ജോജി തോമസ്
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലിൽ നിറയുന്ന പല വാർത്തകളും കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ എന്ന ഗുരുതര ചോദ്യമുയർത്തുന്നതാണ് . പ്രണയപകകളും കൂട്ടക്കൊലകളും തുടർക്കഥയാകുകയും മലയാളിയുടെയും കേരളത്തിൻെറയും അഹങ്കാരമായിരുന്ന കുടുംബബന്ധങ്ങൾക്ക് വിള്ളലുകളുണ്ടാകുകയും ചെയ്യുമ്പോൾ കേരളത്തിൽ എന്തൊക്കയോ അസ്വാഭാവികമായി സംഭവിക്കുന്നുണ്ടെന്ന് നിസംശ്ശയം പറയാം. കേരളത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്ന കൂടത്തായിലെ ഒരു ഭർത്താവിന് സ്വന്തം ഭാര്യ എവിടെയാണ് ജോലി ചെയ്യുന്നത്, എന്തു ജോലിയാണ് ചെയ്യുന്നതെന്ന് വർഷങ്ങളായി അറിയത്തില്ലായിരുന്നു എന്നത് വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെയും, വിവാഹേതര ബന്ധങ്ങളുടെയും വെളിച്ചത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമായി കരുതാൻ സാധിക്കില്ല. കൂട്ടക്കൊലകളെക്കാൾ ഭയപ്പാടുളവാക്കുന്നതാണ് പ്രണയ പകകൾ. ഇഷ്ട്ടപെട്ടതിനെ ലഭിക്കാതാകുമ്പോഴോ, നഷ്ടപെടുമ്പോഴും ഇല്ലാതാക്കാനുള്ള പ്രവണതകൾ വർദ്ധിച്ചു വരുകയാണ്. അണുകുടുംബങ്ങളിൽ കുട്ടികളെ വളർത്തുമ്പോൾ അവരിൽ നാമറിയാതെ നട്ടുവളർത്തുന്ന സ്വാർത്ഥതയെന്ന വികാരം സമൂഹത്തെയാകെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് പ്രണയ പകകൾ കാരണമുള്ള കൊലപാതകങ്ങൾ. പെൺകുട്ടികളെ ധൈര്യമായി പുറത്തു അയക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു സാംസ്കാരിക കേരളം.

ഒക്ടോബർ പത്താം തീയതി ലോകമെങ്ങും, “World Mental Health Day” ആയി ആഘോഷിച്ചിരുന്നു.
മാനസികരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് “ലോകമാനസികാരോഗ്യദിനം ” ആചരിക്കുന്നത്. ആത്മഹത്യാ പ്രവണതകൾ തടയേണ്ടതിന്റെ ആവശ്യകഥയായിരുന്നു ഈ വർഷത്തെ ലോകമാനസികാരോഗ്യദിനത്തിൻെറ ചിന്താവിഷയം. കേരളം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മേഖലകളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതകൾ. ലോകത്തു നടക്കുന്ന ആത്മഹത്യകളിൽ 20 ശതമാനവും ഇന്ത്യയിലാണെന്നതും, ഇന്ത്യയിൽ കേരളവും തമിഴ്‌നാടുമാണ് ആത്മഹത്യനിരക്കിൽ മുൻപന്തിയിലുള്ളതെന്നതും ഇവിടെ ശ്രദ്ധേയമാണ്.

കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റാൻ നിരവധി കാരണങ്ങളുണ്ട് . കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ കുട്ടികളിൽ നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും, മാനസികാരോഗ്യവും രൂപപ്പെടുന്ന കാലഘട്ടത്തിൽ തന്നെ താളം തെറ്റാൻ ഈ അമിതപ്രതീക്ഷകൾ കാരണമാകുന്നു. മാനസികാരോഗ്യത്തിന് വിദ്യാഭ്യാസസമ്പ്രദായത്തിൽ നൽകുന്ന അവഗണന, അമിതമായ മദ്യപാനം, ആയുർനിരക്കിൽ നേട്ടം ഉണ്ടാക്കിയെങ്കിലുംവൃദ്ധ ജനങ്ങളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും വരുന്ന വീഴ്ചകൾ, വിവാഹേതരബന്ധങ്ങളും, തുടർകഥകളാകുന്ന വിവാഹമോചനങ്ങളും വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കേരളത്തിലെ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി കേരളത്തിന്റെ മാനസികാരോഗ്യം തകരാറിലാക്കുന്ന കാരണങ്ങൾ നിരവധിയാണ്. ഈ കാരണങ്ങളെ ശരിയായ വിധത്തിൽ പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നില്ലെങ്കിൽ പ്രണയ പകകളും കൂടത്തായ്കളും ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കംബോഡിയ : ദിവസങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിന് ഫലം കണ്ടില്ല. വെസ്റ്റ് സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിന്റെ (21) മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. കംബോഡിയയിലെ കോ റോങ് ദ്വീപിൽ നിന്നും മുപ്പത് മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സിഹാൻക്വില്ലിലേക്ക് മൃതദേഹം കൊണ്ടുപോയി. അമേലിയയുടെ കുടുംബാംഗങ്ങളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അമേലിയയുടെ തിരോധനത്തെ തുടർന്ന് കുടുംബം ദ്വീപിൽ എത്തി അന്വേഷണത്തിൽ പങ്കുചേർന്നിരുന്നു. ഒക്ടോബർ 23 നാണ് കോ റോങിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.

അമേലിയയുടെ സഹോദരൻ ഹാരിയാണ് തന്റെ സഹോദരിയുടെ മരണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ” ഞാൻ അവളെ കണ്ടു. അതെന്റെ കുഞ്ഞനിയത്തിയാണ്. അവളെ ജീവനോടെ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തോടും കൂട്ടുകാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അമേലിയ… നീ എന്നോട് ക്ഷമിക്കൂ.. ” വികാരനിർഭരനായി ഹാരി ഇപ്രകാരം കുറിച്ചു. മകളുടെ തിരോധാനവും മരണം ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒന്നാണെന്ന് പിതാവ് ക്രിസ്റ്റഫർ പറഞ്ഞു.

കോ റോങിലെ ബീച്ചിൽ നിന്ന് അമേലിയയുടെ പേഴ്സ്, ഫോൺ, ബാങ്ക് കാർഡ് എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. ബീച്ചിലെ പാർട്ടിയിലാണ് അവൾ അവസാനമായി പങ്കെടുത്തത്. മുങ്ങൽവിദഗ്ദർ , നാവികസേന, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ 150 ഓളം വോളന്റിയർമാർ കമ്പോഡിയൻ പോലീസിനൊപ്പം കരയിലും കടലിലും നടത്തിയ തിരച്ചിലിൽ പങ്കുചേർന്നു.

അതിനിടയിൽ തിരച്ചിൽ നടത്തുന്നതിന് വിദേശകാര്യ ഓഫിസ് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ സ്റ്റാഫ് നേരിട്ട് ദ്വീപിൽ എത്തി സഹായങ്ങൾ നൽകിയെന്നും അമേലിയക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ കംബോഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- സൗത്ത് ആഫ്രിക്കയിൽ വെച്ച് പാലത്തിൽ നിന്ന് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് ദമ്പതികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പീറ്റർ & മിറാൻഡ, ഹാരിസ് & ക്രിസ് ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച പോർട്ട് എലിസബത്തിനു സമീപമുള്ള പാലത്തിൽ നിന്നും 75 അടി താഴ്ചയിലേക്ക് കാർ നിലം പതിക്കുകയായിരുന്നു. അറുപത്തിയേഴുകാരനായ ഹാരിസ് രക്ഷപ്പെട്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിന്റെ ഡ്രൈവറും രക്ഷപ്പെട്ടിട്ടുണ്ട്.

മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് പാലത്തിൽ നിന്നും താഴേക്ക് വീണത്. “എ റോച്ച ” എന്ന ക്രിസ്ത്യൻ പാരിസ്ഥിതിക സംഘടനയുടെ സ്ഥാപക ദമ്പതികളാണ് മിറാൻഡായും ഹാരിസും. ആ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സൗത്ത് ആഫ്രിക്കയിൽ ഈ ദമ്പതികൾ എത്തിയത്. സംഘടനയുടെ ഏറ്റവും വലിയ നഷ്ടമാണ് ദമ്പതികളുടെ മരണമെന്ന് വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമൂഹ മനസ്സാക്ഷിയുടെ നാനാഭാഗങ്ങളിൽനിന്നും ദമ്പതികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. റെഡ്ഹില്ലിലെ ഹോളി ട്രിനിറ്റി ചർച്ച് വികാരി ദമ്പതികളുടെ ഭരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഇടവക അംഗങ്ങൾ ബുധനാഴ്ച ഒത്തുകൂടി മരിച്ച ദമ്പതികൾക്കെല്ലാം പ്രാർത്ഥന അർപ്പിച്ചു. വേണ്ട എല്ലാ സഹായങ്ങളും സൗത്ത് ആഫ്രിക്കൻ അതോറിറ്റി കളുമായി ചേർന്ന് ചെയ്യുമെന്ന് ഫോറിൻ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

ബ്രിട്ടണില്‍ പ്രചാരണത്തില്‍ മുന്നിലെത്തിയ മലയാളം ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ന്യൂസ് നല്‍കുന്ന ഔട്സ്റ്റാന്‍ഡിംഗ് ബയോ ഗ്രാഫി അവാര്‍ഡിന് ഉഴവൂര്‍ കോളേജ് മുന്‍ പ്രന്‍സിപ്പാള്‍ ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അര്‍ഹമായി.
ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. നവംബര്‍ ആദ്യവാരം കോട്ടയത്തു നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ അവാര്‍ഡ് നല്‍കും. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡും നിയമോപദേശക സമതിയുമടങ്ങുന്ന പാനലാണ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതിയ സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രന്‍സിപ്പാള്‍, മലയാളം വകുപ്പ് മേധാവി, കോട്ടയം ബി സി എം കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപക ജീവിതം. എം ജി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കൂടാതെ കോട്ടയം അതിരൂപത പി ആര്‍ ഒ , അപ്നാ ദേശ് പത്രാധിപ സമതിയംഗം, കേരളം എക്‌സ്പ്രസ് (ഷിക്കാഗോ) കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട്. സഫലം സൗഹൃതം സഞ്ചാരം, കല്ലാണപ്പാട്ടുകള്‍, വഴക്കവും പൊരുളും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഫ. വത്സാ ബാബുവാണ് ഭാര്യ. ഡോ. ആതിര ബാബു, അനഘ ബാബു എന്നിവര്‍ മക്കളാണ്.
മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങൾ കടന്നു കയറുന്നത് ആദ്യത്തെ സംഭവമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഹാരി-മേഗൻ രാജദമ്പതികൾ. മേഗൻ തന്റെ പിതാവിന് അയച്ച കത്തിലെ വിവരങ്ങൾ ഒരു പ്രമുഖ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയ മേഗന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മേഗന് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ കത്തെഴുതിയിരിക്കുന്നത്.

ലേബർ പാർട്ടിയിലെ ജെസ് ഫിലിപ്പ്സ്, ഡൈൻ അബ്ബോട്ട്, തുലിപ് സിദ്ധിക്ക് , ഡെമോക്രാറ്റിക് പാർട്ടിയിലെ വേരാ ഹോബ്ഹോസ്സ്,ലൈല മോറാൻ തുടങ്ങി വിവിധ രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്ന എഴുപതോളം എംപിമാർ ആണ് ഇപ്പോൾ മേഗന് വേണ്ടി ഒന്നിച്ചിരിക്കുന്നത്.
മനുഷ്യത്വ വിരുദ്ധവും കാലഹരണപ്പെട്ടതുമായ മാധ്യമ രീതികളാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ രാജകുടുംബത്തിന് നേരെ ഉപയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. ” മാധ്യമ സ്വാതന്ത്ര്യം എന്ന അധികാരം ഉപയോഗിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരുതരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയുന്നതുമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമ കടന്നു കയറ്റത്തിനെതിരെ ഏതു നിയമ പോരാട്ടത്തിനും മേഗനൊപ്പം ഞങ്ങളുണ്ടാകും. “
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വിമാനത്തിൽ സഹയാത്രികർ ലഗേജ് വെക്കാൻ തലയ്ക്കുമുകളിൽ ലഗേജ് ബോക്സിൽ കുറെയധികം സമയം ചെലവഴിക്കുന്നത് ശല്യമായി തോന്നുന്നുണ്ടോ? പരിഹാരത്തിനുള്ള വഴികളുമായി ഗേറ്റ് വിക് രംഗത്ത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരിൽ ആണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. വിൻഡോ സീറ്റിലെ യാത്രക്കാർ ആദ്യം, പിന്നിൽ നിന്നു തുടങ്ങി മുന്നിലേക്കുള്ള സീറ്റുകളിലെ യാത്രക്കാരെ ക്രമമായി കടത്തിവിടാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഈ രീതിയിൽ ക്രമീകരിക്കുന്നത് ബിസിനസുകാർക്കും ഒറ്റയ്ക്കുള്ള യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാകും.

എയർപോർട്ട് ഗേറ്റിൽ നിന്ന് സീറ്റിലേക്കുള്ള ദൂരം 10 ശതമാനത്തിലധികം കുറയ്ക്കാനാവും എന്നാണ് കരുതുന്നത്. ഒരുമിച്ച് ഇരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും അതിനുള്ള സൗകര്യം ലഭ്യമാക്കും, അതും പിന്നിൽ നിന്നാവും സീറ്റിംഗ് തുടങ്ങുക. 158 യാത്രക്കാരെ 14 മിനിറ്റുകൾക്കുള്ളിൽ ഈ രീതിയിൽ കയറുന്നതിൽ ഗേറ്റ് വിക്ക് വിജയിച്ചിരുന്നു.
ചെറിയ കുട്ടികളുടെ അടുത്തിരുന്ന് യാത്രചെയ്ത് ബഹളമയമായ ഒരു സഞ്ചാരം ഒഴിവാക്കാനുള്ള മാർഗങ്ങളും ലഭ്യമാണ്. ജപ്പാൻ എയർലൈൻസ് ആണ് ഈ സിറ്റിങ് സിസ്റ്റം നടപ്പാക്കിയത്.

ബോർഡിങ് ഗേറ്റിൽ എപ്പോൾ ക്യൂ നിൽക്കണം എവിടെയാണ് സീറ്റ് തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ യാത്രക്കാർക്ക് കാണാൻ കഴിയുന്ന വിധത്തിൽ അറേഞ്ച് ചെയ്യുന്നു. അതിനനുസരിച്ച് യാത്രക്കാർക്ക് മുൻഗണനാക്രമത്തിൽ വിമാനത്തിനുള്ളിൽ കടക്കാം. ഇതിനെ ബിൻഗോ ബോർഡിങ് എന്ന പേരിൽ യാത്രക്കാർ വരവേറ്റ് കഴിഞ്ഞു. സൗകര്യപ്രദമായ ഈ രീതിയെക്കുറിച്ചു യാത്രക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെസ്റ്റ് വെർജീനിയ : പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. ശരത്കാലത്തിന്റെ തുടക്കം നവംബർ ഒന്നിനാണ്. അതിനുമുമ്പാണ് ഹാലോവീൻ. യുകെയിലും യുഎസിലും ഹാലോവീൻ അവധി ദിനം കൂടിയാണ്. ഈ വർഷത്തെ ഹാലോവീനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതിനിടയിൽ തികച്ചും ഒരപൂർവ്വമായ അനുഭവം ഒരു വിദ്യാർത്ഥിനിക്ക് നേരിടേണ്ടതായി വന്നു.

ബെസ്റ്റ് വെർജീനിയയിലെ മാർഷ്യൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ സിഡ്നി വൂൾഫിന് ഉണ്ടായ രസകരമായ അനുഭവം അവൾ ട്വിറ്ററിൽ പങ്കുവച്ചു. പ്രശസ്ത എഴുത്തുകാരനായ സ്റ്റീഫൻ കിംഗിന്റെ ക്യാരി എന്ന ഹൊറർ നോവലിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അവൾ വേഷം അണിഞ്ഞത്. കാൽപാദം വരെ നീണ്ടുകിടക്കുന്ന വെള്ള ഉടുപ്പും തല മുതൽ കാൽ വരെ ചോര ഒലിയ്ക്കും വിധവുമുള്ള വേഷം കെട്ടിയാണ് അവൾ നിരത്തിലിറങ്ങിയത്. അന്ന് തന്നെ സിഡ്നിയുടെ കാറിന്റെ ബോണറ്റ് ഒരു മാൻ ഇടിച്ചു തകർക്കുകയും ചെയ്തു. എന്നാൽ സിഡ്‌നിയെ കണ്ട് ആളുകൾ ഭയചകിതരായി. കാർ അപകടത്തിൽ അവൾ മരണപ്പെട്ടോയെന്ന് വരെ അവർ സംശയിച്ചു. എല്ലാത്തിനും കാരണം അവളുടെ വേഷം തന്നെ. അല്പസമയത്തിനുശേഷം മാതാപിതാക്കളെ പ്രതീക്ഷിച്ചിരുന്ന അവളുടെ അടുക്കൽ ഒരു ഓഫീസർ വന്നു വൈദ്യസഹായം നിർദേശിക്കുകവരെ ചെയ്തു. എന്നാൽ പാരാമെഡിക്കൽ വിദഗ്ധരെ തെറ്റിധരിപ്പിച്ചതിന് ക്ഷമ ചോദിച്ച ശേഷമാണ് സിഡ്‌നി അവിടം വിട്ടത്.

ആതിര കൃഷ്ണൻ
വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷൻ ആണ്.
ട്രെയിനുകളുടെ തത്സമയ പ്രവർത്തനനിലയും, സമകാലിക ഷെഡ്യൂളുകളും പ്രദർശിപ്പിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുത ഇൻറർനെറ്റോ ജി പി എസോ ഇല്ലാതെ ഓഫ് ലൈനിൽ പ്രവർത്തിപ്പിക്കുവാൻ കഴിയും എന്നതാണ്. വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള യാത്രാ ആപ്ലിക്കേഷനുകളിലൊന്നാണ്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ 8 ഭാഷകളിൽ ബഹുഭാഷാ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ലഭ്യമാണ്. ട്രെയിൻ, ചെക്ക് ഷീറ്റ്, കോച്ച്ക്രമീകരണം, പി എൻ ആർ നില, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കണ്ടെത്തുന്നതിന് അപ്ലിക്കേഷൻ ഉപയോഗിക്കാം.
വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രെയിനുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ.
ഒന്നാമതായി, വേർ ഈസ് മൈ ട്രെയിൻ അപ്ലിക്കേഷനുകൾ തുറന്ന് ഇഷ്ടമുള്ള ഭാഷ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. പേജിൽ മൂന്ന് ഭാഗങ്ങളുണ്ട് – സ്പോട്ട്, പി എൻ ആർ, സീറ്റുകൾ. സ്പോട് വിഭാഗം തിരഞ്ഞെടുത്താൽ ഇതിനു കീഴിൽ നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും നൽകുന്നപക്ഷം ട്രെയിനുകളുടെവിവരങ്ങൾ ലഭിക്കുന്നതാണ്. അതുകൂടാതെ സമകാലികവിവരങ്ങൾ ലഭിക്കുന്നതുമാണ്.
ട്രെയിൻ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ട്രെയിൻ നമ്പറോ പേരോ സമർപ്പിക്കേണ്ടതാണ്.
എത്തിച്ചേരുവാനുള്ള സമയവും പുറപ്പെടുന്ന സമയവുംഉൾപ്പെടെ നിങ്ങളുടെ ട്രെയിന്റെ തത്സമയനില അപ്ലിക്കേഷൻ പ്രദർശിപ്പിക്കും. കൂടാതെ, പി എൻ ആർ വിഭാഗത്തിലേക്ക്പോയി നിങ്ങളുടെ പി എൻ ആർ നമ്പർ നൽകി നിങ്ങളുടെ പി എൻ ആർ നില പരിശോധിക്കുവാൻ സാധിക്കും.
സീറ്റ്ല ഭ്യതയെക്കുറിച്ച് അറിയണമെങ്കിൽ, സ്റ്റേഷനുകളും യാത്രാ തീയതിയും നൽകുന്നതിന് സീറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഡ്രോപ്പ് ഡൗൺ പട്ടികയിൽ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ള ക്ലാസ്സും കോട്ടയും തിരഞ്ഞെടുത്ത് “സീറ്റ് ലഭ്യത കണ്ടെത്തുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, ഇത് നിങ്ങളെ ഇന്ത്യൻ റെയിൽവേ പാസ്സന്ജർ റിസർവേഷൻ അന്വേഷണത്തിലേക്ക് നയിക്കും അവിടെ നിങ്ങൾക്ക് സീറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്

ആതിര കൃഷ്ണൻ
ആതിര കൃഷ്ണൻ ചേർത്തല സ്വദേശി ആണ്. മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ ഒന്നാം വർഷ ബിരുധാനാന്തര ബിരുദ വിദ്യാർത്ഥിനി ആണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കോ റോങ് : അമേലിയ ബാംബ്രിഡ്ജ് എവിടെ? ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിനെ (21) കാണാതായിട്ട് ഒരാഴ്ച ആവുന്നു. ബ്രിട്ടീഷ് യുവതിയുടെ തിരോധാനത്തിൽ ആറ് പേരെ കമ്പോഡിയൻ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ആറ് പേർക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് കോ റോങ് ഗവർണർ നാമ ബന്തോൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോ റോംങ് ദ്വീപിലെ ബീച്ച് പാർട്ടിയിലാണ് അവളെ അവസാനമായി എല്ലാവരും കണ്ടത്. തന്റെ മകളെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പിതാവും ഭയപ്പെടുന്നു. ഇരുന്നൂറോളം സൈനികരും പോലീസും അമേലിയക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടിൽ നിന്നും സെപ്റ്റംബർ 27നാണ് അവൾ യാത്ര തിരിച്ചത്. ആദ്യം പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു.

കോ റോങിലെ നെസ്റ്റ് ബീച്ച് ക്ലബ് ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത്. കാണാതായ ആ രാത്രിയിൽ ഹോസ്റ്റലിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് പോയിരുന്നു. ഹോസ്റ്റലിലേക്ക് മടങ്ങി വരാത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ അവളെ കാണാതായതായി പരാതിപ്പെട്ടത്. അമേലിയയുടെ പേഴ്സ്, ക്രെഡിറ്റ് കാർഡുകൾ, ഫോൺ എന്നിവ അടങ്ങിയ ബാഗ് ബീച്ചിൽ നിന്നും അവളുടെ പാസ്‌പോർട്ട് ഹോസ്റ്റലിൽ നിന്നും പോലീസ് കണ്ടെടുത്തു. വിദേശ വിനോദ സഞ്ചാരികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് പുരുഷന്മാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചില പാശ്ചാത്യ സന്ദർശകരിൽ നിന്ന് പോലീസിന് ഒരു കത്ത് ലഭിച്ചതായി ഗവർണർ പറഞ്ഞു.

അവളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മേജർ ജനറൽ ചുവോൺ നരിൻ അറിയിച്ചു. അടുത്തുള്ള ദ്വീപുകളിലേക്കും തായ്‌ലൻഡ് ഉൾക്കടലിൽ കൂടുതൽ തീരങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ അമേലിയ മുങ്ങി മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാദേശിക ഗവർണർ പറയുന്നത്. അമേലിയയുടെ തിരിച്ചുവരവിനായി ബ്രിട്ടൻ പ്രാർത്ഥിക്കുകയാണ്. നിറകണ്ണുകളോടെ…
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ഡിസംബർ 12ന് ബ്രിട്ടനിൽ ജനറൽ ഇലക്ഷൻ നടത്തണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആവശ്യം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചു. ഹൗസ് ഓഫ് കോമൺസിൽ 430 വോട്ടുകൾക്കാണ് ഈ തീരുമാനം പാസായത്. 1923 -ന് ശേഷം ഡിസംബർ മാസത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായി ഇത് മാറും. ഹൗസ് ഓഫ് ലോർഡ്‌സ് ഇനിയും തീരുമാനം അംഗീകരിക്കാൻ ഉണ്ടെങ്കിലും, ഈ ആഴ്ചയോടെ കൂടി തീരുമാനം നിയമപരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രചരണത്തിന് അഞ്ചു ആഴ്ചകൾ മാത്രമാണ് ലഭിക്കുന്നത്. ബ്രെക്സിറ്റിനെ സംബന്ധിച്ചും, രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ജനങ്ങൾക്കും തീരുമാനമെടുക്കാനുള്ള അവകാശമാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പോടുകൂടി ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ജോൺസൺ. ബ്രെക്സിറ്റ് നടപ്പിലാക്കാൻ രാജ്യത്തെ ജനങ്ങൾ ഒരുമിക്കണം എന്ന ആവശ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ബ്രെക്സിറ്റിനെ എതിർത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ 21 എംപിമാരിൽ, പത്ത് പേരെ വീണ്ടും കൺസർവേറ്റീവ് സ്ഥാനാർഥികളായി അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ രേഖപ്പെടുത്തി. അതിനായി തന്നെ പാർട്ടി വളരെ ശക്തമായ പ്രചാരണ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസന്റെ അടിച്ചമർത്തലുകൾക്ക് എതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള ഒരു അവസരം ആണെന്നും, ലേബർ പാർട്ടി എന്നും ജനങ്ങളോടൊപ്പം ആണെന്നും ഷാഡോ ക്യാബിനറ്റ് മിനിസ്റ്റർ ആൻഡ്രൂ രേഖപ്പെടുത്തി. എന്നാൽ ഇലക്ഷനോട് ലേബർ പാർട്ടിയിലെ ചില എംപിമാർ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. ലിബറൽ ഡെമോക്രാറ്റുകളും ഇലക്ഷനെ അംഗീകരിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് തടയാനുള്ള മാർഗ്ഗം ആയാണ് ഇലക്ഷനെ കാണുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. ഇതിനു മുൻപ് മൂന്നു പ്രാവശ്യം ഇലക്ഷൻ തീരുമാനിച്ചപ്പോൾ പാർലമെന്റ് അംഗീകാരം ബോറിസ് ജോൺസന് ലഭിച്ചിരുന്നില്ല. ഇപ്രാവശ്യം ആറുമണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.