Main News

ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.

ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.

ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.

60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ജോസ് ബട്‍ലറും തൊട്ടുപിന്നാലെ ക്രിസ് വോക്സുമാണ് (നാലു പന്തിൽ രണ്ട്) പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ ടിം സൗത്തി ക്യാച്ചെടുത്താണ് ബട്‍ലറിന്റെ മടക്കം. ഫെർഗൂസന്റെ അടുത്ത ഓവറിൽ വോക്സും മടങ്ങി. 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.

ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ലണ്ടൻ: സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ നാല് ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചു. റോയൽ ജിബ്രാൾട്ടർ പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.

യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പർ ടാങ്കർ ഗ്രേസ് -1 ജിബ്രാൾട്ടർ കടലിടുക്കിൽനിന്ന് ബ്രിട്ടീഷ് റോയൽ മറീനുകൾ പിടിച്ചെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും എണ്ണക്കപ്പൽ മോചിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പർ ടാങ്കറിന്റെ ക്യാപ്റ്റൻ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അവർക്ക് എല്ലാ നിയമ സഹായവും കോൺസുലാർ സഹായവും നൽകുമെന്നും കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കപ്പലിലെ ഇന്ത്യക്കാരായ ജവനക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ യൂണിയൻ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സിറിയയ്ക്കെതിരായ ഉപരോധം 2011 മുതൽ നിലവിലുണ്ട്. ഉപരോധം മറികടന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.

മലയാളം യുകെ ന്യൂസ് ബ്യുറോ

വാഷിംഗ്‌ടണിലെ യുകെ അംബാസഡർ ആയിരുന്ന കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് താക്കീത് നൽകി സ്കോട്ലൻഡ് യാർഡ്. ഇമെയിൽ വിവരങ്ങൾ പുറത്തുവിട്ടാൽ അതൊരു ക്രിമിനൽ കേസ് ആവുമെന്നും അതുവഴി വിചാരണ നേരിടേണ്ടി വരുമെന്നും പത്രപ്രവർത്തകരോട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസു അറിയിച്ചു. ഇത് മാധ്യമങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് എന്ന വാദവുമായി പലരും രംഗത്ത് വന്നു. നീൽ ബസുവിനെ ഒരു ‘വിഡ്ഢി’ എന്ന് ഈവെനിംഗ് സ്റ്റാൻഡേർഡ് എഡിറ്റർ ജോർജ് ഓസ്ബോൺ വിശേഷിപ്പിച്ചു. മറ്റു പത്രപ്രവർത്തകരും എംപിമാരും സ്കോട്ലൻഡ് യാർഡിന്റെ ഈ പരാമർശത്തെ പ്രതികൂലിച്ചു മുന്നോട്ട് വന്നു. “ജനാതിപത്യത്തെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒന്നാണിത്. മെറ്റ് പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യാൻ പോവുകയാണോ? ” ഫിനാൻഷ്യൽ ടൈംസ് യുഎസ് എഡിറ്റർ പീറ്റർ സ്പൈഗേൽ ചോദിക്കുകയുണ്ടായി. സൺ‌ഡേ ടൈംസ് എഡിറ്റർ ടിം ഷിപ്മാനും തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം ഒരു സമീപനം ഒരു ഏകാധിപത്യ ഭരണഘടനയിൽ മാത്രമേ കാണൂ എന്ന് സൊസൈറ്റി ഓഫ് എഡിറ്റർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ മുറെ അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിൽ മറ്റുള്ള രാജ്യങ്ങൾക്ക് യുകെ മാതൃകയാകണമെങ്കിൽ പോലീസിന്റെ ഇത്തരത്തിലുള്ള കടന്നുകയറ്റം ഉണ്ടാകുവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും അവരുടെ അഭിപ്രായങ്ങൾ നൽകുകയുണ്ടായി. മാധ്യമ സ്വാന്തന്ത്ര്യത്തെ പറ്റി ജെറമി ഹണ്ട് ഈയാഴ്ച ഒരു കോൺഫറൻസ് നടത്തിയിരുന്നു. ഈ സംഭവം യുഎസ് യുകെ ബന്ധം തകരുന്നതിന് കാരണമാകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ അദ്ദേഹവും പ്രതിരോധിച്ചു. ബോറിസ് ജോൺസൻ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾക്ക് വിവരങ്ങൾ നൽകുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം ആണ്. അതിനായാണ് അവർ നിലനിൽക്കുന്നതും. കുറ്റവാളിയെ വിധിക്കുന്നത് ശരി തന്നെ. എന്നാൽ മാധ്യമങ്ങളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നത് ശരിയല്ല. ” ലേബർ പാർട്ടി എംപി ജെറമി കോർബിനും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു.

ഒരാഴ്ച മുമ്പാണ് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ആദ്യത്തെ ഗ്ലോബൽ കോൺഫറൻസ്, യുകെയിൽ വെച്ച് നടന്നത്. യുകെയിലെ മാധ്യമങ്ങൾക്ക് വേണ്ടുംവിധം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു സ്വതന്ത്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം മാധ്യമ സ്വാതന്ത്ര്യം ഏറ്റവും പ്രധാനപെട്ട ഒന്നാണ്. കഴിഞ്ഞാഴ്ച ചോർന്ന മെയിലുകളിൽ ആരംഭിച്ച പ്രശ്നം ഒടുവിൽ കലാശിച്ചത് അംബാസഡർ കിം ഡാരോച്ചിന്റെ രാജിയിലാണ്. യുഎസ് ഭരണകൂടത്തെ പരാമർശിച്ചുള്ള കിമ്മിന്റെ മെയിലുകൾ വിവാദത്തിന് വഴിയൊരുക്കുകയും അതുവഴി യുകെ യുഎസ് ബന്ധം താറുമാറാകുന്നതിനും കാരണമായി. കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സർ അലൻ ഡങ്കൻ അറിയിച്ചു.നമ്മുടെ ഇടയിൽ ഉള്ള ആരെങ്കിലും ആണോ ഇതിന് കാരണക്കാരൻ എന്ന് കണ്ടുപിടിക്കണമെന്നും എംപിമാരോട് അദ്ദേഹം അറിയിച്ചു.

മലയാളം യുകെ ന്യൂസ് ബ്യുറോ

എൻ എച്ച് എസിന്റെ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് ലിസ്റ്റ് പുതിയ റെക്കോർഡിലേക്ക് കടന്നു . ചികിത്സ ലഭിക്കുന്നതിനായി രോഗികൾക്ക് ആറുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ആക്സിഡന്റ്& എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനം ജൂണിൽ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. മെയിലെ കണക്കുകൾ പ്രകാരം ഏകദേശം 245, 079 ത്തോളം ആളുകൾക്ക് ചികിത്സ ലഭിക്കുന്നതിനായി 26 ആഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ആക്സിഡന്റ്& എമർജൻസി വിഭാഗത്തിൽ, ഉടൻ ചികിത്സ ലഭിക്കേണ്ട സാഹചര്യത്തിനു പകരം, 4 മണിക്കൂർ വരെയാണ് രോഗികൾ കാത്തിരിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തേണ്ട ഓപ്പറേഷനുകൾക്കായുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫസർ ഡെറിക് ആൻഡേഴ്സൺ പ്രസ്താവിച്ചു. ശൈത്യകാലത്തിന് വരവിനു മുൻപുതതന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതും, ആശുപത്രിയിലേക്കുള്ള രോഗികളുടെ പ്രവേശനങ്ങൾ വർധിപ്പിക്കേണ്ടതുമാണ്.

എന്നാൽ 20.5 ബില്യൻ പൗണ്ട് മാത്രമാണ് എൻഎച്ച്എസിനു ഫണ്ടായി നൽകിയിട്ടുള്ളതെന്നും,   ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുണ്ട്. ഏകദേശം നാലായിരത്തോളം ക്യാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ആണെന്ന് മാക്ക്മില്ലിൻ ക്യാൻസർ സപ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഏകദേശം 4.3 9 മില്യൺ രോഗികളാണ് ഇംഗ്ലണ്ടിലെമ്പാടും ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഏകദേശം ഒരു മില്യൻ ജനങ്ങളാണ് എംആർഐ പോലുള്ള ടെസ്റ്റുകൾ ക്കായി കാത്തിരിക്കുന്നത്.

 

മലയാളം യുകെ ന്യൂസ് ബ്യുറോ

ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബിൽ ശശി തരൂർ എംപി ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാർലമെന്റ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നൽകും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം.

ഇന്ത്യക്ക് പുറത്ത് 30 മില്യൻ ഇന്ത്യൻ വംശജർ വസിക്കുന്നുണ്ട്. ഇവർ വിദേശനാണ്യം ആയി ഓരോ വർഷവും ഇന്ത്യയിലേക്ക് അയക്കുന്നത് 65 ബില്യൻ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കാനായി പൗരത്വം എടുക്കുന്നത് മൂലം ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂർ ബില്ലിൽ ആവശ്യപ്പെടുന്നത്.

ശശി തരൂർ അവതരിപ്പിച്ച പൗരത്വ ബിൽ പ്രവാസി സമൂഹം സന്തോഷത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത്‌ ” ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആണ് കേരളത്തിലെ എംപിമാരിൽ നിന്ന് പ്രവാസി മലയാളികൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു

ഡാർലിങ്ടൺ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നേഴ്‌സ് മരണത്തിന് കീഴടങ്ങി. ഡാർലിങ്ടണിൽ താമസിച്ചിരുന്ന ത്രേസ്യാമ്മ  റെജിയാണ് (45 ) ബ്രെസ്റ്റ് കാൻസർ മൂലം മരിച്ചത്. രോഗം കൂടുതലായതിനെത്തുടർന്ന് വളരെ പെട്ടെന്ന് തന്നെ കേരളത്തിലേക്ക് പോവുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. രണ്ട് കുട്ടികളാണ് ത്രേസ്യമ്മക്ക് ഉള്ളത്.

കഴിഞ്ഞ എട്ട് വർഷത്തോളമായി ബ്രസ്റ്റ് ക്യാന്സറിന് ചികിത്സയിൽ ആയിരുന്നു. ആദ്യകാല ചികിത്സയിൽ രോഗം പൂർണ്ണമായി വിട്ടുമാറുകയും ചെയ്‌തിരുന്നു. എന്നാൽ ഇടവിട്ടുള്ള പരിശോധനകളിൽ രോഗത്തിന്റെ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോൾ തുടർ ചികിത്സകൾ വഴി രോഗത്തെ നിയന്ത്രിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച മുന്നേ നടന്ന പരിശോധനയിൽ രോഗം കൂടുതൽ വഷളാവുകയും മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തതോടെ പെട്ടെന്നു തന്നെ നാട്ടിൽ എത്തുകയായിരുന്നു. ഒരാഴ്ച്ച മുൻപ്  മാത്രം നാട്ടിൽ എത്തി എല്ലാ ബന്ധുമിത്രങ്ങളെയും കാണുകയും ചെയ്‌ത ത്രേസ്യയുടെ ബോധം പെട്ടെന്ന് തന്നെ നഷ്ടപ്പെടുകയും ഇന്ന് മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

ശവസംക്കാരം നാളെ കുമരകത്തെ വള്ളാറ പുത്തൻപള്ളിയിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. അകാലത്തിലുള്ള ത്രേസ്യാമ്മയുടെ മരണത്തിൽ ദുഃഖാർത്ഥരായ എല്ലാ ബന്ധുമിത്രാദികളെയും മലയാളംയുകെയുടെ അനുശോധനം അറിയിക്കുന്നു.

മലയാളം യുകെ ന്യൂസ് ബ്യുറോ

കൊക്കെയ്നും കീറ്റാമിനും ചേർത്തുണ്ടാക്കുന്ന ലഹരിമരുന്ന് മിശ്രിതം അമിതമായി ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ അച്ഛനാണ് കൗമാരക്കാരിയെ കണ്ടെത്തിയത്.

ലണ്ടനിൽ ജനിച്ച 17കാരിയായ കാറ്റിയ സുക്കനോവയെ ആണ് വെസ്റ്റ് ലണ്ടനിലുള്ള ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റഷ്യൻ കോടീശ്വരനായ പിതാവ് അന്വേഷിച്ച് എത്തുന്നതിനുമുൻപ് വരെ കൂട്ടുകാരുമായി പാർട്ടിയിൽ ആയിരുന്നു കാറ്റിയ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊണ്ണൂറുകളിൽ യുകെ തലസ്ഥാനത്ത് താമസമാക്കിയ ഐഗർ സുഖനൊവിക്കും ഭാര്യ നടാശയ്ക്കും മകളുടെ മരണം വിശ്വസിക്കാനാവുന്നില്ല. “മരണത്തിനു ദിവസങ്ങൾ മുൻപ് അവൾ റോയൽ ഒപ്പേറ ഹൗസിൽ പരിപാടി അവതരിപ്പിച്ചിരുന്നു. അവൾ വളരെ സന്തോഷവതിയായിരുന്നു. എന്റെ മകൾക്ക് മികച്ചൊരു ഭാവി ഉണ്ടായിരുന്നു. എത്ര മിടുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ മാതാപിതാക്കളോട് ഒന്നും പങ്കുവയ്ക്കാതെ ആയാൽ എന്ത് ചെയ്യാൻ കഴിയും” . ദുഃഖിതരായ മാതാപിതാക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു .

കാൽവിൻ ക്ലീൻ എന്ന മയക്കുമരുന്ന് ലണ്ടനിലെ രാത്രി ആഘോഷങ്ങൾ തരംഗമാകാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി തങ്ങൾക്കിടയിൽ അത് പുതിയതാണെന്ന് കാറ്റിയയുടെ സുഹൃത്തുക്കൾ പറഞ്ഞു. “ഞങ്ങൾക്കിടയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്”.

ബക്കിങ് ഹാംഷെയറിലെ വയ്‌കൊമ്പ് അബ്ബെയ്‌ സ്കൂളിൽ നിന്നാണ് പെൺകുട്ടി ജി സി എസ് ഇ പൂർത്തിയാക്കിയത്. അവിടെ നിന്ന് അവൾ മ്യൂസിക് സ്കോളർഷിപ്പ് നേടിയിരുന്നു. സെപ്റ്റംബറിൽ എ ലെവൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രസിദ്ധമായ റോയൽ കോളേജ് ഓഫ് മ്യൂസിക്കിൽ ഒമ്പതാം വയസ്സിൽ തന്നെ പ്രവേശനം നേടിയ കാറ്റിയ വയലിൻ, പിയാനോ, മ്യൂസിക് തിയറി എന്നിവയിൽ വിദഗ്ധയായിരുന്നു. സ്ഥിരമായി ട്രിയോ ഓർക്കസ്ട്ര തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു.2018ൽ ഇറ്റലിയിൽ സുയോണി ഡാൽ ഗോൾഫോ ഫെസ്റ്റിവലിൽ മികച്ച യുവ സംഗീതജ്ഞക്ക് ഉള്ള അവാർഡ് നേടിയിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് ബ്യുറോ

ബ്രിട്ടീഷ് വാണിജ്യ എണ്ണ ടാങ്കറുകളെ സംരക്ഷിക്കുന്നതിനായി ബ്രിട്ടൻ തങ്ങളുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഗൾഫിലേക്ക് അയക്കുന്നു. ഗൾഫിൽ സൈനിക സാനിധ്യം ശക്തമാക്കാൻ വേണ്ടിയാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള തർക്കം നിലനിൽക്കവെയാണ് ഇങ്ങനൊരു തീരുമാനം. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ടൈപ്പ് 45 ഡിസ്ട്രോയെർ ആയ എച്ച്എംഎസ് ഡങ്കനാണ് ബ്രിട്ടൻ അയക്കുന്നത്. ഇത് റോയൽ നേവിയുടെ യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്രോസിന്റെ കൂടെ പ്രവർത്തനം ആരംഭിക്കും. ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്ക് നേരെ നടന്ന രണ്ട് സെറ്റ് ആക്രമണങ്ങളുടെ വെളിച്ചത്തിൽ, യുഎസുമായി ചർച്ച ചെയ്ത് ഗൾഫ് മേഖലയിലെ സൈനിക സാനിധ്യം ശക്തമാക്കാനാണ് തീരുമാനമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു.

കഴിഞ്ഞാഴ്ച ഇറാനിയൻ കപ്പലായ ഗ്രേസ് 1 ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. അത് ശരിയായ നടപടി ആയിരുന്നില്ല എന്ന് ടെഹ്‌റാൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണങ്ങൾ ഉണ്ടായത്. 8 യുദ്ധക്കപ്പലുകൾ മാത്രമേ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുള്ളൂ എന്ന് നേവൽ കമാൻഡർ അഡ്മിറൽ ലോർഡ് വെസ്റ്റ് മുന്നറിയിപ്പ് നൽകി.പ്രധാനമന്ത്രി സ്ഥാനാർഥി ജെറമി ഹണ്ടും ഈ ഭീതി പ്രകടിപ്പിച്ചു. ” ബ്രിട്ടീഷ് നേവിയെ സംരക്ഷിക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇറാനുമായുള്ള പ്രതിസന്ധി രൂക്ഷമാക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നില്ല. എന്നാൽ ഈ ഒരു സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാൻ വ്യക്തമായ വഴിയിലൂടെയാണ്‌ ഞങ്ങൾ മുന്നേറുന്നത്” . ജെറമി ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ നിന്നും ഗൾഫിലേക്ക് ദിവസേന 15 ഓളം ടാങ്കറുകൾ പോകുന്നു. ഇവയെല്ലാം സംരക്ഷിക്കുക എന്നത് അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എച്ച്എംഎസ് ഡങ്കൻ ഗൾഫിലേക്ക് അയക്കുന്നതിലൂടെ തുടർച്ചയായ സമുദ്ര സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. യുകെയുടെയും മറ്റു അന്താരാഷ്ട്ര പങ്കാളികളുടെയും കപ്പലുകൾ എളുപ്പത്തിൽ കടന്നുപോകുവാനും ഇത് സഹായകരമാവും.

 

ഇറാൻ കപ്പലായ ഗ്രേസ് 1 ഗിൽബാൾടറിൽ പിടിച്ചെടുത്തതോടെയാണ് ബ്രിട്ടൻ – ഇറാൻ ബന്ധം പ്രതിസന്ധിയിലായത്. കപ്പൽ സിറിയയിലേക്കാണ് പോയതെന്ന ബ്രിട്ടന്റെ വാദം ടെഹ്‌റാൻ തള്ളുകയും ചെയ്തു. ഇത് ഒരുതരം കടൽകൊള്ളയാണെന്നും ടെഹ്റാനിലെ ബ്രിട്ടീഷ് അംബാസഡർ റോബർട്ട്‌ മക്കെയറിനെ നാല് തവണ ബ്രിട്ടൻ വിളിച്ചു വരുത്തിയെന്നും ഇറാൻ ആരോപിച്ചു. ഇതിനെതിരെ പ്രതികരിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞിരുന്നു. ഇന്നലെ സ്ട്രൈറ്റ് ഓഫ് ഹോർമുസിൽ വെച്ച് യുകെ ടാങ്കർ ഇറാനിയൻ കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത് . എന്നാൽ ടെഹ്‌റാൻ ഇത് പൂർണമായും നിഷേധിച്ചു. യുകെ ഉടൻ തന്നെ ഗ്രേസ് 1 കപ്പൽ വിട്ടയക്കണമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് മൗസവിയുടെ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് ഷിപ്പിംഗിന്റെ സുരക്ഷ യുകെ വർധിപ്പിച്ചിട്ടുണ്ട്. കപ്പലുകൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്.

 

മലയാളം യുകെ ന്യൂസ് ബ്യുറോ

ഹെയ്ത്രോ വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത ഏറെ എന്ന് റിപ്പോർട്ടുകൾ. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്നത്. വേതന വർദ്ധനവിനെ സംബന്ധിക്കുന്ന തർക്കങ്ങൾ ജീവനക്കാരുടെയും അധികൃതരുടെയും ഇടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാമേഖലകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജൂലൈ 26, 27, ഓഗസ്റ്റ് മാസം 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താൻ ഉള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനൽക്കാലത്തെ യാത്രയെ ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിമാനത്താവളം ശരിയായ രീതിയിൽ നടത്തി കൊണ്ടുപോകേണ്ട ജീവനക്കാരുടെ ഇടയിലെ സമരം, വിമാനത്താവളത്തെ വളരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയൻ റീജിയണൽ കോർഡിനേറ്റിംഗ് ഓഫീസർ വെയ്ൻ കിങ് രേഖപ്പെടുത്തി. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാൻ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേതന വർദ്ധനവിനെ സംബന്ധിക്കുന്ന ചർച്ചയ്ക്കായി യൂണിയൻ നേതാക്കളെ എയർപോർട്ട് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസവേതനം. ഇത് 4.6 ശതമാനം വരെ വർധിപ്പിക്കുമെന്ന ഉറപ്പ് എയർപോർട്ട് അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസവേതനം ലഭിക്കുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു. സമരം ഒത്തുതീർക്കാനുള്ള എല്ലാ നടപടികളും എയർപോർട്ട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

മലയാളം യുകെ ന്യൂസ് ബ്യുറോ

8 മാസത്തെ അന്വേഷണത്തിനൊടുവിൽ അഭിഭാഷകയും ക്വീൻസ് കൗൺസിലും ആയ നവോമി ഇല്ലെൻബൊഗെൻ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെകുറിച്ച് പറയുന്നത്. 20% എംപിമാരും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചിൽ ഒരു ഉദ്യോഗസ്ഥക്ക് ഭീഷണിയും ഉപദ്രവും നേരിടേണ്ടി വരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു മാറ്റവും സംഭവിക്കില്ല എന്ന ഉറപ്പുള്ളതിനാൽ ഭീഷണിയും ഉപദ്രവവും നേരിട്ട ആരും പരാതിപ്പെടാൻ തയ്യാറായില്ല. കൂടാതെ അവർക്കെതിരെ തന്നെ പരാതി ഉയരുമെന്ന ഭീതിയും. പാർലമെന്റിൽ ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നു.

മുതിർന്ന അഭിഭാഷക ജെമ്മ വൈറ്റ് നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക പീഡനത്തെ പറ്റിയും ശാരീരിക പീഡനത്തെ പറ്റിയും തെളിവുകൾ ലഭിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം വളരെയധികം ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് ജെമ്മ പറഞ്ഞു. എംപിമാർ എങ്ങനെ സെക്രട്ടറിമാരോടും ഗവേഷകരോടും പെരുമാറുന്നു എന്നത് അടിസ്ഥാനമാക്കിയിരുന്നു ജെമ്മ വൈറ്റിന്റെ അന്വേഷണം. ” ഒരു എംപിക്ക് വേണ്ടി ജോലി ചെയുന്നതാണ് ഞാൻ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ സമ്മർദം. ” ഒരു ഉദ്യോഗസ്ഥ വൈറ്റിനോട് പറയുകയുണ്ടായി. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റത്തെപ്പറ്റി പല ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.

 

ലൈംഗിക പീഡനവും ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ആവശ്യമില്ലാതെയുള്ള സ്പർശനം നേരിടേണ്ടി വന്ന പലരും അവരുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു.കൂടാതെ എംപിമാർ അപമാനിക്കുന്നത് പതിവാണെന്നും ഇത് അവരെ മാനസികമായി തളർത്തുന്നുവെന്നും അവർ വെളിപ്പെടുത്തി. ലേബർ പാർട്ടി എംപി വലേറി വസ് പറഞ്ഞു ” ഈ റിപ്പോർട്ട്‌ ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. ” ഇതിനെതിരെ ഉടൻ തന്നെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചീഫ് എക്സിക്യൂട്ടീവ് റെബേക്ക ഹിൽസെൻരാത് പറഞ്ഞു.

പാർലമെന്റിനെ ഒരു മാന്യമായ സ്ഥലമാക്കി മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണെന്ന് ഹൗസ് ഓഫ് കോമൺസ് കമ്മീഷൻ അഭിപ്രായപ്പെട്ടു. സിസിടിവി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒരു ഡയറക്ടർ ജനറലിനെ നിയമിക്കുന്നതും നല്ല കാര്യമാണെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2018ൽ ഡെയിം ലോറ പുറത്തുവിട്ട റിപ്പോർട്ടിലും പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെ പറ്റി വിവരിക്കുന്നുണ്ട്. ലോർഡ് ഹെസ്റ്ററിനെതിരെ എഴുത്തുകാരി ജെസ്‌വിൻഡർ സംഘെര ഉയർത്തിയ ലൈംഗിക ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തെ ശിക്ഷിക്കുകയുണ്ടായി. എന്നാൽ സഹപ്രവർത്തകരുടെ ഇടപെടൽ മൂലം പിന്നീട് അദ്ദേഹം രക്ഷപെട്ടു. ഉദ്യോഗസ്ഥരെ ലൈംഗിക പീഡനത്തിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികളും നടപടികളും കൊണ്ടുവരുമെന്ന് വുമൺ ആൻഡ് ഇക്വാലിറ്റി മിനിസ്റ്റർ പെനി മോർഡോണ്ട് പറഞ്ഞു.

പാർലമെന്റ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു ഒൻപത് മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും , ലൈംഗികാതിക്രമങ്ങൾക്കെതിരെയും 550 പരാതികൾ രേഖപെടുത്തപ്പെട്ടു എന്നുള്ള വിവരം ഈയിടെ   മലയാളം യുകെ ന്യൂസ് ബ്യുറോ റിപ്പോർട്ട് ചെയ്തിരുന്നു

RECENT POSTS
Copyright © . All rights reserved