ബ്രെക്സിറ്റ് എളുപ്പത്തിൽ നടക്കുവാൻ വേണ്ടി പാർലമെന്റ് പിരിച്ചുവിടണമെന്ന് ടോറി പാർട്ടിപ്രവർത്തകനും എംപിയും ആയിരിക്കുന്ന ഡൊമിനിക് റാബ് ജൂൺ 6ന് വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ ഒക്ടോബർ 31ന് വിടും എന്ന് ഉറപ്പു വരുത്തുന്നതിനും മറ്റ് എംപിമാർ ബ്രെക്സിറ്റിനെ തടയാനോ വൈകിപ്പിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതിനു വേണ്ടിയാണെന്നും ഇപ്രകാരം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ എതിർത്ത് ഹൗസ് ഓഫ് കോമൺസിലെ സ്പീക്കർ ജോൺ ബെർക്കോവ് രംഗത്ത് എത്തുകയുണ്ടായി.പാർലമെന്റിനെ പിരിച്ചുവിടുന്നത് ഒരു കാരണവശാലും നടക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “നോ ഡീൽ ബ്രെക്സിറ്റ് ഒരു വോട്ടെടുപ്പിലൂടെ അല്ലാതെ നടക്കില്ല. രാജ്യം ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, റാബിന്റെ ഈ തീരുമാനം ഒരു പരിഹാരമാവില്ല.” ബെർക്കോവ് തുറന്നുപറഞ്ഞു.
ബെർക്കോവിന്റെ അഭിപ്രായവുമായി മറ്റ് എംപിമാരും യോജിക്കുന്നു.മൈക്കിൾ ഗോവും ബോറിസ് ജോൺസണും മാറ്റ് ഹാൻഡ്കൊക്കും റാബിന്റെ ഈ ഒരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റെവാർട്ട് ഈ ഒരു നിർദ്ദേശത്തെ ‘ജനാധിപത്യവിരുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. പല ടോറി പാർട്ടി നേതാക്കളും ഇതിനോടകം പ്രതികരിച്ചു. റാബിന്റെ ഈ തീരുമാനത്തെ ‘ശുദ്ധ മണ്ടത്തരം’ എന്നാണ് ആംബർ റൂഡ് വിശേഷിപ്പിച്ചത്.
” പാർലമെന്റ് പിരിച്ചു വിടുവാൻ തീരുമാനിക്കുന്നത് രാജ്ഞിയാണ് ” കോമൺസിന്റെ നേതാവ് മെൽ സ്ട്രയിഡ് വ്യക്തമാക്കി. ഇപ്പോഴത്തെ പാർലമെന്റ് 2017 മുതൽ പ്രവർത്തിക്കുന്നു. തെരേസ മേയുടെ രാജിയോടെ പ്രധാനമന്ത്രിയാവാൻ പല നേതാക്കളും രംഗത്തുണ്ട്. ഇവർ പല വാഗ്ദാനങ്ങളും ആണ് ജനങ്ങൾക്ക് നൽകുന്നത്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുന്ന ഈ സമയത്ത് തുടർന്ന് എന്തൊക്കെ സംഭവിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ രാഷ്ട്രീയസാഹചര്യം ദിനങ്ങൾ കഴിയുന്തോറും കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെയൊക്കെ വ്യക്തമാണ്.
