ജയിലിൽ കഴിയവെ ജനിച്ച മകളുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷയനുഭവിച്ച തടവുകാരിയായ നളിനിക്ക് 27 വർഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 3 വർഷം മുൻപ് 12 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.
കേസിൽ പിടിയിലാകുന്ന സമയത്തു ഗർഭിണിയായിരുന്ന നളിനിക്കു ജയിലിലാണു കുഞ്ഞു ജനിച്ചത്. മകൾ ഡോ. അരിത്ര ഇപ്പോൾ ലണ്ടനിലാണു താമസം. നളിനിയുടെ ഭർത്താവ് മുരുകനും ഇതേ കേസിൽ പ്രതിയായി ജയിലിലാണ്.
നളിനിയുടെ അഭ്യർഥന പ്രകാരം അവർക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നൽകിയിരുന്നു. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ സംസാരിക്കരുത്, പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിർമൽ കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് പരോൾ അനുവദിച്ചത്. 10 ദിവസത്തിനകം പരോൾ നടപടികൾ പൂർത്തിയാക്കണമെന്നു കോടതി വെല്ലൂർ ജയിൽ സൂപ്രണ്ടിനു നിർദേശം നൽകി.
മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി 6 മാസത്തെ പരോൾ ചോദിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ നളിനി ജയിൽ അധികൃതർക്കു കത്തു നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതായതോടെയാണു കോടതിയെ സമീപിച്ചത്.
‘മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോടു ചേർത്തു വളർത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയിൽ എനിക്കു ലഭിച്ചില്ല. അവളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള അവകാശം കൂടി നിഷേധിക്കരുത്’- വാദത്തിനിടെ നളിനി കോടതിയിൽ വികാരാധീനയായി.
കേസിൽ ശിക്ഷ ജീവപര്യന്തമായി കുറച്ചു. എന്നാൽ, നിയമാനുസൃതമുള്ള പരോൾ കൂടി അനുവദിക്കാതെ ജയിലിൽ അടച്ചിടുന്നതും വധശിക്ഷയും തമ്മിൽ എന്താണു വ്യത്യാസം? എല്ലാ പ്രതീക്ഷകളും കോടതിയിലാണെന്നും നളിനി പറഞ്ഞു. റോസ് നിറമുള്ള സാരിയണിഞ്ഞ്, കൈയിൽ പ്ലാസ്റ്റിക് കവറുമായി 1.50നാണു നളിനി ഹൈക്കോടതിയിലെത്തിയത്. കോടതി പരിസരത്തു കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
ഹോങ്കോങ് പ്രതിഷേധത്തെ ചൊല്ലി വിവാദപരാമർശങ്ങൾ നടത്തിയ യുകെയിലെ ചൈന അംബാസഡറെ വിദേശകാര്യാലയം വിളിപ്പിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോങ്കോങ്ങിലെ പ്രതിഷേധക്കാരോട് തന്റെ പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ഹോങ്കോങ്ങിലെ നിയമലംഘകരെയാണ് ഹണ്ട് പിന്തുണയ്ക്കുന്നതെന്ന് അംബാസഡർ ലിയു ഷിയോമിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് വിവാദമായത് . ഷിയോമിങ്ങിന്റെ ഈ വാദം അസ്വീകാര്യവും കൃത്യതയില്ലാത്തതുമാണെന്ന് വിദേശകാര്യാലയം അറിയിച്ചു.