തബൂക്കിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ആറു മാസങ്ങൾക്കു ശേഷം സംസ്കരിച്ചു. തമിഴ്നാട്, ത്രിച്ചിനപ്പള്ളി, ശ്രീനാദപുരം സ്വദേശി രാജാ ജഗദീഷ്(30) ആണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് തബൂക്ക് ഷർമ്മയിൽ സഞ്ചരിച്ച കാറിൽ സ്വദേശി പൗരൻ ഓടിച്ച ട്രെയ്ലർ വാഹനം ഇടിച്ചു മരിച്ചത്.
തുടർ നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ആരുമെത്താത്തതിനാൽ മൃതദേഹം അൽബദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനും മറ്റു നടപടികൾക്കും സോഷ്യൽ ഫോറം പ്രവർത്തകരായ അബ്ദുൽ ബഷീർ ഉപ്പിനങ്ങാടി, മജീദ് വെട്ടില, ലത്തീഫ് ഉപ്പിനങ്ങാടി, ഷാജഹാൻ കുളത്തൂപ്പുഴ എന്നിവർ നേതൃത്വം നൽകി. ജഗദീഷിനെ സ്പോൺസർ ഏതാനും മാസങ്ങൾക്കു മുൻപെ ഹുറൂബാക്കിയിരുന്നു .
നടപടിക്രമങ്ങൾക്കായി സ്പോൺസറെ സമീപിച്ചപ്പോൾ സഹകരിക്കാൻ തയാറല്ലായിരുന്നു. കാര്യങ്ങൾക്കു വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ആശുപത്രി ബില്ലും അടക്കാനുണ്ടായിരുന്നു. തുടർന്നു സോഷ്യൽ ഫോറം പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം തേടുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
നാട്ടിലേക്ക് കൊണ്ടുപോവാൻ മൃതദേഹം ഏറ്റെടുക്കുന്നതിന് ആശുപത്രിയിലെത്തിയപ്പോളാണു കോവിഡ് പോസിറ്റീവാണെന്നും നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കുകയില്ലെന്നും അധികൃതർ അറിയിക്കുന്നത്. വീണ്ടും കുടുംബവുമായി ബന്ധപ്പെടുകയും ഇവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള സമ്മതം വാങ്ങുകയുമായിരുന്നു.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി 500 കിലോമീറ്റർ അകലെ കോവിഡ് രോഗികളെ മറവ് ചെയ്യന്ന സകാക്കയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാനാവശ്യമായി വന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗവും സോഷ്യൽ ഫോറവും സംയുക്തമായാണു വഹിച്ചത്. സോഷ്യൽ ഫോറം പ്രവർത്തകൻ അയ്യൂബ് മംഗലാപുരത്തിന്റെ ഇടപെടൽമൂലം ആശുപത്രിയിൽ അടയ്ക്കേണ്ട തുക ഒഴിവായി.
റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള് (47) ആണ് മരിച്ചത്. മദീനയ്ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില് കഴിഞ്ഞ 17 വര്ഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു.
ഭര്ത്താവ് – ജിന്റോ ജോര്ജ്. മകന് – ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്ത്തകന് സലാം കല്ലായി, നിസാര് കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര് രംഗത്തുണ്ട്.
യുഎഇ ചരക്കുകപ്പൽ ഇറാനിലെ ഗൾഫ് കടൽ തീരത്ത് മുങ്ങി. അസലൂയ തുറമുഖത്തുനിന്നും 50 കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത്. 30 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഒരാൾ ഒഴികെ മറ്റെല്ലാവരെയും രക്ഷപ്പെടുത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് കപ്പൽ മുങ്ങിയത്. ദുബായി ആസ്ഥാനമായുള്ള സലീം അൽ മക്രാനി കന്പനിയുടെ കപ്പലാണ് മുങ്ങിയത്. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര.
കുവൈറ്റിലെ അർദിയയിൽ സ്വദേശി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ.
കുവൈറ്റ് പൗരൻ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകൾ അസ്മ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ അറസ്റ്റിലായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മരണം.
മാർച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അർദിയയിലെ വീട്ടിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാൾ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.
ദോഹ : കൊട്ടാരക്കര പനയ്ക്കൽ പുത്തൻ വീട്ടിൽ ചിപ്പി ജെറിനാണ് (26 വയസ്സ്) മാർച്ച് 15 ചൊവ്വാഴ്ച്ച ഖത്തറിൽ വച്ചുണ്ടായ വാഹനാ അപകടത്തിൽ മരണമടഞ്ഞത്.
