Main News

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്‍ വിട്ടയക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കപ്പല്‍ വിട്ടയക്കുന്നതിനെതിരെ അമേരിക്ക നല്‍കിയ ഉത്തരവ് കോടതി തള്ളി. കപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും മോചിപ്പിച്ചു. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.

 

ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ കപ്പലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിക്കുന്നത്. കപ്പല്‍ വിട്ടയക്കാന്‍ ബ്രിട്ടന്‍ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം കോടതി തള്ളി.

കപ്പലിലെ 28 ജീവനക്കാരും കോടതി ഉത്തരവോടെ മോചിതരായി. ജീവനക്കാരില്‍ 24 പേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാര്‍ക്കെതിരെ ജിബ്രാള്‍ട്ടര്‍ പൊലീസ് എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളെല്ലാം തിരികെ നല്‍കിയെന്ന് കപ്പലിലുള്ള മലപ്പുറം സ്വദേശി അജ്മല്‍ സ്വാദിഖ് പറഞ്ഞു.   “എന്റെ മോചനത്തിന് നിയമസഹായം നൽികിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനുമാണ്.” ഗ്രേസ് 1 ടാങ്കറിന്റെ ഇന്ത്യൻ ക്യാപ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു. മോചിതരായ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

മലയാളം യുകെ ന്യൂസ് ബ്യൂറോ

രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളം തുടർച്ചയായ രണ്ടാം വർഷവും പ്രകൃതിഷോഭങ്ങളുടെ പിടിയിലാണ് . കേരളം ദൈവത്തിൻെറ സ്വന്തം നാട് , ഭീതികരമായ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മുക്തം എന്നൊക്കെ അഭിമാനിക്കാവുന്ന ദിനങ്ങൾ പോയി മറഞ്ഞോ ? ദുരന്തമുഖങ്ങളിൽ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയട്ടെ.

വിദേശഭരണത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ജനത 72 വർഷം കൊണ്ട് പുരോഗമനപാതയിൽ എത്ര മാത്രം മുന്നേറിയെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു . ഇന്നും രാജ്യത്തിൻെറ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നുള്ളത് സാമ്പത്തിക അടിമത്വം തുടരുന്നു എന്നതിൻെറ അളവുകോലായി കണക്കാക്കേണ്ടിയിരിക്കുന്നു .

കടുത്ത വിഭാഗീയതയുടെ അതിപ്രസരം രാഷ്ട്രീയത്തിൻെറയും , മതത്തിൻെറയും , പ്രദേശത്തിൻെറയും അടിസ്ഥാനത്തിൽ വേരോടുന്നു . സോഷ്യൽ മീഡിയ പോലുള്ള നവമാധ്യമങ്ങളുടെ സാന്നിധ്യം ഇത്തരക്കാർക്ക് വേരോടാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു . സോഷ്യൽ മീഡിയയിൽ പല മെസേജുകളും വായിക്കുമ്പോൾ എത്രമാത്രം സ്വാർത്ഥതാപരമായി ആണ് പലരും കാര്യങ്ങളെ കാണുന്നത് എന്നത് നിഷ്പക്ഷമതികളെ ആശങ്കയിലാക്കും . ദുരന്തങ്ങളെ ഒരു വിഭാഗത്തിൻെറയോ , പ്രദേശത്തിൻെറയോ അല്ലാതെ മനുഷ്യ സങ്കടങ്ങളായി കാണാൻ നമ്മൾക്ക് കഴിയട്ടെ .നിസ്വാർത്ഥരായി രാജ്യ പുരോഗതിക്കു വേണ്ടി , മനുഷ്യനന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനും കഴിയട്ടെ .

നമ്മുടെ വിമർശനങ്ങൾ ക്രിയാത്മകമാകട്ടെ , മറിച്ച്‌ വിമർശനങ്ങൾ വിഷം പുരട്ടിയ അമ്പുകളായി സമൂഹ മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കട്ടെ. കേരള പുരോഗതിയ്ക്ക് പ്രവാസി മലയാളിയുടെ പങ്ക് എല്ലാവരും അംഗീകരിക്കുമ്പോഴും ജന്മനാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികൾ നേരിടുന്ന കയ്പുനീരണിഞ്ഞ അനുഭവങ്ങൾക്ക് അറുതി വരുത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണ നേതൃത്വത്തിനുണ്ട്.

എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിൻെറ 73 -)o സ്വതന്ത്ര്യദിനാശംസകൾ .

ബ്രിട്ടനിലെ അതിസമ്പന്നയായ റേച്ചൽ ക്ലാചെറുടെ മകൾ ജോസി ക്ലാചെറുടെ മൃതദേഹം സ്പെയിനിലെ മജോർക്ക പൂളിൽ കണ്ടെത്തി. സ്പെയിനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയായിരുന്നു ജോസി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പൂളിന്റെ അടിത്തട്ടിൽ ജോസിയുടെ മൃതദേഹം കണ്ടെത്തിയത്.

ജോസിയെ കണ്ടെത്തിയ ഉടനെ പാരാമെഡിക്കൽ സ്റ്റാഫുകൾ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 100 മില്യൺ പൗണ്ടോളം ആസ്തിയുള്ള മണിപെന്നി
എന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് ജോസിയുടെ അമ്മ റേച്ചൽ ക്ലാചേർ. മരണസമയത്ത് മകളോടൊപ്പം വില്ലയിൽ മാതാവും താമസിച്ചിരുന്നു. മരണത്തിനു മുൻപ് ജോസി കൂട്ടുകാരോടൊപ്പം പുറത്ത് പോയതായും വിവരമുണ്ട്.

2014ലാണ് മണിപെന്നി എന്ന കമ്പനി ആരംഭിച്ചത്. ഇപ്പോൾ അത് ” വി മൈൻഡ് ദി ഗ്യാപ് ” എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊഴിൽരഹിതരും, പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കൾക്ക് വൻ ശമ്പളത്തോട് കൂടിയ ട്രെയിനിങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനി സ്ഥാപിച്ചത്.

ജോസിയുടെ മരണം അതീവദുഃഖമേറിയതാണെന്നും, കുടുംബത്തോടൊപ്പം പ്രാർത്ഥനയും സഹായങ്ങളും ഉണ്ടാകുമെന്നും കമ്പനി വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന് നാനാഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ജോസിയുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്.

ആരാണ് ആന്റി – നേറ്റലിസ്റ്റുകൾ? തങ്ങൾക്ക് കുട്ടികൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ! പ്രത്യുത്പാദനം തെറ്റാണെന്നവർ വാദിക്കുന്നു. ഒരു ജീവിയ്ക്ക് അതിന്റെ സമ്മതമില്ലാതെ ജന്മം കൊടുക്കുന്നത് തെറ്റാണെന്ന ആശയമാണ് അവർ പരത്തുന്നത്. ആന്റി – നേറ്റലിസം എന്ന ആശയം പുരാതന ഗ്രീസിലെതാണ്. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഇത് വളരെയധികം പ്രചരിച്ചു. ഫേസ്ബുക്കിലും റെഡിറ്റിലും അനേക ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പുകൾ ഉണ്ട്. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ 6000 അംഗങ്ങളും റെഡിറ്റിലെ ഒരു ഗ്രൂപ്പിൽ 35000 അംഗങ്ങളുമുണ്ട്.

അവരുടെ വിശ്വാസങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അമിത ജനസംഖ്യ, പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക, ജനിതക പാരമ്പര്യത്തെകുറിച്ചുള്ള ആശങ്ക, കുട്ടികളുടെ കഷ്ടപ്പാടുകൾ എന്നിവയൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടും അവർ ചിതറികിടക്കുന്നതോടൊപ്പം അവരുടെ ആശയങ്ങളും വളർന്നു വരുന്നു.ഇംഗ്ലണ്ടിൽ താമസിക്കുന്ന 29കാരനായ തോമസ്, ഒരു ആന്റി – നേറ്റലിസ്റ്റ് ആണ്. എല്ലാ മനുഷ്യജീവിതവും ലക്ഷ്യമല്ലാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകരുതെന്നും നമ്മുടെ ജീവിവർഗ്ഗങ്ങൾക്ക് ക്രമേണ വംശനാശം സംഭവിക്കണമെന്നും അദ്ദേഹം പറയുന്നു. ടെക്സസിലെ സാൻ അന്റോണിയോയിൽ താമസിക്കുന്ന കിർക്കും ചെറുപ്പകാലം മുതലേ ആന്റി – നേറ്റലിസ്റ്റ് ആശയങ്ങളിൽ വളർന്നുവന്ന ആളാണ്. മനുഷ്യജീവിതത്തിന്റെ സൃഷ്ടിയെ അദ്ദേഹം എതിർക്കുന്നു.

പരിസ്ഥിതിക്ക് പ്രയോജനപ്പെടുന്നതിനായി കുട്ടികളുണ്ടാകുന്നത് ഒഴിവാക്കുക എന്ന ആശയം പുതിയ ഒന്നല്ല. ബ്രിട്ടനിലെ ചാരിറ്റി ആയ പോപുലേഷൻ മാറ്റേഴ്സ്‌ വർഷങ്ങൾക്കുമുമ്പേ ഇത് പറഞ്ഞിരുന്നു. ‘മനുഷ്യവംശവും ഗ്രഹവും തമ്മിൽ ഐക്യം കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ‘ ഗ്രൂപ്പിന്റെ ഡയറക്ടർ റോബിൻ മെയ്നാർഡ് പറഞ്ഞു. ഒരു ഗർഭിണിയെ കാണുമ്പോൾ തനിക്ക് പുച്ഛമാണെന്ന് ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം പറഞ്ഞിരുന്നു. എന്നാൽ ബിബിസിയോട് സംസാരിച്ച ആർക്കും കുട്ടികളോട് വെറുപ്പില്ല. ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പുകൾ സമൂഹത്തിൽ ഉളവാക്കുന്ന ആശങ്കകളും ദിനംപ്രതി ഏറിവരികയാണ്. ബ്രിട്ടനിലെ ആളുകൾ ഈ ഗ്രൂപ്പുകളിലേക്ക് കൂടുതലായി എത്തപ്പെടുന്നു എന്ന സംഗതിയും ഭീതിപ്പെടുത്തുന്നു

.

ഇംഗ്ലണ്ടിലെ ഡ്രൈവർമാർ ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിക്കുന്നതിന് 2003 മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഡ്രൈവിംഗിനിടയിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഒരു കൂട്ടം എംപിമാർ അഭിപ്രായപ്പെട്ടു. നിലവിലെ നിയമങ്ങൾ, ഹാൻഡ്‌സ്ഫ്രീ ഫോണുകൾ സുരക്ഷിതമാണെന്ന തെറ്റായ ധാരണ നൽകുന്നുവെന്നും അവർ പറഞ്ഞു. ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഉപയോഗിച്ചാലും ഉണ്ടാവുന്ന അപകടങ്ങളും അപകടസാധ്യതയും ചെറുതല്ല എന്ന് കോമൺസ് ട്രാൻസ്‌പോർട്ട് സെലക്ട്‌ കമ്മിറ്റി പറയുകയുണ്ടായി. ഈ നിർദ്ദേശത്തെകുറിച്ച് 2019 അവസാനത്തോടെ ഒരു പൊതുതാല്പര്യം പ്രസിദ്ധീകരിക്കുമെന്ന് ക്രോസ് പാർട്ടി ഗ്രൂപ്പ്‌ പറഞ്ഞു.

” ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ശ്രദ്ധകുറവ് ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പാടിന് കാരണമായേക്കാം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ ഫോൺ സൈലന്റിൽ ആണെന്ന് ഉറപ്പുവരുത്തുക. ഒപ്പം ഫോൺ കാഴ്ചയിൽ നിന്നും അകറ്റി വെയ്ക്കുക.” റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കിലെ ജോഷുവ ഹാരിസ് പറഞ്ഞു. ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം മൂലം 773 അപകടങ്ങളാണ് 2017ൽ ബ്രിട്ടനിൽ നടന്നത്. ഇതിൽ 43 പേർ മരണപ്പെട്ടു. 135 പേർക്ക് ഗുരുതരമായി പരിക്കേൽകുകയും ചെയ്തു. ആലീസ് ഹസ്ബൻഡ് എന്ന യുവതി തന്റെ 7 വയസ്സുകാരനായ മകൻ സേത്തിന്റെ മരണത്തെപറ്റി വിശദീകരിക്കുകയുണ്ടായി. ഡ്രൈവറുടെ ഹാൻഡ്‌സ്ഫ്രീ ഫോൺ ഉപയോഗം മൂലം 2014ൽ ആണ് സേത്ത് കൊല്ലപ്പെട്ടത്. ഇതിന് ഡ്രൈവർക്ക് ലഭിച്ച ശിക്ഷ വളരെ ചെറുതായിരുന്നു.”വീടിനെതിർവശത്തുള്ള പോസ്റ്റ്‌ ബോക്സിൽ കത്ത് പോസ്റ്റ്‌ ചെയ്യാൻ പോയതാണ് അവൻ. തിരിച്ചുവന്നപ്പോഴാണ് കാറിടിച്ചു പരിക്കേറ്റത്. രണ്ടാഴ്ചയ്ക്ക് ശേഷം മരണപ്പെട്ടു. അന്ന് ഇതിനെപറ്റി അന്വേഷണം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഹാൻഡ്‌സ്ഫ്രീ ഫോൺ ഉപയോഗത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കണം. ” ആലീസ് പറഞ്ഞു.

2011 മുതൽ ഇത്തരത്തിലുള്ള അപകടങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ട്. എന്നാൽ ഇതിനെതിരെയുള്ള നിയമങ്ങളിൽ കുറവ് കാണുന്നു. പിഴയും ശിക്ഷയും വർദ്ധിപ്പിക്കണമെന്ന് എംപിമാർ അഭിപ്രായപ്പെട്ടു. ഫോണിന്റെ ഏതുപയോഗവും ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കുന്നതിന് കാരണമാകുന്നുവെന്ന് കമ്മിറ്റി അധ്യക്ഷനായ ലേബർ പാർട്ടി എംപി ലിലിയൻ ഗ്രീൻവുഡ്‌ പറഞ്ഞു. മൊബൈൽ ഫോണുകൾ ആധുനിക ജീവിതത്തിന്റെയും ബിസിനസിന്റെയും ഒരു പ്രധാന ഭാഗമാണെങ്കിലും ഡ്രൈവർമാർ എല്ലായ്‌പോഴും അവ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്ന് ഗതാഗത വിഭാഗം വക്താവ് അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ വഴിയോര കച്ചവടക്കാരൻ ആയ നൗഷാദ് കച്ചവടത്തിനായി വച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും ദുരിതാശ്വാസ പ്രവർത്തകർക്ക് നൽകുകയായിരുന്നു. ചാക്ക് കണക്കിന് പുതിയ തുണിത്തരങ്ങൾ ആണ് വളണ്ടിയർമാരെ വിളിച്ചുവരുത്തി നൗഷാദ് നൽകിയത്. പ്രളയബാധിതർക്കായി തന്റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ എന്നും ഇങ്ങനെയാണ് തന്റെ പെരുന്നാളെന്നും നൗഷാദ്  പറയുന്നു.

എന്നാൽ ഈ വലിയ മനസ്സിന്റെ ഉടമക്ക് യുഎഇയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ഈദ് സമ്മാനം ലഭിച്ചിരിക്കുകയാണ്. ദുബായിലെ ഒരു പ്രവാസി മലയാളിയായ ബിസിനസ് മാൻ നൗഷാദിന് ഒരു ലക്ഷം രൂപയും (ഏകദേശം 5157 ദിർഹം രൂപയും)കുടുംബവുമായി ദുബായ് സന്ദർശിക്കാൻ ഒരു അവസരവുമാണ് നൽകിയിരിക്കുന്നത്. അഫി അഹമ്മദ് എന്ന സ്മാർട്ട് ട്രാവലിംഗ് മാനേജിങ് ഡയറക്ടറായ യുവാവാണ് നൗഷാദിന് ഈദ് സമ്മാനം നൽകിയത്. നൗഷാദിന്റെ പ്രവർത്തി മാതൃകാപരം എന്നും തന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പർശിച്ച സംഭവം ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എട്ടു ലക്ഷം രൂപയോളം കേരള റിലീഫ് ഫണ്ടിലേക്ക് നൽകിയ അഹമ്മദ് ഇത്തവണയും തനിക്ക് സാധിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്ന് അറിയിച്ചിട്ടുണ്ട്.

https://www.facebook.com/rajesh.sharma.3720/videos/2467443179987522/?t=0

മലയാളം നടനായ രാജേഷ് ശർമയാണ് വൈറലായ വീഡിയോയ്ക്ക് പിന്നിൽ. ദുരിതാശ്വാസ നിധിക്ക് വേണ്ടി എറണാകുളത്ത്എത്തിയ ശർമ നൗഷാദ് തന്റെ ചെറിയ ഗോഡൗണിൽ നിന്നും വസ്ത്രങ്ങൾ ചാക്കുകളിൽ നിറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. മുഴുവൻ വസ്ത്രങ്ങളും നൽകുന്നത് വിലക്കിയപ്പോൾ “നമ്മൾ ആരും ഇവിടേക്ക് വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ മടങ്ങുന്നതും അങ്ങനെയല്ലേ ” എന്ന് ചോദിച്ചു കൊണ്ട് വസ്ത്രങ്ങൾ നിറക്കുന്നത് തുടർന്നു. ഈ പ്രവർത്തി ലോകമൊട്ടാകെയുള്ള മലയാളികൾക്ക് മാതൃകയായി. ഈദ് ആഘോഷം മാറ്റിവെച്ച് സഹജീവികളെ തങ്ങളാൽ കഴിയുന്നവിധം സഹായിക്കാൻ ഇറങ്ങിയ അനേകരിൽ ഒരാളാണ് നൗഷാദ്. അനേകം സുമനസ്സുകളുടെ കൂട്ടായ ശ്രമങ്ങൾ കേരളത്തെ ഉയർത്തെഴുനേൽപ്പിക്കും എന്നതിൽ സംശയമില്ല.

പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നൗഷാദിനെ പോ ട്രെയിട്ട്നും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞവർഷം പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളുടെയും ആർമിയുടെ യും 10 അടി നീളമുള്ള പ്രതിമ അദ്ദേഹം ഉണ്ടാക്കിയിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് സയൻസ് , എചിനീയറിംഗ് , ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ആകർഷിക്കാനായി പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ഉടൻ പ്രഖ്യാപിക്കും . യുകെയിലേയ്ക്ക് സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്‌ഞരെയും ആകർഷിക്കാനായിട്ട് ടാലന്റ് വിസയുടെ പരിധി നിർത്തലാക്കുകയും അതോടൊപ്പം തന്നെ ആശ്രിതവിസയിൽ വരുന്നവർക്ക് യുകെയിൽ ജോലി ചെയ്യുവാനുള്ളഅവസരം ഉണ്ടായിരിക്കുകയും ചെയ്യും . ഇതുകൂടാതെ വിസ ലഭിക്കുന്നതിനായി യുകെയിൽ വരുന്നതിനു മുൻപു തന്നെ തൊഴിൽ ലഭിച്ചിരിക്കണം എന്ന നിബന്ധന നീക്കം ചെയ്യാനും സർക്കാർ ആലോചിക്കുന്നു .

ലോകത്തിലെ ഏറ്റവും മികച്ച ആഗോള പ്രതിഭകളെ യുകെയിലേയ്ക്ക് ആകർഷിക്കുന്നതിനായി ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ ഏറ്റവും സമ്പന്നമായി മാറണമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീൽ പറഞ്ഞു .  യുകെയിലേയ്ക്ക് വരുന്നവർ രാജ്യത്തിന് എത്രമാത്രം സംഭാവന നൽകാൻ പ്രാപ്തരാണ് എന്നതിനെകുറിച്ച് പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നെന്ന് പട്ടേൽ പറഞ്ഞു . ഈ വർഷം അവസാനം ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ വരണമെന്നാണ് ഗവൺമെൻറ് ആഗ്രഹിക്കുന്നത് .ബ്രെക്സിറ്റ്‌ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം ആക്കിയ ബോറിസ് ജോൺസൻ തൻെറ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെല്ലാം ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിനുവേണ്ടി വാദിച്ചിരുന്നു .

 

2016 ജൂൺ 23നാണ് ഒരു റഫറണ്ടത്തിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. എന്നാൽ അതിനെത്തുടർന്ന് അനേക പ്രതിസന്ധികൾ ബ്രിട്ടനിൽ ഉടലെടുത്തു. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ പതനത്തിനും കാരണം ബ്രെക്സിറ്റ്‌ തന്നെയായിരുന്നു. എന്നാൽ പുതിയ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന വിശ്വാസത്തിലാണ് ബ്രിട്ടീഷ് ജനത. എന്ത് വന്നാലും ഈ ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ബോറിസ് ജോൺസൻ. ഇത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിക്കുന്നു. നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാലും യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട് . എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. തെരേസ മേയുടെ കാലത്തെ പിൻവലിക്കൽ കരാർ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പാർക്കുന്ന യുകെ പൗരന്മാർക്ക് താൽകാലിക അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ട്. പക്ഷേ അതിന് പാർലിമെന്റ് അംഗീകാരം ലഭിച്ചിട്ടില്ല. ഒരു നോ ഡീൽ ബ്രെക്സിറ്റിനുള്ള സാധ്യതകൾ ഏറിവരുന്നു.

നോ ഡീൽ ബ്രെക്സിറ്റാണ് നടക്കുന്നതെങ്കിൽ ഒറ്റ രാത്രികൊണ്ട് കാര്യങ്ങൾ പലതും മാറിമറിയുമെന്നാണ് കണക്കുകൂട്ടൽ. യുകെയിൽ ജനിച്ച 1.3 മില്യൺ ആളുകൾ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി താമസിക്കുന്നു. യുകെയിൽ 3.2 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരും ഉണ്ട്. പിൻവലിക്കൽ കരാർ പ്രകാരം 2020 ഡിസംബർ 31 വരെ നിലവിലെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ, യൂണിയനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈയൊരു സമീപനം യുകെയും നടത്തേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് സന്ദർശകർക്കായി വിസാ രഹിത യാത്ര, കമ്മീഷൻ നിർദേശിച്ചു. പിൻവലിക്കൽ കരാറിനൊപ്പം സമ്മതിച്ച രാഷ്ട്രീയ പ്രഖ്യാപനത്തിൽ യൂണിയനും യുകെയും തമ്മിലുള്ള വ്യക്തികളുടെ സ്വതന്ത്ര മുന്നേറ്റത്തിന്റെ തത്വം ബാധകമല്ല എന്ന് യുകെ പറയുകയുണ്ടായി. ഒരു നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാൽ ഈ പ്രഖ്യാപനം അസാധുവാകും.യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ അമേരിക്കകാർക്കും ചൈനക്കാർക്കും തുല്യമായിരിക്കും. പല രാജ്യങ്ങളും യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പൊതുവെ താൽക്കാലികം മാത്രമാണ്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരെ നോ ഡീൽ ബ്രെക്സിറ്റ്‌ ബാധിക്കും. ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിന് തടസം നേരിടും. തൊഴിൽ അപേക്ഷകളിൽ ബ്രിട്ടീഷുകാർ ഇപ്പോൾ വിവേചനം കാണിക്കുന്നുവെന്ന് ജർമ്മനിയിൽ താമസിക്കുന്ന ഡാനിയേൽ ടെറ്റ്ലോ പറഞ്ഞു. ഈയൊരു അവസ്ഥ തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ബ്രിട്ടീഷ് വിദ്യാർത്ഥികളും അനുഭവിക്കേണ്ടി വരും. പിൻവലിക്കൽ കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് നിലവിലെ വ്യവസ്ഥയിൽ തുടരാനാകുമെങ്കിലും 2021ഓടെ ട്യൂഷൻ ഫീസ് വർധിക്കും. നോ ഡീൽ ബ്രെക്സിറ്റിനു ശേഷം ആരോഗ്യമേഖലയിലെ സ്ഥിതിയും മാറിമറിയും. യൂറോപ്യൻ യൂണിയനിലെ യുകെ പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂടും. മരുന്നുകളുടെ രജിസ്‌ട്രേഷനും വിതരണവും വൈകും. യൂറോപ്യൻ ഹെൽത്ത്‌ ഇൻഷുറൻസ് കാർഡ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും അസാധുവായി മാറും.സ്പെയിനിൽ താമസിക്കുന്ന 310000 ബ്രിട്ടീഷുകാരിൽ 65000 പേർ സ്ഥിരതാമസക്കാരാണ്. നോ ഡീൽ ബ്രെക്സിറ്റിനുശേഷം ബ്രിട്ടൻ മൂന്നാം രാജ്യമായി മാറുന്നതോടെ സ്പെയിനിൽ നിയമപരമായി താമസിക്കാൻ പൗരന്മാർക്ക് കുറഞ്ഞത് 26000 ഡോളർ വാർഷിക വരുമാനം തെളിയിക്കേണ്ടതുണ്ട്. ഇത് ചില ബ്രിട്ടീഷ് പെൻഷൻകാർക്ക് പ്രശ്നമായി മാറും. ഫ്രാൻസിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് അവരുടെ അവകാശങ്ങൾ ഒരു വർഷത്തെ പരിവർത്തന കാലയളവിൽ സംരക്ഷിക്കപ്പെടും. കൂടാതെ ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഒരു റസിഡന്റ് പെർമിറ്റിനായി അപേക്ഷിക്കേണ്ടതുണ്ട്. ഒക്ടോബർ 31ഓടെ നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാൽ പുതിയ താമസാനുമതിക്കായി രജിസ്റ്റർ ചെയ്യാൻ അവിടെ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് 9 മാസത്തെ സമയം ജർമ്മനിയും നൽകുന്നുണ്ട്.

ബ്രിട്ടീഷ് മോഡലും വിദ്യാർത്ഥിനിയുമായ പെൺകുട്ടി സൗത്ത് ആഫ്രിക്കയിൽ സൂര്യോദയം ആസ്വദിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മരിച്ചു. സിനഡ് മോഡലിയർ എന്ന പത്തൊൻമ്പതു കാരിയാണ് സൗത്താഫ്രിക്കയിൽ അവധി ആഘോഷിക്കുന്നതിനിടെ മരണപ്പെട്ടത്. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി വിദ്യാർഥിനിയായിരുന്നു പെൺകുട്ടി.

കടലിനോട് ചേർന്ന് ഉണ്ടായിരുന്ന ഒരു പാറയുടെ പ്രതലത്തിൽ നിൽക്കുമ്പോഴായിരുന്നു തിരമാലകൾ സിനഡിനെ കടലിലേക്ക് വലിച്ചടുപ്പിച്ചത്. ഡർ ബൻനു സമീപമുള്ള ബീച്ചിൽ പ്രഭാതത്തിൽ സൂര്യോദയം കാണുവാൻ പോയപ്പോഴായിരുന്നു അപകടം നടന്നത്. ഏകദേശം അഞ്ചേകാലോടെ വലിയ നിലവിളികൾ കേട്ടതായി സമീപപ്രദേശങ്ങളിലു ള്ളവർ പറഞ്ഞു.

ജീവൻരക്ഷാ പ്രവർത്തകരും, പാരാമെഡിക്കൽ സ്റ്റാഫു കളും മറ്റും വെള്ളത്തിൽ നിന്ന് സിനഡിനെ രക്ഷിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരിച്ചു.ലണ്ടൻ മോഡലിംഗ് ഏജൻസിയുമായി കരാർ ഒപ്പിട്ടിരിക്കുകയായിരുന്നു മകളെന്നു പിതാവ് ബോബ് മോഡലിയർ പറഞ്ഞു. എല്ലാവരുംകൂടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സഫലമായില്ല. കടൽ അന്ന് പതിവിൽ നിന്നു ക്ഷുഭിതം ആയതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ വീഴ്ചയിൽ തല ഒരു പാറയുടെ മുകളിൽ ഇടിച്ചുള്ള ക്ഷതവും മരണകാരണമായി. ഞങ്ങൾക്ക് ഇപ്പോഴും മകൾ മരണപ്പെട്ടു എന്ന വസ്തുത വിശ്വസിക്കാനാകുന്നില്ല എന്ന് പിതാവ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

“ഇല്ല നിനക്ക് ഞങ്ങളുടെ ഒപ്പം കളിക്കാനാകില്ല കാരണം നീ ഒരു തീവ്രവാദിയാണ്” ലണ്ടനിലെ ഒരു പാർക്കിൽ മുൻസിമർ കൗറിനോട് ചില കുട്ടികൾ പറഞ്ഞതിങ്ങനെ.

ലണ്ടനിലെ കളിസ്ഥലത്ത് വെച്ച് തീവ്രവാദി എന്ന് വിളിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക സ്കൂൾ വിദ്യാർഥിനിയായ സിഖ്കാരി പെൺകുട്ടി മുൻസിമർ കൗർ മറുപടിയായി പറഞ്ഞ വീഡിയോ വൈറലാകുന്നു. വർഗ്ഗ വർണ്ണ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തിന് കൂടുതൽ അറിവും എക്സ്പോഷറും ആണ് വേണ്ടത് എന്ന് വീഡിയോയിൽ പറയുന്നു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പാർക്കിൽ പോയപ്പോൾ മോശം അനുഭവങ്ങൾ ആണ് ഉണ്ടായത്. നാല് കൗമാരക്കാരായ കുട്ടികളും ഒരു ചെറിയ പെൺകുട്ടിയുടെ അമ്മയും തന്നോട് മോശമായി പെരുമാറി. കൗമാരക്കാരായ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും കളിച്ചുകൊണ്ടിരുന്ന ഗെയിമിൽ എന്നെയും കൂട്ടാമോ എന്ന് ചോദിച്ചപ്പോൾ ഇല്ല നീ കളിക്കേണ്ട കാരണം നീയൊരു തീവ്രവാദിയാണ് എന്നായിരുന്നു മറുപടി. അവരുടെ വാക്കുകൾ കേട്ട് എന്റെ ഹൃദയം പൊടിഞ്ഞു പോയെങ്കിലും ഞാൻ മറുപടിയൊന്നും പറയാതെ തലയുയർത്തിപ്പിടിച്ചു തിരികെ നടന്നു പോയി. പിറ്റേ ദിവസം ഒരു ഒൻപത് വയസ്സുകാരി പെൺകുട്ടിയുമായി കൂട്ട് കൂടി കളിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ അമ്മ “അപകടകാരിയായ പെൺകുട്ടിയുടെ കൂടെ കളിക്കേണ്ട “എന്ന് പറഞ്ഞു തിരികെ വിളിച്ചു. അവൾ എന്നോട് അമ്മയ്ക്ക് വേണ്ടി ക്ഷമ ചോദിച്ചിട്ടാണ് മടങ്ങിയത്.

ചില വ്യക്തികൾ ഇപ്പോഴും എത്രമാത്രം ഇടുങ്ങിയ ചിന്താഗതിക്കാരാണ്. സമൂഹത്തിന് കൂടുതൽ അറിവും പ്രബുദ്ധതയും ആവശ്യമാണ്. സിക്കുകാർ പൊതുവേ ശാന്തനും സ്നേഹമുള്ളവരുമാണ് എന്തൊക്കെ സംഭവിച്ചാലും അത് അങ്ങനെതന്നെയായിരിക്കും. എനിക്ക് സംഭവിച്ചതുപോലെ എത്രപേർക്ക് സംഭവിച്ചിട്ടുണ്ടാകും, എന്നാൽ വിവേചനത്തെ കുറിച്ച് പുറത്തുപറയാതെ കയ്പ്പു നിറഞ്ഞ അനുഭവങ്ങൾ സഹിക്കേണ്ട കാര്യം ഇല്ല. നല്ല വ്യക്തികളോട് സൗഹൃദം ഉണ്ടാക്കി നല്ല രീതിയിൽ ജീവിക്കുകയാണ് വേണ്ടത്. അവൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു

RECENT POSTS
Copyright © . All rights reserved