Main News

ട്രെയിന്‍ യാത്ര ചെലവേറിയതാകുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ 13 ഇരട്ടി വരെ പണം ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ 20 ഇടങ്ങളിലേക്ക് പീക്ക് ടൈമില്‍ നടത്തിയ യാത്രകളില്‍ കാര്‍ യാത്രയാണ് താരതമ്യേന ചെലവ് കുറഞ്ഞതെന്ന് വ്യക്തമായി. നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനയില്‍ ട്രെയിന്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. ഗതാഗത തടസങ്ങളും കാര്യേജുകളിലെ തിരക്കുമെല്ലാം നിരക്കുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ഏറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറു മാസത്തിനിടെ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഈ സമയത്തും ശരാശരി ഫുള്‍ ടാങ്ക് അണ്‍ലെഡഡ് നിറയ്ക്കാന്‍ 70 പൗണ്ട് മാത്രം മതിയാകും.

ബ്രിട്ടനിലെ ഏറ്റവും വില്‍പനയുള്ള കാറായ ഫോര്‍ഡ് ഫിയസ്റ്റയിലാണ് പെട്രോള്‍പ്രൈസ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പഠനം നടത്തിയത്. 20 യാത്രകളില്‍ ഉണ്ടാകുന്ന ഇന്ധനച്ചെലവാണ് പഠന വിധേയമാക്കിയത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്ത് പീക്ക് ടൈമില്‍ നടത്തിയ റിട്ടേണ്‍ റെയില്‍ യാത്രകളുടെ നിരക്കുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഇവ തമ്മിലുള്ള വ്യത്യാസം വ്യക്തമായി. രാവിലെ 8 മണിക്കായിരുന്നു യാത്രകള്‍. ലൂട്ടണില്‍ നിന്ന് കേംബ്രിഡ്ജിലേക്കും തിരിച്ചും ഇതേ സമയത്തുള്ള ട്രെയിന്‍ യാത്രയ്ക്ക് 84.60 പൗണ്ടാണ് ചെലവായത്. അതേസമയം കാറില്‍ ഈ ദൂരം യാത്ര ചെയ്യാന്‍ ആവശ്യമായി വന്നത് 6.40 പൗണ്ടിന്റെ പെട്രോള്‍ മാത്രമാണ്.

കാറില്‍ 40 മൈല്‍ ദൂരമാണ് ഈ യാത്രയില്‍ സഞ്ചരിക്കേണ്ടി വരുന്നത്. ഈ കേന്ദ്രങ്ങള്‍ തമ്മില്‍ നേരിട്ട് ലിങ്ക് ഇല്ലാത്തതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ലണ്ടനില്‍ ഇറങ്ങി മാറിക്കയറേണ്ട അവസ്ഥയും ഉണ്ട്. ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്രയ്ക്ക് ട്രെയിനില്‍ 327 പൗണ്ടാണ് നല്‍കേണ്ടത്. 398 മൈല്‍ വരുന്ന ഈ യാത്രയ്ക്ക് കാറില്‍ ചെലവാകുന്നത് 33.97 പൗണ്ടിന്റെ ഇന്ധനം മാത്രം. എന്നാല്‍ തടസങ്ങളില്ലെങ്കില്‍ വളരെ വേഗത്തില്‍ ട്രെയിനുകള്‍ എത്തിച്ചേരും എന്ന സൗകര്യവും ഉണ്ട്. ലണ്ടന്‍ യൂസ്റ്റണില്‍ നിന്ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലേക്ക് കാര്‍ യാത്രയേക്കാള്‍ പത്തിരട്ടി പണം നല്‍കേണ്ടി വരുമെങ്കിലും രണ്ടു മണിക്കൂറില്‍ ഇവിടെ എത്തിച്ചേരും. കാറിലാണെങ്കില്‍ നാലു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യേണ്ടി വരും.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്യൂഷേയ്ക്ക് വില്‍ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉടമകളായ ടാറ്റ മോട്ടോഴ്‌സ്. വില്‍പനയ്ക്കായുള്ള നീക്കങ്ങള്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ടാറ്റ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരു കമ്പനികളും ലയിച്ചാലുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റ് സെയില്‍ ഇന്റഗ്രേഷന്‍ ഡോക്യുമെന്റ് ആണ് പുറത്തായത്. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും ടാറ്റ നിഷേധിച്ചെങ്കിലും ഇതിനായുള്ള അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു വില്‍പനയോ വാങ്ങലോ നടക്കാനുള്ള സാധ്യതയിലേക്കാണ് പുറത്തു വന്ന രേഖകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അവര്‍ സൂചന നല്‍കി.

