Main News

75 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് നൽകിക്കൊണ്ടിരുന്ന സൗജന്യ ടിവി ലൈസൻസ് നിർത്തലാക്കാൻ തീരുമാനിച്ചതായി ബി ബി സി റിപ്പോർട്ട്. പുതിയ നിയമപ്രകാരം ഇനിമുതൽ ഒരു പെൻഷൻകാരന്റെ വരുമാനത്തിൽ ജീവിക്കുന്ന വീടുകൾക്ക് മാത്രമേ ഇനി സൗജന്യ ലൈസൻസ് കിട്ടുകയുള്ളൂ. 2015 ഓടെ തന്നെ 75 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ലൈസൻസ് ചെലവുകൾ ബി ബി സി വഹിക്കേണ്ടത് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2020ഓടെ നടപ്പിലാക്കാനാണ് തീരുമാനം. എന്നാൽ അതിന് ബി ബി സി യുടെ ബജറ്റിന്റെ അഞ്ചിലൊരു ഭാഗം ആയ 745 മില്യൺപൗണ്ട് ചെലവുവരും. എന്നാൽ പുതിയ പദ്ധതിയിൽ 250 മില്യൺ പൗണ്ടിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

വയോജനങ്ങൾക്ക് സബ്സിഡി നൽകുന്നത് മൂലം പല ഡിപ്പാർട്മെന്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ബി ബി സി 2, ബിബിസി 4, ബിബിസി വാർത്താചാനലുകൾ, ബിബിസി സ്കോട്ട്ലൻഡ് ചാനൽ, റേഡിയോ ലൈവ്, പ്രാദേശിക റേഡിയോ ചാനലുകൾ എന്നിവയ്ക്ക് ഇത് ഭീഷണിയാകും. ഭരണകർത്താക്കളുടെ നിർദ്ദേശത്താൽ ആണ് തങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് ബിബിസി അറിയിച്ചു. അഭിപ്രായവോട്ടെടുപ്പ് നടത്തിയതിൽ 52 ശതമാനം പേരും ഫ്രീ ലൈസൻസ് ആവശ്യമില്ല എന്ന പക്ഷക്കാരാണ്. വരുമാനം ലഭിക്കുന്ന പെൻഷൻകാർ സൗജന്യമായി സേവനം ഉപയോഗിക്കുമ്പോൾ സാമ്പത്തികമായി വലിയ മെച്ചമില്ലാത്ത യുവതലമുറ പണം അടക്കുന്നുണ്ട് എന്നതാണ് ഒരു കാരണം. കണക്കുകൾ പ്രകാരം900, 000 വീടുകളിൽ പെൻഷൻ വാങ്ങുന്നവരുണ്ട്, അത് 2020ഓടെ 1.5 മില്യൻ ആകും.


വളരെ പ്രയാസമുള്ളത് ആണെങ്കിലും ഈ അവസരത്തിൽ ഏറ്റവും യോജിച്ച തീരുമാനമാണ് ഇതെന്ന് ബി ബി സി ചെയർമാൻ സർ ഡേവിഡ് ക്ലമന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി തെരേസ മെയ്‌ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി. സൗജന്യ സേവനങ്ങൾ തുടർന്നും പൊതുജനങ്ങൾക്ക് ലഭിക്കാനാണ് ഗവൺമെന്റ് താൽപര്യം പെടുന്നത് എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് . രാജ്യത്തെ വയോജനങ്ങൾക്ക് മാനസികോല്ലാസത്തിനു മാത്രമല്ല ലോകത്തോട് ബന്ധം പുലർത്താനുള്ള മാധ്യമമാണ് ടെലിവിഷൻ. അതില്ലാതെ ആയാൽ കനത്ത ഒറ്റപ്പെടൽ ആവും അവർക്ക് നേരിടേണ്ടി വരിക. മുതിർന്ന പൗരന്മാരെ സഹായിക്കാൻ എന്തെങ്കിലും പുതിയ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

