സ്വന്തം ലേഖകൻ

ലണ്ടൻ : പിടിച്ചുനിർത്താനാവാത്ത വിധത്തിൽ കൊറോണ വൈറസ് മുന്നേറുന്നതോടെ ബ്രിട്ടനിൽ വൈറസ് കേസുകൾ 206 ആയി. ഒരു ദിനം കൊണ്ട് 43 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. മിൽട്ടൺ കീൻസ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 83 കാരനും മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. ഇതോടെ ജനം കൂടുതൽ പരിഭ്രാന്തരായിരിക്കുകയാണ്. മരുന്നില്ലാത്ത രോഗമായതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ശാസ്ത്രലോകം. കേസുകളുടെ എണ്ണം എത്ര വേഗത്തിൽ ഉയരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത ഘട്ടത്തിലെ രോഗ പ്രതിരോധം എന്ന് ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജെന്നി ഹാരിസ് ബിബിസിയോട് പറഞ്ഞു. ആർക്കും ഏത് സമയത്തും രോഗം ബാധിക്കാനും മരിക്കാനും ഉള്ള സാധ്യത ഏറെയാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകി.

വലിയ സമ്മേളനങ്ങൾ നിയന്ത്രിക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് ഈയാഴ്ച്ച ചർച്ച ചെയ്യും. രോഗം പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ സ്കൂളുകൾ അടയ്‌ക്കേണ്ടി വരും. ഒപ്പം വീട്ടിലിരുന്നു ജോലി ചെയ്യാനും ആളുകൾ നിർബന്ധിതരാകും. കേസുകൾ കുത്തനെ ഉയരുന്നത് തടയുവാനും ശൈത്യകാലത്ത് പകർച്ചവ്യാധിയുടെ വേരോട്ടം ഇല്ലാതാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോക്ടർ ഹാരിസ് പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലോകമാകെ 102,000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,480 പേർ മരിച്ചു. ഇതിൽ 3, 070 പേര് ചൈനയിലാണ്. ഇറാനിൽ ഇന്നലെ 21 പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 145 ആയി ഉയർന്നു. ചൈനയ്ക്കു പുറത്തു കൊറോണ ബാധിച്ച് ഏറ്റവും കൂടൂതൽ ആളുകൾ മരിച്ചത് ഇറ്റലിയിലാണ് – 233 പേർ.

വൈറസ് ഭീതിയെ തുടർന്ന് കാലിഫോർണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ 21 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യു എസ് വൈസ് പ്രസിഡന്‍റ് ​മൈക് പെൻസ് ആണ് ഇക്കാര്യം അറിയിച്ചത്.