗ്രേഡ്) നേടിയെടുത്താണ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. ആൻസിക് കൂടാതെ മറ്റ് രണ്ട് കുട്ടികൾ കൂടി എല്ലാ വിഷയങ്ങളിലും ഗ്രേഡ് 9 നേടിയെങ്കിലും ഇംഗ്ലീഷ് ലാംഗ്വേജ് സ്‌പീക്കിങ്ങിൽ ഡിസ്റ്റിങ്ഷൻ വാങ്ങി എല്ലാവരുടെയും മുൻപിൽ എത്തിയിരിക്കുന്നു ഈ കൊച്ചു മലയാളി മിടുക്കൻ. ആൻസിക് മാത്യൂസ് ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ GCSE Ict യിൽ A* കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം തന്നെ FSMQ യിൽ അഡിഷണൽ വിഷയമായി എടുത്ത കണക്കിൽ ഏറ്റവും കൂടിയ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് ആൻസിക്.
സാൻഡ്‌വെൽ ആൻഡ് വെസ്ററ് ബിർമിങ്ഹാം ( Sandwell & West Birmingham ) NHS ട്രസ്റ്റിൽ ജോലി ചെയ്യുന്ന സീനിയർ ഫിസിയോതെറാപ്പിസ്റ് ബിനു മാത്യുവിന്റെയും അതെ ട്രസ്റ്റിൽ തന്നെ നേഴ്‌സായി ജോലി ചെയ്യുന്ന സിജിയുടെയും മൂത്ത മകനാണ് ആൻസിക്. ബിനു മാത്യു കോട്ടയം ജില്ലയിലെ പാദുവയിലുള്ള പന്നൂർ കീപ്പമാംകുഴി കുടുംബാംഗവും സിജി പാലിശേരിയിൽ ഉള്ള പടയാട്ടിൽ കുടുംബാംഗവുമാണ്.
ബിനു മാത്യു യുക്മ ഈസ്റ്റ് ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് റീജിണൽ സെക്രട്ടറി, യുക്മ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ച് മലയാളികൾക്കിടയിൽ സുപരിചിതനാണ്. മിഡ്‌ലാൻഡ്‌സ് റീജിയനെ മികച്ച റീജിയൺ ആക്കുന്നതിൽ നിർണ്ണായക പങ്ക് വരിച്ച വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ബിനു മാത്യു. ആൻസിസിക്കിന്റെ ഇളയ സഹോദരൻ എയ്‌ഡൻ മാത്യൂസ് സാൻഡ്‌വെല്ലിൽ ഉള്ള ഡോൺ ബോസ്കോ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
ആൻസിക് ക്വീൻ മേരീസ് ഗ്രാമർ സ്‌കൂളിൽ തന്നെ A ലെവൽ തുടന്ന് പഠിക്കുന്നതിനുള്ള തീരുമാനത്തിലാണ്. മലയാളികളുടെ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന ചിന്തയിൽ നിന്നും മാറി കുഞ്ഞു നാൾ മുതൽ തന്റെ മനസ്സിൽ കാത്തു സൂക്ഷിക്കുന്ന പൈലറ്റ് എന്ന സ്വപ്‍ന പാത പിന്തുടരുന്ന ആൻസിക്, തന്റെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുവാനുള്ള തീവ്ര ശ്രമത്തിലാണ്. അതാണ് ആഗ്രഹവും. പാഠേൃതര വിഷയമായ ഡ്രമ്മിൽ (Drum) ഗ്രേഡ് അഞ്ച് വരെ ആൻസിക് ഇതിനകം നേടിയെടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ CCF ൽ Air Squadron ട്രോഫിയിലെ ക്യാപ്റ്റൻ സ്ഥാനം കൂടി വഹിക്കുന്നു ഈ അൻസിക് എന്ന കൊച്ചു മലയാളി ജീനിയസ്…
പ്രിൻസ് ഹാരി തന്റെ ഭാര്യയായ മെഗാനയും അവരുടെ നവജാത ശിശുവായ ആർച്ചിയെയും പ്രിൻസസ് ഡയാനയുടെ ശവകുടീരത്തിലേക്ക് ഈ മാസത്തിന്റെ ഒടുവിൽ കൊണ്ടുപോകും. മെഗാനെ അമ്മയുടെ മുന്നിൽ കൊണ്ടുവരാനുള്ള ആഗ്രഹം ഹാരി മുൻപും പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടുപേരും ഏറ്റവും അടുത്ത സുഹൃത്തുക്കളായേനെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നോർതാംഷയറിലെ അൽതോർപ് ലാണ് ഡയാന രാജകുമാരി അന്ത്യവിശ്രമം കൊള്ളുന്നത്. അവരുടെ ബാല്യകാലത്തെ ഗൃഹം ആയിരുന്ന സ്‌പെൻസർ ഫാമിലി എസ്റ്റേറ്റിലാണ് കല്ലറ.
ഹാരിയും വില്യമും വർഷത്തിൽ രണ്ടു തവണയാണ് പ്രധാനമായും അമ്മയുടെ ശവകുടീരം സന്ദർശിക്കാറുള്ളത്. അവരുടെ പിറന്നാൾ ദിനമായ ജൂലൈ ഒന്നിനും ചരമദിനമായ ഓഗസ്റ്റ് 31 നും. ഡയാനയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഹാരി പുലർത്തുന്നത്. കുടുംബ ചിത്രത്തിൽ ഡയാനയുടെ സഹോദരിമാരെയും ഉൾപ്പെടുത്താൻ ഹാരി ശ്രദ്ധിച്ചിരുന്നു.
ഹാരി മെഗാനെ പ്രൊപ്പോസ് ചെയ്തപ്പോൾ അമ്മയുടെ ജ്വല്ലറി ശേഖരത്തിലെ 2 ഡയമണ്ട് പതിച്ച പരമ്പരാഗതമായ മോതിരമാണ് നൽകിയത്.ഹാരിക്ക് 12 വയസ്സുള്ളപ്പോൾ ഈ ലോകത്തോട് വിട പറഞ്ഞ ഡയാനയെ ഒരിക്കലെങ്കിലും കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട് എന്ന് മെഗാൻ പറഞ്ഞിരുന്നു. എങ്കിലും അമ്മ ജീവിതത്തിൽ കൂടെ ഉണ്ടെന്നാണ് വിശ്വാസം.അമ്മയെ കാണാനുള്ള തയാറെടുപ്പിലാണ് കുടുംബം. എന്നാൽ സ്പെൻസർ കുടുംബമോ ബക്കിങ്ഹാം കൊട്ടാരമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.