ആരോഗ്യമേഖലയിൽ പ്രധാനമായും കുട്ടികളുടെ രോഗനിർണയത്തിൽ ഒരു വഴിത്തിരിവായി ജനറ്റിക് സീക്വൻസിംങ്ങ് മാറുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . യുകെയിൽ പല കുട്ടികളും അപൂർവ്വമായ രോഗങ്ങളാൽ ഓരോ വർഷവും മരിക്കുന്നു. ഇതിന്റെ കാരണം കണ്ടെത്തുവാനും ഒരു മാറ്റത്തിന് വഴി ഒരുക്കുവാനും തയ്യാറെടുക്കുകയാണ് ആരോഗ്യമേഖല. ഒരാളുടെ ജനിതക കോഡ് നിരീക്ഷിച്ചായിരിക്കും രോഗം കണ്ടെത്തുക. ഇതിന്റെ പഠനങ്ങൾ ആടെൻബ്രൂക്ക് ആശുപത്രിയിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും നടന്നുവരുന്നു. ഇതുവരെ ആടെൻബ്രുക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 350 ആണ്. ഇവയിൽ 4 കുട്ടികളിൽ ജനിതക രോഗം കണ്ടെത്തി. മാതാപിതാക്കളുടെയും കുട്ടിയുടെയും ജീനോം ക്രമപ്പെടുത്തിയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ജന്മ വൈകല്യം, അപസ്മാരം, വളർച്ചക്കുറവ് എന്നിവയൊക്കെയാണ് കുട്ടികളിലെ പ്രധാന രോഗങ്ങൾ.

ജനിതക ശാസ്ത്രജ്ഞ ലൂസി റെയ്മണ്ട് ജനറ്റിക് സീക്വൻസിംങ്ങിനെ അത്ഭുതകരമായ ഒന്നെന്നു വിശേഷിപ്പിച്ചു. “ഇത്ര വേഗം രോഗനിർണയം നടത്താൻ ആവുന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്.” 2020ൽ ഇംഗ്ലണ്ടിൽ ഇത് മുഴുവനായും ലഭ്യമാകും എന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ അപൂർവമായ രോഗം കണ്ടെത്താൻ ചിലപ്പോൾ വർഷങ്ങൾ ആവശ്യമായിവരും. ഇതിന് നല്ല രീതിയിൽ പണം ചിലവാകുകയും ചെയ്യും എന്നിരിക്കെ ഈ ചികിത്സാ രീതിയുടെ ചിലവ് 1000 പൗണ്ടിൽ താഴെ മാത്രമാണ്. ഇത് എൻ എച്ച് എസിനും ഒരു നേട്ടമാണ്.

ക്രിസ് ഡാലി – ക്ലെയർ കോൾ എന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള കുട്ടി മില്ലി മേയുടെ അപൂർവമായ അപസ്മാര രോഗത്തെ ജനറ്റിക് സീക്വൻസിംങ്ങിലൂടെ കണ്ടെത്തുവാൻ കഴിഞ്ഞു. മില്ലി മേയുടെ മാതാപിതാക്കൾ ബിബിസിയോട് ഇപ്രകാരം പറഞ്ഞു “പരിശോധനകളുടെ ഫലങ്ങളെല്ലാം വളരെ വേഗത്തിലാണ് ലഭ്യമാകുന്നത് ഇത് അമൂല്യമായ ഒന്നായി കണക്കാക്കുന്നു.” ഇയാൾ പിക്കൻ – കേറ്റ് ദമ്പതികളുടെ മകൾ സെറിൻ ജനിച്ച്, പതിമൂന്നാം ആഴ്ചയിൽ തന്നെ അപൂർവ രോഗം ബാധിച്ച് മരണപ്പെട്ടു. രോഗം എന്താണെന്ന് കണ്ടെത്താൻ അപ്പോൾ സാധിച്ചില്ല എങ്കിലും പിന്നീട് മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ജനറ്റിക് സീക്വൻസിംങ്ങിലൂടെ കുട്ടിക്കൊരു മൈറ്റോകോൺട്രിയൽ ഡിസോർഡർ ആയിരുന്നു എന്ന് കണ്ടെത്തി. ഇത് ഏറ്റവും അപൂർവ്വമായ കേസുകളിൽ ഒന്നായി ഡോക്ടർമാർ വിലയിരുത്തുന്നു. ഈ ജനറ്റിക് സീക്വൻസിംങ്ങ് ഇമ്മ്യൂണോളജി, മൈക്രോബയോളജി, ക്യാൻസർ റിസർച്ച്, ന്യൂറോബയോളജി എന്നീ മേഖലകളിലും പ്രയോഗിക്കാൻ കഴിയുന്ന ഒന്നാണ്. അപൂർവമായ രോഗംബാധിച്ച് എത്തുന്ന കുട്ടികളിൽ ഈ ഒരു ചികിത്സാരീതിയിലൂടെ അധികം പണചിലവില്ലാതെ തന്നെ രോഗനിർണയം നടത്താൻ കഴിയും എന്നത് വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