ഭർത്താവ് ജെറിൻ ജോൺസനോടും കുഞ്ഞിനോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്. ഭർത്താവും കുഞ്ഞും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ് . അമ്പലത്തുംകല പോസ്റ്റ് സി .വി. വില്ലയിൽ വർഗീസ് ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.
ചിപ്പി ജെറിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലയാളി വിദ്യാർത്ഥിനി ദുബായിയിൽ പനി ബാധിച്ചതിന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച ദാരുണസംഭവത്തിൽ കണ്ണീരൊഴിയുന്നില്ല. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്റെയും ഷെറിന്റെയും മകൾ ഐറിസ് (എട്ട്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയും വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയുമായിരുന്നു.
അതേസമയം, മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ദുബായിയിലെ മലയാളി കാരുണ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഐറിസ് മോൾ ഈ ലോകത്തോട് യാത്ര പറഞ്ഞു… ദുബൈ സിലിക്കോൺ ഒയാസിസിലെ ജെംസ് വെല്ലിംഗ്ടൺ സ്കൂളിലെ വിദ്യാർത്ഥിനി എട്ടുവയസ് മാത്രം പ്രായമുള്ള ഐറിഷ് മോളെ പനി വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ മോൾക്ക് ഹാർട്ട് അറ്റാക്ക് വന്നു വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ കൊവിഡ് ടെസ്റ്റിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു. മരണം സംഭവിച്ച ഉടനെ തന്നെ കുട്ടിയുടെ ബന്ധുക്കൾ എന്നെ ബന്ധപ്പെടുകയും മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് പോസിറ്റീവ് ആയ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാൻ കഴിയുമോ എന്ന ആശങ്ക ബന്ധുക്കൾക്കുണ്ടായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ മോളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ സാധിച്ചു. എട്ടുവയസു മാത്രം പ്രായമുള്ള ഐറിഷ് മോൾ മാതാപിതാക്കൾക്കും ടീച്ചർമാർക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
ആ പിഞ്ചു മോൾ ഒരു ചെറു പനിയുടെ കാരണത്താൽ ദൈവ സന്നിധിയിലേക്ക് യാത്രയായത് ഉൾകൊള്ളാനാവാതെ വിങ്ങി പൊട്ടുന്ന ഐറിഷ് മോളുടെ ബന്ധുക്കളുടെ മുന്നിൽ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട്. മോളുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുക്കൾക്കും കുട്ടുകാർക്കും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്നും മോളുടെ പ്രിയപ്പെട്ട ഓർമ്മകൾ നിങ്ങളെ ആശ്വസിപ്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുർത്തിയാക്കാൻ മോളുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും മറ്റും ആത്മാർത്ഥമായി എന്റെ കൂടെ നിന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് കൊവിഡ് പോസിറ്റീവ് ആയിട്ടും മോളുടെ മൃതദേഹം വളരെ പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിക്കുവാൻ സാധിച്ചത്.
എന്റെ ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണം.ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുത്. ഇന്ന് കാലത്ത് 11 മണിക്ക് എരമല്ലൂർ സന്റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളി സിമിത്തേരിയിൽ മകളുടെ സംസ്കാര ചടങ്ങുകൾ നടക്കും, മോൾക്ക് നിത്യ ശാന്തി നേരുന്നു…
ദുബായ്: പ്രശസ്ത വ്ളോഗറും ആല്ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ (21) ദുബായില് മരിച്ച നിലയില് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില് കണ്ടെത്തിയത്.
ഭര്ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില് എത്തിയത്. ഒരു മകളുണ്ട്.
തിങ്കളാഴ്ച രാത്രി വരെ സോഷ്യല് മീഡിയയില് സജീവമായിരുന്നു.
നടപടിക്രമങ്ങള്ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്റെ മകളും ഐഡിയൽ ഇന്ത്യൻ സ്കൂൾ കെ.ജി വിദ്യാർഥിനിയുമായ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്.
മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്. മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച് കളിക്കിടയിൽ കുട്ടിക്ക് പരിക്കേറ്റത്. ഉടൻ സിദ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.
ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജീവനക്കാരനാണ് പിതാവ് ആരിഫ് അഹമ്മദ്. മാതാവ് മാജിദ. ഇവരുടെ ഏക മകളാണ് ഐസ മെഹ്രിഷ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.
യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വിധി അറിയാൻ ഇനി 5 നാൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു.
2017 ജൂലൈ 25നാണ് നിമിഷ പ്രിയയുടെ ജീവിതത്തെ മലക്കംമറിച്ച കൊലപാതകം നടക്കുന്നത്. നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്.
ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചു. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അപ്പീൽ കോടതി കേസ് പരിഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തി. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.