പ്യൂഷേ, സിട്രോണ്‍, വോക്‌സ്‌ഹോള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ പിഎസ്എയും ഇത്തരമൊരു ഇടപാട് നടക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഊഹങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ടാറ്റ വ്യക്തമാക്കിയത്. ഈ അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ അംശം ഇല്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യമുണ്ടാക്കുന്ന ഏതൊരു അവസരത്തിനോടും തുറന്ന വാതില്‍ സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് പിഎസ്എ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറോ മറ്റേതെങ്കിലും കമ്പനിയോ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

തങ്ങളുടെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിന് താല്‍പര്യമുണ്ടെന്ന് പിഎസ്എ തലവന്‍ കാര്‍ലോസ് ടവാരസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെഎല്‍ആര്‍ പരിഗണിക്കാന്‍ സന്നദ്ധനാണെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡീസല്‍ വാഹനങ്ങളുടെ ആവശ്യം ഇടിയുമെന്നതിനാലും ചൈനീസ് മാര്‍ക്കറ്റില്‍ വില്‍പന കുറഞ്ഞതിനാലും യുകെയിലെ 5000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയില്‍ ജെഎല്‍ആര്‍ പ്രഖ്യാപിച്ചിരുന്നു.

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തി കൗണ്‍സില്‍. ഈസ്റ്റ് എയര്‍ഷയര്‍ കൗണ്‍സിലാണ് എല്ലാ ഹൈസ്‌കൂളുകളിലും ഇത് നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യം അലക്ഷ്യമായി ഇടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 പൗണ്ട് ഈടാക്കാനാണ് നിര്‍ദേശം. അധികൃതരുടെ മേല്‍നോട്ടത്തില്‍ മാലിന്യം ശരിയായ വിധത്തില്‍ സംസ്‌കരിക്കാന്‍ തയ്യാറായാല്‍ ഈ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഗാല്‍സ്റ്റണിലെ ലൗഡന്‍ അക്കാഡമിയില്‍ നടത്തിയ ട്രയല്‍ വിജയകരമായ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഇത് വ്യാപകമാക്കുന്നതിന് അംഗീകാരം നല്‍കിയത്.

റബ്ബിഷ് പാര്‍ട്ടി കൗണ്‍സിലറായ സാലി കോഗ്ലിയാണ് ഈ ക്യാംപെയിനിന് നേതൃത്വം നല്‍കിയത്. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് അവര്‍ പറഞ്ഞു. യുകെയില്‍ ഇതുവരെ നടപ്പിലാകാത്ത കാര്യമാണ് ഈസ്റ്റ് എയര്‍ഷയറില്‍ സംഭവിക്കുന്നത്. ലൗഡന്‍ അക്കാഡമിയില്‍ കുട്ടികളുടെ മനോഭാവം മാറാന്‍ ഇതു സഹായിച്ചുവെന്ന് അവര്‍ വിശദീകരിച്ചു. വളരെ ശക്തമായ മാറ്റം കുട്ടികളിലുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നും അവര്‍ പറഞ്ഞു. മാലിന്യവും അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി 2017ലാണ് സാലി കോഗ്ലി റബ്ബിഷ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി രൂപീകരിച്ച് രണ്ടു മാസം കഴിഞ്ഞ് മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തിയെങ്കിലും അവ ഒരു കാരണവശാവും കുട്ടികളെ ക്രിമിനലുകളാക്കുകയല്ല ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. മാലിന്യം വലിച്ചെറിയല്‍, നായകളെ പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരീക്ഷണത്തിനായി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ നിയോഗിക്കാനും അവര്‍ കൗണ്‍സിലില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് സ്‌കോട്ട്‌ലന്‍ഡില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. 80 പൗണ്ടാണ് പിടിക്കപ്പെടുന്നവരില്‍ നിന്ന് ഈടാക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ജീവിത ശൈലി കൊണ്ടും പ്രമേഹം പോലുള്ള അസുഖങ്ങളുടെ അനുബന്ധമായും ഹൃദയാരോഗ്യം കുറയുകയും ഹൃദയഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റു പല കാരണങ്ങളാലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ജനിതക കാരണങ്ങള്‍ പോലും ഹൃദ്രോഗങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിത ശൈലി നിയന്ത്രിക്കുകയല്ലാതെ മറ്റൊരു പ്രതിരോധവും ഈ അസുഖത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ ഹൃദയാഘാതത്തെ തളയ്ക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു കുത്തിവെയ്പ്പിലൂടെ മനുഷ്യന് ഹൃദയാഘാതം എന്ന കൊലയാളിയില്‍ നിന്ന് മോചനം നല്‍കുകയെന്നതാണ് ലക്ഷ്യം.

ജീന്‍ തെറാപ്പിയാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. 30-40 വയസിനിടെ ഹൃദയാഘാതമുണ്ടാകുന്ന ജനിതകത്തകരാറുള്ളവരില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മരുന്ന് പരീക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഫലപ്രദമാകുകയാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നായി ലോകമെമ്പാടും ഈ തെറാപ്പി ഉപയോഗിക്കാനാകും. ഹൃദയാഘാത സാധ്യതയുള്ള മുതിര്‍ന്നവരില്‍ ഈ തെറാപ്പി വളരെ പ്രസക്തമാണെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോളജിസ്റ്റും ജനറ്റിറ്റിക്‌സുമായ ശേഖര്‍ കതിരേശന്‍ പറഞ്ഞു. ജനിതകത്തകരാറു മൂലം ഹൃദയാഘാത സാധ്യതയുള്ളവരെ മാത്രമല്ല, എല്ലാ വിധത്തിലുള്ള ഹൃദയാഘാതങ്ങള്‍ക്ക് സാധ്യതയുള്ളവരെയും ലക്ഷ്യമിട്ടാണ് ഈ മരുന്ന് വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതലാളുകള്‍ ഹൃദയാഘാതത്താലാണ് മരിക്കുന്നത്. ഓരോ വര്‍ഷവും 18 ദശലക്ഷം ആളുകള്‍ ഈ രോഗത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹൃദ്രോഗികള്‍ക്ക് രക്തത്തിന്റെ കട്ടി കുറയാനുള്ള മരുന്നുകളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിനുകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുമാണ് നല്‍കി വരുന്നത്. ഈ മരുന്നുകള്‍ മുടങ്ങാതെ ജീവിതകാലം മുഴുവന്‍ കഴിക്കുകയും വേണം.

ല​​​​​ണ്ട​​​​​ൻ: മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്നം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​യി ബ്രി​​​​​ട്ട​​​​​നി​​​​​ലെ വി​​​​​ല്യം, ഹാ​​​​​രി രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്മാ​​​​​രും ഭാ​​​​​ര്യ​​​​​മാ​​​​​രും ചേ​​​​​ർ​​​​​ന്ന് സൗ​​​​​ജ​​​​​ന്യ മെ​​​​​സേ​​​​​ജിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​​സ് ആ​​​​​രം​​​​​ഭി​​​​​ച്ചു. ഷൗ​​​​​ട്ട് എ​​​​​ന്നാ​​​​​ണു പേ​​​​​ര്. ദി​​​​​വ​​​​​സം 24 മ​​​​​ണി​​​​​ക്കൂ​​​​​റും സേ​​​​​വ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ആ​​​​​ത്മ​​​​​ഹ​​​​​ത്യാ പ്ര​​​​​വ​​​​​ണ​​​​​ത​​​​​യ​​​​​ട​​​​​ക്കം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഈ ​​​​​സേ​​​​​വ​​​​​നം തേ​​​​​ടാം. യു​​​​​വ​​​​​ജ​​​​​​​​​​ന​​​​​തയെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് സേ​​​​​വ​​​​​നം തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​ല്യ​​​​​മും ഹാ​​​​​രി​​​​​യും പ​​​​​റ​​​​​ഞ്ഞു.

ഹാ​​​​​രി​​​​​ക്കും ഭാ​​​​​ര്യ മെ​​​​​ഗ​​​​​ൻ മാ​​​​​ർ​​​​​ക്കി​​​​​ളി​​​​​നും പു​​​​​തി​​​​​യ പു​​​​​ത്ര​​​​​നു​​​​​ണ്ടാ​​​​​യ​​​​​ത് ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മു​​​​​ന്പാ​​​​​ണ്. ആ​​​​​ർ​​​​​ച്ചി ഹാ​​​​​രി​​​​​സ​​​​​ൺ മൗ​​​​​ണ്ട്ബാ​​​​​റ്റ​​​​​ൺ-​​​​​വി​​​​​ൻ‌​​​​​ഡ്സ​​​​​ർ എ​​​​​ന്നാ​​​​​ണ് ഈ ​​​​​കു​​​​​ട്ടി​​​​​ക്കു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്

ലണ്ടന്‍: വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘കണ്‍ജഷന്‍ ചാര്‍ജ്’ ഇനത്തില്‍ യു.കെയ്ക്ക് നല്‍കാനുള്ളത് 116.5 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് തുക നല്‍കാനുള്ള പട്ടികയില്‍ ഏറ്റവും മുന്നില്‍. തുക വസൂലാക്കുന്നതിന് കേസ് അന്താരാഷ്ട്ര കോടതിയിലേക്ക് എത്തിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ ശ്രമം. ഇക്കാര്യത്തില്‍ അടുത്തുതന്നെ അന്താരാഷ്ട്ര കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന. അമേരിക്കന്‍ എംബസി ഏതാണ്ട് 12.5 മില്യണ്‍ പൗണ്ടാണ് കണ്‍ജഷന്‍ ചാര്‍ജ് നല്‍കാനുള്ളത്. സെന്‍ട്രല്‍ ലണ്ടനില്‍ ഡ്രൈവ് ചെയ്തതിന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കാനുള്ളത് കോടികളാണ് വ്യക്തമായിട്ടും പിഴ നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടപണ്ട്.

ഇത്രയധികം രൂപ പല രാജ്യങ്ങളും നല്‍കാനുണ്ടായിട്ടും അത് വസൂലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്‍ എംബസി 8.5 മില്യണ്‍ പൗണ്ട്, നൈജീരിയന്‍ ഹൈക്കമ്മീഷന്‍ 7 മില്യണ്‍ പൗണ്ട്, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 6 മില്യണ്‍ പൗണ്ട് എന്നിങ്ങനെയാണ് നല്‍കാനുള്ളത്. വിദേശരാജ്യങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ് പിഴ ഒടുക്കുകയെന്നത്. അവര്‍ അത് പാലിക്കണമെന്നും ക്യാംപെയ്‌നേഴ്‌സ് ആവശ്യപ്പെട്ടു. കണ്‍ജഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത് കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അത് നല്‍കാന്‍ തയ്യാറാവാത്തത് വളരെ മോശപ്പെട്ട കാര്യമായിട്ടാണ് തോന്നുന്നത് ഗ്രീന്‍ പാര്‍ട്ടി, ലണ്ടന്‍ അസംബ്ലി പ്രതിനിധി കരോളിന്‍ റസല്‍ വ്യക്തമാക്കി.

2013ലാണ് കണ്‍ജഷന്‍ ചാര്‍ജ് നിലവില്‍ വരുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് 6 മണി വരെ സെന്‍ട്രല്‍ ലണ്ടനില്‍ വാഹനമോടിക്കുന്നതിനാണ് ഈ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11.50 പൗണ്ടാണ് ഒരു തവണ ഡ്രൈവ് ചെയ്താലുള്ള പിഴ. എന്നാല്‍ പദ്ധതിയുടെ തുടക്കം മുതല്‍ക്കെ ചാര്‍ജ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് മിക്ക വിദേശ നയതന്ത്ര സ്ഥാപനങ്ങളും സ്വീകരിച്ച നിലപാട്. ഒരു ചെറിയ വിഭാഗം സ്ഥാപനങ്ങള്‍ മാത്രമാണ് ചാര്‍ജ് നല്‍കില്ലെന്ന് വാശിപിടിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞു.

ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള ലേബര്‍ പദ്ധതി യുകെയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. ഓരോ പൗരന്റെയും പേരില്‍ രാജ്യത്തിന് പ്രതിവര്‍ഷം 800 പൗണ്ടിന്റെ ബാധ്യതയുണ്ടാകുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ ബന്ധം തുടരുന്നത് യുകെയുടെ ദേശീയ വരുമാനത്തില്‍ 80 ബില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (നീസര്‍) മുന്നറിയിപ്പ് നല്‍കുന്നു. നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും പബ്ലിക് സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് ഉടമ്പടി രൂപീകരിക്കാനായി തെരേസ മേയ് ഗവണ്‍മെന്റും പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ വിഷയം ഉയര്‍ന്നു വരുന്നത്. ബ്രെക്‌സിറ്റിനു ശേഷവും കസ്റ്റംസ് യൂണിയനില്‍ തുടരണമെന്നാണ് ലേബറും നേതാവ് ജെറമി കോര്‍ബിനും വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കുക പോലുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സമവായമെന്ന നിലയിലാണ് കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനുമായി പ്രശ്‌നരഹിതമായ വ്യാപാരം തുടരുന്നതിനായാണ് ലേബര്‍ ഇത് അവതരിപ്പിച്ചത്. ഈ പദ്ധതിയനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും അയര്‍ലന്‍ഡിനുമിടയിലെ അതിര്‍ത്തിയും തുറന്നു കിടക്കും.

ഈ ഡീല്‍ മറ്റു ലോകരാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബാധകമാകുമെന്നതിനാലാണ് ഈ തടസം. കസ്റ്റംസ് യൂണിയനില്‍ തുടരുന്നത് നോ ഡീലിനേക്കാള്‍ കുറഞ്ഞ സാമ്പത്തികത്തകര്‍ച്ചയേ സൃഷ്ടിക്കുകയുള്ളുവെന്നും നീസര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഡീലിലും യുകെയുടെ ജിഡിപിയില്‍ 3.1 ശതമാനത്തിന്റെ ആഘാതം ഏല്‍പ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് നീസര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്യാപറ്റനും സൂപ്പര്‍താരവുമായ ഡേവിഡ് ബെക്കാമിന് ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക്. ബ്രോംലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. തന്റെ ബെന്റ്‌ലി കാറില്‍ മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതിന് ബെക്കാം പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ 750 പൗണ്ട് പിഴയടക്കാനും കോടതി നിര്‍ദേശിച്ചു. ബെക്കാം കോടതിയില്‍ ഹാജരായിരുന്നു. മൊബൈല്‍ ഉപയോഗിച്ചു കൊണ്ടുള്ള ഡ്രൈവിംഗിന് ആറു പോയിന്റുകള്‍ ലൈസന്‍സില്‍ ചേര്‍ക്കുകയായിരുന്നു ഡിസ്ട്രിക്ട് ജഡ്ജ് കാതറിന്‍ മൂര്‍ ചെയ്തത്. നേരത്തേ അമിത വേഗതയ്ക്ക് രണ്ടു തവണ പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ ലൈസന്‍സില്‍ ആറു പോയിന്റുകള്‍ ഉണ്ടായിരുന്നു. അതിനാലാണ് ബെക്കാമിന് ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക് വന്നത്.

ട്രാഫിക് വളരെ കുറഞ്ഞ വേഗതയിലായിരുന്നുവെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് ജഡ്ജ് ബെക്കാമിനോട് പറഞ്ഞു. എന്നാല്‍ അത് നിയമ ലംഘനത്തിന് ന്യായീകരണമാകുന്നില്ല. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകാന്‍ ഇത് ധാരാളം മതിയാകുമെന്നും ആറു മാസത്തേക്ക് വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്ന് താങ്കളെ വിലക്കുകയാണെന്നും ജഡ്ജ് വ്യക്തമാക്കി. ആറു മാസത്തേക്ക് ഒരു തരത്തിലുള്ള വാഹനങ്ങളും ഓടിക്കാന്‍ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ അത് മറ്റൊരു കുറ്റമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വിലക്കിനൊപ്പമാണ് 750 പൗണ്ട് പിഴയും 100 പൗണ്ട് പ്രോസിക്യൂഷന്‍ ചെലവും നല്‍കാന്‍ കോടതി വിധിച്ചത്.

വിധി കേട്ട ശേഷം പ്രതികരിക്കാന്‍ നില്‍ക്കാതെ ബെക്കാം മടങ്ങി. ഡ്രൈവിഗിനിടയില്‍ മടിയില്‍ മൊബൈല്‍ ഫോണ്‍ ഇരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബെക്കാമിനെതിരെ നടപടിയെടുത്തത്. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണോ സാറ്റ് നാവോ ക്യാമറയോ കയ്യിലെടുക്കുന്നത് യുകെയില്‍ കുറ്റകരമാണ്.  ട്രാഫിക് ലൈറ്റുകളില്‍ നിര്‍ത്തുമ്പോളും ഗതാഗതക്കുരുക്കുകളില്‍ കിടക്കുന്ന അവസരങ്ങളിലും മൊബൈല്‍ കയ്യിലെടുക്കാന്‍ പാടില്ലെന്നാണ് നിയമം. ചില നിയമങ്ങള്‍ ഹാന്‍ഡ്‌സ് ഫ്രീ ഡിവൈസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബിനോയി ജോസഫ്, സ്കൻതോർപ്പ്

ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ്  പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല.

കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ്  200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.

ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ്  (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം.  അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം.

വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട്‌ എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.

പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB…. എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.

പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.

പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം.

മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം.

വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം.

ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും.

ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും.

(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)

 

 

 

 

ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് മൂലമുണ്ടായ അണുബാധയില്‍ നിന്ന് ബ്രിട്ടീഷ് പെണ്‍കുട്ടിക്ക് രക്ഷ നല്‍കിയത് ജനിതകമാറ്റം വരുത്തിയ വൈറസ് ഉപയോഗിച്ചുള്ള ചികിത്സ. ഇസബേല്‍ ഹോള്‍ഡവേ എന്ന 17കാരിയാണ് ലോകത്താദ്യമായി ഈ ചികിത്സക്ക് വിധേയയായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശ്വാസകോശം മാറ്റിവെച്ചതിനു ശേഷം ഉണ്ടായ അണുബാധ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ഈ ചികിത്സക്ക് തീരുമാനമെടുത്തത്. ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ 9 മാസത്തോളം ചികിത്സക്കു വിധേയയായ ശേഷം കെന്റിലെ വീട്ടിലേക്ക് പാലിയേറ്റീവ് കെയറിനായി മാറ്റിയിരിക്കുകയായിരുന്നു ഇസബേലിനെ. ഒരു അമേരിക്കന്‍ ലബോറട്ടറിയുമായി ചേര്‍ന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ ചികിത്സ നടത്തിയത്.

ഫേജസ് എന്ന് അറിയപ്പെടുന്ന ബാക്ടീരിയകളെ കൊല്ലുന്ന വൈറസുകളെയാണ് ഈ ചികിത്സക്കായി ഉപയോഗിക്കുന്നത്. മനുഷ്യരില്‍ വളര്‍ന്നു വരുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയായ ആന്റിബയോട്ടിക് പ്രതിരോധത്തെ ചെറുക്കാന്‍ ഈ പുതിയ ചികിത്സാരീതിക്ക് കഴിയുമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ഓണ്‍ലൈനില്‍ ഈ ചികിത്സാരീതിയെക്കുറിച്ച് വായിച്ചറിഞ്ഞ ഇസബേലിന്റെ അമ്മ ജോ ആണ് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ നിര്‍ദേശം വെച്ചത്. കൃത്യ സമയത്ത് ഈ ചികിത്സ ലഭിച്ചതിനാല്‍ തന്റെ കുട്ടി ലോകത്തെ ഏറ്റവും ഭാഗ്യവതിയാണെന്ന് ജോ പറഞ്ഞു. ഇതൊരു അദ്ഭുതമാണ്, വൈദ്യശാസ്ത്രം അവിശ്വസനീയമാണ്, അവര്‍ പറഞ്ഞു.

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതക രോഗമാണ് ഇസബേലിനുണ്ടായിരുന്നത്. ഇതു മൂലം ശ്വാസകോശങ്ങളില്‍ ദ്രവം നിറയുകയും അണുബാധയുണ്ടാകുകയും ചെയ്തിരുന്നു. 2017 സമ്മര്‍ ആയതോടെ കുട്ടിയുടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ രണ്ടു ശ്വാസകോശങ്ങളും മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ അണുബാധയുണ്ടാകുമെന്ന ഭീതിയുണ്ടായിരുന്നു. ശസ്ത്രക്രിയക്കു ശേഷം അണുബാധ രൂക്ഷമായി. ക്ഷയരോഗാണുവിന് സമാനമായ ബാക്ടീരിയ ശസ്ത്രക്രിയാ മുറിവിലും പിന്നീട് കരളിനെയും ബാധിച്ചു. ത്വക്കിലൂടെ ബാക്ടീരിയകള്‍ പുറത്തുവരാനും തുടങ്ങിയിരുന്നു.

RECENT POSTS
Copyright © . All rights reserved