കനത്ത മഴയെ തുടർന്ന് യോർക്ക്ഷെയർ ഡെയ്ൽസിലെ മിക്ക ടൗണുകളിൽ നിന്നും പുറത്തേക്കോ അകത്തേക്കോ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം റോഡുകൾ മുങ്ങി എന്ന് ദൃക്സാക്ഷികൾ. ആർക്കളെ, ബെക്ക് ലോ, ഫ്രമ്മിങ്ടൻ എന്നിവിടങ്ങളിൽ പ്രളയ അറിയിപ്പ് നൽകിയിട്ടുള്ളതായി എൻവിയോൺമെന്റ് ഏജൻസി അറിയിച്ചു. കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നോർത്ത് ഇംഗ്ലണ്ടിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് ഒരു മണിക്കൂറിനുള്ളിൽ പെയ്തത്.
ഗ്രിൻടോൺ ഇൽ പാലം തകർന്നു വീണ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ യാത്രചെയ്യാവൂ എന്ന് റെസ്ക്യൂ സർവീസ് അറിയിച്ചു. പലറോഡുകളും യാത്ര യോഗ്യമല്ല. ലേബർണിൽ വസ്ത്ര വ്യാപാരിയായ ലിയോണി ജെറാഡ് പറയുന്നു “കനത്ത മഴ മൂലം സീലിങ് ചോർന്നത് പോലെയായിരുന്നു. പെട്ടെന്ന് ടൗൺ ഒറ്റപ്പെട്ടതുപോലെ ആയി . ഇതിനു മുൻപ് ഇങ്ങനെ ഒരു മഴ പെയ്തു ഞാൻ കണ്ടിട്ടില്ല. പബ്ബുകളിൽ സെല്ലറുകൾ നിറഞ്ഞുകവിഞ്ഞു. റോഡ് ബ്ലോക്ക് ആണ് ലേബണിൽ നിന്ന് പുറത്തേക്ക് കടക്കാനോ ഇവിടേക്ക് വരാനോ ഇപ്പോൾ മാർഗ്ഗമില്ല.
വടക്കേ യോർക്ക്ഷെയറിലേക്കുള്ള പാതകളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. അടുത്തുള്ള മെയിൻ റോഡുകൾ ആയ സ്വലിഡെയ്ൽ, റിച്ച്മണ്ട്, റീത്, കേൾഡ് എന്നിവ ഒലിച്ചു പോയി. കലിസ്‌ലെ റെയിൽവേസ്റ്റേഷനിൽ നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സഞ്ചാരികൾക്കും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
ഇംഗ്ലണ്ടിൽ , ലൈംഗികമായി പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. 2018ൽ 447694 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2017നേക്കാൾ 5% വർധനവാണ് ഉണ്ടായത്. യുവാക്കളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നത്. ഗൊണോറിയ,ക്ലമീഡിയ, ജനിറ്റൽ വാർട്സ്, ജനിറ്റൽ ഹെർപ്പസ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരികയാണ്. യുവാക്കളിൽ തന്നെ സ്വവർഗ്ഗാനുരാഗിയായ ആളുകളിൽ ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. ലൈംഗിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ വർധനവ് കാണപ്പെട്ടത് ‘ഗൊണോറിയ’ എന്ന രോഗത്തിനാണ്. 56, 259 കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. 26% വർധനവ് ഉണ്ടായി. 1978നു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ വർധനവ് ഉണ്ടാകുന്നത്. പുരുഷനിലും സ്ത്രീയിലും ഈ രോഗം പടർന്നുപിടിക്കുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ അപകടസാധ്യതകളെകുറിച്ച് പൊതുജനാരോഗ്യ ഡോക്ടർമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ ഗൊണോറിയ കേസുകളുടെ എണ്ണം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ ശുചിമുറി ഉപയോഗിച്ചതുകൊണ്ടോ മറ്റോ ഗൊണോറിയ പകരാറില്ല. പക്ഷേ രോഗലക്ഷണങ്ങൾ കാണാത്ത ചിലരിൽ നിന്നും മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. പ്രതിരോധമരുന്നുകൾ കൊണ്ട് ചികിത്സിക്കുവാൻ കഴിയുമെങ്കിലും സൂപ്പർ ഗൊണോറിയ എന്ന അവസ്ഥയിൽ ആന്റിബയോട്ടിക്‌സ് പോലും ഫലപ്രദം ആയേക്കില്ല. ഈ രോഗം മൂലം സ്ത്രീകളിൽ വന്ധ്യത വരെ ഉണ്ടായേക്കാം. പലരും ടെസ്റ്റുകൾ നടത്തുവാൻ മടികാണിക്കുന്നു എന്നത് പ്രധാന പ്രശ്നമാണ്.
” നിങ്ങൾ ഏത് പ്രായത്തിൽ ആണെങ്കിലും ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ലൈംഗികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ” പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഗ്വേണ്ട ഹ്യൂഗ്‌സ് പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സോഷ്യൽ ഹെൽത്ത് ആൻഡ് എച്ച്ഐവിയിലെ ഡോക്ടർ ഓൾവെൻ വില്യംസ് ഇപ്രകാരം പറഞ്ഞു. ” ലൈംഗികാരോഗ്യ സേവനത്തിന് ആവശ്യമായ പണം ലഭിക്കുന്നില്ല. ഇതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുന്നില്ല. പെരുകിവരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റി ഏവരെയും ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അത് ബ്രിട്ടൻ എന്ന രാജ്യത്തെ തന്നെ ബാധിക്കും. ” ഈ ലൈംഗിക രോഗങ്ങളിൽ ജനിറ്റൽ വാർട്സ് എന്ന രോഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണുന്നു. എച്ച്പിവി വാക്സിൻ മൂലമാണ് ഇതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വിഷ ഭീകരൻ എന്ന പേരിൽ അറിയപ്പെടുന്ന ഹോഗ് വീഡ അപകടകാരിയായ ഒരു കളയാണ്. ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും അൾസറും ഉണ്ടാക്കുന്ന ഈ ചെടി കണ്ണുകളുമായി ബന്ധപ്പെട്ടാൽ അന്ധത വരെ ഉണ്ടായേക്കാം. ഉഷ്ണതരംഗ ത്തിന് ശേഷം ഇത് കാട്ടുതീപോലെ പടരുന്നുണ്ട്. ബ്രിട്ടനിൽ നില നിൽക്കുന്ന ചൂടുള്ള സാഹചര്യമാണ് ഇതിന്റെ വളർച്ചയ്ക്ക് കാരണം എന്ന് സസ്യ ശാസ്ത്രഞർ അഭിപ്രായപ്പെട്ടു . ബ്രിട്ടനിൽ ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ചൂട് അപകടകാരിയായ ഈ ചെടി വൻതോതിൽ പടരാൻ കാരണമാകുന്നുണ്ട്.
ബ്രിസ്റ്റോളിൽ ആണ് ഈ ചെടിയുടെ പ്രജനനം കൂടുതലായി കണ്ടുവരുന്നത്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരൻ ഇരുണ്ട പച്ചയും വെള്ളയും നിറങ്ങളിലുള്ള ഇതിന്റെ ഇലയിൽ തൊട്ട ഉടനെ കൈകളിൽ കുമിളകൾ ഉയരുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആഡം ഹോക്സൻ എന്ന കുട്ടിയാണ് ഈ അപകടത്തിന്റെ ഒടുവിലത്തെ ഇര. ഇല ഒടിച്ചെടുത്തതാണ് അപകടത്തിന് കാരണമെന്ന് മനസ്സിലാവാത്ത കുട്ടി ആദ്യം കരുതിയത് വണ്ട് പോലെയുള്ള ഏതെങ്കിലും ഷഡ്പദം ആക്രമിച്ചത് ആണെന്നാണ്. ചെടിയിൽ തൊട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 7 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെടി ഏതാണ് എന്നും എന്താണ് എന്നും അറിയാത്തതാണ് അപകടത്തിന് പ്രധാനകാരണമെന്ന് ഈ വിഷയത്തിൽ വിദഗ്ധനായ മൈക്ക് ടാഡി പറയുന്നത്.
കഴിഞ്ഞവർഷം ഈ ചെടിയിൽ തൊട്ടതിനുശേഷം ശരീരത്തിൽ 50 പൈസ കോയിൻ വലിപ്പത്തിൽ കുമിളകൾ ഉയർന്ന രണ്ട് സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കവ്പാഴ്സലി എന്ന ചെടിയോട് നല്ല സാദൃശ്യം പുലർത്തുന്ന ഒന്നാണ് ഹോഗ് വീട്.
80 സെന്റീമീറ്റർ ഡയമീറ്റർ വെള്ള നിറത്തിലെ പൂങ്കുലകൾ ആണ് ഇവക്കുള്ളത്. അഞ്ച് മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് മനുഷ്യ ശരീരത്തിന് ഹാനികരമായ വിഷം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനുള്ള തൊലിയുടെ കഴിവിനെ ഇല്ലാതാക്കാനും ഈ ചെടിയുടെ വിഷാംശത്തിന് കഴിയും . തൊട്ട് 24 മണിക്കൂറിനുള്ളിൽ പൊള്ളൽ പ്രകടമാകും. തൊടാൻ ഇടവന്നാൽ അവിടം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ഡോക്ടറെ കാണുകയും വേണം.
കത്തികാട്ടി ഭീഷണിപ്പെടുത്തി ഗ്ലോസ്റ്റെർഷെയറിൽ മൂന്നു മോഷണങ്ങൾ നടത്തിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് അറസ്റ്റിനു ആസ്പദമായ സംഭവങ്ങൾ നടന്നത്.
രാവിലെ 6 :30 നു ബ്രിസ്റ്റോൾ റോഡിലെ മക്ഡൊണാൾഡ്സിന്റെ കടയിൽ കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തി നടന്ന മോഷണം ആണ് ആദ്യത്തെ സംഭവം. അതിനുശേഷം 10:15 ഓടെ ട്വയിനിങ് ഹൈ സ്ട്രീറ്റിലെ കടയിലും, പിന്നീട് 2:45 ഓടെ സിൻഡെർഫോർഡിലെ ആപ്പിൾഗ്രീൻ പെട്രോൾ സ്റ്റേഷനിലും സമാനമായ മോഷണങ്ങൾ നടന്നു.
മൂന്ന് മോഷണങ്ങളിലും ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കടയിൽനിന്നും പണവും, സിഗരറ്റും, ടോബാക്കോയും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു ഇവർ. നാല്പത്തിയാറും, നാല്പത്തിയെട്ടും വയസ്സുള്ള രണ്ട് യുവാക്കളെ ആണ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇരുവരെയും.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലീഡ്സ് മുതൽ മാഞ്ചസ്റ്റർ വരെ പുതിയ റെയിൽ പാത കൊണ്ടു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ യാത്രാസൗകര്യങ്ങൾ അനേകമിരട്ടി വർദ്ധിക്കും. മാഞ്ചസ്റ്ററിൽ വച്ച് നടത്തിയ പ്രസംഗത്തിൽ, റെയിൽപാത രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്കു തന്നെ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽപാതയുടെ നിർമ്മാണത്തെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും ഉടൻതന്നെ പുറത്തുവിടുമെന്നും ബോറിസ് ജോൺസൺ ഉറപ്പുനൽകി. സയൻസ് ആൻഡ് ഇൻഡസ്ട്രി മ്യൂസിയത്തിൽ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കണക്ടിവിറ്റി, സംസ്കാരം, അധികാരം, ഉത്തരവാദിത്വം തുടങ്ങിയവയാണ് യുകെയുടെ വിജയത്തിന് കാരണങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു .
ഇംഗ്ലണ്ടിനെ വടക്കുഭാഗത്ത് കൂടെ ഒരു ഹൈ സ്പീഡ് റെയിൽ പാത കൊണ്ടുവരിക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഏകദേശം 39 ബില്യൻ പൗണ്ടോളം ചിലവുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശനാത്മകമായിയാ ണ് മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം വിലയിരുത്തിയത്. ഇതിനു മുൻപും ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പ്രഖ്യാപനങ്ങളിലല്ല പ്രവർത്തിയിലാണ് കാര്യം എന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെ വടക്ക് പ്രദേശത്തു കൂടെയുള്ള യാത്ര വളരെ ദുസ്സഹമാണ്. ഒരു ബസ് യാത്രയ്ക്ക് നാല് പൗണ്ടാണ് ഈടാക്കുന്നത്, എന്നാൽ ഇതേ ദൂരത്തിന് ലണ്ടനിൽ ഒന്നര പൗണ്ട് മാത്രം. എന്നാൽ ബോറിസ് ജോൺസൺന്റെ വാക്കുകൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുമെന്നു ലേബർ പാർട്ടി ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി മക്‌ഡൊണാൾഡ് കുറ്റപ്പെടുത്തി. എന്നാൽ നോർത്തേൺ പവർഹൗസ് പ്രോജക്ടി ലൂടെ വടക്ക് പ്രദേശത്തെ നഗരങ്ങൾ തമ്മിലുള്ള സഞ്ചാരസ്വാതന്ത്ര്യം വർദ്ധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ബോറിസ് ജോൺസൻ പ്രധാനമന്ത്രി ആയതും ബ്രേക്‌സിറ്റ് തീർച്ചയായും നടപ്പിലാക്കും എന്ന ജോൺസന്റെ പ്ര ഖ്യാപനവും ആണ് പൗണ്ടിന്റെ വീഴ്ചയ്ക്കുള്ള കാരണമായി സാമ്പത്തികവിദഗ്ദ്ധർ വിലയിരുത്തുന്നത് . ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അത് വലിയ സാമ്പത്തികമാന്ദ്യത്തിനു കാരണമാകുമെന്ന് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി (OBR) ഈയിടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരുന്നത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ബ്രിട്ടനിൽ വൻ സാമ്പത്തികമാന്ദ്യം എന്ന് OBR ൻെറ കണക്കുകൾ പുറത്തുവന്നതിനോടൊപ്പം യൂറോപ്പിൽ നിന്നുള്ള നിക്ഷേപകർ ഒന്നാകെ പണം പിൻവലിക്കുന്നതും പൗണ്ടിൻെറ മൂല്യ തകർച്ചയ്ക്ക് വഴിയൊരുക്കി .
അമേരിക്കൻ ഡോളറുമായി കഴിഞ്ഞ 50 വർഷത്തിനിടയിലെ കുറഞ്ഞമൂല്യമാണ് പൗണ്ടിനിപ്പോൾ . ഇന്ത്യൻ രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകർച്ച നേരിടുകയാണ് . 1 പൗണ്ടിന് 85 .26 ആണ് ഇന്നലത്തെ മൂല്യo . മോദി സർക്കാർ ഭരണത്തിൽ എത്തിയതിനുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി തകർച്ച നേരിടുകയും രൂപയുടെ മൂല്യo വൻതോതിൽ ഇടിയുകയും ചെയ്തിരുന്നു . ഇന്ത്യൻ രൂപ ശക്തിപ്രാപിച്ചിരുന്നെങ്കിൽ പൗണ്ടിൻെറ തകർച്ച ഇതിലും കൂടുതൽ ആയിരുന്നേനെ എന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടു .
കീത്തിലി. വെസ്റ്റ് യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ പ്രാദേശികരായ പാശ്ചാത്യ സമൂഹം കൊണ്ടാടി. ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ നടന്നആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തേക്കുറിച്ച് കാനൻ മൈക്കിൾ മക്രീഡി വിശ്വാസികളോട് സംസാരിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഭാരതത്തിലേയും പ്രത്യേകിച്ച് ലീഡ്സ് സീറോ മലബാർ മിഷനിലേയും ക്രൈസ്തവ സമൂഹത്തിന് പ്രത്യേകം തിരുന്നാൾ മംഗളങ്ങൾ നേർന്നു. തുടർന്ന് പ്രധാന അൽത്താരയിൽ നിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൽത്താരയിലെയ്ക്ക് പ്രദക്ഷിണം. അതേ തുടർന്ന് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പാശ്ചാത്യരായ വിശ്വാസികൾ ഒന്നടങ്കം രൂപത്തിങ്കലേയ്ക്ക് തിരിഞ്ഞു നിന്ന് പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കുചേർന്നു. നിരവധി മലയാളി കുടുംബങ്ങളും തിരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.
2011 ലാണ് കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ കീത്തിലിയിലെ മലയാളി ക്രൈസ്തവർ അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുവാനും വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനുമായി എത്തിയിരുന്നത് ഈ ദേവാലയത്തിലായിരുന്നു. ഫാ. ഷോൺ ഗില്ലിഗണിനു ശേഷം 2010 ൽ ഇടവക വികാരിയായി സ്ഥലം മാറി വന്ന കാനൻ മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സെൻറ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചത്. ഈ കാലയളവിൽ മാസത്തിൽ ഒരിക്കൽ കീത്തിലിയിൽ മലയാളം കുർബാന നടന്നിരുന്നു. 2011 മെയിൽ ഫാ. സജി തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്തിൽ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചു. രണ്ടര മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകളിൽ മുഴുവൻ സമയവും കാനൻ മൈക്കിൾ മക്രീഡി സഹകാർമ്മികനായി. യോർക്ഷയറിന്റെ മിക്കയിടങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് തിരുന്നാളുകളും നേവേനാ പ്രാർത്ഥനകളും കൃത്യമായി നടന്നു പോന്നു. 2013 -2014ൽ റവ. ഫാ. ജോസഫ് പൊന്നേത്ത് ചാപ്ലിനായി സീറോ മലബാർ ചാപ്ലിൻസി രൂപപ്പെട്ടപ്പോൾ എല്ലാ ശുശ്രൂഷകളും അവിടേയ്ക്ക് മാറ്റി. ഫാ. പൊന്നേത്തിന്റെ ശ്രമഫലമായി ലീഡ്സ് രൂപത സീറോ മലബാർ വിശ്വാസികൾക്കായി സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം അനുവദിക്കുകയും അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപം കൊള്ളുകയും ചെയ്തു.
വിശുദ്ധ കുർബാനയ്ക്കും പ്രത്യേക ശുശ്രൂഷകൾക്കും മാത്രമായി തുറന്നിരുന്ന കീത്തിലി സെന്റ് ആൻസ് ദേവാലയം കാനൻ മൈക്കിൾ മക്രീഡിയുടെ വരവോടു കൂടി പകൽ സമയങ്ങളിൽ ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുത്തു. കത്തീഡ്രൽ ദേവാലയങ്ങൾ ഒഴിച്ചാൽ പകൽ സമയം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്ന ആദ്യത്തെ ദേവാലയമെന്ന ഖ്യാദിയും കീത്തിലി സെന്റ് ആൻസ് ദേവാലയം സ്വന്തമാക്കി. തുടക്കത്തിൽ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ക്രമേണ ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. പകൽ സമയങ്ങളിൽ എത്തുന്നവർ വിശുദ്ധരുടെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിക്കുകയും തിരികൾ കത്തിക്കുകയും നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു വരുന്നു. അൽഫോൻസാമ്മയെക്കുറിച്ചറിഞ്ഞ് രൂപത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നവരും ധാരാളം. മറ്റുള്ള രൂപങ്ങളോടൊപ്പം തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും അലങ്കരിക്കുന്നതിനും തിരികൾ കത്തിക്കുന്നതിനും ഇടവകാംഗങ്ങൾ കൂടുതൽ താല്പര്യം കാണിക്കുന്നു . ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലീഡ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർക്കസ്, ലീഡ്സ് സീറോ മലബാർ മിഷൻ ചെയർമാൻ ഫാ. മാത്യൂ മുളയോലിൽ എന്നിവർ സെന്റ് ആൻസ് ദേവാലയം സന്ദർശിക്കുകയും രൂപത്തിന് മുമ്പിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. പാശ്ചാത്യ സമൂഹം ദേവാലയത്തിൽ നിന്നകലുമ്പോൾ കീത്തിലി സെന്റ് ആൻസ് ദേവാലയം അതിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഞായറാഴ്ചകളിൽ വിശ്വാസികളെ കൊണ്ട് തിങ്ങി നിറയുന്നു. കാനൻ മൈക്കിൾ മക്രീഡിയുടെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രകടമായ തെളിവാണ് നൂറു കണക്കിന് പാശ്ചാത്യരായ വിശ്വാസികളോടൊപ്പം ഭാരത സഭയുടെ ആദ്യ വിശുദ്ധയുടെ തിരുന്നാൾ ആഘോഷം.
പൂൾ: പ്രിയ യുകെ മലയാളികളെ… ഏതൊരു മനസ്സിനെയും മുറിപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇന്ന് ഞങ്ങൾ പങ്ക് വയ്ക്കുന്നത്. യുകെ മലയാളികളെ സംബന്ധിച്ചു പല മരണ വാർത്തകളിലൂടെ കടന്നു പോയിട്ടുണ്ട്. പപ്പോഴും ക്യാൻസർ, അപകടം അതുമല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് എന്നിവകൊണ്ടാണ് മരണം സംഭവിക്കാറുള്ളത്. ഏതൊരു മരണവും തീരാ ദുഃഖങ്ങൾ നൽകിയാണ് കടന്നു പോകുന്നത്. എന്നാൽ വലിയ പ്രതീക്ഷകളോടെ ഗർഭധാരണത്തിന്റെ എല്ലാ വേദനകളും സഹിച്ചു പത്തു മാസം വയറ്റിൽ ചുമന്നു പ്രവവിക്കുബോൾ അതുവരെ ഉണ്ടായ എല്ലാ വേദനകളും മറന്ന് ഒരമ്മയുടെ മനസ്സ് സന്തോഷിക്കുന്നപോലെ മറ്റൊന്നും നമുക്ക് കണ്ടെത്താൻ പറ്റുമോ എന്ന് സംശയമാണ്…
എന്നാൽ ഒന്ന് തീരും മുൻപേ മറ്റൊന്ന് എന്ന പോലെ ഒരു പൂളിൽ താമസിക്കുന്ന ബെന്നി സ്വപ്ന ദമ്പതികളുടെ ആറ് ആഴ്‌ച മാത്രം പ്രായമുള്ള ആദം ബെന്നിയെയാണ് ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടര മണിയോട് കൂടി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ വച്ച് മരണം തട്ടിയെടുത്തത്. സ്കൂളിൽ പഠിക്കുന്ന ആൽബിൻ, അലൻ , ആബേൽ, അനബെൽ എന്നിവരാണ് ബെന്നി സ്വപ്ന ദമ്പതികളുടെ മറ്റ് കുട്ടികൾ.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ബെന്നിയും കുടുംബവും സ്കോട്ട്ലാൻഡിൽ നിന്നും പൂളിൽ എത്തുന്നത്. ഗർഭധാരണ സമയത്തു നടന്ന സ്കാനിങിലോ, പ്രസവ ശേഷമുള്ള പരിശോധനയിലോ കുട്ടിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും കണ്ടെത്തിയിരുന്നില്ല. സാധാരണ പോലെ പ്രസവ ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടപ്പോൾ എന്തോ വിഷമത കുഞ്ഞിനെ അലട്ടുന്നതായി ബെന്നിയും കുടുംബവും തിരിച്ചറിഞ്ഞു. ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ഉടൻ തന്നെ കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി സൗത്താംപ്ടൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തി പരിശോധനകൾ ആരംഭിക്കുന്നത്. ശ്വാസകോശത്തിന്റെ മസിലുകളുടെ ബലം കുറഞ്ഞു വരികയാൽ ശ്വസന പ്രക്രിയ തടസപ്പെടുകയായിരുന്നു. രണ്ടാഴ്‌ചയോളം വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയെങ്കിലും കൂടുതൽ പ്രതീക്ഷകൾ ഒന്നും ഡോക്ടർമാർ നൽകാതെ സംഭവിക്കാൻ പോകുന്ന ദുരന്തത്തെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അങ്ങനെ ഇന്നലെ ഉച്ചക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായം നിർത്തിവെക്കുകയായിരുന്നു.
മരിച്ച ആദം ബെന്നിയുടെ പിതാവ് ബെന്നി ഔസേഫ് കാലടി സ്വദേശിയാണ്. ഭാര്യ സ്വപ്ന കൊരട്ടിക്കാരിയുമാണ്. ഇന്ന് പൊതുദർശനത്തിന് വച്ചതിന് ശേഷം ഫ്യൂണറൽ ഡിറക്ടർസ് ബോഡി ഏറ്റെടുത്തു. തിങ്കളാഴ്ച മാത്രമേ എന്നാണ് ഫ്യൂണറൽ എന്ന കാര്യം അറിയുവാൻ കഴിയുകയുള്ളു. മരണത്തിന്റെ എല്ലാ വിഷമങ്ങളും പേറുന്ന ഈ കുടുംബം മരിച്ച കുഞ്ഞിന്റെ അവയങ്ങൾ ദാനം ചെയ്‌ത് മഹനീയമായ ഒരു മാതൃക യുകെ മലയാളികളായി നൽകിയപ്പോൾ കണ്ണ് നിറഞ്ഞു ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും ബെന്നിയെയും കുടുംബത്തെയും അനുമോദിക്കുന്നതിനൊപ്പം ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ബദ്ധപ്പെടുകയാണ്… ഒരാശ്വാസവാക്കും ഈ കുടുംബത്തിന്റെ വേദന അകറ്റാൻ സാധിക്കില്ല എന്ന് അറിയാമെങ്കിലും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
എൻ എച്ച് എസിൽ നിന്ന് സിക്ക് പേ വാങ്ങി അവധിയിൽ പ്രവേശിച്ച നേഴ്സ് സ്വന്തമായി ബ്യൂട്ടി കോസ്മെറ്റിക് ക്ലിനിക് നടത്തുന്നു എന്നാണ് പരാതി. ഒരു ഡസനിലധികം രോഗികളെ അവർ ചികിത്സിച്ചിട്ടുണ്ട്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ ഹിയറിംഗ്ൽ അമാൻഡക്ക് എതിരെ ഉയർന്നിരിക്കുന്ന പരാതി സ്കിൻ ക്ലിനിക്കിൽ ചികിത്സ നടത്തി ലാഭം നേടുന്നു എന്നാണ്. ബോട്ട്ബോക്സിന് 210 പൗണ്ടും ജോ ഫില്ലറുകൾക് 250 പൗണ്ടും ആണ് സാധാരണ വാങ്ങാറുള്ളത്. എൻ എച് എസ് അധികൃതർക്ക് ഇതിനെപ്പറ്റി 3 അജ്ഞാത സന്ദേശങ്ങളാണ് പരാതികളായി ലഭിച്ചിട്ടുള്ളത്.
അവധിയിൽ പ്രവേശിക്കുമ്പോൾ എത്ര നാളത്തേക്ക് എന്ന് അവർ കൃത്യമായി പറഞ്ഞിരുന്നില്ല എന്ന് എൻഎംസി കൗൺസിൽ ചെയർമാൻ ആയ ഡബി ഹിൽ പറയുന്നു . രോഗത്തിന് ചികിത്സ എത്ര നാൾ വരെ നീളാം എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു കാരണമായി അന്ന് അവർ പറഞ്ഞത്. ചികിത്സയ്ക്കായി എത്തുന്ന വരെ രോഗികൾ എന്നോ ക്ലയന്റ്സ് എന്നോ അവർ വിശേഷിപ്പിക്കാറില്ല കാരണം കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും ആണ് അവിടെ എത്താറുള്ളത്. ഹോസ്പിറ്റലിലെ 12 മണിക്കൂർ നീളുന്ന ഷിഫ്റ്റുകളിൽ തനിക്ക് ജോലി സമയം വളരെ ദീർഘമുള്ളതാണെന്നും കൂടുതൽ ഡിമാൻഡിങ് ആണെന്നുമുള്ള അമാൻഡയുടെ വാദം എൻ എം സി ഹിയറിങ് പാനൽ അംഗീകരിച്ചില്ല. കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമാണ് ചികിത്സ നടത്തിയതെന്നും അവർ നൽകിയ ഡെപ്പോസിറ് മണി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും വാദിച്ച അമാൻഡ ക്ലിനിക്കിൽ നിന്നും ലാഭം ഒന്നും ഉണ്ടാക്കിയില്ല എന്നും പാനലിന് മുൻപാകെ വെളിപ്പെടുത്തി.
അമാന്ഡയുടെ വെബ്സൈറ്റിൽ അവർ ഇങ്ങനെ കുറിക്കുന്നു” ഒരു ക്ലിനിക്കിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും എന്റെ വീട്ടിൽ ഉണ്ട് എന്നതിൽ ഞാൻ ഭാഗ്യവതിയാണ്, വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും ആണ് ഞാനിത് ഉപയോഗപ്പെടുത്താറുള്ളത്.
രണ്ട് ദിവസം നീണ്ട ഹിയറിങ് അവസാനിച്ചപ്പോൾ ആഗസ്റ്റിൽ നടക്കുന്ന അവസാന ഹിയറിങ്ങിൽ എൻ എം സി അവരുടെ തീരുമാനം എടുക്കും എന്നാണ് യുകെയിലെ മുൻ നിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻ എം സി രെജിസ്റ്ററിൽ നിന്നും നീക്കം ചെയ്യപ്പെടാതിരിക്കാൻ അമാൻഡ നന്നായി കഷ്ടപ്പെടേണ്ടിവരും എന്ന കാര്യം വ്യക്തമാണ്.
യൂറോപ്പിൽ വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് എതിരെയുള്ള അക്രമം ഏറി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പുരുഷ എംപിമാരേക്കാളും ഏറെ വനിതാ എംപിമാരാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യപെടുന്നതെന്ന് ന്യൂസ് റൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗുമായി ചേർന്ന് പ്രവർത്തിക്കുന്ന ന്യൂസ്‌റൈറ്റ്, സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങളുടെ സ്വഭാവവും വിലയിരുത്തുകയുണ്ടായി. ലിംഗം, വർഗ്ഗം, രൂപം എന്നിവയുടെ അടിസ്ഥാനത്തിൽ ധാരാളം അഭിപ്രായങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്നത്. ന്യൂസ്‌റൈറ്റും ഐഎസ്ഡിയും ചേർന്ന് വ്യത്യസ്ത ജാതിയും രാഷ്ട്രീയപശ്ചാത്തലവും ഉള്ള പ്രവർത്തകരെ വിശകലനം ചെയ്തശേഷം ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് സ്ത്രീകളാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതിൽ ഭൂരിഭാഗം അഭിപ്രായങ്ങളും വരുന്നത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽനിന്നാണ് .
ജർമൻ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡോയെച്ച്ലാൻഡ്, ബവേറിയയിലെ ഗ്രീൻസിന്റെ നേതാവായ കാതറീന ഷൂൾസെയ്ക്കെതിരെ പല അഭിപ്രായങ്ങളും പ്രചരിപ്പിച്ചു. എഎഫ്ഡിയുടെ ഫേസ്ബുക് പേജിൽ കാതറീനയെ വംശീയ വിരോധി എന്നും ആന്റി ജർമൻ എന്നും വിളിച്ചു. പല അഭിപ്രായങ്ങളും ലൈംഗികചുവ നിറഞ്ഞവയായിരുന്നു. കാതറീനയെ ലൈംഗികമായി പീഡിപ്പിക്കും എന്ന് വരെ ഭീഷണികൾ ഉയർന്നിരുന്നു. ദിവസേന എത്തുന്ന സന്ദേശങ്ങളിൽ 20% ശതമാനത്തോളവും ആധിക്ഷേപകരമായവ ആണെന്ന് കാതറീന വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ അവളുടെ രൂപത്തെയും വർഗ്ഗത്തെയും അടിസ്ഥാനപ്പെടുത്തി ആണ് അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വനിതാ രാഷ്ട്രീയപ്രവർത്തകരെ ചൂഷണം ചെയ്യുവാൻ വേണ്ടി വലതുപക്ഷ ഗ്രൂപ്പുകൾ ബോധപൂർവം നടത്തുന്ന പ്രവർത്തങ്ങളാണിതെന്ന് ഐഎസ്ഡിയിലെ ഗവേഷക സെസിൽ ഗുവേരിൻ അഭിപ്രായപ്പെട്ടു.
സിബെത്ത് എൻഡെയെ എന്നാ വനിതാനേതാവും ഇത്തരം ചൂഷണങ്ങൾക്ക് ഇരയായ വ്യക്തിയാണ്. ഫ്രാൻസിലെ ഗവണ്മെന്റ് വക്താവാകാൻ അവൾ നാമനിർദേശം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുളിൽ ഫേസ്ബുക്കിൽ എൻഡെയെ പറ്റി തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുവാൻ തുടങ്ങി. അവളുടെ ചർമത്തിന്റെ നിറത്തേയും തലമുടിയെയും അധിക്ഷേപിച്ചുകൊണ്ട് വലതുപക്ഷ ഗ്രൂപ്പുകൾ അനേകം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എംപിമാരായ ഡയാനി അബോട്ട്, അന്ന സോബ്റി എന്നിവരും സാമൂഹിക മാധ്യമങ്ങളിൽ പല ചൂഷണങ്ങൾക്കും ഇരയായവരാണ്. നേരത്തെ പാർലമെന്റിലും സ്ത്രീകൾ പല പ്രശ്നങ്ങളും നേരിടുന്നു എന്ന വാർത്ത ഇതിനോട് ചേർത്ത് വായിച്ചാൽ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.