Main News

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

തല മറച്ച് പരീക്ഷ എഴുതുന്ന ആ കുട്ടികളെപ്പോലെ തല തലകുനിച്ചും മറച്ചും നിൽക്കേണ്ട അവസ്ഥയിലാണ് ആഗോളതലത്തിൽ ഇന്ത്യ ഇന്ന്. പരീക്ഷ ക്രമക്കേട് തടയാൻ സ്വീകരിച്ച വിചിത്രമായ നടപടിയുടെ പേരിൽ ബി ബി സി അടക്കമുള്ള ആഗോള മാധ്യമങ്ങളുടെ പരിഹാസം കണക്കിന് വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ ഇപ്പോൾ. കർണാടകത്തിലെ ഹവേരിയിൽ പ്രവർത്തിക്കുന്ന ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജ് തികച്ചും അസംബന്ധ ജഡിലമായ ഒരു കണ്ടുപിടുത്തം നടത്തുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. പരീക്ഷയിൽ കോപ്പിയടി തടയുന്നതിനുള്ള തികച്ചും ‘നൂതനമായ ‘ ഒരു കണ്ടുപിടുത്തം. മുൻഭാഗം മാത്രം സുതാര്യമായ വലിയ കാർഡ് ബോർഡ് ബോക്സുകൾ വിദ്യാർഥികളുടെ തലയിൽ വെച്ചു കൊടുക്കുക എന്നതാണ് അത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടുകൂടി കോളേജ് അധികൃതർക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെടുകയും അതേത്തുടർന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ പരസ്യമായി മാപ്പു പറയുകയും ചെയ്തു.


‘വിദ്യാർഥികളുടെ പൂർണ്ണ സമ്മതത്തോടു കൂടിയാണ് കാർബോർഡ് ബോക്സുകൾ ഉപയോഗിച്ചത്. വിദ്യാർത്ഥികളിൽ ചിലർ സ്വന്തമായി ബോക്സുകൾ വീടുകളിൽനിന്ന് ഉണ്ടാക്കി കൊണ്ടുവരിക കൂടി ചെയ്തു. ബോക്സുകൾ ധരിക്കാൻ ഒരു വിദ്യാർത്ഥിയെയും നിർബന്ധിച്ചിട്ടില്ല. ബോക്സുകൾ ഉപയോഗിക്കാത്ത പരീക്ഷാർത്ഥികളും ഉണ്ടെന്ന് ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.’ കോളേജ് അഡ്മിനിസ്ട്രേറ്റർ എം ബി സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

തികച്ചും മനുഷ്യത്വരഹിതമായ പദ്ധതി എന്നാണ് ഈ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും മികച്ച കാര്യങ്ങൾ പോലും പരിഹാസരൂപേണ അവതരിപ്പിക്കാറുള്ള പാശ്ചാത്യ മാധ്യമങ്ങൾ ഈ വിഷയത്തെ വളരെ വലിയ രീതിയിൽ ആഘോഷിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഉള്ള ഇന്ത്യയുടെ നിലവാരം പരിഹാസ വിധേയമാക്കുന്നതിന് ആഗോള മാധ്യമങ്ങൾക്ക് ലഭിച്ച സുവർണ്ണാവസരം ആയി മാറി കർണാടകത്തിൽ നിന്നുള്ള ഈ വാർത്ത. എന്തുതന്നെയായാലും കാർഡ് ബോർഡ് ബോക്സ് ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം അവസാനിപ്പിക്കുന്നതായി ഭഗത് പ്രീ യൂണിവേഴ്സിറ്റി വ്യക്തമാക്കി.

ദുബായില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ തൃശൂര്‍ സ്വദേശി ഫ്ലേറിന്‍ ബേബിക്ക് ഇത് രണ്ടാം ജന്മമാണ്. 26ാം നിലയില്‍ നിന്ന് താഴേക്ക് വീണ ഫ്ലേറിന്റെ ഇടതുകൈ അറ്റുപോയിരുന്നു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വരുമ്പോള്‍ ദുബായിലെ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോടാണ് ഫ്ലേറിന്‍ നന്ദി പറയുന്നത്.

സെപ്തംബര്‍ 28ന് ദുബായിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാമ് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്ലേറിന്‍ 26ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്ക് പതിച്ചു. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു.

അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.

ഇക്കഴിഞ്ഞ 16ാം തിയതിയാണ് ഫ്ലേറിന്‍ ആശുപത്രി വിട്ടത്. മൂന്നാഴ്ചയായി ചെറി വ്യായാമം ചെയ്തുവരികയാണ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമെ കൈ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.

ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന.

വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ്‌ കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബ്രിട്ടൻ. ബ്രെക്സിറ്റ് നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ പുതിയ തന്ത്രവുമായി ജോൺസൺ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ കാലാവധി നീട്ടണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടുകൊണ്ടും വ്യക്തിപരമായി ബ്രെക്സിറ്റ് കാലാവധി നീട്ടാതിരിക്കുന്നതാണ് ഉചിതമെന്ന് കാണിച്ചും രണ്ട് കത്തുകൾ ബോറിസ് ജോൺസൺ ബ്രസൽസിന് അയച്ചു. എന്നാൽ ആദ്യത്തെ കത്തിൽ അദ്ദേഹം ഒപ്പുവെച്ചിട്ടില്ല. ബോറിസ് ജോൺസന്‍റെ കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ചർച്ചകൾക്ക് ശേഷം പ്രതികരണം അറിയിക്കാമെന്ന് നിലപാടെടുത്തു. അർത്ഥവത്തായ ഒരു വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി ഹൗസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് പറഞ്ഞു.

ബ്രെക്സിറ്റിൽ ഇനി എന്തൊക്കെ സംഭവിക്കാം ;
1) കാലാവധി നീട്ടണമെന്ന അഭ്യർത്ഥന – ജോൺസന്റെ കത്ത് യൂറോപ്യൻ യൂണിയൻ ഇപ്പോൾ പരിഗണിക്കും. എല്ലാ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഒരു വിപുലീകരണത്തിന് സമ്മതിക്കണം. യൂറോപ്യൻ യൂണിയൻ ഉടനടി ഉത്തരം നൽകേണ്ടതില്ല.ബ്രെക്‌സിറ്റിന് കാലതാമസം നൽകാൻ യൂറോപ്യൻ യൂണിയൻ വിസമ്മതിക്കുകയാണെങ്കിൽ, ഒരു കരാറും അനുബന്ധ നിയമനിർമ്മാണവും പാസാക്കാൻ പാർലമെന്റിന് ഒക്ടോബർ 31 വരെ സമയമുണ്ട്.

2)ഒക്ടോബർ 31ന് കരാർ രഹിത ബ്രെക്സിറ്റ്‌ – ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടിലാണ് ജോൺസൻ. ഏറ്റവും കഠിനമായ അവസ്ഥയാണ് നോ-ഡീല്‍ ബ്രെക്സിറ്റ്‌. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി ആയ ഒക്ടോബര്‍ 31 ആയിട്ടും കരാറില്‍ എത്താന്‍ ബ്രിട്ടന് കഴിയാതെ വന്നാല്‍ ബ്രിട്ടണ്‍ വെറും കൈയ്യോടെ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങേണ്ടി വരും. ഇത് എളുപ്പമല്ല. കനത്ത നഷ്‍ടമായിരിക്കും ബ്രിട്ടീഷ് സാമ്പത്തിക രംഗം നേരിടുക. ഇംഗ്ലീഷ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ബ്രിട്ടീഷ് ജിഡിപി 8 ശതമാനം വരെ ഇടിയും. ലോകവ്യാപാര സംഘടന ഉള്‍പ്പെടെയുള്ള സംഘടനകളുമായി പുതിയ കരാറുകള്‍ക്ക് ബ്രിട്ടണ്‍ ശ്രമിക്കേണ്ടിവരും.

3)ഇടക്കാല തെരഞ്ഞെടുപ്പ് -നിലവിൽ ബ്രെക്സിറ്റ്‌ നടക്കാനിരിക്കുന്ന ഒക്ടോബർ 31 ന് ശേഷം ഒരു ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. എന്നിരുന്നാലും, അത് ഈ വർഷാവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ആയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രതിപക്ഷമായ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാലും ബ്രെക്സിറ്റിനു പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. പകരം ബ്രെക്സിറ്റിനുമേൽ രണ്ടാം ഹിതപരിശോധന നടന്നേക്കും.

4) ബ്രെക്സിറ്റ്‌ റദ്ദാക്കുക – ആർട്ടിക്കിൾ 50 റദ്ദാക്കി ബ്രെക്സിറ്റ് മൊത്തത്തിൽ റദ്ദാക്കാനുള്ള നിയമപരമായ സാധ്യതയുമുണ്ട്. എന്നാൽ ഇത് നിലവിലെ സർക്കാർ ആലോചിക്കുന്ന ഒന്നല്ല. അതിനാൽ സർക്കാരിന്റെ മാറ്റത്തിനുശേഷമേ ഇതിനെപറ്റി ചിന്തിക്കാൻ കഴിയൂ. കോമൺസിൽ ഭൂരിപക്ഷം നേടിയാൽ ആർട്ടിക്കിൾ 50 റദ്ദാക്കുമെന്നും ബ്രെക്സിറ്റ് റദ്ദാക്കുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ അഭിപ്രായപ്പെട്ടിരുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ട് : 2021 ഓടെ ഇലക്ട്രോണിക് സർവീസ് ഉപയോഗിച്ചുള്ള മരുന്നു കുറിപ്പടികൾ പൂർണ്ണമായി നടപ്പിലാക്കാൻ ശുപാർശ. അടുത്ത മാസം മുതൽ മാറ്റം നിലവിൽ വരും. പ്രൈമറി കെയർ മിനിസ്റ്റർ ജോ ചർച്ചിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നൂറുകണക്കിന് ഫാർമസികളും അറുപതോളം ജനറൽ പ്രാക്ടീസ് കളിലുമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷൻ സർവീസ്(Eps) മുഴുവനായി ഉപയോഗത്തിൽ വരുത്താനാണ് തീരുമാനം. ഇപ്പോൾതന്നെ ഏകദേശം 70 ശതമാനത്തോളം കുറിപ്പടികൾ ഇലക്ട്രോണിക്സ് സിസ്റ്റം ഉപയോഗിച്ചാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ വളരെ നല്ല ഫീഡ്ബാക്ക് ആണ് ലഭിച്ചിരിക്കുന്നത്.

2009 മുതൽ നിലവിലുള്ള സിസ്റ്റം ആണ് ഇത്. ഒരിക്കൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ പിന്നീട് രോഗിയുടെ മരുന്നിന്റെ വിശദാംശങ്ങൾ എല്ലാം ഇതിലൂടെ രേഖപ്പെടുത്താൻ ആവും. രോഗികൾ ആവശ്യപ്പെടുകയാണെങ്കിൽ ഒരു ഡിജിറ്റൽ ബാർകോഡ് ഉള്ള മരുന്നു ചീട്ട് പ്രിന്റ് ചെയ്യാനും ആവും. രോഗിയുടെ ഒപ്പിന് പകരം ഡിജിറ്റൽ ഒപ്പ് ആണ് ഉണ്ടാവുക. സ്പൈൻ എന്ന് പേരിട്ടിരിക്കുന്ന എൻ എച്ച് എസ് ഡേറ്റാബേസ് സിസ്റ്റത്തിലൂടെ രോഗിയുടെ വിശദാംശങ്ങൾ ശേഖരിക്കാനും, എഫിഷ്യൻസി കൂട്ടുന്നതിനും, പേപ്പർ ഉപയോഗം കുറയ്ക്കുന്നതുൾപ്പെടെ ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. വിവരങ്ങൾ ശേഖരിച്ച് വയ്ക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജനറൽ ഡോക്ടർമാർക്ക് സമയം ലഭിക്കുന്നതിനോടൊപ്പം മില്യൻ കണക്കിന് പൗണ്ട് ലാഭിക്കാം എന്നാണ് ചർച്ചിൽ പറയുന്നത്. എല്ലാ കുറിപ്പടികളും പേപ്പർ രഹിതം ആക്കുന്നതിനുള്ള പ്രാരംഭ നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് കൂടുതൽ സുരക്ഷയ്ക്കുള്ള വഴി കൂടിയാണ് ഇത്. എല്ലാം ഓൺലൈൻ ആകുന്നതോടെ രോഗികളുടെ സുരക്ഷയ്ക്ക് ഉപകരിക്കുമെന്ന് എൻ എച്ച് എസ് ഡിജിറ്റൽ മെഡിസിൻ ആൻഡ് എമർജൻസി തലവനായ ഡോക്ടർ ഇയാൻ ലോറി പറഞ്ഞു.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും ആറുമാസത്തെ ഇടവേള എടുക്കാൻ ഒരുങ്ങി ഹാരി-മേഗൻ രാജ ദമ്പതികൾ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും എവിടെപ്പോയാലും തങ്ങളെ പിന്തുടരുന്ന പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകളിൽനിന്നും രക്ഷപ്പെടുന്നതിനും വേണ്ടിയാണ് അവധി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്ന് രാജകുടുംബം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി താൻ അനുഭവിക്കുന്ന വൈകാരിക സമ്മർദ്ദങ്ങളെ കുറിച്ച് ഒരു ഡോക്യുമെന്ററിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു മേഗൻ. ഡോക്യുമെന്ററി ഇന്നുമുതൽ സംപ്രേഷണം ചെയ്തു തുടങ്ങും.

ഭർത്താവ് ഹാരിയോടും മകൻ ആർച്ചിയോടും ഒപ്പം സൗത്താഫ്രിക്കൻ യാത്രയിലാണ് മേഗൻ ഇപ്പോൾ. രാജ ദമ്പതികളുടെ യാത്രയ്ക്കൊപ്പം തന്നെയാണ് ഡോക്യുമെന്ററിയുടെ ഷൂട്ട് പുരോഗമിക്കുന്നത്. മാധ്യമങ്ങളുടെ ഒളിഞ്ഞു നോക്കലുകൾക്കിടയിൽ അമ്മയായി ജീവിക്കുക എന്നത് യാതന പൂർണമായ അനുഭവമായിരുന്നു എന്ന് അവതാരകൻ ബ്രാഡ്ബൈയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഗൻ പറയുന്നു.

തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് നിരന്തരമായി കടന്നുകയറുന്ന ചില മാധ്യമങ്ങൾക്കെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ് രാജ ദമ്പതികൾ. മേഗൻ തന്റെ അച്ഛന് അയച്ച കത്ത്‌ ഈയടുത്ത് ദ് മെയിൽ എന്ന പത്രം പുറത്തുവിട്ടിരുന്നു. വോയിസ് മെയിലുകൾ ചോർത്തുന്നു എന്ന ആരോപണം ചില പത്രങ്ങൾക്കെതിരെ ഹാരിയും ഉന്നയിച്ചിട്ടുണ്ട്.

നവംബർ പകുതിവരെ ഔദ്യോഗിക ചടങ്ങുകൾ ഉള്ളതിനാൽ അതിനു ശേഷമാകും രാജകുടുംബം ഇടവേളയിലേക്ക് നീങ്ങുക എന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ കാലയളവിൽ ആവും മകൻ ആർച്ചിയുടെ ആദ്യ ക്രിസ്മസ് എന്നതുകൊണ്ട് കൂടിയാവാം നവംബറിന് ശേഷം ഉള്ള മാസങ്ങൾ അവധിക്കായി തെരഞ്ഞെടുക്കാൻ രാജകുടുംബത്തെ പ്രേരിപ്പിച്ചത്.

ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളില്‍ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം മികച്ച ദൃശ്യവിരുന്നായി. 9 വേദികളിലായി 21
ഓളം മത്സരങ്ങളാണ് ക്രമീകരിച്ചിരുന്നത്. ഇതില്‍ വിജയിച്ചവരെ നവംബര്‍ 16 ന് ലിവര്‍പൂളില്‍ നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു.

വാശിയേറിയ മത്സരങ്ങളില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ 10 മണിയോടെ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ പരിപാടിയ്ക്ക് തുടക്കമായി. ബൈബിള്‍ പ്രതിഷ്ഠയോടെയാണ് ബൈബിള്‍ കലോത്സവം തുടങ്ങിയത്. വചന അധിഷ്ഠിതമായി വൈകീട്ട് 7 മണിയോടെ സമാപന സമ്മേളനം നടന്നു. മത്സരിച്ച് വിജയിച്ചവര്‍ക്ക് സമ്മാനം നല്‍കി. ഇനി എപ്പാര്‍ക്കിയിലെ ബൈബിള്‍ കലോത്സവത്തിന് മാറ്റുരയ്ക്കാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പങ്കെടുത്തവരെല്ലാം മികച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ദൈവവചനത്തെ  ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതു തലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ ഏവരും കാണുന്നത്.

 

ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ടിന്റെയും റീജിയണിലെ മറ്റ് വൈദീകരുടേയും ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തിന്റെയും റോയി സെബാസ്റ്റിയന്റേയും നേതൃത്വത്തില്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണല്‍ മത്സരങ്ങൾ സംഘാടകമികവും സമയനിഷ്ടയും കൊണ്ട് ശ്രദ്ധേയമായി .

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മൂന്നാമത്തെ ബൈബിൾ കലോത്സവമാണ് നവംബർ 16 – ആം തീയതി നാഷണൽ ലെവലിൽ ലിവർ പൂളിൽ വച്ച് നടക്കാൻ പോകുന്നത്.

 

 

ജോജി തോമസ്

മാർഗ്ഗംകളി ഉൾപ്പെടെയുള്ള പരമ്പരാഗത കലാരൂപങ്ങൾ തനിമയോടും മികവോടും വിവിധ വേദികളിൽ തകർത്താടിയപ്പോൾ, കലാകേരളം ഇംഗ്ലണ്ടിലെ ലിവർപൂളിൽ പുനർജനിച്ച പ്രതീതി ഉണ്ടായി . ഏതാണ്ട് ആറോളം വേദികളിലായിട്ട് അറുനൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ വിവിധ കഴിവുകൾ മാറ്റുരയ്ക്കാൻ എത്തിയത് . പ്രിസ്റ്റൻ റീജിയണിന്റെ കീഴിലുള്ള വിരാൾ കമ്മ്യൂണിറ്റി ആതിധേയത്വം വഹിച്ച ബൈബിൾ കലോത്സവം മുൻ നിശ്ചയപ്രകാരം കൃത്യം ഒമ്പതു മണിക്ക് തന്നെ ആരംഭിച്ചു. സംഘാടകമികവും സമയനിഷ്ടയും റീജിയണൽ കലോത്സവത്തെ ശ്രദ്ധേയമാക്കി .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറൽ ഫാ.ജിനോ അരിക്കാട്ട് റീജിയണൽ ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തു .ഫാ.ജോസ് അൻജനാനിക്കൽ സ്വാഗതം ആശംസിച്ചു . അതിനുശേഷം ഏതാണ്ട് അറുനൂറോളം മത്സരാർത്ഥികൾ മാറ്റുരച്ച ബൈബിൾ കലോത്സവത്തിൽ തികഞ്ഞ പ്രൊഫഷണലിസവും മത്സരബുദ്ധിയുമാണ് മത്സരാർത്ഥികൾ പ്രദർശിപ്പിച്ചത്. ഇത്തരത്തിൽ ഓരോ വർഷവും കൂടിക്കൂടി വരുന്ന പങ്കാളിത്തവും പ്രാതിനിധ്യവും ബൈബിൾ കലോത്സവത്തെ യൂറോപ്പിലെ തന്നെ സംഗമങ്ങളിൽ ഒന്നാക്കി തീർത്തിരിയ്ക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മൂന്നാമത്തെ ബൈബിൾ കലോത്സവമാണ് നവംബർ 16 – ആം തീയതി നാഷണൽ ലെവലിൽ ലിവർ പൂളിൽ വച്ച് നടക്കാൻ പോകുന്നത്. ഈ വർഷത്തെ ബൈബിൾ കലോത്സവത്തിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ലീഡ്‌സ് മിഷൻെറ തിരിച്ചുവരവാണ് . ആദ്യ വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യന്മാരായത് ലീഡ്‌സ് മിഷനാണ് .ലീഡ്‌സ് മിഷൻ കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു പോയിരുന്നു. പക്ഷേ ഈ വർഷം എല്ലാ മേഖലകളിലും ലീഡ്‌സിൻെറ ആധിപത്യമാണ് കാണാൻ സാധിച്ചത്.

 

 

 

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രെക്സിറ്റ്‌ പ്രതിസന്ധിയിൽ നിന്ന് ഒരുതരത്തിലും രക്ഷ നേടാനാകാതെ കുഴങ്ങിയിരിക്കുകയാണ് ബോറിസ് ജോൺസൻ. ഇന്നലെ അവതരിപ്പിച്ച പുതിയ കരാറിനും പിന്തുണയില്ല. അതുകൊണ്ട് തന്നെ ബ്രിട്ടന് ഉടനൊന്നും യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ കഴിയില്ല. യൂറോപ്യൻ യൂണിയനുമായി ധാരണയായതിന് ശേഷമാണ് പുതിയ കരാറുമായി എംപിമാരുടെ അടുത്തേക്ക് ജോൺസൻ വന്നത്. എന്നാൽ ഇന്നലെ കൂടിയ പാർലമെന്റ് സമ്മേളനത്തിൽ ഈ കരാറിനെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻവാങ്ങൽ വൈകിപ്പിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അതിനാൽ ബെൻ ആക്ട് പ്രകാരം യൂറോപ്യൻ യൂണിയനോട്‌ മൂന്നു മാസത്തെ കാലതാമസം ആവശ്യപ്പെടാൻ പ്രധാനമന്ത്രി നിർബന്ധിതനാകും.

ഇന്നലത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ പുതിയ ബ്രെക്സിറ്റ്‌ കരാർ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഭൂരിഭാഗം എംപിമാരും വ്യക്തമാക്കി. ഇതോടെ സ്വതന്ത്ര എംപിയായ ഒലിവർ ലെറ്റ്‌വിന്റെ നേതൃത്വത്തിൽ ഇരുകക്ഷികളിലെയും അംഗങ്ങൾ യോജിച്ച് ഒരു ബദൽ ഭേദഗതി അവതരിപ്പിച്ചു. 306നെതിരെ 322 വോട്ടുകൾക്ക് ഈ ഭേദഗതി പാസ്സാക്കുകയും ചെയ്തു. ഒരു നിയമനിർമാണത്തിലൂടെ കരാർ പാസ്സാകും വരെ ബ്രെക്സിറ്റ്‌ തടയാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഭേദഗതി. എന്നാൽ ഒരു തരത്തിലും ബ്രെക്സിറ്റ്‌ വൈകിപ്പിക്കില്ലെന്നും താൻ പറഞ്ഞതുപോലെ ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിൻ വിടും എന്നുമുള്ള നിലപാടിൽ ഉറച്ചാണ് ജോൺസൻ. ബ്രെക്സിറ്റ്‌ വൈകിപ്പിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ചർച്ചക്കില്ലെന്നും അടുത്താഴ്ച വിടുതൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് ഇടപാടിനെക്കുറിച്ച് ചർച്ച ചെയ്യാനും വോട്ടുചെയ്യാനുമായി 37 വർഷത്തിനിടെ ഇതാദ്യമായാണ് പാർലമെന്റ് ഒരു ശനിയാഴ്ച സമ്മേളിക്കുന്നത്. കോമൺസിൽ ഇന്നലയേറ്റ തിരിച്ചടി ജോൺസനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അതിനിടെ പുതിയ കരാറിന് പിന്തുണയില്ലാത്ത സാഹചര്യത്തിൽ, ബ്രിട്ടന്റെ ബ്രെക്സിറ്റ് പദ്ധതിയെക്കുറിച്ച് എത്രയും വേഗം വിശദീകരണം നൽകണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ ഉടൻ തന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ ഒരു പരിഹാരം ഈ ആഴ്ച തന്നെ കണ്ടെത്താനാകും ഇനി ജോൺസൻ ശ്രമിക്കുക.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസിന്റെ ഹോസ്പിറ്റലുകളിൽ ഒന്നിൽനിന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല എന്ന കാരണത്താൽ 89 കാരിയായ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ ഹോസ്പിറ്റലിന് എതിരെ നിയമ നടപടിയുമായി ജീവനക്കാരി. എയ്ലീൻ ജോളി എന്ന ജീവനക്കാരിയെയാണ് റോയൽ ബെർക്ക്ഷെയർ ഹോസ്പിറ്റലിൽ നിന്നും 2017 ജനുവരിയിൽ പിരിച്ചുവിട്ടത്. ഹോസ്പിറ്റലിലെ കമ്പ്യൂട്ടർ സിസ്റ്റം ശരിയായ രീതിയിൽ അല്ല ഉപയോഗിച്ചത് എന്ന കാരണത്താലാണ് പിരിച്ചു വിട്ടത്. അധികൃതർ തന്റെ പ്രായത്തെ അധിക്ഷേപിച്ചതായും ജീവനക്കാരി കുറ്റപ്പെടുത്തി. ജോലിയിൽ വളരെ ആത്മാർത്ഥത ഉണ്ടായിരുന്ന എയ്ലീൻ 10 വർഷത്തിനിടയിൽ ഒരു അവധി പോലും എടുത്തിരുന്നില്ല. 2004 – ൽ എയ്ലീനിന് ഹൃദയാഘാതം സംഭവിച്ചിരുന്നെങ്കിലും തൻെറ ജോലിയിൽ വളരെ കൃത്യതയോടെ എയ്ലീൻ പ്രവർത്തിച്ചിരുന്നു.


താനനുഭവിച്ച വിവേചനത്തിനെതിരെ അവർ കോടതിയിൽ പരാതി നൽകുകയും, കോടതി വിധി അവർക്ക് അനുകൂലമായി ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് റോയൽ ബർക്ക്ഷെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കോടതിക്ക് പുറത്തുവെച്ച് പ്രശ്നം പരിഹരിക്കുവാനും, നഷ്ടപരിഹാരം നൽകുവാനുമായി വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ്. തന്നെ ഒരു ബാധ്യതയായി ആണ് ആശുപത്രി അധികൃതർ കണ്ടതെന്ന് ട്രിബ്യൂണലിനു നൽകിയ പരാതിയിൽ എയ്ലീൻ രേഖപ്പെടുത്തി.

എയ്ലീൻ വിവേചനം അനുഭവിച്ചു എന്ന് കേസ് പരിഗണിച്ച ജഡ്ജി ആൻഡ്രൂ കണ്ടെത്തി. എന്നാൽ കേസിന്റെ വിധിയിൽ തങ്ങൾ അസംതൃപ്തർ ആണെന്ന് ഹോസ്പിറ്റൽ ഫൗണ്ടേഷൻ അറിയിച്ചു. തങ്ങൾ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിച്ചു വരുന്നതെന്നും, ഇനിയും ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിച്ചു എന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയ്ലീനന് നഷ്ടപരിഹാരം നൽകുവാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടുണ്ട്.

Copyright © . All rights reserved