അംബാസഡറുടെ പരാമർശത്തിൽ ബ്രിട്ടന്റെ അതൃപ്തി അറിയിക്കുന്നതിനായാണ് വിദേശകാര്യാലയത്തിലെ സ്ഥിരം അണ്ടർ സെക്രട്ടറി സൈമൺ മക്‌ഡൊണാൾഡ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഈ പ്രശ്നം മൂലം ചൈന – ബ്രിട്ടീഷ് ബന്ധം താറുമാറാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ഒരു മാസമായി ഹോങ്കോങ്ങിൽ പ്രതിഷേധം ശക്തമായി നടന്നുവരികയാണ്. കോടതിനടപടികൾക്കായി ചൈനയിലേക്ക് വ്യക്തികളെ കൈമാറാൻ അനുവദിക്കുന്ന നിയമത്തിനെതിരെയാണ് പ്രതിഷേധം. ഒപ്പം ജൂലൈ 1ന്, പ്രതിഷേധക്കാർ നിയമസഭാ കൗൺസിൽ കെട്ടിടത്തിൽ അതിക്രമിച്ചുകയറി പഴയ ബ്രിട്ടീഷ് കൊളോണിയൽ പതാക ഉയർത്തുകയുണ്ടായി. അടിച്ചമർത്തലിനുവേണ്ടി അക്രമം നടത്തരുതെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീരുമാനം എടുക്കേണ്ടത് ഹോങ്കോങ്ങിലെ ഗവണ്മെന്റ് ആണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും അവർ അറിയിച്ചു. ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ ഹണ്ട് പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഹണ്ടും അക്രമം ഒഴിവാക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ഹോങ്കോങ്ങിലെ നിയമങ്ങൾ ലംഘിക്കുന്നവരെയാണ് ഹണ്ട് പിന്തുണയ്ക്കുന്നതെന്ന് ലിയു പറഞ്ഞു. “നിയമലംഘനം നടത്തുന്ന വ്യക്തികളെ മുതിർന്ന ഉദ്യോഗസ്ഥർ പിന്തുണയ്ക്കുന്നത് വളരെ നിരാശാജനകമായ കാര്യമാണ്. ബ്രിട്ടന്റെ കീഴിൽ 22 വർഷം മുമ്പ് ഹോങ്കോങ് എന്തായിരുന്നുവെന്ന് നമുക്കറിയാം: സ്വാതന്ത്ര്യമോ ജനാതിപത്യമോ ഒന്നും ഉണ്ടായിരുന്നില്ല.” ലിയു കൂട്ടിച്ചേർത്തു. ചൈനയും ബ്രിട്ടനും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനവും രാജ്യങ്ങൾ തമ്മിലുള്ള നിയമപരമായ കരാറുകളെ മാനിക്കുന്നതും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഹണ്ട് ട്വീറ്റ് ചെയ്തു.

ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി ബ്രിട്ടനും ചൈനയും തമ്മിൽ ഒരു കരാർ ഒപ്പുവെച്ചിട്ടുണ്ട്. കുറഞ്ഞത് 50 വർഷത്തേക്കെങ്കിലും ഹോങ്കോങ്ങിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലന്ന കരാർ ഒപ്പുവെച്ചത് മാര്ഗരറ്റ് താച്ചറും അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷാവോ സിയാങ്ങും ചേർന്നാണ്. ചൈനീസ് ഭരണത്തിന്റെ കീഴിൽ ഹോങ്കോങ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അതിൽ പറയുന്നുണ്ട്. 1997 മുതൽ ചൈനയുടെ കീഴിൽ ഹോങ്കോങ്ങിനെ “ഒരു രാജ്യം, രണ്ടു സംവിധാനങ്ങൾ” എന്ന ക്രമീകരണത്തിലാണ് നടന്നുപോകുന്നത്. ഇതിലൂടെ ഹോങ്കോങിന് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ മങ്ങിപ്പോയ പ്രതാപത്തിലാണ് ഹണ്ട് ഇപ്പോഴുമെന്നും മറ്റുള്ളവരെ ബെയ്‌ജിങ് വിദേശകാര്യാലയത്തിന്റെ വക്താവ് ഖെങ് ഷുവാങ് പറഞ്ഞു.