ബ്രക്സിറ്റിന്റെ അന്തിമ സമയപരിധിയായ ഒക്ടോബർ 31 ന് മുൻപായി ബ്രിട്ടണിലെ ഏകദേശം 70, 000 ഇറ്റാലിയൻ വംശജർ പൗരത്വത്തിനായി അപേക്ഷ നൽകി. ഇവരോടൊപ്പം അപേക്ഷ നൽകിയവരിൽ പോളണ്ട് വംശജരും റൊമാനിയൻ വംശജരും ഉൾപ്പെടും. ഏകദേശം 3.8 മില്യൺ യൂറോപ്യൻ വംശജരാണ് ബ്രിട്ടണിൽ നിലവിൽ താമസിക്കുന്നത്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിൽ പൗരത്വ ത്തിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ജനുവരി മാസം 21 മുതൽ തന്നെ ബ്രിട്ടണിലെ യൂറോപ്യൻ വംശജർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള സാഹചര്യം ഏർപ്പെടുത്തി എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്. ഇതിൽ ഇറ്റലി, പോളണ്ട്, റൊമാനിയ എന്നിവരാണ് അപേക്ഷിക്കുന്നവരിൽ അധികവും എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് ബ്രക്സിറ്റിനു ശേഷവും യൂറോപ്യൻ വംശജർക്ക് നിയമപരിരക്ഷ ലഭിക്കുന്നതിന് ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് ഏകദേശം 7,50000 യൂറോപ്യൻ വംശജരാണ് മെയ് മാസം വരെ പൗരത്വത്തിന് അപേക്ഷിച്ചത്. ഈ കണക്കുകൾ അനുസരിച്ച് ബ്രിട്ടണിലെ ഇറ്റാലിയൻ വംശജരിൽ അധികവും സ്വദേശത്തേക്ക് മടങ്ങി പോകാനുള്ള സാധ്യത കുറവാണ്.
പൗരത്വത്തിനായുള്ള അപേക്ഷ ലളിതമാണ്. ഏകദേശം നാല് ദിവസം കൊണ്ട് തന്നെ ഈ പ്രക്രിയ പൂർത്തിയാകും. അതിനാൽ ബ്രിട്ടണിലെ ഒട്ടു മിക്ക യൂറോപ്യൻ വംശജരും അപേക്ഷകൾ നൽകി കഴിഞ്ഞിരിക്കുന്നു. ലഭിച്ചതിൽ 99.9% അപേക്ഷകളും അംഗീകരിക്കപ്പെട്ടു എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്.
50 മില്യൺ പൗണ്ട് ചിലവാക്കി ഹീത്രൂവിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന സ്കാനെറുകൾ സ്ഥാപിക്കുന്നത് .ആളുകൾക്ക് ഇനി മുതൽ അവരുടെ ക്യാബിൻ ബാഗുകളിൽ തന്നെ ലാപ്ടോപുകളും, ദ്രാവകരൂപത്തിലുള്ള ലഗേജു കളും സൂക്ഷിക്കാനാകും. അത്രമാത്രം ശക്തമായ സ്കാനെറുകൾ ആയിരിക്കും സ്ഥാപിക്കുക. 50 മില്യൺ മുതൽ മുടക്കിൽ 2022 ഓടുകൂടി സ്കാനെറുകൾ സ്ഥാപിക്കുവാൻ കഴിയുമെന്ന് ഹീത്രൂ വിമാനത്താവള അധികൃതർ പറഞ്ഞു.അവയവങ്ങളും ടിഷ്യുകളും പരിശോധിക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന കംപ്യുട്ടർ ടോമോഗ്രഫി എയർക്രാഫ്റ്റുകളിൽ സംഭരിച്ചിട്ടുള്ള ലഗേജ് പരിശോധിക്കാൻ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.
സാധാരണ X- റേ ഉപകരണങ്ങളേക്കാൾ ഉയർന്ന വേഗതയിൽ വിശദമായ, ത്രിമാന ചിത്രങ്ങൾ നിർമ്മിക്കുവാൻ ഈ പുതിയ സ്കാനെറുകൾക്ക് കഴിയും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിണ്ട ക്യൂവിൽനിന്നു ആളുകൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പറ്റുമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു . ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളൂം ഈ മാതൃക പിന്തുടരുവാൻ ആലോചന ആരംഭിച്ചുകഴിഞ്ഞു. എയർപോർട്ടുകളെ കൂടുതൽ സുരക്ഷയിലാഴ്ത്തുവാൻ ഈ സ്കാനറുകൾക്കു കഴിയും .സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വിമാനങ്ങൾ തകർക്കാൻ ഭീകരർ ശ്രമിച്ചതിനു ശേഷം 2006 ലാണ് ഇവയ്ക്ക് നിരോധനം നിലവിൽ വന്നത്.എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും ഇനി മുതൽ ബാഗുകളിൽ സൂക്ഷിക്കാനാകും.
