ബ്രിട്ടീഷ് മൾട്ടിനാഷണൽ കോഫി ഹൗസ് കമ്പനി ആയ കോസ്റ്റ കോഫി 1971ലാണ് രൂപം കൊണ്ടത്. ബ്രിട്ടനിലെ തന്നെ മികച്ച കോഫി ഹൗസ് കമ്പനി ആയി അവർ വളരുകയും ചെയ്തു. എന്നാൽ കോസ്റ്റ കോഫി ഹൗസിലെ തൊഴിലാളികളുടെ അവസ്ഥ മോശമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. 26 ജോലിക്കാരുമായി ബിബിസി സംസാരിക്കുകയുണ്ടായി. 29 കോഫി ഹൗസിൽ നിന്നും അനേകം പരാതികൾ ഉയർന്നു. മോശം തൊഴിലവസ്ഥ മാത്രമല്ല പ്രശ്നം, അസുഖത്തിനോ വാർഷിക അവധിയ്‌ക്കോ പണം നൽകാൻ മാനേജർമാർ വിസമ്മതിക്കുന്നു. ഒപ്പം പറഞ്ഞ സമയത്തേക്കാളേറെ ജോലി ചെയ്യേണ്ടതായും വരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. ആരോപണങ്ങളുടെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത് തൊഴിൽ കാര്യങ്ങളിൽ ഉൾപ്പടെ ഒരു സ്വതന്ത്ര ഓഡിറ്റിംഗ് ആരംഭിക്കുമെന്ന് എല്ലാ ഫ്രാഞ്ചൈസ് പങ്കാളികളെയും അറിയിച്ചിട്ടുണ്ടെന്ന് കോസ്റ്റ കോഫി വക്താവ് പറഞ്ഞു. കോസ്റ്റ സ്റ്റോറുകളിലെ ജീവനക്കാർക്ക് സ്വന്തം പരിശീലനത്തിനായി 200 പൗണ്ട് ഈടാക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് ഈ ആരോപണങ്ങൾ ഉയർന്നത്.
ഒരു മുൻ ജീവനക്കാരൻ തനിക്കുണ്ടായ അനുഭവം വിവരിക്കുകയുണ്ടായി. അവധിക്കാല ശമ്പളത്തിന്റെ 1000 പൗണ്ട് തന്റെ ശമ്പളത്തിൽ നിന്ന് കുറച്ചു. ഒപ്പം രാവിലെ 5:30ന് സ്റ്റോറിൽ എത്തണം. ഒരാഴ്ച 60 മണിക്കൂറുകൾ ജോലിക്കാർക്ക് പണിയെടുക്കേണ്ടതായും വരുന്നെന്ന് അദ്ദേഹം പറഞ്ഞു. അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതിനാൽ സ്വന്തം മക്കളെ കാണാൻ കഴിയുന്നില്ലെന്നും ഇത് മാനസിക സമ്മർദത്തിലേക്ക് നയിക്കുന്നെന്നും തൊഴിലാളികൾ വ്യക്തമാക്കി. 20 മിനിറ്റ് ഇടവേളകളോടെ 13 മണിക്കൂർ ഷിഫ്റ്റിൽ പതിവായി ജോലി ചെയ്യേണ്ടി വരുന്നെന്ന് എമിലിയോ അലിയോയുടെ കീഴിൽ ജോലി ചെയ്യുന്ന 3 ബ്രിസ്റ്റൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിലെ ജീവനക്കാർ പറഞ്ഞു. എന്നാൽ ഉടമസ്ഥ ഈ വാദം നിഷേധിച്ചു. ആഴ്ചയിൽ 44 മണിക്കൂറിൽ കൂടുതൽ അവരെ ജോലി എടുപ്പിക്കില്ലെന്ന് അവർ പറഞ്ഞു. തൊഴിലാളികളെ മനുഷ്യരായി കാണുന്നില്ലെന്നും ഒരു സഹതാപവും ഇല്ലാതെയാണ് പെരുമാറുന്നതെന്നും എമിലിയോയുടെ സ്റ്റോറിൽ ഉള്ള മറ്റൊരു ജീവനക്കാരൻ പറഞ്ഞു. സ്റ്റോറിലെ ജോലികൾ മാത്രമല്ല പുറംപണിയും ചെയ്യേണ്ടിവന്നെന്ന് ഒരു ജോലിക്കാരൻ വെളിപ്പെടുത്തി. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ പരിഹരിക്കുമെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിഞ്ഞ ശേഷം കോസ്റ്റ സ്റ്റോർ മാനേജർ കഫീൽ ഖാൻ ഉറപ്പുനൽകി.