മലയാളം യുകെ ന്യൂസ് ബ്യുറോ
തനിക്കു വെള്ളക്കാരനായ ഡോക്ടറെ തന്നെ വേണമെന്ന് ആവശ്യപ്പെട്ട രോഗിയെ ആശുപത്രി അധികൃതർ പുറത്താക്കി . അതെ സമയം ന്റെ ആവശ്യം നിരാകരിച്ച ആശുപത്രിക്കെതിരെ രോഗി പരാതി എഴുതി സമർപ്പിച്ചു. റൈറ്റിംഗ്ടൺ വിഗൻ ലീ എൻഎച്ച്എസ് ട്രസ്റ്റ് ഒരു എൻഎച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റ് ആശുപത്രിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് . തന്നെ പരിശോധിക്കാൻ ഒരു വെള്ളക്കാരനായ ഡോക്ടറെ ലഭിക്കുമോ എന്ന് ആദ്യം അന്വേഷിച്ച വ്യക്തി അങ്ങനെ ലഭിക്കില്ല എന്ന് അറിഞ്ഞ ഉടൻ തന്നെ ഒരു പരാതി എഴുതി ആശുപത്രിക്ക് സമർപ്പിക്കുകയായിരുന്നു. റൈറ്റിംഗ്ടൺ വിഗൻ ലീ എൻഎച്ച്എസ് ട്രസ്റ്റ് ഒരു എൻഎച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ആൻഡ്രൂസ് ഫോസ്റ്ററാണ് “പരിതാപകരമായ” അവസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗിയെ സംഭവസ്ഥലത്തുവച്ചുതന്നെ പുറത്താക്കി എന്നും, ഇത് ഉടൻ തന്നെ പോലീസിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗിയോട് ഇടപെട്ട സ്റ്റാഫുകൾ ഏറെ സമ്മർദ്ദത്തിലായി എന്നും വളരെ പരിതാപകരമായ അവസ്ഥയാണ് ഇത് എന്നും അദ്ദേഹം ആവർത്തിച്ചു. ട്രസ്റ്റ് വിഷയത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് “ഈ വ്യക്തിയെ ഞങ്ങൾ പുറത്താക്കി” എന്നായിരുന്നു മറുപടി. ആശുപത്രി ക്കെതിരായി ഈ വിഷയത്തിൽ അയാൾ പരാതി എഴുതിയ സ്ഥിതിക്ക് പോലീസ് ഇടപെട്ടേ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമ സ്വഭാവം കാണിക്കുകയോ പരിധിവിട്ട് പെരുമാറുകയോ ചെയ്തു ബ്ലാക്ക് ലിസ്റ്റിൽ ആയ രോഗികളെ പുറത്താക്കാനുള്ള അധികാരം എൻഎച്ച്എസ് ഓർഗനൈസേഷനുകൾക്കുണ്ട്. എന്നാൽ അവർക്ക് എമർജൻസി ചികിത്സയും മറ്റും ലഭ്യമാക്കുന്നതിന് തടസ്സമില്ല.
1.2 മില്യൻ സ്റ്റാഫുകളിൽ 30 ശതമാനം പേരും രോഗികളിൽ നിന്ന് ഏതെങ്കിലും വിധത്തിൽ അധിക്ഷേപങ്ങൾ സഹിക്കുന്നവരാണ്. എന്നാൽ കറുത്തവർഗ്ഗക്കാരും എത്തിനിക് മൈനോറിറ്റിയിൽ ഉള്ളവരുമാണ് ഉയർന്ന തോതിൽ ഇത് നേരിടുന്നവർ.