എ- ലെവെലിലെ തോൽവിയിൽ നിന്നും പത്തൊമ്പതുകാരനായ കോടീശ്വരനിലേക്കുള്ള ഡാൻ ലെഗ്ഗിന്റെ വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതാണ്. യൂട്യൂബിലൂടെ വിദേശ കറൻസികളുടെ വ്യാപാരത്തെ കുറിച്ച് അറിഞ്ഞ അദ്ദേഹം തന്റെ ശനിയാഴ്ച ദിവസത്തെ ജോലിയിലൂടെ നേടിയ ശമ്പളം ഇതിലേക്ക് നിക്ഷേപിച്ചു. 2017 -ൽ നടന്ന പരീക്ഷയിലേറ്റ തോൽവി അദ്ദേഹത്തിന്റെ ജീവിതത്തെ അന്ധകാരത്തിൽ ആക്കി. എന്നാൽ ഇന്നു ഡാൻ ലെഗ്ഗ് സ്വന്തമായുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു.

വിദേശ കറൻസികളുടെ വ്യാപാരത്തിലൂടെ ആണ് താൻ ഈ നേട്ടം കൈവരിച്ചത്. താൻ അതിൽ വൈദഗ്ധ്യം പ്രാപിച്ചുവെന്നും തുടക്കക്കാർക്ക് ക്ലാസ്സുകൾ എടുക്കുന്നതിന് 1000 പൗണ്ട് വരെ പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു . ഒരു തായ് റെസ്റ്റോറന്റിൽ ജോലി ചെയ്തു നേടിയ 500 പൗണ്ട് മാത്രമാണ് തന്റെ പക്കൽ നിക്ഷേപമായി ഉണ്ടായിരുന്നത്. അതിൽ നിന്നാണ് താൻ ഇത്രയും വലിയ ഒരു നേട്ടം കൈവരിച്ചതെന്നു ലെഗ്ഗ് വിവരിച്ചു . പൊതുവേ പണം ചെലവാക്കുന്നതിൽ പിശുക്കനായ അദ്ദേഹത്തിന് 80,000 പൗണ്ട് വിലയുള്ള റേഞ്ച് റോവർ വരെയുണ്ട്.

ഇംഗ്ലണ്ടിലെ സോമേർസെറ്റിലെ ചെദ്ദാർ ഗ്രാമത്തിൽ ഐസ്ക്രീം പാർലർ നടത്തുന്നവർ ആയിരുന്നു ലെഗ്ഗിന്റെ മാതാപിതാക്കൾ. മാതാപിതാക്കളായ കെവിനും സാന്ദ്രക്കും 2000 പൗണ്ട് വീതം മാസം ഇപ്പോൾ നൽകുന്നത് ലെഗ്ഗ് ആണ്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് അദ്ദേഹം ഈ വ്യാപാരം തുടങ്ങിയതെന്നും ലെഗ് പറയുന്നു. തുടക്കത്തിൽ തോൽവികൾ നേരിട്ടെങ്കിലും 15,000 പൗണ്ട് നേടിയതാണ് ആദ്യത്തെ ലാഭം. ഫോണിലുള്ള ആപ്ലിക്കേഷനിലൂടെ വ്യാപാരം ചെയ്യുന്നതിനാൽ എപ്പോൾ എവിടെ വേണമെങ്കിലും നിന്ന് ഇത് പ്രവർത്തിപ്പിക്കാം.

ടീം എഫ്എക്സ് എന്ന പേരിൽ തുടക്കക്കാർക്ക് പരിശീലനത്തിനായി ഒരു ആപ്ലിക്കേഷൻ തുടങ്ങുകയും ചെയ്തു. അടിസ്ഥാന പരിശീലനത്തിന് 300 പൗണ്ട് വീതവും പിന്നീടുള്ള കോഴ്സുകൾക്ക് 1000 പൗണ്ട് വരെയുമാണ് ഈടാക്കുന്നത്. പരാജയങ്ങളെ നാം അതിജീവിക്കണം. എങ്കിലേ ഈ മേഖലയിൽ വൻ വിജയങ്ങൾ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

 

ലണ്ടൻ ∙ ബ്രിട്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത് ഓഫിസ് (എഫ്സിഒ) ചീഫ് ഇക്കോണമിസ്റ്റായി സാമ്പത്തിക വിദഗ്ധൻ കുമാർ അയ്യർ നിയമിതനായി. അടുത്ത മാസം ചുമതലയേൽക്കും. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശനയ രൂപീകരണത്തിനാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശകലനങ്ങളും നൽകുന്നത് ചീഫ് ഇക്കോണമിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്. കുമാർ അയ്യർ മുൻപു മുംബൈയിൽ ബ്രിട്ടന്റെ ഡപ്യൂട്ടി ഹൈ കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗോർഡൻ ബ്രൗൺ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്ട്രാറ്റജി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ക്രിമിനൽ അഭിഭാഷകയായ കാത്റിൻ ആണു ഭാര്യ. രണ്ടു മക്കൾ.

ബിനോയി ജോസഫ്

“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.

മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.

ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.

മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.

ഗർഭച്ഛിദ്രത്തെ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ജർമി ഹണ്ടിന്റെ അഭിപ്രായം ബ്രിട്ടണിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ വിവാദത്തിന് വഴിയൊരുക്കുന്നു. ഗർഭച്ഛിദ്രം ചെയ്യുവാനുള്ള സമയപരിധി 24 ആഴ്ചയിൽ നിന്നും 12 ആഴ്ചയായി കുറയ്ക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്തരമൊരു അഭിപ്രായവുമായി അദ്ദേഹം മുമ്പും രംഗത്ത് വന്നിട്ടുണ്ട്. “ഈ വിഷയത്തെ സംബന്ധിച്ചുള്ള എന്റെ നിലപാടുകൾ മാറിയിട്ടില്ല. എന്നാൽ ഞാൻ പ്രധാനമന്ത്രി ആയാൽ നിയമത്തെ മാറ്റാൻ ഒരുകാരണവശാലും ശ്രമിക്കില്ല” അദ്ദേഹം പറഞ്ഞു.

ഹണ്ടിന്റെ ഈ ഒരു വാദത്തെ വിമർശിച്ച് പലരും രംഗത്തെത്തി. എംപി ക്രിസ്ത്യൻ ജാർഡിൻ, ഹണ്ടിന്റെ ഈ അഭിപ്രായത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്.പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഒരാൾക്ക് ഇത്തരം കാഴ്ചപ്പാട് ആണ് ഉള്ളത് എന്ന കാര്യം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ അവകാശത്തെ ആക്രമിക്കുന്നതിനുപകരം വടക്കൻ അയർലണ്ടിൽ സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ടോറി പാർട്ടി പോരാടണമെന്ന് ജാർഡിൻ കൂട്ടിച്ചേർത്തു. 1967ലെ ഗർഭച്ഛിദ്ര നിയമ പ്രകാരം യുകെയിലെ ഡോക്ടർമാർക്ക് 24 ആഴ്ചവരെ ഗർഭച്ഛിദ്രം നടത്താമായിരുന്നു. എന്നാൽ വടക്കൻ അയർലൻഡ് ഈ ഒരു നിയമത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 2017 മുതൽ 2018 വരെ 12 ഗർഭച്ഛിദ്രം മാത്രമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ആഴ്ച അലബാമയിലും ഗർഭച്ഛിദ്രത്തിന് വിലക്കേർപ്പെടുത്തി. ഇത് സ്ത്രീകളുടെ അവകാശത്തെ ചൂഷണം ചെയ്യുന്നു.

ലേയ്‌ല മോറോൺ ഹണ്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത് “ഹണ്ട്, സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തിൽ രണ്ടു പടി പിറകിൽ ആണ്.” ലേബർ പാർട്ടി എംപി ജെസ് ഫിലിപ്സും ഈ ഒരു അഭിപ്രായത്തെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇത് ശാസ്ത്രീയമായ ഒരു സംഗതിയാണെന്നും മറ്റൊരാളുടെ അഭിപ്രായങ്ങൾ ഇതിൽ നിന്നും മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന ജർമി ഹണ്ടിന്റെ ഈ ഒരു അഭിപ്രായം സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെയുള്ള ഒന്നായി പലരും പറയുന്നു. ഹണ്ടിന്റെ ഈ ഒരു വാദം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തന്നെ തിരിച്ചടി ആയേക്കാം എന്നാണ് വിലയിരുത്തൽ.

രണ്ടുവർഷത്തിനകം അയർലൻഡ് അതിർത്തിയിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി സാജിദ് ജാവേദിന്റെ വാഗ്ദാനം. തന്റെ വിദേശ വേരുകളാണ് തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടൺ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് പാകിസ്ഥാനിയാണ്. “സോഫി റിഡ്ജ്”നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ബ്രെക്സിറ് തീരുമാനത്തിന് ശേഷം ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയ അതിർത്തിയാണ് അയർലണ്ട്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഏക അന്താരാഷ്ട്ര അതിർത്തി ആണ് ഇത്. ഒരു പ്രശ്നസങ്കീർണ്ണമായ അതിർത്തിയായി ഇതിനെ മാറ്റാൻ അനുവദിക്കുകയില്ലെന്നും പരസ്പര സഹകരണത്തിലൂടെ ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും ജാവേദ് ഉറപ്പുനൽകി.താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രെക്സിറ്റ് തീരുമാനം നടപ്പിലാക്കുമെന്നും ഒരു കരാർ രഹിത ബ്രക്സിറ്റിനാവും ശ്രമിക്കുക എന്നും അദ്ദേഹം അഭിമുഖത്തിൽ അറിയിച്ചു.

താൻ പാർട്ടിയിൽ ഒരു വിദേശ പശ്ചാത്തലമുള്ള വ്യക്തിയാണ്. എന്നാൽ കാര്യങ്ങളെ ഊർജ്ജസ്വലതയോടെ കൈകാര്യം ചെയ്യുവാൻ അത്തരത്തിലുള്ള ഒരു വ്യക്തി അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പാകിസ്താനി ബസ് ഡ്രൈവറുടെ മകനാണ് സാജിദ് ജാവേദ്. തന്റെ വിദ്യാഭ്യാസകാലഘട്ടത്തിൽ അനേകം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. അതിനാൽ ഭരണത്തിലേറിയാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം നീക്കിവയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.

ബ്രിട്ടൻ ന്റെ ചെലവുചുരുക്കൽ നയത്തിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കടം കുറയുന്നതിനോടൊപ്പം മിച്ചം വരുന്ന തുക ബ്രിട്ടന്റെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. താൻ പ്രധാനമന്ത്രിപദത്തിൽ ഏറും എന്ന ഉറച്ച വിശ്വാസം ഉണ്ടെന്ന് സാജിദ് ജാവേദ് അഭിമുഖത്തിൽ പറഞ്ഞു

നാടുകടത്തൽ നിയമത്തിനെതിരെ വൻ പ്രതിഷേധമുയർത്തി ഹോങ്കോങിൽ ഒരു കോടി ആളുകൾ പങ്കെടുത്ത കൂറ്റൻ റാലി നടന്നു .രാജ്യത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ഉപയോഗിക്കാൻ സാധ്യതയുള്ള നിയമത്തിനെതിരെയാണ് പ്രേതിഷേധം ഉയർന്നത്. വിവാദമായിരിക്കുന്ന നാടുകടത്തൽ നിയമത്തിൽ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചൈനയിലേക്ക് വിചാരണയ്ക്ക് അയക്കാം . 20 വർഷത്തിനകം ചൈനയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധപ്രകടനത്തിൽ ഏകദേശം ഒരു കോടി ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു, എന്നാൽ പോലീസ് പറയുന്നത് 240000 പേർ പങ്കെടുത്തു എന്നാണ്. പ്രതിഷേധത്തിന് ശേഷം പ്രകടനക്കാരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. മുഖാവരണം ധരിച്ച് പ്രതിഷേധക്കാർ ലെജിസ്ലേറ്റീവ് കൗൺസിൽ കോംപ്ലക്സിലേക്ക് ഇടിച്ചു കയറിയതിനാൽ പോലീസിന് കുരുമുളക് സ്പ്രേ യും ബാറ്റുകളും ഉപയോഗിക്കേണ്ടി വന്നു. അത് സംഘർഷം തീവ്രമാക്കി എന്ന് മാത്രമല്ല സ്ഥലം ചോരക്കളമാക്കി മാറ്റുകയും ചെയ്‌തു .

പഴയ ബ്രിട്ടീഷ് കോളനിയിലെ ആളുകളെ ചൈനയിലേക്ക് നാടുകടത്തും എന്നും അത് സിറ്റിയിലെ നിയമപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്നും ഒരു വശത്ത് വിമർശകർ വാദിക്കുമ്പോൾ രാഷ്ട്രീയപരമോ മതപരമോ ആയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ നിയമത്തിൽ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് പുതിയ നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു. കനത്ത ചൂടിനെ പോലും വകവെക്കാതെ സാധാരണക്കാരും നിയമജ്ഞരും വിദ്യാർത്ഥികളും മത പ്രതിനിധികളും രാഷ്ട്രീയക്കാരും ബിസിനസുകാരും എല്ലാം അടങ്ങുന്ന ഒരു സമാധാനപരമായ പ്രകടനമായിരുന്നു ഞായറാഴ്ച രാവിലെ നടന്നത്. പലരുടെയും കയ്യിൽ “കരാള നിയമം അവസാനിപ്പിക്കുക” എന്നും നാടുകടത്തൽ തടയുക എന്നുള്ള പോസ്റ്ററുകളും ഉണ്ടായിരുന്നു. പോലീസും സംഘാടകരും വ്യത്യസ്തങ്ങളായ കണക്കുകളാണ് പ്രതിഷേധക്കാരുടെ എണ്ണത്തെ സംബന്ധിച്ച് നൽകുന്നതെങ്കിലും 1997നു ശേഷം നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലത്തേത്. ഹോങ്കോങ് ലീഡർ കാരി ലാമിനെതിരെ വൻ അതൃപ്തി ആണുള്ളതെന്നും ഇതൊരു ജീവന്മരണപ്പോരാട്ടം ആണെന്നും റോക്കി എന്ന 59 കാരനായ പ്രൊഫസർ വാർത്താചാനലുകളോട് പ്രതികരിച്ചു.

പുതിയ നിയമവുമായി മുന്നോട്ടു പോകുമെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു. ഇത്രയും വലിയ പ്രതിഷേധം നടന്നെങ്കിലും വലിയ ഒരു മാറ്റമൊന്നും പ്രകടനക്കാർ പ്രതീക്ഷിക്കുന്നില്ല. പ്രീതിപക്ഷ പാർട്ടികൾ ഭൂരിപക്ഷം കുറവുള്ളടത്തോളം പ്രതീക്ഷയ്ക്ക് വകയില്ലെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ കരുതുന്നു . കൊലപാതകം ,ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മാത്രമേ നാടുകടത്തൽ ബാധകമാവൂ എന്നും മതപരമോ രാഷ്ട്രീയമോ ആയ കേസുകളിൽ ഇത് പരിഗണിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവസാന തീരുമാനം കോടതിയുടെതാണെന്നും അവർ അറിയിച്ചു.

യുവ വോട്ടർമാരെ തന്റെ പാർട്ടിയുടെ കുടകീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത 10 വർഷത്തെ ജെനെറേഷൻ റെന്റിനുവേണ്ടി 1.5 ദശലക്ഷം വീടുകളാണ് കൺസർവേറ്റീവ് നേതാവ് ജെറമി ഹണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.യുവാക്കളുടെ വിശ്വാസം നേടിയെടുത്തില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ പരാജയപ്പെടുമെന്ന് ഫോറിൻ സെക്രട്ടറി മൈക്കിൾ ഗോവ് അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പദ്ധതിയുമായി കൺസർവേറ്റിവ് പാർട്ടി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയുടെ പലിശ കുറയ്ക്കാനും യുവ സംരംഭകർക്ക്‌ കൂടുതൽ സൗജന്യങ്ങൾ നൽകികൊണ്ടുള്ള പദ്ധതികളുമാണ് ആസൂത്രണം ചെയുന്നത്. കഴിഞ്ഞ കാലങ്ങളിലെ കൺസർവേറ്റിവ് നേതൃത്വത്തിലുള്ള ഗവൺമെന്റുകളുടെ പല നയ പരിപാടികളും യുവ വോട്ടർമാരെ തങ്ങളിൽനിന്ന് അകറ്റിയെന്നുള്ള അഭിപ്രായമാണ് പല നേതാക്കൾക്കുമുള്ളത്.

ജെറെമി ഹണ്ടിൻെറ അഭിപ്രായത്തിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള ഐക്യം രാജ്യത്തുണ്ടാകേണ്ടത് വളരെ അത്യന്താപേഷിതമാണ്. താൻ പ്രധാന മന്ത്രിയാകുവാണ് എങ്കിൽ കാലാവസ്ഥാ വ്യതിയാനം,മാനസിക ആരോഗ്യം,വിദ്യഭ്യാസം തുടങ്ങിയ തന്ത്രപരമായ വിഷയങ്ങളിൽ യുവ ജനതയ്‌ക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. 2020 ൻെറ പകുതിയോടെ ഗവൺമെന്റ് പദ്ധതിയിടുന്നത് 300,000 ഭവനങ്ങൾ പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.ഇവയൊക്കെത്തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള യുവ ജനങ്ങളുടെ സ്വപ്ന ഭാവനങ്ങളായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. ഈ പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഈ പ്രഖ്യാപിച്ച പദ്ധതികൾ ടോറി നേത്രു തിരഞ്ഞെടുപ്പിൽ ജെറെമി ഹണ്ടിന് വ്യക്തമായ മുൻതൂക്കം നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

 

ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിനെതിരെ വർണ്ണവിവേചന ആരോപണം. ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ട പല ഗവേഷകർക്കും ആഭ്യന്തരവകുപ്പ് വിസ നിഷേധിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബ്രിട്ടണിൽ വച്ച് നടന്ന ട്രെയിനിങ് ക്യാമ്പിൽ ആഫ്രിക്കയിലെ സിയറി ലൗണിൽ നിന്നുള്ള ആറ് എബോള രോഗ ഗവേഷകർക്ക് പങ്കെടുക്കാൻ സാധിക്കാതെ പോയത് ഇതിന്റെ ഭാഗമായാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് നടത്തിയ ആഫ്രിക്കൻ സബ്മിറ്റിലും ഇരുപത്തിനാലോളം ഗവേഷകർക്ക് പങ്കെടുക്കാൻ സാധിച്ചില്ല.

ഇതേതുടർന്ന് ബ്രിട്ടൻ ആഭ്യന്തരവകുപ്പിനെതിരെ വളരെ ശക്തമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. “ഒബ്സർവർ” പത്രത്തിനു നൽകിയ കുറിപ്പിൽ എഴുപതോളം ഗവേഷകരും അധ്യാപകരും ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു . ആഫ്രിക്കൻ വംശജർക്ക് വിസ നിഷേധിച്ചത് ബ്രിട്ടന്റെ ആഗോള സമ്മതിക്ക് ഏറ്റ കനത്ത പ്രഹരം ആണെന്ന് അവർ വിലയിരുത്തി. ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബ്രിട്ടനിന്റെ പ്രവർത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കും.

ബ്രിട്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ആയിരിക്കുന്ന മെലിസ ഇതിനെ രൂക്ഷമായി വിമർശിച്ചു. യൂണിവേഴ്സിറ്റിയുടെ പല ഗവേഷണ പദ്ധതികളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് അവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ പല ഗവേഷണങ്ങൾക്കായി ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ട 25 ഗവേഷകരിൽ ഇരുപത്തിനാലോളം പേർക്കാണ് വിസ നിഷേധിക്കപ്പെട്ടത്.

എന്നാൽ ഈ ആരോപണത്തെ ബ്രിട്ടൻ ആഭ്യന്തരവകുപ്പ് ശക്തമായി നിഷേധിച്ചു. എല്ലാ വിദേശ അപേക്ഷകളെയും നിയമപരമായി തന്നെയാണ് പരിഗണിച്ചത് എന്നും അന്താരാഷ്ട്ര ഗവേഷകരെ ബ്രിട്ടൺ എപ്പോഴും സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved