Main News

പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മുമ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് ബ്രസല്‍സുമായി നടന്നു വന്നിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോളും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സംശയമില്ല. മാര്‍ച്ച് 12 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ നിയമപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോയ അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് വെറുംകയ്യോടെയാണ് മടങ്ങുന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകളാണ് അവതരിപ്പിച്ചതെന്നായിരുന്നു ബ്രസല്‍സില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പായി കോക്‌സ് പറഞ്ഞത്.

ചര്‍ച്ച ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സമ്മതിച്ചുവെങ്കിലും പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് വോട്ടെടുപ്പ് ചൊവ്വാഴ്ച തന്നെ നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഈ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബുധനാഴ്ച നടക്കുന്ന മറ്റൊരു വോട്ടെടുപ്പില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാനും ബ്രെക്‌സിറ്റ് തിയതി മാറ്റിവെക്കാനുമുള്ള കാര്യത്തില്‍ എംപിമാര്‍ തീരുമാനമെടുക്കും. ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ കാര്യമായ ഇളവുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നേടിയെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പ്രധാനമന്ത്രി തന്റെ പദ്ധതി എംപിമാരെക്കൊണ്ട് സാധിച്ചെടുക്കാന്‍ ശ്രമിക്കും. ഈയാഴ്ച അവസാനം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തേക്കുമെന്നും കരുതുന്നു.

വീണ്ടും ബ്രസല്‍സിനെ സമീപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രിക്കും കോക്‌സിനും ഇല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന് ഇരുവരും തയ്യാറായേക്കും. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞായറാഴ്ച രാത്രിയാണ് അതിനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച ധാരണ സംബന്ധിച്ച രേഖകള്‍ അച്ചടിച്ച് പുറത്തു വിടേണ്ടതുണ്ടെന്നതിനാലാണ് ഇത്. ഈ രേഖയാണ് പാര്‍ലമെന്റില്‍ എംപിമാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത്.

ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഥമ വിഷയമായി ആരോഗ്യം മാറുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനം. മുന്‍പന്തിയിലുണ്ടായിരുന്ന കുടിയേറ്റത്തെയാണ് ആരോഗ്യം പിന്നിലാക്കിയിരിക്കുന്നത്. ഈ മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജ്യം പിന്‍വാങ്ങാനിരിക്കെയാണ് പുതിയ കണക്കുകള്‍ ഒഎന്‍എസ് പുറത്തു വിട്ടിരിക്കുന്നത്. ജനങ്ങളുടെ സന്തുഷ്ടിയുടെ നിരക്കു വര്‍ദ്ധിക്കുകയും മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്തതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ജനതയുടെ ക്ഷേമവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയുടെ ക്ഷേമവുമായി താരതമ്യം ചെയ്യുന്ന പഠന റിപ്പോര്‍ട്ടാണ് ‘മെഷറിംഗ് നാഷണല്‍ വെല്‍ ബീയിംഗ് ഇന്‍ ദി യുകെ; ഇന്റര്‍നാഷണല്‍ കംപാരിസണ്‍സ്, 2019’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2016 സ്പ്രിംഗില്‍ കുടിയേറ്റമായിരുന്നു ബ്രിട്ടീഷ് ജനതയുടെ പ്രധാന പരിഗണനാ വിഷയം.

ആരോഗ്യം, സാമൂഹ്യ സുരക്ഷ, തീവ്രവാദം എന്നിവയായിരുന്നു ഇതിനു പിന്നാലെയുണ്ടായിരുന്നവ. 2018 സ്പ്രിംഗ് എത്തിയപ്പോള്‍ ആരോഗ്യവും സോഷ്യല്‍ സെക്യൂരിറ്റിയും കുടിയേറ്റത്തിലുള്ള ബ്രിട്ടീഷ് ജനതയുടെ ആശങ്കയെ കവച്ചുവെച്ച് മുന്നിലെത്തി. ഇതിനു പിന്നാലെ ഹൗസിംഗ്, നാണ്യപ്പെരുപ്പം, ജീവിതച്ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും എത്തി. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന മാറ്റങ്ങളായിരിക്കാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് എന്നും ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ ലൈഫ്‌സ്റ്റൈല്‍ ഇക്കണോമിക്‌സ് തലവന്‍ ക്രിസ്റ്റഫര്‍ സ്‌നോഡന്‍ പറയുന്നു. ബ്രെക്‌സിറ്റ് കുടിയേറ്റം കുറയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

ബ്രെക്‌സിറ്റോടെ ബ്രിട്ടന് സ്വന്തം അതിര്‍ത്തികളില്‍ അധികാരം തിരിച്ചു കിട്ടുമെന്ന് കരുതുന്നതിനാലാണ് പഴയ വിഷയങ്ങളായ ആരോഗ്യം, എന്‍എച്ച്എസ്, സാമൂഹ്യ സുരക്ഷ, അതിന്‍മേലുള്ള ബജറ്റ് എന്നിവയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ല്‍ ആശങ്ക ഉയര്‍ത്തുന്ന പ്രധാന വിഷയമായി കുടിയേറ്റമാണെന്ന് 38 ശതമാനം ബ്രിട്ടീഷുകാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആരോഗ്യത്തിനു സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത് 26 ശതമാനമായിരുന്നു. 2018 ആയപ്പോള്‍ ഇത് നേരേ തിരിയുകയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ ആശങ്കയുണ്ടാക്കുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ ആശങ്കാ വിഷയങ്ങള്‍ തൊഴിലില്ലായ്മയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയുമാണ്.

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിന്റെ മാപ്പ് പുതുക്കി വരച്ച് ഗ്രാഫിക് ഡിസൈനര്‍. പുതിയ കളര്‍ സ്‌കീമും പരുക്കനല്ലാത്ത വരകളുമായാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ലൂക്ക് കാര്‍വില്‍ എന്ന കലാകാരനാണ് മൂന്നു വര്‍ഷം ചെലവഴിച്ച് ഇത് തയ്യാറാക്കിയിരിക്കുന്നത്. 1931ല്‍ ഹാരി ബെക്ക് തയ്യാറാക്കിയ ട്യൂബ് മാപ്പ് ആണ് കാര്‍വില്‍ വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടന്‍ സ്വദേശികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ മനസിലാകുന്നതിനായാണ് പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് കാര്‍വില്‍ വ്യക്തമാക്കുന്നു. ഓറഞ്ച് നിറത്തില്‍ വരച്ചിരിക്കുന്ന ഓവര്‍ഗ്രൗണ്ടില്‍ നിന്നാണ് മാപ്പ് ആരംഭിക്കുന്നത്. സോണ്‍ 1ല്‍ പെടുന്ന സോണ്‍ 1 ഒരു ഓവല്‍ ആകൃതിയിലുള്ള ഫ്രെയിമാണ്. അതില്‍ നിന്ന് സര്‍വീസുകളുടെ എണ്ണവും പ്രാധാന്യവുമനുസരിച്ച് മറ്റിടങ്ങളിലേക്കുള്ള റൂട്ടുകള്‍ക്ക് നിറങ്ങള്‍ നല്‍കി.

നിലവിലുണ്ടായിരുന്ന ട്യൂബ് മാപ്പ് ടൂറിസ്റ്റുകള്‍ക്കും ലണ്ടന്‍ സ്വദേശികള്‍ക്കും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധത്തില്‍ കുരുക്കുകള്‍ നിറഞ്ഞതായിരുന്നുവെന്ന് കാര്‍വില്‍ പറയുന്നു. ലണ്ടനില്‍ താമസിച്ചിരുന്ന കാലത്ത് ഇത് വളരെ ബുദ്ധിമുട്ടായി തനിക്കും തോന്നിയിരുന്നു. ഇതാണ് ഇത്തരമൊരു ഉദ്യമത്തിന് തന്നെ പ്രേരിപ്പിച്ചത്. സോണ്‍ 1, സോണ്‍ 2 എന്നിവിടങ്ങളില്‍ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്ക് വ്യക്തമാകുന്ന വിധത്തില്‍ സെന്‍ട്രല്‍ ലണ്ടന്‍ വ്യക്തമാക്കുക എന്നതായിരുന്നു ഉദ്ദേശിച്ചതെന്ന് കാര്‍വില്‍ പറഞ്ഞു. പിന്നീട് ഈ ഏരിയകള്‍ വികസിപ്പിച്ച് ഓവല്‍ ആകൃതിയിലുള്ള ഓവര്‍ഗ്രൗണ്ട് രൂപീകരിച്ചു. വരകളിലെ മുന്‍നിര ക്രമം പിന്നീട് പരിശോധിച്ചു. ടിഎഫ്എലിന് കട്ടിയേറിയ വരയും നാഷണല്‍ റെയിലിന് അവയില്‍ വെളുത്ത ചതുരങ്ങള്‍ നിറച്ചിരിക്കുകയുമായിരുന്നു പഴയ മോഡലില്‍.

ഇത് നോക്കുന്നവര്‍ക്ക് ഓവര്‍ഗ്രൗണ്ട് സര്‍വീസും സെന്‍ട്രല്‍ ലൈന്‍ സര്‍വീസും തമ്മില്‍ ആശയക്കുഴപ്പമുണ്ടാകാനിടയുണ്ട്. തന്റെ മോഡലില്‍ തിരക്കേറിയ ട്യൂബ് സര്‍വീസുകള്‍ക്ക് കടും നിറങ്ങളും അത്ര തിരക്കില്ലാത്ത ടിഎഫ്എല്‍, ഓവര്‍ഗ്രൗണ്ട്, ഡിഎല്‍ആര്‍ സര്‍വീസുകള്‍ക്ക് ഇളം പാസ്റ്റല്‍ കളറുകളുമാണ് നല്‍കിയത്. ഇവയ്ക്ക് കടും നിറങ്ങളില്‍ ബോര്‍ഡറുകളും നല്‍കി. സ്ഥിരം സര്‍വീസുകളില്ലാത്ത നാഷണല്‍ റെയില്‍ സര്‍വീസിന് ബോര്‍ഡറുകള്‍ മാത്രമുള്ള വെളുത്ത വരയാണ് നല്‍കിയിരിക്കുന്നത്. സൈക്കിള്‍ സൂപ്പര്‍ഹൈവേകള്‍, റിവര്‍ബോട്ട് സര്‍വീസുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ കൂടി മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കാര്‍വില്‍ പറഞ്ഞു. ബൂട്ട്‌സ്, പാപ്പ ജോണ്‍ തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് കാര്‍വില്‍.

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് യുകെയിലെ കാര്‍ നിര്‍മാണത്തിനും ഫാക്ടറികളിലുള്ള നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് വാഹന നിര്‍മാതാക്കള്‍. കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മിനിയുടെ ഉത്പാദനം യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ബിഎംഡബ്ല്യു സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡെര്‍ബിയില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ യുകെ ഫാക്ടറി നഷ്ടത്തിലാകുമെന്ന ഭീതിയുണ്ടെന്നും നോ ഡീല്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനിടയുള്ള നിക്ഷേപങ്ങളെ ബാധിക്കുമെന്നും ടൊയോട്ടയുടെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് തലവന്‍ ജോഹാന്‍ വാന്‍ സൈല്‍ ബിബിസിയോട് പറഞ്ഞു.

ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്‌സ്‌ഫോര്‍ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.

പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി നിസാനും അറിയിച്ചിരുന്നു.

ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവാണ് എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.

ഇതോടെ എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഇയാള്‍. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്.

വൈറസിനെതിരായുള്ള ചികിത്സകളും ഇതിനൊപ്പം തുടര്‍ന്നു. 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു. 2016ലാണ് എച്ച്‌ഐവി പ്രതിരോധമുള്ള ഒരു വിത്തുകോശ ദാതാവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മജ്ജ മാറ്റിവെക്കല്‍ നടത്തിയതോടെ രോഗി എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിക്കുകയായിരുന്നു. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.

ഹീത്രോ, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളിലും വാട്ടര്‍ലൂ റെയില്‍വേ സ്‌റ്റേഷനിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. എ ഫോര്‍ പോസ്റ്റല്‍ ബാഗുകളിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചെറിയ ഐഇഡികളാണ് ഇവയെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ മെറ്റ് പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു അനുബന്ധ സംഭവമെന്ന നിലയ്ക്കാണ് കണക്കാക്കുന്നതെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും പോലീസ് അറിയിച്ചു. ഹീത്രൂവിലും വാട്ടര്‍ലൂവിലും കണ്ടെത്തിയ പാക്കേജുകളില്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക് സ്റ്റാമ്പുകളാണ് പതിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഐറിഷ് പോലീസും അന്വേഷണത്തില്‍ മെറ്റ് പോലീസുമായി സഹകരിക്കുന്നുണ്ട്.

9.55ന് പാക്കേജ് ശ്രദ്ധയില്‍പ്പെട്ടതോടെ ഹീത്രൂവിലെ കോമ്പസ് സെന്റര്‍ ഒഴിപ്പിച്ചു. പാക്കേജ് തുറന്നപ്പോള്‍ അതിന് തീ പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. എല്ലാ പോസ്റ്റല്‍ ബാഗുകളിലും സ്‌ഫോടകവസ്തുക്കള്‍ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വ്യക്തമാക്കി. തുറക്കുമ്പോള്‍ തീ ഉയരുന്ന വിധത്തിലായിരുന്നു ഇത് സജ്ജമാക്കിയിരുന്നത്. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്കായി ഡിസൈന്‍ ചെയ്ത ലവ് ആന്‍ഡ് വെഡ്ഡിംഗ് സ്റ്റാമ്പുകളാണ് പോസ്റ്റല്‍ കവറുകളില്‍ പതിച്ചിരുന്നതെന്ന് അയര്‍ലന്‍ഡ് പോസ്റ്റല്‍ സര്‍വീസും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹീത്രൂവിലെ കോമ്പസ് സെന്റര്‍ അടച്ചിട്ടിരിക്കുകയാണ്.

വാട്ടര്‍ലൂവില്‍ എത്തിയ കവറില്‍ അയച്ചയാളുടെ അഡ്രസ് ഡബ്ലിനിലെ ബസ് ഐറണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് സിറ്റി ബസ് ഓപ്പറേറ്ററായ കമ്പനി പ്രതികരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ പോസ്റ്റലായി അയച്ചു കൊടുക്കുന്ന രീതി യുകെയില്‍ വളരെ അപൂര്‍വമായി മാത്രമേ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളു.

അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. വേഗത കുറക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല ഇതെന്ന് വ്യക്തമാണെങ്കിലും ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയും നല്ലതെന്ന് കമ്പനി സിഇഒ ഹകാന്‍ സാമുവല്‍സണ്‍ പറഞ്ഞു.

ചൈനീസ് കമ്പനിയായ ഗീലിയാണ് ഇപ്പോള്‍ വോള്‍വോയുടെ ഉടമസ്ഥര്‍. തങ്ങള്‍ ഒരു സ്മാര്‍ട്ട് സ്പീഡ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പണിപ്പുരയിലാണെന്ന് വോള്‍വോ അറിയിച്ചു. ഒരു ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഇതിനൊപ്പമുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സമീപത്തെത്തുമ്പോള്‍ സ്വയം വേഗത കുറയ്ക്കുന്ന സംവിധാനമാണ് ഇത്. മദ്യപിച്ചുള്ള ഡ്രൈവിംഗിനെ ചെറുക്കാനും അശ്രദ്ധമായുള്ള വാനമോടിക്കല്‍ തടയാനും കാറുകളില്‍ ഫേഷ്യല്‍ റെക്ഗ്നീഷന്‍ ക്യാമറ സ്ഥാപിക്കുന്ന പരിഗണനയിലാണെന്നും കമ്പനി വ്യക്തമാക്കി. 2016ല്‍ അമിതവേഗത മൂലം ബ്രിട്ടീഷ് റോഡുകളില്‍ 11570 അപകടങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ 349 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു.

പബ്ലിക് റോഡുകളില്‍ റേസിംഗ് കാറുകള്‍ ഓടിക്കുന്നതു പോലെയാണ് പലരും വാഹനമോടിക്കുന്നത്. വേഗത കുറയ്ക്കുന്നത് വോള്‍വോയിലെങ്കിലും ഈ ശീലം കുറയ്ക്കുന്നതിനാണെന്ന് സാമുവല്‍സണ്‍ പറഞ്ഞു. റേസര്‍മാര്‍ക്കുള്ള കാറല്ല വോള്‍വോയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ് സി 90 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് നിലവില്‍ 132 മൈലാണ് പരമാവധി വേഗത.

ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് മോചനം നല്‍കുമെന്ന പ്രതീക്ഷ താന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ്. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ നിന്ന് മോചനം ലഭിച്ചാല്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് അടുത്തയാഴ്ച നടക്കുന്ന പാര്‍ലമെന്റ് വോട്ടെന്ന കടമ്പ നിസാരമായി മറികടക്കാനാകും. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനായി ടോറി എംപി കൂടിയായ ഇദ്ദേഹം ഇന്ന് ബ്രസല്‍സിലേക്ക് തിരിക്കുകയാണ്. തെറ്റിദ്ധാരണകളാണ് വസ്തുതകളുടെ വേഷത്തില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് കോക്‌സ് പറഞ്ഞു. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പോലെയുള്ള കാര്യങ്ങളില്‍ യുകെ സ്ഥിരമായി അകപ്പെട്ടു പോകാതെ ഇക്കാര്യത്തില്‍ നിയമപരമായ മാറ്റങ്ങള്‍ക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ക്യുസി കൂടിയായ കോക്‌സ്.

സമയ പരിധിക്കുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാനുള്ള നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ നിരസിക്കുകയാണെങ്കില്‍ ഒരു മധ്യസ്ഥ ശ്രമം നടത്താനും കോക്‌സ് പദ്ധതിയിട്ടിട്ടുണ്ട്. ബ്രെക്‌സിറ്റ് അനുകൂലികളായ ഡിയുപിയും റിബല്‍ ലേബര്‍ എംപിമാരും തെരേസ മേയുടെ ഉടമ്പടിയെ പിന്തുണയ്ക്കുമെന്ന ധാരണയിലാണ് ഇതിന് കോക്‌സ് പദ്ധതിയിടുന്നത്. ബാക്ക്‌സ്റ്റോപ്പ് നടപ്പാക്കപ്പെട്ടാല്‍ ഇതിന് പകരം പദ്ധതികള്‍ കൊണ്ടുവന്ന് അതിനെ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയുമോ എന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. കസ്റ്റംസിലെ ഉഭയകക്ഷി ധാരണകളും അന്താരാഷ്ട്ര വ്യാപാരവും ഒരുമിപ്പിച്ചു കൊണ്ടുള്ള സാങ്കേതിക പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വളരെ ശ്രദ്ധോടെ വേണം ഇത് തയ്യാറാക്കാന്‍. ബ്രിട്ടന് ഏകപക്ഷീയമായ രക്ഷപ്പെടല്‍ അനുവദിക്കുന്ന ഒന്നായി ഇത് തോന്നരുത്. അതോടൊപ്പം യുകെയെ ഈ സംവിധാനത്തില്‍ തളച്ചിടുന്ന ഒന്നായി മാറുകയും ചെയ്യരുത്. അതിനാല്‍ത്തന്നെ അല്‍പം ബുദ്ധിമുട്ടേറിയ ഒന്നാണ് ഇത്. നിയമ സാധുതയുള്ളതും വിശ്വസനീയവുമായ ഒന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ബാക്ക്‌സ്റ്റോപ്പ് ഒരു തടവറയല്ലെന്ന് എംപിമാരെ ബോധ്യപ്പെടുത്താന്‍ കോക്‌സിന് സാധിക്കുകയും വേണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനില്‍ പെന്‍ഷനര്‍മാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്ന സൂചന നല്‍കി റിപ്പോര്‍ട്ട്. 40 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേരും സ്റ്റേറ്റ് പെന്‍ഷനില്‍ അഭയം പ്രാപിക്കുന്നവരാണ്. ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി സ്റ്റേറ്റ് പെന്‍ഷന്‍ 505 പൗണ്ടാണ്. എന്നാല്‍ പ്രായമായ പെന്‍ഷനര്‍മാര്‍ക്ക് 885 പൗണ്ടെങ്കിലും വേണ്ടി വരുമെന്നാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി നടത്തിയ റിസര്‍ച്ചില്‍ വ്യക്തമായത്. ബില്ലുകള്‍ അടക്കുന്നതിനായി 616 പൗണ്ടും സോഷ്യലൈസിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കായി 269 പൗണ്ടും ശരാശരി ആവശ്യമായി വരും. അതായത് മാസത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആവശ്യമുള്ളതിനേക്കാള്‍ 380 പൗണ്ട് കുറവാണ്. 15 വര്‍ഷത്തേക്ക് 68,400 പൗണ്ട് ഓരോരുത്തര്‍ക്കും അധികമായി ചെലവാക്കേണ്ടി വരുമെന്ന് സാരം. റിട്ടയര്‍ ചെയ്യാനിരിക്കുന്ന നിരവധിയാളുകള്‍ ഇതിനായി തയ്യാറെടുത്തിട്ടു പോലുമില്ലെന്നാണ് വിവരം.

പ്രൈവറ്റ് പ്ലാനുകളും കമ്പനി പ്ലാനുകളും ഉള്ളവര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ ഫണ്ട് എത്രയുണ്ടെന്നു പോലും അറിയില്ല. പെന്‍ഷന്‍ വരുമാനം എത്രയായിരിക്കുമെന്ന ഊഹം പോലുമില്ലാത്തവരും റിട്ടയര്‍ ചെയ്യാനിരിക്കുന്നവരില്‍ ഉണ്ടെന്നതാണ് വാസ്തവം. ആവശ്യത്തിന് വരുമാനമില്ലാതെ ജീവിതത്തിന്റെ മൂന്നിലൊന്നോളം വരുന്ന റിട്ടയര്‍മെന്റ് ലൈഫ് ജീവിക്കുന്നവര്‍ക്ക് ഒന്ന് സ്വസ്ഥമാകാനോ സന്തോഷിക്കാനോ ഉള്ള അവസരങ്ങള്‍ നഷ്ടമാകുമെന്ന് നേഷന്‍വൈഡ് പ്രതിനിധി ജെയ്‌സണ്‍ ഹേര്‍വുഡ് പറയുന്നു. ജീവിതച്ചെലവുകള്‍ വര്‍ദ്ധിക്കുന്നതു മൂലം സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിസര്‍ച്ചില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചവരില്‍ 25 ശതമാനത്തോളം അഭിപ്രായപ്പെട്ടത്. കടബാധ്യതകള്‍ മൂലം സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് എട്ടില്‍ ഒരാള്‍ വീതം അഭിപ്രായപ്പെട്ടു.

67 വയസ് പ്രായമുള്ളപ്പോള്‍ മാസം 380 പൗണ്ട് വീതം അധിക വരുമാനം നേടണമെങ്കില്‍ ഇപ്പോള്‍ 25 വയസുള്ളവര്‍ മാസം 54 പൗണ്ട് വീതം നിക്ഷേപിക്കേണ്ടി വരും. 40 വയസുള്ളവരാണെങ്കില്‍ ഇത് മാസം 120 പൗണ്ടായി ഉയരും. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനുകള്‍ക്ക് ലഭിക്കുന്ന 20 ശതമാനം അടിസ്ഥാന നികുതിയിളവും 4 ശതമാനം ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണും കണക്കിലെടുത്തുകൊണ്ടാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.

ബ്രിട്ടനിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ. പ്രൊഫഷണല്‍ ബിസിനസ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കച്ചവടം. പോലീസ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്. ബിസിനസ് കാര്‍ഡുകളിലെ നമ്പറുകളില്‍ വിളിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊക്കെയിന്‍, എംഡിഎംഎ, കീറ്റാമിന്‍ തുടങ്ങിയ ക്ലാസ് എ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ആദ്യമായി വീടുകളില്‍ നിന്ന് വിട്ട് താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ ഓഫറുകളില്‍ പലപ്പോഴും വീഴുന്നത്. ബിസിനസ് കാര്‍ഡുകളുടെ പിന്നില്‍ സ്റ്റേപ്പിള്‍ ചെയ്ത് സാമ്പിളുകള്‍ പോലും മയക്കുമരുന്ന് കച്ചവടക്കാര്‍ നല്‍കുന്നുണ്ടെന്ന് ഡെയിലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് അവസാനം കുറിച്ച ക്ലാസ് എ മയക്കുമരുന്നുകള്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറിലും ഇവല്‍ നല്‍കുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അന്വേഷണം വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ യൂണിവേഴ്‌സിറ്റികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് 62 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നതായി അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. മറ്റൊരു സര്‍വേയില്‍ 56 ശതമാനം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരം പോലീസിന് കൈമാറരുതെന്നായിരുന്നു നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് കഴിഞ്ഞ വര്‍ഷം ആവശ്യപ്പട്ടത്.

വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ പട്ടികയില്‍ പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നിര്‍ദേശം നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് നല്‍കിയത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി, ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഓഫറുകള്‍ ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Copyright © . All rights reserved