മലയാളം യുകെ ന്യൂസ് ബ്യുറോ
സുഹൃത്തുക്കളായ രണ്ട് ബ്രിട്ടീഷ് യുവാക്കൾ സ്പെയിനിലെ കോസ്റ്റ ബ്ലാങ്ക മുനമ്പിൽ നിന്നും സെൽഫിയെടുക്കാൻ ഉള്ള ശ്രമത്തിനിടെ 30 അടി താഴ്ചയിലേക്ക് വീണു മരിച്ചു. 25 വയസ്സുള്ള ഡാനിയേൽ വിവിയൻ മീ എന്ന യുവാവും, 20 വയസ്സുള്ള ജെയ്ഡൻ ഡോൾമാനുമാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 7:30 മണിയോടുകൂടി ടോറിവിയജെ നഗരത്തിലെ പുന്റ പ്രൈമ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡാനിയേൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ജെയ്ഡനെ പിന്നീട് രൂക്ഷമായ പരിക്കുകളോടെ അലികാന്തേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിച്ചു.
സെൽഫി എടുക്കാൻ ഉള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്നാമതൊരാൾ കൂടി ഇവരോടൊപ്പം ഉണ്ടായിരുന്നെങ്കിലും, അപകടം കൂടാതെ രക്ഷപ്പെട്ടു. മൂന്നുപേരും ബ്രിട്ടീഷുകാരാണ് എന്ന് സിവിൽ ഗാർഡ് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് കോൺസുലേറ്റിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏകദേശം 40 അടി താഴ്ചയിലേക്ക് ആണ് വീണത് എന്നതാണ് പ്രഥമ നിഗമനം. സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്.
ഒറിഹുയെലയും ടോറിവിയേജയും എന്ന രണ്ട് മുനിസിപ്പാലിറ്റികളുടെ അതിർത്തിയാണ് പുന്റ പ്രൈമ എന്ന സ്ഥലം. ഇവിടെ ഈ ആഴ്ചയിൽ തന്നെ സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തം ആണ് ഇത്. 19 കാരനായ ലൂക്ക് ഫ്രീമാൻ എന്ന ചെറുപ്പക്കാരൻ കോസ്റ്റ ബ്രാവ റിസോർട്ടിലെ കെട്ടിടത്തിൽനിന്ന്വീണ് മരിച്ചിരുന്നു.
മരിച്ച രണ്ടുപേരുടെയും പോസ്റ്റുമാർട്ടം അലികാന്തേ ആശുപത്രിയിൽ വച്ച് നടത്തും. ഇത്തരത്തിലുള്ള അപകടങ്ങൾ തടയുന്നതിനായി ശരിയായ രീതിയിൽ പണിതുയർത്തിയ മതിൽ ഇവിടെയുണ്ട്. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷിബു മാത്യൂ
ഭൂമിയിടപാട്. കണ്ണില്‍ മണ്ണിടാന്‍ ഒരു തന്ത്രം മാത്രം. ചങ്ങനാശ്ശേരി അതിരൂപതയില്‍നിന്നുള്ള അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വ്യക്തിപരമായി തകര്‍ക്കാന്‍ സഭയെ കൂട്ടുപിടിച്ച് നടത്തുന്ന ഗൂഡാലോജനയുടെ പ്രതിഫലനം. ഇന്നലെ നടന്ന വിമത വൈദീകരുടെ സമ്മേളനം അത് തെളിയ്ക്കുന്നു. ( വൈദീകര്‍ അല്‍മായര്‍ക്ക് പ്രാര്‍ത്ഥനയാകണം)
മാര്‍. ആന്റണി പടിയിറ.
ചങ്ങനാശ്ശേരിക്കാരന്‍. അതിലുപരി സീറോ മലബാര്‍ സഭയെ നയിക്കാന്‍ പരിശുദ്ധ സിംഹാസനം നിയോഗിച്ച അഭിവന്ദ്യ കര്‍ദ്ദിനാള്‍. പിതാവിന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവ് സമ്മാനിച്ചതും അങ്കമാലിക്കാര്‍!
ഇത് പരസ്യമായ രഹസ്യം !