സനയിൽ ഒരു ക്ലിനിക്കിൽ നഴ്സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭർത്താവ് യെമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭർത്താവും യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ ആലോചനയിടുന്നു. പക്ഷേ യമനിൽ ക്ലിനിക്കിന് ലൈസൻസ് ലഭിക്കാൻ ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാൻ പൗരനുമായ തലാലിനെ നിമിഷ നിർദേശിക്കുന്നു.
പക്ഷേ നിമിഷ ലൈസൻസിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭർത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിൽ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാൻ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെ നിമിഷ 2015ൽ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാൽ യെമനിൽ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭർത്താവിനും കുട്ടിക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.
ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തെന്നും നിമിഷ പറയുന്നു.
പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഓറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.
‘2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്യുകയും ഞങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു’ നിമിഷ പറഞ്ഞു
തന്റെ ഭർത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നതും. അയാൾ അവളെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പോലും മർദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്പോർട്ടും കൈക്കലാക്കിയ തലാൽ അവളെ അവനോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.
പലപ്പോഴും ഓടിപ്പോവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കാത്ത യെമൻ പോലൊരു സ്ഥലത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ പലതവണ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാൽ ജയിലിൽ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.
2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തിൽ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്നങ്ങൾ അറിഞ്ഞ ജയിൽ വാർഡൻ തലാലിൽ നിന്നും രക്ഷപ്പെടാൻ പാസ്പോർട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാൻ ശ്രമിക്കണമെന്നും പറയുന്നു.
അതിനാൽ അവസരം ലഭിച്ചപ്പോൾ നിമിഷ തലാലിന്റെ മേൽ കെറ്റാമൈൻ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, അവൻ തറയിൽ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് അവൻ നിശ്ചലനായി. അവന്റെ പൾസ് പരിശോധിച്ചപ്പോൾ നിശ്ചലമായിരുന്നെന്നും നിമിഷ ഓർക്കുന്നു.
ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവൾ നിർദേശിക്കുകയും തുടർന്ന് ഹനാൻ മൃതദേഹം വെട്ടിമാറ്റി വാട്ടർ ടാങ്കിൽ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാൽ പരിഭ്രാന്തിയായപ്പോൾ താൻ സെഡേറ്റീവ് ഗുളികകൾ കഴിച്ചെന്നും അത് തനിക്ക് ഓർമയില്ലെന്നും നിമിഷ പറഞ്ഞിരുന്നു. അങ്ങനെ 2017 ഓഗസ്റ്റിൽ ഹനാനെയും നിമിഷയെയും അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയും കേസിലെ കൂട്ടുപ്രതി കൂടിയായ ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതിക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നു. അതിൽ എന്റെ പേര് പോലുമില്ല. തലാൽ എന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു മുസ്ലീം പേരിലാണ്. എന്റെ പാസ്പോർട്ട് ഉപയോഗിച്ച് ജഡ്ജി ക്രോസ് ചെക്ക് ചെയ്താൽ ഇക്കാര്യം വെളിപ്പെടുമായിരുന്നു. പക്ഷേ അതൊന്നും നടന്നിട്ടില്ലെന്നും നിമിഷ പറയുന്നു. ജഡ്ജി ഇടപെട്ട് ജൂനിയർ അഭിഭാഷകനെ നിയോഗിച്ചെങ്കിലും അദ്ദേഹം വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും നിമിഷ ഓർക്കുന്നു.
എന്നാൽ ഇപ്പോൾ വധ ശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുകയാണ്. വാദം കേൾക്കൽ ജനുവരി 10നു പൂർത്തിയായിരുന്നു. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. അപ്പീലിന്മേൽ വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റിയതോടെ നിമിഷയുടെ ജീവിതത്തിൽ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.
സൗദി അറേബ്യയില് ജോലിക്കിടയില് കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില് പലവ്യഞ്ജന കട (ബഖല)യില് ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില് സിറാജുദ്ദീന് (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. ബത്ഹ ശിഫാ അല്ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്ത്തിക്കുന്ന മലബാര് ഫുഡ്സ് ബഖാലയില് ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന് തന്നെ സമീപത്തെ ക്ലിനിക്കുകളില് നിന്നുള്ള ഡോക്ടര്മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്: സല്മാന് ഫാരിസ്, സഹല പര്വീണ്, നഹല പര്വീണ്, ഫജര് മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് റിയാദ് കെ.എം.സി.സി പ്രവര്ത്തകരായ അബ്ദുറഹ്മാന് ഫറോക്ക്, സിദ്ദീഖ് തുവ്വൂര്, മഹ്ബൂബ് കണ്ണൂര് എന്നിവര് രംഗത്തുണ്ട്.
മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.