Main News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നേഴ്സിംഗ് ഹോമിൽ 94 കാരിയായ വയോധികയെ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റത്തിനു മൂന്ന് നഴ്സുമാർ അറസ്റ്റിൽ. പനിബെൻ ഷായുടെ കുടുംബാംഗങ്ങൾ നഴ്സിംഗ് ഹോമിൽ ക്യാമറ വച്ചതിനെ തുടർന്നാണ് അവിടെ നടക്കുന്ന ക്രൂരതകൾ പുറം ലോകത്ത് എത്തിയത്. നഴ്സിംഗ് ഹോമിലെ സ്റ്റാഫുകൾ വയോധികയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതിനു കാരണം ഡിമൻഷ്യ ആണെന്ന് നേഴ്സുമാർ വരുത്തി തീർത്തു. എന്നാൽ സംശയം തോന്നിയ മകൻ കീർത്തിയും കൊച്ചു മകനും ചേർന്ന് വയോധികയുടെ മുറിയിൽ ക്യാമറ സ്ഥാപിച്ചു. ഇതിനെത്തുടർന്നാണ് നഴ്സുമാർ അവരെ ഉപദ്രവിക്കുന്നതും, ശരീരത്തിൽ ചൂടു വെള്ളം ഒഴിക്കുന്നതും എല്ലാം കുടുംബാംഗങ്ങൾ കണ്ടെത്തിയത്.

തങ്ങൾക്ക് ഇത് വിശ്വസിക്കാവുന്നതിലുമപ്പുറം ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. അനിത റ്റി ( 46), അനിത ബി സി (49), ഹീന പരെക് (55) എന്നിവരെ നാലു മുതൽ ആറു മാസം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.

വയോധികയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്ന തരത്തിലാണ് നഴ്സുമാരുടെ പെരുമാറ്റം എന്ന് കോടതി വിലയിരുത്തി. ഏഷ്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക നഴ്സിംഗ് ഹോം ആയ മീര സെന്ററിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇത്തരം തെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെയിൽസ്‌ : ടാറ്റാ സ്റ്റീലിൽ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യത. മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരുടെ ജോലി നഷ്ടമാകുമെന്നും ആശങ്ക. പുനഃക്രമീകരണത്തിന്റെ ഭാഗമായി യുകെയിലെ പല ഭാഗങ്ങളായി പ്രവർത്തിക്കുന്ന കമ്പനികളുടെ തൊഴിൽ വെട്ടിക്കുറയ്ക്കുകയാണെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചു. മാനേജ്മെന്റ്, ഓഫീസ് അധിഷ്ഠിത തൊഴിലുകളും നഷ്ടമാകും. ടാറ്റാ സ്റ്റീലിന്റെ യൂറോപ്പ് സിഇഒ ഹെൻറിക് ആദം പറഞ്ഞു, “നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതനുസരിച്ച് ഞങ്ങളും പൊരുത്തപ്പെടണം.” നെതർലാൻഡിൽ കുറഞ്ഞത് 1600 ജോലി ഇല്ലാതെയാകും. ഒപ്പം വടക്കൻ വെയിൽസിൽ 1000 ജോലിയും ഇല്ലാതാകുമെന്ന് സാമ്പത്തിക മന്ത്രി കെൻ സ്കേറ്റ്സ് അറിയിച്ചു. പൂർണ്ണമായ കണക്കുകൾ 2020 ഫെബ്രുവരിയിൽ മാത്രമേ അറിയാൻ കഴിയൂ എന്നും സ്കേറ്റ്സ് പറഞ്ഞു. ടാറ്റാ സ്റ്റീൽ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശങ്കാജനകമായ സമയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ടാറ്റാ സ്റ്റീലിന്റെ ഈയൊരു പ്രഖ്യാപനത്തിനെതിരെ കമ്മ്യൂണിറ്റി യൂണിയൻ ജനറൽ സെക്രട്ടറി റോയ് റിഖുസ് മുന്നോട്ട് വന്നു. ക്രൂരമായ രീതിയിലാണ് കമ്പനി ഇത് കൈകാര്യം ചെയ്തതെന്ന് റോയ് കുറ്റപ്പെടുത്തി. ടാറ്റയുടെ നിർദേശങ്ങൾക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ടാൽബോട്ടിൽ 4,000 തൊഴിലാളികളുണ്ട്. ഏതൊക്കെ ഇടങ്ങളിലെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.

യൂറോപ്യൻ ബിസിനസിൽ ഉടനീളം 3,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് ടാറ്റാ സ്റ്റീൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വളരെയധികം ദുഃഖകരമാകുമെന്ന് സൗത്ത് വെയിൽസ് വെസ്റ്റിലെ കൺസർവേറ്റീവ് അസംബ്ലി മെമ്പർ സുസി ഡേവിസ് പറഞ്ഞു. ഇന്ത്യയുടെ ഉടമസ്ഥതയിൽ ഉള്ള ടാറ്റയിൽ ലോകമെമ്പാടുമായി 20000ത്തോളം ആളുകൾ ജോലി ചെയ്യുന്നു. കമ്പനികൾ തമ്മിലുള്ള മത്സരവും തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കുന്നതിന് പ്രധാന കാരണമായി മാറി.

ഹോങ്കോങ് ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്ന നിലപാട് ആവർത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.

പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.

തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു.

വ്യാപാര ഇടപാടുകൾക്ക് ഹോങ്കോങ്ങിനു പ്രത്യേക പദവിയാണ് യുഎസ് നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിനു സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. വ്യാപാരം മുന്നോട്ടു പോകണമെങ്കിൽ ഇതു നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഹോങ്കോങ്ങിന് യുഎസ് നിഷ്കർഷിക്കുന്നതു പ്രകാരമുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ്.

ഹോങ്കോങ്ങിൽ യുഎസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദേശിക്കുന്നതാണ് ബിൽ. ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. ചൈന–യുഎസ് ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ പോന്നതാണ് ഈ നിർദേശങ്ങൾ.

ഹോങ്കോങ്ങിൽ ട്രംപ് ഭരണകൂടത്തിനു നേരിട്ട് ഇടപെടാവുന്ന രീതിയിലേക്കു കാര്യങ്ങൾ മാറ്റാനുള്ള യുഎസ് തന്ത്രമാണ് ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമമെന്നു ചൈന കുറ്റപ്പെടുത്തുന്നു. ഹോങ്കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ചൈന ആവർത്തിച്ചു പറയുമ്പോഴും ജനാധിപത്യവാദികൾക്ക് യുഎസ് നൽകുന്ന പിന്തുണ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്.

ണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍ (ആര്‍പിപി) ബില്‍ -2019 ന്റെ കരട് രൂപം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് (പി.ആര്‍.ബി) ചട്ടങ്ങള്‍ ഇതോടെ ഒഴിവാക്കപ്പെടും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്‌തേക്കും..

അതേസമയം നേരത്തെ തന്നെ ആര്‍എന്‍ഐയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് വീണ്ടും പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ എന്ന് ബില്‍ വ്യക്തമാക്കുന്നില്ല.

ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്ക്, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിക്കുന്ന ടെക്‌സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ എന്നര്‍ത്ഥമാക്കുന്ന ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വിശാലാര്‍ഥത്തിലുള്ള നിര്‍വചനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബില്ലില്‍ നല്‍കിയിരിക്കുന്നത്.

ഇനി മുതല്‍ ഒരു പ്രസ് രജിസ്ട്രാര്‍ ജനറല്‍ എന്ന നിയന്ത്രണാധികാരി ഉണ്ടാവും. മാധ്യമങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, രജിസ്‌ട്രേഷന്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെ ചുമതലയാവും. ‘പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ അപ്പല്ലേറ്റ് ബോര്‍ഡ്’ എന്ന പേരില്‍ അപ്പീല്‍ നല്‍കാനുള്ള പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

കഥ ഇതുവരെ.

ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.
ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.
കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് കടത്തുന്നതിനായി അവർ പദ്ധതിയിട്ടു.
അത് അടുത്ത തുറമുഖമായ തലശ്ശേരിയിൽ എത്തിക്കുവാൻ തലശ്ശേരി മൈസൂർ ഒരു റോഡും റെയിൽവേ ലൈനും പണിയുവാൻ ആലോചനയായി.
പ്രാരംഭ നടപടിയായി തലശ്ശേരിയിൽ സർവ്വേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയ ശങ്കരൻ നായരുടെ സഹായത്തോടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നു വന്നു. നാട്ടുകാരായ തൊഴിലാളികളുടെ അഭാവത്തിൽ ആദിവാസികളെ ആശ്രയിക്കാൻ തീരുമാനിച്ചു.
യാദൃച്ഛികമായി മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനെ പരിചയപ്പെടുന്നു.
എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ ക്രൂരതയും കുടുംബപ്രശനങ്ങളും തൊഴിലാളികളോടുള്ള മോശം പെരുമാറ്റവും കൊണ്ട് കാര്യങ്ങൾ ഇഴഞ്ഞു നീങ്ങി.കുഞ്ചുവിൻറെ കൊലപതാകവും ആൻ മരിയയുടെ ആത്മഹത്യയും ജോലിക്കാരെ ബ്രൈറ്റിൽ നിന്നും അകറ്റി നിർത്തി.
അവസാനം മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനേയും അവൻ്റെ നായ ബൂ വിനേയും ഉപയോഗിച്ചു ഒരു റോഡിൻ്റെ രൂപ രേഖ ഉണ്ടാക്കുന്നതിനു ബ്രൈറ്റിന്റെ അസിസ്റ്റൻറ് ശങ്കരൻ നായർ ശ്രമിക്കുന്നു.
രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് യാത്ര സൗകര്യങ്ങളോ റോഡുകളോ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കൊടും വനത്തിലൂടെ ഒരു റോഡും റയിൽവേ ലൈനും നിർമ്മിക്കുന്നതിനുള്ള സർവ്വേ നടത്തുക എന്നത് നിസ്സാര കാര്യമായിരുന്നില്ല.
കൂട്ടുപുഴ മുതൽ വീരരാജ്പേട്ട വരെയുള്ള ജോലി മേമൻറെ സഹായത്തോടെ പൂർത്തിയാക്കാൻ ശങ്കരൻ നായർക്ക് കഴിഞ്ഞു.
പക്ഷെ നിർഭാഗ്യവശാൽ മേമൻ രോഗബാധിതനായി.
ഇനി വായിക്കുക

.
മേമനെകൊല്ലി-8

കാപ്പി പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്ന കുടകിലെ തണുത്ത കാറ്റിലും ശങ്കരൻ നായർ വിയർത്തു കുളിച്ചു.പ്രഭാതത്തിൽ തോട്ടങ്ങളിൽ ജോലിക്കുപോകുന്ന തൊഴിലാളികൾ മേമനെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു് കടന്നുപോയി.കോടമഞ്ഞിൻ്റെ മുഖാവരണം തള്ളി മാറ്റി കുടക് മലനിരകൾ ഉണർന്നുകഴിഞ്ഞു.
മേമൻ അനക്കമില്ലാതെ കിടക്കുകയാണ് .കണ്ടാൽ ഭയം തോന്നും .എന്ത് ചെയ്യണം എന്നറിയാതെ ശങ്കരൻ നായർ കുഴങ്ങി.
ഒറ്റക്ക് നടുക്കടലിൽ തുഴയേണ്ടി വരുന്ന ആളിൻ്റെ അവസ്ഥയിൽ ആയി ശങ്കരൻ നായർ.ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ.
കേട്ടറിവ് വച്ച് അപസ്മാരം പോലെ തോന്നുന്നു.
കൂട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ കഴിവുള്ളതു നാരായണൻ മേസ്ത്രിക്കാണ്.പക്ഷെ മേസ്ത്രിയെ മൈസൂറിന് അയച്ചിരിക്കുകയാണ്.ശങ്കരൻനായർ സ്വയം പഴിച്ചു, വേണ്ടിയിരുന്നില്ല ഈ പരീക്ഷണം. ആ പാവത്തിന് എന്തെങ്കിലും സംഭവിച്ചാൽ?
നായരുടേതായിരുന്നു ആശയം.
എപ്പോഴും മേമൻ്റെ പുറകെ നടക്കുന്ന ബൂ മേമനെ അന്വേഷിച്ചു കണ്ടുപിടിക്കും. എന്നാൽ അവരെ വേർതിരിച്ചാൽ ബൂ മേമനെ തേടി ഓടിയെത്തും എന്നത് ഉറപ്പാണ് . അങ്ങിനെയെങ്കിൽ ബൂ നെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ മേമനെ തേടി വരും.കാട്ടിൽകൂടി അവൻ പോകുന്ന വഴി അടയാളപ്പെടുത്തിയാൽ ഒരു ഏകദേശരൂപം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം.
ഇതായിരുന്നു ആശയം..
രാത്രിയിൽ മേമൻ്റെ നായ ബൂവിൻ്റെ ഭക്ഷണത്തിൽ അല്പം മയക്കു മരുന്ന് കൂടി ചേർത്തു.മേമൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ മയങ്ങിക്കിടന്ന അവൻ്റെ നായയെ ബന്ധിച്ചു.കാടിനു പുറത്തു കൊണ്ടുവന്നു.
ബൂ വിനെയും കൊണ്ട് നാരായണൻ മേസ്ത്രിയുടെ നേതൃത്വത്തിൽ കുറച്ചു് പേർ മൈസൂർക്ക് പുറപ്പെടുകയായിരുന്നു.
അത് ഒരു പരീക്ഷണം മാത്രമാണ്.
ഒരു വഴി കണ്ടുപിടിക്കാൻ ഇത്തരത്തിലുള്ള മാർഗ്ഗം ലോകത്തിൽ ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല പരാജയപെട്ടാൽ താൻ ഒരു മണ്ടൻ ആണ് എന്നേ ആളുകൾ ചിന്തിക്കുകയുള്ളു.
ഏതായാലും ജോലിക്കാർ നായർ പറഞ്ഞതുപോലെ ചെയ്തു.
“ബൂ” വിനേയും കൊണ്ട് പോയിരിക്കുന്ന ജോലിക്കാരുടെ യാതൊരു വിവരവും അവർ തിരിച്ചുവരുന്നതുവരെ അറിയാൻ മാർഗ്ഗമില്ല .
നായർ ആകെ അങ്കലാപ്പിലായി.
വിര രാജ് പെട്ട ചന്തയിൽ ഒരു ചെറിയ ചായക്കട കണ്ടിരുന്നു.അവിടെ കട്ടൻ കാപ്പിയും പരിപ്പുവടയും കിട്ടും. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകൾ കടയിൽ വന്നാൽ ആയി.നാട്ടു ചികിത്സ നടത്തുന്ന ആരെങ്കിലും അടുത്തെങ്ങാനും ഉണ്ടോ എന്ന് അവിടെ ചോദിച്ചു നോക്കാം.
ഒരു കട്ടനും കുടിച്ചു് വർത്തമാനം പറഞ്ഞുവന്നപ്പോൾ കടക്കാരൻ കുഞ്ഞിരാമേട്ടൻ തലശ്ശേരിക്കാരൻ ആണ്.
ഒരു നൂലുപോലെ നേർത്ത ശരീരമുള്ള കുഞ്ഞിരാമേട്ടൻ ചോദിച്ചു.
“നിങ്ങ പറയുന്നത് ഒരു പട്ടിയെയും കൊണ്ട് നടക്കുന്ന ആദിവാസി പയ്യനെക്കുറിച്ചാണോ?”
“അതെ”.
“ഓൻ അപസ്മാര രോഗിയാണ്.ഈടെ ചന്തയിൽ പല തവണ അപസ്മാരം വന്നു വീണിരിക്കുണു. ഓൻ്റെ കൂടെ ഒരു നായ കാണും .അത് ഏടുത്തു?”തനി മലബാർ ഭാഷയിലാണ് സംസാരം.
“അറിയില്ല”
“സാധാരണ ഓൻ വീണാൽ ആ പട്ടി അടുത്തുനിന്നും മാറില്ല.ഇടക്കിടക്ക് ഓനെ അത് നക്കികൊണ്ടിരിക്കും.കുറച്ചു കഴിയുമ്പോൾ എണീറ്റുപോകുന്നത് കാണാം”.
“ബൂ” എപ്പോൾ തിരിച്ചെത്തും എന്ന് പറയാൻ കഴിയില്ല.
കുഞ്ഞിരാമേട്ടൻ പറഞ്ഞു,”ഇങ്ങള് ബേജാറാവണ്ടിരി,ഓൻ കൊറച്ചു കഴിയുമ്പ എണീയ്ക്കും .ഓൻ ലോകം മുഴുവൻ ചുറ്റുന്ന പാർട്ടിയാ “.നായർക്ക് സമാധാനമായി.
“ഇങ്ങള് സായിപ്പിൻ്റെ കൂടെ ജോലിയാ?”
“ഉം “.
“ആടെ എന്താ ഇങ്ങക്ക് ജോലി?”
ഇനി ഇവിടെ നിന്നാൽ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു മടുക്കും.
നായർ തിരിച്ചു ടെൻറിൽ വരുമ്പോൾ മേമൻ എഴുന്നേറ്റിരുന്നു.
നടന്ന സംഭവങ്ങളൊന്നും അവൻ അറിഞ്ഞ ലക്ഷണമില്ല.
അവൻ നായരുടെ അടുത്തുവന്നു.എന്തോ ചോദിച്ചു.രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടും നായർക്ക് ഒന്നുംമനസ്സിലായില്ല.മേമൻ്റെ ഭാഷ മനസിലാകുന്ന ജോലിക്കാരിൽ ഒരാൾ പറഞ്ഞു,” അവൻ്റെ നായയെ എവിടെ കൊണ്ടുപോയിരിക്കുന്നു?എന്തിനാണ് കൊണ്ടുപോയത് ?”എന്നാണ് അവൻ ചോദിക്കുന്നത്.
“അവനോടു കാര്യങ്ങൾ പറഞ്ഞേക്കൂ.” നായർ പറഞ്ഞു.
അയാൾ എല്ലാം വിശദീകരിച്ചുകൊടുത്തു
മേമൻ നായരോട് പറഞ്ഞു ,”പാം”
മൈസൂർക്ക് പോകാം എന്നാണ് അവൻ പറയുന്നത് നായർക്ക്.അബദ്ധം മനസ്സിലായി.മേമൻ ഒരു വിവരമില്ലാത്തവൻ ആയിരിക്കുമെന്നും അവന് മൈസൂർ എവിടെയാണെന്ന് അറിയില്ലെന്നും കരുതിയത് മണ്ടത്തരം ആയിപ്പോയി.
ഏതായാലും ചായക്കടക്കാരൻ നൂലുപോലത്തെ കുഞ്ഞിരാമേട്ടനെ പരിചയപ്പെട്ടത് ഭാഗ്യമായി. അവരുടെ താമസത്തിനും ഭക്ഷണത്തിനുമായി കൊണ്ടുവന്ന ഒരുപാടു സാധനങ്ങൾ ഉണ്ട്.അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തിട്ടു ബാക്കിയുള്ളതു സൂക്ഷിക്കാൻ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ചു.
“തിരിച്ചുവരുമ്പോൾ എല്ലാം എടുത്തോളാം.”
“ഓ,അയിനെന്താ?”.
കുഞ്ഞിരാമേട്ടൻ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു
മേമൻ കാണിച്ചുകൊടുത്ത വഴിയിലൂടെ അവർ മൈസൂർക്ക് യാത്ര തിരിച്ചു.വിര രാജ്‌പേട്ടയിൽ നിന്നും മൈസൂർക്ക് അൽപ ദൂരം പോയിക്കഴിഞ്ഞപ്പോൾ ഭൂപ്രകൃതിയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.
മലകൾക്കിടയിൽ വിസ്‌തൃതമായ നിരന്ന പ്രദേശങ്ങൾ ഇടക്കിടക്ക് കാണാം.മലകളുടെ ഉയരവും കുറഞ്ഞിരിക്കുന്നു.ചില ഭാഗങ്ങളിൽ കാട് തെളിച്ചു് ഗൗഡന്മാർ ഏതോ കാലത്തു് കൃഷി നടത്തിയിരുന്നതുകൊണ്ട് കുറ്റിക്കാടുകളാണ്..
മേമൻ്റെ നടത്തം വളരെ വേഗത്തിലാണ്.
പലപ്പോഴും അവൻ്റെ ഒപ്പമെത്താൻ അവർ കഷ്ടപ്പെട്ടു.
ഇതേസമയം ബൂ വിനേയും കൊണ്ടുപോയ നാരായണൻ മേസ്ത്രിയുടെയും സംഘത്തിൻ്റെയും കാര്യങ്ങൾ പരിതാപകരമായിരുന്നു.
അത്രയും വലിയ ഒരു നായയേയും കൊണ്ടുള്ള യാത്ര അസാധ്യമായിരുന്നു.
ആദ്യം അക്രമാസക്തനായ ബൂ കുറച്ചു കഴിഞ്ഞപ്പോൾ ശാന്തനായികാണപ്പെട്ടു. അവർ അവനു ഭക്ഷണവും വെള്ളവും കൊടുത്തു.കാട്ടിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് അപകടമാണ് എന്ന് അവന് അറിയാമെന്ന് തോന്നുന്നു.
അല്പം ദൂരം പോയതേയുള്ളു.അപ്പോൾ അവർ കണ്ടു,ശങ്കരൻ നായരും മേമനും കൂടെയുള്ളവരും നടന്നുവരുന്നു.
മേമന് വനത്തിലൂടെയുള്ള വഴികൾ നല്ല നിശ്ചയമായിരുന്നു.
ബൂ വിനെ കണ്ടപാടെ മേമൻ ഓടിച്ചെന്നു, അവനെ കെട്ടിപിടിച്ചു.അവർ തമ്മിലുള്ള സ്നേഹ പ്രകടനം കണ്ട് എല്ലാവരും അതിശയപ്പെട്ടു.
നായരുടെ പദ്ധതി നടപ്പാക്കേണ്ടി വന്നില്ല.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ലെങ്കിലും മേമൻ വളരെ ശാന്തനായി കാണപ്പെട്ടു.ശങ്കരൻ നായരോട് അവന് ഒരു പ്രത്യക സ്നേഹം തോന്നി തുടങ്ങിയിരുന്നു.
മൈസൂറിൽനിന്നും തിരിച്ചുവരുമ്പോൾ നായർ കണക്ക് കൂട്ടി ,” തലശ്ശേരി മൈസൂർ ദൂരം നൂറ്റി അമ്പതു മൈൽ.”
നായർ തിരിച്ചു് വീരരാജ്പേട്ട എത്തിയപ്പോൾ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ച സാധനങ്ങൾ വാങ്ങാൻ ചെന്നു. അയാൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
ബാക്കി വരുന്ന ഭക്ഷണസാധങ്ങളും മറ്റും മേമന് കൊടുക്കാം എന്ന് കരുതിയിരുന്നതാണ്.നൂൽ വണ്ണമുള്ള കുഞ്ഞിരാമേട്ടന് അപ്രത്യക്ഷനാകാൻ അധികം സ്ഥലം വേണ്ടല്ലോ.
മാക്കൂട്ടത്തിനടുത്തു എത്താറായപ്പോൾ മുൻപ് മേമനെ ആദ്യമായി കണ്ടു മുട്ടിയ പാറക്കൂട്ടങ്ങൾ കാണാം .
അവൻ നായരോട് പറഞ്ഞു ,ഊരിലെക്ക് പോകുകയാണെന്ന്.
നായർ വെറുതെ ചോദിച്ചു,”നിൻെറ ഉരിലേക്ക് ഞങ്ങൾ വരട്ടെ?”
സന്തോഷം കൊണ്ട് അവൻ്റെ കണ്ണുകൾ തിളങ്ങി.
“വേണ്ട”,എന്ന് അവൻ പറയുമെന്നാണ് നായർ കരുതിയത്.
ഇനി”വരാൻ പറ്റില്ല “,എന്ന് എങ്ങിനെ പറയും?
കാട്ടിലൂടെ രണ്ടു മൈൽ നടന്ന് അവൻ്റെ ഊരിൽ എത്തി.
ആരുടെയും ഹൃദയം തകർക്കുന്ന കാഴ്ചകളായിരുന്നു അവിടെ അവരെ കാത്തിരുന്നത്..
നൂറോളം കുടിലുകൾ. പലതും നിലം പൊത്താറായ അവസ്ഥയിലായിരുന്നു.ചിലത് മേൽക്കൂര തകർന്ന നിലയിലാണ്.
ഓടപ്പായ കൊണ്ട് മേഞ്ഞ ആ കുടിലുകൾ എല്ലാം മഴയിൽ നനഞ്ഞൊലിക്കുന്ന അവസ്ഥയിൽ ആണ്. അടുത്തകാലത്തൊന്നും അവ മേഞ്ഞിരുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.വനത്തിലുള്ള ഈറ്റയുടെ ഇലകൾ കെട്ടുകളാക്കി അടുക്കി വച്ചാണ് ആദിവാസികൾ വീട് മേയുക.എല്ലാം തകർന്ന് പൊളിഞ്ഞു നാശമായി കിടക്കുന്നു.
അകെ ആറേഴു കുടിലുകളിലായി ഇരുപതിൽ താഴേ ആളുകൾമാത്രമേ അവിടയുള്ളു. ബാക്കിയുള്ളതിൽ ആൾ താമസമില്ല.
മൂപ്പൻ്റെ മകളാണ് മിന്നി,മേമൻ്റെ പെണ്ണ്.
കുടിലിനു മുൻപിൽ കുറെ കുപ്പികൾ ചിതറി കിടപ്പുണ്ട്എല്ലാം ബ്രൈറ്റിൻ്റെ മദ്യക്കുപ്പികൾ. അവൻ കൊണ്ടുവന്ന് മൂപ്പന് കൊടുത്തതാണ്. ഊരുമൂപ്പൻ തളർന്നു കിടപ്പിലാണ്.
” ഈ ഊരിലെ ബാക്കി ആളുകൾ എവിടെ?”
മേമൻ കുറച്ചകലേക്ക് വിരൽ ചൂണ്ടി. അവിടെ നൂറുകണക്കിന് കുഴിമാടങ്ങൾ.എല്ലാം അധികം പഴക്കമില്ലാത്തവ.
ഇളകിയ മണ്ണ്.
അവർ ശാന്തമായി ഉറങ്ങുന്നു.
എന്തെങ്കിലും പകർച്ചവ്യധി പിടിപെട്ട് മരിച്ചുപോയതാകാം.
അവൻ പാടിയ പാട്ട് നായർ ഓർമ്മിച്ചു,
എൻ്റെ കൂരയിൽ മഴപെയ്തു
മഴയ്ക്ക് എന്നോടിഷ്ടം…………
അവരെ ഞെട്ടിപ്പിച്ചുകളഞ്ഞ വിവരമായിരുന്നു ആ ആദിവാസി കൂട്ടത്തിൽ ആരോഗ്യമുള്ളവർ മേമനും മിന്നിയും രണ്ടു മൂന്ന് കുട്ടികളും മാത്രമാണ് എന്നത്.
മേമൻ കാട്ടിൽ നിന്നും മാന്തിക്കുഴിച്ചു് എടുത്തുകൊണ്ടുവരുന്ന കാട്ടുകിഴങ്ങുകളും പുഴയരികിൽ നിന്നും പറിച്ചുകൊണ്ടുവരുന്ന ചേമ്പിൻ താൾ തകര ഇല തുടങ്ങിയവയും ആണ് അവരുടെ ഭക്ഷണം. മേമനാണ് അവരുടെ ആകെയുള്ള ആശ്രയം.
അവരുടെ ഊര് അവസാനിക്കുകയാണ് എന്ന് തോന്നുന്നു.
അതെ അവസാനത്തിൻ്റെ ആരംഭം.
എല്ലാം കണ്ട നാരായണൻ മേസ്ത്രി കരച്ചിലിൻ്റെ വക്കത്തു എത്തിയിരുന്നു. ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കുന്ന ആ കഴ്ചകൾ കണ്ടുനിൽക്കാൻ വയ്യ.
ആ പാവങ്ങൾക്ക് കൊടുക്കാൻ ഒന്നും കയ്യിലില്ല.
ഉണ്ടായിരുന്നതെല്ലാം വിര രാജ്‌പേട്ടയിലെ കുഞ്ഞിരാമേട്ടൻ കൊണ്ടുപോയി.
വീണ്ടും വരാം എന്നു പറഞ്ഞു പോരുമ്പോൾ പുറകിൽ മേമനും മിന്നിയും അവരെ നോക്കി നിൽക്കുകയായിരുന്നു.
മൈസൂരിൽ നിന്നും തിരിച്ചുവന്ന് ഒരാഴ്ച കഴിഞ്ഞു
ഒരു ദിവസം ശങ്കരൻ നായരെ അന്വേഷിച്ചു് മേമനും ബൂ വും നായരുടെ വീട്ടിൽ വന്നു.നായർ കാലത്തു ഓഫിസിൽ പോകുന്ന തിരക്കിൽ ആയിരുന്നു. മകൾ ഗീതയെ വിളിച്ചു് മേമന് എന്തെങ്കിലും കൊടുത്തു് വേണം വിടാൻ എന്ന് പറഞ്ഞിട്ട് പോയി.
നായർ ഉച്ചക്ക് ഊണുകഴിക്കാൻ വരുമ്പോൾ ഗീത വാതിൽ പടിയിൽ ഇരുന്ന് മേമനുമായി സംസാരിക്കുന്നു.അവൻ നിലത്തു് ചമ്രം പടിഞ്ഞിരുന്ന് അവൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരസ്പരം ഭാഷ അറിഞ്ഞുകൂടെങ്കിലും സഹാനുഭൂതിക്കും കരുണക്കും ലോകത്തിൽ എല്ലായിടത്തും ഒരേ ഭാഷയാണ് എന്ന് നായർക്ക് തോന്നി.ഗീത പറഞ്ഞു.
“അച്ഛനെ കത്ത് നിൽക്കുകയാണ് മേമൻ”
“എന്താ?നീ അവന്ഒന്നും കൊടുത്തില്ലേ?”
“അതല്ല.അവൻ അച്ഛനെ കണ്ടിട്ട് പൊയ്ക്കോളാം എന്ന് പറയുന്നു.”
മേമൻ പോയിക്കഴിഞ്ഞു ഗീത പറഞ്ഞു.
“പാവം,നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മേമൻ”
നായർ മനസ്സിൽ വിചാരിച്ചു,പാവങ്ങൾ,ഇങ്ങനെയും മനുഷ്യർ ഉണ്ട്,ഈശ്വര അവരുടെ ഊര്,ഒന്നും വരുത്തല്ലേ.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 

യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഷിബു മാത്യൂ
ലിവര്‍പൂളില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം കഴിഞ്ഞിട്ട് അഴ്ച്ചകള്‍ പിന്നിട്ടിട്ടും കലോത്സവത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍

ജേക്കബ്ബ് കുയിലാടന്‍ (സംവിധായകന്‍)

ഇപ്പോഴും സജ്ജീവമാണ്. രൂപതയുടെ കീഴിലുള്ള എട്ട് റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍

മാറ്റുരച്ച ബൈബിള്‍ കലോത്സവം സീറോ മലബാര്‍ രൂപതയുടെ തന്നെ എറ്റവും വലിയ കാലാത്സവമായി മാറിയിരുന്നു. എല്ലാ റീജിയണുകളും എടുത്തുപറയത്തക്ക നിലവാരത്തിലുള്ള കലാപ്രകടനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും പ്രസ്റ്റണ്‍ റീജിയണിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ അവതരിപ്പിച്ച ടാബ്‌ളോ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ . ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപമായി സ്റ്റേജില്‍ അവതരിക്കപ്പെട്ടപ്പോള്‍ തല കീഴായി പത്രോസിനെ കുരിശില്‍ തറച്ച സംഭവ കഥയുടെ ദൃശ്യാവിഷ്‌ക്കാരം നേടിയത്

ജെന്റിന്‍ ജെയിംസ്‌

നിലയ്ക്കാത്ത കയ്യടിയും ആര്‍പ്പുവിളികളുമായിരുന്നു. ഒടുവില്‍ കാണികള്‍ വിധിയെഴുതിയതു പോലെ തന്നെ മത്സരത്തില്‍ ഒന്നാംസ്ഥാനവും ലഭിച്ചു.

യേശുക്രിസ്തുവുമുള്‍പ്പെട്ട പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സാധാരണയായി ബൈബിള്‍ കലോത്സവങ്ങളിലെ ടാബ്‌ളോകളില്‍ അരങ്ങേറാറുള്ളത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥതമായ ഒരിനമാണ് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ലിവര്‍പൂളില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചത്. ഇതേക്കുറിച്ചുള്ള മലയാളം യുകെയുടെ ചോദ്യത്തോട് ഒന്നാം സ്ഥാനം നേടിയ ടാബ്‌ളോയുടെ സംവിധായകന്‍ ജേക്കബ് കുയിലാടന്‍ പ്രതികരിച്ചതിങ്ങനെ.

റീജണല്‍ കലാമേളയിന്‍ മത്സരിക്കാന്‍ പേര് കൊടുത്തു എന്നതിനപ്പുറം ഒന്നും നടന്നിരുന്നില്ല. പേര് കൊടുത്ത സ്ഥിതിക്ക് മത്സരിക്കണം എന്ന ചിന്ത വന്നതുതന്നെ

ടോമി കോലഞ്ചേരി

കലാമേളയുടെ രണ്ട് ദിവസം മുമ്പാണ്. പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും പതിവില്‍ നിന്നും വ്യത്യസ്തമായ

ജിജി ജേക്കബ്ബ്‌

ഒരിനമായിരുന്നു മനസ്സില്‍ ആഗ്രഹിച്ചിരുന്നത്. യേശുക്രിസ്തുവിനു ശേഷവും എന്നാല്‍ അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു വിഷയമാകണം അവതരിപ്പിക്കാന്‍. അങ്ങനെയിരിക്കുന്ന സമയത്താണ് പത്രോസിനെ തലകീഴായി കുരിശില്‍ തറയ്ക്കുന്ന ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നത്. പത്രോസിനെ തലകീഴായിട്ടാണ് കുരിശില്‍ തറച്ചു കൊന്നത് എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ചിത്രകാരന്മാരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ സമൂഹത്തില്‍ വിരളമാണുതാനും. അതു കൊണ്ടു തന്നെ ഒരു മത്സരത്തിന് പറ്റിയ വിഷയമാണെന്നു തോന്നി. അപ്പോള്‍ തന്നെ ഞങ്ങളുടെ അച്ചന്‍ ഫാ. മാത്യൂ മുളയോലിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വളരെ പോസിറ്റീവായിട്ടുള്ള ഒരു മറുപടിയാണ് അദ്ദേഹം ഞങ്ങള്‍ക്ക് തന്നത്. പിന്നീട് നടന്നതെല്ലാം പെട്ടെന്നായിരുന്നു. റീജിയണല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കെ നേരില്‍ കണ്ട സുഹൃത്തുക്കളെ കൂട്ടി മത്സരിക്കാന്‍ പാകത്തിന് ഒരു ദൃശ്യവിഷ്‌ക്കാരം. അത് റീജിയണില്‍ അവതരിപ്പിച്ചു. ഒന്നാമതെത്തുകയും ചെയ്തു.

രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസമായിരുന്നു റീജിയണിലെ വിജയം. തല കീഴായി കുരിശില്‍ തൂക്കിക്കൊന്ന വി.

ഡെന്നീസ് ചിറയത്ത്‌

പത്രോസിന്റെ മരണം ചുരുക്കം ചില ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളിലെ രൂപ സാദൃശ്യങ്ങളോട് ചേരുന്ന വ്യക്തികളെ കണ്ടു പിടിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഞങ്ങളുടെ ഇടവകയിലെ കലാകാരന്മാര്‍

സ്വീറ്റി രാജേഷ്‌

തന്നെ മുന്നോട്ട് വന്നു. ഏഴ് പേര്‍ ഈ കലാസൃഷ്ടിയില്‍ അണി ചേര്‍ന്നു. പിന്നെ കുറച്ച് റിഹേഴ്‌സലുകള്‍ ആവശ്യമായി വന്നു. അതുപോലെ കോസ്റ്റൂമും. ഇതെല്ലാം ഞങ്ങളുടെ പള്ളിയില്‍ ഫാ. മാത്യൂ മുളയോലിയുടെ സഹായത്താല്‍ നടന്നു. ഒടുവില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലാത്സവത്തില്‍ കര്‍ത്താവിനു ശേഷം കര്‍ത്താവിനു വേണ്ടി തലകീഴായി കുരിശില്‍ മരിച്ച പത്രോസിനെ ഞങ്ങള്‍ അവതരിപ്പിച്ചു. ഒന്നാമതും എത്തി.

വളരെ വ്യത്യസ്തമായ ഒരു ചിന്ത. ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപങ്ങളായപ്പോള്‍ അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത്, എന്തിനും തയ്യാറായി നില്ക്കുന്ന ഒരു സമൂഹം ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ലീഡ്‌സില്‍ എന്നും തയ്യാറായി നില്ക്കുന്നുണ്ട് എന്നുള്ളതാണ്. അതിന് വ്യക്തമായ തെളിവാണ് മണിക്കൂറുകള്‍ അവശേഷിക്കെ മനസ്സില്‍ വന്ന ചിന്തകളില്‍ നിന്ന് ഉടലെടുത്ത ഈ ടാബ്ലോ. അതില്‍ കഥാപാത്രങ്ങളായ കലാകാരന്മാരെ പ്രിയ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താതെ പോകുന്നതും ശരിയല്ല. ഇത് രൂപതയുടെ കീഴിലുള്ള മറ്റ് മിഷനുകള്‍ക്ക് പ്രചോതനമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ജോയിസ് മുണ്ടെയ്ക്കല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്.
രൂപതാധ്യക്ഷന്റെ മുഴുവന്‍ സമയ സാമീപ്യം, ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍, സത്യസന്ധമായ വിധി നിര്‍ണ്ണയം,

ജോജി കുബ്‌ളന്താനം

അയ്യായിരത്തോളം വരുന്ന പ്രേക്ഷകര്‍, പതിനൊന്ന് സ്റ്റേജുകള്‍, ദിവസം നീണ്ട് നിന്ന പ്രാത്ഥനാ ശുശ്രൂഷകളും ദിവ്യബലിയും, കൃത്യമായ സമയനിഷ്ട, ഭക്ഷണക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഏറ്റവുമൊടുവില്‍ അടുത്ത വര്‍ഷത്തിലെ ബൈബിള്‍ കലോത്സവത്തിന്റെ പ്രഖ്യാപനവും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ദൂരക്കാഴ്ച സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പ്രധാന ഘടകമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബ്ലാക്ക് ഫ്രൈഡേ എത്തിയിട്ടില്ല. എന്നാൽ അതിനുമുമ്പേ ആ ദിനത്തെപ്പറ്റിയുള്ള ആകാംഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഈ വർഷം നവംബർ 29നാണ് ബ്ലാക്ക് ഫ്രൈഡേ. ഒരു ദിനം കൂടി ശേഷിക്കെ ബ്ലാക്ക് ഫ്രൈഡേ വില്പനകളും വിലകുറവുകളും ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമായും വിമാന കമ്പനികൾ തന്നെ ‘ഡിസ്‌കൗണ്ടുകൾ’ നൽകാൻ തുടങ്ങിക്കഴിഞ്ഞു. വിലകുറഞ്ഞ യാത്രയാണ് ഇതിലൂടെ സാധ്യമാകുന്നത്. 2020 ൽ യൂറോപ്പിലേക്ക് ഒരു യാത്ര നടത്താമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എമിറേറ്റ്സ്, ഖത്തർ എയർവേസ്, അയർലണ്ടിലെ എയർ ലിംഗസ്, സ്കാൻഡിനേവിയൻ എയർലൈൻസ് എന്നീ ഭൂഖണ്ഡത്തിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്രകൾ വാഗ്ദാനം ചെയ്യുന്നു.

എമിറേറ്റ്സിന്റെ ഏറ്റവും വിലകുറഞ്ഞ ഡീലുകൾ തുടങ്ങുന്നത് 499 ഡോളർ മുതലാണ്. നവംബർ 27 മുതൽ നവംബർ 30 വരെയാണ് ഈ ഓഫർ. ബോസ്റ്റൺ, ഹ്യൂസ്റ്റൺ, ലോസ്റ്റ്‌ ആഞ്ചലസ്‌, ന്യൂയോർക്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, വാഷിംഗ്ടൺ ഡുള്ളസ് തുടങ്ങി പല ഹബ്ബുകളിൽ നിന്നും വിമാനങ്ങൾ ലഭ്യമാണ്.


ഖത്തർ എയർവേസ്‌ അതിന്റെ 10 യുഎസ് ഹബ്ബുകളിൽ നിന്നും അഡ്‌ലെയ്ഡ്, ഡാ നാങ് , ബാലി , നെയ്‌റോബി, പെർത്ത് , ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രകളിൽ 150 ഡോളർ വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ബിസിനസ് ക്ലാസ്സ്‌ സ്യൂട്ടുകളിൽ മികച്ച സൗകര്യങ്ങളോടൊപ്പം ബ്ലാക്ക് ഫ്രൈഡേ വിൽപ്പന സമയത്ത് അവിടെ 300 ഡോളർ വരെ കിഴിവും നൽകുന്നു. കൂടാതെ ബാങ്കോക്ക് , ജോഹന്നാസ്ബർഗ്, മെൽബൺ , കെയ്‌റോബി എന്നിവിടങ്ങളിലേക്കുള്ള യാത്രയിലും ഈ ഓഫർ ലഭ്യമാണ്. ഡിസംബർ 1 വരെ വില്പന ഉണ്ട്. qatarairways.com ൽ കയറി നിങ്ങൾക്ക് ബുക്ക്‌ ചെയ്യാവുന്നതാണ്.

സ്കാൻഡിനേവിയൻ എയർവേസ് ആണ് വ്യത്യസ്ത ഡീലുകൾ മുന്നോട്ട് വയ്ക്കുന്നത്. പൊതുവെ വിലക്കുറവ് നൽകുന്ന കമ്പനിയാണിത്. എല്ലാ യുഎസ് ഹബ്ബുകളിൽ നിന്നും ലണ്ടൻ, പാരീസ്, ഏതെൻസ്, ബാർസിലോണ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ 449 ഡോളറിനു താഴെ ലഭ്യമാണ്. നവംബർ 26 മുതൽ ഡിസംബർ 5 വരെയാണ് ഈ ഓഫർ. ജനുവരി 8 മുതൽ മെയ്‌ 14 വരെ എയർലൈൻസിന്റെ ഗോ ലൈറ്റ് ഫെയർ ക്ലാസ്സിൽ സഞ്ചരിക്കുന്നതാണ് ഉചിതം.

എയർ ലിംഗസിന്റെ ഓഫർ നവംബർ 26 മുതൽ ഡിസംബർ 3 വരെയാണ്. 100 ഡോളർ വരെ യാത്ര നിരക്കിൽ ഇളവുണ്ട്. യൂറോപ്പ്, ഡബ്ലിൻ, റോം, ലിസ്ബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഈ ഓഫർ വർധിക്കും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെസ്റ്റ് സസെക്സ് : കാത്തിരിപ്പിന് വിരാമം…105മില്യൺ പൗണ്ട് സെൽസി ദമ്പതികൾക്ക് സ്വന്തം. യൂറോമില്യൺസ് ജാക്ക്പോട്ട് വിജയികൾ രംഗത്ത്. വെസ്റ്റ് സസെക്സിൽ നിന്നുള്ള സ്റ്റീവ് തോംസൺ (42), ഭാര്യ ലെങ്ക (41) എന്നിവരാണ് ഈ വർഷം യുകെയിൽ ആറാമത്തെ ജാക്ക്‌പോട്ട് സമ്മാന ജേതാക്കളായതെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. തോംസൺ ഒരു ബിൽഡർ ആണ്. ഭാര്യ ലെങ്ക ഒരു കടയിൽ ജോലിചെയ്യുന്നു. ദേശീയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിന്റെ 25-ാം വാർഷികമായ നവംബർ 19 ന് അവരുടെ ടിക്കറ്റ് 105,100,701.90 പൗണ്ട് നേടി. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ ഒപ്പം ലക്കി സ്റ്റാർ നമ്പറുകൾക്കായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.

താൻ വിജയിച്ചെന്ന് മനസ്സിലായപ്പോൾ ഒരു ഹൃദയാഘാതം ഉണ്ടായ അനുഭവം ആയിരുന്നുവെന്ന് തോംസൺ പറഞ്ഞു. ഔദ്യോഗിക സമ്മാനദാന ചടങ്ങിൽ ചെക്ക് കൈമാറുകയുണ്ടായി. ഇതെന്റേതാണെന്നെ കരുതുന്നുവെന്ന് തോംസൺ സന്തോഷവാനായി പറഞ്ഞു. പുതിയ വസ്ത്രം വാങ്ങിയെന്നും ഹെയർകട്ട്‌ നടത്തിയെന്നും അദ്ദേഹം സമ്മതിച്ചെങ്കിലും ഇതുവരെ വലിയ വാങ്ങലുകളൊന്നും നടത്തിയിട്ടില്ലെന്നും തോംസൺ വെളിപ്പെടുത്തി. സമ്മാനം നേടിയെങ്കിലും ഉടനെ ജോലി ഉപേക്ഷിക്കാൻ ഉദ്ദേശ്യം ഇല്ലെന്നാണ് തോംസൺ അറിയിച്ചത്. സെൽസി പ്രദേശത്ത് തന്നെ താമസിക്കാനാണ് തങ്ങൾ പദ്ധതിയിട്ടിരിക്കന്നതെന്നും പണം സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടുമെന്നും ദമ്പതികൾ അറിയിച്ചു. അതോടൊപ്പം സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം തന്റെ കുടുംബം ഒരു നല്ല ക്രിസ്മസിനായി കാത്തിരിക്കുകയാണെന്ന് തോംസൺ പറഞ്ഞു.

അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം 

യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ വൻ പ്രതിസന്ധി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വർഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു നൂറ്റാണ്ടായി വൈദ്യുതി ഉൽപാദനത്തിൽ കൽക്കരി വ്യവസായം വലിയ പങ്ക് വഹിച്ചിരുന്നു. വികസിത രാജ്യങ്ങളായ യുകെ , അമേരിക്ക, സൗത്ത് കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഉൽപാദനത്തിൽ ഉള്ള വലിയ കുറവ് ഈ മേഖലയിലെ തകർച്ച സൂചിപ്പിക്കുന്നു. മറ്റ് രീതികളിലൂടെ ചെറിയ ചിലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നതുകൊണ്ട് തന്നെ കൽക്കരി യിലൂടെയുള്ള വൈദ്യുതി ഉത്പാദനത്തിനുള്ള സ്വീകാര്യത കുറയുന്നു. മുൻ വർഷങ്ങളിൽ വൈദ്യുതി ഉത്പാദനത്തിൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ചൈനയിൽ ഉൽപാദനം കൂടിയിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യയിലും ചൈനയിലും ഉൽപ്പാദനത്തിൽ കുറവ് നേരിട്ടു. ഇതിൽ ചൈനയിലെ അവസ്ഥ രൂക്ഷമാണ്. ചൈനയിലെ വൈദ്യുതിയുടെ ആവശ്യകത 6.7 % നിന്നും 3% ലേക്ക് കുറഞ്ഞു. ഇത്തവണത്തെ കണക്കനുസരിച്ച് കൽക്കരി പ്ലാന്റുകളുടെ കളുടെ ഉപയോഗം 49 % മാത്രമാണ്.


കാറ്റാടി പാടങ്ങൾക്കും സോളാർ പ്ലാന്റുകൾക്കുമായുള്ള 2019ലെ ചൈനീസ് പദ്ധതികൾ 2020 -ൽ -പൂർത്തിയാകുമ്പോൾ കൽക്കരി പ്ലാന്റുകൾ വലിയ തിരിച്ചടി നേരിടും. യു.എസ്. കൽക്കരി വ്യവസായത്തിന്റെ വീണ്ടെടുപ്പിനായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ നടത്തിയെങ്കിലും ഏറ്റവും കുറവ് ഉല്പാദനം അമേരിക്കയിലാണ്. കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൽക്കരിയിലൂടെയുള്ള വൈദ്യുതി ഉൽപാദനം കൂടുതലാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ ഉൽപാദനത്തിൽ വർദ്ധനവുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ആവശ്യകത കുറവാണ്.

RECENT POSTS
Copyright © . All rights reserved