ഭൂമിയിടപാടുമായി അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്കമാലി വൈദീക സമൂഹത്തിലെ പ്രഗല്ഭരാണ് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഓരോ സീറോ മലബാര്‍ വിശ്വാസികള്‍ക്കും പകല്‍ പോലെ വ്യക്തമാണ്. കാലം അത് തെളിയ്ചിട്ടുണ്ട്. പാരമ്പര്യമുള്ള ചങ്ങനാശ്ശേരി അതിരൂപതയോടുള്ള ഇവരുടെ അസൂയ ചെറുതൊന്നുമല്ല താനും! അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തിനോടു കാണിച്ചതും ഓര്‍ക്കേണ്ടതുണ്ട്.
സീറോ മലബാര്‍ സമൂഹത്തെ ആദ്ധ്യാത്മിക വഴിയില്‍ ഒരു ദീപശിഖയായി തെളിയ്ച്ച് നിര്‍ത്തേണ്ട സഭാനേതൃത്വവും വൈദീകരും വിശ്വാസികള്‍ക്ക് നല്‍കുന്ന തെറ്റായ സന്ദേശമാണ് പരിശുദ്ധ സിംഹാസനത്തിന്റെ കല്പനയോടുള്ള അനാദരവും വിയോജിപ്പും.
കര്‍ത്താവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായ വൈദീകര്‍ തങ്ങളുടെ ആധ്യാത്മീക നേതൃത്വത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാരായ അല്‍മായര്‍ സഭയിലെ ഈ പുഴുക്കുത്തിനെതിരെ ശക്തമായി പ്രതികരിച്ചാല്‍ എന്താണ് തെറ്റ്?
മണ്‍മറഞ്ഞ അല്‍മായരായ പൂര്‍വ്വീകരുടെ വിയര്‍പ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന സീറോ മലബാര്‍ സഭയുടെ വളര്‍ച്ച എന്ന് വിമത വൈദീകര്‍ മനസ്സിലാക്കണം. പിടിയരി സൂക്ഷിച്ചും ഉല്‍പ്പറ്റന്നപ്പിരിവ് കൊടുത്തും പതാരം കൊടുത്തും ഏറ്റവും നല്ല ഫലം കായ്ക്കുന്ന
തെങ്ങിലെ തേങ്ങ കൊടുത്തും അല്‍മായര്‍ വളര്‍ത്തിയ സീറോ മലബാര്‍ സഭ വൈദീകരായ നിങ്ങളുടെ കര്‍മ്മഫലം കൊണ്ട് നശിപ്പിക്കരുത്. പ്രാര്‍ത്ഥിച്ച് മരണം കാത്ത് കിടക്കുന്ന അല്‍മായര്‍ക്ക് ഒരു പക്ഷേ ഇത് എന്താണന്നു പോലും അറിയില്ല.
വിഷയം ഇതൊന്നുമല്ല.
പാരമ്പര്യമുള്ള ചങ്ങനാശ്ശേരി അതിരൂപതയെ അംഗീകരിക്കാന്‍ അങ്കമാലിക്ക് കഴിയുന്നില്ല. എന്തുകൊണ്ട്?
അമ്പതു ലക്ഷത്തോളും വരുന്ന സീറോ മലബാര്‍ വിശ്വാസികളെ ഭിന്നിപ്പിച്ച് നിര്‍ത്തിയാല്‍ അങ്കമാലി എന്തു നേടും?
എന്താണ് അവരുടെ ലക്ഷ്യം?
ഒന്നോര്‍ക്കുക…
അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് നിത്യാനന്ദ സൗഭാഗ്യത്തില്‍ ഈശോയോടൊപ്പം എത്തിച്ചേരുന്നതിനപ്പുറം എന്ത് സ്വപ്നങ്ങളാണുള്ളത്?
അതും അദ്ദേഹത്തിന്റെ ഈ പ്രായത്തില്‍??!!
എയര്‍ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പുകയും അസഭ്യം പറയുകയും ചെയ്ത ഐറിഷ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 50കാരിയായ സൈമണ്‍ ബേണ്‍സ് ആണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലുളള വസതിയിലാണ് ജൂണ്‍ ഒന്നിന് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് കൂടുതല്‍ മദ്യം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സൈമണ്‍ പ്രകോപിതയായത്. ഈ കേസില്‍ സൈമണെ ആറ് മാസം തടവിന് വിധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ജയിലില്‍ നിന്നും പുറത്ത് വന്നത്.
കൂടുതല്‍ മദ്യം നല്‍കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തില്‍ ബഹളം ആരംഭിച്ചത്. യുവതി അസഭ്യ വര്‍ഷം തുടങ്ങിയതോടെ മറ്റു യാത്രക്കാരും പരാതിയുമായി എത്തിയത് ജീവനക്കാര്‍ക്ക് തലവേദനയായി. രാജ്യാന്തര അഭിഭാഷകയാണ് താനെന്ന് യുവതി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. റോഹിങ്ക്യന്‍ അഭയാർഥികള്‍ക്കും പലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും യുവതി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് യുവതിയെ അറസ്റ്റ് ചെയ്തു. മദ്യം നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാര്‍ക്ക് നേരെ യുവതി അസഭ്യ വര്‍ഷം നടത്തുകയും തുപ്പുകയും ചെയ്തു.
പിന്നീട് സൈമണെ ബ്രിട്ടീഷ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് വിധിച്ചു. കൂടാതെ 3000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും അറിയിച്ചു. താന്‍ ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടെന്ന് അന്ന് സൈമണ്‍ കോടതിയെ അറിയിച്ചിരുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
കത്തി കുത്തേറ്റു മരിച്ച അമ്മയുടെ വയറ്റിൽ നിന്ന് അതീവഗുരുതരാവസ്ഥയിൽ പുറത്തെടുത്ത ശിശു നാലു ദിവസത്തിനു ശേഷം മരിച്ചു. ശനിയാഴ്ച സൗത്ത് ലണ്ടനിൽ വെച്ച് കൊല്ലപ്പെട്ട യുവതിയുടെ ഗർഭസ്ഥശിശു മരണപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

26കാരിയായ മേരി ഫൗവരെല്ലേ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു എങ്കിലും 8 മാസം പ്രായമുള്ള കുഞ്ഞിനെ എമർജൻസി മെഡിക്കൽ സർവീസ് പ്രവർത്തകർ രക്ഷപ്പെടുത്തിയതായി മലയാളം യുകെ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് സുരക്ഷാകാരണങ്ങളാൽ വിവരങ്ങൾ വെളിപ്പെടുത്താതിരുന്ന കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. റിലേയ് എന്ന് പേരിട്ടിരുന്ന ആൺകുഞ്ഞാണ് മരണപ്പെട്ടത്. കുട്ടിക്ക് രക്ഷപെടാനുള്ള സാധ്യത 50 ശതമാനം മാത്രം ആയിരുന്നിട്ടും ബന്ധുക്കൾ ഏറ്റെടുത്ത് പേരിട്ടു.

കോറി ഡാമിലെ വീട്ടിൽ കണ്ടെത്തുമ്പോൾ മേരി അനേകം കുത്തുകൾ ഏറ്റ് നിലയിൽ രക്തംവാർന്ന അവസ്ഥയിലായിരുന്നു. വെളുപ്പിന് മൂന്നു മണിക്ക് വീടിന്റെ പരിസരങ്ങളിലും സിസിടിവി ക്യാമറയിൽ കണ്ട ദൃശ്യത്തിലെ വ്യക്തിയെ പ്രതിയായി സംശയിക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 10 മിനിറ്റിനു ശേഷം ഇയാൾ തിരിച്ച് ഓടുന്നതായും ദൃശ്യമുണ്ട്.
ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ, മൈക്ക് നോർമൻ കുഞ്ഞിന്റെ മരണത്തിൽ വേദന അറിയിച്ചു. തങ്ങളുടെ സഹായസഹകരണം കുടുംബത്തിന് ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ടുപേരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തിരുന്നു.
മേരിയുടെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ച അനുശോചന കുറിപ്പിൽ പറയുന്നത് ഇങ്ങനെ” നിന്റെ മരണം ഞങ്ങൾക്ക് താങ്ങാവുന്നതിലധികം ആണ്. നിനക്ക് ഇതിലും നല്ലൊരു സുഹൃത്തോ , സഹോദരിയോ ,വ്യക്തിയോ ആവാൻ കഴിയില്ല. മനോഹരിയായ ഒരു വ്യക്തിയെ മരണം ഞങ്ങളിൽനിന്ന് കവർന്നെടുത്തു. ഞങ്ങൾ ധൈര്യം സംഭരിച്ച് ഇതിനെ നേരിടും. നിത്യനിദ്രയിലേക്ക് ശാന്തയായി കടക്കൂ പ്രിയപ്പെട്ടവളേ…..”.
മലയാളം യുകെ ന്യൂസ് ബ്യുറോ
തെക്കൻ വെയിൽസിലെ പോർട്ട് ടാൽബോടിനടുത്ത് പാസഞ്ചർ ട്രെയിൻ തട്ടി 2 നെറ്റ്‌വർക്ക് റെയിൽ തൊഴിലാളികൾ മരണപ്പെട്ടു. ഇയർ ഡിഫെൻഡേർസ് വച്ചിരുന്നതിനാൽ അവർക്ക് ട്രെയിന്റെ ശബ്ദം കേൾക്കാൻ കഴിയാതെ പോയതാണ് ദുരന്തകാരണമെന്ന് ബ്രിട്ടീഷ് ട്രാൻസ്പോട്ട് പോലീസ് വിശദീകരിച്ചു. നോർത്ത് കോൺലിയിൽ നിന്നുള്ള 58 കാരനും കെൻഫിഗ് ഹില്ലിൽ നിന്നുള്ള 64 കാരനുമാണ് ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് ട്രെയിൻ തട്ടി മരിച്ചത്. “മൂന്നാമതൊരാൾ അപകടത്തിന്റെ ഞെട്ടലിലാണെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. ഞങ്ങളുടെ എല്ലാവിധ പിന്തുണയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കും.” ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് സൂപ്രണ്ട് ആൻഡി മോർഗൻ അറിയിച്ചു. “ഈ ദാരുണ സംഭവം അന്വേഷിച്ചതിനെ തുടർന്ന് 3 തൊഴിലാളികളും ആ സമയം ട്രാക്കിൽ ജോലിയിൽ ഏർപെട്ടവരാണെന്ന് അറിയാൻ സാധിച്ചു. ഒപ്പം 2 പേർ ഇയർ ഡിഫെൻഡേർസ് ധരിച്ചിരുന്നതിനാൽ ട്രെയിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ” മോർഗൻ കൂട്ടിച്ചേർത്തു.
അപകടത്തെ തുടർന്ന് വെൽഷ് ആംബുലൻസ് സർവീസിലെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അതിനുമുമ്പ് സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യൂണിയൻ മേധാവികൾ ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ട് സ്റ്റാഫ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മനുവേൽ കോർട്സ് ഇപ്രകാരം പറഞ്ഞു. “എന്താണ് നടന്നതെന്ന് വളരെ എളുപ്പം തന്നെ അറിയാൻ സാധിച്ചു. എങ്കിലും തെറ്റായിട്ട് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ ഒരു സമ്പൂർണ അന്വേഷണം നടത്തണം. കാരണം ഈ നൂറ്റാണ്ടിൽ ആളുകൾ ജോലിക്ക് പോയി അവരുടെ ജീവൻ നഷ്ടപെടുന്നുവെന്നത് അംഗീകരിക്കാനാവില്ല. ”

“എങ്ങനെയാണ് അപകടം നടന്നതെന്ന് വിശദമായി അന്വേഷിക്കും.” ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗ്രേയ്‌ലിംഗ് ഉറപ്പുനൽകി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് ഉദ്യോഗസ്ഥർ റെയിൽ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മോർഗൻ അറിയിച്ചു. “രണ്ട് പുരുഷന്മാരുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് അവർക്ക് വേണ്ടുന്ന സഹായവും പിന്തുണയും ഞങ്ങൾ നൽകും. അത്പോലെ ഈ അപകടത്തിന് സാക്ഷികളായവർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ” മോർഗൻ കൂട്ടിച്ചേർത്തു. അപകടസമയത്ത് ട്രാക്കിൽ പണികൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ നെറ്റ്‌വർക്ക് റെയിലിന് ആയില്ലെന്നും ഭയാനകമായ അപകടത്തിന്റെ ഞെട്ടലിലാണ് എല്ലാവരുമെന്നും നെറ്റ്‌വർക്ക് റെയിൽ വെയിൽസ് റൂട്ട് ഡയറക്ടർ ബിൽ കെല്ലി അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
കൺസർവേറ്റീവ് പാർട്ടി നേതാവും, പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ബോറിസ് ജോൺസന്റെ കാമുകി, ക്യാരി സിമണ്ട്സ് കൂട്ടുകാരിയോടൊപ്പം ജൂവലറിയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സിമൻണ്ട്സ് മോതിരം തിരഞ്ഞെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

31 വയസുകാരിയായ സിമണ്ട്സ്, വളരെ ശാന്തയായി പോർട്ടോബെല്ലോ റോഡിലുള്ള കടകളിൽ, സുഹൃത്തായ നിമക്കോ അലിയോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ വാർത്താവിനിമയ വിഭാഗത്തിന്റെ മുൻ ഡയറക്ടറായിരുന്ന ക്യാരിയെ കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി സ്ഥാനാർഥി ബോറിസ് ജോൺസ നോടൊപ്പം സസ്സെക്സ് ഗാർഡനിൽ ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരുവരുടെയും ബന്ധം തകർച്ചയുടെ വക്കിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ചു കൈ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഈ ഫോട്ടോ കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഈ ദൃശ്യങ്ങൾ ബാധിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തന്റെ എതിർസ്ഥാനാർത്ഥി ജെറമി ഹണ്ടിനേക്കാളും മുൻപിലാണ് ജോൺസൺ.പോർട്ടോബെല്ലോ റോഡിലുള്ള ജുവലറിയിൽ മോതിരം തിരഞ്ഞെടുക്കുന്ന ക്യാരി, ലെതർ ട്രൗസറുകളും പിങ്കും വെള്ളയും ചേർന്ന ടീഷർട്ടുമാണ് ധരിച്ചിരുന്നത്.ക്യാരിയും സുഹൃത്തും പിന്നീട് ഒരു മാർക്കറ്റും സന്ദർശിച്ചു.

ഈ ദൃശ്യങ്ങളെ പറ്റി പലതരം അഭിപ്രായങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ ഒന്നും തന്നെയില്ലെന്ന് കുടുംബ സുഹൃത്ത് മെയിൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ക്യാരിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഇരുവരുടെയും ബന്ധം സന്തോഷകരമാണെന്നും, ബോറിസ് തന്റെ 55 -)o ജന്മദിനം ക്യാരിയോടൊപ്പം ആണ് ആഘോഷിച്ചത് എന്നും സുഹൃത്ത് നിമക്കോ അലി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടനെ വിവാഹം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ക്യാരിയുടെ ഫ്ലാറ്റിൽ നിന്നും ബോറിസ് ജോൺസനെ ഇറക്കി വിട്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു .
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, ശബ്ദ സന്ദേശം എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.
ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ ശബ്ദസന്ദേശമോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്.
വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.
തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ആവാതിരുന്നതും ഇന്റര്‍നെറ്റിന്റെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു.
ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്സ്ആപ് പണിമുടക്കി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്സ്ആപ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല.