Main News

ലണ്ടന്‍: എയര്‍ലൈന്‍ കമ്പനികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവ ഏതെന്ന് വിവരിക്കുന്ന വിച്ച് സര്‍വേ പുറത്ത്. ലോകത്തെ ഏറ്റവും മോശം 20 എയര്‍ലൈനുകളാണ് ലിസ്റ്റിലുള്ളത്. യാത്രക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണം, ഡ്രിങ്കുകള്‍, സീറ്റുകള്‍, നല്‍കുന്ന പണത്തിനൊത്ത മൂല്യം സേവനങ്ങളില്‍ നല്‍കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സര്‍വേ നടത്തിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സമയനിഷ്ഠ സംബന്ധിച്ച വിവരങ്ങളും പഠന വിധേയമാക്കി.

ലോകത്തെ ഏറ്റവും മോശം വിമാന സര്‍വീസ് അമേരിക്കന്‍ എയര്‍ലൈനായ യുണൈറ്റഡ് ആണെന്ന് പട്ടിക വ്യക്തമാക്കുന്നു. അഞ്ച് സ്റ്റാറുകളില്‍ രണ്ടെണ്ണം മാത്രം നേടാനേ യുണൈറ്റഡിന് കഴിഞ്ഞുള്ളൂ. യാത്രക്കാരനെ ബലമായി ഇറക്കിവിട്ട സംഭവത്തില്‍ ഏപ്രിലില്‍ യുണൈറ്റഡ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലിസ്റ്റനുസരിച്ച് യൂറോപ്പിലെ മോശം എയര്‍ലൈന്‍ എന്ന ‘ബഹുമതി’ റയന്‍എയര്‍ കരസ്ഥമാക്കി. സ്‌പെയിനിലെ വ്യൂലിംഗും റയന്‍എയറിനൊപ്പം ഈ പദവി പങ്കിടുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സഹോദര സ്ഥാപനമാണ് വ്യൂലിംഗ്.

ഒട്ടേറെ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലാണ് ഈ സര്‍വേ നടന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഈ വിഷയത്തില്‍ റയന്‍എയറിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്ങ്ങള്‍ക്കിടയിലും മറ്റേതൊരു യൂറോപ്യന്‍ വിമാനക്കമ്പനിയേക്കാളും യാത്രക്കാരെ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും അപകടങ്ങള്‍ കുറവാണെന്നതും വിച്ച് സര്‍വേ പരിഗണിച്ചില്ലെന്നാണ് റയന്‍എയര്‍ പറയുന്നത്. റയന്‍എയര്‍ നല്‍കുന്ന അതേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജെറ്റ് 2, നോര്‍വീജിയന്‍ എന്നിവയ്ക്ക് 3 സ്റ്റാറുകള്‍ ലഭിച്ചപ്പോള്‍ റയന്‍എയറിന് മാത്രം 1 സ്റ്റാര്‍ ലഭിച്ചത് വിചിത്രമാണെന്നും കമ്പനി വക്താവ് പറഞ്ഞു.

ചെറുകിട റൂട്ടുകളില്‍ 20ല്‍ 18-ാം സ്ഥാനമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന് ലഭിച്ചത്. ദീര്‍ഘദൂര റൂട്ടുകളില്‍ 17-ാം സ്ഥാനവും ബിഎക്ക് തന്നെയാണ്. എന്നാല്‍ ബിഎക്കു പിന്നില്‍ യുഎസ് എയര്‍ലൈനുകളായ അമേരിക്കനും യുണൈറ്റഡുമാണെന്നതാണ് വിചിത്രം. ഈസിജെറ്റും ഫ്‌ളൈബിയും 11ഉം 12ഉം സ്ഥാനങ്ങളിലെത്തി. എങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ റയന്‍എയറിനു പിന്നിലാണ് ഈസിജെറ്റ്.

ന്യൂസ് ഡെസ്ക്

രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബ്രിട്ടണിൽ ആരംഭിച്ചു. പ്രിൻസ് ഹാരിയും മേഗൻ മാർക്കലും വിവാഹിതരാകുന്നത് അടുത്ത വർഷം മെയ് 19 ശനിയാഴ്ച ആയിരിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു.  രാജകീയ വിവാഹത്തിന് വേദിയാകുന്നത് വിൻസർ കാസിലിലെ സെന്റ് ജോർജ് ചാപ്പലാണ്.  മേഗൻ മാർക്കൽ പ്രോട്ടസ്റ്റന്റ് സഭക്കാരിയാണ്. മേഗൻ ബാപ്റ്റിസവും കൺഫിർമേഷനും വിവാഹ ദിനം തന്നെ സ്വീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമാകും. പ്രിൻസ് ഹാരിയും മിസ് മെർക്കലും കഴിഞ്ഞ മാസമാണ് വിവാഹ വാർത്ത പുറത്തു വിട്ടത്. ലോസ് ആഞ്ചലസ് സ്വദേശിയായ മേഗൻ  അമേരിക്കൻ സിനിമ ടിവി രംഗത്തെ നിറസാന്നിധ്യമാണ്. വിവാഹശേഷം മേഗൻ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കും.

വിവാഹം, ചർച്ച് സർവീസ്, മ്യൂസിക്, ഫ്ളവേഴ്സ്, റിസപ്ഷൻ എന്നിവയ്ക്കുള്ള ചിലവ് റോയൽ ഫാമിലി വഹിയ്ക്കും. പ്രിൻസ് ഹാരിയും മേഗൻ മെർക്കലും സാന്ദരിങ്ങാമിൽ ക്വീനിനൊപ്പം ക്രിസ്മസ് ആഘോഷിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് ട്വീറ്റ് ചെയ്തു. ഹാരിയും മാർക്കലും തങ്ങളുടെ ആദ്യ ഓഫീഷ്യൽ എൻഗേജ്മെന്റ് ഡിസംബർ 1 ന് നോട്ടിംങ്ങാമിൽ നടത്തിയിരുന്നു. വിവാഹ ദിവസം തന്നെയാണ് എഫ്എ കപ്പ് ഫൈനൽ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രിൻസ് വില്യം എഫ്എ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട ഇവന്റാണ് എഫ് എ കപ്പ് ഫൈനൽ. വിജയികൾക്ക് ട്രോഫി സമ്മാനിക്കേണ്ടത് പ്രിൻസ് വില്യമാണ്.

മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ – ജോജി തോമസ്

ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.

എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണെങ്കില്‍ വിപുലമായ അഴിച്ചുപണിക്കാണ് ടാറ്റ പദ്ധതിയിടുന്നത്. ഒരു വര്‍ഷം നാലായിരം കോടി രൂപയിലധികം നഷ്ടം വരുത്തിവയ്ക്കുന്ന എയര്‍ ഇന്ത്യയെ മൂന്നുവര്‍ഷം കൊണ്ട് ലാഭത്തിലാക്കാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ധാരണ. മാഞ്ചസ്റ്റര്‍ അടക്കം ലോകത്തിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തി വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കണമെന്ന്  ടാറ്റാ ഗ്രൂപ്പ്‌ കരുതുന്നു. ഏതാനും വര്‍ഷം മുമ്പ് ബര്‍മിങ്ങ്ഹാമില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ എമിറേറ്റ്സിന്റെ തീവെട്ടിക്കൊള്ളയില്‍ നിന്ന് രക്ഷിച്ചിരുന്നു. ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യയോട് ടാറ്റ ഗ്രൂപ്പിന് ഒരു ആത്മബന്ധം തന്നെയുണ്ട്. ജെ.ആര്‍.ഡി. ടാറ്റ, ടാറ്റ എയര്‍ലൈന്‍ എന്ന പേരില്‍ 1932ലാണ് ഇന്ത്യയിലെ ആദ്യ വിമാന സര്‍വ്വീസിന് തുടക്കമിടുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് 1946ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ ടാറ്റ എയര്‍ലൈന്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1948ല്‍ 49 ശതമാനം ഓഹരികള്‍ വാങ്ങി ഇന്ത്യാ ഗവണ്‍മെന്റ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം സ്വന്തമാക്കി. 1953ല്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിക്കുകയും വിഭജിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കുകയും ചെയ്തു.

എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 52,000 കോടി രൂപയുടേതാണ്. ഓരോ വര്‍ഷവും 4000 കോടി രൂപ വീതം അധിക ബാധ്യത സര്‍ക്കാര്‍ ഖജനാവിന് വരുത്തി വെയ്ക്കുന്നുമുണ്ട്. രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ വളരെയധികം നീക്കം നടന്നിരുന്നു. 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് കരകയറ്റാനായില്ല. അതോടെ രാജ്യത്തെ ജനങ്ങളുടെ മേല്‍ വലിയൊരു ബാധ്യത വര്‍ഷം തോറും വരുത്തിവെയ്ക്കുന്ന എയര്‍ ഇന്ത്യയെ കയ്യൊഴിയാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ പ്രമുഖ എയര്‍ പോര്‍ട്ടുകളിലെ വിലമതിക്കാനാവാത്ത പാര്‍ക്കിങ്ങ് സ്ലോട്ടുകള്‍ രാജ്യാന്തര പ്രശസ്തമായ റൂട്ടുകള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം തുടങ്ങിയ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ ആണ് ടാറ്റാ ഗ്രൂപ്പ്, ഖത്തര്‍ എയര്‍വേയ്സും ഉള്‍പ്പെടുന്ന വിദേശ വിമാന കമ്പനികള്‍ മുതല്‍ക്കൂട്ടായി കരുതുന്നത്. ഇതില്‍ പലതും പണമുണ്ടെങ്കിലും നേടാനാവാത്തതാണ്. 60,000 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുമ്പോഴും ഇത്തരത്തിലുള്ള അമൂല്യമായ ആസ്തികള്‍ നാളെകളില്‍ മുതല്‍ക്കൂട്ടാകുമെന്നും എയര്‍ ഇന്ത്യയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ പതാകവാഹകരാകാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ കണക്കുക്കൂട്ടല്‍.

ലണ്ടന്‍: അന്തരീക്ഷ താപനില സ്ഥിരമായി പൂജ്യത്തിലും താഴേക്ക് എത്തുന്ന സാഹചര്യത്തില്‍ ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ നിര്‍ദേശം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്ന് ദിവസം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിലവില്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ തുറക്കാറുള്ളു. കാലാവസ്ഥയില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ചാരിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിക്കും മേയര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

തെരുവുകളില്‍ ഉറങ്ങുന്നവര്‍ക്ക് അഭയം നല്‍കാനായി റാപ്പിഡ് റെസ്‌പോണ്‍സ് ഹബ് തുടങ്ങാനുള്ള പ്രവര്‍ത്തങ്ങള്‍ക്കും മേയര്‍ ആരംഭം കുറിച്ചു. തെരുവില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും തമ്മില്‍ കൊമ്പ് കോര്‍ത്തതിനു പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ മേയര്‍ സാദിഖ് ഖാന്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായുള്ള പദ്ധതികള്‍ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ വിഷയമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കമായാണ് ഇത് വിവക്ഷിക്കപ്പെടുന്നത്.

പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും തെരുവുകളില്‍ അഭയം തേടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. ഷെല്‍ട്ടറുകള്‍ തുറക്കാനുള്ള നിര്‍ദേശം ലണ്ടന്‍ നഗരത്തിലെ 33 ബറോകള്‍ക്കും നല്‍കിക്കഴിഞ്ഞു. 2010-11 വര്‍ഷത്തില്‍ തെരുവില്‍ അന്തിയുറങ്ങിയവരുടെ എണ്ണം 3975 ആയിരുന്നെങ്കില്‍ 2015-16 വര്‍ഷത്തില്‍ ഇത് 8000 ആയി ഉയന്നിട്ടുണ്ട്.

വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ് ഭരണകൂടം. രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ പാര്‍പ്പിട പ്രതിസന്ധിയില്‍ വലയുന്ന യുകെ പോലെയുള്ള രാജ്യങ്ങള്‍ക്ക് മാതൃകയായേക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് ന്യൂസിലന്‍ഡ് തയ്യാറാകുന്നത്. റസിഡന്‍ഷ്യല്‍ വിസ കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഇവിടെ നിലവിലുള്ള വീടുകള്‍ വാങ്ങാനാകൂ.

വിദേശ ഡവലപ്പര്‍മാര്‍ക്കും വ്യക്തികള്‍ക്കും സ്വന്തമായി ഇനി പുതിയ വീടുകള്‍ മാത്രമേ വാങ്ങാനാകൂ. അടുത്ത വര്‍ഷം മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുകയെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഫില്‍ ടൈ്വഫോര്‍ും ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ യൂജിന്‍ സേജും പറഞ്ഞു. വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് തദ്ദേശീയരായ കുടുംബങ്ങള്‍ ആദ്യമായി വീട് വാങ്ങാന്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.

വസ്തുവില വല്ലാതെ ഉയരുന്നതാണ് ഇതിന് കാരണം. പുതിയ നിയമം പ്രോപ്പര്‍ട്ടികളുടെ വില ഉയരുന്നതിന് വിലങ്ങിടാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഭവന രാഹിത്യ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. പ്രോപ്പര്‍ട്ടി വില അനിയന്ത്രിതമായി വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും വസ്തു വില ചര്‍ച്ചയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വസ്തുവില 57 ശതമാനമാണ് വര്‍ദ്ധിച്ചത്.

എഡിന്‍ബറ: സ്‌കോട്ടിഷ് സര്‍ക്കാര്‍ ആല്‍ക്കഹോളിന് മിനിമം വില നിശ്ചയിച്ചത് മദ്യത്തിന് വില വര്‍ദ്ധിക്കാന്‍ കാരണമായേക്കും. 2018 മെയ് മുതലാണ് സ്‌കോട്ട്‌ലന്‍ഡില്‍ ആല്‍ക്കഹോളിന് മിനിമം വില പ്രാബല്യത്തിലാകുന്നത്. ഇത് മദ്യവിലയെ ബാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. ചില സിഡര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വില ഉയര്‍ന്നേക്കുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. എല്ലാ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. സ്‌ട്രോങ്‌ബോയുടെ 440 എംഎല്‍ 20 എണ്ണത്തിന്റെ പാക്കിന് വില ഇരട്ടിയാകും. ടെസ്‌കോ ക്രീം ഷെറിയുടെ വില 20 ശതമാനം വരെ ഉയരുമെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.

സ്‌കോട്ടിഷ് സര്‍ക്കാരും സ്‌കോച്ച് വിസ്‌കി അസോസിയേഷനും അഞ്ചു വര്‍ഷത്തോളം തുടര്‍ന്ന നിയമയുദ്ധം അവസാനിച്ചതോടെയാണ് മദ്യത്തിന് മിനിമം വില ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതോടെ സിഡര്‍ പോലെയുള്ള ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയതും വില കുറഞ്ഞതുമായ മദ്യങ്ങളുടെ വില്‍പന തന്നെ അസോസിയേഷന്‍ നിര്‍ത്തുമെന്ന് സൂചന നല്‍കിയിരുന്നു. 2015 ഒക്ടോബറിനും 2016 സെപ്റ്റംബറിനും ഇടയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും യുകെയില്‍ വിറ്റഴിച്ച വിറ്റഴിച്ച 70 ശതമാനം മദ്യത്തിനും യൂണിറ്റിന് 50 പെന്‍സില്‍ താഴെയായിരുന്നു ശരാശരി മിനിമം വില.

മിനിമം വില 50 പെന്‍സ് ആയി നിശ്ചയിക്കുമ്പോള്‍ മദ്യവില 35 ശതമാനമെങ്കിലും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ബിയറിനെയും സിഡറിനെയുമാണ് വിലക്കയറ്റം ഏറ്റവും ബാധിക്കുന്നത്. നിലവില്‍ 50 പെന്‍സിനും താഴെയാണ് സിഡറിന്റെ വില. ഇത് 90 ശതമാനം വര്‍ദ്ധിക്കും. ബിയര്‍ വില 44 ശതമാനം ഉയരാനാണ് സാധ്യത. ആല്‍ക്കഹോള്‍ അനുബന്ധ മരണങ്ങള്‍ കുറയക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മദ്യത്തിന് മിനിമം വില നിശ്ചയിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിയില്‍ ജനങ്ങള്‍ വളരെയധികം പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷയെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തി. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അസുഖംമൂലം ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരായ രൂക്ഷ വിമര്‍ശമാണ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കോണ്‍ഗ്രസ് വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ല, അവയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി രാജ്യത്തെ ശക്തിപ്പെടുത്താനല്ല, ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനാല്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം ബി.ജെ.പിക്കെതിരെ അണിനിരക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടേണ്ടതുണ്ടോയെന്ന് അദ്ദേഹം ഇടത് പാര്‍ട്ടികളോട് ചോദിച്ചു. അവര്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നുവെങ്കില്‍ ദേശീയ തലത്തില്‍ അവര്‍ക്കെതിരെ പോരാടുന്നത് സംബന്ധിച്ച നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാവിലെ സംസ്ഥാനത്തെത്തിയ രാഹുല്‍ഗാന്ധി ഓഖി ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരി ജില്ലയിലെ തീരമേഖലകളിലുമാണ് രാഹുല്‍ നേരിട്ടെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിലും പ്രത്യേക മന്ത്രാലയം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്നതിന് സമാനമായ ദുരിതമാണ് മത്സ്യത്തൊഴിലാളികള്‍ക്കും നേരിടേണ്ടി വരുന്നത്.

കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓഖി പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ മുന്നറിയിപ്പ് സംവിധാനം വേണം. ഇത്തരം ദുരന്തങ്ങളില്‍നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു.

ലണ്ടന്‍: ഇന്ന് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ആരംഭിക്കാനിരിക്കെ ഇന്നലെ ഹൌസ് ഓഫ് കോമണ്‍സില്‍ ബ്രെക്‌സിറ്റ് ബില്ലിന്‍ മേല്‍ അവസാന വാക്ക് എം പിമാര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിന്മേലാണ് വോട്ടെടുപ്പ് നടന്നത്. കണ്‍സര്‍വേറ്റിവ് എം പിമാരിലെ വിമതരുടെ നേതൃത്വത്തിലാണ് മെയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. നാല് വോട്ടിന്റെ വ്യത്യാസത്തിലാണ് വിമത ഗ്രൂപ്പ് വിജയം കണ്ടത്. പതിനൊന്നോളം എം പിമാരാണ് വിമത ഗ്രൂപ്പിലുണ്ടായിരുന്നത്. ഫലപ്രഖ്യാപനം വന്നയുടനെ തന്നെ റിബല്‍ എം പിയായ സ്റ്റീഫന്‍ ഹാമാന്‍ഡിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനവും തെറിച്ചു.

ഹൌസ് ഓഫ് കോമണ്‍സില്‍ നേരിട്ട പരാജയം മേയുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാകും. കഴിഞ്ഞയാഴ്ച്ചയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ഏകദേശ ധാരണയിലെത്തിയത്. ഡിവോഴ്‌സ് ബില്ലിലും ഇയു പൗരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ചും ധാരണയിലെത്തിയ ഇരു വിഭാഗത്തെയും ഞെട്ടിച്ചുകൊണ്ടാണ് ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്‌സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാഗികമായി തള്ളിയത്.

ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എം.പിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായും 305പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു,
അതേസമയം മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍

രാജ്യം കണ്ട വലിയ കോഴകളില്‍ ഒന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലുണ്ടാകുന്ന ആശങ്ക ശക്തമാകുന്ന റിപ്പോര്‍ട്ടാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അടുത്തയിടെ ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിക്കുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തതാണ് കോഴ ഇടപാട് നടന്നെന്ന സംശയത്തിന് ബലം പകരുന്നത്. ഖത്തര്‍ വാങ്ങുന്നതിനെക്കാള്‍ മൂന്നിരട്ടിയോളം പണമാണ് ഇന്ത്യ ഒരു യുദ്ധവിമാനത്തിനായി ഫ്രാന്‍സിന് നല്‍കുന്നത്. ഖത്തര്‍ ഒരു വിമാനത്തിന് 9 കോടി യൂറോ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കുന്നത് 24 കോടി യൂറോയാണ്. കരാറില്‍ അഴിമതി നടന്നെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആരോപണത്തിന് വിശ്വാസ്യത പകരാന്‍ ഈ കണക്കുകള്‍ ധാരാളമാണ്. ഖത്തര്‍ ആദ്യഘട്ടത്തില്‍ 24 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒരു വിമാനത്തിനായത് ശരാശരി വില 26 കോടി യൂറോയാണ്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ വാങ്ങിയ 12 വിമാനങ്ങളുടെ ശരാശരി വില 9 കോടി യൂറോ മാത്രമാണ്. ആകെ വാങ്ങിയ 36 വിമാനങ്ങളുടെ ശരാശരി വില 20 കോടി യൂറോയാണ്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ വില കുറയ്ക്കാന്‍ എല്ലാ ആയുധക്കമ്പനികളും തയ്യാറാകും. എന്നാല്‍ ഖത്തറിനേക്കാള്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന ഇന്ത്യ വിമാനങ്ങള്‍ക്ക് നല്‍കുന്ന ശരാശരി വില 24 കോടി യൂറോയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റാഫേല്‍ യുദ്ധവിമാന കരാറിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് റാഫേല്‍ കമ്പനിയുമായി ഉണ്ടാക്കിയ ധാരണ മൊത്തം 126 യുദ്ധ വിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു. പൂര്‍ണ തോതിലുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തിനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. നിലവിലുള്ള കരാറില്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിന് വ്യവസ്ഥയില്ല.

എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിന് റാഫേല്‍ യുദ്ധവിമാന കരാറിനു പിന്നിലുള്ള നിഗൂഢതകള്‍ പൊതുജന സമക്ഷം അനാവരണം ചെയ്യുന്നതിനോ മോദി ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാനോ സാധിക്കുന്നില്ല. യുപിഎ ഭരണകാലത്തെ അഴിമതിയുടെ പാപക്കറ പേറുന്ന പ്രതിപക്ഷ നേതൃത്വത്തിന് അഴിമതിക്കെതിരെ ബഹുജന പ്രതിരോധം കെട്ടിപ്പെടുക്കുന്നതിനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടതാണ് ഒരു കാരണം. കൂടാതെ പ്രതിപക്ഷത്തെ നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് അത്യാവശ്യം ഭീഷണിയും ബ്ലാക് മെയിലിംഗ് തന്ത്രങ്ങളും പയറ്റുന്നുമുണ്ട്.

ഇതിനിടയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതിയുടെ കറ പുരളാത്ത മാന്യതയുടെ പ്രതീകമായി അറിയപ്പെടുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളായ മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിനെ റാഫേല്‍ യുദ്ധവിമാന കരാര്‍ ന്യായീകരിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി രംഗത്തിറക്കിയത് ബോധപൂര്‍വ്വമാണ്. സംശയത്തിന്റെ വിത്തുകള്‍ മുളയിലേ നുള്ളുവാനാണ് ശ്രമം. റാഫേല്‍ യുദ്ധ വിമാനത്തിലെ ഉപകരണങ്ങള്‍ക്കാണ് കൂടിയ ചിലവെന്നാണ് പരീക്കര്‍ വാദിച്ചത്. എന്തായാലും ആനയെക്കാളും കൂടിയ വില തോട്ടിക്ക് കൊടുക്കുന്നതിലേ യുക്തി പൊതുജനത്തിന് മനസിലാകുന്നതല്ല. അഴിമതിയുടെ വിളനിലമായ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മാന്യനായ പരീക്കറിനേ താരതമ്യേന അപ്രധാന സംസ്ഥാനമായ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അയച്ചതും പ്രതിരോധ ഇടപാടുകളില്‍ പലരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഊണിലും ഉറക്കത്തിലും രാജ്യസ്‌നേഹം വിളമ്പുന്ന നരേന്ദ്രമോദി റാഫേല്‍ യുദ്ധവിമാന കരാറില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനാണ്.

ബര്‍മിംഗ്ഹാമിനടുത്ത് വാള്‍സാളില്‍ ദീര്‍ഘ കാലമായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനി ആന്‍സി സിമ്മി ഇന്ന് രാവിലെ കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ നിര്യാതയായി. കോട്ടയം അയ്മനം പരിപ്പ് സ്വദേശി മുളക്കല്‍ സിമ്മിയുടെ ഭാര്യയും ആഷിന്‍ സിറ്റി ടൂര്‍സ് ഉടമയും മുന്‍ യുകെകെസിഎ വൈസ് പ്രസിഡന്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ്. സിയാ, ലിയാ എബിസണ്‍ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത് . ന്യൂ കാസിലില്‍ താമസിക്കുന്ന ജിജോ മാധവപ്പള്ളി, മോളി ജോയി, ജെസ്സി ബൈജു എന്നിവര്‍, സെലിന്‍ രാജേഷ് (ദുബായ് ), സാലി ബേബി (ഇടക്കോലി), എന്നിവര്‍ സഹോദരങ്ങള്‍ ആണ്. കല്ലറ മാധവപ്പള്ളില്‍ പരേതനായ ജോസഫ്, അന്നക്കുട്ടി ദമ്പതികളുടെ പുത്രിയാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും ,

കഴിഞ്ഞ മൂന്നു മാസം മുന്‍പാണ് ആന്‍സിക്ക് ക്യാന്‌സര് രോഗബാധ തിരിച്ചറിയുന്നത്. ഇവിടെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി നാട്ടില്‍ ചികിത്സക്കായി പോയിരിക്കുകയായിരുന്നു. ഭര്‍ത്താവ് സിമ്മിയും ആന്‍സിയോടൊപ്പം നാട്ടില്‍ ആയിരുന്നു ഉണ്ടായിരുന്നത്. രോഗം കലശലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആണ് കാരിത്താസില്‍ പ്രവേശിപ്പിച്ചത്. യു കെ മലയാളികളെ വിടാതെ പിന്തുടരുന്ന ക്യാന്‍സര്‍ മരണ പരമ്പരയില്‍ കഴിഞ്ഞ ദിവസം മിഡില്‍സ്ബറോയില്‍ ബെന്നിയും , കൊവെന്‍ട്രിയില്‍ ജെറ്റ്‌സിയും ലണ്ടനില്‍ സക്കറിയ വര്‍ഗീസും മരണമടഞ്ഞിരുന്നു .തുടര്‍ച്ചയായുള്ള മരണ വാര്‍ത്തകള്‍ കേട്ട് നടുങ്ങിയിരിക്കുന്ന യു കെ മലയാളികള്‍ക്കിടയിലേക്കു വരുന്ന ആന്‍സിയുടെ മരണ വാര്‍ത്തയും ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ ശ്രവിച്ചത്

സഹോദരങ്ങളായ ജിജോയും , ജെസ്സിയും ആന്‍സിയുടെ മക്കളും, സിമ്മിയുടെ സഹോദരീ ഭര്‍ത്താവ് ജോജിയും അടക്കമുള്ളവര്‍ ഉടന്‍ തന്നെ നാട്ടിലേക്കു തിരിക്കും.

Also read

അവന്‍ മുമ്പേ പോകുവാ.. മകന്റെ അന്ത്യയാത്രയിൽ അമ്മയുടെ വിടവാങ്ങൽ പ്രസംഗം; കേൾവിക്കാരെ ഈറനണിയിച്ച വാക്കുകൾ, വീഡിയോ കാണാം

RECENT POSTS
Copyright © . All rights reserved