Middle East

സൗദിയിലെ പ്രമുഖ മലയാളി ഫുട്ബാള്‍ താരം ദിലീഷ് ദേവസ്യ അന്തരിച്ചു. 28 വയസായിരുന്നു. അവധിക്ക് നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ദിലീഷ് ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിലെ ഒരു വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ കൂടിയായിരുന്നു തൃശ്ശൂര്‍ കൊടകര പേരാമ്പ്ര സ്വദേശിയായ ദിലീഷ്.

നാലുമാസത്തെ അവധിക്കാണ് ദിലീഷ് നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പരേതനായ ചുക്രിയന്‍ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വര്‍ഷമായി അല്‍ഖോബാറില്‍ പ്രവാസിയാണ്.

ബെല്‍വിന്‍ ഏക സഹോദരനാണ്. മാതൃസഹോദരി ഭര്‍ത്താവ് ബെന്നി തുഖ്ബയിലുണ്ട്. ദമ്മാമിലെ പ്രവാസി ഫുട്ബാള്‍ ക്ലബായ ഇഎംഎഫ് റാക്കയുടെ കളിക്കാരനായിരുന്നു ദിലീഷ്. ദിലീഷിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) അനുശോചിച്ചു.

മലയാളി താരം ചുണ്ടംഗാപൊഴിയില്‍ റിസ്വാന്റെ സെഞ്ച്വറി കരുത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ യുഎഇയ്ക്ക് അട്ടിമറി ജയം. കരുത്തരായ ഐറിഷ് ടീമിനെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് തകര്‍ത്താണ് യുഎഇ തങ്ങളുടെ ജയം ആഘോഷിച്ചത്. ആറ് വിക്കറ്റിനായിരുന്നു യുഎഇയുടെ ജയം.

ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടം റിസ്വാന്‍ സ്വന്തമാക്കി. 136 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് യുഎഇ ദേശീയ ടീം അംഗമായ റിസ്വാന്‍ 109 റണ്‍സ് എടുത്തത്. റിസ്വാനെ കൂടാതെ മറ്റൊരു യുഎഇ താരം മുഹമ്മദ് ഉഥ്മാനും സെഞ്ച്വറി നേടി. 107 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സാണ് ഉഥ്മാന്‍ നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് പുറത്താകാതെ സെഞ്ച്വറി സ്വന്തമാക്കി. 148 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 131 റണ്‍സാണ് സ്റ്റിര്‍ലിംഗ് നേടിയത്. ക്യാപ്റ്റന്‍ ആന്റി ബാല്‍ബിര്‍നി അര്‍ധ സെഞ്ച്വറി (53) നേടി.

മറുപടി ബാറ്റിംഗില്‍ യുഎഇ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ത്തിന് യുഎഇ മുന്നിലെത്തി.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. ഏകദിനത്തില്‍ യുഎഇയ്ക്കായി ഒന്‍പത് മത്സരങ്ങള്‍ ഇതിനോടകം താരം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്നെ ആദ്യമായാണ് ഒരു സെഞ്ച്വറി നേടുന്നത്.

മൂന്നരവർഷത്തെ ഗൾഫ് പ്രതിസന്ധിക്ക് അവസാനംകുറിച്ച് സൗദിഅറേബ്യ, ഖത്തറുമായുള്ള അതിർത്തി തുറന്നു. കര,ആകാശ,സമുദ്ര അതിർത്തികൾ തുറന്നതായി മധ്യസ്ഥത വഹിച്ച കുവൈത്ത് പ്രഖ്യാപിച്ചു. ജി.സി.സി ഉച്ചകോടി ഇന്ന് സൗദിയിൽ ചേരാനിരിക്കെയാണ് ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാൻ നിർണായക തീരുമാനമുണ്ടായത്. ഖത്തർ അമീർ ഇന്നത്തെ ജി.സി.സി യോഗത്തിൽ പങ്കെടുക്കും.

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് അവസാനിക്കുന്നത്. 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ആദ്യമായാണ് സൗദിയും ഖത്തറും അനുരഞ്ജനത്തിൻറെ പാതയിലെത്തുന്നത്. ഖത്തർ സന്ദർശനത്തിന് തൊട്ടുപിന്നാലെ കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് നാസർ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് മേഖലയ്ക്ക് പ്രതീക്ഷപകരുന്ന പ്രഖ്യാപനം നടത്തിയത്. എല്ലാ ഗൾഫ് രാജ്യങ്ങളേയും ഒന്നിപ്പിക്കാനുള്ളതാണ് ജിസിസി ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തൊട്ടുപിന്നാലെ പ്രസ്താവിച്ചു. ഇന്ന് സൗദിയിലെ അൽ ഉലയിൽ ചേരുന്ന ജിസിസി ഉച്ചകോടിയിൽ ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.

ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സൌദിയിലെത്തി ഉച്ചകോടിയിൽ പങ്കെടുക്കും. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മുഖ്യഉപദേശകൻ ജാറെദ് കുഷ്ണറുടെ സാന്നിധ്യത്തിലായിരിക്കും കരാർ ഒപ്പിടുന്നത്. യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കും. നയതന്ത്ര,ഗതാഗത,വ്യാപാര ഉപരോധമാണ് ഖത്തറിനെതിരെ സൌദിസഖ്യരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ട്രംപ് സ്ഥാനമൊഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മേഖലയിലെ മറ്റൊരു സമാധാനനീക്കമെന്നത് ശ്രദ്ധേയമാണ്. പ്രവാസിമലയാളികൾക്കടക്കം തൊഴിൽ മേഖലയിൽ പ്രതീക്ഷപകരുന്നതാണ് പുതിയതീരുമാനം.

അബുദാബി നഗരത്തിൽ സൗജന്യ ബസ് യാത്രാ സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വരും. നഗരത്തിലെ ദർബ് ടോൾ ഗേറ്റുകൾ ആരംഭിക്കുന്നതിനൊപ്പമാണ് സൗജന്യ ബസ് സർവീസുകളും ആരംഭിക്കുന്നത്.

‘പാർക്ക് ആൻഡ്‌ റൈഡ്’ എന്നപേരിൽ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം 104, 411 എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് സൗജന്യ സർവീസ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് ദിവസേന നഗരത്തിലേക്ക് വന്നുപോകുന്നവർക്ക് ടോൾ ഒഴിവാക്കി യാത്ര ചെയ്യാൻ ഈ സർവീസുകൾ ഉപയോഗിക്കാം. സ്വന്തം വാഹനങ്ങൾ നിശ്ചിത ഇടങ്ങളിൽ പാർക്ക് ചെയ്ത് അവിടെനിന്നുള്ള ബസ്സുകളിൽ യാത്രചെയ്യാൻ സാധിക്കും.

നഗരത്തിലേക്കും തിരിച്ചും ടോൾ നൽകികൊണ്ടുള്ള യാത്ര ഒഴിവാക്കാനുള്ള അവസരം ഇതിലൂടെ സ്വകാര്യ വാഹന ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് നഗര ഗതാഗത വിഭാഗം വ്യക്തമാക്കി. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും ഷഹാമയിലും 500 വീതം പാർക്കിങ് കേന്ദ്രങ്ങളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറുമുതൽ വൈകീട്ട് ഒൻപത് വരെയാണ് സർവീസുകളുണ്ടാവുക. രാവിലെ ആറുമുതൽ ഒൻപത് വരെയും വൈകിട്ട് നാല് മുതൽ ഒൻപത് മണി വരെയും 20 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കും. മറ്റു സമയങ്ങളിൽ 60 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ.

24 സീറ്റുകളുള്ള ബസാണ് സർവീസ് നടത്തുക. ഈ സേവനത്തിനായി പ്രത്യേക സർവീസ് കാർഡ് ആവശ്യമാണ്. ഒരു ദിവസത്തേക്ക് മാത്രം സാധുതയുള്ളവയാണ് കാർഡുകൾ. ഒരോ സ്വകാര്യ വാഹനത്തിലും ഡ്രൈവറടക്കം മൂന്നുപേർക്ക് ബസ്സുകളിൽ സൗജന്യ യാത്ര അനുവദനീയമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സർവീസുകൾ നടത്തുക.

104ാം നമ്പർ ബസ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ ഹുവൈം സ്ട്രീറ്റിൽ നിന്ന് പുറപ്പെട്ട് അബുദാബി മെയിൻ ബസ് സ്റ്റേഷൻ, അൽ വഹ്ദ മാൾ, ഇത്തിസലാത്ത് ബിൽഡിങ്, ഹോസ്ൻ വഴി സർവീസ് നടത്തും. 50 മിനിറ്റാണ് ഇതിനെടുക്കുക.

411ാം നമ്പർ ബസ് ഷഹാമയിൽ നിന്നും ആരംഭിച്ച് അബുദാബി മെയിൻ ബസ് സ്റ്റേഷൻ, അൽ ദാനയിലെ മറിയം ബിന്ത് സയീദ് മോസ്ക് പാർക്കിംഗ്, അബുദാബി സെൻട്രൽ പോസ്റ്റ് ഓഫീസ് പാർക്കിംഗ്, അൽ ദാനയിലെ ഷെയ്ഖ് ഖലീഫ, സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റ് വഴി സർവീസ് നടത്തും. 50 മിനിറ്റാണ് യാത്രാ സമയം.