യുകെയിലെ വിദ്യാലയങ്ങളിലെ വിവിധ രാജ്യക്കാരുടെ കുട്ടികളുടെ പഠന മികവിനെക്കുറിച്ചുള്ള പഠനത്തിൽ ഇന്ത്യൻ വംശജരായ കുട്ടികൾ തദ്ദേശീയരെക്കാൾ മികവു പുലർത്തുന്നു എന്ന് കണ്ടെത്തി .എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂഷൻ 2019 ആനുവൽ റിപ്പോർട്ടിലാണ് എത്നിക് ഗ്രൂപ്പുകൾ തരംതിരിച്ചു നടത്തിയ പഠനം അവതരിപ്പിക്കപ്പെട്ടത്. അധ്യാപനത്തിലെ വിവിധ തലങ്ങളിലും ഘട്ടങ്ങളിലും ബ്രിട്ടീഷുകാരായ കുട്ടികളെ അപേക്ഷിച്ച് ഇന്ത്യൻ, ചൈനീസ് വംശജരായ കുട്ടികളാണ് കൂടുതൽ മിടുക്കർ.
പ്രൈമറി സ്കൂൾ കഴിയുന്നതോടെ ബ്രിട്ടീഷ് കുട്ടികളെക്കാൾ ചൈനീസ് കുട്ടികൾ 12 മാസം പുരോഗതി ഉള്ളവരാണ്. തൊട്ടുപിന്നാലെ ഏഴ് മാസത്തിന്റെ പുരോഗതിയുമായി ഇന്ത്യൻ കുട്ടികളുമുണ്ട്. സെക്കൻഡറി സ്കൂൾ തലത്തോടെ ഈ വ്യത്യാസം കൂടുതൽ വർധിക്കുന്നതായി പഠനം പറയുന്നു. ജനറൽ സർട്ടിഫിക്കറ്റ് ഫോർ സെക്കൻഡറി എഡ്യുക്കേഷൻ കണക്കുകൾ പ്രകാരം ബ്രിട്ടീഷ് കുട്ടികളെക്കാൾ ചൈനക്കാർ 24.8 മാസവും ഇന്ത്യക്കാർ 14.2 മാസവും മുന്നിലായിരിക്കും.
കരീബിയൻസ് ആയ കുട്ടികൾ ബ്രിട്ടീഷുകാരെ കാൾ പിന്നിലാണ്.
സാമ്പത്തിക നിലവാരം പുലർത്തുന്ന കുടുംബങ്ങളിലെ കുട്ടികളെക്കാൾ മോശം പ്രകടനമാണ് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടേത് എന്ന് യുകെയുടെ വിദ്യാഭ്യാസ വകുപ്പും സമ്മതിക്കുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകർച്ചയിലേക്ക് ആണോ എന്ന ചോദ്യമാണ് ഇവയിലൂടെ ഉയർന്നുവരുന്നത്. എന്നാൽ സ്കൂൾ വിദ്യാഭ്യാസത്തിലെ അപാകതകൾ പഴുതുകൾ അടയ്ക്കാനുള്ള നടപടികൾ വരുംവർഷങ്ങളിൽ സ്വീകരിക്കുമെന്ന് ഗവൺമെന്റ് അറിയിച്ചു. പിന്നാക്കകാരായ കുട്ടികൾക്ക് വേണ്ടി 2.4 ബില്യൻ പൗണ്ട് ചിലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ സ്റ്റാൻഡേർഡ് മന്ത്രിയായ നിക്ക് ഗിബ്ബ് പറഞ്ഞു.
