ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബിബിസി, ഐറ്റിവി, സ്കൈ ന്യൂസ്‌ പോലെയുള്ള പ്രമുഖ മാധ്യമങ്ങൾ നടത്തിയ സർവ്വേ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്. എൺപ്പത്തിയാറിന്റെ ഭൂരിപക്ഷത്തോടെ കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 2017-ൽ നടന്ന ഇലക്ഷനിൽ 50 എംപിമാർ അധികം കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ മൊത്തം 368 എംപിമാർ കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാകും. ലേബർ പാർട്ടിക്ക് 191, ലിബറൽ ഡെമോക്രാറ്റുകൾക്കു 13, സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 55 എന്നിങ്ങനെ ലഭിക്കുമെന്നാണ് നിഗമനം. എന്നാൽ ബ്രെക്സിറ്റ്‌ പാർട്ടിക്ക് ഒന്നുംതന്നെ ലഭിക്കുകയില്ലെന്നാണ് സർവേകൾ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഇലക്ഷൻ ഫലം പൂർണ്ണമായി പുറത്തുവരും.

ഇലക്ഷൻ കഴിഞ്ഞ് പുറത്തിറങ്ങി വരുന്ന ആളുകളെ കൊണ്ട് ഒരു മാതൃക ബാലറ്റ് പേപ്പർ പൂരിപ്പിച്ചാണ് എക്സിറ്റ് പോൾ നടത്തുന്നത്. ഇപ്‌സോസ് മോറി എന്ന മാർക്കറ്റ് റിസർച്ച് കമ്പനി ആണ് ഇത്തവണ എക്സിറ്റ്പോൾ നടത്തിയത്. എക്സിറ്റ് പോളുകളുടെ ഫലം സാധാരണയായി ശരിയാവാനുള്ള സാധ്യത അധികമാണ്. എക്സിറ്റ് പോളുകളുടെ ഫലം ശരിയാവുകയാണെങ്കിൽ കൺസർവേറ്റീവ് പാർട്ടി ഒരിക്കൽകൂടി വിജയിക്കുകയും, ബോറിസ് ജോൺസൺ അധികാരത്തിലെത്തുകയും ചെയ്യും. ഇതോടൊപ്പം ഉടൻതന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുകയും ചെയ്യും.

ബ്രെക്സിറ്റ് നടപ്പിലാക്കും എന്നതായിരുന്നു ബോറിസ് ജോൺസന്റെ പ്രചാരണത്തിന്റെ മുഖമുദ്ര. എന്നാൽ വീണ്ടുമൊരു റഫറണ്ടം നടത്തുമെന്ന വാഗ്ദാനമായിരുന്നു ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ നൽകിയത്. ജനങ്ങളെല്ലാം ആകാംക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഇലക്ഷൻ ഫലങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്.