ഫൈസൽ നാലകത്ത്

ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ വെളിച്ചം നിറക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ ഈ ആൽബം സമർപ്പിക്കുന്നത് .

പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശ്സ്തമായ മെറിൽ ആൻ മാത്യൂ ആണ്. ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്.

അടിപൊളി രിതിയിൽ നിന്നു മാറി വെസ്റേറൺ ശൈലിയിൽ ആണ് ഗോപി സുന്ദർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഈ ഗാനത്തിൻ്റെ ക്രിയേറ്റീവ് ഹെഡ് യൂസഫ് ലെൻസ് മാൻ, ഡി ഒ പി നിതിൻ പി മോഹൻ , എഡിറ്റർ രഞ്ജിത്ത് ടച്ച് റിവർ , ക്രിയേറ്റിവ് സപ്പോർട്ട് ഷൈൻ റായമ്സ് ,ഫൈസൽ നാലകത്ത് ,ഷംസി തിരൂർ , ഷിഹാബ് അലി. ഇരുട്ടു വിണു കഴിഞ്ഞ ഒരു വർഷത്തിൻ്റെ വേദനകൾ മറന്നു , ലോകം മുഴുവൻ പുതുവത്സര സൂര്യന്റെ പോസിറ്റീവ് വെളിച്ചം നിറയട്ടെ എന്ന ആശയമാണ് ഗോപി സുന്ദറിൻ്റെ ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. “ന്യൂ ബിഗിനിങ്ങ്സ് ” എന്ന ഈ ആൽബത്തിലൂടെ പുതുവർഷ പുലരിയുടെ നന്മ നിറഞ്ഞ ഒരു പ്രഭാതം നമുക്കും സ്വപ്നം കാണാം.

പ്രതിസന്ധികൾക്കിടയിലും തളരാതെ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയുമെന്ന ശുഭ ചിന്തകൾ നമ്മുടെ മനസ്സുകളിൽ വിരിയട്ടെ എന്ന ആശയമാണ് മെറിൽ ആൻ മാത്യു പാടിയ ഈ ഗാനം.. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മെറിൽ കണ്ണൂർ ആലക്കോട് അറക്കൽ മനോജ്‌ മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ് . ഗോപി സുന്ദർ മ്യൂസിക്ക് കമ്പനി ആണ് ” ന്യൂ ബിഗിനിങ്ങ്സ് ” ലോകത്തിന് സമർപ്പിക്കുന്നത്.

ദുബായ്∙ ജബൽ അലിയിൽ നിന്ന് ഈ മാസം 8ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പിൽ സേവ്യറിന്റെ മകൻ സുനിൽ സേവ്യറാ(45)ണ് മരിച്ചത്. ജബൽ അലിയിൽ നിന്ന് തന്നെ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധു ഷിനോയ് ഇന്ന് തിരിച്ചറിഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

നേരത്തെ 13 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന പെയിന്ററായ സുനിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുൻപ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയിൽ വരികയുമായിരുന്നു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയിൽ പുതിയ ജോലി ലഭിച്ച് വീസാ നടപടികൾ പൂർത്തിയാക്കിയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബൽ അലിയിലെ ഫ്ലാറ്റിൽ താമസം.

കാണാതായ ദിവസം വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനിൽ തിരിച്ചുവരാത്തതിനെ തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഷിനോയ് ജബൽ അലി പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകുകയായിരുന്നു. സേവ്യർ–മേരി സേവ്യർ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രവീണ പ്രമീള. രണ്ട് മക്കളുണ്ട്.

അജ്മാൻ ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപാണ് ഇവർ വൻ തുക ഏജന്‍റിന് നൽകി യുഎഇയിലെത്തിയത്. തുടർന്ന് കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.

ഇവരിൽ അഞ്ച് പേരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ചു. തുടർന്ന് മനോരമ ഒാൺലൈനിലടക്കം സംഭവം വാർത്തയായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.

മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അജ്മാനിൽ വഞ്ചിക്കപ്പെട്ടിരുന്നു. 12 ഇന്ത്യൻ യുവതികളെ തങ്ങൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഇവരിൽ ഏഴ് പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 പേരിൽ 2 പേർ നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, ഇനിയും ഒട്ടേറെ പേർ അജ്മാനിലെ ഇന്ത്യക്കാരായ വീസ ഏന്റുമാരുടെ ചതിയിൽപ്പെട്ടു കിടക്കുകയാണെന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് തട്ടിപ്പിന് അജ്മാനിൽ നേതൃത്വം നൽകുന്നതത്രെ. ചില അസോസിയേഷനുകളും ഇതിന് കൂട്ടു നിൽക്കുന്നതായും ആരോപണമുണ്ട്.

തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിനു ബാബു(33 വയസ്സ്) എന്ന ചെറുപ്പക്കാരന്റെ മരണം വല്ലാത്ത വേദനയാണ് നല്‍കിയതെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കഴിഞ്ഞ 3 വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു, ബിനുവിന്റെ വിവാഹം മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണം വേര്‍പിരിച്ചു.ഇതാണ് ജീവിതം. കഴിഞ്ഞ മാസം ഭാര്യ ആതിരയെ നാട്ടിലേക്ക് അയക്കുമ്പോള്‍ അവള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന് ആതിരക്ക് കൊടുത്ത വാക്കും ബിനുവിന് പാലിക്കുവാന്‍ കഴിഞ്ഞില്ല,അതിന് മുമ്പ് വിധി മരണത്തിലേക്ക് ബിനുവിനെ കൊണ്ട് പോയി.സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ ബിനു മടങ്ങി മറ്റൊരു ലോകത്തേക്ക്- എന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

ഇന്നലെ 4 മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.4 പേരുടെയും മരണം ഹൃദയാഘാതം മൂലമാണ്.അതില്‍ തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിനു ബാബു(33 വയസ്സ്) എന്ന ചെറുപ്പക്കാരന്റെ മരണം വല്ലാത്ത വേദനയാണ് നല്‍കിയത്.കഴിഞ്ഞ 3 വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരുകയായിരുന്നു.കഴിഞ്ഞ വര്‍ഷമായിരുന്നു, ബിനുവിന്റെ വിവാഹം മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണം വേര്‍പിരിച്ചു.ഇതാണ് ജീവിതം. കഴിഞ്ഞ മാസം ഭാര്യ ആതിരയെ നാട്ടിലേക്ക് അയക്കുമ്പോള്‍ അവള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന് ആതിരക്ക് കൊടുത്ത വാക്കും ബിനുവിന് പാലിക്കുവാന്‍ കഴിഞ്ഞില്ല,അതിന് മുമ്പ് വിധി മരണത്തിലേക്ക് ബിനുവിനെ കൊണ്ട് പോയി.സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ ബിനു മടങ്ങി മറ്റൊരു ലോകത്തേക്ക്.

കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ പെട്ടികള്‍ പാക്ക് ചെയ്ത് വണ്ടിലേക്ക് കയറ്റി വെച്ച്,കൂട്ടുകാരനെയും യാത്രയാക്കി തിരിഞ്ഞ് നടന്നപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്ക് മരണം സംഭവിച്ചു.മരണകാരണം ഹൃദയാഘാതം ആയിരുന്നു.

പിറന്ന നാടും വളര്‍ന്ന മണ്ണും എല്ലാം വിട്ട് മറ്റൊരിടത്തേക്കുള്ള ഒരു ചേക്കേറല്‍. അതാണ് പ്രവാസം, സ്വന്തം വീട്ടില്‍ അതിഥി ആയി ഇടക്ക് വന്ന് പോകുന്നു.മറ്റ് ചിലര്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് മയ്യത്ത് പെട്ടിയില്‍ പാസ്‌പോര്‍ട്ടിലെ വിസയും cancel ചെയ്ത്.ഒരു അവസാനത്തെ യാത്ര. കണ്ണീരിലൂടെ യാത്രാമൊഴി നല്‍കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ഓരോ പ്രവാസികള്‍ക്കും ഓരോ കഥകള്‍,ചിലര്‍ക്ക് നഷ്ടങ്ങളുടെ,മറ്റ് ചിലര്‍ക്ക് നേട്ടങ്ങളുടെ,എന്തായാലും അവസാനം എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.

നിലക്കാത്ത നൊമ്പരങ്ങളുമായി പ്രവാസികളുടെ ജീവിതങ്ങള്‍ തുടരുന്നു. പ്രതീക്ഷകളോടെ നാം മുന്നോട്ട്.

അഷ്‌റഫ് താമരശ്ശേരി

സൗദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു ദിനു (36) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മഞ്ജു കണ്ണൂർ സ്വദേശിനിയാണ്. ദിനു തോമസാണ് ഭർത്താവ്, മഞ്ജുവിനും ദിനുവിനും മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മഞ്ജു ദിനുവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 828 മീറ്റർ ഉയരത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ സെൽഫി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പശ്ചാത്തലത്തിൽ ദുബായ് നഗരസൗന്ദര്യവും കാണാം.

സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാൻ കുതിരയോട്ടത്തിന്റെ ഉൾപ്പെടെ കൗതുകകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.7 കോടി പേരാണ് പിന്തുടരുന്നത്.

 

 

View this post on Instagram

 

A post shared by Fazza (@faz3)

RECENT POSTS
Copyright © . All rights reserved