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുണ്‍ ജയ്റ്റ് ലി (66) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഓഗസ്റ്റ് ഒൻപത് മുതൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 12.07 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
എ.ബി.വാജ്പേയ്, നരേന്ദ്ര മോദി മന്ത്രിസഭകളിൽ മന്ത്രിപദം അലങ്കരിച്ച ജയ്റ്റ് ലി പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നീ പദവികളിലും തിളങ്ങിയ വ്യക്തിത്വമാണ്. ഒന്നാം എൻഡിഎ സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ജയ്റ്റ് ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിട്ടുണ്ട്. 1973-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
1989 ൽ വി.പി.സിംഗിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനവും വഹിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമാണ്. സംഗീതയാണ് ഭാര്യ. മക്കൾ: റോഹൻ, സൊണാലി.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലുമായിരുന്നു ജയ്റ്റ് ലി . കഴിഞ്ഞ വർഷം മേയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ് ലി ക്ക് ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ പോയിരുന്നതിനാൽ അവസാന ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് ജയ്റ്റ് ലി ക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.
ബ്രിട്ടനിലെ ഗവേഷകർക്ക് സന്തോഷം നൽകിക്കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ആധുനിക ലോകത്തു പ്രകൃതിയോട് അനുകൂലമായി നിൽക്കുന്ന ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണത്തിനുള്ള ഗവേഷണത്തിന് ഊന്നൽ നൽകുവാനും, അതോടൊപ്പം തന്നെ വൈദ്യുത പാസഞ്ചർ വിമാനങ്ങളുടെ നിർമ്മാണത്തിനും മറ്റുമായാണ് സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 125 മില്യൻ പൗണ്ടോളം പുതിയ ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണത്തിനായി ഗവൺമെന്റ് നീക്കിവച്ചിരിക്കുകയാണ്.
ഫ്രാൻസിലെ ബിയാട്രിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയോടനുബന്ധിച്ചാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയത്. ഉച്ചകോടിയിൽ തന്റെ സഹപ്രവർത്തകരായ നേതാക്കന്മാരോട് പ്രകൃതി സംരക്ഷണത്തിനും, കാലാവസ്ഥ വ്യതിയാനത്തിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആഹ്വാനവും നൽകാനാണ് ജോൺസന്റെ തീരുമാനം.ബിർമിങ്ഹാം, ലീഡ്സ്, ദർഹാം, കാർഡിഫ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ തുടങ്ങിയ യൂണിവേഴ്സിറ്റികൾ പിന്തുണയ്ക്കുന്ന അഞ്ചു നൂതന ഗതാഗത ഗവേഷണ ശൃംഖലയിൽ, ഓരോന്നിനും അഞ്ചു മില്യൺ പൗണ്ട് വീതം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിക്ക് ദോഷം ചെയ്യാത്ത വാതകങ്ങളുടെ നിർമ്മാണം, അതോടൊപ്പം തന്നെ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുക കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ഗവേഷണത്തിനുള്ളത്.
സെപ്റ്റംബർ 30 മുതൽ തന്നെ ഈ പണം ഗവേഷകർക്കും ലഭ്യമാക്കാനുള്ള എല്ലാ നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ നടപടിയിലൂടെ ഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ വരുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.എയർ ടാക്സികളും, അതോടൊപ്പം തന്നെ ചരക്ക് വഹിക്കുവാൻ ഡ്രോണുകളും മറ്റും നിലവിൽ വരും. തുടക്കത്തിൽ ചെറിയതോതിലുള്ള എയർക്രാഫ്റ്റിൽ തുടങ്ങി പിന്നീട് പാസഞ്ചർ വിമാനങ്ങൾ നിർമ്മിക്കാനാണ് തീരുമാനം. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാവണം നമ്മുടെ ഓരോ തീരുമാനങ്ങളമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഈ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായം പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഗതാഗത രീതികളുടെ ഗവേഷണത്തിനു സഹായകമാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഗതാഗതത്തിനും, അതുപോലെ തന്നെ ചരക്കു സാധനങ്ങളുടെ നീക്കത്തിനും മറ്റും അനേകം വഴികളാണ് ഉള്ളതെന്ന് ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം രേഖപ്പെടുത്തി.
ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകൾ ബ്രിട്ടന്റെ വികസനത്തിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വൈദ്യുത എയർക്രാഫ്റ്റു കളുടെയും ഡ്രോണുകളുടെയും മറ്റും നിർമ്മാണം പ്രകൃതിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ സഹായകരമാകുമെന്നാണ് നിഗമനം.
ജിസിഎസ്ഇ പരീക്ഷാഫലങ്ങൾ പുറത്ത് വരുമ്പോൾ മിന്നുന്ന വിജയത്തിളക്കമാണ് മലയാളികൾ നേടിയെടിത്തിരിക്കുന്നത് . അത്തരം വിജയങ്ങളുടെ ലിസ്റ്റിൽ ഇടം നേടി സാന്ദ്ര സജിയും. പൊണ്ടിഫ്രാക്ടിറ്റിലെ സജി നാരകത്തറ-സജി ദമ്പതികളുടെ മൂത്തമകൾ സാന്ദ്ര സജിയാണ് വിജയക്കൊടുമുടി കയറി ലിസ്റ്റിൽ ഇടം പിടിച്ചത്. 5 ഡബിൾ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികൾക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവാറുള്ള സാന്ദ്ര, കീബോർഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളിൽ തന്റെതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആല്മീയ ശുശ്രുഷകളിൽ സഹായിക്കുകയും, പ്രാർത്ഥനാകൂട്ടായ്മ്മകൾക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.
സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്ട്രേറ്റർ ആയി വില്യംസ്ലീടാഗിൽ ജോലി ചെയ്യുന്നു. മാതാവ് സജി സജി പിന്റർ ഫീൽഡ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോൺ സജി സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിൽ ഏഴാം വർഷ വിദ്യാർത്ഥിനിയാണ്.
സയൻസ് വിഷയങ്ങൾ എടുത്തു എ ലെവൽ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങൾ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ് സാന്ദ്രയുടെ ഉറച്ച വിശ്വാസം.
പ്രതിഷേധങ്ങൾ തുടരുമ്പോൾ മെയിൽ ആൻഡ് ചൈനയിൽനിന്നും പ്രവേശിക്കുന്ന ബ്രിട്ടീഷ് യാത്രക്കാരുടെ ഇലക്ട്രോണിക് മെഷീനുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും മുന്നറിയിപ്പ്.
ഫോറിൻ ഓഫീസ് ആണ് ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. പ്രതിഷേധം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിലെ പരിശോധനകൾ ശക്തമാക്കുകയാണ്, ഇലക്ട്രോണിക് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനായ സൈമൺ ചെങ് മാൻ-കിറ്റ്നെ ഷെൻഴെൻ എന്ന മെയിൽ ലാൻഡ് സിറ്റിയിലേക്കുള്ള ബിസിനസ് യാത്രയ്ക്കിടെ കാണാതായി. രണ്ടാഴ്ചയായിട്ടും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനെത്തുടർന്നാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.
എന്നാൽ പൊതു നിയമങ്ങൾ ലംഘിച്ചതിനാൽസൈമൺ ചെങ് മാൻ-കിറ്റ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് ചൈന പ്രതികരിച്ചു കൂടുതലൊന്നും വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന ഹോങ്കോങ്ങ് ബില്ലിനെതിരെ 11 ആഴ്ച മുൻപാണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ ഇപ്പോൾ പരിപൂർണ ജനാധിപത്യം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസിന് മർദ്ദനത്തിൽ സ്വതന്ത്രമായ അന്വേഷണം എന്നീ ആവശ്യങ്ങൾ കൂടി ഹോങ്കോങ്ങ് മുന്നോട്ടു വച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 24 ശനിയാഴ്ച ഗതാഗത മേഖലയെ ലക്ഷ്യം വെച്ചുകൊണ്ട് ഹോങ്കോങ്ങിൽ ഇന്റർനാഷണൽ എയർപോർട്ടിൽ വൻ പ്രതിഷേധ പ്രകടനത്തിന് സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർക്ക് കൂടുതൽ സമയ നഷ്ടവും അസൗകര്യങ്ങളും പ്രതീക്ഷിക്കാം എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ്. യാത്രക്കാർ കുറച്ചു സമയം നേരത്തെ പുറപ്പെടണം എന്നും അറിയിപ്പുണ്ട്.
ലണ്ടൻ : ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (ജിസിഎസ്ഇ ) റിസൾട്ടുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രേഡുകൾ ലഭിച്ച ഷെർബോണിൽ നിന്നുള്ള മാനുവൽ ബേബി രാജ്യത്തിലെ തന്നെ മികച്ച 133 വിദ്യാർത്ഥികളിൽ ഒരാളായി . ഗ്രിഫോൺ സ്കൂളിലെ വിദ്യാർത്ഥിയായ മാനുവലിന് പതിനൊന്നു വിഷയങ്ങൾക്ക് ഗ്രേഡ് 9 ലഭിച്ചു. പരീക്ഷയിലെ ഏറ്റവും മികച്ച ഗ്രേഡ് ആണ് 9. A* എന്ന ഗ്രേഡിനോട് തുല്യമാണ് ഗ്രേഡ് 9.
രാമപുരത്തുകാരനായ ജോസ് പി . എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മകനായ ഐവിൻ ജോസ് എല്ലാ മെയിൻ വിഷയങ്ങൾക്കും 9 ഗ്രേഡോടെ മലയാളികൾക്ക് അഭിമാനമായി . ഐവിൻ ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ ആണ് പഠിച്ചത് . പഠനസമയത്ത്എസ്സേ കോമ്പറ്റീഷനിൽ സമ്മാനം നേടിയതിന് റോയൽ ഹോണർ കിട്ടി . ബെക്കിoഗ് ഹാം പാലസ് സന്ദർശിച്ചിട്ടുണ്ട് . ഐവിൻെറ പിതാവ് ജോസ് പി . എം സോഫ്റ്റ് വെയർ അനലിസ്റ്റായും മാതാവ് ബിന്ദുമോൾ ജോസ് നേഴ്‌സായും ജോലി ചെയ്യുന്നു. ലണ്ടനിലെ ഈലിങ്ങിലാണ് അവർ താമസിക്കുന്നത് .അനുജൻ ലോവിൻ ജോസ് ലാവലി ഗ്രാമർ സ്കൂളിലെ 8 ഇയർ വിദ്യാർത്ഥിയാണ് .
ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും , ജുവാന സൂസന്‍ മാത്യുവും. അഗ്‌നോ 11 എ സ്റ്റാറുകളാണ് നേടിയത്. സാധാരണ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെ കൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 എ സ്റ്റാറുകള്‍ കരസ്ഥമാക്കിയത്. 11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.
നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരിയാണ് . പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
സട്ടനില്‍ നിന്നുള്ള ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.
പൊതുവെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് എല്ലാം മികച്ച ഗ്രേഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. . ജിസി എസ്ഇ സിസ്റ്റത്തിന്റെ വെല്ലുവിളികളോട് തങ്ങളുടെ കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും, ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു . മികച്ച വിജയം ലഭിച്ചതിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ഭാവി തീരുമാനങ്ങൾ ആത്മ വിശ്വാസത്തോടെ എടുക്കുവാനുള്ള അവസരം ലഭിച്ചതായി അവർ പറഞ്ഞു.
മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്നുള്ള ദമ്പതികളായ മുഹമ്മദും ജാസ്മിനും 4 വർഷങ്ങൾ മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ താമസിച്ചതിനാൽ മുഹമ്മദിന് തന്റെ ജോലി നഷ്ടപ്പെടുകയും തന്റെ മക്കളെ യുകെ അധികൃതർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മക്കളുമായി മാതാപിതാക്കൾക്ക് വ്യക്തിപരമായോ ഫോണിലൂടെയോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ട് നാല് വർഷമായി. 10 വയസ്സുള്ള മകനും 8 വയസ്സുള്ള മകളും വളർത്തു പരിചരണത്തിലാണ് കഴിയുന്നത്. യുകെയിലെ ബർമിംഗ്ഹാം പ്രാദേശിക സർക്കാർ ഇപ്പോൾ ഈ രണ്ട് കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം നൽകുകയാണ്. മാതാപിതാക്കൾക്ക് ഇതുമൂലം കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നയതന്ത്ര പ്രതിഷേധം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും ജാസ്മിനും ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് കത്തെഴുതി. ഒപ്പം സർക്കാരിന്റെ ഈയൊരു നീക്കത്തിനെതിരെ കുടുംബ കോടതിയിലേക്കും അവർ കത്തെഴുതിയിട്ടുണ്ട്.
കുട്ടികൾക്ക് യുകെ പൗരത്വം നൽകിയാൽ ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിന് അവരുമായുള്ള ബന്ധം ഇല്ലാതെയാകും. ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ മാതാപിതാക്കൾക്ക് നിയമപരമായ പിന്തുണയും നൽകുന്നുണ്ട്. കുടുംബ കോടതിക്കയച്ച കത്തിൽ മുഹമ്മദ് തന്റെ മക്കളുടെ കാര്യത്തിൽ തനിക്കുള്ള ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. കോൺസുൽ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിൽ മുഹമ്മദ് ഇപ്രകാരം പറയുന്നു “എന്റെ കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്. ഈ നീക്കത്തിനെതിരെ ഉടൻ തന്നെ പ്രതിഷേധം ഉണ്ടാവണം.” കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും മുഹമ്മദ് ആവശ്യപ്പെടുന്നുണ്ട്. യുകെ പൗരത്വം തന്റെ മക്കളെ തന്നിൽ നിന്നും വേർപെടുത്തുമെന്നും മുഹമ്മദ് ആശങ്കപ്പെടുന്നുണ്ട്.
കാർബൺ ന്യൂട്രൽ ആകാനുള്ള ബ്രിട്ടനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 11 ദശലക്ഷം മരങ്ങൾ വച്ചു പിടിപ്പിച്ച് വാട്ടർ കമ്പനികൾ മാതൃകയാവുന്നത് . ഇംഗ്ലണ്ടിൽ ഉടനീളം 15000 ഏക്കറോളം സ്ഥലത്താണ് മരങ്ങൾ വച്ച് പിടിപ്പിക്കുന്നത് . ഇത് കാർബൺ സംഭരിക്കുന്ന ആവാസവ്യവസ്ഥകളെ മെച്ചപ്പെടുത്തുവാൻ സഹായിക്കും . സ്ഥലങ്ങൾ തിരഞ്ഞെടുക്കന്നതിനും ചെടികളെ പരിപാലിക്കുന്നതിനും വാട്ടർ കമ്പനികളുമായി വുഡ്ല ലാന്റ് ട്രസ്റ്റ് സഹകരിക്കുമെന്ന് ബ്രിട്ടനിലെ ജല വിതരണ കമ്പനികളുടെ അസോസിയേഷനായ വാട്ടർ യുകെ അറിയിച്ചു .
ഈ ബൃഹത്തായ പദ്ധതി ബ്രിട്ടനെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ സഹായിക്കുക മാത്രമല്ല കൂടുതൽ ജൈവ വൈവിധ്യമുള്ള ആവാസവ്യവസ്ഥ രൂപപ്പെടുത്താനും , ജലത്തിൻെറ ഗുണനിലവാരം മെച്ചപ്പെടുത്താനും അതൊടൊപ്പം തന്നെ പ്രളയത്തെ അതിജീവിക്കാനും സഹായിക്കുമെന്ന് ഈ പദ്ധതിയെ ഏകോപിപ്പിക്കുന്ന യോർക്ക് ഷയർ വാട്ടറിൻെറ ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഫ്ലിന്റ് പറഞ്ഞു .
വാട്ടർ കമ്പനികളുടെ ഈ തീരുമാനം വന്യ ജീവികൾക്ക് പുതിയ ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുമെന്നും അതോടൊപ്പം തന്നെ മറ്റ് സ്ഥാപനങ്ങൾക്ക് ഈ മാതൃക പിന്തുടരാൻ പ്രോത്സാഹനം ചെയ്യാൻ സഹായിക്കുമെന്ന് ഇതേകുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സർ വില്യം വോർസ്ലി അഭിപ്രായപ്പെട്ടു . നാനാതുറകളിൽ നിന്നു ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ധാരാളം ആളുകൾ രംഗത്തു വന്നിട്ടുണ്ട് . ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടണം എന്നുണ്ടെങ്കിൽ മരങ്ങൾ നടുകയും പരിപാലിക്കുകയും ചെയ്യണമെന്ന് വുഡ് ലാന്റ് ട്രസ്റ്റിൻെറ ഡയറക്ടർ ജോൺ ടക്കർ അഭിപ്രായപ്പെട്ടു .
യുകെയിലെ അതിവേഗ റെയിൽവേ പദ്ധതിയായ ഹൈ സ്പീഡ് 2 (എച്ച് എസ് 2)നെ പറ്റിയുള്ള ആലോചനകൾ പുതിയ സർക്കാർ തുടങ്ങിക്കഴിഞ്ഞു. 2003ലാണ് എച്ച്എസ് 1ആരംഭിക്കുന്നത്. 2009ൽ രണ്ടാമത്തെ അതിവേഗ റെയിൽ ലൈൻ ലേബർ പാർട്ടി മുന്നോട്ട് കൊണ്ടുവന്നെകിലും നടത്തിയെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ പദ്ധതി സഫലമാക്കാനുള്ള ശ്രമം പുതിയ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. എച്ച്എസ് 2ന്റെ ചെലവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവലോകനം ഉടൻ നടക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ലണ്ടൻ, മിഡ്ലാൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി എങ്ങനെയാവണമെന്നും ചിന്തിക്കും. ഈ ഒരു പദ്ധതിയ്ക്കായി ഇതിനോടകം 56 ബില്യൺ പൗണ്ട് ചെലവായി. ലണ്ടനെയും ബിർമിംഗ്ഹാമിനെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടം 2026ഓടെയും ലീഡ്‌സിനെയും മാഞ്ചെസ്റ്ററിനെയും ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടം 2033ഓടെയും പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. 250 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളെ വഹിക്കുന്നതിനായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സിവിൽ എഞ്ചിനീയറും എച്ച്എസ് 2ന്റെ മുൻ ചെയർമാനും ആയ ഡഗ്ലസ് ഓക്കർവി അവലോകനത്തിന് അധ്യക്ഷത വഹിക്കും.ലോർഡ് ബെർക്‌ളി ഡെപ്യൂട്ടി ആയി പ്രവർത്തിക്കും. അന്തിമ റിപ്പോർട്ട് ശരത്കാലത്തിൽ സർക്കാരിന് നൽകുന്നതാണ്.
പുതിയ റെയിൽ ലിങ്കിനുള്ള പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് കൺസേർവേറ്റിവ് പാർട്ടി നേതൃത്വ പ്രചാരണ വേളയിൽ ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ ഇറ്റിനെപ്പറ്റിയുള്ള ഉൽകണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. പദ്ധതിയുടെ മൊത്തം ചെലവ് 30 ബില്യൺ പൗണ്ട് വർധിക്കുമെന്ന് ചെയർമാൻ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചെലവ് എസ്റ്റിമേറ്റ്, കാര്യക്ഷമത ലാഭിക്കാനുള്ള അവസരങ്ങൾ പാരിസ്ഥിതിക ആഘാതം എന്നിവയൊക്കെ അവലോകനത്തിൽ പരിശോധിക്കും. എച്ച്എസ് 2വിനായി നിർമിച്ച സാമ്പത്തിക, ബിസിനസ് കേസ് കൃത്യമാണോ എന്നും പരിശോധിക്കും. ഈ ജൂണിൽ ഇരുപതോളം ബിസിനസ് നേതാക്കൾ, ഈ പ്രൊജക്റ്റ് പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് മിഡ്‌ലാൻഡിനെ സംബന്ധിച്ചിടത്തോളം എച്ച്എസ് 2 നിർണായകമാണെന്നും അത് അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മേയർ ആൻഡി സ്ട്രീറ്റ് അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയിൽ ഈ പുതിയ റെയിൽ ലിങ്ക് 15 ബില്യൺ പൗണ്ടിന്റെ വർധനവ് ഉണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.എന്നാൽ ഈ പദ്ധതിയെ എതിർത്തു നിൽക്കുന്നവരും അനേകരാണ്. ലണ്ടൻ മുതൽ ബർമിംഗ്ഹാം വരെയുള്ള നിർമാണ ഘട്ടത്തിന് ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നതിന്റെ ഇരട്ടി ചെലവാകുമെന്ന് ഇൻഫ്രാസ്ട്രക്ച്ചർ കൺസൾട്ടന്റ് മൈക്കിൾ ബൈഗ് പറഞ്ഞു. സ്റ്റോപ്പ് എച്ച്എസ് 2 പ്രചരണത്തിലുള്ള ജോ റുകിൻ പറഞ്ഞു “അവർ ഇപ്പോൾ ജോലി അവസാനിപ്പിക്കണം. കാരണം ഇത് പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും.” എച്ച്എസ് 2ന്റെ പ്രധാന നേട്ടമായ വേഗതയേയും വിമർശിക്കുന്നവർ രംഗത്തുണ്ട്.