മലയാളി നേഴ്‌സ് സ്വിൻഡനിൽ നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിയാണ് മരണപ്പെട്ട നേഴ്‌സ് മറിയം. അടൂർ ഏഴാകുളം സ്വദേശിയായ സ്റ്റീഫൻ ഇമ്മാനുവലിന്റെ ഭാര്യയാണ്. 48 വയസ്സ് പ്രായമുണ്ടായിരുന്നു. മറിയം സ്റ്റീഫൻ ദമ്പതികൾക്ക് അചോഷ, ആൻഡ്രൂ എന്ന് രണ്ടുമക്കൾ ഉണ്ട്. ഇവർ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.
ശാരീരികാസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മിറിയത്തിന് ഡോക്ടർ കൂടുതൽ ടെസ്റ്റുകൾ നടത്തിയതോടെയാണ് ലിവർ ക്യാൻസറാണെന്ന് വെളിപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയായിരുന്നു.
വർഷങ്ങളായി സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയുകയായിരുന്നു മരിച്ച മറിയം. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ സജീവപ്രവർത്തകരാണ് സ്റ്റീഫനും കുടുംബവും.
സ്‌നേഹനിധിയായ വീട്ടമ്മയുടെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബങ്ങൾക്ക് ഒപ്പം വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ കൂട്ടായ്മ്മയും. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാളി കുടുംബങ്ങളും ആശുപത്രിയിലെത്തിയിരുന്നു.
ലോകത്തിലെ തന്നെ മികച്ച കാർ കമ്പനികളിൽ ഒന്നായഫോർഡ് വെയിൽസിലെ ബ്രിജൻഡ് പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങുന്നു.പുറത്തുവന്നിരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പ്ലാന്റ് ഇന്ന് പൂട്ടാനാണ് സാധ്യത. ഇതുമൂലം 1700 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലെ രണ്ടു സ്ഥലങ്ങളിലായി ഏകദേശം 1.3 മില്യൺ എൻജിനുകളാണ് ഫോർഡ് നിർമ്മിക്കുന്നത്. ഒന്ന് ബ്രിഡ്ജിലും മറ്റൊന്ന് ടാഗൻഹാമിലും. ഇതിലൊന്നാണ് അടച്ചുപൂട്ടലിന് വക്കിലെത്തി നിൽക്കുന്നത്. ഈ വിവരം ഫോർഡ് കമ്പനി തന്നെ ഇന്ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. പല യൂണിയൻ നേതാക്കളുമായി ഫോർഡ് ഇന്ന് മീറ്റിംഗ് നടത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏകദേശം ഏഴായിരത്തോളം പേരുടെ ജോലി നഷ്ടപ്പെടുമെന്ന് കഴിഞ്ഞ മാസം തന്നെ ഫോർഡ് അറിയിച്ചിരുന്നു. ജർമനിയിലെ കമ്പനിയിൽനിന്ന് 5000ത്തോളം ആളുകളെയാണ് പിരിച്ചുവിട്ടത്. തുടർന്നാണ് ഫോർഡിന്റെ ഈ നീക്കം. പിരിച്ചുവിടലിന്റെ കാരണം ബ്രെക്സിറ്റ് തന്നെയാണെന്നാണ് വിലയിരുത്തൽ.ഫോർഡിന്റെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ഫോർഡ് കാർ നിർമാണത്തിന് ഒരു തിരിച്ചടിയാകും. ബ്രിജൻഡിൽ നിർമ്മിക്കുന്ന എൻജിൻ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.ഇത് ഇല്ലാതാകുമ്പോൾ കാർ നിർമ്മാണവും മന്ദഗതിയിലാവും. ഒപ്പം ജാഗ്വാർ, ലാൻഡ്റോവർ എന്നീ കമ്പനികളുടെ തിരിച്ചുവരവും ഫോർഡിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജാപ്പനീസ് കാർ ഭീമന്മാരായ ഹോണ്ട സ്വിൻഡനിലെ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കൂടാതെ നിസാൻ കമ്പനിയും അവരുടെ പല മോഡലുകളും ബ്രിട്ടനിൽ പുറത്തിറക്കില്ല എന്ന തീരുമാനത്തിലാണ്. ഇതൊക്കെയും ബ്രിട്ടനിലെ കാർ വ്യവസായത്തിന് വൻ നഷ്ടമാണ് സമ്മാനിക്കുന്നത്.പുനർരൂപീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴിൽ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവഴി ഒരു നിശ്ചിത തുക ഫോർഡ് ലാഭം ഉണ്ടാക്കുന്നുണ്ട്. 2016ൽ ബ്രിജൻഡിലെ പ്ലാൻറ്റിനായി 181 മില്യൺ പൗണ്ട് നൽകാൻ തയ്യാറായെങ്കിലും പിന്നീട് അത് 100 മില്ല്യൻ പൗണ്ട് ആയിട്ട് കുറച്ചു. ബ്രിട്ടനിൽ കാർ കമ്പനി അടച്ചു പൂട്ടുന്നത് പുത്തൻ കാര്യമില്ല. 2013ൽ സതാംപ്ടണിൽ ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്.
ബ്രിജൻഡിലെ പ്ലാന്റ്, എൻജിൻ നിർമ്മാണത്തിൽ വളരെ മുന്നിട്ടു നിന്നിരുന്നു. പ്രധാനമായും ഫോർഡ്, ജാഗ്വാർ, ലാൻഡ്റോവർ എന്നിവയ്ക്കുള്ള എൻജിനുകളാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. എന്നാൽ ഫോർഡിന്റെ ഈ തീരുമാനം കാർ വ്യവസായത്തെ വളർച്ചയ്ക്ക് തിരിച്ചടി തന്നെയാണ്. “ഇന്ന് ഫോർഡുമായിട്ട് ഒരു മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട് . കമ്പനി പൂട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, കമ്പനി അടച്ചുപൂട്ടിയാൽ ഇത് അവിടുത്തെ തൊഴിലാളികളെ ദുരിതത്തിലേക്ക് നയിക്കും.” ബ്രിട്ടനിലെ ട്രേഡ് യൂണിയനായ ജി എം ബിയിലെ ഓർഗനൈസർ ജെഫ് ബെക്ക് ഇപ്രകാരം അഭിപ്രായപ്പെട്ടു. ഇത് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശങ്ക ഉളവാക്കുന്നതാണെന്നും കൂടാതെ ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും അതിനാൽ ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംപി ആയ റെബേക്ക ലോങ്ങ് ബെയ്ലി അറിയിച്ചു. 42 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിജൻഡിലെ പ്ലാന്റ് നിർത്തലാകുന്നത് ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥ താറുമാറാക്കും. ഒപ്പം ഇത് മൂലം തൊഴിൽ പ്രശ്നങ്ങൾ രൂപപ്പെടുമെന്നും ആണ് വിലയിരുത്തൽ.
കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ തീരുമാനം. മെയ് പകുതിയോടെ ആണ് ക്ലാസുകൾ ആരംഭിക്കുന്നത്. ആറു ആഴ്ചകളിൽ നീണ്ടു നിൽക്കുന്ന വേനലവധിക്ക് മുൻപ് ക്ലാസുകൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് . ഈ സമയത്ത് കുട്ടികൾ സ്വതന്ത്രരാകയാൽ അക്രമവാസനകൾക്കുള്ള സാധ്യത അധികമാണ്.
കത്തി കൈവശം വെക്കുന്നതിനെ സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്തുന്നതിന് 11 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ്സുകൾ നൽകുന്നത്. യഥാർത്ഥ ജീവിത അനുഭവങ്ങൾ വെളിപ്പെടുത്തി ആണ് ക്ലാസുകൾ നൽകുന്നത്. ഉദാഹരണമായി കത്തി കൈവശംവെച്ചതിന് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട ഡീൻ അഷേർ എന്ന 20 വയസ്സുകാരന്റെ അനുഭവം ഉൾപ്പെടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു.
ബ്രിട്ടനിലെ ആഭ്യന്തരവകുപ്പും അധ്യാപകരും പി എസ് എച്ച് ഈ യും ചേർന്നാണ് ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 2017 മാർച്ച് മാസം മുതൽ 2018 മാർച്ച് വരെയുള്ള ഒരു വർഷത്തിനുള്ളിൽ 285 കുറ്റകൃത്യങ്ങളാണ് കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്നാണ് ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കാനുള്ള തീരുമാനം. അവധിക്കാലത്ത് കുട്ടികളെ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക എന്നതാണ് ഉദ്ദേശം.
അവധിക്കാലത്ത് കുട്ടികൾ ഗ്യാങ്ങുക കളിലും മറ്റും ചെന്ന് ചേരാനുള്ള സാധ്യത അധികമാണ്. അതിനാൽ കത്തി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് മിഥ്യാധാരണകളെ തിരുത്തി മറ്റ് കാര്യങ്ങളിൽ അവരെ വ്യാപൃതരാക്കി വേനലവധികൾ ചിലവഴിക്കുക എന്നതാണ് ഇത്തരം ക്ലാസുകളിലൂടെ അധ്യാപകരും ഗവൺമെന്റും ഉദ്ദേശിക്കുന്നത്.
ലണ്ടൻ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കൻ പ്രസിഡന്റ്. അമേരിക്കയിൽ ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
“അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാൽ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവര്‍ തയ്യാറാകുന്നുമില്ല,” ട്രംപ് പറഞ്ഞു.
ആഗോള താപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണ് കുറ്റപ്പെടുത്തിയത്. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ട്രംപിന്റെ അന്നത്തെ ആരോപണം.
ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
ആറുമാസത്തിൽ കുറഞ്ഞ കാലയളവിലെ തടങ്കൽ ശിക്ഷ നിർത്തലാക്കാൻ ആലോചിക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക്ക് പറഞ്ഞു . ചെറിയ കുറ്റങ്ങളെ മറ്റുവിധത്തിൽ ശിക്ഷിക്കണമെന്നാണ് അദ്ദേഹത്തിനെ അഭിപ്രായം . വേനലോടുകൂടി ഈ കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്തിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാലയളവിലെ തടങ്കൽ ശിക്ഷ നിർത്തലാക്കുമെന്നു ഗൗക് ഫെബ്രുവരിയിലെ പ്രഖ്യാപിച്ചിരുന്നു.
ആറുമാസത്തിൽ കുറഞ്ഞ ജയിൽശിക്ഷയ്ക്ക് കാര്യമായ ഇളവ് നൽകി സാമൂഹ്യസേവനം പോലെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കുവാനാണ് ആലോചിക്കുന്നന്നത് . ചെറിയ കാലഘട്ടത്തിലെ തടവ് ഇല്ലാതാക്കാൻ അദ്ദേഹം പ്രധാനമായും പറയുന്ന കാരണം അത് ഉദ്ദേശിച്ച ഫലം നൽകുന്നില്ല എന്നതാണ്. അതിനേക്കാൾ പ്രായോഗികമായ ശിക്ഷരീതികളാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. സമൂഹത്തിനും പ്രതിയുടെ മാനസികാരോഗ്യത്തിനും ഒരുപോലെ ഗുണകരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോറി എംപി ഫിലിപ്പ് ഡേവിസ് അടങ്ങുന്ന വിമർശകർ പറയുന്നത് ജയിൽ എന്ന ചെറിയ കനത്ത പ്രഹരം ഇല്ലാതാക്കുന്നത് കുറ്റവാളികൾക്ക് നൽകുന്ന പച്ച സിഗ്നൽ ആകുമെന്നും അവർ വീണ്ടും നിയമലംഘകരാകും എന്നുമാണ്. എന്നാൽ കുറഞ്ഞ കാലയളവിൽ ശിക്ഷ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് ജഡ്ജിയുടെ കണ്ടെത്തൽ. കുറ്റങ്ങളുടെ എണ്ണമോ അതിന്റെ ആവൃത്തിയോ കുറയ്ക്കുന്നില്ല. കുറ്റവാളികളെ മാത്രമല്ല ഈ തീരുമാനത്തിൽ താൻ കണക്കാക്കുന്നത്, ഈ സമൂഹത്തെ മുഴുവൻ ആണ്. ഈ തീരുമാനത്തിലൂടെ സമൂഹത്തിന് ഉതകുന്ന രീതിയിൽ കുറ്റവാളികളുടെ മനസ് മാറ്റി എടുക്കുവാൻ കഴിയും എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
തെറ്റായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരക്കണക്കിനാളുകളാണ് റിട്ടയർമെന്റ് തുക സ്വപ്നം കണ്ടത്. ഇത്തരം പ്രചരണങ്ങൾ പരത്തുന്നത് നിർത്തിവെക്കണമെന്ന് മുൻ പെൻഷൻ മന്ത്രി സ്റ്റീവ് വെബ് ആവശ്യപെട്ടു. കൃത്യമല്ലാത്ത പ്രവചനങ്ങളുൾ മുന്പും ഡിപ്പാർമിന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ നടത്തിയിരുന്നു . എന്നാൽ അവയെല്ലാം ഒറ്റപ്പെട്ട പിശകുകളാണ് എന്നാണ് ഡി ഡബ്ല്യൂ പി അവകാശപ്പെട്ടിരുന്നത് . ഇപ്പോഴത്തെ പെൻഷൻ മിനിസ്റ്റർ മുൻ മിനിസ്റ്റർക്ക് നൽകിയ കത്തിലൂടെയാണ് ഈ വിഷയത്തിന്റെ യഥാർത്ഥ തീവ്രത വെളിപ്പെട്ടത്. പക്ഷെ മൂന്ന് ശതമാനത്തിൽ കൂടുതൽ ആളുകളെ ഇത് സാരമായി ബാധിക്കുന്നതല്ല എന്ന് പെൻഷൻ മിനിസ്റ്റർ ഒപ്പേർമാൻ പറഞ്ഞു. 2016 ൽ ഡി ഡബ്ലിയു പി ആരംഭിച്ച ഓൺലൈൻ പരിശോധന സേവത്തിലൂടെ ആണ് തെറ്റായ പ്രവചനങ്ങൾ നടന്നിരിക്കുന്നത്. ഇപ്പോൾ ഏകദേശം ഒരു ദശലക്ഷം പ്രവചനങ്ങൾ കഴിഞ്ഞിരിക്കുന്നു. പെൻഷൻ ഡാഷ്ബോർഡ് പദ്ധതി നടപ്പാക്കാനുള്ള ഗവൺമെന്റിന്റെ കഴിവിനെ കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഈ വെളിപ്പെടുത്തലിലൂടെ ഉയർന്നുവരും.
റിട്ടയർമെന്റ് ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനായി ആളുകൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ നമ്മൾ പ്രോത്സാഹനം നൽകുന്നു, പുതിയ പെൻഷൻ ഡാഷ്ബോർഡ് അത്തരം ഡാറ്റകളെ ആശ്രയിച്ചിരിക്കും.”ഇപ്പോൾ റോയൽ ലണ്ടനിൽ നയത്തിന്റെ വക്താവായ മിസ്റ്റർ വെബ് ഉന്നയിച്ച ആശയമാണിത്. അതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് തെറ്റായ പെൻഷൻ പ്രവചനങ്ങൾ ലഭിച്ചിട്ടുണ്ടാകാം, ചില കേസുകളിൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ റിട്ടയർമെന്റ് പ്ലാനുകളെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കും.ഇപ്പോൾ പ്രശ്നത്തിന്റെ ഗൗരവത്തെ കുറിച്ച് സർക്കാർ ബോധ്യമുണ്ട് , തെറ്റായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് അടിയന്തിരമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.
വിവരങ്ങൾ തിരക്കുവാൻ ജനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഇത് എത്രമാത്രം സുതാര്യത ഉള്ളതാണ് എന്നതാണ് ഈ അവസരത്തിൽ ഉയർന്നുവരുന്ന ചോദ്യം
ബ്രക്സിറ്റിനു ശേഷമുള്ള യുഎസ്- യുകെ വ്യാപാര ചർച്ചകളിൽ എൻ എച്ച് എസ് (നാഷണൽ ഹെൽത്ത് സർവീസ് ) ഒരു ചർച്ചാ വിഷയമായി മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ത്രിദിന ബ്രിട്ടൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് വിവാദമായ ഈ പ്രസ്താവന അദ്ദേഹം നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാവുന്ന ഒരു “അസാധാരണ” കരാർ സാധ്യമാണ് . . വ്യാപാര ചർച്ചകളിലെല്ലാം എൻ എച്ച് എസ് വിഷയമാകും” എന്ന് അദ്ദേഹം പറഞ്ഞു. തെരേസ മേയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്രംപ് വിവാദ വിഷയങ്ങളെ കുറിച്ചു പ്രസ്താവിച്ചത് . എന്നാൽ സമവായ ചർച്ചകൾ ഉള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.
വാർത്താസമ്മേളനത്തിൽ കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ ഈ പ്രസ്താവന ആശ്ചര്യപ്പെടുത്തി. വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സമവായത്തിലൂടെ ആണ് എത്തിച്ചേരുന്നതെന്നും ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തെരേസ മേയുടെ ഇത്തരത്തിലുള്ള പ്രതികരണം മൂലം ട്രംപ് പിന്നീട് തന്റെ പ്രസ്താവന തിരുത്തി. ഹെൽത്ത് സർവീസിന് ഒരു വാണിജ്യ വിഷയമായി കണ്ടിട്ടില്ല എന്നായിരുന്നു ഗുഡ്മോർണിംഗ് ബ്രിട്ടണ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചത്.
തെരേസ മേ യോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പുകഴ്ത്താനും മറന്നില്ല. തന്നെക്കാൾ മികച്ച ഒരു നേതാവാണ് തെരേസ മേ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എൻ എച്ച് എസിനെ സംബന്ധിക്കുന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെ തുടർന്ന് എൻ എച്ച്എസിനെ ഒരു വിൽപ്പനച്ചരക്കാക്കുക ഇല്ല എന്ന് പ്രതികരണവുമായി ബ്രിട്ടനിലെ പല പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട്.
ബ്രിട്ടനിലെ പല പ്രമുഖ നേതാക്കളും വാർത്താ സമ്മേളനത്തിന് ശേഷം ട്രംപിനെ സന്ദർശിച്ചു. മുൻ ടോറി നേതാവ് ഡങ്കൻ സ്മിത്ത്, നിഗെൽ ഫരാജ് തുടങ്ങിയവർ ഇതിൽ പെടും. പിന്നീട് ചാൾസ് രാജകുമാരനും ഭാര്യക്കും അദ്ദേഹം വിരുന്ന് സൽക്കാരം നടത്തുകയും ചെയ്തു.